Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 10

കാട്

                                                                                 ഡി.വിനയചന്ദ്രൻ

Learning Outcomes

 • ഡി.വിനയചന്ദ്രന്റെ സാഹിത്യലോകത്തെ പരിചയപ്പെടുന്നു.
 • ആധുനിക കവിത എന്ന പരികല്പനയെ മനസ്സിലാക്കുന്നു.
 • ആധുനിക കവിത എന്ന നിലയിൽ കാട് എന്ന കവിതയുടെ സവിശേഷതകൾ മനസ്സിലാക്കുന്നു.
 • ഡി.വിനയചന്ദ്രന്റെ സമകാലികരായ കവികളെ പരിചയപ്പെടുന്നു.
 • ചൊൽക്കവിതകളുടെ സവിശേഷതകൾ മനസിലാക്കുന്നു.

Prerequisites

   കാട് ഒരനുഭവമാകാത്തവരായി ആരും തന്നെ കാണില്ല. മനുഷ്യരാശിയുടെ നിലനിൽപ്പിന്  കാട് അനിവാര്യമായ ഘടകമാണ്. വാക്കുകളിലും വരകളിലും കാടിനെക്കുറിച്ചുള്ള നിരവധി വർണ്ണനകളുണ്ട്. കാടു കാണുന്ന ഓരോരുത്തർക്കും ഓരോ  അനുഭവങ്ങളാണ് കാട് സമ്മാനിക്കുന്നത്. സാഹിത്യത്തിലും കാട് പ്രമേയമാകാറുണ്ട്. ആദിമകാവ്യം എന്നറിയപ്പെടുന്ന രാമായണത്തിലും മറ്റു ഇതിഹാസ പുരാണങ്ങളിലും കാട് പ്രമേയമാകുന്നുണ്ട്. ആരണ്യകാണ്ഡം എന്നൊരു അധ്യായം തന്നെ രാമായണത്തിലുണ്ട്. മഹാഭാരത്തിലെ വനപർവ്വവും ഇതിനുദാഹരണമായെടുക്കാം. ഈ കൃതികളിലെ കാടിനെക്കുറിച്ചുള്ള വർണ്ണനകൾ ആധുനിക കാലത്തും കവികളെ പ്രചോദിപ്പിക്കാറുണ്ട്.  അങ്ങനെ പ്രചോദിക്കപ്പെട്ട ഒരാളാണ് ഡി.വിനയചന്ദ്രൻ . വനപർവ്വം വായിച്ചപ്പോൾ അതിനെ അവലംബമാക്കി ഒരു കവിത രചിക്കണമെന്ന് കവിക്ക്   തോന്നിയതു കൊണ്ടാണ് ‘കാട് ‘ എന്ന കവിത പിറന്നത്. അദ്ദേഹത്തിന്റെ കവിതകളിൽ കാട്, പ്രകൃതി, പുഴ, മഴ, പ്രണയം എന്നിവ ആവർത്തിച്ചു വരുന്ന കാവ്യബിംബങ്ങളാണ്.

       മുഖ്യധാരയിൽ നിന്ന് തെന്നിമാറി, ഒരു വ്യവസ്ഥിതിയുടെയും ചട്ടക്കൂടിൽ ഒതുങ്ങാതെ സഞ്ചരിച്ച കവിതകളായിരുന്നു വിനയചന്ദ്രന്റെത്. ആ കവിതകൾ ചിലപ്പോഴൊക്കെ അടിച്ചമർത്തപ്പെട്ടവരുടെയും കീഴാളരുടെയും ശബ്ദവും നാവുമായിരുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും വിവിധ ശ്രേണികളിലേക്ക് ലോകത്തെ വിഭജിച്ചു നിർത്തിയ അധികാര മൂല്യവ്യവസ്ഥകൾക്ക് എതിരെ അറുപതുകളിലും എഴുപതുകളിലും ലോകമെങ്ങും സംഭവിച്ച ഭാവുകത്വ പരിവർത്തനത്തിൽ പങ്കാളിയായിരുന്നു വിനയചന്ദ്രന്‍ എന്ന കവി. മലയാള കവിതയിൽ നാടൻ താളങ്ങളുടെയും ഈണങ്ങളുടെയും വായ്‌മൊഴിപാരമ്പര്യത്തിന്റെയും,   ആരാധകനായിരുന്നു ഡി. വിനയചന്ദ്രൻ. ആധുനിക കവിതയുടെ ഭാഷാ സങ്കീർണതയിൽ മലയാളകവിത നട്ടം തിരിഞ്ഞപ്പോൾ അയ്യപ്പപ്പണിക്കർക്കും കടമ്മനിട്ടയ്ക്കുമൊപ്പം അനുഷ്ഠാന മുറയോടെ വിനയചന്ദ്രൻ കവിതചൊല്ലിയിട്ടുണ്ട്.  നാടൻപാട്ട് ,നാടൻ വഴക്കങ്ങൾ എന്നിവ തന്റെ കവിതയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം  കവിതാപാരായണത്തെ ഒരു  അനുഷ്ഠാന കലാരൂപത്തിന്റെ മേളക്കൊഴുപ്പാക്കി മാറ്റി. ചൊൽക്കവിതകളും വായ്ത്താരിയും കൊണ്ട് കവിത ഒരു പ്രകടന കലാരൂപമായി മാറി. ചൊൽക്കാഴ്ചകളിലൂടെ കവിതയിലേക്ക് വായനക്കാരെ  കൊണ്ട് പോയ ആധുനിക കവികൾ വളരെ കുറച്ചേ നമുക്കുള്ളൂ. അതിലൊരാളായിരുന്നു വിനയചന്ദ്രന്‍. ബിംബങ്ങളുടെ സമൃദ്ധി കൊണ്ടും, പദഘടനകൊണ്ടും, താളങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കവിയാണ് അദ്ദേഹം. കടമ്മനിട്ടയും മധുസൂദനന്‍ നായരും, ബാലചന്ദ്രന്‍ ചുള്ളിക്കാടും, കുരീപ്പുഴയും പിന്തുടർന്ന വഴികളിലൂടെയാണ് വിനയചന്ദ്രന്റെ കവിതയും സഞ്ചരിക്കുന്നത്.

   കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം.  അധ്യാപകനായിരുന്നു. നരകം ഒരു പ്രേമ കവിത എഴുതുന്നു, ഡി വിനയചന്ദ്രന്റെ കവിതകൾ, ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊടിച്ചി, ഉപരിക്കുന്ന്‍ (നോവൽ), പേരറിയാത്ത മരങ്ങൾ(കഥകൾ), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍, ആഫ്രിക്കന്‍ നാടോടി കഥകൾ, ദിഗംബര കവിതകൾ(പരിഭാഷ), സെർഗെ എസെനിന്‍ കവിതകൾ (റഷ്യന്‍ കവിതകളുടെ പരിഭാഷ), തുടങ്ങിയവയാണ് പ്രധാന കൃതികൾ. യുണിവേഴ്സിറ്റി കോളേജ്‌ കവിതകൾ, കർപ്പൂരമഴ (പി.യുടെ കവിതകൾ), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ എന്നീ കൃതികൾ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. നരകം ഒരു പ്രേമ കവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന്‌ 1992-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2006 ലെ ആശാന്‍ കവിതാ പുരസ്കാരം, യെസീനിന്‍ പുരസ്കാരം, തുടങ്ങി ഒട്ടനേകം അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Key words

ആധുനികത –   ചൊൽക്കവിതകൾ –  പ്രകടന രൂപമായ കവിത – പ്രകൃതിസ്നേഹം

 3.10.1. Content

ഡി.വിനയചന്ദ്രൻ ചൊൽക്കവിതളിൽ പ്രധാനമായ  ‘കാട്’ എന്ന കവിത കാടനുഭവങ്ങളെ പകർന്നു നൽകുന്നു. കാടിന് ഞാനെന്തു പേരിടും എന്ന ചോദ്യവും അതിന് കവി കണ്ടെത്തുന്ന ഉത്തരവുമാണ് കവിതയുടെ കേന്ദ്രപ്രമേയം. കവിതയിൽ  കാട് ജീവന്റെയും , ഉല്പത്തിയുടെയും , ജൈവവൈവിധ്യങ്ങളുടെയും കേന്ദ്ര ഇടമാണ്. ജനിമൃതികളുടെയും പൗരാണികതയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് കാട്. കാടിന് ഞാനെന്തു പേരിടും എന്നു ചോദിച്ചുകൊണ്ട് തുടങ്ങുന്ന കവിതയുടെ അവസാന ഭാഗങ്ങളിൽ കാടിനു ഞാനെന്റെ പേരിടും എന്ന് കവി പറയുന്നു. കാടും താനും തമ്മിൽ യാതൊരു വ്യത്യാസങ്ങളുമില്ലെന്നും ഞാൻ തന്നെയാണ് കാടെന്നും തിരിച്ചറിയുന്നതോടെ ശാന്തിയുടെ മേഖലകളിലേക്ക് കവി എത്തിപ്പെടുന്നു.

വരികൾ (  1 – 10)

 “ഞാനെന്തു പേരിടും?

