യൂണിറ്റ് – 1
കാണെക്കാണെ –
പി. പി. രാമചന്രൻ
Learning Outcomes
|
Prerequisites
കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ ചുറ്റുവട്ടത്തേക്കൊന്നു കണ്ണോടിച്ചാൽ കാണുന്ന ഒരു കാഴ്ചയുണ്ട്; കാടും വള്ളിപ്പടർപ്പുകളും മൂടിക്കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങളുടെ കാഴ്ച. കോടികൾ വിലവരുന്ന ഈ വാഹനങ്ങൾ പതിറ്റാണ്ടുകളായി അനാഥമായി കിടക്കുന്നതു കാണുമ്പോൾ നമുക്ക് ആശങ്കയും അസ്വസ്ഥതയുമുണ്ടാവുക സ്വാഭാവികമാണ്. അതുപോലെയാണ് ഉപേക്ഷിക്കപ്പെടുന്ന തീവണ്ടിമുറികളുടെ അവസ്ഥയും. അപകടത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു തീവണ്ടിബോഗിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കവിതയാണ് പി.പി രാമചന്ദ്രന്റെ കാണെക്കാണെ. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കുമിടയിൽ കാവ്യരംഗത്തേക്കു കടന്നുവന്ന കവിയാണ് പി. പി. രാമചന്ദ്രൻ. അദ്ദേഹം ശക്തമായ പ്രമേയം കൊണ്ടും മൂർച്ചയുള്ള വാക്കുകൾകൊണ്ടും കവനകലയിൽ വേറിട്ടൊരു വ്യക്തിത്വം രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമാണ് കാണെക്കാണെ (1997). കറുത്ത ചങ്ങാതിക്ക്, ഇടശ്ശേരിക്കാലം, ഇര, പാളങ്ങൾ, ബസ്സ്റ്റാന്റിലെ തൂപ്പുകാരി, മാമ്പഴക്കാലം, രണ്ടു പൂച്ചകൾ, കാഴ്ച, ലോപസന്ധി, ലളിതം തുടങ്ങി അമ്പത്താറ് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കത്തുകൾ, കൊമ്പ്, തെങ്ങുമൊഴി, രണ്ടായി മുറിച്ചത്, ശബ്ദങ്ങൾ, കാറ്റേ കടലേ, ഒരു മുറുക്കാൻ പൊതിയുടെ ഓർമ്മയ്ക്ക് തുടങ്ങിയ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. നൂറ്റമ്പതോളം കവിതകൾ രചിച്ചു കഴിഞ്ഞ അദ്ദേഹത്തിന് ചെറുകാട് അവാർഡ്, ചെറുശ്ശേരി അവാർഡ്, മഹാകവി പി.സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഈ കവി “പൂതപ്പാട്ടിന്റെ പുനഃരാഖ്യാനവും “മരക്കുതിര’ എന്ന പേരിൽ ചീനക്കഥകളുടെ പരിഭാഷയും നിർവഹിച്ചിട്ടുണ്ട്. ഉത്തരാധുനിക കവിതയും പി.പി രാമചന്ദ്രനും മാറുന്ന കാലത്തെയും ലോകത്തെയും മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ കവികൾ തങ്ങളുടെ സർഗ്ഗസൃഷ്ടി നടത്തുന്നത്. അതിവേഗം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകം ഇന്നത്തെ കവിയുടെ മുമ്പിൽ ആശയങ്ങളുടെ അനേകം ഭാണ്ഡങ്ങൾ ചുമന്നു