Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 10

ഐസ് ക്യൂബുകൾ –

                                        ഡോണ മയൂര

Learning Outcomes

 • ഡോണ മയൂരയുടെ കാവ്യജീവിതത്തെ പരിചയപ്പെടുന്നു.
 • ഉത്തരാധുനിക കവിതകളുടെ സവിശേഷതകൾ പരിചയപ്പെടുന്നു.
 • ഡോണ മയൂരയുടെ കവിതകളിൽ ഐസ് ക്യൂബിനുള്ള ഇടം കണ്ടെത്തുന്നു.
 • പ്രമേയപരമായും രൂപപരമായും കവിതകൾക്ക് സംഭവിച്ച  മാറ്റം മനസിലാക്കുന്നു.

Prerequisites

ആലിപ്പഴം എന്നു കേട്ടിട്ടില്ലേ? മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന  ഗാനം കേൾക്കാത്തവർ ചുരുക്കമായിരിക്കും. ആകാശത്തു നിന്ന് ഏറെ കൗതുകം ജനിപ്പിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് പതിയ്ക്കുകയും തൊട്ടു നോക്കും നേരം  അലിഞ്ഞില്ലാതാകുകയും ചെയ്യുന്ന    ഐസ്ക്യൂബുകളാണ് ആലിപ്പഴങ്ങൾ. ഐസ് ക്യൂബുകൾ പോലെ കൗതുകവും ആനന്ദവുമുണർത്തി അലിഞ്ഞില്ലാതാകുന്ന പ്രണയത്തെക്കുറിച്ച് പറയുകയാണ് കവി ഡോണ മയൂര ഐസ് ക്യൂബുകൾ എന്ന കവിതയിലൂടെ. 

കാലവും കവിയും

      1990-കളോടെയാണ് മലയാള സാഹിത്യത്തിൽ ഉത്തരാധുനികത ശക്തി പ്രാപിക്കുന്നത്. അതോടെ ആധുനികതയിൽ നിന്ന് വ്യത്യസ്തമായ നൂതനാവിഷ്ക്കാരങ്ങൾ സാഹിത്യത്തിൽ പ്രകടമാകാൻ തുടങ്ങി. സാങ്കേതിക വിദ്യ സംഭാവന ചെയ്ത നവീന ജീവിതവീക്ഷണങ്ങൾ, മാറിയ ജീവിതാനുഭവങ്ങൾ എന്നിവ  സാഹിത്യത്തിലും പ്രകടമായ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ഉത്തരാധുനിക കവികൾ പരമ്പരാഗത കവിതാഭിരുചികളിൽ നിന്ന് ഭിന്നമായ ഒരു  രചനാതന്ത്രം നിർമ്മിക്കുകയുണ്ടായി. കവിതയെ ഒരേ സമയം ലളിതമാക്കാനും സങ്കീർണമാക്കാനും അവർക്ക് കഴിഞ്ഞു. സ്വകാര്യതയും സൂക്ഷ്മതയും അക്കവിതകളുടെ സവിശേഷതയാണ്. പി.പി രാമചന്ദ്രൻ, സാവിത്രി രാജീവൻ, വി.എം.ഗിരിജ, പി.രാമൻ, എസ് ജോസഫ്, അനിത തമ്പി, ശ്രീകുമാർ കരിയോട്, കുഴൂർ വിൽസൺ, എം.ആർ.രേണുകുമാർ, ബിന്ദു കൃഷ്ണൻ, സിന്ധു കെ.വി. മോഹനകൃഷ്ണൻ കാലടി. കെ. ആർ. ടോണി, വീരാൻകുട്ടി, ടി.പി. രാജീവൻ, ഡോണ മയൂര തുടങ്ങിയവർ ഉത്തരാധുനിക കാലത്തിലെ പ്രധാനപ്പെട്ട കവികളാണ്.

