യൂണിറ്റ് – 1
വീണപൂവ്
കുമാരനാശാൻ
Learning Outcomes
|
Prerequisites
“സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകം” – പ്രസ്തുത വരികൾ ആരുടേതാണെന്നറിയാമോ? മലയാള കവിതയിൽ നവഭാവുകത്വത്തിന് തുടക്കമിട്ട ഒരു കവിയാണ് ഇതെഴുതിയത്. മറ്റൊരു വരികൂടി പറയാം. “സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹസത്യമേകമാം”. – ലോകത്തിന്റസാരം തന്നെ സ്നേഹമാണെന്നു പ്രഖ്യാപിച്ച കവി കുമാരനാശാന്റേതാണ് ഈ വരികൾ. സ്വാതന്ത്ര്യത്തെക്കുറിച്ചും ചരാചര പ്രണയത്തെക്കുറിച്ചുമെല്ലാം നിരന്തരം പാടിയ കുമാരനാശാനെ തത്ത്വചിന്തകനായ കവിയെന്നാണ് അറിയപ്പെടുന്നത്. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ”- എന്ന് ഉദ്ഘോഷിച്ച് ആശാനെ “വിപ്ലവത്തിന്റെ ശുക്രനക്ഷത്ര”മെന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചു. വിശ്വമാനവികതയിലൂന്നിയ സ്നേഹമാണ് ആശാന്റെ വിപ്ലവം. മനുഷ്യബന്ധങ്ങളിലെ സ്നേഹത്തിന്റെ വിവിധ അർത്ഥതലങ്ങൾ സ്വന്തം കവിതകളിലൂടെ അദ്ദേഹം അവതരിപ്പിച്ചു. പ്രധാനകൃതികൾ-വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത, കരുണ, ഗ്രാമവൃക്ഷത്തിലെ കുയിൽ. വീണപൂവ് മലയാളത്തിലെ ആദ്യത്തെ ഭാവാത്മക കാവ്യവും ആശാന്റെ ആദ്യ ഖണ്ഡകാവ്യവുമാണ്. 1907 – ൽ മിതവാദിയിലാണ് ഒരു പ്രതീകാത്മക കവിതയായ വീണപൂവ് പ്രസിദ്ധീകരിച്ചത്. പൂവിനെ പ്രതിരൂപമായി സങ്കല്പിച്ച് മനുഷ്യജീവിതത്തിന്റെ ആധ്യാത്മികവും ഭൗതികവും ലൗകികവുമായ തലങ്ങളെ കവിതയിൽ ചിത്രീകരിക്കുന്നു. ജീവിതത്തിന്റെ നശ്വരത, ശൂന്യത , സ്വപ്നാത്മകത ഇവയൊക്കെയാണീകവിതയിലൂടെ വരച്ചുകാട്ടുന്നത്. ഐഹിക ജീവിതം ഒരു കിനാവുപോലെ ക്ഷണികമാണെന്നു വീണപൂവിലൂടെ കുമാരനാശാൻ സമർത്ഥിക്കുന്നു. വൃത്തം – വസന്തതിലകം ലക്ഷണം : ചൊല്ലാം വസന്തതിലകം തഭജം ജഗംഗം |
Key words
*കാല്പനികപ്രസ്ഥാനം-പ്രതീകാത്മകത-വിലാപകാവ്യപ്രസ്ഥാനം -ഭാവാന്മകകാവ്യപ്രസ്ഥാനം.
2.1.1. Content
വരിയും വ്യാഖ്യാനവും
ശ്ലോകം 1
“ഹാ പുഷ്പമേ ………… കിടപ്പിതോർത്താൽ”
അർത്ഥവിശദീകരണം
അധിക തുംഗപദം = ഏറ്റവും ഉയർന്ന സ്ഥാനം
തുംഗം = ഉയർന്ന
അസ്ഥിരം = നിലനിൽക്കാത്തത്.
ശ്രീ = ഐശ്വര്യം (ശോഭ, ഭാഗ്യം)
അസംശയം = തീർച്ചയായും (സംശയമില്ല )
ഭൂതി = ഐശ്വര്യം
ആശയവിശദീകരണം
അല്ലയോ പൂവേ! ഉന്നതമായ സ്ഥാനത്ത് ഒരു രാജ്ഞിയെപ്പോലെ തലയുയർത്തി ശോഭിച്ച് നിന്ന നീ നിമിഷങ്ങൾക്കകം ഭൂമിയിൽ പതിച്ചു. ഐശ്വര്യം ഭൂമിയിൽ സ്ഥിരമല്ല എന്ന സത്യത്തെ ഓർമിപ്പിക്കുന്നതാണ് നിന്റെ പതനം. ജനനംമുതൽ മരണം വരെയുള്ള ജീവിതത്തിലെ അതീവ സൂക്ഷ്മമായ ജീവിത ഘട്ടങ്ങളെ കവി അവതരിപ്പിക്കുന്നു. ജീവിതത്തിലെ ഈ ഉത്കർഷാപകർഷങ്ങൾ പൂവിന് മാത്രമല്ല എല്ലാ സൃഷ്ടികൾക്കുമുണ്ടെന്ന് കവി ഓർമ്മിപ്പിക്കുന്നു. പൂവിന്റെ ഐശ്വര്യവും സ്ഥാനമാനവും ഇത്ര പെട്ടെന്ന് മാഞ്ഞുപോയല്ലോ എന്ന വിശേഷണത്തെ സമർത്ഥിക്കുവാൻ വേണ്ടി ശ്രീഭൂവിലസ്ഥിരയസംശയം’ എന്ന സാമാന്യം പറഞ്ഞിരിക്കുന്നതിനാൽ അലങ്കാരം അർത്ഥാന്തരന്യാസം.
ലക്ഷണം:
“സാമാന്യം താൻ വിശേഷം താൻ
ഇവയിൽ പ്രസ്തുതത്തിന്
അർത്ഥാന്തരന്യാസമാകുമന്യം
കൊണ്ടു സമർത്ഥനം “
മനോഹരമായ ഒരുപൂവിലൂടെ മനുഷ്യാവസ്ഥയുടെ ഉദയം മുതൽ അസ്തമയം വരെയുള്ള വിവിധ ജീവിത ഘട്ടങ്ങളെ കവി അവതരിപ്പിക്കുന്നു. ക്ഷണികമാണ് മനുഷ്യജീവിതം, ഭൂമിയിൽ സ്ഥായിയായി ഒന്നിനും നിലനിൽപ്പില്ല എന്നീ ആശയങ്ങൾ വീണുകിടക്കുന്ന പൂവിലൂടെ പ്രതിരൂപാത്മകമായി കവി പറയുന്നു.
ശ്ലോകം 2
“ലാളിച്ചു…….ദലമർമ്മരങ്ങൾ”
അർത്ഥവിശദീകരണം
അൻപ് = സ്നേഹം
ലത = വള്ളിച്ചെടി
പല്ലവം = തളിർ
പുടം = മടക്ക്
ആലോലവായു = ചെറുതായി ഇളകുന്ന കാറ്റ്
മലർ = പൂവ്, പുഷ്പം,
ദലമർമ്മരം = ഇലകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം
ദലം = ഇല
മർമ്മരം = ശബ്ദം
ആശയവിശദീകരണം
ശൈശവത്തിൽ നിന്റെ പെറ്റമ്മയായ ലത നിന്നെ സ്നേഹത്തോടെ തളിർപുടങ്ങളിൽ വച്ചു പരിപാലിച്ചു. ആലോലമായ ഇളംകാറ്റ്നിനക്ക്തൊട്ടിലാട്ടി. ദലമർമ്മരശബ്ദം നിനക്ക് താരാട്ടായി. ശൈശവാവസ്ഥയിൽ ഒരു കുഞ്ഞിനെയെന്നപോലെ പൂമൊട്ടിനെ ലത പാലിച്ചു. കാറ്റ് പൂവിനെ പാലിച്ചത് തൊട്ടിലാട്ടമായും ദലങ്ങൾ മർമ്മരം പുറപ്പെടുവിച്ചതു താരാട്ടുപാട്ടായും ഉത്‌പ്രേക്ഷാലങ്കാരത്തിലൂടെയും പറയുന്നു
ശ്ലോകം 3
“പാലൊത്തെഴും……നാളിൽ നാളിൽ”
അർത്ഥവിശദീകരണം
പാലൊത്ത = പാൽ പോലെ വെളുത്ത
അലം = യഥേഷ്ടം, തൃപ്തിയാവോളം
ബാലാതപം = ഇളംവെയിൽ
ആതപം = വെയിൽ
വിളയാടുക = കളിക്കുക
ആടൽ = ദുഃഖം
ലീല = കളി
ബാലത്വം = ബാല്യാവസ്ഥ
നാളിൽ നാളിൽ = ദിവസംതോറും
ആശയവിശദീകരണം.