………………………….തെറ്റിനില്ക്കുന്ന താഴ് വാരങ്ങൾ മേടുകൾ . “

ആശയ വിശദീകരണം.

 

കാടിനെ കണ്ട കവി കാടിന് ഞാനെന്തു പേരിടും ?കാട്ടിലെ കാരണവന്മാർക്ക് എന്ത് പേരിടും ?എന്നു ചോദിക്കുന്നു. അ – ആ എന്നു ഒന്നു തുടങ്ങാം, എന്നു വച്ചാൽപ്പിന്നെയും ആദ്യമേ തുടങ്ങുന്നു (അവസാനമില്ലാതെ )മരങ്ങളും പടർപ്പുകളും . എണ്ണാമെന്നു വെച്ചാൽ കോടാനു കോടി, ആവർത്തിച്ച് എണ്ണിയാലും കോടികൾക്ക് അവസാനമില്ലാത്ത കല്ലുകളാണ് ഇവിടെയുള്ളത്. കേറിക്കേറി വരുന്തോറും പ്രണയത്തിന് കൂടുതൽ ധൈര്യം നൽകുന്ന കുന്നും കൊടുമുടികളും ,ചുറ്റിയിറങ്ങി കറങ്ങി തളർന്നു പോയാലും തെറ്റിനില്ക്കുന്ന (അവസാനമില്ലാത്ത) താഴ് വാരങ്ങളും മേടുകളുമാണ് ഇവിടെയുള്ളത് എന്ന് കവി പറയുന്നു.

  വരികൾ ( 11 – 18 )

” ഞാനെന്തു പേരിടും?

……………………………….

സമ്പൂർണ്ണമാകാത്ത രതി പ്രകാണ്ഡങ്ങളും ” .

 അർത്ഥ വിശദീകരണം

    വിരക്തം                 =            വേറിട്ട

ധ്യാന ഖണ്ഡങ്ങൾ            =            ധ്യാനദേശങ്ങൾ

പ്രകാണ്ഡങ്ങൾ    =            തായ്ത്തടി, വൃക്ഷത്തിന്റെ തടി

 ആശയവിശദീകരണം.

കവി വീണ്ടും ചോദിക്കുന്നു. കാടിനു ഞാനെന്തു പേരിടും? കാട്ടിലെ കൂട്ടുകാർക്ക് ഞാനെന്തു പേരിടും? ഇവിടെ ഞാനിതുവരെ കാണാത്ത വർണ്ണങ്ങൾ കാണുന്നു (പൂക്കൾ, ഇലകൾ എന്നിവ കാട്ടിൽ തീർത്ത വർണ്ണ വസന്തം). കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്നു ( കാട്ടിലെ ചരാചരങ്ങളുടെ നിരവധിയായ ശബ്ദങ്ങൾ) . രാപകലുകൾ ഇരുന്നെണ്ണിയാലും അവസാനിക്കാത്ത ഗന്ധങ്ങൾ , മഴയും വെയിലും മാറി മാറി എണ്ണിയാലും തീരാത്ത അത്ര കാറ്റുകൾ, പൂർണ്ണമായും വിരക്തമായ (ശാന്തമായ ) ധ്യാന പ്രദേശങ്ങൾ,  സമ്പൂർണ്ണമാകാത്ത രതിയുടെ തായ് വൃക്ഷങ്ങൾ എന്നിവയും ഇവിടെ കാണാനാകു എന്ന് കവിയുന്നു.

വരികൾ  (19-30)

 ” ഞാനെന്തു പേരിടും?

