Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
BA Malayalam
About Lesson

യൂണിറ്റ് – 11

അല്ലാതെന്ത്

                                         ടി. പി. വിനോദ്

Learning Outcomes

  • ഉത്തരാധുനിക കവിതയുടെ പൊതുസ്വഭാവങ്ങൾ വെളിവാക്കുന്നു
  • ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകമെമ്പാടും ആവിർഭവിച്ച നൂതന പ്രവണതയായ ഉത്തരാധുനികതയെപ്പറ്റി മനസിലാക്കുന്നു.
  • മലയാളത്തിലെ ഉത്തരാധുനിക കവികളേയും കൃതികളെയും പറ്റി അറിയുന്നു.
  • അല്ലാതെന്ത് എന്ന കവിതയിൽ വെളിവാക്കുന്ന നൂതന പ്രവണതകളെ തിരിച്ചറിയുന്നു.
  •  ടി.പി. വിനോദിന്റെ കാവ്യരീതി പരിചയപ്പെടുന്നു.

Prerequisites

         നാട്ടിൽ സന്തോഷമായാലും സങ്കടമായാലും പൊതുവേ പറയുന്ന ഒരു വാചകമുണ്ട്. ഒരാൾക്ക് സന്തോഷമമുണ്ടായാൽ പറയും അയാളുടെ ഭാഗ്യം, അല്ലാതെന്ത്, എന്നാൽ സങ്കടമായാൽ അയാളുടെ കഷ്ടകാലം അല്ലാതെന്ത്: ഇത്തരത്തിൽ സ്ഥാനത്തും അസ്ഥാനത്തും നാം ഈ പദം പ്രയോഗിക്കാറുണ്ട്. ആ പദത്തിലുള്ള ഒരു കവിതയാണ് നമുക്ക് പഠിക്കാനുള്ളത്. ടി.പി. വിനോദിന്റെ   ‘അല്ലാതെന്ത്’ – ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആവിർഭവിച്ച ഉത്തരാധുനികതയുടെ പ്രധാന സവിശേഷത അത് അന്നുവരെയുണ്ടായിരുന്ന കവിതയുടെ പാരമ്പര്യഘടകങ്ങളെ നഖശിഖാന്തം എതിർത്തു എന്നതാണ്. സാമൂഹികാവബോധം പ്രതിഫലിക്കുന്നതിലൂടെ സാഹിത്യ സൃഷ്ടികളുടെ സ്വഭാവികധർമ്മം നിറവേറ്റിക്കൊണ്ടാണ് ഉത്തരാധുനിക കവിതകൾ രചിക്കപ്പെടുന്നത്. മലയാള സാഹിത്യത്തിലെ പ്രസിദ്ധരായ ഉത്തരാധുനിക കവികൾ എം.ആർ.രേണുകുമാർ, കെ. ആർ.ടോണി, എസ് ജോസഫ്, പി.രാമൻ, എം.എസ്.ബനേഷ്, വി.എം.ഗിരിജ,  ടി.പി. വിനോദ്, അനിത തമ്പി, ഡോണ മയൂര, ടി.പി. രാജീവൻ, ബിന്ദു കൃഷ്ണ തുടങ്ങിയവരാണ്.

                            2006 മുതൽ ലാപുട – എന്ന മലയാളകവിതാ ബ്ലോഗിൽ ടി.പി.വിനോദ് എഴുതുന്നു. അല്ലാതെന്ത്, നിലവിളിയെ കുറിച്ചുള്ള കടങ്കഥകൾ എന്നിവ കവിതാ സമാഹാരങ്ങളാണ്. മിനിമൈസ് ഭാഷ ( ചുരുക്ക ഭാഷ ) അദ്ദേഹത്തിന്റെ കവിതയുടെ പ്രത്യേകതയാണ്. ചുരുക്ക ഭാഷയിലാണീ കവിത രചിച്ചത് : ഗണിതശാസത്തിലെ ജ്യാമതീയ പ്രശ്നങ്ങളിൽ ബീജഗണിതരീതിയായ കാർട്ടീഷ്യൻ പദ്ധതിയും തന്റെ കവിതകളിൽ അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്.

Key words

ഉത്തരാധുനിക കവിത – ബിംബ ഭാഷ, കാർട്ടീഷ്യൻ രീതി – ധ്വന്യാത്മകത -മിനിമൈസ് ഭാഷ – ദൃശ്യവത്കരണം

4.11.1. Content

വരികൾ

നിങ്ങൾക്ക് സങ്കടം തോന്നുന്നു

സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം

സങ്കടത്തെ പിന്തുടരുന്നു. (അല്ലാതെന്ത് ?)

ആശയ വിശദീകരണം.

