യൂണിറ്റ് – 2
അച്ഛനും മകളും
വള്ളത്തോൾ നാരായണമേനോൻ (1878 – 1958)
Learning Outcomes
|
Prerequisites
“ഭാരതമെന്നപേർ കേട്ടാലഭിമാന -പൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാൽ തിളയ്ക്കണം, ചോര നമുക്കു ഞരമ്പുകളിൽ’ എന്ന വരികൾ കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും.ഭാരതത്തിലെങ്ങും സ്വാതന്ത്ര്യ ചിന്തകൾ നിറഞ്ഞുനിന്ന കാലത്ത് മലയാളികളെ പുളകം കൊള്ളിച്ച വള്ളത്തോളിന്റെ വരികളാണത്. നിരവധി സാഹിത്യ സംഭാവനകൾ കൈരളിക്കു നൽകിയ വള്ളത്തോൾ ആധുനിക കവിത്രയത്തിലെ പ്രധാനിയാണ്. ഉള്ളൂരിനും ആശാനും സമകാലികമായാണ് വളളത്തോൾ തന്റെ കാവ്യസപര്യ നടത്തിയത്. മഹാകാവ്യങ്ങളും ഖണ്ഡ കവിതകളും രചിച്ചിട്ടുണ്ടെങ്കിലും വള്ളത്തോൾ മലയാള കവിതാലോകത്ത് അറിയപ്പെടുന്നത് ദേശീയതയുടെ കവിയായാണ്. സ്വാതന്ത്ര്യ സമരകാലത്തെ അദ്ദേഹത്തിന്റെ രചനകൾ അതിന് സാക്ഷ്യം വഹിക്കുന്നു. ദേശീയ സമര കാലത്ത് ഭാരതഭാഷകളിലെ അനേകം കവികൾ ദേശീയാഭിമാനപ്രചോദിതരായി പൂർവ്വകാല മഹത്വത്തെ പ്രകീർത്തിക്കുന്ന കൃതികളെഴുതി. അന്ന് കേരളത്തിൽ ഈ പൂർവ്വകാലഭാരതത്തിന്റെ ശബ്ദം ഉച്ചത്തിൽ മുഴക്കിയത് വള്ളത്തോളായിരുന്നു. 1936 ൽ രചിക്കപ്പെട്ട അച്ഛനും മകളും എന്ന ഖണ്ഡകാവ്യം ഇതിനുദാഹരണമാണ്. ശിഷ്യനും മകനും, കൊച്ചുസീത, അച്ഛനും മകളും തുടങ്ങി ഹൈന്ദവ ഇതിവൃത്തപ്രധാനമായ വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾക്കൊപ്പം ക്രൈസ്തവ ഇതിവൃത്തത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയതാണ് മഗ്ദലനമറിയം. ഗാന്ധിജിയെ കേന്ദ്രകഥാപാത്രമാക്കിയ രചനയാണ് ബാപ്പുജി. വള്ളത്തോളിന്റെ “അച്ഛനും മകളും’ എന്ന ഖണ്ഡകാവ്യമാണ് പാഠ്യവിഷയം. മലയാളത്തിൽ ആധുനിക ഖണ്ഡകാവ്യങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് രചിക്കപ്പെട്ടത്.ഏ.ആറിന്റെ മലയവിലാസ(1895)മാണ് മലയാളഖണ്ഡകാവ്യങ്ങൾക്ക് തുടക്കം കുറിച്ചത്. ലക്ഷണമൊത്ത ആദ്യഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവ് (1907) ആണ്. ജീവിതത്തിലെ വളരെ പ്രധാനമായ ഒരു സംഭവമോ ഭാവമോ ആശയമോ മാത്രം കേന്ദ്രീകരിച്ച് കഥപറയുന്നതാണ് ഖണ്ഡകാവ്യത്തിന്റെ സ്വഭാവം.ഒരു ജീവിതാനുഭവമോ സംഭവമോ അതിന് ഇതിവൃത്തമാവാം. അത് പുരാണപ്രസിദ്ധമോ സമകാലികമോ ആവാം. ഭാവനയും മിതത്വവും, ആശയലാളിത്യവും, ഭാവോജ്ജ്വലതയും ഖണ്ഡകാവ്യങ്ങളുടെ പ്രത്യേകതകളാണ്. ഭാവാത്മകത, വികാരപരത, ആദർശാത്മകത തുടങ്ങിയ കാല്പനികസ്വഭാവങ്ങൾ ഖണ്ഡകാവ്യങ്ങളിൽ കാണാനാവും. ഏകാഗ്രമായി ഒരുകഥ പറയുന്നതിനാൽ ഖണ്ഡകാവ്യത്തിൽ വർണ്ണനകൾ അധികമുണ്ടാവില്ല. കഥയുടെ ഭാവാവിഷ്കാരമാണ് അതിൽ പ്രധാനം. വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകൾ അതിന് വിഷയമാവുന്നു. ശബ്ദസൗകുമാര്യംകൊണ്ട് ആധുനിക മലയാള കവിത്രയത്തിൽ വള്ളത്തോൾ ശ്രദ്ധേയനായ കവിയാണ്. ചിത്രയോഗമാണ് വള്ളത്തോൾ രചിച്ച മഹാകാവ്യം. ബധിരവിലാപം വള്ളത്തോളിന്റെ ആത്മകഥാപരമായ കൃതിയാണ്. “സാഹിത്യമഞ്ജരി’ എന്നപേരിൽ സ്വന്തം കാവ്യ സമാഹാരങ്ങൾ അദ്ദേഹം തയ്യാറാക്കുകയും ചെയ്തു. വാത്മീകിയുടെ രാമായണം, ഋഗ്വേദം എന്നിവയുടെ വിവർത്തനവും വള്ളത്തോൾ നിർവ്വഹിച്ചു. ശങ്കരാചാര്യരെപ്പറ്റി വള്ളത്തോൾ രചിച്ച കവിതയായിരുന്നു മലയാളത്തിന്റെ തല. മലയാളത്തിന്റെ പ്രശസ്തി ലോകത്തോളം എത്തിച്ച കഥകളിയുടെ പരിപോഷണത്തിനുവേണ്ടി കേരള കലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോൾ ആയിരുന്നു. വാഗ്ദേവിയുടെ പുരുഷാവതാരമെന്ന് കുട്ടികൃഷ്ണമാരാരും, കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി എന്ന് എം.ലീലാവതിയും വിശേഷിപ്പിച്ച കവിയാണ് വള്ളത്തോൾ. “മഴവില്ലിന്റെ പിന്നിൽ നീലാകാശമെന്ന പോലെ, വള്ളത്തോളിന്റെ എല്ലാ കവിതകൾക്കു പിന്നിലും വേദ പുരാണേതിഹാസങ്ങളിൽ നിന്നൂറിക്കൂടിയ ഒരു സംസ്കാരവിശേഷം കാണാമെന്ന്’ പ്രൊഫ. എം.കെ.സാനു അഭിപ്രായപ്പെടുന്നു. |
Key words
ആധുനിക കവിത്രയം -ശബ്ദ സൗകുമാര്യം – ഖണ്ഡകാവ്യം – പുരാണ കഥകൾ – മഹാകാവ്യം – ഭാവാത്മകത – വികാരപരത – കാല്പനികത – ആദർശാത്മകത
2.2.1. Content
വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അച്ഛനും മകളും .ശാകുന്തളം നാടകത്തിലെ ഒരു സന്ദർഭമാണ് ഖണ്ഡകാവ്യ രചനക്കായി വള്ളത്തോൾ തെരഞ്ഞെടുത്തത്. ഭാവതീവ്രതയോടെ ഈ സന്ദർഭത്തെ ഖണ്ഡകാവ്യത്തിന്റെ ചട്ടക്കൂടിലേക്ക് കവി സന്നിവേശിപ്പിച്ചിട്ടുണ്ട്. കവിതയ്ക്കാസ്പദമായ പുരാണകഥ താഴെ പറയും പ്രകാരമാണ്.