…………………………………

കാടിന്റെ കാലം വരുന്നതോ പോന്നതോ, “

അർത്ഥ വിശദീകരണം

  കാട്ടു ദൈവങ്ങൾ              =            കാട്ടിലെ ദൈവങ്ങൾ

    ചാറ്റുകൾ                 =            മന്ത്രവാദപ്പാട്ടുകൾ

 ആശയ വിശദീകരണം

              കാടിന് ഞാനെന്തു പേരിടും? കാട്ടിലെ കുട്ടികൾക്ക് ഞാൻ എന്ത് പേരാണ് ഇടുക ? വെയിലിന്റെ പൂക്കളങ്ങളാണ് ഓരോ നിഴലുകളും . ഓരോ വളവുകളിലും പൂക്കുന്ന പൂതങ്ങൾ , കാട്ടു ദെവങ്ങൾ, പരേതർ, ജനിക്കാത്ത കൂട്ടുകുടുംബങ്ങൾ, അവർക്കായി ചാറ്റുകൾ, തോറ്റങ്ങൾ എന്നിവയുമുണ്ട്. ( കാട്ടിലെ ദൈവങ്ങളും പരേതാത്മാക്കളും പൂതങ്ങളും എല്ലാം കുടികൊള്ളുന്നത് ഓരോരോ പൂക്കുന്ന മരങ്ങൾക്കു താഴെയായാണ് . അവിടെ അമ്പലങ്ങളില്ല. ) കാട്ടുതീ കണ്ണെഴുതുന്ന (പടരുന്ന) സന്ധ്യകളും കാട്ടാളവേഷം പകരുന്ന രാത്രികളുമുണ്ട്. കാട്ടുതീ പടരുമ്പോൾ അവിടെ  അമ്മയാര്? ,അച്ഛനാര്? , അച്ഛന്റെ പെങ്ങളാര് ?, തമ്പിയാര്? ,പെണ്ണിന്റെ ചെറുക്കനാര്?   എന്നത് ഒരു പ്രസക്തിയും ഉള്ള കാര്യമല്ല. കാട് കൊഴിയുമ്പോൾ (കാട്ടുതീ പടരുമ്പോൾ ) കാടുവിരിയുന്ന ( വസന്തം ) കാടിന്റെ കാലം വരുന്നതോ പോകുന്നതോ എന്നതും വ്യക്തമല്ല.

 വരികൾ (  31- 42)

” കാട്ടിൽ നിലാവുണ്ടു നട്ടുച്ച നേരവും

……………………………………………………….

വേദങ്ങൾ നമ്മൾ, യുഗങ്ങൾ, മൺപുറ്റുകൾ “

 അർത്ഥ വിശദീകരണം

 ബഡവ          =            പെൺകുതിര

കാളുക           =            കരയുക

 ആശയ വിശദീകരണം.

           കാട്ടിൽ നട്ടുച്ച നേരത്തു പോലും നിലാവുണ്ട്. (നിലാവുപോലെയുള്ള വെയിലാണ് കാട്ടിനകത്ത് വരുന്നതെന്ന് സാരം). രാത്രിയിൽ സൂര്യന്റെ തേരും തെളിച്ചവുമുണ്ട്. കന്യാകുളത്തിൽ ഞാനൊന്ന് മുങ്ങി നിവരുമ്പോഴേക്കും ജനനവും മരണവും എത്രയോ നടക്കുന്നുണ്ട്. പേടി മാറ്റാൻ തീയിട്ടത് തീക്കുണ്ഡമായി മാറി .ശത്രുക്കൾക്ക് ഭയത്തെ നൽകുന്ന ശിവന്റെ പെരുമ്പറ ശബ്ദം, ഉൾക്കണ്ണിൽ പ്രളയസമുദ്രമായി മാറി. കാടും കടലായി മാറി. (എല്ലാം കത്തിയമർന്ന് പുതിയ ജീവൻ ഭൂമിയുടെ ആദിയിലെന്നവണ്ണം സമുദ്രത്തിൽ നിന്നും ഉണ്ടാകുന്നു എന്ന സൂചന ) .  ആദിയിൽ മത്സ്യ-കൂർമ്മങ്ങളും കരയുന്ന പെൺകുതിരകളും , മൈനാകപർവ്വതവും, ദൈവങ്ങളും, നോഹ, മനു ,പ്രളയം, കൃഷ്ണാവതാരവും ലീലകളും , നാവികരായ നമ്മൾ, നക്ഷത്രങ്ങൾ, തോണികൾ – ഇങ്ങനെ കാടും കടലായി മാറി എന്ന് കവി പറയുന്നു. കാട്ടിൽ നമ്മളും പ്രളയത്തിലെന്നവണ്ണം മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നു. വേദങ്ങൾ, യുഗങ്ങൾ, മൺപുറ്റുകൾ എല്ലാം നമ്മളാകുന്നു. (ഭൂമിയിലെ ജീവജാലങ്ങളുടെ ഉദയത്തെ സംബന്ധിച്ച ഹൈന്ദവ കഥ, പ്രളയകാലത്ത് ജീവജാലങ്ങളെ സംരക്ഷിച്ച നോഹയുടെ പെട്ടകം എന്നിവ കവിതയിൽ വിഷയകമാകുന്നു)

വരികൾ ( 43 – 55 )

” കാടിനു ഞാനെന്നു പേരിടും, കാട്ടിലെ

………………………………………………………..

നാമെന്തറിയുന്നു നമ്മളെ ക്കൂടിയും ?”

 അർത്ഥ വിശദീകരണം

   പർജ്ജന്യൻ = ഇന്ദ്രൻ,

ഭാഗീരഥി = ഗംഗാനദി

ഋക്കുകൾ = ഋഗ്വേദം

ഭല്ലൂകങ്ങൾ = കരടി, ഹിംസിക്കുന്നത്

 ആശയ വിശദീകരണം.