നില്ക്കുകയാണ്. ആധുനികവൽക്കരണം, നഗരവൽക്കരണം, ആഗോളവൽക്കരണം, വികസനത്വര, കച്ചവടത്വര, പ്രവാസജീവിതം, അധിനിവേശം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തരാധുനിക കവിത ബഹുസ്വരതയുടേതായി മാറുന്നത് സ്വാഭാവികമാണ് നീണ്ട കാവ്യാഖ്യാനങ്ങൾക്കു പകരം കുറുക്കിയെടുത്ത കവിതകളാണ് ഉത്തരാധുനികതയുടെ മറ്റൊരു പ്രത്യേകത. അത് ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ കൈകോർക്കുന്നു. പുതിയ കാലഘട്ടത്തിന്റെ ചിത്രീകരണവും നടുക്കുന്ന സംഭവങ്ങളുടെ ആവിഷ്കാങ്ങളും പുതുകവിതകളിൽ നിരന്തരം കടന്നുവരുന്നുണ്ട്. പി.പി.രാമചന്ദ്രന്റെ കവിതകളിൽ ഉത്തരാധുനികതയുടെ ചില സവിശേഷതകൾ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്നുണ്ടെങ്കിലും മുൻ തലമുറക്കവികളുടെ വിശാലമാനവികതയും ദീർഘമായ ആഖ്യാനവും അവയെ വേറിട്ടതാക്കുന്നു. ആ നിലയ്ക്ക് പരിശോധിക്കുമ്പോൾ പി.പി.രാമചന്ദ്രന്റെ സ്ഥാനം ഉത്തരാധുനികതയിൽ തളച്ചിടാനാവുന്നതല്ല. പുതിയ ലോകത്തുനിന്ന് ആശയങ്ങൾ സ്വീകരിക്കുന്ന കവി പല അവസരങ്ങളിലും മലയാളകവിതയുടെ പാരമ്പര്യം കൈവിടാതെ ഒപ്പം നിർത്തുന്നുണ്ട്. ഇടശ്ശേരിയുടെയും പി.കുഞ്ഞിരാമന്‍ നായരുടെയും വൈലോപ്പിള്ളിയുടെയും പാത പിന്തുടര്‍ന്നുകൊണ്ടാണ് പി .പി രാമചന്ദ്രന്‍ മലയാള കവിതയില്‍ ഇടം കണ്ടെത്തുന്നത് . അദ്ദേഹം ആധുനിക മനുഷ്യന്റെ മുഖംമൂടിയെ വിമര്‍ശിക്കുന്നതിലും ആശങ്കാജനകമായ പരിസ്ഥിതി പ്രശനങ്ങളെ ഗൗരവത്തോടെ അവതരിപ്പിക്കുന്നതിലും ഏറെ ശ്രദ്ധ പുലർത്തി. റഫീക് അഹമ്മദ്, കല്പറ്റ നാരായണൻ, പി.രാമൻ, ടി.പി.രാജീവൻ, എസ്.ജോസഫ്, മോഹന കൃഷ്ണൻ കാലടി, പി.കെ.ഗോപി, അനിത തമ്പി, പി.എൽ.ഗോപീകൃഷ്ണൻ, എം.ആർ.രേണുകുമാർ, പി.രാമൻ, വീരാൻകുട്ടി തുടങ്ങിയവർ പി.പി.രാമചന്ദ്രന്റെ അതേ പാതയിൽ സഞ്ചരിക്കുന്ന സമകാലിക കവികളാണ്. |
Key words
ഉത്തരാധുനികതയുടെ പ്രാരംഭഘട്ടം -പാരമ്പര്യത്തിന്റെ തുടർച്ച -പരിസ്ഥിതി ദർശനം -ബഹുസ്വരത -ബിംബകല്പന -വൈയക്തികത -സൂക്ഷ്മദർശനം .
4.1.1. Content
സിഗ്നൽ കിട്ടാതിരുന്നതിനാൽ പാളംതെറ്റിപ്പോയ ഒരു തീവണ്ടി പാടത്തേക്കിറങ്ങുന്ന കുണ്ടനിടവഴിയിൽ വന്നു നില്ക്കുന്നിടത്തുനിന്നാണ് “കാണെക്കാണെ’ എന്ന കവിത ആരംഭിക്കുന്നത്. പാടത്തേക്കിറങ്ങുന്ന കുണ്ടനിടവഴിയും തീവണ്ടിയും അതിനു ചുറ്റുമുള്ള ലോകവുമാണ് കവിതയുടെ പ്രധാന പശ്ചാത്തലം .തീവണ്ടി ഒരു കൂറ്റൻ ബിംബമായി ആവിഷ്കരിക്കപ്പെടുന്ന ഈ കവിതയില്‍ ആധുനികജീവിതത്തിന്റെ കുതിപ്പും മിടിപ്പും നൈമിഷകതയുമാണ് കേന്ദ്ര ആശയം.