ഡോണ മയൂര 

       ഉത്തരാധുനികതയുടെ സാധ്യതകളെയും സംഘർഷങ്ങളെയും മലയാള കവിതയിൽ കൃത്യമായി അടയാളപ്പെടുത്തിയ കവിയാണ് ഡോണ മയൂര. കവി, ബ്ലോഗർ, കാലിഗ്രാഫിസ്റ്റ് എന്നീ നിലകളിൽ മികവ് തെളിയിച്ചു. ഉത്തരാധുനികത നിർമ്മിച്ച വൈകാരിക സംഘർഷങ്ങളുടെ വിളനിലമാണ് ഡോണ മയൂരയുടെ കവിതകൾ. അവ കാഴ്ചയുടെ സാധ്യകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നു. കാലിഗ്രാഫിയുടെ സ്വാധീനം ഡോണയുടെ കവിതകളിൽ പ്രകടമാണ്. ഐസ് ക്യൂബുകൾ, നീലമൂങ്ങ തുടങ്ങിയവയാണ്  പ്രധാനപ്പെട്ട കവിതാസമാഹാരങ്ങൾ. മൂന്ന് ദൃശ്യ കവിതാ സമാഹാരങ്ങൾ.  സ്വീഡനിൽ നിന്നുമാണ് പബ്ലിഷ് ചെയ്തിരിക്കുന്നത് .ലിസണിങ് ടു റെഡ്, അക്കോസ്, ലാംഗ്വേജ് ലൈൻസ് ആൻഡ് പൊയട്രീ, ടിംഗ്ലസെ എഡിഷൻസ് എന്നിവയാണവ.

ഇറ്റലി, സ്പെയിൻ, സ്വീഡൻ, പോർട്ടുഗൽ, യു.എസ്.എ, കാനഡ, പോളണ്ട് എന്നിവിടങ്ങളിലെ ഇരുപതോളം ഇന്റർനാഷണൽ എക്സിബിറ്റിൽ ഡോണ മയൂരയുടെ ദൃശ്യകവിതകൾ പ്രദർശനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു.

Key words

ഉത്തരാധുനികത, പ്രണയാവിഷ്‌ക്കാരം, ബിംബകൽപനകൾ, കാലികത, നിഷേധ ഭാവങ്ങൾ, വിരുദ്ധബിംബങ്ങൾ, ദൃശ്യഭാഷ

4.10.1. Content

ഐസ് ക്യൂബിന് പ്രണയത്തിൻ്റെ പരിവേഷം നൽകുന്ന കവിതയാണ് ഐസ് ക്യൂബുകൾ. പരസ്പരം ചേർന്നൊഴുകി, ഒടുവിൽ സ്വയമില്ലാതാകുന്ന പ്രണയഭാവമാണ് കവിതയിലെ കേന്ദ്ര ആശയം.

തമ്മിൽ പിരിയുന്നത് എങ്ങനെയാണെന്ന് കണ്ടു മുട്ടുന്നതിൻ മുൻപേ ചിന്തിക്കുന്ന പ്രണയിതാക്കളിൽ നിന്നാണ് കവിത ആരംഭിക്കുന്നത് ‘ ഇല കൊഴിഞ്ഞൊരു മഞ്ഞുകാലത്ത് പാർക്കിലെ ബഞ്ചിൽ കാലം കൊണ്ടുവെച്ച രണ്ട് ഐസ് ക്യൂബുകൾ പോലെ വേർപിരിയാനാകാതെ ഒന്നിച്ചു പോകുന്നവർ, ഒടുവിൽ തിളച്ചുമറിയുന്ന കാലത്താലും തീപിടിച്ച മേഘഗർജ്ജനത്തിൻ്റെ അലകളാലും  അലിഞ്ഞില്ലാതാകുന്നു. പ്രണയത്തെക്കുറിച്ച് എനിക്കൊന്നും അറിയുകയില്ലെന്നും പ്രണയത്തെക്കുറിച്ച് മാത്രം ഞാനൊരിക്കലുമെഴുതുകയില്ലെന്നും പറഞ്ഞുകൊണ്ട് കവിത അവസാനിക്കുന്നു.

വരികൾ

“തമ്മിൽ പിരിയുന്നത്

എങ്ങനെയായിരിക്കണം

……………………………..

രണ്ട് ഐസ് ക്യൂബുകൾ പോലെ നമ്മൾ “.

ആശയ വിശദീകരണം

കണ്ടുമുട്ടുന്നതിന് മുൻപു തന്നെ തമ്മിൽ പിരിയുന്നത് എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിരുന്നു. അത്രമേൽ നിന്നെ എനിക്കിഷ്ടമായിരുന്നു. ഇല കൊഴിയുന്നൊരു മഞ്ഞുകാലത്ത് ഇനിയും മരിവിച്ചിട്ടില്ലാത്തൊരു പാർക്കിലെ ബഞ്ചിൽ, കാലം കൊണ്ടുവെച്ച ഐസ് ക്യൂബിൽ നിന്നും ഒന്നിച്ച് നാം ഒഴുകിപ്പോകുമെന്ന് കവിവാക്യം.