      കാടിനു ഞാനെന്തു പേരിടും? കാട്ടിലെ കൂട്ടിനും കൂട്ടിന്റെ കൂട്ടിനും ബന്ധുക്കൾ, നാട്ടുകാർ, മക്കൾ, പിതൃക്കൾ ഋതുക്കൾ ഇതിനെല്ലാം ഞാനെന്തു പേരിടും. ഇവർ ലക്ഷ്മണനല്ല, ദ്രൗപദിയല്ല, ഇന്ദ്രനല്ല, ഗംഗയല്ല, ഋഗ്വേദ -യജൂർവേദ – സാമവേദങ്ങളല്ല, വസ്തുവിവേക വിശ്വാസങ്ങളുമല്ല. ഭയാനകങ്ങളായ ആന, സിംഹം, വ്യാളി, കരടി മുതലായ ക്രൂരമൃഗങ്ങൾ, ദേവദാരുക്കൾ, അരയാൽ, തേക്കുവരം, പൂവുകൾ, ചോലകൾ,

പക്ഷികൾ, യാമങ്ങൾ ഇവയെല്ലാം പൂർവ്വജന്മങ്ങളെ പുൽകി നിൽക്കുന്നവരാണ്. പേരിട്ടു വിളിക്കാൻ നമുക്കറിയാത്തവരാണ്. അല്ലെങ്കിലും നമുക്കെന്താണ് അറിയുക – നമുക്ക് നമ്മളെപ്പോലും അറിയില്ലല്ലോ?

 വരികൾ( 56-  61 )

” ഞാനെന്തു പേരിടുമാകാശനക്ഷത്ര

…………………………………………………….

കാലമുന്മേഷനിമേഷണം കൊള്ളുന്നു “

ആശയ വിശദീകരണം.

കാടിനു ഞാനെന്തു പേരിടുമെന്ന് കവി വീണ്ടും ആവർത്തിക്കുന്നു. ആകാശത്തിലെ നക്ഷത്രപീഠത്തിൽ ലീലാരസത്തിൽ മുഴുകി ധ്യാനിച്ചിരുന്ന് വീണ വായിക്കുന്ന പ്രപഞ്ചമാതാവിന്റെ പാദസരങ്ങളിൽ ഒന്നിന്റെ ചിഞ്ചില ശബ്ദമാണ് കാട് . പ്രപഞ്ചമാതാവ് കാലൊന്നിളക്കി നിവരുമ്പോൾ കാലം ക്ഷണനേരത്തിൽ ഉന്മേഷം കൊള്ളുന്നു എന്ന് ആശയം.

 വരികൾ ( 62 – 80 )

” കാടിനു ഞാനെന്നു പേരിടും ?

………………………………………………………..

പേരുകൾ സൂര്യന്റെ കൂടെ നടക്കുന്നു”

 അർത്ഥ വിശദീകരണം

    വാരാശി                   =            സമുദ്രം

രാഹുഗളസ്തം         =            രാഹുവിന്റെ കഴുത്ത്

ഫുല്ല പ്രഭാവം        =            വർദ്ധിച്ച ശോഭ

സംജ്ഞ ,ഛായ    =            സൂര്യന്റെ ഭാര്യമാർ

ഗീരു                                          =            വാക്ക്, സ്തുതി, ഭാഷണം

ആശയ വിശദീകരണം.