വരികൾ
“സിഗ്നൽ മാറിയതിനാൽ
……………………………………
ഗ്രാമം തലപൊക്കിനോക്കി”.
ആശയ വിശദീകരണം
സിഗ്നല്‍ മാറിപ്പോയതിനാല്‍ പാളം തെറ്റിപ്പോയ ഒരു തീവണ്ടി പുലര്‍ച്ചേ പാടത്തേക്കിറങ്ങുന്ന കുണ്ടനിടവഴിയില്‍ വന്നു നില്‍ക്കുന്നു. വണ്ടി ബ്രേക്കിട്ടപ്പോള്‍ അപരിചിതമായ ഇരുമ്പുചക്രങ്ങളുടെ അലര്‍ച്ച കേട്ടു ചുറ്റുപാടുമുള്ള ജീവജാലങ്ങള്‍ പ്രതികരിച്ചു. നായ്ക്കള്‍ കുരക്കുകയും പൂച്ചകളുടെ രോമങ്ങള്‍ ഭയത്താല്‍ വില്ലുപോലെ ഉയര്‍ന്നുനില്‍ക്കുകയും ചെയ്തു. കുഞ്ഞുകുഞ്ഞു കൗതുകങ്ങളെ ചിറകിന്‍ കീഴിലോതുക്കി ഗ്രാമം തലപൊക്കി നോക്കി.
തീവണ്ടി എന്നത് ഒരു കൂറ്റൻ പ്രയാണത്തിന്റെയും കുതിപ്പിന്റെയും കൃത്യമായ ലക്ഷ്യത്തിന്റെയുമൊക്കെ പ്രതീകമാണ്. ഒരു തീവണ്ടിക്ക് അതിന്റെ യാത്രയിലുടനീളം നിരവധി ഇടത്താവളങ്ങളുണ്ട്. ഇന്ധനം നിറയ്ക്കാനും വെള്ളം കുടിക്കാനും വിശ്രമിക്കാനുമൊക്കെ കൃത്യമായ ഇടവേളകളുണ്ട്. അതിന്റെ തലച്ചോറ് സദാ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. രാത്രിയിലും ഉറക്കമൊഴിച്ചിരുന്ന് തന്റെ ജോലി ചെയ്യുന്ന ആ കൂറ്റൻ വണ്ടി സിഗ്നൽ മാറിയതിനാൽ പാളം തെറ്റുന്നു. അതുവന്നു നിന്നത് അപരിതമായതും വിജനമായതും ഇടുങ്ങിയതുമായ ഒരു കുണ്ടനിടവഴിയിലാണ്. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയായിരുന്നു അതിന്റെ യാത്ര. എന്നിട്ടും ഒരപകടം പറ്റിയപ്പോൾ ഒന്നും പ്രയോജനപ്പെട്ടില്ല. തീവണ്ടിയെ ബിംബവത്ക്കരിച്ചുകൊണ്ട് മനുഷ്യജീവിതത്തിന്റെ ആകസ്മികമായ പതനത്തെ ആവിഷ്കരിച്ചിരിക്കുകയാണ് കവി . പക്ഷിമൃഗാദികൾ ആ അപകടത്തെ തിരിച്ചറിയുകയും ഉത്ക്കണ്ഠപ്പെടുകയും ചെയ്തിട്ടും മനുഷ്യരാരും അതു കണ്ടതായി കവി പറയുന്നില്ല.