പുതിയ കാലത്തെ പ്രണയ സങ്കൽപത്തെ കവി കൃത്യമായി അടയാളപ്പെടുത്തുന്നു. പ്രണയമാരംഭിക്കുമ്പോൾ തന്നെ കമിതാക്കൾ പിരിയലിനെക്കുറിച്ചും ഓർക്കുന്നു എന്ന് പറയുന്നതിലൂടെ കവിതയിൽ നിഷേധാത്മക ചിന്തയാണ് പങ്കിടുന്നത്. നശ്വരവും അസ്ഥിരവുമായ പ്രണയഭാവത്തെ കവി ഇവിടെ കണ്ടെടുക്കുന്നു. ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാർക്ക് ബെഞ്ചിൽ കാലം കൊണ്ടു വച്ച  രണ്ട് ഐസ് ക്യൂബുകളായി കമിതാക്കളെ കൽപ്പിച്ചിരിക്കുന്നത് ബിംബഭാഷയുടെ സവിശേഷതയാണ്. ഉരുകി ഒലിച്ച് ഇല്ലാതാകും വരെ മാത്രമേ ഐസ് ക്യൂബുകൾക്കൾക്ക് ഖരാവസ്ഥയിൽ തുടരാൻ കഴിയു. അതുപോലെയാണ് പ്രണയവും. കമിതാക്കളെ ഐസ് ക്യൂബുകളോട് ഉപമിച്ചിരിക്കുന്ന കവി കൽപ്പന കാവ്യ ഭാഷയുടെ സവിശേഷതയാണ്.

മരവിച്ചിട്ടില്ലാത്ത ബഞ്ച് കാമിതാക്കളുടെ പ്രണയ ഭരിതമായ ഹൃദയത്തെ ‘കുറിയ്ക്കുന്നു.

പ്രണയം ആപേക്ഷികമാണെന്ന് കവി പറയുമ്പോഴും അതിൻ്റെ ഭിന്ന ഭാവങ്ങളെ അവർ കാണാതെ പോകുന്നില്ല. അതു വ്യക്തമാക്കുന്നതിനാണ് ഐസിനെ കേന്ദ്രബിംബമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐസ് അലിഞ്ഞില്ലാതാകുമ്പോൾ അതിന് രൂപമാറ്റം സംഭവിക്കുന്നു. അതിൻ്റെ ഭാവവും വ്യതിചലിക്കുമെങ്കിലും സ്ഥായിഭാവമായ ജലമെന്ന നില അതായിതന്നെ തുടരുന്നു. ഐസിന് അലിഞ്ഞ് ജലമാകാൻ കഴിയുന്നതു പോലെ, ജലത്തിന് ഉറഞ്ഞ് ഐസാകാനും കഴിയും. പ്രണയത്തിൻ്റെ ബഹുസ്വരതയെ ഐസും ജലവുമായി കാണാമെന്ന് സാരം. പ്രണയം ഒരേ സമയം ദൃഢവും അചഞ്ചലവുമാണെന്ന് കവി പറയുന്നു.

വരികൾ

“അരിച്ച് കയറുന്ന തണുപ്പിനെ

………………………………………

ഒഴുകിയൊഴുകി പോകും”

ആശയ വിശദീകരണം

അരിച്ചു കയറുന്ന തണുപ്പിനെ തുളച്ച് കയറുവാനാവാതെ, നട്ടുച്ച വെയിൽ നമുക്കു മേൽ കൂടപിടിയ്ക്കും. ഒടുവിൽ മടിച്ചുകൊണ്ട് തണുപ്പിറങ്ങിപ്പോകും. ഐസ് ക്യൂബുകൾ പരസ്പരം വേർപിരിയാനാകാതെ  ഉരുകിയൊലിയ്ക്കുകയും ബഞ്ചിൽനിന്ന് ഒന്നിച്ച് ഒഴുകിപ്പോകുകയും ചെയ്യും.

കമിതാക്കൾ ഐസ് ക്യൂബുകളെ പോലെയായെന്നു കവി പറയുന്നു. കാലത്തിൻ്റെ മാറിയ അവസ്ഥയിൽ പരിവർത്തനവിധേയമാകുന്ന പ്രണയഭാവത്തെ പകർത്തുകയാണ് കവി. അരിച്ചു കയറുന്ന തണുപ്പിനെ തുളച്ചു കയറാനാകാതെ നട്ടുച്ചയുടെ വെയിൽ അവർക്കുമേൽ കുടപിടിക്കുന്നതിലൂടെ, അവർ ഒരിക്കലും ഉരുകരുതെന്നു കരുതി പ്രതിരോധം സൃഷ്ടിക്കാൻ കവി ശ്രമിക്കുന്നുണ്ട്. പക്ഷേ കൂടചൂടുന്ന വെയിലിനാൽ തന്നെ, അവർ ഉരുകി ഒലിച്ചൊഴുകിപ്പോകുന്നു. ഉരുകി ഒലിച്ചിറങ്ങുന്നു എന്ന് പറയുന്നതിലൂടെ കമിതാക്കൾ പ്രണയസംഘർഷം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കാം.