           കാടിനു ഞാനെന്തു പേരിടും എന്ന് ചോദിച്ച കവി കാടിന് ഞാനെന്റെ പേരിടും എന്ന് തീരുമാനിക്കുന്നു. പേരുകൾ സൂര്യന്റെ ചലനം പോലെ സൂര്യന്റെ ഒപ്പം നടക്കുന്നു എന്നു കവി പറയുന്നു. പന്ത്രണ്ടു രാശിയിലും ഉത്തര-ദക്ഷിണ സ്വർഗ്ഗത്തിലും സമുദ്രത്തിലും കുറച്ചു നേരം രാഹുവിന്റെ കഴുത്തിലായിക്കൊണ്ടും പിന്നെയും വർദ്ധിച്ച കാന്തിയോടെ ഏഴു പച്ചക്കുതിരകൾ വലിക്കുന്ന തേരിൽ , മുൻപേ നടക്കുന്ന ഉഷസ്സിന്റെ പിന്നിലായി വമ്പനായ ഗരുഡന്റെ സഹോദരൻ അരുണൻ തേരാളിയായ രഥത്തിൽ ഇരുന്നാണ് സൂര്യൻ യാത്ര ചെയ്യുന്നത്. ആ വേളയിൽ, മുനിഗണങ്ങൾ നാനാവിധമായ സ്തുതിഗീതങ്ങൾ കൊണ്ടും സന്തോഷം നൽകുന്ന ഗന്ധർവ്വഗാനം കൊണ്ടും അപ്സരസ്സുകളുടെയും യക്ഷകിന്നരൻമാരുടെയും നൃത്തഭംഗികൊണ്ടും സൂര്യന്റെ സന്തോഷത്തെ വർദ്ധിപ്പിച്ചു.  സംജ്ഞ, ഛായ എന്നീ സൂര്യപത്നിമാർ ഭർത്താവിന് പ്രിയമുള്ളവരായി പ്രവർത്തിച്ചു. ബാലഖില്യന്മാരാൽ സേവിക്കപ്പെട്ടും അനുഗമിക്കപ്പെട്ടും രാവിലെയും ഉച്ചക്കും വൈകിട്ടും സ്തുതിഭാഷണങ്ങൾ നടത്തിക്കൊണ്ട് മാനസ സരസ്സിലും അവസാനമില്ലാത്ത ധ്രുവപ്രദേശങ്ങളിലും  പേരുകൾ സൂര്യന്റെ കൂടെ നടക്കുന്നു.

 വരികൾ ( 81-92 )

” കാടിനു ഞാനെന്നു പേരിടും ?

………………………………………………………..

പേരുകൾ ചന്ദ്രന്റെ കൂടെ നടക്കുന്നു.”

അർത്ഥ വിശദീകരണം

ശുക്ല കൃഷ്ണപക്ഷം            =            ശുക്ല മാസത്തിലെ കൃഷ്ണപക്ഷം, ഒരു ദിനം

വൃദ്ധിക്ഷയം                      =            അഭിവൃദ്ധിയില്ലായ്മ

ഓഷധീ പോഷകം                        =            ഔഷധിയാൽ പോഷിപ്പിക്കപ്പെട്ട

  ആശയ വിശദീകരണം.

             കാടിനു ഞാനെന്തു പേരിടും? കാടിനും ഞാനെന്റെ പേരിടും . പേരുകൾ ചന്ദ്രന്റെയും കൂടെ നടക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാകുന്ന ശുക കൃഷ്ണ പക്ഷങ്ങളായി ഏഴും ഇരുപതും മണ്ഡലങ്ങളെ ദീപ്തമാക്കിക്കൊണ്ട് രോഹിണി, ശുക്ര, ബുധൻ തുടങ്ങിയ ബന്ധുക്കളാൽ ശക്തനായി, ഔഷധിയാൽ പോഷിപ്പിക്കപ്പെട്ട കാരുണ്യമായി, സൃഷ്ടികൾക്കൊക്കെ പ്രചോദനമായ ശരീരവുമായി, രാത്രിയാകുന്ന പിതൃക്കൾക്ക് ഒരു സത്രമായി, വഴിയമ്പലമായി, കൂട്ടുകാരിയായി, സ്വപ്നമായി, കാവ്യധനുസ്സുമായി കാവ്യഹംസങ്ങൾക്ക് ശ്രീ രാജഹംസമായി, പേരുകളെല്ലാം  ചന്ദ്രന്റെ കൂടെ നടക്കുന്നു.

 വരികൾ( 93-114 )

” കാടിനു ഞാനെന്നു പേരിടും ?

……………………………………………………….

പൂർണ്ണമേ ശേഷിപ്പൂ, ശാന്തി ഓം ശാന്തി ഓം.”

ആശയ വിശദീകരണം

  കാടിനും ഞാനെന്തു പേരിടും.? കാടിനു ഞാനെന്റെ പേരു തന്നെ ഇടും എന്ന് കവി പറയുന്നു. പേരുകളാണ് എല്ലായിടത്തും. സൂര്യനും ചന്ദ്രനും ഭൂമിയും എന്നു വേണ്ട പേരുകളാണ് സർവ്വചരാചരങ്ങളെയും അടയാളപ്പെടുത്തുന്നത്. പേരുകൾക്കുള്ളിലാണ് ദൈവം ഇരിക്കുന്നത്. പേരും ദൈവവും ഒന്നു തന്നെയല്ലേ ?. ഞാനും നിങ്ങളും ഈ കാടും കിനാവുകളും അണ്ഡകടാഹവും ഒന്നുതന്നെയല്ലയോ?. പൂർണ്ണമതേ ഇതു പൂർണ്ണം . മനോവസ്തു (മനസ്സ് ) പൂർണ്ണത്തിൽ നിന്നും ഒരു പൂർണ്ണമുണ്ടാകുന്നു. പൂർണ്ണത്തിൽ നിന്നും ഒരു പൂർണ്ണമെടുത്താലും പൂർണ്ണം തന്നെയാണ് ബാക്കിയുണ്ടാവുക. ശാന്തി ഓം. ശാന്തി ഓം എന്ന് കവി പറയുന്നു.