കാണെക്കാണെ, കീയോകീയോ, കുണ്ടനിടവഴി, മണപ്പിച്ചും മൂത്രിച്ചും, കാത്തുകാത്ത് തുടങ്ങിയ പ്രയോഗങ്ങളിലൂടെ കവി തീവണ്ടിയുടെ അനുഭവത്തെ പകര്‍ന്നു നല്‍കുന്നു. ചുരുങ്ങിയ വാക്കുകളിൽ ആശയങ്ങളുടെ വിശാലമായ ആകാശം സൃഷ്ടിക്കുന്നതിലുള്ള പി.പി. രാമചന്ദ്രന്റെ രചനാവൈഭവം ശ്രദ്ധേയമാണ്. നായകളുടെ നിര്‍ത്താത്ത കുരയും വില്ലുകുലച്ചതു പോലെയുള്ള രോമാങ്ങളുമായി നില്‍ക്കുന്ന പൂച്ചകളും കവിയുടെ സൂക്ഷനിരീക്ഷണത്തിനു ഉത്തമ ഉദാഹരണങ്ങളാണ്.
വരികൾ
“വേലിമുള്ളും
മരക്കൊമ്പുകളും തട്ടി
……………………….
വാതിൽക്കലെത്തി”.
ആശയ വിശദീകരണം
വണ്ടിക്കു സംഭവിച്ച നിസാരമായ പരിക്കുകളെയാണ് കവി ഈ വരികളില്‍ അവതരിപ്പിച്ചിരിക്കുന്നത് .മുള്ളുവേലിയിലും മരക്കൊമ്പിലും തട്ടി ഏ.സി സ്ലീപ്പര്‍ കോച്ചുകളുടെ പുറംതൊലി അങ്ങിങ്ങായി കീറിയിരിക്കുന്നു. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിന്റെ പുറത്തൊട്ടിച്ച ചാര്‍ട്ടു നോക്കി ഒരു അണ്ണാന്‍ ഉറക്കെ യാത്രക്കാരുടെ പേരുകള്‍ വായിക്കുകയാണ്, ഒരാള്‍ മാത്രം വണ്ടി നിര്‍ത്തിയ സ്റ്റേഷന്‍ ഏതാണെന്ന് നോക്കാനായി വാതില്‍ക്കലെത്തി. മേല്പറഞ്ഞ വരികളില്‍ നിന്ന് അവിടെ സംഭവിച്ചത് തീവണ്ടി അപകടമല്ലെന്നും പാളം തെറ്റൽ മാത്രമാണെന്നും മനസ്സിലാക്കാം.
എല്ലാ ആധുനിക സംവിധാനവുമുള്ള എ.സി.സ്ലീപ്പർ കോച്ചാണ് പാളം തെറ്റിയിരിക്കുന്നത്. റിസർവേഷൻ കമ്പാർട്ടുമെന്റിന്റെ പുറത്തൊട്ടിച്ച് ചാർട്ടിൽ നോക്കി അണ്ണാൻ പേരുകൾ വായിക്കുന്നതില്‍ നിന്ന് കവി തീവണ്ടിയിൽ യാത്രക്കാരുണ്ടെന്നുള്ള സൂചനയാണ് നൽകുന്നത്. ദീർഘയാത്രയുടെ മുഷിച്ചിലോടെ ഒരാൾ മാത്രമാണ് വാതിൽക്കലെത്തി നോക്കിയത്. കെട്ട നാറ്റം എന്നത് മുഷിഞ്ഞ യാത്രക്കാരനെ സൂചിപ്പിക്കുന്നു. അയാളാകട്ടെ വണ്ടി നിർത്തിയിട്ടിരിക്കുന്ന സ്റ്റേഷൻ ഏതാണെന്നാണ് നോക്കുന്നത്. അതിർത്ഥം കുണ്ടനിടവഴിയിലാണ് വണ്ടി കിടക്കുന്നതെന്ന് അയാൾക്ക് മനസ്സിലായിട്ടില്ല എന്നാണ്. ഒരു അപായം സംഭവിച്ചാൽ മനുഷ്യരൊഴികെ ചുറ്റുമുള്ള ഇതര ജീവജാലങ്ങൾ അത് ഉടൻ തിരിച്ചറിയുന്നതായും അതേസമയം എ.സി.കോച്ചിൽ സുഖമായുറങ്ങുന്ന മനുഷ്യൻ ഒന്നുമറിയുന്നില്ലെന്നുമുള്ള വസ്തുത കവി ഇവിടെ അടിവരയിടുക യാണ്. ആധുനിക സൗകര്യങ്ങളുടെ ശീതികരിച്ച മുറി പുതിയ കാലത്തിന്റെ പ്രതീകമാണ്. തങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ ഉണ്ടാകുന്ന അപകടം പോലും തിരിച്ചറിയാതെ, ജീവിക്കുന്ന പുതിയ മനുഷ്യന്റെ ജീവിതത്തെ കവി ഈ വരികളില്‍ വ്യക്തമായി അവതരിപ്പിക്കുന്നു.
