യൂണിറ്റ് – 1
ദൈവദശകം
ശ്രീനാരായണഗുരു
Learning Outcomes/പഠന ലക്ഷ്യങ്ങൾ
|
Prerequisites/മുന്നറിവ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെയുള്ള കാലഘട്ടം കേരളത്തെ സംബന്ധിച്ച് വലിയതോതിലുള്ള സാമൂഹിക പരിവർത്തനത്തിന്റെ കാലമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ നവോത്ഥാന കാലഘട്ടം എന്ന പേരിലറിയപ്പെടുന്ന ഈ ഘട്ടത്തിൽ സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരായ വലിയ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിൽ അരങ്ങേറി. മനുഷ്യസമത്വത്തിനുവേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളായിരുന്നു അവയെല്ലാം. സ്വാഭാവികമായും നവോത്ഥാന ആശയങ്ങളുടെ സ്വാധീനം സാഹിത്യത്തിലും പ്രകടമായി. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ശ്രീനാരായണഗുരുദേവന്റെ കൃതികളിലും അവ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. മാനവികത, സാഹോദര്യം, തുല്യത തുടങ്ങിയ ആശയങ്ങളുടെ പ്രതിനിധാനമാണ് ഗുരുവിന്റെ കൃതികളിൽ പ്രധാനമായും കാണാനാവുക. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി അറുപതോളം കൃതികൾ ഗുരുദേവൻ രചിച്ചിട്ടുണ്ട്. ഗുരുവിന്റെ പ്രശസ്തമായ തമിഴ് കൃതിയാണ് തേവാരപതിതങ്കൾ പദ്യത്തിനു പുറമേ ഗദ്യകൃതികളും വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പഠനസൗകര്യത്തിനായി ഗുരുവിന്റെ കൃതികളെ പൊതുവേ സ്തോത്രം, അനുശാസനം, ദർശനം, വിവർത്തനം, ഗദ്യം എന്നിങ്ങനെ തരംതിരിക്കാം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ വചനങ്ങൾ കേൾക്കാത്ത മലയാളികളുണ്ടാകില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ സമൂഹത്തിനുവേണ്ടി ജീവിച്ച് കേരളത്തിന്റെ സാമൂഹികമണ്ഡലത്തിൽ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീനാരായണഗുരുദേവന്റെ വാക്കുകളാണിവ എന്ന് നമുക്കെല്ലാം അറിവുള്ളതാണ്. ഗുരുദേവനെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ പലപ്പോഴും നാം അദ്ദേഹത്തെ ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലാണ് പരിഗണിക്കാറുള്ളത്. എന്നാൽ അതിനപ്പുറത്ത് ഗുരുദേവന്റെ സാഹിത്യലോകത്തെയും നാം അറിയേണ്ടതായിട്ടുണ്ട്. ദാർശനികചിന്തകളെ സൗന്ദര്യാത്മകമായി ആവിഷ്ക്കരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ കാവ്യലോകത്തിന്റെ പ്രധാന സവിശേഷത. ഈ സവിശേഷത ഉൾക്കൊള്ളുന്ന ഗുരുദേവന്റെ പ്രശസ്തമായ കൃതിയാണ് ദൈവദശകം. ഇത് ഒരു പ്രാർത്ഥന മാത്രമല്ല ഇതിൽ ദാർശനികതയും കാവ്യസൗന്ദര്യവും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ദർശനങ്ങളെ പിന്തുടരാതെ എല്ലാ മതസ്തർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ രചിച്ച മതാതീതമായ ഒരു പ്രാർത്ഥനയാണിത്. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ജീവിതപരിസരങ്ങളെ പരിഗണിക്കുന്ന ഗുരു, ഇതിൽ മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു |
Key words
കേരളീയ നവോത്ഥാനം, നവോത്ഥാനം മലയാളസാഹിത്യത്തിൽ, ദൈവം, സത്യം, ജ്ഞാനം.
