യൂണിറ്റ് – 1
നിത്യമേഘം
അക്കിത്തം
Learning Outcomes
|
Prerequisites
“വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ” , ” ഒരു കണ്ണീർക്കണം മറ്റു – ള്ളവർക്കായ് ഞാൻ പൊഴിക്കവെ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം “ ആധുനികതയുടെ പുതിയ ലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ ഈ പ്രസിദ്ധമായ വരികൾ അക്കിത്തം അച്യുതൻ നമ്പൂതിരിയുടേതാണ്. വിശ്വമാനവികതയുടെ കാവ്യാദ്വൈതമായി അദ്ദേഹത്തിന്റെ കൃതികൾ വിലയിരുത്താം. “വെളിച്ചം ദുഃഖമാണുണ്ണീ………” എന്ന വരികൾ കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് വിശന്നുമരിച്ച കുഞ്ഞുങ്ങളെ ഓർത്തെഴുതിയതാണ്. ഭാവിപൗരനോടുള്ള ഓർമ്മപ്പെടുത്തലാണീ വരികൾ. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ മഹാകവി അക്കിത്തത്തിന്റേതായുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, പഞ്ചവർണക്കിളി, അരങ്ങേറ്റം , മധുവിധു , ഒരു കുല മുന്തിരിങ്ങ, കരതലാമലകം, പ്രതികാരദേവത, അമൃതഗാഥിക , മാനസപൂജ എന്നീ കവിതകളും . ഉപനയനം, സമാവർത്തം എന്നീ ഉപന്യാസങ്ങളും അക്കിത്തത്തിന്റെ രചനകളാണ്. ബലിദർശനം എന്ന കൃതിക്ക് 1972-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1973-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1974 – ലെ ഓടക്കുഴൽ അവാർഡ് ,സമഗ്ര സംഭാവനയ്ക്കുള്ള 2008-ലെ എഴുത്തച്ഛൻ പുരസ്കാരം, 2008-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം, 2012-ലെ വയലാർ അവാർഡ്, 2016-ലെ എഴുത്തച്ഛൻ പുരസ്കാരം, 2014 -ലെ പത്മശ്രീ, മൂർത്തീ പുരസ്കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവിൽ 2019-ലെ ജ്ഞാനപീഠപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഇ.എം.എസ്സിന്റെയും വി.ടിയുടെയും സഹയാത്രികനായിരുന്നയാൾ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ തൂത്തുമാറ്റാൻ പരിശ്രമിച്ച ഒരാൾ , അനാചാരങ്ങളെ ചൂലെടുത്ത് അടിക്കുന്ന ഭാഷയിൽ തല്ലിച്ചതച്ചയാൾ . ശാന്തിക്കാരനും തികഞ്ഞ വിശ്വാസിയും ആയിരിക്കുമ്പോഴും അക്കിത്തത്തിനു വേറിട്ട നിലപാടുണ്ടായിരുന്നു. ക്ഷേത്രങ്ങളിലെ ധൂർത്തിനെയും ശരിയല്ലായ്മകളെയും വിമർശിച്ചെഴുതിയതാണ് ‘എന്റെയല്ലെന്റയല്ലീക്കൊമ്പനാനകൾ’. പദപ്രയോഗം കൊണ്ട് മലയാളത്തിൽ സമാനതകൾ ഇല്ലാത്ത വരികൾ. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയമാണ് സംസാരിച്ചത് .ചോര ചിതറുന്ന രാഷ്ട്രീയ കലാപങ്ങളെ കവിതയിലൂടെ നിശിതമായി അദ്ദേഹം വിമർശിച്ചു. ഇസങ്ങൾക്കു വഴങ്ങാത്ത വിശാല മാനവികതയായിരുന്നു അക്കിത്തത്തിന്റെ ആദ്യ കാല കവിതകളുടെ സ്വഭാവം. ചിരിക്കുന്ന മനുഷ്യന്റെ മറക്കാനുളള ശക്തിയെക്കുറിച്ചും കരയുന്ന മനുഷ്യന്റെ സഹജീവാനുകമ്പയെക്കുറിച്ചും അദ്ദേഹം കവിതയിൽ തുറന്നു കാട്ടി. കാലത്തെ മാറ്റിമറിച്ച ചിന്തകളും ഭാവനകളുമുണ്ടായ നാട്ടിലാണ് അക്കിത്തം ജീവിച്ചത്. നിരവധി ലോകതത്വങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാം. നമ്പൂതിരി സമുദായത്തിലെ അനീതികൾ തുറന്നു കാട്ടിയ ഉണ്ണിനമ്പൂരി മാസികയുടെ പ്രസാധകനായി. കവിത കൊണ്ടാണ് അക്കിത്തം നമ്പൂതിരി ശീലങ്ങളെ തിരുത്തിയത്. കാല്പനികതയിലും ആധുനികതയിലും അഭിരമിക്കുമ്പോഴും സ്നേഹത്തിലൂന്നിയ വിപ്ലവബോധമാണ് അദ്ദേഹത്തിൽ വേരൂന്നി നിന്നത്. നല്ല നാളേയ്ക്കു വേണ്ടിയാണെങ്കിലും അക്രമവും കൊലയും ത്യജിക്കേണ്ടതാണെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ചിലപ്പോൾ ആത്മോപഹാസത്തിലേക്കും മറ്റു ചിലപ്പോൾ ആക്ഷേപ പരിഹാസത്തിലേക്കും അദ്ദേഹത്തിന്റെ കവിത സഞ്ചരിക്കാറുണ്ട്. കരുണയും സഹാനുഭൂതിയും നിറഞ്ഞതാണ് അക്കിത്തത്തിന്റെ പലകവിതകളും. മറ്റുള്ളവർക്കായി കണ്ണീർക്കണം പൊഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതാണ് കവിയുടെ ഹൃദയം. കാളിദാസന്റെ മേഘസന്ദേശത്തെ അനുസ്മരിച്ചുകൊണ്ട് എഴുതിയകവിതയാണ് ‘നിത്യമേഘം’. കാളിദാസകവിതയുടെ ആത്മസത്തയെ അക്കിത്തം നിത്യമേഘം എന്ന ബിംബത്തിലൂടെ അവതരിപ്പിക്കുന്നു |
Key words
കാല്പനികത – ആധുനികത – ആർഷഭാരത സംസ്കാരം -സമകാലിക ജീവിതം – കാളിദാസ കൃതിയുടെ പുനരാവിഷ്കരണം
3.1.1. Content
കാളിദാസന്റെ പ്രസിദ്ധ സന്ദേശകാവ്യമായ മേഘസന്ദേശത്തെ അവലംബമാക്കി എഴുതിയ കൃതിയാണ് നിത്യമേഘം. വൈശ്രവണാശ്രിതനായ യക്ഷൻ ശാപമേറ്റ് ഒരാണ്ട് പ്രിയതമയെ പിരിഞ്ഞ് അകലെ രാമഗിരി ആശ്രമത്തിൽ പോയി പാർത്തു. പ്രിയാവിരഹദുഃഖത്താൽ പരവശനായ യക്ഷൻ മഴമേഘത്തോട് പ്രിയതമയ്ക്കുള്ള സന്ദേശം പറഞ്ഞു കൊടുക്കുന്നു. അതിനുള്ള വഴി പറഞ്ഞു കൊടുക്കൽ, നായികാ ഭവനം, വിരഹിണിയായ നായിക ഇവയെല്ലാം ഒത്തുചേർന്നതാണ് ‘നിത്യമേഘം’ എന്ന ഈ കാവ്യശില്പം.
വരികൾ (1 മുതൽ 16 വരെ)
” പ്രിയാ വിരഹദു:ഖ ………………..
………………………. മൂളൽ കേൾക്കവേ.”