വരികൾ
“സിഗ്നൽ കാത്തുകാത്ത്
…………………………………..
ചെല്ലം തുറന്നു”.
ആശയ വിശദീകരണം
സിഗ്നല്‍ കാത്തു മടുത്ത ഡ്രൈവര്‍ ,എഞ്ചിന്‍ ബോഗിയില്‍ നിന്ന് തൊട്ടടുത്ത പറമ്പിലേക്ക് ചാടി ,ഒരു പഴുത്ത അടയ്ക്കായുമെടുത്ത് വെറ്റില ചെല്ലം തുറക്കുന്നു എന്ന് ആശയം . കാത്തിരിപ്പിന്റെ നിസ്സംഗതയെക്കുറിച്ചാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.
“സിഗ്നൽ കാത്തുകാത്ത് മടുത്തവർ’ എന്നത് റെയിൽവെയുടെ അനാസ്ഥയെ സൂചിപ്പിക്കുന്നു. “കാത്തുകാത്ത്’ എന്ന വാക്ക് പിന്നിട്ട സമയത്തെയാണ് സൂചിപ്പിക്കുന്നത്. കുണ്ടനിടവഴിയിൽ കിടക്കുന്ന വണ്ടി പാളത്തിലേക്കു വലിച്ചുകയറ്റേണ്ടതും ,യാത്രക്കാരെ സുരക്ഷിതമായി എത്തിക്കേണ്ടതും റെയിൽവെയുടെ ഉത്തരവാദിത്തമാണെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ല എന്ന് സാരം . എഞ്ചിൻബോഗിയിൽനിന്ന് തൊട്ടടുത്ത പറമ്പിലേക്കു ചാടി പഴുത്തടയ്ക്ക പെറുക്കിവന്ന് മുറുക്കാൻ തയ്യാറാക്കുന്ന എൻജിൻ ഡ്രൈവറുടെ മനോഭാവം നിസ്സംഗതയുടെ മറ്റൊരു കാഴ്ചയാണ്. തീവണ്ടി എപ്പോൾ പുറപ്പെട്ടാലും തനിക്കൊന്നുമില്ലെന്നമട്ടിലാണ് അയാൾ പെരുമാറുന്നത് . മാത്രമല്ല, അവസരം മുതലാക്കിക്കൊണ്ട് തന്റെ മുറുക്കാൻ ചെല്ലം തുറക്കാനാണ് അയാൾ ജാഗ്രത കാണിച്ചത്. അവരവരുടെ സന്തോഷങ്ങളിലെക്കും അവസരങ്ങളിലെക്കും മാത്രമായി ചുരുങ്ങിപ്പോകുകയാണ് കാലം എന്ന് കവിത വ്യക്തമാക്കുന്നു.
വരികൾ
“കാണെക്കാണെ കൗതുകം പോയി
…………………………………………………
കീയോ കീയോ കേട്ടു തുടങ്ങി”.