പാൽ പോലെ വെളുത്ത നിലാവിൽ മുങ്ങിക്കുളിച്ചും ഇളംവെയിലിൽവിളയാടിയും ആധി കൂടാതെ നീ നിന്റെ ഇളയ മൊട്ടുകളോടൊപ്പം ചേർന്ന് ബാല്യാവസ്ഥ നാൾക്കുനാൾ കഴിച്ചു. അല്ലലില്ലാത്ത കുട്ടിക്കാലത്തെ വർണ്ണിക്കുന്നു. ബാല്യാവസ്ഥയിൽ കുട്ടികൾ സഹജാതരുമായി ശൈശവം പങ്കിടുന്ന പോലെ പൂവിലും ബാല്യം കൽപ്പിച്ച് വളർച്ചയുടെ ആദ്യഘട്ടങ്ങളെ ചിത്രീകരിച്ചിരിക്കുന്നു. ഇളയ കുഞ്ഞുങ്ങൾക്കൊപ്പം ബാല്യം പങ്കിടുന്ന കുഞ്ഞിനെപ്പോലെ പൂവിന്റെ വാത്സല്യം നിറഞ്ഞ ബാല്യത്തെയാണ് കവിഅവതരിപ്പിക്കുന്നത്.
ശ്ലോകം 4
“ശീലിച്ചു………..പഠിച്ചുരാവിൽ”
അർത്ഥവിശദീകരണം
ശിരസ്സ് = തല
അഥ = അനന്തരം
താരാജാലം = നക്ഷത്രകൂട്ടം
താരം = നക്ഷത്രം,ഉഡു
ജാലം = കൂട്ടം
ഉന്മുഖത = ജിജ്ഞാസ
രാവ് = രാത്രി
ആശയവിശദീകരണം.
പ്രകൃതിയിൽ നിന്നും പഠിച്ച് ഓരോ ശബ്ദത്തിന്റെയും നാദത്തിന്റെയും സംഗീതം നീ പഠിച്ചു. പ്രഭാതത്തിലുണർന്നു പാടുന്ന കിളികളിൽ നിന്നും നീ മൗനമായി ഗാനം പഠിച്ചു. തെളിമയാർന്ന നക്ഷത്രങ്ങളിൽ നിന്നും താൽപര്യപൂർവ്വം ലോകതത്വം പഠിച്ചു. പൂവിന്റെ കൗമാരാവസ്ഥ അവതരിപ്പിക്കുന്നു. വളർച്ചയുടെ ഓരോ പടവിലും പുതിയ അറിവുകൾ കുഞ്ഞ് ഗ്രഹിക്കുന്നു. വിശ്വപ്രകൃതിയുടെ സഞ്ചാരങ്ങളിൽനിന്നും ലോകതത്വങ്ങൾ ഒന്നായി അറിയുന്നു,പഠിക്കുന്നു. ജീവിതാനുഭവങ്ങളിൽ നിന്നുള്ള പുതിയ പാഠങ്ങളെക്കുറിച്ചാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്.
ശ്ലോകം 5
“ഈവണ്ണമൻപൊടു………..സഞ്ചരിച്ചു”
അർത്ഥവിശദീകരണം
ഈവണ്ണം = ഇപ്രകാരം
അൻപ് = സ്നേഹം
അംഗം = ശരീരം
മോഹനം = സുന്ദരം
വദനം = മുഖം
കാന്തി = ശോഭ, ഒളി
ആശയവിശദീകരണം
ഇങ്ങനെ വളർന്നു വന്ന നിന്റെ ശരീരം ആരെയും മോഹിപ്പിക്കുന്ന ഭംഗികൾ ആവിഷ്കരിച്ചു. കവിൾ കാന്തിയോടെ ശോഭിച്ചു. പുഞ്ചിരിയുടെ മനോഹാരിത കവിളുകൾക്ക് നവശോഭ പകർന്നു. പൂവിന്റെ യൗവനത്തെ അവതരിപ്പിക്കുന്നു. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തികവോടെ പൂവ് യൗവ്വനാവസ്ഥയിലേക്ക് എത്തിയിരിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്നു.
ശ്ലോകം 6
“ആരോമലാമഴകു…….കാണണം താൻ “
അർത്ഥവിശദീകരണം
അഴക് = സൗന്ദര്യം
ആഭ = ശോഭ, സൗന്ദര്യം
സാരള്യം = ഭംഗി
പാര് = ഭൂമി
മെയ്യ് = ശരീരം
നവ്യം = പുതിയ
താരുണ്യം = യൗവനം
ആശയ വിദശീകരണം
അഴകും ശുദ്ധിയും ഭംഗിയും സാരള്യവും (സരളത) മൃദുത്വവുമുൾപ്പെട്ട സുകുമാരഗുണങ്ങൾക്ക് ഉപമേയമായി പൂവിനെ സ്വീകരിക്കാറുണ്ട്. ഉദാഹരണമായി പൂ പോലെ അഴക്, പൂ പോലെ മൃദു തുടങ്ങിയവ സൗകുമാര്യത്തോടു സാദൃശ്യപ്പെടുത്താൻ പാരിൽ മറ്റെന്തുപമയാണുള്ളത്. സുകുമാരഗുണങ്ങൾ ഇണങ്ങുന്ന പൂവിന്റെ സൗകുമാര്യത ഉപമിക്കാൻ ഭൂമിയിൽ വേറെയൊന്നും തന്നെയില്ലെന്ന് കവി ആശ്ചര്യപ്പെടുന്നു .
ശ്ലോകം 7
“വൈരാഗ്യമേറിയൊരു………..നിന്നിരിക്കാം”
അർത്ഥവിശദീകരണം
വൈരാഗ്യം = വിരാഗിയുടെ അവസ്ഥ (വെറുപ്പ് )
വൈരി = ശത്രു
മിഴി = കണ്ണ്
ആശയവിശദീകരണം
വൈരാഗി ആയ ഒരു വൈദികനാകട്ടെ അല്ലെങ്കിൽ ശത്രുവിനെ ഭയന്നോടിയൊളിക്കുന്ന ഭീരുവാകട്ടെ, മാദകസൗന്ദര്യ മന്ദഹാസം ചൊരിഞ്ഞുനിൽക്കുന്ന നിന്നെ നോക്കി കണ്ണുള്ള ആരും നിന്നുപോകും. ലൗകിക ജീവിതത്തിന്റെ ക്ഷണികതയിൽ നിന്നും ആധ്യാത്മിക ജീവിതത്തിന്റെ ദാർശനികതയെ പ്രാപിക്കുന്നവരാണ് വൈദികർ. വിരക്തതയെന്നാൽ, വെറുപ്പല്ല കേവലമായ സൗന്ദര്യദർശനങ്ങളെ യോഗി അപലപിക്കുന്നു. ഭൗതിക സുഖങ്ങളെക്കാൾ ആദ്ധ്യാത്മിക ശാന്തി തേടുന്ന വൈദികനും ശത്രുവിനെ ഭയന്നോടുന്ന ഭീരുവിനും മനസ്സിന് ആനന്ദം നൽകുന്നതാണ് നിർമ്മലമായ സൗന്ദര്യദർശനം. പല പല അസ്വാസ്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ് നാമോരോരുത്തരും. എന്നാൽ ഹൃദയ ദ്രവീകരണ ശേഷിയുള്ളതിനെ നാം സ്നേഹിക്കുന്നു. അതിൽ ചേതനമോ അചേതനമോ എന്ന ഭേദമില്ല. മിഴിയുള്ളവർനോക്കി നിൽക്കുമെന്ന പൊതുതത്വം സൗന്ദര്യത്തിനു മേൽ മനുഷ്യനുള്ള ആരാധനാഭാവത്തെ തുറന്നു കാട്ടുന്നു.
ശ്ലോകം 8
“മെല്ലെന്നു.. ………മേവമകത്തു തേനും “
ആശയവിശദീകരണം
അഴകും സൗന്ദര്യവും സമ്മേളിച്ചു നിലകൊള്ളുന്ന നിന്നെ പ്രണയിക്കുന്ന അനുഭവാർത്ഥികളായ പ്രണയിതാക്കൾ നിന്നെ കൊതിച്ചു. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം ബാഹ്യസൗന്ദര്യത്തോടൊപ്പം ഉള്ളിലെ സൗന്ദര്യവും (തേൻ) നിന്നിലുണ്ട്. അങ്ങനെയുള്ളവർ വിരളമാണല്ലോ. കമനീയമായ രൂപത്തോടൊപ്പം ഹൃദയവിശുദ്ധിയും പൂവിലുണ്ടെന്ന് കവിപറയുന്നു. മനുഷ്യന്റെ ബാഹ്യമോടികളെക്കാൾ ആന്തരിക സൗന്ദര്യത്തിൽ കവി അടിയുറച്ച് വിശ്വസിക്കുന്നു.
ശ്ലോകം 9
“ചേതോഹരങ്ങൾ……….സുഭഗത്വവുമാർന്നിരിക്കാം. “
അർത്ഥവിശദീകരണം
ചേതോഹരം = മനോഹരം (മനസ്സിനെ അപഹരിക്കുന്ന)
ചേതസ്സ് = മനസ്സ്
സമജാതികൾ = ഒരേ ഇനത്തിലുള്ള
സുമം = പൂവ്
ജാതാനുരാഗമൊരുവൻ = അനുരാഗത്തോടുകൂടി സമീപിക്കുന്ന ഒരുവൻ
വിശേഷസുഭഗത്വം = പ്രത്യേക ശോഭ
സുഭഗം = സൗഭാഗ്യം.
ആശയവിശദീകരണം
നിന്റെ സമജാതികളായ പൂക്കളെല്ലാം മനോഹരങ്ങൾ തന്നെയാണ്. നിന്നെപ്പോലെയുള്ള അഴക് അവയ്ക്കും ഉണ്ടാകാം. എങ്കിലും ഏതോ ഒരുവനിൽ അനുരാഗം ജനിപ്പിക്കത്തക്ക വിധത്തിലുള്ള സവിശേഷ ലാവണ്യം നിന്നിലുണ്ടായിരിക്കാം.