കാവ്യാവലോകനം

    പ്രകൃതിയെ വളരെയധികം സ്നേഹിച്ച കവിയാണ് ഡി.വിനയചന്ദ്രൻ. കാട് എന്നത് അദ്ദേഹത്തിന്റെ കവിതകളിൽ ആവർത്തിച്ചു വരുന്ന ബിംബമാണ്. ‘ കാടിന് ഞാനെന്ത് പേരിടും’ എന്നു ചോദിച്ച കവിതന്നെ കാടിന്നു ഞാനെന്റെ പേരിടും എന്ന ഗഹനമായ ഉത്തരവും കണ്ടെത്തുന്നുണ്ട്. കാട് എന്നത് നിരവധി മരങ്ങളും പടർപ്പുകളും അവസാനമില്ലാത്ത കല്ലുകളും കുന്നുകളും കൊടുമുടികളും താഴ്വാരങ്ങളും മേടുകളും ചേർന്ന ഒരിടമാണ് എന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. കാട് കവിക്ക് അനുഭവമാകുന്നത് നിരവധി ശബ്ദങ്ങളും ഗന്ധങ്ങളും കാറ്റുകളും കൊണ്ടാണ്. കാട്ടുതീ വന്നു കാടെല്ലാം നശിക്കുമ്പോൾ പ്രളയം കൊണ്ട് ഭൂമി വീണ്ടും പുനർജ്ജനിക്കുന്നു. ആദിയിലെന്നവണ്ണം മത്സ്യവും കൂർമ്മവും ബഡവകളും മൈനാകപർവ്വതവും നക്ഷത്രങ്ങളും വേദങ്ങളും നോഹയും മനുവും എല്ലാം പുതുതായി ഉയർന്നുവരുന്നു. കാട്ടിൽ പൂർവ്വജന്മങ്ങളെ പുൽകി നിൽക്കുന്ന നാമരൂപത്താൽ നാമറിയാത്ത അനേകം ജീവികളും ബന്ധുമിത്രാദികളും വൃക്ഷങ്ങളും പൂവുകളും പക്ഷികളുമുണ്ട്. കാട് പ്രപഞ്ചമാതാവിന്റെ പാദസരങ്ങളിലൊന്നാണ്. അതിന് ഉണ്ടാകുന്ന മാറ്റം കാലത്തിന് ഉന്മേഷം നൽകുന്നു. കാടിനുണ്ടാകുന്ന മാറ്റങ്ങളാണ് കാലത്തിനു തന്നെ മാറ്റങ്ങളാവുന്നത്. കാടെന്നാൽ ഞാൻ തന്നെയാണ്. എന്റെ പേരാണ് കാടിനും ചേരുന്നത് . സൂര്യനൊപ്പവും ചന്ദ്രനൊപ്പവും സഞ്ചരിക്കുന്നത് ഈ പേരുകളാണ്. സർവ്വചരാചരങ്ങളെയും ഉൾക്കൊള്ളുന്ന കാട് എന്ന പേരും ദൈവമെന്ന പേരും ഒന്നു തന്നെയാണ്. ഞാനും നിങ്ങളും കാടും അണ്ഡകടാഹവുമെല്ലാം ഒന്നു തന്നെയാണെന്ന്  തിരിച്ചറിയുന്ന പൂർണ്ണതയിൽ നിന്ന് ശാന്തി ലഭിക്കുന്നു എന്ന് കവി കവിതയിലൂടെ ഉത്ഘോഷിക്കുന്നു.

Recap

 • ഡി.വിനയചന്ദ്രന്റെ സാഹിത്യലോകം .
 • ഡി.വിനയചന്ദ്രന്റെ കവിതകളുടെ സവിശേഷതകൾ
 • ഡി.വിനയചന്ദ്രന്റെ സമകാലിക കവികൾ
 • കാട് എന്ന കവിതയുടെ സാരാംശം
 • കാട് കവിക്കു നൽകുന്ന അനുഭൂതികൾ, ബിംബങ്ങൾ .
 • കാടിനു ഞാനെന്തു പേരിടും എന്ന ചിന്ത.
 • കാട് ഉൾക്കൊള്ളുന്ന ജീവജാലങ്ങളുടെ പേരുകൾ .
 • പ്രളയത്തിനു ശേഷമുയിർകൊള്ളുന്ന സർവ്വചരാചരങ്ങളുടെയും സൂചന.
 • ഹൈന്ദവ – ക്രൈസ്തവ ഉല്പത്തികഥകളുടെ സംലയനം
 • സൂര്യന്റെയും ചന്ദ്രന്റെയും രഥവേഗസഞ്ചാര ഗതികൾ പേരിനൊപ്പം നടക്കുന്ന സൂര്യചന്ദ്രൻമാർ
 • ഞാനും കാടും നിങ്ങളും ഒന്നു തന്നെയാണ് എന്ന തിരിച്ചറിവ് നൽകുന്ന പൂർണ്ണത