അർത്ഥ വിശദീകരണം
അശ്രുബിന്ദു = കണ്ണുനീർ
ആഷാഢം = കർക്കിടകം
ആശയ വിശദീകരണം
വൈശ്രവണന്റെ ശാപത്താൽ പ്രിയതമ നഷ്ടപ്പെട്ട യക്ഷൻ രാമഗിരി വനത്തിൽ പാർത്തു. പ്രിയപ്പെട്ടവളെ പിരിഞ്ഞ വിരഹ ദുഃഖമാകുന്ന അഗ്നിയാൽ ഉണ്ടാകുന്ന പുകയും നിശ്വാസവായുവും ഉതിർത്ത് ഒരുപുരുഷ വിഗ്രഹം നിന്നു . ശ്രേഷ്ഠമായ രാമഗിര്യാശ്രമത്തിൽ ഇടതിങ്ങി നിബിഡമായ പച്ചപ്പിൽ വൃക്ഷഛായകൊണ്ട് നീലിമയാർന്ന കടുകപ്പാലകൾ പൂത്തു നിൽക്കുന്നു. ആടിമാസത്തിലെ കുളിർകാറ്റു വീശുന്ന ഒരു പുലർകാലത്ത് മലയടിവാരത്ത് നേർത്തൊഴുകുന്ന ഒരു കാട്ടുചോലയുടെ ശബ്ദം ( മൂളൽ) കേൾക്കുന്നു.
വരികൾ (17 മുതൽ 32 വരെ)
“മേവുന്ന മിഴി …………………
……………………. ഭാവക്കുരുന്നുകൾ “
അർത്ഥ വിശദീകരണം
സാനു = താഴ്‌വര
തിണ്ടു കുത്തുന്ന = കൊമ്പുകുത്തുന്ന
കാന്തം = മനോഹരം
മനോഭവക്കുരുന്നുകൾ = ഭാവനയുടെ അങ്കുരങ്ങൾ
ആശയ വിശദീകരണം.
വിരഹദു:ഖം കാരണം മിഴിതോരാതെ ഒരു പുരുഷ വിഗ്രഹം രാമഗിര്യാശ്രമത്തിൽ നിലകൊള്ളുന്നു. ആകാശത്തേക്ക് ഉന്തി നിൽക്കുന്ന മുനമ്പിൽ , രാമഗിരിയുടെ പർവ്വത ശിഖരത്തിൽ നീലാകാശമാകുന്ന സമുദ്രത്തിലേക്ക് ചാടുവാൻ തയ്യാറാകും പോലെ യക്ഷൻ നിലകൊള്ളുന്നു. ആകാശചാരിയായി പ്രിയതമയുടെ സമീപത്തേക്ക് എത്താൻ വെമ്പൽ കൊള്ളുന്ന അയാൾക്ക് ഭൂമിവിട്ട് സ്വൈരസഞ്ചാരം ചെയ്യാൻ കഴിയുന്നില്ല. വർഷകാലമേഘത്തെയും താഴ്‌വരയിൽ കൊമ്പുകുത്തി കളിക്കുന്ന കൊമ്പനാനയെ പോലെ ആകർഷകമായ മഴമേഘത്തെയും യക്ഷൻ കാണുന്നു. മേഘങ്ങൾക്കിടയിൽ വെള്ളിൽപ്പറവകൾ തുള്ളിക്കളിക്കുന്നതു പോലെ കവിയുടെ ഭാവന (കാളിദാസഭാവന) വിഹരിച്ചു.
വരികൾ (33 മുതൽ 52 വരെ)
“അതിൽ ബിംബിപ്പൂ ………………
……………………….. ലൊതുക്കീടുന്ന സുന്ദരി”
അർത്ഥ വിശദീകരണം.