ശ്ലോകം 10
“കാലംകുറഞ്ഞദിനമെങ്കിലു……… നു കമ്പനീയം “
അർത്ഥവിശദീകരണം
അർത്ഥദീർഘം = സംഭവബഹുലം
മാല് = ദുഃഖം
മനോഭിരാമം = മനോഹരം
ആശയവിശദീകരണം
കാലം കുറവാണെങ്കിലും അർത്ഥംകൊണ്ട് ദീർഘവും ദുഃഖമേറിയതെങ്കിലും അതീവ സുന്ദരവുമായ നിന്റെ യൗവനം കഴിഞ്ഞു പോയിരിക്കുന്നുന്നെന്ന് മനോഹരമേനി പറയുന്നു. അസാധാരണമായ സൗന്ദര്യ വർണ്ണനകൾക്കൊപ്പംതന്നെ നശ്വരമായ ശരീരത്തിന്റെ ദൈന്യം കൂടി കവി പറയുന്നു. ആത്യന്തികമായ തത്വങ്ങൾ ഉരുത്തിരിയുന്ന മനുഷ്യജീവിതത്തിന്റെ ദുരന്തഗർത്തങ്ങളെയാണ് കവി അവതരിപ്പിക്കുന്നത്. വളരെ കുറഞ്ഞ കാലം മാത്രമാണ് പൂവിന്റെ ആയുസ്സ്. എന്നാൽ ആസമയത്തിനുള്ളിൽ മറ്റുള്ളവർക്ക് സന്തോഷം നൽകാൻ പൂവിന് കഴിഞ്ഞു. ‘ദേഹാഭിമാനം നന്നല്ല’ എന്ന എഴുത്തച്ഛൻ വചനം ഇവിടെ സ്മരണീയമാണ്.
ശ്ലോകം 11
“അന്നൊപ്പമാണഴകു…..ഭൃംഗരാജൻ “
അർത്ഥവിശദീകരണം
അഴക് = ശോഭ
ഒപ്പമാണഴകു = അഴകുകൊണ്ട്സമാനമായ
വരിച്ചിടുക = വിവാഹംകഴിക്കുക
ഭൃംഗരാജൻ = ശ്രേഷ്ഠനായ വണ്ട്.
ആശയവിശദീകരണം
പൂവിനോളം സൗന്ദര്യം ചിത്രശലഭങ്ങൾക്ക് ഉള്ളതുകൊണ്ട് അഴകൊപ്പമായ ശലഭത്തെ പൂവ് വരിക്കുമെന്ന് കരുതി. ബാഹ്യമോടിയിൽ ആകൃഷ്ടനായി ചിത്രശലഭത്തെ പൂവ് വരിക്കുമെന്ന് കരുതിയിരിക്കാം. ശേഷ്ഠനായ ഒരു വണ്ട് വിരുതനായിവന്ന് തന്റെ അനുരാഗം പൂവിനോട് നേരിട്ട് പറഞ്ഞിട്ടുമുണ്ടാകണം. പുറത്ത് സൗന്ദര്യവും അകത്ത് തേനുമുള്ള പൂവിന് ആന്തരിക ഗുണങ്ങളുടെ നേർക്ക് ആദരവ് ഉണ്ടാവുക സ്വാഭാവികമാണല്ലോ
ശ്ലോകം 12
” കില്ലില്ലയോ ………..വിളിക്കുകയില്ലിദാനീം “
അർത്ഥവിശദീകരണം
കില്ലില്ല = സംശയമില്ല
അയോ = എടോ
ശലഭമേനി = ശലഭങ്ങളുടെ ശരീരഭംഗി
മാനിയാതെ = നോക്കാതെ
ഭ്രമരവര്യൻ = വണ്ട്
ഇദാനീം = ഇപ്രകാരം
ആശയവിശദീകരണം
ചിത്രശലഭത്തിന്റെ സൗന്ദര്യത്തെ മാനിക്കാതെ ഒട്ടും സംശയമില്ലാതെ തന്നെപൂവ് ഭൃംഗശ്രേഷ്ഠനെ വരിച്ചു. ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടനാകാത്ത പൂവിന് ആന്തരികഗുണങ്ങളുടെ നേർക്ക് ആദരവ്തോന്നിയാൽ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ? പൂവ് ബാഹ്യസൗന്ദര്യത്തിൽ ഭ്രമിക്കാതെ കറുത്ത വണ്ടിനെയാണ് സ്വീകരിച്ചത്. പ്രേമസായൂജ്യവും മരണാനന്തര സ്ഥിതിയും ഒരേ വരികളിൽ ഭാവാത്മകമായി കവി പറഞ്ഞിരിക്കുന്നു.
ശ്ലോകം 13
“എന്നംഗമേകനിഹ,…….പുലമ്പിടുന്നു “
അർത്ഥവിശദീകരണം
തീറ് = പൂർണമായഅവകാശം
മടക്കുക = പിന്തിരിപ്പിക്കുക
വിരവിൽ = പെട്ടെന്ന്
പുലമ്പുക = പറയുക
അർത്ഥവിശദീകരണം
“എന്റെ ശരീരം ഞാൻ ഒരാൾക്ക് തീറുകൊടുത്തുപോയി എന്നു പറഞ്ഞ് അന്യകാമുകരെയെല്ലാം ഞാൻ മടക്കി അയച്ചില്ലേ? എന്നിട്ട് ഞാൻ നിന്നെവരിച്ചില്ലേ? പിന്നെ നീ എന്നെ വെടിഞ്ഞു പോകരുത്!” എന്ന പൂവിന്റെ വാക്കുകൾ പറഞ്ഞു വണ്ട് വിലപിച്ചിടുന്നു. യഥാർത്ഥ സ്നേഹത്തിൽ വിശ്വസിച്ചിരുന്ന പൂവ് വണ്ടിനെ സ്വീകരിച്ചു. പൂവിനോടുള്ള വണ്ടിന്റെ സ്നേഹത്തിലും കളങ്കമില്ല. അതുകൊണ്ടാണ് നിലംപതിച്ചു കിടക്കുന്ന പൂവിനെ നോക്കി പൂവിന്റെ വാക്കുകൾ പുലമ്പിക്കൊണ്ട് വണ്ട് തലതല്ലി കരഞ്ഞത്. അചേതനങ്ങൾ തമ്മിലുള്ള പരസ്പര പ്രണയത്തിലും സ്നേഹത്തിന്റെ വിവിധ അർത്ഥതലങ്ങൾ കണ്ടെത്തുകയാണ് കവി.
ശ്ലോകം 14
“ഹാ! കഷ്ടമാ………
നിഷ്ഫലംതാൻ!”
അർത്ഥവിശദീകരണം
വിബുധകാമിതങ്ങൾ = ദേവന്മാർക്ക്/വിദ്വാന്മാർക്ക്ഇഷ്ടമായത്
വിബുധൻ = ദേവൻ(വിശേഷജ്ഞാനി)
കാമിതം = ആഗ്രഹം, താത്പര്യം,ആശ(എന്നൊക്കെ അർത്ഥം)
ശോകാർത്തൻ = ദുഃഖിതൻ
ധന്യൻ = കൃതാർത്ഥൻ
നിഷ്ഫലം = ഫലമില്ലാത്ത അവസ്ഥ
ആശയവിശദീകരണം
ബാഹ്യസൗന്ദര്യത്താൽ ആകർഷിക്കപ്പെട്ടവനല്ല വണ്ട്. ദേവന്മാർക്ക് പോലും പ്രിയങ്കരമായ ഗുണത്താൽ ആകൃഷ്ടനായവനാണ്. ബാഹ്യമായ കാന്തിയെക്കാൾ ആന്തരിക സൗന്ദര്യത്തിലെ മൂല്യം അറിയുന്നവൻ ദേവസമനാണല്ലോ. പൂവിന്റെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെ അനുഭവിച്ച് വണ്ട് പൂവിനോടൊപ്പംതന്നെ മരിച്ചു പോകുന്നതാണ് നല്ലത്. അല്ലാതെ പൂവിനെ ഓർത്തുള്ള വിരഹവ്യഥയിൽ നീറുന്നത് നിഷ്ഫലമാണ്. പൂവിന്റെ പതനത്തോടെ വണ്ടിന്റെ പ്രണയം, സ്നേഹം നഷ്ടപ്പെട്ടു കഴിഞ്ഞു. സ്നേഹം നഷ്ടപ്പെട്ട ജീവിതം വ്യർത്ഥമാണ്. വ്യർത്ഥമായ ദുഃഖാനുഭവത്തെക്കാൾ കഷ്ടമായ അവസ്ഥ ജീവിതത്തിൽ എന്താണുള്ളതെന്ന് കവി ചോദിക്കുന്നു.