1.1.1. Content
വരികൾ
‘ദൈവമേ, കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ,
നാവികൻ നീ ഭവാബ്ധിക്കൊ
രാവിവൻതോണി നിൻ പദം’
അർത്ഥവിശദീകരണം
അങ്ങ് = ഭവാൻ
നാവികൻ = കപ്പിത്താൻ
ഭവാബ്ധി = സംസാരസമുദ്രം (ലൗകികജീവിതം),
ആവിവൻതോണി = ആവിക്കപ്പൽ
നിൻപദം = നിന്റെ കാൽ/ നിന്റെ വാക്ക്.
ആശയവിശദീകരണം
ദൈവമേ! അങ്ങ് ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളണേ. ജീവിതം ഒരു സാഗരമാണ്. അതിൽ ദുഃഖവും ദുരിതവുമാകുന്ന തിരയും ചുഴലിക്കാറ്റുമുണ്ട്. അതിൽ മുങ്ങിത്താഴാതെ സംസാരസാഗരം കടക്കാനുള്ള വലിയ ആവിക്കപ്പലാണ് നിന്റെ പാദങ്ങൾ. ആ വലിയ ആവിക്കപ്പലിന്റെ നാവികൻ അങ്ങാണെന്നും ഗുരു പറയുന്നു. ഇവിടെ ദൈവത്തിന്റെ പാദങ്ങളെ ജീവിതസാഗരം കടക്കാനുള്ള ആവിക്കപ്പലായും ദൈവത്തെ അതിന്റെ നാവികനായും കല്പിച്ചിരിക്കുന്നു.
വരികൾ
‘ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.’
അർത്ഥവിശദീകരണം
തൊട്ടെത്തുന്ന പൊരുൾ = ഇന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കുന്ന തത്വങ്ങൾ
ഒടുങ്ങിയാൽ = അവസാനിച്ചാൽ
ദൃക്ക് = ദൃഷ്ടി
ഉള്ളം = മനസ്സ്
അസ്പന്ദം = സ്പന്ദിക്കാത്തത്, ചലനമില്ലാത്തത്.
ആശയവിശദീകരണം
ഇന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കേണ്ട മുഴുവൻ അറിവുകളും മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ അവയ്ക്ക് പ്രസക്തിയില്ല. ഇന്ദ്രിയങ്ങൾ നിശ്ചലമാകും. അങ്ങനെ നിശ്ചലമാകുന്ന ഇന്ദ്രിയങ്ങൾ പോലെ ഞങ്ങളുടെ മനസ്സ് അങ്ങയിൽ ഉറച്ച് നിൽക്കണം. ഇവിടെ കണ്ണ് എന്ന ഇന്ദ്രിയത്തെ മാത്രമാണ് പ്രത്യക്ഷത്തിൽ പറയുന്നതെങ്കിലും മനുഷ്യന്റെ മുഴുവൻ ഇന്ദ്രിയങ്ങളും ഇതിൽ ഉൾപ്പെടും.
വരികൾ
‘അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ.’
അർത്ഥവിശദീകരണം
അന്നവസ്ത്രാദി = ഭക്ഷണം, വസ്ത്രം തുടങ്ങിയവ
മുട്ടാതെ = മുടക്കം വരുത്താതെ
തമ്പുരാൻ = ദൈവം.
ആശയവിശദീകരണം
മനുഷ്യജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ഏറ്റവും പ്രധാനമായ ഭക്ഷണവും വസ്ത്രവും മുടക്കം കൂടാതെ തന്ന് ഞങ്ങളെ രക്ഷിച്ചുപോരുകയും ധന്യരാക്കുകയും ചെയ്യുന്ന നീ (ദൈവം)ഒരാൾ മാത്രമാണ് ഞങ്ങൾക്ക് തമ്പുരാൻ എന്ന് പറയുന്നു. ഇവിടെ അന്നവും ഭക്ഷണവും ഞങ്ങൾക്ക് തരണേ എന്ന് പ്രാർത്ഥിക്കുകയല്ല മറിച്ച്, അന്നവും വസ്ത്രവും തന്ന് രക്ഷിക്കുന്നതിൽ നന്ദി അറിയിക്കുകയാണ്.