ആര്യാവർത്തം = ആര്യന്മാരുടെ അധിവേശ പ്രദേശമായ ഉത്തര ഭാരതഖണ്ഡം
കമാനം = വളഞ്ഞുള്ള വാതിൽ
അളകാപുരി = യക്ഷന്മാരുടെ വാസസ്ഥലം
ആശയവിശദീകരണം
വലിയ ജനവാസമില്ലാത്ത, രാമഗിരി മുതൽ അളകാപുരി വരെയുള്ള പ്രദേശം കവിഭാവനയിൽ പ്രതിബിംബിക്കുന്നു. മേഘസന്ദേശത്തിലെ മേഘം കടന്നുപോകുന്ന ആര്യാവർത്തത്തിന്റെ രമണീയത കാവ്യത്തിൽ വർണിക്കുന്നു. യക്ഷന്മാരുടെ വാസസ്ഥലമായ അളകാപുരിയിലെ ശോകമൂകമായ ഒരു ഗൃഹത്തിലിരിക്കുന്ന മേഘസന്ദേശത്തിലെ നായികയുടെ ഒരു ഭാവചിത്രമാണ് കവി ഇവിടെ വരച്ചുകാട്ടുന്നത്. അവിടെ മഴവില്ലിന്റെ കാന്തികലർന്ന കമാനത്തിന്റെ പിൻവശത്തെ മുറ്റത്ത് നിറയെ പൂത്തും വാടിയും നിൽക്കുന്ന ഒരു മന്ദാരം. ആ ഭവനത്തിനകത്തിരുന്നു ഒറ്റയ്ക്ക് കേഴുകയാണാ സുന്ദരി. അവൾ കണ്ണീരു വീണു നനഞ്ഞ വീണക്കമ്പികൾ മീട്ടാനാരംഭിക്കുകയാണ്. വിരഹദുഃഖംകൊണ്ട് കണ്ണു നിറയുന്നു. ദുഃഖംകാരണം പ്രിയതമനെക്കുറിച്ചു താനുണ്ടാക്കിയ ഗാനം പോലും അവൾ മറന്നു പോകുന്നു. നിനക്ക് എന്റെ പ്രിയതമനെ ഓർമ്മയുണ്ടോയെന്ന് തത്തമ്മയോട് അവൾ ചോദിക്കുന്നു. ഈ ഭാഗത്ത് മേഘസന്ദേശ കല്പനകളെയാണ് കവി പിൻതുടരുന്നത്.
വരികൾ (53 മുതൽ 80 വരെ)
” കാലമാമഴമേഘത്തെ …………………
…………………….. നിൻ തിരുമുമ്പിൽ ഞാൻ”
അർത്ഥ വിശദീകരണം.
അളിവർണ്ണൻ = വണ്ടിന്റെ നിറമുള്ളവൻ (ശ്രീകൃഷ്ണൻ )
ഓടപ്പുല്ല് = ഓടക്കുഴൽ
കൗത്സ്യ കണ്ഠം = കൗത്സ്യ മുനിയുടെ കണ്ഠം (തൊണ്ട, കഴുത്ത് )
രുദ്രൻ = ശിവൻ
ഉദ്വിഗ്ന = വിരഹദുഃഖം
ആശയ വിശദീകരണം.
ആ മഴമേഘത്തെ കണ്ടപ്പോൾ ഓടക്കുഴലൂതി ലോകത്തെ ഭരിച്ച കാർവർണ്ണനെ( ശ്രീകൃഷ്ണനെ) കവി ഓർക്കുന്നു. കാളിദാസനെ മഴമേഘത്തോട് സാദൃശ്യപ്പെടുത്തിയിരിക്കുകയാണ്. മഹാശയനാണ് മേഘം. അതിൽ ഉൾകൊള്ളാത്തതൊന്നും തന്നെയില്ല. നീ പ്രകാശിപ്പിച്ച മഹത്തായ ദർശനങ്ങൾ എന്നെ വിസ്മയിപ്പിക്കുന്നു എന്നു കവി പറയുന്നതിലൂടെ എല്ലാം ഉൾക്കൊളളുന്ന കാളിദാസന്റെ ഭാവനാവിലാസത്തെയാണ് കവി സൂചിപ്പിക്കുന്നത്. മണ്ണുതിന്നതിന് കണ്ണനെ യശോദ ശാസിച്ചപ്പോൾ കണ്ണൻ തന്റെ വായിൽ വിശ്വരൂപം കാട്ടിക്കൊടുത്തു. അതുകണ്ട് വിസ്മയം പൂണ്ട യശോദയെപ്പോലെ കവി കാളിദാസന്റെ കവിത്വഭംഗിയിൽ വിസ്മയിച്ച് സ്തബ്ധനായി നിൽക്കുന്നു. എല്ലാറ്റിനേയും