ശ്ലോകം 15
“ചത്തീടുമിപ്പൊഴി………. ഖിന്നൻ “
അർത്ഥവിശദീകരണം
വികല്പമില്ല = സംശയമില്ല
കുണ്ഠിതം = ദുഃഖം കാരണമുള്ള മനം മടുപ്പ്
തരു = വൃക്ഷം
പ്രത്യക്ഷം = സ്പഷ്ടം
ഖിന്നൻ = ദുഃഖിതൻ
ആശയവിശദീകരണം
ഈ വണ്ട് ഇപ്പോൾ തന്നെ മരിച്ചു പോകാം. ഒട്ടും സംശയമില്ല. അത്തരത്തിൽ വ്യസനത്താലുള്ള പാരവശ്യം ഇവനിലുണ്ട്. ഉന്നതമായ വൃക്ഷങ്ങളിലും കഠിനമായ കല്ലിലും സ്വയം തലതല്ലി കൊണ്ടിരിക്കുകയാണ് ഇവൻ. ചരാചരങ്ങളിലെ പരസ്പരപ്രണയ സങ്കൽപങ്ങളെ പൂവിലൂടെയും വണ്ടിലൂടെയും കവി ചിത്രീകരിച്ചിരിക്കുന്നു.
ശ്ലോകം 16
“ഒന്നോർക്കലി ……………..
…………………………………………..
……………..ഭവിതവ്യതേ! നീ “
അർത്ഥവിശദീകരണം
ദൃഢാനുരാഗം = ഉറച്ച പ്രണയം
ഉപമയം = വിവാഹം
അപായം = ആപത്ത്
അഥ = അനന്തരം
അളി = വണ്ട്
ക്രന്ദിക്കുക = കരയുക
ഭവിതവ്യഥ = ഭാഗ്യഹീനൻ
ആശയവിശദീകരണം
പരസ്പരമുള്ള ദൃഢമായ അനുരാഗം വളർന്ന് വിവാഹബന്ധത്തിൽ കലാശിക്കേണ്ടിയിരിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു അപായം സംഭവിക്കുന്നത്. കഠിനമായ വിധിയെ ഓർത്ത് ഭാഗ്യം കെട്ടവനായ വണ്ട് കരയുന്നു. അനുരാഗനദിയുടെ സാഫല്യം വിവാഹ ബന്ധത്തിലൂടെയാണല്ലോ? അനുക്ഷണം വളർന്നു വികസിച്ച പ്രണയനദി ആകസ്മികമായി വറ്റിവരണ്ടുപോയതുകണ്ട് വിധിയെ പഴിക്കുന്ന വണ്ടിലൂടെ മനുഷ്യജീവിതവും ഇത്രമേൽ ക്ഷണികമാണെന്ന് വീണ്ടും വീണ്ടും കവി ഓർമ്മിപ്പിക്കുകയാണ്.
ശ്ലോകം 17
“ഇന്നല്ലയെങ്കിലയി…..
……………………………..ഹനിച്ചു പൂവേ!”
അർത്ഥവിശദീകരണം
നന്ദിച്ച = സ്നേഹിച്ച
കുസുമാന്തരലോലൻ = മറ്റ്കുസുമങ്ങളിൽ ആകൃഷ്ടനായി
കുസുമം = പൂവ്
ശഠൻ = ചതിയൻ
ആധി = ദുഃഖം
ഹനിച്ചു = ഇല്ലാതാക്കി.
ആശയവിശദീകരണം
അതല്ലെങ്കിൽ പൂവേ, നീ ഹൃദയം തുറന്നു സ്നേഹിച്ച് വണ്ട് മറ്റു പൂവിനെ മോഹിച്ച് നിന്നെ ചതിച്ചു. അതുമൂലമുണ്ടായ ദുഃഖത്താൽ നീ മരിച്ചതാകാമെന്നും കവി സംശയിക്കുന്നു. പ്രണയികൾക്കിടയിലെ പരസ്പര വിശ്വാസം പരമപ്രധാനമാണല്ലോ. പൂവിന്റെയും വണ്ടിന്റെയും പ്രണയത്തിനിടയ്ക്ക് അവിശ്വാസം കടന്നു വന്നിട്ടുണ്ടാകുമോ? വിശ്വാസവഞ്ചന മരണത്തിനിടയാക്കാം. എല്ലാ പ്രണയബന്ധങ്ങൾക്കിടയിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരസ്പരമുള്ള വിശ്വാസം. അത് നഷ്ടപ്പെട്ടാൽ ചിലപ്പോൾ മരണത്തിന് തന്നെ ഇടവരാമെന്ന് കവി പറയുന്നു.
ശ്ലോകം 18
“ഹാ! പാർക്കിലീ……..
……………………………………….യെങ്ങുമുണ്ടാം “
അർത്ഥ വിശദീകരണം
നിഗമനം = അനുമാനം
അഴൽ പൂണ്ട = ദുഃഖിതനായ
പരമാർത്ഥം = സത്യം
അഴൽ = ദുഃഖം
ആശയവിശദീകരണം
ആ അനുമാനം ശരിയാണെങ്കിൽ ദുഃഖിതനായ വണ്ട്, നിന്റെ ദുഃഖം പാപത്തിന്റെ ഫലമാകുന്നു. പാപകർമ്മത്തിൽ ആപത്തെഴും തൊഴിൽ ഏർപ്പെടുന്നതിനു മുമ്പ് നല്ലവണ്ണം ആലോചിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അസഹ്യമായ പശ്ചാത്താപം അനുഭവിക്കേണ്ടതായി വരും”പാപത്തിന്റെ ശമ്പളം മരണ”മെന്ന ക്രൈസ്തവദർശനം സ്മരണീയം. മരണമോ മരണത്തെക്കാൾ തീവ്രമായ പശ്ചാത്താപമോ പാപത്തിലൂടെ ലഭിക്കുന്നു എന്ന് കവി ഓർമിപ്പിക്കുന്നു.
ശ്ലോകം 19
“പോകട്ടതൊക്കെ………………………
……………………….പഴിക്കുകിൽ ദോഷമല്ലേ?”
അർത്ഥവിശദീകരണം
യുവലോകമോലും = ചെറുപ്പക്കാരുടെ ലോകത്തെ
ഏകാന്തമാം ചരിതം = രഹസ്യകഥകൾ
പാര് = ഭൂമി
വാക്പടു = വാചാലൻ
ആർത്തി = ദുഃഖം
വൃഥാപവാദം = കാരണമില്ലാത്ത ദുഷ്കീർത്തി
പഴിക്കുക = കുറ്റമാരോപിക്കുക.
ആശയവിശദീകരണം
അതൊക്കെ നിക്കട്ടെ, യുവജനത അവലംബിക്കുന്ന ഏകാന്ത മാർഗ്ഗത്തെക്കുറിച്ച് ആർക്കാണ് അറിയാൻ കഴിയുക? അതുകൊണ്ട് ഇപ്രകാരം ചിന്തിച്ച് വണ്ടിൽ ദോഷം ആരോപിക്കുന്നത് ശരിയല്ല. എത്ര വാഗ്മിയായാലും അവന് അപവാദങ്ങളെക്കുറിച്ചുള്ള ദുഃഖം ഉണ്ടാകാം. അപവാദങ്ങളെ അവസാനിപ്പിക്കാനും വാഗ്വിലാസത്തിലൂടെ കഴിയും. മിണ്ടാപ്രാണിയായ വണ്ടിനെക്കുറിച്ച് അപവാദം പറയുന്നത് പാപമല്ലേ ഏറെ വേദനാജനകമായതാണ് അപവാദപ്രചരണം എന്ന് കവി സൂചിപ്പിക്കുന്നു.
ശ്ലോകം 20
“പോകുന്നിതാ വിരവിൽ…….
……………………….പിന്തുടരുന്നതല്ലി?”
അർത്ഥവിശദീകരണം
വിരവിൽ = തിടുക്കത്തിൽ
വെടിഞ്ഞു = ഉപേക്ഷിച്ചു
നഭഃസ്ഥലം = ആകാശം
ശോകാന്ധൻ = ശോകത്താൽ അന്ധനായ, ദുഃഖിതനായ
കുസുമചേതന= പൂവിന്റെ ജീവൻ
ആശയവിശദീകരണം
പൂവിനെ ഉപേക്ഷിച്ച് തിടുക്കപ്പെട്ട വണ്ട് ഇവിടെ നിന്നുമിതാ ആകാശമാർഗത്തിലേക്ക് പോകുന്നു. അങ്ങേയറ്റം ദുഖിതനായി പൂവ് പോയ മാർഗ്ഗത്തിലേക്ക് ഏകനായ് പിന്തുടരുകയാണ് ആ വണ്ട്. ആന്തരിക സൗന്ദര്യത്തിലധിഷ്ഠിതമായ പരസ്പര അനുരാഗത്തിന്റെ തീവ്രത വണ്ടിലൂടെ കവി ചിത്രീകരിക്കുന്നു.
ശ്ലോകം 21
“ഹാ! പാപമോമൽമലരേ,………….
…………………………………. കപോതമെന്നും “
അർത്ഥവിശദീകരണം
ക്ഷേപിക്കുക = പതിപ്പിക്കുക
കൃതാന്തൻ = യമൻ
ഹനനം = വധം
വ്യാപന്നമായത് = കൊല്ലപ്പെട്ടത്
കപോതം = മാടപ്രാവ്.