കീഴാളവിഭാഗത്തിൽപ്പെട്ട കുട്ടികൾ മേൽജാതിക്കാരെ തമ്പുരാൻ എന്നു വിളിക്കുന്നത് ശരിയല്ല എന്ന കാഴ്ചപ്പാട് ഗുരുവിനുണ്ടായിരുന്നതായും അന്നവസ്ത്രാദികൾ മുടക്കം കൂടാതെ തന്ന് രക്ഷിക്കുന്ന ദൈവമല്ലാതെ വേറെ തമ്പുരാനില്ല എന്ന വിശ്വാസം അവരിൽ ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ പ്രയോഗിച്ചതെന്ന് സഹോദരൻ അയ്യപ്പൻ ഒരിക്കൽ പറഞ്ഞതായി ഡോ. ടി. ഭാസ്കരൻ തന്റെ വ്യാഖ്യാനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വരികൾ
‘ആഴിയും തിരയും കാറ്റു-
മാഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.’
അർത്ഥവിശദീകരണം
ആഴി = സമുദ്രം
മായ = മിഥ്യ
മഹിമ = മഹത്വം
ആശയവിശദീകരണം
തിരയും കാറ്റും ആഴവും ചേരുമ്പോഴാണ് ജലാശയം ആഴിയായിത്തീരുന്നത്. അതായത് തിരയും കാറ്റും ആഴവും എല്ലാം ആഴിക്കുള്ളിൽ തന്നെയുള്ളവയാണ്. അവ ആഴിയുടെ ഭാഗം തന്നെയാണ്. എല്ലാം കൂടിച്ചേർന്നാണ് ഒരു വ്യവസ്ഥയാകുന്നത്. ഒന്നിനും വേറിട്ട അസ്തിത്വമില്ല. അതുപോലെയാണ് ഞങ്ങളുടെ മായയും നിന്റെ മഹിമയും നീയും (ദൈവം) എന്ന തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടാകുമാറാകണം.
വരികൾ
‘നീയല്ലോ സൃഷ്ടിയും സ്രഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി
ക്കുള്ള സാമഗ്രിയായതും.’
അർത്ഥവിശദീകരണം
സ്രഷ്ടാവ് = സൃഷ്ടിക്കുന്നവൻ (നിർമ്മിക്കുന്നവൻ )
സാമഗ്രി = സാധനം
സൃഷ്ടിജാലം = സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ.
ആശയവിശദീകരണം
സൃഷ്ടിക്രിയയും അത് ചെയ്യുന്ന കർത്താവും (സ്രഷ്ടാവ്) സൃഷ്ടിക്കുള്ള സാധനവും സൃഷ്ടിക്കപ്പെട്ട വസ്തുക്കളും എല്ലാം ദൈവം തന്നെ എന്ന് പറയുന്നു. ദൈവത്തിൽ നിന്ന് വേറിട്ട് ഒന്നുമില്ല.
വരികൾ
‘നീയല്ലോ മായയും മായാ
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി
സായൂജ്യം നൽകുമാര്യനും.’
അർത്ഥവിശദീകരണം
മായാവിനോദൻ = മായകൊണ്ട് കളിക്കുന്നവൻ
സായൂജ്യം = മോക്ഷം
ആര്യൻ = ശ്രേഷ്ഠൻ.
ആശയവിശദീകരണം
ദൈവം തന്നെയാണ് മായയും മായാവിയും മായാവിനോദനും. ആത്മീയവാദചിത്രപ്രകാരംഈ പ്രപഞ്ചമെന്നത് യാഥാർത്ഥ്യമല്ല. അത് മായ (മിഥ്യ) ആണ്. മായയും മായ സൃഷ്ടിക്കുന്ന മായാവിയും ആ സൃഷ്ടിയിൽ ആനന്ദം കണ്ടെത്തുന്ന മായാവിനോദനും ദൈവം തന്നെയാണ്. എന്നാൽ ഈ മായാരഹസ്യത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ച് മോക്ഷം നൽകുന്ന ഗുരുവും ദൈവം തന്നെയാണ്.
വരികൾ
‘നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയുമോർക്കിൽ നീ.’