ഉത്തരാധുനിക കവിതയുടെ പ്രമേയം വ്യത്യസ്തവും നൂതനങ്ങളുമായിരിക്കും. അത്തരത്തിൽ മനുഷ്യൻ അനുഭവിക്കത്ത ഏകാന്തതയുടെ വ്യത്യസ്ത ഭാവങ്ങളെ വരച്ചുകാട്ടുകയാണ് കവി. ഇവിടെ മറ്റൊരാളിന്റെ സങ്കടം കവി തിരിച്ചറിയുന്നു. ഭാരതീയ കവിസങ്കല്പത്തിൽ ഈ ക്രാന്തദർശിത്വത്തിനു (മുൻകൂട്ടി കാര്യങ്ങൾ കാണാനുള്ള കഴിവ്) വളരെയേറെ പ്രാധാന്യമുണ്ട്. അത്തരത്തിൽ സാമൂഹിക ജീവിയായ കവി മറ്റൊരാളുടെ സങ്കടത്തെ തിരിച്ചറിയുന്നു. മാത്രമല്ല അതിന്റെ കാരണത്തെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യുന്നു. ഇപ്രകാരം സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം സങ്കടത്തെ പിന്തുടരുന്നുമുണ്ട് . എല്ലാറ്റിനും അവസാനം അല്ലാതെന്ത് എന്ന ആശ്വാസ വാക്കിൽ അഭയം പ്രാപിക്കുന്നു.

വരികൾ

നിങ്ങൾക്ക് സന്തോഷം തോന്നുന്നു

സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം

സന്തോഷത്തിന്റെ തോളിൽ കൈയിട്ട് വരുന്നു

(അല്ലാതെന്ത് ? )

നിങ്ങൾക്ക് മടുപ്പ് തോന്നുന്നു

മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പ്

മടുപ്പിനോട് നിഴലായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു

(അല്ലാതെന്ത്?)

ആശയ വിശദീകരണം.

സങ്കടത്തിനു ശേഷമുണ്ടായ സന്തോഷത്തെയാണ് കവി അടുത്തതായി സൂചിപ്പിക്കുന്നത്. സന്തോഷം തോന്നുന്നുവല്ലോ എന്ന സന്തോഷം നിങ്ങൾക്ക് സമ്മാനിക്കുന്നത് സന്തോഷമാണെന്ന് കവി പറയുന്നു. അതാവട്ടേ സന്തോഷത്തിന്റെ തോളിൽ കൈയിട്ടു കൊണ്ടാണ് വരുന്നത്. അതിനാൽ നിങ്ങൾ പൂർണ്ണ സന്തോഷവാനാണെന്ന് കവി അനുമാനിക്കുന്നു. എന്നാൽ മാറിവരുന്ന സങ്കടത്തിനും സന്തോഷത്തിനും ശേഷം നിങ്ങൾക്കുണ്ടാകുന്നത് മടുപ്പാണെന്ന് കവി കണ്ടെത്തുന്നു. മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പിനോട് ഘടിപ്പിക്കപ്പെട്ടിരിക്കുന്നത് നിഴലാണെന്നും കവി പറയുന്നു. സന്തോഷത്തിനവസാനവും അല്ലാതെന്ത്? എന്ന ഭംഗിവാക്കോടെ കവി അടുത്ത ഭാഗത്തേക്കു കടക്കുന്നു.

വരികൾ

പക തോന്നുന്നല്ലോ എന്ന പക

നാഡികളിലൂടെയിരമ്പുന്ന വഴിക്ക് എതിരെ വന്ന

സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ

കണ്ണിറുക്കി കാണിച്ചതായി

തത്ത്വചിന്ത തോന്നുന്നല്ലോ എന്ന

തത്ത്വചിന്ത റിപ്പോർട്ടു ചെയ്യുന്നു.

(അല്ലാതെന്ത്?)

അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്?

എന്നീ തോന്നലുകളിലൂടെ

നിങ്ങളെ നിങ്ങൾക്ക് തോന്നി കൊണ്ടിരിക്കുന്നു.

(അല്ലാതെന്ത്?)

ആശയ വിശദീകരണം

ഇവിടെ സ്നേഹം, പക, എന്നീ മനുഷ്യവികാരങ്ങളുടെ വ്യത്യസ്ത തലങ്ങൾ കവി സൂചിപ്പിക്കുന്നു. അല്ലാതെന്ത് എന്ന തോന്നലുകളിലൂടെ നിങ്ങൾ തന്നെ നിങ്ങളെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു എന്ന് കവി വിശദമാക്കുന്നു. ഇങ്ങനെ പറയുന്നതിലൂടെ കവി വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടെ വ്യത്യസ്തമായ വിനിമയത്തെയാണ് സൂചിപ്പിക്കുന്നത്. പരസ്പര ബന്ധമില്ലാതെ വിഷയങ്ങളെ ഏകോപിപ്പിക്കുകയെന്നത് ഉത്തരാധുനിക കവിതയുടെ പൊതു സവിശേഷതയാണ്. ഇത്തരത്തിലുള്ള വിരുദ്ധമായ പ്രതീകങ്ങളാണ് ഇവിടെ കവി അവതരിപ്പിച്ചിരിക്കുന്നത്.