ഭർത്താവായ ദുഷ്യന്തനാൽ ഉപേക്ഷിക്കപ്പെട്ട ശകുന്തളയെ, അമ്മയായ മേനക കശ്യപാശ്രമത്തിൽ എത്തിച്ചു. അവിടെ വച്ചു ജനിച്ച പുത്രനാണ് സർവ്വദമനൻ. ഭർത്തൃവിരഹത്താൽ കശ്യപാശ്രമത്തിൽ ശകുന്തള ജീവിക്കുന്ന കാലം. അന്നൊരിക്കൽ കശ്യപമഹർഷിയെ കണ്ടു വന്ദിക്കാനായി വിശ്വാമിത്രമഹർഷി അവിടെയെത്തി. കശ്യപാശ്രമത്തിൽ വച്ച് കണ്ട തേജസ്സുള്ള ബാലനെയും അവന്റെ അമ്മയെയും കണ്ടപ്പോൾ വിശ്വാമിത്രന് മേനകയെ ഓർമ്മവന്നു. തുടർന്നുണ്ടായ സംഭാഷണത്തിൽ തന്റെ മകളാണ് ശകുന്തളയെന്നും ദുഷ്യന്തനാൽ പരിത്യക്തയാണവളെന്നും വിശ്വാമിത്രൻ അറിയുന്നു. മകളെ വേദനിപ്പിച്ച ദുഷ്യന്തനെ ശപിക്കാനോങ്ങിയ കൈയിൽ കടന്നു പിടിച്ച് ശകുന്തള അരുതേയെന്ന് യാചിക്കുന്നു. സമുചിതമായ ഇടപെടലാൽ ശകുന്തള ശാപ വാക്കുകൾക്കു പകരം അനുഗ്രഹാശിസ്സുകൾ നേടുന്നു. ഇതാണ് കഥാസന്ദർഭം.
വരികൾ -1 – 8
ഗുരുപാദരെക്കണ്ടു വന്ദിപ്പാൻ…
….. ഭഞ്ജിച്ചുദിച്ചൂ പണ്ടേകദാ.
അർത്ഥ വിശദീകരണം
ഗുരുപാദർ = ബഹുമാന്യനായ ഗുരു.
ആനകം = പെരുമ്പറശബ്ദം, ഇടിമിന്നലിന്റെ ശബ്ദം.
മന്ദ്രസ്നിഗ്ദ്ധം = ഹൃദ്യമായസ്വരം.
സൂക്തം = നല്ലവാക്ക്.
പോക്കുവെയിൽ = പോകുന്നവെയിൽ , വൈകുന്നേരത്തെ വെയിൽ .
ഹേമകൂടശൈലം = ഹിമവാനും മേരുവിനും ഇടയ്ക്കുള്ള ഒരു പർവ്വതം.
പണ്ടേകദാ = പണ്ടൊരിക്കൽ .
പാർശ്വേ = സമീപത്ത്.
അപരാഹ്നം = ഉച്ചകഴിഞ്ഞസമയം
ഭഞ്ജിച്ച് = മുറിച്ച്
ഏകദാ = ഒരിക്കൽ .
ആശയ വിശദീകരണം
“ശുനശ്ശേഫ, നീ പോയി ആദരണീയനായ കശ്യപമഹർഷിയെ കണ്ട് എനിക്ക് (വിശ്വാമിത്ര മഹർഷിയ്ക്ക്) അദ്ദേഹത്തെ കാണാൻ പറ്റുന്ന സമയം ചോദിച്ചിട്ടുവരിക. ഞാനിങ്ങ് ഈ അശോകത്തിന്റെ തണലിൽ നില്ക്കാം ” എന്ന് പെരുമ്പറയുടെ മുഴക്കംപോലെയും എന്നാൽ ഹൃദ്യമായുമുള്ള വാക്ക് ഉയർന്നുകേട്ടു. വൈകുന്നേരത്തെ വെയിൽ തട്ടുമ്പോൾ സ്വർണ്ണമുരുക്കിയൊഴിച്ചതുപോല തിളങ്ങിക്കൊണ്ടിരിക്കുന്ന ഹേമകൂടപർവ്വതത്തിന്റെ അരികിൽ പണ്ടൊരിക്കൽ, കശ്യപാശ്രമത്തിലെ കാട്ടിൽ ഒരിടത്ത് ഉച്ചകഴിഞ്ഞ സമയം അവിടുത്തെ നിശ്ശബ്ദതയെ നശിപ്പിച്ചുകൊണ്ടായിരുന്നു വിശ്വാമിത്രന്റെ വാക്കുകൾ കേട്ടത്. ഹേമകൂടപർവ്വതത്തിന് സ്വർണ്ണനിറമാണ്. അത് വെയിൽ തട്ടി തിളങ്ങുന്ന മനോഹാരിത അവതരിപ്പിക്കുന്നു. സ്വർണ്ണവർണ്ണമായ ഹേമകൂടപർവ്വതം പോക്കുവെയിലേറ്റപ്പോൾ പൊന്നുരുക്കി ഒഴിച്ചതുപോലെ മിന്നിത്തിളങ്ങി എന്നവരികളിൽ അലങ്കാരം ഉപമ.
ലക്ഷണം–
“ഒന്നിനൊന്നോടു സാദൃശ്യം
ചൊന്നാലുപമയാമത്”.
വരികൾ – 8 – 16
നതനാ സ്വശിഷ്യനെ….
…..ഇവനി കാണുന്നതും.
അർത്ഥ വിശദീകരണം
നതൻ = നമസ്കരിച്ചവൻ.
ജയന്തൻ = ദേവേന്ദ്രന്റെ പുത്രൻ.