വരികൾ

“നമുക്കുമേൽ അപ്പോൾ

…………………………….

കാണുകയും കേൾക്കുകയും

ചെയ്യുന്നു”

ആശയ വിശദീകരണം

തണുപ്പിറങ്ങുമ്പോൾ അവർ ഒരിക്കലും വേർപിരിയാനാകാത്ത വിധം ബഞ്ചിൽ നിന്നും ഒലിച്ചിറങ്ങി ഒഴുകിപ്പോകുന്നു. നമുക്കു മുകളിൽ ഇരുളും വെളിച്ചവുമൊരു പിയാനോയായി മാറുന്നു.  കാലം ആ പിയാനോയിൽ അവരുടെ ‘പ്രണയ സങ്കീർത്തനം വായിക്കുകയാണ്. അവർക്കു  മുകളിൽ തിളച്ചുമറിയുന്ന കടലും, താഴെ ചിറകുകളിൽ തീ പിടിച്ച മേഘഗർജ്ജനത്തിന്റെ അലകളുമാണുള്ളത്. അന്നേരം തങ്ങളുടെ പ്രണയം മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുന്നു.

നട്ടുച്ചയിലെ ചൂടേറ്റു ഉരുകുന്ന പ്രണയകർത്താക്കളാകുന്ന ഐസ് ‘ക്യൂബുകൾക്കു ആശ്വാസമായി, കാലം അവരുടെ പ്രണയസങ്കീർത്തനം പിയാനോയിൽ വായിക്കുമെന്നവർ ആശ്വസിക്കുന്നു. അപ്പോൾ നടക്കുന്ന ഭീകരസംഭവങ്ങൾ മറ്റുള്ളവരാണ് കാണുന്നതും കേൾക്കുന്നതുമെന്ന് സാരം.

തിളച്ചു മറയുന്ന കടൽ ,ചിറകുകളിൽ തീപിടിച്ച മേഘം അതിന്റെ ഭയാനകമായ ഗർജ്ജനങ്ങളാകുന്ന അലകൾ എന്നിങ്ങനെ അതിഭീകരങ്ങളായ ബിംബങ്ങൾ ഇവിടെ കവിതയിലും വായനക്കാരിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. ഇരുളും വെളിച്ചവുമെന്നത് രാവും പകലുമെന്നോ ദുഃഖവും സന്തോഷവുമെന്നോ വ്യാഖ്യാനിക്കാം.

വരികൾ

“പ്രണയത്തെക്കുറിച്ച് എനിക്കൊന്നും

…………………………………………:

നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ!”

ആശയ വിശദീകരണം

പ്രണയത്തെക്കുറിച്ച് എനിക്കൊന്നും അറിയുകയില്ലെന്നും പ്രണയത്തെക്കുറിച്ച് മാത്രം ഞാനൊരിക്കലും എഴുതുകയില്ലെന്നും നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ എന്ന് കവി ചോദിക്കുന്നു. മാറിയ പ്രണയ സങ്കൽപ്പങ്ങളിൽ താൻ ബോധവതിയല്ലെന്നു സാരം.

ഒരുകി ഒലിച്ചുപോയ പ്രണയത്തിൻ്റെ മുറിവുകളിൽ നിന്നുകൊണ്ടാണ് കവി സംസാരിക്കുന്നത്. കണ്ടുമുട്ടുമ്പോൾ തന്നെ പിരിയലിനെ കുറിച്ച് ഓർക്കുന്ന പ്രണയം, കാലമാകുന്ന പിയാനോയുടെ സംഗീതം, പിരിഞ്ഞു പോകുമ്പോൾ അലിഞ്ഞിലാതാകുന്ന കമിതാക്കൾ, അവരെ കാണുന്ന ലോകം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ കവി വായനയുടെ അനന്തസാധ്യതകൾ തുറന്നിടുന്നു. പ്രണയത്തിൻ്റെ ഭിന്നമുഖങ്ങൾ പകർത്തിക്കൊണ്ട് തനിയ്ക്ക് പ്രണയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറയുകയാണ് കവി. ഒരർത്ഥത്തിൽ വ്യാഖ്യാനിക്കും തോറും പുതുക്കപ്പെടുന്നതും വായന തേടുന്നതുമായ ഭിന്ന മുഖങ്ങൾ പ്രണയത്തിനുണ്ട്. മാറിയ കാലവും വീക്ഷണവും പ്രണയ സങ്കൽപ്പങ്ങളെയും മാറ്റിമറിയ്ക്കുന്നു.