ആശയവിശദീകരണം
അല്ലയോ ഓമനയായ പൂവേ! വിധിയുടെ ‘കരുണയറ്റകരം’ നിന്റെ മേലും അയച്ചിരിക്കുകയാണല്ലോ (വിധിയെന്നാൽ മരണ സൂചകമായ യമൻ എന്ന അർത്ഥത്തിൽ) ഹനനം (കൊല്ലുക എന്ന തൊഴിൽ തൊഴിലാക്കിയ വനവേടന് കഴുകനെന്നോ മാടപ്പിറാവെന്നോ ഭേദമില്ലല്ലോ? ജാത്യാലുള്ള ഗുണത്തെക്കുറിച്ചാണ് പ്രസ്തുത വരികളിൽ സൂചിപ്പിക്കുന്നത്. കച്ചവടം തൊഴിലാക്കിയ വനവേടന് ലാഭം മാത്രമാണ് ലക്ഷ്യം. സമാധാനത്തിന്റെ വെളുത്ത പ്രാവായാലും മരണ സൂചകമായ കഴുകൻ ആയാലും അവന് ഭേദമില്ല. നന്മതിന്മകളെക്കുറിച്ചുള്ള വേർതിരിവ് വനവേടനില്ല. നായാട്ട് തൊഴിലാക്കിയ അവന്റെ മുന്നിൽ അകപ്പെട്ടത് ഏത് ജീവിയായാലും അവന്റെ ഭക്ഷണം തന്നെയാണല്ലോ? അതുപോലെ വിധിയുടെ കരുണയറ്റ കരം മുഗ്ദയായ പൂവിന്റെമേലും ദാക്ഷിണ്യമില്ലാതെ പെരുമാറിയിരിക്കുന്നു.
ശ്ലോകം 22
“തെറ്റൊന്നു ദേഹസുഷമ ……..
……………………………..വാടിയണഞ്ഞു പോയി “
അർത്ഥവിശദീകരണം
പ്രസരം = വ്യാപിപ്പിക്കുക
ചെറ്റല്ല = കുറച്ചല്ല
ജവം = വേഗത്തിൽ
ദേഹസുഷമ = ദേഹ സൗന്ദര്യം
ആശയവിശദീകരണം
പൂവിന്റെ ശരീരകാന്തി മറഞ്ഞു. ഇരുണ്ട് മുഖകാന്തിയും കുറഞ്ഞു. ഈ നവദീപം സകലർക്കും പ്രകാശം ചൊരിഞ്ഞിരുന്നു. എന്നാൽ ഇന്ന് അതിന്റെ എണ്ണ വറ്റിപ്പുകഞ്ഞ് അത് കെട്ടുപോയിരിക്കുന്നു. ദീപത്തിന്റെ കാന്തി മറയുന്നത് മരണത്തെയാണ് സൂചിപ്പിക്കുന്നത്. അഹഹ എന്ന് വ്യാക്ഷേപക ശബ്ദം അലംഘനീയമായ വിധിയെക്കുറിച്ചുള്ള വിലാപമാണ്.
ശ്ലോകം 23
“ഞെട്ടറ്റു നീ മുകളിൽ…………
………………………………………………..ജീവനെന്നോ “
അർത്ഥവിശദീകരണം
നിശാന്തം = രാത്രിയുടെ അന്ത്യം
നിശ = രാത്രി
താരം = നക്ഷത്രം
ദിവ്യഭോഗം = സ്വർഗ്ഗാനുഭവം
തിട്ടം = നിശ്ചയം, തീർച്ചയായും
ആശു = പെട്ടെന്ന്
ആശയവിശദീകരണം
രാത്രിയുടെ അന്ത്യയാമത്തിൽ കാറ്റടിച്ച് നീ നിലംപതിച്ചു. പ്രഭാതത്തിൽ ഉണർന്നു വന്നവർ നിന്നെ താഴേക്കു പതിച്ച നക്ഷത്രമെന്നോ, ദിവ്യമായ സുഖങ്ങൾ ഉപേക്ഷിച്ചു ഭൂമിയിലേക്കുവന്ന ഒരു ജീവനായോ കരുതിയിരിക്കാം. നക്ഷത്രലോകത്തിലേക്കും സൂക്ഷ്മമായ ജീവനിലേക്കും കാവ്യാന്തരീക്ഷം വളർന്നു. ഭൗതികമായ പരിസ്ഥിതിയിൽ നിന്നും കവിത ആധ്യാത്മികമായ തലത്തിലേക്ക് അനുക്രമം വികസിക്കുന്നു.
ശ്ലോകം 24
“അത്യന്ത കോമളത……..
…………………………..തൃണാങ്കുരങ്ങൾ “
അർത്ഥവിശദീകരണം
അവനി = ഭൂമി
അധീര = ധൈര്യമില്ലാതെ
സദ്യഃ = പെട്ടെന്ന്
സ്ഫുടം = സ്പഷ്ടമായി, വിശദമായി
പുളകിതം = രോമാഞ്ചം
ഉദ്യോഗം = പരിഭ്രമം
തൃണം = പുല്ല്
ഉപകണ്ഠതൃണാംകുരം = സമീപത്തുള്ള പുൽകുരുന്നുകൾ
ആശയവിശദീകരണം
അതീവ സുന്ദരമായ നിന്റെ മൃദുമേനി ഞെട്ടറ്റ് മണ്ണിൽ പതിച്ചിരിക്കുന്നത്കണ്ട് ഭൂമി അധീരയായി. സത്യമായും സ്ഫുടമായും ഭൂമി പുളകിതാംഗിയായി അനുഭവിച്ച പരിഭ്രമം സമീപത്തുള്ള പുല്കുരുന്നുകൾ വിളിച്ചോതുന്നു.
ശ്ലോകം 25
” അന്യൂനമാം ……………
…………………………………യിപ്പൊഴുമെന്നു തോന്നും “
അർത്ഥവിശദീകരണം
അന്യൂനം = ന്യൂനമില്ലാത്ത, കുറവില്ലാത്ത (മുഴുവനായ)
ഗതമൗക്തികശുക്തി = മുത്തുപോയ മുത്തുചിപ്പി പോലെ
മഹിമ = മേന്മ
സന്നാഭം = ശോഭയറ്റ്
ആശയവിശദീകരണം.
ഒട്ടുംകുറവില്ലാത്ത മേന്മയോടെ ജീവചൈതന്യമറ്റ് മുത്തൊഴിഞ്ഞു പോയ ചിപ്പിപോലെ ശോഭയറ്റ് നീ കിടക്കുകയാണെങ്കിലും തേജോവലയം (പ്രഭാപൂരം) നിന്നെ ഇപ്പോഴും ചൂഴ്ന്നു നിൽക്കുകയാണെന്ന് തോന്നും. മേന്മയേറിയ മഹത്തുക്കളുടെ വേർപാട് കാലത്തിനോ വിധിക്കൊ മായ്ക്കാൻ കഴിയാത്തതാണെന്ന് കവി ഓർമിപ്പിക്കുന്നു.
ശ്ലോകം 26
“ആഹാ! രചിച്ചു………………
…………………………………മനോഹരമന്ത്യഹാരം “
അർത്ഥവിശദീകരണം
ചെറുലൂത = ചെറിയ എട്ടുകാലി
ലൂത = എട്ടുകാലി
ആശു = പെട്ടെന്ന്
ചരമാവരണം = ശവത്തിലിടുന്ന മൂടുപടം
ഉഷസ്സ് = പ്രഭാതം
നീഹാരം = മഞ്ഞ്
ദുകൂലം = പട്ട്
ആശയവിശദീകരണം
ചെറിയ എട്ടുകാലികൾ വെള്ളപ്പട്ട് കൊണ്ട് നിന്റെ ശരീരത്തിന് ചരമാവരണപ്പെട്ട് നൽകി. (ചിലന്തിവല പൂവിൽ ബാധിച്ചു. പ്രഭാതം സ്നേഹത്താൽആർദ്രമായി നിനക്കായി മഞ്ഞുതുള്ളികൾ കൊണ്ട് മനോഹരമായ അന്ത്യഹാരം ചാർത്തുകയും ചെയ്തു. സമയത്തിനനുസരിച്ചുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ പോലും പ്രകൃതി പൂവിന് നൽകുന്ന ആദരസൂചകമായാണ് കവി ചിത്രീകരിച്ചിട്ടുള്ളത്. മരണപ്പെട്ട (അവസാനിച്ച) ആളിന്റെ വ്യക്തി വൈശിഷ്ട്യത്തെയാണ് പ്രസ്തുത ബിംബങ്ങളിൽ കവി അവതരിപ്പിക്കുന്നത്.
ശ്ലോകം 27
” താരങ്ങൾ …………….
………………………പുലമ്പിടുന്നു”
അർത്ഥവിശദീകരണം
തപിച്ചു = സങ്കടപ്പെട്ടു
നീഡതരു = കൂടുവച്ചമരം
നീഡം = പക്ഷിക്കൂട്
ചടകം = കുരുവി
തരു = വൃക്ഷം
ആശയവിശദീകരണം
ലോകതത്വം പഠിപ്പിച്ച അതേ നക്ഷത്രങ്ങൾ ഇന്ന് നിന്റെ വീഴ്ചയോർത്ത് ദുഃഖിച്ചു മഞ്ഞുതുള്ളികളാകുന്ന കണ്ണീർ ചൊരിഞ്ഞ് കരഞ്ഞിടുന്നു. വൃക്ഷങ്ങളിൽ നിന്നും പക്ഷിക്കൂടുകളുപേക്ഷിച്ച് കുരുവികൾ നിന്റെ സമീപത്തേക്ക് വന്ന് പുലമ്പിക്കരയുന്നു. നക്ഷത്രങ്ങളും കുരുവികളുമുൾപ്പെട്ട പ്രപഞ്ചിക ഘടകങ്ങളെല്ലാം പൂവിന്റെ വിയോഗത്തിൽ തങ്ങളുടെ ദുഃഖത്തെ അടയാളപ്പെടുത്തുകയാണ്.’ പൂവിനെക്കാൾ വലിയ സങ്കല്പങ്ങളിലേക്ക് പൂവ് വളർന്നിരിക്കുന്നതായി മനസ്സിലാക്കാം.