ഭക്ഷിക്കുന്ന എന്റെ നാവും കവിയുടെ നാവും തരിച്ചു പോയി. കവിയുടെ കവിത്വശക്തി കാളിദാസ കാവ്യശക്തിയിൽ മരവിച്ചു പോയി. അത് നിൻ നേർക്കു നീളും മുമ്പ്, കാളിദാസനെ സ്തുതിക്കാൻ ശ്രമിക്കവേ ആനന്ദക്കണ്ണീർകൊണ്ട് നാവ് തരിച്ചുപോയി. ശകുന്തളയെ പിരിഞ്ഞ വേളയിൽ കാട്ടുമുല്ലയുടെ സങ്കടം വളരെ വലുതായിരുന്നു (അഭിജ്ഞാനശാകുന്തളം). മാളവികാഗ്നിമിത്രത്തിലെ നായികയായ മാളവിക ,സർവ്വാഭരണവിഭൂഷിതയായ അവളുടെ പാദസ്പർശം കൊണ്ട് രാജോദ്യാനത്തിലെ അശോകവൃക്ഷം പുഷ്പിക്കുകയുണ്ടായി (മാളവികാഗ്നിമിത്രം). ദിലീപപുത്രനായ രഘുവിന്റെ ദാനവീര്യം പുകഴ്ത്താൻ വാക്കുകളില്ലാതെ കൗത്സ്യമുനിയുടെ കണ്ഠമിടറി(രഘുവംശം). സമാധിസ്ഥനായ ശിവന്റെ മനസ്സ് പാർവ്വതിയുടെ കടാക്ഷം(നോട്ടം)കൊണ്ട് ശിഥിലമായി (കുമാരസംഭവം). പുരൂരവസ്സിനെ വലംവയ്ക്കുന്ന ഉർവശി എന്ന അപ്സരസ്സ് ഇവയെല്ലാം മേഘത്തിൽ ഘനീഭവിച്ചു കാണുന്നു. അത് മേഘത്തിൽ പ്രതിഫലിക്കുന്നു. ഈ വിരഹദു:ഖങ്ങളെല്ലാം ഘനീഭവിച്ച മനുഷ്യരൂപമാണ് ഇവിടെ കവി നിത്യമേഘമായി അവതരിപ്പിച്ചിരിക്കുന്നത്. കാളിദാസനെയാണ് നിത്യമേഘമെന്ന ബിംബത്തിലൂടെ കവി വരച്ചുകാട്ടുന്നത്. കാളിദാസന്റെ കവിത്വത്തിനു മുൻപിൽ കവിയുടെ ഗർവ് (അഹങ്കാരം ) നിലത്തോളം കുനിഞ്ഞുപോകുന്നു.
വരികൾ (81 മുതൽ 92 വരെ)
നിത്യസൗഭാഗ്യ……………………
………………………… നൂലായിരുന്നു ഞാൻ”
അർത്ഥ വിശദീകരണം
കാലപുരുഷൻ = കാലമാകുന്ന പുരുഷൻ (കാളിദാസൻ)
കടാക്ഷം = നോട്ടം
സസ്മിതം = സ്മിതത്തോടു കൂടി (ചിരിച്ചു കൊണ്ട് )
ആശയ വിശദീകരണം
നിത്യസൗഭാഗ്യ പീഠത്തിലിരിക്കുന്ന കാലപുരുഷന്റെ (കാളിദാസൻ ) മുന്നിൽ കാലം കുമ്പിട്ടു നിൽക്കുന്നു. കവി കാലപുരുഷന്റെ കാൽ തൊട്ടു വന്ദിക്കവേ അദ്ദേഹം കാലത്തെ കടാക്ഷത്താൽ , തന്റെ നോട്ടം കൊണ്ട് തലോടുന്നു. അവന്റെ തഴമ്പുറ്റ വലംകൈയ്യിൽ കാലപുരുഷൻ സസ്മിതം തലോടി. വജ്രംകൊണ്ട് തുളച്ച രത്നങ്ങൾക്കുള്ളിലൂടെ താൻ കടന്നുപോകുന്നു എന്നും താനൊരു നൂലായിരുന്നൂവെന്നും കവിക്ക് അപ്പോൾ തോന്നി. ഇവിടെ കാലപുരുഷൻ കാളിദാസന്റെയും കാലം കവിയുടെയും പ്രതിരൂപമാണ്. കാളിദാസകവിതയുടെ മഹിമാതിശയം കണ്ടാരാധിക്കുന്ന കവി തന്റെ രചനയിൽ അദ്ദേഹത്തിന്റെ കാവ്യ സംസ്കാരം പകർത്തുന്നു.