ആശയ വിശദീകരണം
പാളം തെറ്റിയ തീവണ്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ അവിടെത്തന്നെ നിശ്ചലമായി കിടക്കുന്നതിന്റെ ചിത്രമാണ് കവി ഈ വരികളിലൂടെ കാണിച്ചുതരുന്നത്. ‘കാണെക്കാണേ കൗതുകം പോയി’ എന്നതിൽ നിന്നും കുണ്ടനിടവഴിയിൽ പാളം തെറ്റിക്കിടക്കുന്ന കൂറ്റൻ തീവണ്ടി ഒരു പതിവുകാഴ്ച യായി എന്നു മനസ്സിലാക്കാം. ‘നായ്ക്കൾ മണപ്പിച്ചും മൂത്രിച്ചും വണ്ടി ഒരു വീട്ടുകോലായിയാക്കി’ എന്നാണ് അനാഥമായ വണ്ടിയുടെ അവസ്ഥയെ കവി ചിത്രീകരിച്ചിരിക്കുന്നത്. അതായത് തീവണ്ടി ഇപ്പോൾ ചുറ്റുപാടുമുള്ള ജീവികൾക്ക് വിജനമായൊരു വീടുപോലെ അഭയകേന്ദ്രമായി മാറി യിരിക്കുന്നു. ബോഗികൾക്കുള്ളിൽ നിന്നുമുയരുന്ന കീയോകിയോ വിളി പിറവിയുടെ പ്രതീകമാണ്. നിശ്ചലമായി കിടക്കുന്ന തീവണ്ടി ജീവജാലങ്ങൾക്ക് ഈറ്റില്ലമായിരിക്കുന്നു.
വരികൾ
“പിന്നീടെപ്പോഴാണ്
……………………………..
വലിച്ചുകൊണ്ടുപോവുകയാണ്
അതിനെ”.
ആശയ വിശദീകരണം
അനശ്ചിതത്വത്തിന്റെ ഇടവഴിയിൽ ജീവനറ്റുകിടന്ന ഒരു കൂറ്റൻ ജീവിയെപ്പോലെ കണ്ട തീവണ്ടി പിന്നീടെപ്പോഴോ തോട്ടുവരമ്പത്തുകൂടെ കടന്നുപോകുന്ന ദൃശ്യമാണ് കവി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, ആവിയോ പുകയോ ശബ്ദമോ ഇല്ലാതെയാണ് അതിന്റെ പോക്ക്. ഒരുകൂട്ടം ഉറുമ്പുകൾ അതിനെ വലിച്ചുകൊണ്ടുപോവുകയാണെന്നും കവി ചൂണ്ടിക്കാണിക്കുന്നു.
ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്ന തീവണ്ടിയെ ചേതനയറ്റൊരു മനുഷ്യശരീരമായി സങ്കല്‍പിക്കുമ്പോൾ, ദാർശനികമായ മറ്റൊരു ആശയം കൂടി ചുരുൾ നിവരുന്നതു കാണാം. ആധുനിക ജീവിതത്തിന്റെ തീവണ്ടിക്കുതിപ്പിന് പൊടുന്നനെ വീഴ്ച സംഭവിക്കുന്നതും അവിടെനിന്ന് നിവരാനാകാതെ ആ ജീവിതത്തിന്റെ അന്ത്യമാകുന്നതും എല്ലാ ശക്തിയും മിടിപ്പും നഷ്ടപ്പെട്ട മൃതശരീരം പ്രകൃതിയിലെ ഒരു വിറകുകൊള്ളിക്കു സമാനമായി മാറുന്നതുമാണ് ഇവിടെ കണ്ട കാഴ്ചയുടെ പൊരുൾ. ഒരു കഥ പറയുന്നതുപോലെയാണ് ജീവിതവും അതിന്റെ അന്ത്യവും കവിതയിൽ ആവിഷ്കരി ച്ചിരിക്കുന്നത്. പ്രമേയപരമായും ആശയപരമായും ഔന്നിദ്ധ്യം പുലർത്തുന്ന കവിതയാണ് കാണെക്കാണേ . ബിംബകല്‍പനയകളുടെ ഔചിത്യവും ആശയത്തിന്റെ പ്രസക്തിയും അവതരണത്തിന്റെ പ്രത്യേകതയും ഈ കവിതയെ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്.