ശ്ലോകം 28
“ആരോമലാം ഗുണഗണങ്ങ…………
…………………………………..കരഞ്ഞു പോകാ”
അർത്ഥവിശദീകരണം
ദോഷമോരാത്ത = ദുഷ്ട വിചാരങ്ങളില്ലാത്ത
പരാർത്ഥം = പരോപകാരത്തിനായി
വാണ = ജീവിച്ച
ഹൃത്തടമഴിഞ്ഞു = ഹൃദയം തകര്‍ന്ന്‍
ആശയവിശദീകരണം
ആരോമലായ ഗുണഗണങ്ങളിണങ്ങി, ആർക്കും ഒരു ദോഷവും വിചാരിക്കാതെ, മറ്റുള്ളവർക്കുപകാരം മാത്രം ചെയ്തുകൊണ്ട് സ്നേഹത്തോടെ ജീവിച്ച നിന്റെ ചരിത്രമോർത്ത് ആരാണ് ഹൃദയം അലിഞ്ഞു കരഞ്ഞു പോകാത്തതെന്ന് കവി ചോദിക്കുകയാണ്. തന്റെ മനോഹരസാന്നിധ്യം കൊണ്ട് പ്രപഞ്ചത്തിലെല്ലാവർക്കും ആനന്ദം പകർന്നവളാണ് പൂവ്. അങ്ങനെയുള്ള പൂവിന്റെ വേർപാട് മറ്റുള്ളവരിൽ വേദനയുളവാക്കുന്നു. പരപീഡ ചെയ്യാത്ത മനുഷ്യർ എല്ലാക്കാലത്തും മറ്റുള്ളവരിലൂടെ ഓർമ്മിക്കപ്പെടുമെന്ന സൂചന വീണ്ടും കവി നടത്തിയിരിക്കുന്നു.
ശ്ലോകം 29
“കണ്ടീ വിപത്തഹഹ ………….
……………………………നെടുവീർപ്പിടുന്നു “
അർത്ഥവിശദീകരണം
ആടൽ = ദുഃഖം
ആശു = പെട്ടെന്ന്
ദിങ് മുഖം = ദിക്കുകളുടെ മുഖം
തണ്ടാർസഖൻ = സൂര്യൻ ( താമരയുടെ പ്രിയപ്പെട്ടവൻ)
ഗിരിതടം = പർവ്വതശിഖരം
ഇണ്ടൽ = ദുഃഖം
പവനൻ = കാറ്റ്
ആശയവിശദീകരണം
ഈ വിപത്തു കണ്ടിട്ട് ദുഃഖത്താല്‍ കല്ലുപോലും അലിഞ്ഞു പോകുന്നു. ദിക്കുകളുടെ മുഖം ദുഃഖത്താൽ മങ്ങിപ്പോയി. മലയുടെ മുകളിൽ സൂര്യൻ വിളർച്ചയോടെ ആധിപൂണ്ടുനിന്നു. കാറ്റ് നെടുവീർപ്പിടുന്നു എന്ന് കവി പറയുകയാണ്. സര്‍വ്വഗുനങ്ങളുടെയും ഇരിപ്പിടമായ പൂവിന്റെ നിലയില്‍ ദുഃഖിക്കുന്ന പ്രപഞ്ചത്തെയാണ് കവി ഈ വരികളില്‍ കാട്ടിത്തരുന്നത് . വിശ്വപ്രകൃതിയുടെ ചലനങ്ങൾ വരികളിൽ പ്രതിഫലിക്കുന്നു. തണ്ടാർസഖൻ എന്ന് സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. താമര സൂര്യന്റെയും ആമ്പൽ ചന്ദ്രന്റെയും കാമുകരാണെന്ന് കാവ്യകല്പനയാണ് കവി ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.
ശ്ലോകം 30
“എന്തിന്നലിഞ്ഞു ……….
…………………………….നീണ്ടു വാഴാ “
അർത്ഥവിശദീകരണം
ഗുണധോരണി = ഗുണപരമ്പര
അപാകരിച്ചു = നശിപ്പിച്ചു
അരിയ = ശ്രേഷ്ഠമായ
ശ്രേണി = കൂട്ടം
ഗുണി = സദ്ഗുണമുള്ള
വാഴാ = വാഴില്ല
ആശയവിശദീകരണം
ഇത്രയധികം ഗുണങ്ങൾ നിന്നിൽ ഇണക്കിച്ചേർത്തതിനുശേഷം അവയൊക്കെയും എന്തിനാണ് വിധി നശിപ്പിച്ചു കളഞ്ഞത്? എന്ന് കവി ചോദിക്കുകയാണ് . ശേഷം പൂവിന്റെ പതനത്തില്‍ നിന്ന് ജീവിതത്തിന്റെ തത്വശാസ്ത്രം കണ്ടെത്തുകയാണ് ആശാന്‍. ശ്രേഷ്ഠമായ സൃഷ്ടിരഹസ്യങ്ങൾ ആർക്കാണ് അറിയാൻ കഴിയുക. ശ്രേഷ്ഠര്‍ (സദ്‌ഗുണികള്‍) ഭൂമിയില്‍ ഒരുപാടുകാലം നീണ്ടു നിൽക്കില്ല. കവിതാരംഭത്തിൽ എന്നപോലെ പ്രസ്തുത ശ്ലോകത്തിലും കവിയുടെ നേരിട്ടുള്ള വിലാപമാണുള്ളത്. പൂവ് എന്ന പ്രതീകം സകല ഗുണങ്ങളുടെ ഇരിപ്പിടമായിട്ടും അഴക്, ശുദ്ധി, മൃദുത്വം, എന്നീ ഗുണങ്ങൾ തികഞ്ഞിരുന്നിട്ടും അൽപായുസ്സായിത്തീർന്നു. ‘ശ്രീഭൂവിലസ്ഥിര’,’ ഗുണികളൂഴിയിൽ നീണ്ടുവാഴാ എന്നീ പ്രയോഗങ്ങളിലെല്ലാം ജീവിതത്തെക്കുറിച്ചുള്ള അഗാധമായ ജ്ഞാനത്തിന്റെ തത്ത്വചിന്താപ്രധാനമായ ദർശനങ്ങളാണ് മുന്നിട്ടു നിൽക്കുന്നത്. ആശാൻ കവിതയിലെ തത്വചിന്ത വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ജീവിതത്തോടുള്ള കവിയുടെ തത്വചിതാപരമായ വിലയിരുത്തലാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ (30 -33) കാണാന്‍ കഴിയുന്നത്.
ശ്ലോകം 31
“സാധിച്ചു……………………….
………………………….ജീവിതമല്ലികാമ്യം?”
അർത്ഥവിശദീകരണം
നിജജന്മകൃത്യം = നിന്റെ ജന്മോദ്ദേശം
നിജ = നിന്റെ
സാധിഷ്ഠർ = ഉത്തമജനങ്ങൾ
നിശി = രാത്രി
പാന്ഥർ = വഴിയാത്രക്കാർ
രൂക്ഷശില = കൂർത്ത പാറ
മേഘജ്യോതിസ്സ് = മിന്നൽപ്പിണർ
ക്ഷണികം = വളരെ കുറച്ചു സമയം
കാമ്യം = മനോഹരം
ആശയ വിശദീകരണം
ജന്മകൃത്യം വേഗത്തിൽ സാധിച്ചതിനു ശേഷം ഉത്തമജനങ്ങൾ കടന്നു പൊയ്ക്കൊള്ളട്ടെ. രാത്രിയിൽ, വഴിയാത്രക്കാരുടെ പാദങ്ങൾക്ക് ദുർഘടമാകുന്ന കഠിനമായ പാറയെക്കാൾ അവർക്ക് ഇരുട്ടിൽ വെളിച്ചമാകുന്ന മിന്നൽപ്പിണറിന്റെ ക്ഷണികമായ ജീവിതം തന്നെയാണല്ലോ ഉത്തമമായിട്ടുള്ളത് എന്ന് കവി പറയുന്നു. ക്ഷണികമായ ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലും ക്ഷണികമെങ്കിലും ഉത്തമമായ ജീവിതത്തിന്റെ ശ്രേഷ്ഠതയും ഒന്നുപോലെ വ്യക്തമാക്കുന്നു. അതോടൊപ്പം മരണത്തിന്റെ നേർക്കുള്ള കവിയുടെ ആഭിമുഖ്യവും വരികളിൽ വ്യക്തമാകുന്നു.
ശ്ലോകം 32
“എന്നാലുമുണ്ടഴലെനിക്കും ………..
………………………………നമ്മെയെല്ലാം?’’
അർത്ഥവിശദീകരണം
കരുണമായ = ദയനീയമായ
അഴൽ = ദുഃഖം
രചിക്കുക = സൃഷ്ടിക്കുക.