ആശയ വിശദീകരണം
കശ്യപമഹർഷിയോട് സമയം അന്വേഷിക്കാൻ ആശ്രമത്തിൽ പോയ ശുനശ്ശേഫനെ- യാത്രയയച്ചുകൊണ്ട് തപസ്വിയും അതിഥിയുമായ വിശ്വാമിത്രമഹർഷി അശോകമരത്തിന്റെ തണലിൽ എത്തി. അപ്പോഴേക്കും “ഞാൻ കാട്ടിത്തരാമേ മുത്തച്ഛനെ’ എന്ന് മധുരമായി പറഞ്ഞുകൊണ്ട്, ഒരു ബാലൻ ഓടി വിശ്വാമിത്രമഹർഷിയുടെ അടുത്തെത്തി. (പാഞ്ഞുചെന്നു എന്നിടത്ത് കുട്ടിയുടെ നിർഭയത്വവും പ്രസരിപ്പും വ്യക്തമാവുന്നു.) കശ്യപ മഹർഷിയെ മുത്തച്ഛനെന്നു വിളിക്കുന്ന ഈ തങ്കക്കിടാവ് ആരാണ്? ദേവേന്ദ്രന്റെ പുത്രനോ?. ദേവേന്ദ്രപുത്രന് ഇത്രയും പ്രായമല്ലല്ലോ ഉള്ളത്. ഇവനിൽ കാണുന്നതു മനുഷ്യ സ്വഭാവമാണല്ലോ. ഇന്ദ്രൻ, കശ്യപന് ദിതിയിൽ ജനിച്ച പുത്രനാണ്. അതിനാൽ, ഇന്ദ്രപുത്രനായ ജയന്തനു കശ്യപൻ മുത്തച്ഛനാണ്. മുത്തച്ഛനെന്ന വാക്കും മഹാപുരുഷ ലക്ഷണങ്ങളും കണ്ടിട്ടാണ് കുട്ടി ജയന്തനാണോ എന്ന് വിശ്വാമിത്രൻ സംശയിച്ചത്. പെട്ടെന്ന് സംശയം മാറി. മനുഷ്യബാലന്റെ പൗരുഷതേജസ്സാണ്, കുട്ടിയിൽ കണ്ടത്.
വരികൾ – 17- 24
ആരിതെന്നാരായാനല്ല……….
…………………………………………………………….
……..ആതിരത്താരം പോലെ.
അർത്ഥ വിശദീകരണം
ആരായാൻ = അന്വേഷിപ്പാൻ
ഋഷിപ്രൗഢൻ = ഗംഭീരനായ ഋഷി
ചിക്കെന്ന് = ഉടനെ
വിമുക്തൻ = ഐഹിക ബന്ധങ്ങളിൽ നിന്നും വിടുതി പ്രാപിച്ചവൻ
അ-സിതം = വെളുത്തതല്ലാത്ത, കറുത്ത.
അസിതാകാശോദ്ദേശം = കറുത്ത ആകാശത്തിന്റെ ഒരു ഭാഗം.
ആതിരത്താരം = തിരുവാതിര നക്ഷത്രം.
പൂണ്ടാൻ = പുണർന്നു.
പെരിയബാഹുക്കളാൽ = നീണ്ട കൈകളാൽ .
ആശയ വിശദീകരണം
ആരാണിതെന്ന് അറിയാനല്ല ഇവനെ പെട്ടെന്ന് തന്റെ നെഞ്ചത്തൊന്ന് അണപ്പാനാണ് – ആലിംഗനം ചെയ്യാനാണ്- ആ ശ്രേഷ്ഠനായ ഋഷി ആഗ്രഹിച്ചത്. അതിധൈര്യമുള്ള കുട്ടി ഐഹികബന്ധം ഉപേക്ഷിച്ച ഋഷിയെ വീണ്ടും അല്പസമയംകൊണ്ട് ഈ ലോക ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ആ പുണ്യസ്വരൂപൻ കുനിഞ്ഞു ഉണ്ണിയെ വാരിയെടുത്തു. നീണ്ട കൈകൾകൊണ്ട് സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചു. മാൻതോൽ കൊണ്ട് പൊതിഞ്ഞ തന്റെ നെഞ്ചിൽ ആ പൊൻകുഞ്ഞ് കറുത്ത ആകാശത്തിന്റെ ഒരു ഭാഗത്ത് തിളങ്ങുന്ന തിരുവാതിരനക്ഷത്രം പോലെ കാണപ്പെട്ടു. കറുത്ത ആകാശത്തിന്റെ ഒരു ഭാഗത്ത് തിളങ്ങുന്ന തിരുവാതിരനക്ഷത്രംപോലെ കാണപ്പെട്ടു എന്ന വരികളിലെ ഉപമ, കുട്ടിയുടെ തേജസും ആകർഷകത്വവും ബ്രഹ്മർഷിയുടെ വിശുദ്ധിയും മേന്മയും ധ്വനിപ്പിക്കുന്നു.
അലങ്കാരം – ഉപമ
വരികൾ 25 – 32
തോൾവരെ ഞാന്ന കുനുകുന്തളം…
…………………………………………………….
…..ചേർച്ചയാൽപ്പോലെ ബാലൻ.
അർത്ഥ വിശദീകരണം
കുനുകുന്തളം = ചുരുണ്ട തലമുടി.
ലീലായാസം = കളികളുടെ ആയാസം.
നേത്രരഞജ്കം = കൺകുളിർപ്പിക്കുന്ന.
ക്ഷാത്രതേജസ്സ് = ക്ഷത്രിയപ്രഭാവം.
കാമ്പ് = സാരാംശം.
അശങ്കം = ശങ്കകൂടാതെ.
ആശയ വിശദീകരണം
കുട്ടിയുടെ, തോൾവരെ തൂങ്ങിക്കിടക്കുന്ന ചുരുണ്ട തലമുടി, കളികളുടെ ആയാസംകൊണ്ടു പൊടിഞ്ഞ ഭംഗിയുള്ള വിയർപ്പിൽ (കുട്ടി കളിച്ചു നടന്നതുകൊണ്ടു പൊടിഞ്ഞ ഭംഗിയുള്ള വിയർപ്പ്.) പറ്റിപ്പിടിച്ചിരുന്നത് ഒരു കൈയിലെ വിരലുകൾകൊണ്ട് വിശ്വാമിത്രൻ പതുക്കെ ഒതുക്കി. കുട്ടിയുടെ പൂവുപോലെയുള്ള മൃദുലമായ കവിളിനോട്, അദ്ദേഹം തന്റെ താടിനീണ്ട മുഖം ചേർത്തു.(താടിനീണ്ട എന്ന വിശേഷണം വിശ്വാമിത്രന്റെ ദീർഘതപസിത്വത്തെ കുറിക്കുന്നു . ബാലമുഖത്തോടുള്ള വിപരീത അവസ്ഥയെ വെളിപ്പെടുത്തുന്നു. ധന്യപദം- അദ്ദേഹത്തിന് തപസ്സിന്റെ ഫലം ഇപ്പോഴാണ് ലഭിച്ചതെന്നു സൂചിപ്പിക്കുന്നു.) ആ ക്ഷത്രിയപ്രഭാവത്തിന്റെ മൊട്ടായ ബാലനും, ആദ്ധ്യാത്മിക തേജസ്സിന്റെ സാരാംശമായ വിശ്വാമിത്രനും കൺകുളിർപ്പിക്കും വിധം തമ്മിൽച്ചേർന്നു വിളങ്ങി. അറിയപ്പെടാത്ത ഏതോ ചേർച്ചകൊണ്ടെന്നപോലെ, ആ കുട്ടി അപരിചിതനായൊരാളിന്റെ തോളിൽ സംശയം കൂടാതെ തലചായ്ച്ചു. (കൂമ്പ് എന്ന പദം ബാലന്റെ പ്രഭാവം പൂർണ്ണമായിട്ടില്ല എന്ന് വ്യക്തമാക്കുന്നു. കാമ്പ്, വിശ്വാമിത്രന്റെ ബ്രഹ്മതേജസ്സ് പ്രൗഢമാണെന്നും സൂചന.) അറിയപ്പെടാത്ത ഏതോ ചേർച്ചകൊണ്ടെന്നപോലെ എന്ന ഭാഗത്ത് ഉപമ അലങ്കാരം.