കവിതാവലോകനം

വർത്തമാനകാല പ്രണയത്തിന്റെ അരക്ഷിതാവസ്ഥയെ പ്രതിബിംബിക്കുന്ന കവിതയാണ് ഡോണ മയൂരയുടെ ഐസ് ക്യൂബുകൾ. പ്രണയം സമ്മാനിക്കുന്ന സൗന്ദര്യവും സംഘർഷവും ഒരുപോലെ ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു. പ്രണയത്തിന്റെ നൂതനവിഷ്കാരങ്ങളെ കവിത കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

ആദ്യ കണ്ടുമുട്ടലിൽ തന്നെ തമ്മിൽ പിരിയുന്നത് എങ്ങനെയായിരിക്കണമെന്നു ചിന്തിപ്പിച്ചുകൊണ്ട് കവി പാരമ്പരാഗത പ്രണയ സങ്കല്പങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. വിപരീത ബിംബങ്ങളിലൂടെ കവി പ്രണയത്തിൻ്റെ ഭിന്ന തലങ്ങൾ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. കാഴ്ചയും പറച്ചിലുമാണ് കവിതയുടെ രൂപത്തെ ഭദ്രമാക്കുന്ന രണ്ട് ഘടകങ്ങൾ. ഒരേ സമയം കവിതയ്ക്കുള്ളിലും പുറത്തും നിൽക്കുന്ന കവിയെ നമുക്ക് കാണാം.

കാവ്യബിംബങ്ങൾ

നശ്വരവും ചഞ്ചലവുമായ വൈകാരിക ഭാവമാണ് കവിതയിൽ പ്രണയം. നൈമഷികമായ അതിൻ്റെ ആയുസിനെ ഐസ് ക്യൂബുകളോട് താദാത്മ്യപ്പെടുത്തുന്നത് കവിയുടെ സൂക്ഷ്മ ഭാവനയാണ്. ഉപമയാണ് പ്രധാന അലങ്കാരം. ബിംബഭാഷയിലൂടെയാണ് പ്രണയഭാവങ്ങൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കാലം പിയാനോയിൽ വായിക്കുന്ന പ്രണയ സങ്കീർത്തനം പ്രണയത്തിൻ്റെ ഭിന്ന ഭാവങ്ങളെ സാംശീകരിക്കുന്നു. തിളച്ചുമറിയുന്ന കടലിനെ മുകളിലായും, ചിറകുകളിൽ തീ പിടിച്ച മേഘ ഗർജ്ജനങ്ങളുടെ അലകളെ താഴെയായും ക്രമീകരിച്ചിരിക്കുന്നത് വിരുദ്ധബിംബങ്ങളിലൂടെ നിർമ്മിതമായ കാവ്യ ഭാഷയ്ക്ക് ഉദാഹരണമാണ്.

Recap

 • ഉത്തരാധുനിക കവിത
 • പ്രണയത്തിൻ്റെ ഭിന്ന ഭാവങ്ങൾ
 • മാറിയ പ്രണയ സങ്കൽപങ്ങൾ
 • അരക്ഷിതാവസ്ഥയും നൈരാശ്യവും 
 • നിസ്സാരതയും നിസ്സഹായതയും
 • ഐസ് ക്യൂബുകൾ പോലെ പ്രണയം – ബിംബഭാഷ
 • നശ്വരവും ചഞ്ചലവുമായ പ്രണയസങ്കൽപം
 • പ്രണയത്തിൻ്റെ സൗന്ദര്യവും സംഘർഷവും
 • കാലികത
 • നിഷേധ ഭാവങ്ങൾ
 • വിരുദ്ധബിംബങ്ങൾ – ദൃശ്യ ഭാഷ
 • ഉപമ – അലങ്കാരം