Recap

  • ഉത്തരാധുനിക കവിതയുടെ സവിശേഷതകൾ മനസിലാക്കുന്നു.
  • സാങ്കേതികവിദ്യയുടെ അവിഭാജ്യ ഘടകമായ മിനിമൈസിനെ കവിതയിൽ ആരോപിക്കുന്ന നൂതന രീതി, ഉത്തരാധുനിക കവിതയുടെ നൂതന ആഖ്യാനതന്ത്രം, ഇവയൊക്കെ ഈ കവിത വരച്ചുകാട്ടുന്നു.
  • സമകാലിക ജീവിതാവസ്ഥയിൽ ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയാണീ കവിതയിലൂടെ വെളിവാകുന്നത്.
  • ഒരേ സമയം അനേകം തലങ്ങളിലൂടെ, വ്യത്യസ്ത അനുഭവങ്ങളിലൂടെ (സങ്കടം, സന്തോഷം) സഞ്ചരിക്കേണ്ടിവരുന്ന മനുഷ്യരുടെ വ്യക്തിനിഷ്ഠമായ വിഹ്വലതകളാണിവിടെ പ്രതിപാദിക്കുന്നത്.
  • ഏതു പ്രശ്നങ്ങളെയും പ്രതീകാത്മകമായി നിസ്സാരവത്ക്കരിക്കുന്ന രീതിയിൽ ‘അല്ലാതെന്ത് ‘ എന്ന പുതുകവിതയുടെ സ്വഭാവം ഈ കവിത വരച്ചുകാട്ടുന്നു.

Questions

  1. സന്തോഷത്തിന്റെ തോളിൽ കൈയ്യിട്ടു വരുന്നത് എന്താണെന്നാണ് കവി പറയുന്നത്?
  2. മടുപ്പ് എന്തിനോട് ഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് കവി പറയുന്നത്?
  3. അല്ലാതെന്ത്? എന്ന കവിതയിൽ ഏതൊക്കെ മനുഷ്യവികാരങ്ങളെയാണ് കവി അവതരിപ്പിക്കുന്നത്?
  4. ഈ കവിതയിൽ സങ്കടത്തെ പിന്തുടരുന്നത് എന്താണെന്നാണ് കവി പറയുന്നത്?
  5. ഈ കവിതയിൽ പകവരുന്ന വഴി ഏതാണ്?
  6. നാഡികളിലൂടെ ഇരമ്പുന്ന വഴിക്ക് എതിരെ വരുന്നതെന്താണെന്നാണ് കവി പറയുന്നത് ?
  7. ഈ കവിതയിൽ തത്ത്വചിന്ത റിപ്പോർട്ട് ചെയ്യുന്നതെന്ത്?
  8. ടി.പി.വിനോദിന്റെ കവിതയുടെ പ്രധാന പ്രത്യേകതകൾ എന്താണ്?
  9. കവിയുടെ പ്രധാന കവിതാ സമാഹാരങ്ങൾ ഏതെല്ലാം?
  10. ടി.പി.വിനോദ് എഴുതുന്ന കവിതാ ബ്ലോഗ് ഏതാണ് ?

Answers

  1. സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം
  2. നിഴലിനോട്
  3. സങ്കടം, സന്തോഷം, മടുപ്പ്, പക, സ്നേഹം, തത്ത്വചിന്ത
  4. സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം
  5. നാഡികളിലൂടെ ഇരമ്പുന്ന വഴി
  6. സ്നേഹം
  7. സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ കണ്ണിറുക്കി കാണിച്ചതായാണ് .
  8.  പ്രതീകാത്മകത, കാർടീഷ്യൻ രീതി, മിനിമൈസ്സ് ഭാഷ
  9. അല്ലാതെന്ത് ?, നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ
  10. ലാപുട

Assignment topic

  1. ഉത്തരാധുനിക കവിതയുടെ പ്രത്യേകതകൾ ചർച്ച ചെയ്യുക.
  2. ‘അല്ലാതെന്ത്’ എന്ന കവിതയിലൂടെ ആവിഷ്കൃതമാകുന്ന ഉത്തരാധുനിക പ്രവണതകളെക്കുറിച്ച് വിവരിക്കുക.

References

  1. കെ.പി. അപ്പൻ – ഉത്തരാധുനികത – വർത്തമാനവും വംശാവലിയും,ഡിസി ബുക്സ് ,കോട്ടയം .
  2. പി.കെ. പോക്കർ – ആധുനികോത്തരതയുടെ കേരളീയ പരിസരം, ലീഡ് ബുക്‌സ് കോഴിക്കോട്.
  3. വി.സി.ശ്രീജൻ – ആധുനികോത്തരം : വിമർശവും വിശകലനവും.
  4. ടി.ടി. ശ്രീകുമാർ – ഉത്തരാധുനികതക്കപ്പുറം,ഡിസി ബുക്സ് ,കോട്ടയം .

E- content

ടി.പി. വിനോദിന്റെ ചിത്രം

https://www.google.com/url?sa=t&rct=j&q=&esrc=s&source=video&cd=&cad=rja&uact=8&ved=2ahUKEwjMnMrzt9L4AhXT8DgGHaeUB_8QtwJ6BAgJEAI&url=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DEzrgx88fVto&usg=AOvVaw3l04cUq-9Jw1f0RSs6Mz0d