വരികൾ – 33 – 40
മറ്റൊരു മുത്തച്ഛന്റെ ….
………………………………………………
….ഭഗവാന്നധികം സമാസ്വാദ്യം!
അർത്ഥ വിശദീകരണം
ഹൃഷ്ടൻ = സന്തോഷം അനുഭവിക്കുന്നവൻ, സന്തുഷ്ടൻ.
സ്വപരവ്യത്യാസങ്ങൾ = താനെന്നും അന്യനെന്നുമുള്ള വ്യത്യാസങ്ങൾ.
സാദരം = ആദരവോടുകൂടി.
സച്ചിദാനന്ദം = (സത്- ചിത്) പരമാത്മാവിലുള്ള ആനന്ദം.
സമാസ്വാദ്യം = അനുഭവയോഗ്യം.
ആശയ വിശദീകരണം
അപ്പോൾ സന്തോഷം അനുഭവിച്ച കുട്ടിയ്ക്ക്, വേറൊരു മുത്തച്ഛന്റെ ലാളനം അനുഭവപ്പെട്ടതായിട്ടാണോ തോന്നിയത്? (കുട്ടിയെ സംബന്ധിച്ചിടത്തോളം കശ്യപനും വിശ്വാമിത്രനും തമ്മിൽ വലിയ അന്തരമില്ല. കശ്യപമഹർഷി ശകുന്തളയുടെ പുത്രൻ സർവ്വദമനനെ ലാളിക്കുമായിരുന്നു എന്ന് സൂചന.) അല്ലെങ്കിൽ കുട്ടികൾക്ക് സ്വന്തമെന്നും അന്യരെന്നുമുള്ള വ്യത്യാസങ്ങളുണ്ടോ? മൃദുവായ ഏത് കൈയ്ക്കും ആ പൂക്കളെ തലോടാമല്ലോ. ഇവിടെ കവി നേരിട്ട് മഹർഷിയോട് ചോദിക്കുകയാണ്. “അല്ലയോ മഹാഋഷേ, ആദരവോടുകൂടി ഞാനൊന്നു ചോദിച്ചോട്ടെ. തപസ്സിൽ നിന്നു അങ്ങേയ്ക്ക് ലഭിക്കുന്ന ആ പരമാത്മാവിലുള്ള ആനന്ദമാണോ, അതോ, സ്നേഹപൂർവ്വം ഈ കൊച്ചുകുട്ടിയുടെ പൂമെയ് പുല്കിയപ്പോൾ -നെഞ്ചോടു ചേർത്തപ്പോൾ- അങ്ങേയ്ക്ക് ലഭിച്ച സന്തോഷമാണോ കൂടുതൽ ആസ്വാദ്യകരമായി തോന്നിയത്? “
വരികൾ – 41-48
മീലിതാക്ഷനായ് മുനി….
………………………………………………..
……ദർശിച്ച നിമിഷത്തിൽ .
അർത്ഥ വിശദീകരണം
മീലിതം = മീലനം ചെയ്യപ്പെട്ട, അടഞ്ഞുപോയ, പാതി തുറന്ന.
മീലിതാക്ഷൻ = പാതി അടഞ്ഞ കണ്ണോടുകൂടിയവൻ.
സംശ്ലേഷസുഖാൽ = ആലിംഗന സുഖംകൊണ്ട്.
തന്വി = കൃശാംഗി, സുന്ദരി.
ലാവണ്യം = സൗന്ദര്യം.
ഏകഭൂഷ = ഒറ്റആഭരണം.
വാർകൂന്തൽ = സമൃദ്ധമായ തലമുടി.
സ്നിഗ്ദ്ധം = സ്നേഹമയം.
ആശയ വിശദീകരണം
കുട്ടിയെ ആലിംഗനംചെയ്ത സുഖംകൊണ്ട്, നിർവൃതികൊണ്ട്, മഹർഷിയുടെ കണ്ണുകൾ അടഞ്ഞുപോയി. കുട്ടിയാകട്ടെ, കുറച്ചടുത്തേക്കുനോക്കി ചിരിച്ചുകൊണ്ട്, “അമ്മേ, ഞാനിവിടെയുണ്ട്’, എന്നു വിളിച്ചുപറഞ്ഞു. കുട്ടിയുടെ മധുരശബ്ദം കേട്ട് ഒരു സുന്ദരി അവിടേക്ക് നടന്നുവന്നു.അവൾ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. സമൃദ്ധമായ തലമുടി പിന്നിയിട്ടിരിക്കുന്നു. മെലിഞ്ഞ് , സൗന്ദര്യം മാത്രം ആഭരണമാക്കിയ ശരീരം. ദുഃഖം രൂപമെടുത്തതുപോലെ വന്ന ആ യുവതിയെ, കണ്ടപ്പോൾ തന്നെ വിശ്വാമിത്രന് സ്നേഹംതോന്നി.
വരികൾ 49 -56
“മേനകേ, നിനക്കെന്തീ മാറ്റ’……
……………………………………………………………….
…..വിടുർത്തുഴറ്റോടോടിപ്പോയാൻ.
അർത്ഥ വിശദീകരണം
സ്ഫുടം = വ്യക്തമായ.
സമ്രാട്ചിഹ്നൻ = ചക്രവർത്തി ലക്ഷണങ്ങളുള്ളവൻ.
വത്സ = പ്രിയപ്പെട്ടവൾ.
വക്ഷസ്സ് = മാറ് .
ഉഴറ്റോട് = ബദ്ധപ്പാടോടെ.
ബ്രഹ്മർഷി = ബ്രഹ്മസാക്ഷാക്കാരം ലഭിച്ച ഋഷി.