ആശയവിശദീകരണം
നിന്റെ വിയോഗത്തിലും കാരുണ്യജനകമായ നിന്റെ കിടപ്പു കണ്ടും എനിക്ക് ദുഃഖമുണ്ട്. പൂവേ! വാസ്തവത്തിൽ നമ്മൾ സഹോദരരല്ലേ? നമ്മളൊന്നല്ലേ? ഒരേ കൈയ്യല്ലേ നമ്മളിരുവരെയും സൃഷ്ടിച്ചത്? എന്ന് കവി ചോദിക്കുകയാണ്. ഒരേ ദൈവത്തിന്റെ വ്യത്യസ്ത സൃഷ്ടികളാണ് പ്രപഞ്ചത്തിലെ ഓരോ ജീവനും. സാർവ്വലൗകികമായ സാഹോദര്യത്തിന്റെ ഓർമപ്പെടുത്തലാണിവിടെ കവി നടത്തുന്നത്. പൂവിന്റെ വിയോഗത്തില്‍ പ്രപഞ്ചം മുഴുവന്‍ ദുഃഖിക്കുന്നതിനുള്ള കാരണം സാഹോദര്യം കൂടിയാണെന്ന് കവി പറുയുന്നു.
ശ്ലോകം 33
“ഇന്നീവിധം ഗതി …………..
……………………നശിക്കുമോര്‍ത്താല്‍”
അർത്ഥവിശദീകരണം
ഗതി = ഗമനം(മോക്ഷം)
ഉന്നതമായ = ഉയരമുള്ള
ആഴി = സമുദ്രം.
ആശയവിശദീകരണം
ഇന്നു നിന്റെ ഗതി ഇത്തരത്തിലായി, നീ പോവുക, പിന്നെ ഒന്നൊന്നായി നിനക്കൊപ്പം ഞങ്ങളും വരും. ഈ പ്രപഞ്ചത്തിലൊന്നിനും സ്ഥായിയായ നിലനിൽപ്പില്ല. ഉന്നതമായ കുന്നും ആഴിയുമെല്ലാമൊരിക്കൽ നശിക്കും എന്ന് ആശയം. അസ്ഥിരതയാണ് പ്രപഞ്ചത്തിന്റെ തത്വശാസ്ത്രം എന്ന് കവി പറയുന്നു. പിറവി പോലെ തന്നെ നാശവും യാഥാര്‍ത്ഥ്യമാണ്. അതില്‍ ഉയര്‍ച്ച താഴ്ചകളുടെ ഭേദമില്ല. ജൈവവും അജൈവവും എന്ന അന്തരമില്ല.
ശ്ലോകം 34
“അംഭോജബന്ധു……………..
…………………നിന്നുടെ ദായഭാഗം”
അർത്ഥവിശദീകരണം
അംഭോജബന്ധു = സൂര്യൻ
അംഭോജം = താമര
സൗരഭം = സുഗന്ധം
ജൃംഭിച്ച = പൊങ്ങി വന്ന
ദായഭാഗം = സ്വത്ത് വീതിക്കൽ
ആശയവിശദീകരണം
നിന്നിൽ അവശേഷിപ്പിക്കുന്ന കാന്തി സമ്പത്തെടുക്കുന്നതിനായി സൂര്യൻ കിരണങ്ങളാകുന്ന കൈകൾ നീട്ടുന്നു. മിച്ചമുള്ള സൗരഭ്യമിതാ കാറ്റും കവരുന്നു. അങ്ങനെ നിന്നിൽ ബാക്കിയുള്ള സമ്പത്തുകൾ (സ്വത്തുക്കൾ) നിന്റെ ബന്ധുക്കൾ കവർന്നെടുക്കാനായെത്തുന്നു. മരണാനന്തരമുള്ള സ്വത്തു പങ്കിടലിനെയാണ് സൂചിപ്പിക്കുന്നത്. തന്നിലുള്ളതെല്ലാം പ്രപഞ്ചത്തിനു പൂവ് നൽകി. അവശേഷിക്കുന്നതെല്ലാം പ്രിയപ്പെട്ടവർ കവർന്നെടുത്തും കഴിഞ്ഞു. എന്നാൽ മരണാനന്തരം കാറ്റിലൂടെയും സൂര്യനിലൂടെയും പൂവ് തന്റെ നാശത്തെ അതിജീവിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് സാരം. പൂവിനു മാനുഷികഭാവം പകര്‍ന്നു നല്‍കിയിരിക്കുകയാണ് കവി. ഒപ്പം പ്രപഞ്ചത്തിലേക്ക് അലിഞ്ഞു ചേര്‍ന്ന അതിന്റെ നിലയും അടയാളപ്പെടുത്തുന്നു .
ശ്ലോകം 35
“ഉൽപ്പന്നമായതു നശിക്കും …………
………………………………….യിങ്ങനെയാഗമങ്ങൾ”
അർത്ഥവിശദീകരണം
ഉൽപ്പന്നമായത് = ഉണ്ടായതൊക്കെ
അണുക്കൾ = പരമാണുക്കൾ
ഉടൽ = ശരീരം
ദേഹി = ആത്മാവ്
ഉല്പത്തി = സൃഷ്ടി
ജഗത്ത് = ലോകം
കർമ്മഗതി = പുണ്യപാപങ്ങളനുസരിച്ച്
ആശയ വിശദീകരണം
ഈപ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടതെല്ലാം നശിക്കും. എന്നാൽ അവയുടെ സൂക്ഷ്മാംശങ്ങൾ നിലനിൽക്കുകയും ചെയ്യും. ദേഹം ഉപേക്ഷിച്ച് ആത്മാവ് വീണ്ടും സൃഷ്ടിക്കപ്പെടും. ഓരോരുത്തരുടെയും കർമ്മഗതിയനുസരിച്ചുള്ളതാണ് പുനർജന്മം. ഇതാണ് വേദോപനിഷത്തുകൾ കൽപ്പിച്ചിട്ടുള്ള ജനിമൃതി സങ്കല്പം. ഈ വരികളിലൂടെ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് കവി വായനക്കാരനെ കൊണ്ടുപോകുന്നു.
“ജീർണ്ണവസ്ത്രം കളഞ്ഞൻപോടു മാനുഷർ
പൂർണ്ണശോഭം നവ വസ്ത്രം ധരിച്ചിടും” – പഴകിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങൾ ധരിക്കുന്നത് പോലെ ശരീരങ്ങൾ വിട്ട് ആത്മാവ് പുതിയ ശരീരങ്ങൾ സ്വീകരിക്കുന്നു എന്ന എഴുത്തച്ഛന്റെ വരികള്‍ ഇവിടെ ഓര്‍ക്കാം.
ശ്ലോകം 36
“ഖേദിക്കകൊണ്ടു…………..
………………………….ലീശ്വരവൈഭവത്താൽ”
അർത്ഥവിശദീകരണം
ഖേദം = ദുഃഖം
മോദം = ആഹ്ളദം
ചൈതന്യം = ജീവൻ (ആത്മാവ് )
വൈഭവം = വിലാസം
വടിവിൽ = രൂപത്തിൽ
ആശയവിശദീകരണം
ദുഃഖിച്ചിട്ട് കാര്യമില്ല. ചില സന്തോഷങ്ങൾക്കു വേണ്ടിയും ലോകത്തിൽ വിപത്തുകൾ സംഭവിക്കാറുണ്ട്. സകലതും ലോകഗതിക്കായി ഈശ്വരേച്ഛയാൽ സംഭവിക്കുന്നു എന്ന് സാരം. നിത്യതയുടെ വിവരണമാണിവിടെ കവി നടത്തുന്നത്. നശ്വരമായ അവസ്ഥയെപ്പോലും മറികടക്കാൻ ചിലപ്പോൾ നിത്യത (എന്നും നിലനിൽക്കുന്നു എന്ന സങ്കൽപം) യ്ക്ക് കഴിയുന്നു. ശുഭസൂചകമായി ജീവിതത്തെ നോക്കിക്കാണാനുള്ള പ്രേരണ വരികളിൽ വ്യക്തമാണ്.
ശ്ലോകം 37
“ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു ……………
……………………………….വിടർന്നീടാം നീ”
അർത്ഥവിശദീകരണം
പശ്ചിമാബ്ധി = പശ്ചിമസമുദ്രം (പടിഞ്ഞാറേക്കടൽ)
ഉത്പന്ന ശോഭം = പുതിയ ശോഭയോടുകൂടി
ഉദയാദി = ഉദയപർവ്വം
സുമേരു = മഹാമേരുപർവ്വതം
കല്പദ്രുമം = കൽപ്പവൃക്ഷം
ആശയവിശദീകരണം
ഈ പശ്ചിമസമുദ്രത്തിലണഞ്ഞ നക്ഷത്രം നവീന ശോഭയോടുകൂടി ഉദയപർവ്വതത്തിൽ വീണ്ടുമെത്തുന്നപോലെ അല്ലയോ ഉത്തമ പുഷ്പമേ! നീ ഇവിടെ ഈ മണ്ണിൽ മറഞ്ഞു പോയെങ്കിലും ഇനി നീ സ്വർഗ്ഗത്തിലെ മഹാമേരു പർവതത്തിലെ കൽപ്പവൃക്ഷത്തിന്റെ കൊമ്പിലാകാം നിത്യശോഭയാർന്ന് വിലസുക എന്ന് ആശയം. ഉയർന്ന് ജ്യോതിസുകളിൽ ചെന്നു മുട്ടുന്നതാണ് സുമേരു പർവ്വതം. പൂവും അതുപോലെ ഉയർന്ന് സുമേരു പർവ്വതത്തിലെ കല്പവൃക്ഷത്തിന്റെ മുകളിൽ നിത്യതയോടെ ശോഭിക്കുമെന്നതാണ് കവിസങ്കല്പം. കാവ്യഭാവനയുടെ ഉദാത്തതയാണിവിടെ കാണുവാൻ കഴിയുന്നത്.