ആശയവിശദീകരണം
ദൈവമേ! നീ സത്യവും ജ്ഞാനവും ആനന്ദവുമാകുന്നു. സത്യമെന്നാൽ ശരി. ശരി തിരിച്ചറിയുന്നതാണ് അറിവ് അഥവാ ജ്ഞാനം, ജ്ഞാനം നേടുമ്പോൾ ആനന്ദമുണ്ടാകുന്നു. മനുഷ്യജീവിതത്തിലെ മൂന്ന് കാലങ്ങളായ ഭൂതം, വർത്തമാനം, ഭാവി എന്നിവയും നീ തന്നെ. അതേടൊപ്പം നാം സംസാരിക്കുന്ന വാക്കും നീ തന്നെ.
വരികൾ
‘അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ, ‘ജയിക്കുക ‘
അർത്ഥവിശദീകരണം
അകവും പുറവും = എല്ലായിടത്തും, മനുഷ്യന്റെ ഉള്ളിലും പുറത്ത് ഭൗതിക ലോകത്തിലും
തിങ്ങുക = നിറഞ്ഞുനിൽക്കുക
മഹിമാവാർന്ന = മഹിമയാർന്ന
നിൻപദം = നിന്റെ പാദങ്ങൾ.
ആശയവിശദീകരണം
അകവും പുറവും തിങ്ങിനിൽക്കുന്ന മഹിമാവാർന്ന നിന്റെ പാദങ്ങൾ ഞങ്ങൾ പുകഴ്ത്തുന്നു, ഭഗവാനേ അങ്ങ് ജയിക്കുക.
വരികൾ
‘ജയിക്കുക മഹാദേവ
ദീനാവനപരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ, ജയിക്കുക. ‘
അർത്ഥവിശദീകരണം
മഹാദേവൻ = മഹാനായ ദേവൻ, ശിവൻ
ദീനാവനപരായണൻ = രക്ഷിക്കുന്നതിൽ താല്പര്യമുള്ളവൻ,
ചിദാനന്ദൻ = ആനന്ദിപ്പിക്കുന്നവൻ,മനസ്സിനെ സന്തോഷിപ്പിക്കുന്നവൻ
ദയാസിന്ധു = ദയാസമുദ്രം
കരുണാവാരിധി = കരുണയുള്ളവൻ.
ആശയവിശദീകരണം
മഹാദേവനും ദീനന്മാരെ രക്ഷിക്കുന്നതിൽ താല്പര്യമുള്ളവനും മറ്റുള്ളവരുടെ മനസ്സിനെ ആനന്ദിപ്പിക്കുന്നവനും കരുണാവാരിധിയുമായ ദൈവമേ അങ്ങ് ജയിച്ചാലും, ദയയും ആനന്ദവും കാരുണ്യവുമൊക്കെ ഉന്നതമായ മാനുഷിക മൂല്യങ്ങളാണ്. ഇത് മനുഷ്യൻ മറ്റ് ജീവജാലങ്ങളോട് വച്ചുപുലർത്തേണ്ടതാണ് എന്ന സന്ദേശം ഈ വരികളിൽ ഉൾക്കൊള്ളുന്നുണ്ട്. ഗുരു തന്റെ ചിന്തയിൽ എപ്പോഴും അപരരെക്കുറിച്ചുള്ള കരുതൽ പ്രകടിപ്പിച്ചിരുന്നു. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന്റെ സുഖത്തിനായ് വരണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്. ദൈവത്തെ ദീനാവനപരായണൻ, ചിദാനന്ദൻ, ദയാസിന്ധു എന്നെല്ലാം പറയുന്നതിലൂടെ തന്റെ ചിന്തകളിലെ അപരരെക്കുറിച്ചുള്ള കരുതൽ തന്റെ ദൈവസങ്കല്പത്തിലും ഗുരു ആവർത്തിക്കുകയാണ്.
വരികൾ
‘ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. ‘
അർത്ഥവിശദീകരണം
ആഴമേറും = ആഴമുള്ള
നിൻ മഹസ്സ് = ജ്യോതിസ്സ്
ആഴി = സമുദ്രം
ആഴണം = മുങ്ങണം
വാഴണം = ജീവിക്കണം.