ആശയ വിശദീകരണം
“മേനകേ, നിനക്കെന്താണിത്ര മാറ്റമുണ്ടായത്” എന്ന് ചോദിക്കാനാവാം വിശ്വാമിത്രമുനിയുടെ ശ്രേഷ്ഠമായ മുഖം ശ്രമിച്ചത്. (പണ്ട് കുറച്ചുനാൾ തനിക്കൊപ്പം ജീവിച്ച ആ മേനക തന്നെയോ ഇവൾ എന്ന് മുനിയ്ക്ക് സംശയം തോന്നി. അവളിൽ അപ്സര സുന്ദരിയായ മേനകയുടെ സാദൃശ്യം അത്രത്തോളം ഉണ്ടായിരുന്നു. അതാണ് “മേനകേ, നിനക്കെന്തീ മാറ്റ’ എന്നു ചോദിക്കാൻ മുനി ഒരുങ്ങിയത്.) പിന്നീട് ഇങ്ങനെയാണ് ചോദിച്ചത്. വ്യക്തമായും ചക്രവർത്തി ലക്ഷണങ്ങളുള്ള ഈ കുഞ്ഞിന്റെ അമ്മയായ നീ, (ആ കുട്ടിയുടെ അമ്മയായത് ഭാഗ്യമെന്ന് സൂചന.) ആരാണ് വത്സേ? ആ കുട്ടി അപ്പോഴേക്ക് യ്യ യ്യ മാർക്കണ്ഡേയന്റെ- കുട്ടിയുടെ കൂട്ടുകാരന്റെ- കയ്യിൽ ചായംതേച്ച മൺമയിലിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ബ്രഹ്മർഷിയുടെ നെഞ്ചിൽ നിന്ന് താഴേക്ക് ചാടി. (മൺമയിലിനോടുള്ള കുട്ടിയുടെ താല്പര്യം കാളിദാസനും നാടകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.) അമ്മയുടെ പിടി വിടുവിച്ചുകൊണ്ട് ബദ്ധപ്പെട്ട് ഓടിപ്പോയി.
ഭാഗം രണ്ട്
വരികൾ 57 -64
ഉണ്ണിതന്നോട്ടം കണ്ടു….
…………………………………………..
……വിശ്രുതൻ വിശ്വാമിത്രൻ.’
അർത്ഥ വിശദീകരണം
സദ് വൃത്ത = നല്ലശീലമുള്ളവൾ.
ആത്മവൃത്താന്തം = തന്റെ ജീവിതകഥ.
ഒരുവിധമടക്കി = പ്രയാസപ്പെട്ടു,നിയന്ത്രിച്ചു.
മുക്താത്മൻ = സംസാരബന്ധം ഉപേക്ഷിച്ചവൻ
മാതാപിതൃത്യക്ത = മാതാവിനാലുംപിതാവിനാലും ഉപേക്ഷിക്കപ്പെട്ടവൾ.
മന്നൻ = രാജാവ്
ഗാന്ധർവപരിണീത = ഗാന്ധർവവിധിപ്രകാരംവിവാഹം ചെയ്യപ്പെട്ടവൾ.
ജനകൻ = അച്ഛൻ .
വിശ്രുതൻ = പ്രസിദ്ധൻ .
ആശയവിശദീകരണം
ഉണ്ണിയുടെ ഓട്ടംകണ്ടിട്ടു നെടുവീർപ്പിട്ടുകൊണ്ട്, കണ്ണുനീര് ഒരുവിധം അടക്കി. കൈ കൂപ്പിക്കൊണ്ട്, ഭക്തിയോടെയും അതിലേറെ സ്നേഹത്തോടെയും നല്ലശീലമുള്ള അവൾ തന്റെ സ്വന്തം ജീവിതകഥ ഋഷിയെ -വിശ്വാമിത്രനെ അറിയിച്ചു. സംസാരബന്ധം ഉപേക്ഷിച്ച മഹാത്മാവേ, ജനിച്ച ഉടൻതന്നെ, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവളാണ് ഞാൻ- ശകുന്തള. കണ്വമഹർഷി എന്നെ എടുത്തു വളർത്തി. ഞാൻ, ദുഷ്യന്ത മഹാരാജാവിനാൽ ഗാന്ധർവ വിവാഹം ചെയ്യപ്പെട്ടവളാണ്. എന്റെ അച്ഛൻ പ്രസിദ്ധനായ വിശ്വാമിത്രനാണ്.
വരികൾ 65-72
“ഞാനോ!’, വിസ്‌മിതനായ് പോയ് …
………………………………………………….
…..മുകർന്നാൻ മുനിവര്യൻ .
അർത്ഥ വിശദീകരണം
ഓർമ്മിച്ചേൻ = ഞാനോർത്തു.
തീർണ്ണക്ലേശൻ = ദുഃഖത്തെ അതിജീവിച്ചവൻ
വിസ്മിതൻ = അത്ഭുതപ്പെട്ടവൻ .
സത്വരം = പെട്ടെന്ന്.
നെറുക = നെറ്റി.
ഗാഢം = മുറുകെ.
മുകർന്നാൻ = അവൻ ചുംബിച്ചു
ആശയ വിശദീകരണം
“ഞാനോ!’ താപസനായ വിശ്വാമിത്രൻ ഒരുനിമിഷം കുഴങ്ങിപ്പോയി. (മറന്നുകഴിഞ്ഞിരുന്ന മേനകാസംഗമകഥ അപ്രതീക്ഷിതമായി കേട്ടാണ് വിശ്വാമിത്രൻ വിസ്‌മിതനായത് ) നിന്നോട് ഈ സംസാരിക്കുന്നയാൾ, മുനിസുതേ, നിന്റെ അച്ഛൻ തന്നെയാണ്. ഹാ, ശരിയാണ്. ഞാൻ ഓർമ്മിക്കുന്നു. നിന്റെ അമ്മ മേനക. ദുഃഖത്തെ അതിജീവിച്ചവനായ അങ്ങേയ്ക്കും കണ്ണിൽ നീരുപൊടിഞ്ഞുവോ. അച്ഛനെ കാണാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവളായി എന്നുപറഞ്ഞുകൊണ്ട് സന്തോഷത്താലും ദുഃഖത്താലും കാല്ക്കൽവീണ മകളെ പെട്ടെന്ന് മുനി പിടിച്ചെഴുന്നേല്പിച്ചു. ശകുന്തളയുടെ ശിരസ്സിൽ പത്തുനൂറുപ്രാവശ്യം മുനിവര്യനായ വിശ്വാമിത്രൻ ചുംബിച്ചു. മേനകാസ്മരണയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെയും ഓർത്തു കാണും. ആ മകളെ തന്റെ മുമ്പിൽ കണ്ടതുകൊണ്ടാവാം മുനിയ്ക്കും കരച്ചിൽവന്നുവോ എന്നു കവി ചോദിക്കുന്നത്. അച്ഛനെ ജീവിതത്തിൽ ആദ്യമായി കണ്ടതിന്റെ സന്തോഷവും ദുഃഖവും ശകുന്തള അനുഭവിച്ചു. ശിരസ്സിൽ പത്തുനൂറുപ്രാവശ്യം ചുംബിച്ചതിൽനിന്നു മാമുനിയ്ക്ക് മകളോടുള്ള വാത്സല്യം വെളിപ്പെടുത്തുന്നു.