ശ്ലോകം 38
“സംഫുല്ലശോഭമതുകണ്ടു…………..
……………………………………………സുകൃതം ലഭിക്കാം”
അർത്ഥവിശദീകരണം
സംഫുല്ലം = ഉയർന്ന
കുതൂഹലം = ആഹ്ളാദം
അൻപ് = സ്നേഹം
അളി = വണ്ട്
വേണി = മുടി
ഭൂഷ = അലങ്കാരം
സുരയുവാക്കൾ = യുവാക്കളായ ദേവന്മാർ
രാഗസമ്പത്ത് = അനുരാഗസമ്പത്ത്
സമധികം = അത്യധികം
സുകൃതം = ഭാഗ്യം.
ആശയവിശദീകരണം
അതീവ ശോഭയോടെ ഉയർന്ന് ആ പുഷ്പം തെളിയുന്നത് കണ്ട് ആഹ്‌ളാദത്തോടെയും സ്നേഹവായ്പോടെയും ദേവാംഗനമാർ നിന്നെ നോക്കും. ദേവസ്ത്രീകളുടെ വാർകൂന്തലുൾക്ക് അലങ്കാരമായി അവർ നിന്നെ സ്വീകരിക്കും. അവർക്ക് അലങ്കാരമെന്ന വിധത്തിൽ ദേവന്മാരിൽ പ്രണയവും ഇമ്പവും വളർത്തി നിനക്ക് അത്യധികമായ സുകൃതം ലഭിച്ചെന്നു വരാം എന്ന് കവി പറയുന്നു. ഇഹലോകത്തിൽ അനുവർത്തിച്ച് നന്മയാൽ മരണാനന്തരം ലഭിച്ചേക്കാനിടയുള്ള സ്വർലോകവാസ സൂചനയാണ് പ്രസ്തുത വരികളിലൂടെ കവി വ്യക്തമാക്കിയിരിക്കുന്നത് .
ശ്ലോകം 39
“അല്ലെങ്കിലാദ്യുതി…………..
…………………..തമസഃപരമാം പദത്തി”
അർത്ഥവിശദീകരണം
ദ്യുതി = ശോഭ
തമസ് = ഇരുട്ട്
ബലിപുഷ്പം = പൂജാ പുഷ്പം
സകലസംഗമവും = എല്ലാവിധത്തിലുമുള്ള ബന്ധങ്ങൾ
ആശയവിശദീകരണം
അല്ലെങ്കിൽ തേജസ്വികളായ മഹർഷിമാർക്ക് പൂർണ്ണമായ പ്രകാശം ചൊരിയുന്ന ബലി പുഷ്പമായി ഭവിച്ച് സ്വർഗ്ഗവും സർവ്വവിധമായ ബന്ധങ്ങളും അതിലംഘിച്ച് അജ്ഞാനമില്ലാത്ത, സത്യത്തിന്റേതായ പദത്തിലേക്ക് പ്രാപിക്കാൻ നിനക്ക് കഴിഞ്ഞേക്കും. ലോകത്തിന് ശാന്തി പകരുന്ന ദേവർഷിമാർക്ക് പ്രകാശം പരത്തുന്ന തരത്തിൽ ഏറ്റവുമുയർന്ന സങ്കൽപ്പത്തിലേക്ക് പൂവിനെ എത്തിച്ചിരിക്കുന്നു. പരമപദത്തെ പൂവിന്റെ മോക്ഷപ്രാപ്തിയായി സൂചിപ്പിക്കുന്നു.
ശ്ലോകം 40
“ഹാ! ശാന്തിയൗപനീഷ………..
………………………………….യുമോർക്ക പൂവേ ! “
അർത്ഥവിശദീകരണം
ഔപനിഷദോക്തികൾ = വേദാന്തശാസ്ത്രതത്വങ്ങൾ
ക്ലേശം = തടസ്സം, ദുഃഖം
ആത്മപരിപീഡനം = സ്വന്തം ആത്മാവിനെ പീഡിപ്പിക്കൽ,
ആജ്ഞത = അറിവില്ലായ്മ
ശ്രുതി = വേദം
ആശയവിശദീകരണം
നമുക്ക് ശാന്തി പകരുന്നത് വേദാന്ത ശാസ്ത്രതത്വങ്ങൾ മാത്രമാണ്. വെറുതെ ദുഃഖിക്കുന്നത് സ്വന്തം ആത്മാവിന് സ്വയം നൽകുന്ന പീഡയാണ്. അത് അറിവില്ലാത്തവർ ചെയ്യുന്ന കർമ്മമാണ്. അതിനാൽ വേദങ്ങളിൽ നാം സുദൃഢമായ പ്രത്യാശ സമർപ്പിക്കുക. പിന്നെയുള്ളതൊക്കെയും ഈശ്വരനിശ്ചയം പോലെ വന്നു കൊള്ളുമെന്ന് നീ ഓർക്കുക. ഈശ്വരന്റെ തീരുമാനത്തിനും വിധിയുടെ അലംഘനീയതക്കും മുന്നിൽ മനുഷ്യര്‍ നിസ്സഹാരാണെന്ന് സാരം .
“അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു”– എന്ന് നാലപ്പാട്ട് നാരായണ മേനോന്‍ കണ്ണുനീര്‍ത്തുള്ളിയില്‍ എഴുതിയ വരികൾ ഇവിടെ സ്മരിക്കാം. ജ്ഞാനത്തിലൂടെ വെളിച്ചം പകരാൻ കഴിയും. വേദാന്തജ്ഞാനത്തിലൂടെ ഏതു ദുഃഖങ്ങളെയും അതിജീവിക്കാൻ കഴിയും. ദുഃഖിച്ചിരിക്കുന്നതിൽ യാതൊരർത്ഥവുമില്ല. കർമ്മണ്യേ വാധികാരസ്തു’ എന്ന ഭഗവത്ഗീതാദർശനവും ഇവിടെ സ്മരിക്കാവുന്നതാണ്.
ശ്ലോകം 41
“കണ്ണേ, മടങ്ങുക………………..
…………………………………. …….
അവനിവാഴ് കിനാവു, കഷ്ടം!”
അർത്ഥവിശദീകരണം
കണ്ണേ മടങ്ങുക = കാണുന്നതിൽനിന്ന് പിന്തിരിയുക
വിസ്മമൃതം = മറവിയിലാളുക
എണ്ണീടുക = കണക്കാക്കുക
അവനി = ഭൂമി
വാഴ്വ് = ജീവിതം
കിനാവ് = സ്വപ്നം
ആശയവിശദീകരണം
അല്ലയോ എന്റെ കണ്ണുകളെ! ഈ കാഴ്ചയിൽ നിന്നും മടങ്ങുക. ഈ പുഷ്പം ഇപ്പോൾത്തന്നെ കരിഞ്ഞും അലിഞ്ഞും മണ്ണായി അത് വിസ്മരിക്കപ്പെടും. ലോകത്തിൽ എല്ലാവരുടെയും സ്ഥിതി ഇതുതന്നെയാണ്. കണ്ണീരണിയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ഭൂമിയിലെ ജീവിതം ഒരു സ്വപ്നം പോലെയാണ് കഷ്ടം! എന്ന് കവി പറഞ്ഞു നിര്‍ത്തുന്നു. ജീവിതത്തിന്റെ നിസ്സാരതയും തത്വ ശാസ്ത്രവും കണ്ടെത്തുന്ന കവി അതില്‍ നിന്ന് സമാധാനവും കണ്ടെത്തുന്നുണ്ട്. ജീവിത്തെ എപ്പോള്‍ വേണമെങ്കിലും അവസാനിക്കാത്ത കിനാവായി സങ്കല്‍പ്പിച്ചിരിക്കുന്നത് കവിയുടെ സൂഷ്മ വീക്ഷണത്തിന് ഉദാഹരണമാണ്. ഹാ! എന്ന വ്യാക്ഷേപക ശബ്ദത്തിലാരംഭിച്ച് കഷ്ടം! എന്ന വ്യാക്ഷേപക ശബ്ദത്തിൽ അവസാനിക്കുന്ന ഒരു കാര്യമാണ് വീണപൂവ്. ഗഹനമായ ജീവിതത്തിന്റെ ഭാവവിശേഷണങ്ങൾ അതിലൂടെ അഭിവ്യക്തമാക്കുകയാണ് കവി. ക്ഷണികമായ ജീവിതത്തെക്കുറിച്ചുള്ള കല്പനകളും ചിന്തകളും വിശ്വാസങ്ങളുമെല്ലാം അവതരിപ്പിക്കുന്നു. അതോടൊപ്പം ഒരു മനുഷ്യായുസ്സിൽ നാമെങ്ങനെ നന്മയിലൂടെ പുനർജനിക്കുന്നു എന്ന് ഓർമ്മപ്പെടുത്തലും കവിത നൽകുന്നു. കേവലം ഒരു പൂവിന്റെ പതനമെന്നതിലുപരി മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതയാർന്ന ആവിഷ്കാരമാണ് കുമാരനാശാന്റെ വീണപൂവ്.
Recap
|
Objective type questions
|
Answer to Objective type questions
|
Assignment topic:
|
Reference
|