Review
കാളിദാസന്റെ മേഘസന്ദേശത്തെ അനുസ്മരിച്ചു കൊണ്ട് അക്കിത്തം അച്യുതൻ നമ്പൂതിരി രചിച്ച കവിതയാണ്’ ‘നിത്യമേഘം’ . ഇതിൽ കാളിദാസനെ നിത്യമേഘമായും കാലപുരുഷനായും സങ്കല്പിക്കുന്നു. വിരഹദു:ഖമാകുന്ന അഗ്നിയും പുകപടലങ്ങളും നിശ്വാസവായുവും അശ്രുബിന്ദുക്കളും കൊണ്ടാണ് കാളിദാസൻ മഴമേഘത്തെ സൃഷ്ടിച്ചത്. ആ മേഘസന്ദേശത്തിലൂടെയുള്ള പര്യടനമാണ് ഈ കവിത. യക്ഷന്റെ മുന്നിൽ നീലമേഘങ്ങൾ കൊമ്പനാനയെ പോലെ വിഹരിക്കുന്നു. രാമഗിരി മുതൽ അളകാപുരി വരെയുള്ള ആര്യവർത്ത പ്രകൃതി കാളിദാസഭാവനയിൽ പ്രതിബിംബിക്കുന്നു. അളകാപുരിയിൽ മൂകമായ ഒരു ഭവനത്തിൽ യക്ഷന്റെ സുന്ദരിയായ പ്രിയതമ ഏകയായി കേഴുന്നു. കണ്ണീർ വീണ് വീണാതന്ത്രികൾ മീട്ടാൻ തുടങ്ങവേ പ്രിയതമനു വേണ്ടി ഉണ്ടാക്കിയ പാട്ടു പോലും അവൾ മറന്നു പോകുന്നു. കാർമേഘത്തെ കണ്ടപ്പോൾ ഓടക്കുഴലൂതി ലോകത്തെ ഭരിച്ച കാർവർണ്ണനെ കവി ഓർക്കുന്നു. ശകുന്തളയുടെ വേർപാട് താങ്ങാൻ കാട്ടുമുല്ലയും മാളവികയുടെ പാദസ്പർശത്തിന് കാത്തുനിൽക്കുന്ന അശോകവും രഘുവിന്റെ ദാനവീര്യം കണ്ട് കണ്ഠമിടറിയ കൗത്സ്യനും പാർവ്വതിയുടെ കടാക്ഷം കൊണ്ടു മനസ്സിടറിയ ശിവനും പുരൂരവസ്സിനെ ചുറ്റിയ ഉർവ്വശിയുടെ നാന്ദിയും തുടങ്ങി നിത്യമേഘത്തിന്റെ മാറിൽ പ്രതിഫലിക്കാത്തതൊന്നും തന്നെയില്ല. മർത്യദുഃഖം ഘനീഭവിച്ചുണ്ടായ മേഘം വിശ്വപ്രകൃതിയുടെ തന്നെ പ്രതിബിംബമാണെന്നു കവി സങ്കല്പിക്കുന്നു. ആ മേഘസന്ദേശമെഴുതിയ കാളിദാസന്റെ മഹാപ്രതിഭയ്ക്കു മുന്നിൽ താൻ നൂലോളം ചെറുതായി പോയിയെന്നു കവി കരുതുന്നു. ആ നിത്യമേഘത്തിന്റെ മുൻപിൽ സർവ്വ അഹങ്കാരവും വെടിഞ്ഞു താൻ ശിരസ്സുനമിക്കുകയാണെന്നു കവി പറയുന്നിടത്തു കവിത അവസാനിക്കുന്നു.
Recap
|
Objective Questions
ള്ളവർക്കായ് ഞാൻ പൊഴിക്കവെ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം ” ഈ വരികൾ ഉൾക്കൊളളുന്ന അക്കിത്തത്തിന്റെ കാവ്യമേത് ? |
Answers
|
Assignment topic
|
References
|