ആശയവിശദീകരണം
നിന്റെ ജ്യോതിസ്സാകുന്ന ആഴമുള്ള സമുദ്രത്തിൽ ഞങ്ങൾ ഒന്നൊഴിയാതെ എല്ലാവരും ആണ്ട്, അതിൽ നിത്യം സുഖമായി വാഴണം. ദൈവത്തെ ജീവിതസാഗരം തരണം ചെയ്യുന്നതിനുള്ള ആവിക്കപ്പലിന്റെ നാവികനായി കല്പിച്ചുകൊണ്ടാണ് ഗുരു ഈ കാവ്യം ആരംഭിക്കുന്നത്. ഏതെങ്കിലും പ്രത്യേക മതത്തിന്റെ ദൈവസങ്കല്പങ്ങളുമായി ദൈവമെന്ന ആശയത്തെ ബന്ധപ്പെടുത്താതെ മുന്നോട്ടുപോകുന്ന ഗുരു അന്നവസ്ത്രാദികൾ മുട്ടാതെ തന്ന് രക്ഷിച്ച് ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്ക് തമ്പുരാൻ എന്ന് ദൈവത്തെ വിശേഷിപ്പിക്കുന്നു. ആഴിയും തിരയും കാറ്റും ആഴവും പോലെയാണ് ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്ന് ഞങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ശ്ലോകത്തിൽ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും ദൈവം തന്നെയാണെന്ന് പറയുന്നു. അടുത്ത ഭാഗങ്ങളിലും ദൈവമെന്താണെന്ന് വിശദമാക്കാനുള്ള ശ്രമങ്ങളാണ് ഗുരു നടത്തുന്നത്. ദൈവം ഒരേ സമയം മായയും മായാവിയും മായാവിനോദനും മായയെ നീക്കി സായൂജ്യം നൽകുന്ന ശ്രേഷ്ഠനുമാണെന്ന് പറയുന്നു. തുടർന്ന് ദൈവം സത്യവും ജ്ഞാനവും ആനന്ദവുമാണെന്നും മനുഷ്യനെ സംബന്ധിക്കുന്ന ത്രികാലങ്ങളാണെന്നും മനുഷ്യൻ സംസാരിക്കുന്ന വാക്കും ദൈവമാണെന്നും ഗുരു പറയുന്നു. ദൈവത്തെ ഉന്നതമായ മാനവികമൂല്യങ്ങളുടെ വിളനിലമായി കാണുകയും ദൈവത്തിന്റെ തേജസ്സിൽ ആഴ്ന്നിറങ്ങി ഞങ്ങൾക്ക് നിത്യവും വാഴണം എന്നു പറഞ്ഞാണ് കാവ്യം അവസാനിപ്പിക്കുന്നത്. മതാതീതമായ ഒരു ദൈവസങ്കല്പത്തിലേക്ക് ഗുരുവിനെ നയിക്കുന്നത് കേരളീയ നവോത്ഥാനത്തിന്റെ സ്വാധീനമാണെന്ന് നിസ്സംശയം പറയാം. സത്യവും ജ്ഞാനവും ആനന്ദവും കരുണയുമാണ് ഗുരുവിന്റെ സങ്കല്പത്തിലെ ദൈവം. അതോടൊപ്പം അന്നവും വസ്ത്രവും മുടക്കം വരാതെ നൽകുന്നവൻ കൂടിയാണ് ദൈവമമെന്ന് പറയുമ്പോൾ ഉന്നതമായ മാനവികമൂല്യങ്ങൾക്കും മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങൾക്കും ഗുരു തന്റെ ദൈവസങ്കല്പത്തിൽ പരിഗണന നൽകുന്നുണ്ട്. ചുരുക്കത്തിൽ ദൈവമെന്നത് മനുഷ്യസമുദായത്തിന് ഗുണപ്രദമായിത്തീരുന്ന ഒന്നാകുന്നു എന്ന ആശയമാണ് ഗുരു മുന്നോട്ടുവയ്ക്കുന്നത്.
Recap
|
Assignment
|
Reference
|
E – Content