വരികൾ 73 – 80
തുടച്ചാനവളുടെ കണ്ണുനീർ…
………………………………………………………
…..തങ്ങൊരു വീണാക്വാണം:
അർത്ഥ വിശദീകരണം
നൃപൻ = രാജാവ്.
ജാമാതാവ് = മകളുടെ ഭർത്താവ്.
അപത്യവാത്സല്യം = സന്താനസ്നേഹം.
വശി = ഇന്ദ്രീയങ്ങളെ ജയിച്ച ഋഷി.
വശഗൻ = വശപ്പെട്ടവൻ
തേ = നിനക്ക്
ഭൂമീശമഹിഷി = രാജാവിന്റെപട്ടമഹിഷിസ്ഥാനം അലങ്കരിക്കുന്നവൾ.
കംബുകണ്ഠി = ശംഖിന്നൊത്ത കഴുത്തുള്ളവൾ.
വീണാക്വാണം = വീണയുടെ നാദം.
ആശയ വിശദീകരണം
അവളുടെ കണ്ണുനീർ വലംകൈ കൊണ്ടുതുടച്ചു. മറ്റേ കൈ കൊണ്ട് പുറത്തു പതുക്കെ തടവി.മകളുടെ ഭർത്താവായ രാജാവിന്റെ-ദുഷ്യന്തന്റെ സുഖവിവരങ്ങളും അന്വേഷിച്ചു. സ്വന്തം മക്കളോടുള്ള സ്നേഹത്തിന്റെ കാര്യം വരുമ്പോൾ , ഇന്ദ്രിയങ്ങളെ ജയിച്ച ഋഷിപോലും വശപ്പെട്ടവനായി പോകും. (മുനിയായ വിശ്വാമിത്രന്റെ ഭാവവ്യത്യാസം പുത്രീവാത്സല്യം കൊണ്ടുണ്ടായതാണ്.) “ഓമനേ, നിന്റെ പേരെന്താണ് ? നിന്റെ ഉണ്ണിയുടെ പേരും പറയൂ. രാജാവിന്റെ പട്ടമഹിഷി ആയിരിക്കേണ്ട നീ ഈ കാട്ടിൽ വന്നത് എന്തിനാണ്?’ ഉടനേ വീണ്ടും ശംഖിന്നൊത്ത കഴുത്തുള്ള, സുന്ദരിയായ ശകുന്തളയുടെ കഴുത്തിൽ- നാവിൽനിന്ന് അങ്ങ് ഒരുവീണയുടെ നാദംപോലെ മധുരമായ ശബ്ദം ഇടറി പുറപ്പെട്ടു.
വരികൾ 80-88
പേരിട്ടാൻ ശകുന്തളയെന്ന്….
…………………………………………………….
…..സൗമ്യനാം കണവനാൽ .
അർത്ഥ വിശദീകരണം
ധാരിത = ധരിക്കപ്പെട്ട, വഹിക്കപ്പെട്ട.
സർവ്വദമനാഭിധൻ = സർവ്വദമനനെന്നു പേരിടപ്പെട്ടവൻ.
ദൗഹിത്രൻ = മകളുടെ മകൻ.
ആശ്രമാൽ = ആശ്രമത്തിൽ നിന്ന്.
പ്രീത്യാ = സ്നേഹത്തോടുകൂടി.
സന്ത്യക്ത = ഉപേക്ഷിക്കപ്പെട്ടവൾ.
കണവൻ = ഭർത്താവ്
പ്രീത്യാ = സന്തോഷത്തോടെ, സ്നേഹത്തോടെ.
ആശയ വിശദീകരണം
അച്ഛൻ കണ്വമഹർഷി എനിയ്‌ക്ക് ശകുന്തളയെന്ന് പേരിട്ടു. അങ്ങയുടെ ഈ മകളുടെ മകന് സർവ്വദമനൻ എന്നാണ് പേര് (പിന്നീട് ഭരതൻ എന്ന പേരിൽ പ്രസിദ്ധനായി.) എന്റെ അമ്മയുടെ, മേനകയുടെ അനുഗ്രഹംകൊണ്ട് ഈ ദിവ്യാശ്രമമാണ്, വലിയ ദുഃഖത്തിൽ കഴിഞ്ഞ എനിയ്ക്ക് പ്രസവവീടായിത്തീർന്നത്. ആശ്രമത്തിൽ നിന്ന് സ്നേഹത്തോടെ താതകണ്വനാൽ അയക്കപ്പെട്ട് ആശയോടുകൂടി കൊട്ടാരത്തിൽച്ചെന്ന ഗർഭിണിയായ ഞാൻ.. സങ്കടം സഹിക്കാനാവാതെ അവൾ കുറച്ചുസമയം തേങ്ങിക്കരഞ്ഞു. ശാന്തനായ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടല്ലോ. (ഭർത്താവ് പരിത്യജിച്ചത് തന്റെ ഭാഗ്യദോഷത്താലാണെന്നു സൂചന.)
.
വരികൾ 89-96
പകർന്നൂ ഭാവം പെട്ടെന്ന്…..
……………………………………………………
…..നരകേ വീഴിപ്പാനും!
അർത്ഥ വിശദീകരണം
കാലരുദ്രാകാരൻ = കാലരുദ്രന്റെ ശരീരത്തോടു കൂടിയവൻ.
വാർനെറ്റിത്തട്ട് = മനോഹരമായ നെറ്റിത്തടം.
ദുസ്സഹാവമാനം = സഹിക്കാനാവാത്ത നാണക്കേട്
ഉയിർക്കൊൾവാൻ = ജീവിച്ചിരിപ്പാൻ
ആശയ വിശദീകരണം
ഭർത്താവായ ദുഷ്യന്തൻ ശകുന്തളയെ ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോൾ കാലരുദ്രന്റെ ശരീരത്തോടുകൂടിയവനായ വിശ്വാമിത്രന് പെട്ടെന്ന് ഭാവം മാറി. കണ്ണിൽ നിന്ന് എരിയുന്ന തീപ്പൊരി ഉതിർന്നു. കൺപുരികങ്ങൾ വളഞ്ഞു. മനോഹരമായ നെറ്റിത്തടം ചുളിഞ്ഞു. കാറ്റു നിലച്ചു. ഇലകൾപോലും അനങ്ങിയില്ല.”ദുഷ്യന്തൻ. അവനാര് എന്റെ ആരോമൽ കുമാരിയെ- പ്രിയപ്പെട്ട മകളെ, സഹിക്കാനാവാത്ത നാണക്കേടിൽ തള്ളിയിട്ടിട്ടു അവന്റെ അഭിമാനം രക്ഷിക്കാൻ? “ഈ ഒരു കൈമതി, നിമിഷനേരംകൊണ്ട് , മനുഷ്യരെ സ്വർഗ്ഗത്തിൽ കയറ്റാനും നരകത്തിൽ വീഴ്ത്താനും ” എന്ന് വിശ്വാമിത്രൻ പറയുന്നു.