Questions

 1. ഡോണ മയൂരയുടെ ആദ്യ കവിതാ സമാഹാരം?
 2.  പ്രണയത്തെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
 3. തമ്മിൽ പിരിയുന്നത് എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി കവി ചിന്തിക്കുന്നത് എപ്പോഴാണ്?
 4. ഇനിയും മരവിച്ചിട്ടില്ലാത്ത എന്തിലാണ് കാലം ഐസ് ക്യൂബുകൾ കൊണ്ടു വെക്കുന്നത്?
 5. കാലം എന്താണ് പാർക്ക് ബഞ്ചിൽ കൊണ്ടു വച്ചത്?
 6. കവിതയിൽ അരിച്ച് കയറുന്നത് എന്താണ്?
 7. തുളച്ച് കയറാനാകാതെ നിൽക്കുന്നതെന്ത്?
 8. നമുക്കു മേൽ കൂടപിടിയ്ക്കുന്നതെന്ത്?
 9. മടിച്ച് മടിച്ച് എന്താണ് ഇറങ്ങിപ്പോകുന്നത്?
 10. വേർപിരിയാനാകാതെ എവിടെ നിന്നാണ് നാം ഒഴുകിപ്പോകുന്നത്?
 11. നമുക്ക് മുകളിൽ ഇരുളും വെളിച്ചവും എന്താകുന്നു?
 12. കാലം എന്താണ് പറയാനോയിൽ വായിക്കുന്നത്?
 13. മുകളിൽ തിളച്ചുമറിയുന്നത് എന്താണ്?
 14. ചിറകുകളിൽ തീപിടിച്ചത് എന്തിൻ്റെ അലകൾക്കാണ്?
 15. കാണുകയും കേൾക്കുകയും ചെയ്യുന്നതാര്?
 16.  പ്രണയത്തെക്കുറിച്ച് കവിയ്ക്ക് എന്താണ് അറിയാത്തത്?
 17. എന്തിനെക്കുറിച്ചാണ് ഞാനൊരിക്കലും എഴുതുകയില്ലെന്ന് കവി പറയുന്നത്?
 18. നീല മൂങ്ങ ആരുടെ കവിതാ സമാഹാരമാണ്?
 19. ഐസ് ക്യൂബുകൾ എന്ന കവിതാ സമാഹാരം രചിച്ചത് ആര്?

Answers

 1. ഐസ് ക്യൂബുകൾ
 2. ഐസ് ക്യൂബുകൾ
 3. കണ്ടുമുട്ടിയപ്പോഴേ
 4. പാർക്ക് ബെഞ്ചിൽ
 5. ഐസ് ക്യൂബുകൾ
 6. തണുപ്പ്
 7. നട്ടുച്ച വെയിൽ
 8. നട്ടുച്ച വെയിൽ
 9. തണുപ്പ്
 10. ബഞ്ചിൽ നിന്നും
 11. പിയാനോ
 12. പ്രണയ സങ്കീർത്തന
 13. കടൽ
 14. മേഘ ഗർജനത്തിൻ്റെ
 15. മറ്റുള്ളവർ
 16. ഒന്നുമറിയില്ല
 17. പ്രണയത്തെക്കുറിച്ച്
 18. ഡോണ മയൂര
 19. ഡോണ മയൂര

Assignment topic

 1. ഉത്തരാധുനിക മലയാള കവിതയുടെ സവിശേഷ ഉപന്യസിക്കുക
 2. ഉത്തരാധുനികതയും പെൺ കവികളും – ഉപന്യസിക്കുക
 3. ഡോണ മയൂരയുടെ കാവ്യജീവിതം – ഉപന്യസിക്കുക
 4. പ്രണയത്തിൻ്റെ ഭിന്നഭാവങ്ങൾ ഐസ് ക്യൂബുകളിൽ – കുറിപ്പെഴുതുക
 5. ഐസ് ക്യൂബുകളിലെ കാവ്യ ഭാഷ – കുറിപ്പെഴുതുക

References

 • ഡോണമയൂര – ഐസ് ക്യൂബുകൾ ,ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്. 
 • എൻ.അജയകുമാർ – കവിതയുടെ വഴികൾ.
 • ഡോ. മനോജ് കുറൂർ – ഐസ് ക്യൂബുകൾ അവലോകനം .
 • നിഷി ജോർജ് – അതിശൈത്യത്തിൽ പൊട്ടിവിടരുന്ന ചോളമണികൾ.

E- content

ഡോണ മയൂരയുടെ ചിത്രം

 

അഭിമുഖം

m/literature/sankada-poem-dona-mayoora

 • പുസ്തകങ്ങൾ