കാണെക്കാണെ എന്ന കവിതയുടെ മറ്റൊരു സവിശേഷത അതിന്റെ ബഹുസ്വരതയാണ്. പാളം തെറ്റിക്കിടക്കുന്ന ഒരു തീവണ്ടിയെ ബിംബമാക്കിക്കൊണ്ട് അനേകം പ്രശ്നമുഖങ്ങളെ മുന്നോട്ടുവയ്ക്കുകയാണ് ഈ കവി. ആധുനിക മനുഷ്യന്റെ ജീവിതവുമായി ചേർത്തുവച്ചുകൊണ്ടുള്ള കവിതയുടെ ചരടിൽ മനുഷ്യന്റെ നിസ്സംഗഭാവം, സ്വാർത്ഥത, റെയിൽവേയുടെ അനാസ്ഥ, മനുഷ്യ ജീവികളും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം, അജൈവ മാലിന്യമായി മാറിയ തീവണ്ടി പ്രകൃതിക്കു ഭീഷണിയായിത്തീരുന്നത് തുടങ്ങി ബഹുമുഖമായ വിഷയങ്ങളെ സൂക്ഷ്മമായി കോർത്തിണക്കിയിരിക്കുന്നതു കാണാം.
തീവണ്ടി എന്നത് പി.പി.രാമചന്ദ്രന്റെ ബിംബകല്പനകളിൽ മുമ്പും കടന്നുവന്നിട്ടുണ്ട്. “ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ’ എന്ന കവിതയിലും മുഖ്യകഥാപാത്രം തീവണ്ടിയാണ്. നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടൽപോലെ വ്യർത്ഥമായൊരു അഭ്യാസമായിട്ടാണ് ഈ പാസഞ്ചറിനെ കവി സങ്കല്പിച്ചിരിക്കുന്നത്. ഒടുവിൽ നാറാണത്തുഭ്രാന്തനും ആ പാസഞ്ചർ വണ്ടിയും താൻ തന്നെയാണെന്ന് വെളിപ്പെടുത്തലും കവി നടത്തുന്നുണ്ട്. സൈക്കിൾ’, ‘കട്ടപ്പുറത്തെ കാർ’ എന്നീ കവിതകളിലും മനുഷ്യജീവിതത്തിന്റെ വിവിധ അവസ്ഥകളെ കവി അവതരിപ്പിക്കുന്നത് വാഹനങ്ങളെ ബിംബമാക്കിക്കൊണ്ടാണ്.
പ്രകൃതിയുടെ സാന്നിദ്ധ്യം രാമചന്ദ്രന്റെ കവിതകളുടെ ഒരു പ്രത്യേകതയാണ്. ഇത് ആദ്യം പ്രത്യക്ഷമായ കവിതയാണ് “മാമ്പഴക്കാലം.’ പട്ടാമ്പിപ്പുഴമണലിൽ’ എന്ന കവിതയുടെ പ്രമേയം ഒരു പുഴയുടെ ക്ഷയവും അതുവഴി ജീവന്റെ ക്ഷയവുമാണ്. റോഡു പണിക്കുപോകുന്ന കുന്നുകളെ കഥാപാത്രങ്ങളാക്കിയ ‘കാറ്റേ, കടലേ’ എന്ന കവിത പാരിസ്ഥിതിക ആഘാതത്തിന്റെ പരിഛേദമാണ്. ‘കാണെക്കാണെ’ എന്ന കവിതയിലെ പാരിസ്ഥിതികദർശനം പാടത്തേക്കുള്ള ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട കൂറ്റൻ തീവണ്ടിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഒടുവിൽ ഉറുമ്പുകൾ വലിച്ചു കൊണ്ടുപോകുന്ന തീവണ്ടിയെ കാട്ടിതന്നുകൊണ്ടാണ് കവിത അവസാനിക്കുന്നത് . ഒരു കൂറ്റൻ അജൈവമാലിന്യത്തെ പ്രകൃതിയുടെ ഭാഗമാക്കാൻ ജൈവശക്തി നടത്തുന്ന വിഫലമായ ശ്രമമാണ് ഇതെന്ന് വ്യാഖ്യാനിക്കാം
Recap
|
Questions
|
Answers
|
Assignment topic
|
References
|
E- content
കവി.പി.പി രാമചന്ദ്രൻ പി. പി രാമചന്ദ്രന്റെ പുസ്തകങ്ങളുടെ കവർ പേജ്. പി.പി.രാമചന്ദ്രന്റെ കവിതകളുടെ ലിങ്ക് https://kavyamsugeyam.blogspot.com/search/label/P.P.%20RAMACHANDRAN?m=0 |