“ഉതിർന്നൂ മിഴിയിൽ നിന്നെരിതീപ്പൊരി മേന്മേൽ ‘ എന്ന വരികളിൽ രൂപകാതിശയോക്തിയാണ് അലങ്കാരം. രൂപകവും അതിശയോക്തിയും ചേർന്ന അലങ്കാരമാണ് രൂപകാതിശയോക്തി. ഉപമാനോപമേയങ്ങളെ അതിശയോക്തികൊണ്ട് ബന്ധിപ്പിക്കുന്നു. അതാണ് രൂപകാതിശയോക്തി. രണ്ട് വസ്തുക്കൾ തമ്മിലാണല്ലോ സാദൃശ്യം നടത്തുക. അതിൽ ഏതിന് സാദൃശ്യം കല്പിക്കുന്നുവോ അതാണ് ഉപമേയം. ഏതിനോട് സാദൃശ്യം കല്പിക്കുന്നുവോ അത് ഉപമാനം. ഉപമാനോപമേയങ്ങൾതമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയാണ് രൂപകാതിശയോക്തി. “ഉതിർന്നൂ മിഴിയിൽ നിന്നെരിതീപ്പൊരി മേന്മേൽ ‘ (തീക്കുണ്ഡത്തിൽ ) അഗ്നിയിൽ നിന്നാണ് തീപ്പൊരി ഉണ്ടാവുക. കണ്ണിൽ നിന്ന് കത്തിക്കൊണ്ടിരിക്കുന്ന തീപ്പൊരി മേന്മേൽ ഉതിർന്നു എന്നു പറയുമ്പോൾ മിഴി (കണ്ണുകൾ) തന്നെ തീക്കുണ്ഡമാണ് എന്നുവരുന്നു. അവിടെയാണ് രൂപകാതിശയോക്തി അലങ്കാരം വരുന്നത്.
ലക്ഷണം
“നിഗീര്യാധ്യവസാനം താൻ
രൂപകാതിശ യോക്തിയാം.”
വരികൾ 97- 104
പൗരവൻ കേട്ടിട്ടില്ലേ….
……………………………………………..
…..വാങ്ങിയതേതൊന്നാലോ .
അർത്ഥ വിശദീകരണം
ഗാധേയൻ = ഗാധിയുടെ പുത്രൻ- വിശ്വാമിത്രൻ.
പൗരവൻ = പൂരുവിന്റെ വംശത്തിൽ ജനിച്ചവൻ.
കൗശികപ്രഭാവജം = കൗശികന്റെ- വിശ്വാമിത്രന്റെ, ശക്തിയി നിന്നുണ്ടായത്.
അന്തർവത്നി = ഗർഭിണി.
അഹേതുവായ് = കാരണം കൂടാതെ.
ചാരേ = അടുക്കൽ
കനിവറ്റ = ദയയില്ലാത്ത.
ആശയ വിശദീകരണം
പൂരുവിന്റെ വംശത്തിൽ ജനിച്ച ദുഷ്യന്തൻ, (പൂരു ചന്ദ്രവംശത്തിലെ ഒരു പ്രസിദ്ധ രാജാവാണ്. ഇദ്ദേഹം പിതാവായ യയാതിക്കു തന്റെ യൗവനം നല്കി അദ്ദേഹത്തിൽ നിന്നു വാർദ്ധക്യത്തെ സ്വീകരിച്ചു. പൂരുവിന്റെ പ്രപൗത്രനാണ് ദുഷ്യന്തൻ.) വിശ്വാമിത്രനിൽ നിന്നുണ്ടായ ത്രിശങ്കുവിന്റെയും ഹരിശ്ചന്ദ്രന്റെയും അനുഭവം കേട്ടിട്ടില്ലേ? (സൂര്യവംശക്കാർക്ക് അനുഭവിക്കേണ്ടിവന്ന തന്റെ തപശ്ശക്തിയെക്കുറിച്ച് ചന്ദ്രവംശക്കാർ കേട്ടിട്ടുപോലുമില്ലെന്നോ!) ഗാധിയുടെ പുത്രന്റെ, വിശ്വാമിത്രന്റെ വലിയ തപസ്സിന്റെ ശക്തി, ഒരിക്കൽക്കൂടി ഇപ്പോൾ ലോകം കാണാൻ പോവുകയാണ്. സ്വന്തം ആഗ്രഹപ്രകാരം വിവാഹം കഴിച്ച്, ഗർഭിണിയായപ്പോൾ സാധുവായ ഭാര്യയെ, കാരുണ്യമില്ലാതെയും കാരണം കൂടാതെയും ഉപേക്ഷിച്ച ദുഷ്ടനായവനേ, ബ്രഹ്മാവിനെ തപ:ശ്ശക്തികൊണ്ട് വരുത്തി, അരികിൽ നിർത്തി, ഏതൊരു ശക്തികൊണ്ടാണോ ബ്രഹ്മർഷിപദം ബലമായി വാങ്ങിയെടുത്തത് അതേ തപഃശക്തികൊണ്ടാണ്. ആഗ്രഹിച്ച് തനിയേ വേട്ടിട്ട് തോന്നിയ പോലെ പരിത്യജിക്കുന്നത് ഉചിതമല്ല. ദുഷ്യന്തൻ ശകുന്തളയോട് ഒരു സാധുസ്ത്രീയോടു കാണിക്കേണ്ട മര്യാദപോലും കാണിച്ചില്ല. വസിഷ്ഠനോടുള്ള വാശിനിമിത്തം ബ്രഹ്മാവിനെ അടുക്കൽ വരുത്തി നിർത്തി ബ്രഹ്മർഷിപദം നേടിയെടുത്ത ആ തപസ്വിക്ക് ( വിശ്വാമിത്രന് ) ദുഷ്യന്തനെ ശപിച്ചു മുടിക്കുന്നത് പ്രയാസമുള്ള കാര്യമല്ല.
വരികൾ 105-112
ആ വലംകരം ക്രോധാ ….
……………………………………………………
തീരൊല്ലുഗ്രവൈധവ്യത്തിയ്യാ .
അർത്ഥ വിശദീകരണം
ഊർജ്ജസ്വി = ഓജസ്സേറിയവൻ.
വചസ്സ് = വാക്ക്. .
മുഷ്ടി = ചുരുട്ടിയ കൈ.
സ്വാമിവംശം = ഭർത്താവിന്റെ കുലം.