Questions

 1. കായിക്കരയിലെ കടൽ, എന്ന കവിതാ സമാഹാരം എഴുതിയതാര്?
 2. വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, എന്നീ കവിതാസമാഹാരങൾ ആരുടേതാണ്?
 3. രാപകലെണ്ണിയടങ്ങാത്തതായി എന്താണ് കവി അനുഭവിക്കുന്നത് ?.
 4. ഓരോ നിഴലും എന്തായാണ് കവിസങ്കല്പിക്കുന്നത്.?
 5. കാട്ടിൽ നട്ടുച്ച നേരത്തും എന്താണുള്ളത്?
 6. കാടിനെ എന്തായാണ് കവി നിർവചിക്കുന്നത് ?
 7. സൂര്യന്റെ തേരാളിയാര്?
 8. സംജ്ഞാ ,ഛായ എന്നിവരാരാണ്?
 9. കാവ്യഹംസങ്ങൾക്കു ശ്രീരാജഹംസമായി ചന്ദ്രന്റെ കൂടെ നടക്കുന്നതെന്ത്?
 10. സൂര്യനും ചന്ദ്രനും ഭൂമിയും അണ്ഡകടാഹവും ഞാനും കാടും എന്താണെന്നാണ് കവി പറയുന്നത്?
 11. കാട്ടിൽ നട്ടുച്ച നേരത്തും എന്തുണ്ടെന്നാണ് കവി പറയുന്നത്?
 12. കാട്ടിൽ സൂര്യന്റെ തേരും വെളിച്ചവുമുള്ളത് എപ്പോഴാണെന്നാണ് കവി പറയുന്നത് ?
 13. ആർക്കാണ് കവി അദ്ദേഹത്തിന്റെ പേരിടുന്നത്?
 14. എവിടെയാണ് പെരുമാളിരിക്കുന്നത്?
 15. എന്തിനെയാണ് കവി വെയിലിന്റെ പൂക്കളായി കാണുന്നത് ?

Answers

 1. ഡി. വിനയചന്ദ്രൻ
 2. ഡി.വിനയചന്ദ്രൻ
 3. ഗന്ധങ്ങൾ
 4. വെയിലിന്റെ പൂക്കളം
 5. നിലാവ്
 6. പ്രപഞ്ചമാതാവിന്റെ പദസരങ്ങളിൽ ഒന്നിന്റെ ശബ്ദം
 7. അരുണൻ
 8. സൂര്യന്റെ പത്നിമാർ
 9. പേരുകൾ
 10. എല്ലാം ഒന്നു തന്നെയാണ് എന്നാണ് കവി പറയുന്നത്
 11. നിലാവ്
 12. രാത്രിയിൽ
 13. കാടിന്
 14. പേരുകൾക്കുള്ളിൽ
 15. നിഴലിനെ

Assignment topic

 • ആധുനിക കവിതകളുടെ സവിശേഷതകൾ വിവരിക്കുക.
 • കാട് എന്ന കവിതക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
 • ഡി.വിനയചന്ദ്രന്റെ കാവ്യജീവിതത്തെക്കുറിച്ച് കുറിപ്പെഴുതുക

References

 1. രവീന്ദ്രൻ.പി.പി, ‘ഇടയില്ലായ്മയിൽ ഒരിടം’ – ഹാരിസ് വി.സി, ഉമർ തറമേൽ, എഡിറ്റേഴസ്, ശ്രദ്ധ – 2004, റെയ്ൻബോ ബുക്‌സ്, ചെങ്ങന്നൂർ .
 2. ഉണ്ണിക്കൃഷ്ണൻ.വി.കെ., ‘ശിവനടനത്തിന്റെ വാഗർത്ഥ ദീപ്തി‘ – ഹാരിസ് വി.സി, ഉമർ തറമേൽ, എഡിറ്റേഴസ്, ശ്രദ്ധ – 2004, റെയ്ൻബോബുക്‌സ്, ചെങ്ങന്നൂർ .

E- content

 • ഡി.വിനയചന്ദ്രൻ