ഭർത്തൃനാശിനി = ഭർത്താവിനെ നശിപ്പിച്ചവൾ.
ഭവ പുത്രി = അങ്ങയുടെ മകൾ.
നിർദ്ദഗ്ദ്ധ = നിശ്ശേഷം ദഹിച്ചവൾ.
ആശയ വിശദീകരണം
വലതുകൈ, കോപത്തോടുകൂടി, ചുരുട്ടി നെഞ്ചിൽ ചേർത്തു പിടിച്ചാണ്, ഊർജ്ജസ്വിയായ വിശ്വാമിത്രൻ പറയാൻ ആരംഭിച്ചത്. ചുരുട്ടിപ്പിടിച്ച കൈ മുന്നോട്ടേക്ക് ഒന്നെറിയപ്പെട്ടാൽ അവസാനിച്ചു, ഭർത്താവിന്റെ വംശം മുഴുവൻ നശിക്കാൻ അത് കാരണമാവും. എന്നാൽ, ആ ശാപാസ്ത്രത്തെ- വിശ്വാമിത്രൻ ശപിക്കാൻ ഉയർത്തിയ കൈയിൽ തന്റെ രണ്ടു കൈ കൊണ്ടും പിടിച്ച് ശകുന്തള , എന്നെയോർത്ത് അച്ഛൻ ഇപ്പോൾ അടങ്ങണം എന്ന് പറഞ്ഞു. അങ്ങയുടെ മകൾ ഭർത്താവിനെ നശിപ്പിച്ചവൾ ആവരുത്. ഉഗ്രമായ വൈധവ്യത്തിന്റെ തീകൊണ്ട് നിശ്ശേഷം ദഹിച്ചവൾ- മരിച്ചവൾ ആകരുത്. (ഇപ്പോൾത്തന്നെ വലിയ ദുഃഖമുണ്ട്. വൈധവ്യത്തീയിൽ ഇനി ജീവൻകൂടി ദഹിപ്പിക്കരുത് എന്നു സൂചന.)
വരികൾ 113-120
അച്ഛനമ്മമാർ കാലേ വെടിഞ്ഞ….
……………………………………………………………….
ചേർന്നാലും സപുത്ര നീ
അർത്ഥ വിശദീകരണം
സുബഹിഷ്കൃതം = പൂർണ്ണമായി പുറംതള്ളപ്പെട്ട.
ഭദ്രം = സുരക്ഷിതം
സൗശീല്യം = സൽസ്വഭാവം.
അചിരേണ = കാലതാമസം കൂടാതെ.
സപുത്ര = പുത്രനോടുകൂടിയവൾ.
കരേറ്റി = ഉയർത്തി.
ആശയ വിശദീകരണം
മാതാപിതാക്കൾ വളരെമുമ്പേ ഉപേക്ഷിച്ചു കളഞ്ഞ ഭാഗ്യമില്ലാത്തവളാണ് ഞാൻ. സ്വാഭാവികമായി എന്നെ ഭർത്താവും ഉപേക്ഷിച്ചു എന്നേയുള്ളു.(തന്നെ ഉപേക്ഷിച്ചുപോയ അച്ഛനമ്മമാർ ചെയ്തതിലും വലിയ തെറ്റൊന്നും ഭർത്താവും ചെയ്തിട്ടില്ല. തന്റെ നിർഭാഗ്യംകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് ശകുന്തള സമാധാനിക്കുന്നു.) എന്റെ ജീവിതം എല്ലാവരാലും ബഹിഷ്ക്കരിക്കപ്പെടുന്നതായിക്കൊള്ളട്ടെ. എന്റെ ദോഷം കൊണ്ട് എന്റെ മകനും പുറത്തായിപ്പോകരുത്. മകളുടെ കണ്ണീർ കണ്ടപ്പോൾ അച്ഛന്റെ കോപം തണുത്തു. ശകുന്തളയുടെ സമീപനരീതിയെ വളരെ സന്തോഷത്തോടെ അച്ഛൻ അഭിനന്ദിച്ചു. നിന്റെ സൽസ്വഭാവം എന്നെ പിടിച്ചുയർത്തി. ഭർത്താവിനോടൊപ്പം നീയും പുത്രനും താമസിയാതെ ഒന്നുചേരട്ടെ എന്നനുഗ്രഹിച്ചു.
കാവ്യവിശകലനം
വള്ളത്തോൾ നാരായണമേനോന്റെ മികച്ച ഒരു ഖണ്ഡകാവ്യമാണ് അച്ഛനും മകളും. ഒരു പുരാണ കഥയ്‌ക്ക് വള്ളത്തോൾ വളരെ നാടകീയമായ ഒരു സന്ദർഭം കണ്ടെത്തി അത് ആകർഷകമാക്കി. കശ്യപാശ്രമത്തിൽ വച്ച് ശകുന്തളയും പിതാവായ വിശ്വാമിത്രനും തികച്ചും അപ്രതീക്ഷിതമായ ഒരു വേളയിൽ കാണുന്നതായി കവി ഭാവന ചെയ്യുന്നു. അതിനുമുമ്പ് നേരിൽ കണ്ടിട്ടില്ലാത്ത ആ പിതൃപുത്രി ബന്ധത്തിന്റെ സ്നേഹാർദ്രത നാടകീയമായി കവി കാട്ടിത്തരുന്നു. ഭർത്തൃപരിത്യാഗദുഃഖത്തിൽ നില്ക്കുന്ന ശകുന്തളയുടെ വ്യക്തിത്വം ഈ കാവ്യത്തിൽ പ്രകാശം പരത്തി നില്ക്കുന്നു. ചുരുക്കത്തിൽ, ആധുനിക ഖണ്ഡകാവ്യങ്ങളുടെ സാമാന്യസ്വഭാവമായി വിശേഷിപ്പിക്കാറുള്ള നാതിദീർഘവും നാടകീയവുമായ പ്രതിപാദ്യം, ഭാവതീവ്രതയും ഭാവനാത്മകതയും, സരളരൂപമാർന്ന പ്രതിപാദനം, ഔചിത്യമുള്ള വർണ്ണനകളും, പൊതുവേ കാല്പനികമായ അന്തരീക്ഷവും തുടങ്ങിയ ഘടകങ്ങൾകൊണ്ട് ശോഭായമാനമാണ് വള്ളത്തോളിന്റെ “അച്ഛനും മകളും’ എന്ന ഖണ്ഡകാവ്യം.
Recap
|
അസൈൻമെന്റുകൾ
|
ചോദ്യങ്ങളും ഉത്തരസൂചനകളും
ആര്, ആരോടാണ് വിളിച്ചുചൊന്നത്?
ആരെക്കുറിച്ചുള്ള സൂചനയാണിത്?
ആര്? ആരുടെ കണ്ണുനീരാണ് തുടച്ചത്?
ആര്? ആരുടെ പേരുകളാണ് ചോദിച്ചത്?
|
ഉത്തരങ്ങൾ
|
References
|