Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 2

കാണുന്നീലൊരക്ഷരവും എന്ന പാട്ട്

                                                                        പൊയ്കയിൽ കുമാരഗുരു

Learning Outcomes

  • പൊയ്കയിൽ കുമാരഗുരുവിന്റെ കാവ്യജീവിതത്തെ പരിചയപ്പെടുന്നു.
  • പൊയ്കയിൽ കുമാരഗുരുവിന്റെ കാവ്യ ജീവിതത്തിൽ ‘കാണുന്നീലൊരക്ഷരവും’  എന്ന കവിതയുടെ ഇടം മനസിലാക്കുന്നു.
  • നവോത്ഥാന കാലത്തെ കവിതയുടെ സവിശേഷതകള്‍ മനസിലാക്കുന്നു.
  • ദളിത് സാഹിത്യത്തെ കുറിച്ച് മനസിലാക്കുന്നു.
  • ഈ കവിതയുടെ വായനാസാധ്യതകൾ കണ്ടെത്തുന്നു.

Prerequisites

         നവോത്ഥാന നായകനായ പൊയ്‌കയില്‍ കുമാരഗുരുവിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം മൗലവി, വി.ടി.ഭട്ടതിരിപ്പാട്, പൊയ്കയില്‍ കുമാരഗുരു തുടങ്ങിയ ഒട്ടേറെ മഹാത്മാക്കളുടെ നിരന്തരമായ പോരാട്ടത്തിലൂടെയാണ് കേരളത്തിലെ  നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കും അടിമവിമോചനത്തിനും വേണ്ടി സന്ധിയില്ലാതെ സമരം ചെയ്ത പൊയ്കയില്‍ കുമാരഗുരുവിന്റെ കവിതയാണ് ‘കാണുന്നീലൊരക്ഷരവും ‘ .

                       പൊയ്കയില്‍ കുമാരഗുരുദേവന്‍, പൊയ്കയിൽ അപ്പച്ചൻ,പൊയ്കയില്‍ യോഹന്നാന്‍  എന്നീ പേരുകളിൽ പൊയ്കയിൽ കുമാരഗുരു അറിയപ്പെടുന്നു. സാമൂഹിക പ്രവര്‍ത്തകന്‍, നവോത്ഥാന നായകന്‍, കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ തുടക്കക്കാരനാണ് അദ്ദേഹം. പ്രത്യക്ഷ രക്ഷാദൈവസഭയുടെ ജ്ഞാനവിഷയങ്ങളിൽ ഏറെ പ്രധാനപ്പെട്ട പരികൽപ്പനയാണ് വംശം. ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട വംശത്തെയാണ് കുമാരഗുരു എന്ന പൊയ്കയിൽ അപ്പച്ചൻ കണ്ടെടുക്കുന്നത്. അടയാളപ്പെടുത്താതെ പോയ തങ്ങളുടെ ചരിത്രത്തിലേയ്ക്ക് നോക്കി അദ്ദേഹം നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ജാതിയാൽ വേർതിരിക്കപ്പെട്ട ജനതയുടെ ഉള്ളിൽ തങ്ങളുടെ വംശത്തിന്റെ കഥ അന്വേഷിച്ചു പോകാനുള്ള പ്രേരണ അദ്ദേഹം പകർന്നു നൽകുന്നു. ജാതീയമായി ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണിരുന്ന കാലത്തിന്റെ പ്രതിനിധിയാണ് പൊയ്കയിൽ അപ്പച്ചൻ. ജാതീയമായ ഉച്ചനീചത്വങ്ങൾ മൂലം ക്രിസ്തുമതം സ്വീകരിച്ചെങ്കിലും അവിടെയും നില ഭിന്നമല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ക്രിസ്ത്യൻ മതത്തിൽ നിന്നും പിൻമാറുകയും ഹിന്ദുവും ക്രിസ്ത്യനുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന നിലയിൽ മറ്റൊരിടം നിർമ്മിക്കുകയും ചെയ്തു. അധ:സ്ഥിതരുടെ പ്രതിനിധി എന്ന നിലയിൽ പൊയ്കയിൽ അപ്പച്ചൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിൽ അയിത്തമനുഭവിച്ചിരുന്ന ജാതിക്കാർക്കു പഠിക്കാനുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ഗവൺമെന്റിന്റെ അനുമതി വാങ്ങിക്കൊണ്ട് അദ്ദേഹം ആരംഭിച്ചു. അദ്ദേഹം പ്രസംഗങ്ങൾക്കും യോഗങ്ങൾക്കുമിടയിൽ പാടിയുറപ്പിച്ച പാട്ടുകൾ നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിയ്ക്കുന്നവയായിരുന്നു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പാട്ടാണ് ‘കാണുന്നീലൊരക്ഷരവും’. ദളിത് ജനതയുടെ വിമോചന പോരാട്ടത്തെ ഈ കവിത ഉയർത്തിപ്പിടിയ്ക്കുന്നു.

ദളിത് സാഹിത്യം

                  ഇന്ത്യയില്‍ സവിശേഷമായ സാമൂഹിക അവസ്ഥ നേരിടുന്ന ജനവിഭാഗത്തെ സൂചിപ്പിക്കാനാണ് ദളിത്‌ എന്ന പദം ഉപയോഗിച്ച് വരുന്നത്. ദളിത് ജനതയുടെ കര്‍തൃത്വപദവിയിലൂടെ നിര്‍മ്മിതിമായ സാഹിത്യമാണ് ദളിത്‌ സാഹിത്യം. ഉത്തരാധുനിക കാലം ദളിത് സാഹിത്യ കൃതികളെ പ്രോത്സാഹിപ്പിക്കുകയും ദളിതരായ ജനങ്ങൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ട് സാഹിത്യത്തിലേയ്ക്ക് കടന്നു വരികയും എഴുത്തിടങ്ങൾ നേടിയെടുക്കുകയും ചെയ്തു. സാഹിത്യം വിമോചനത്തിനുള്ള ഉപാധിയാണ് എന്ന് തിരിച്ചറിയുന്ന ഇക്കൂട്ടര്‍ എഴുത്തിനെ രാഷ്ട്രീയ ജാഗ്രതയോടെ സമീപിച്ചു.ആത്മകഥാഖ്യാനങ്ങളിലൂടെയാണ് ദളിത്‌ സാഹിത്യം സവിശേഷമായ ഒരു പഠന മേഖലയായി വികസിക്കുന്നത്. നാടന്‍ പാട്ടുകളും പഴഞ്ചൊല്ലുകളും വാമൊഴി കഥകളുമായിരുന്നു ദളിത്‌ സാഹിത്യത്തിന്‍റെ ആദ്യത്തെ മാതൃകകള്‍. എന്നാല്‍ സാഹിത്യത്തിന്റെ  ലിഖിത രൂപത്തിലേക്ക് അവര്‍ കടന്നു  വന്നിട്ട് അധിക കാലമായിട്ടില്ല. സമ്പന്നമായ സാഹിത്യ ഭൂതകാലം ഇന്ത്യയിലെ ദളിത് ജനതയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്കും അക്ഷരാഭ്യാസം ലഭിക്കാന്‍ അവകാശമില്ലാതിരുന്നതിനാൽ അവർക്ക് എഴുത്തു ചരിത്രത്തിലേയ്ക്ക് വേണ്ട നിലയിൽ കടന്നുവരാൻ കഴിഞ്ഞില്ല.

                അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ നവോഥാന നായകരുടെ ശ്രമങ്ങള്‍ കേരളത്തിലെ  ദളിത്‌ ജനതയുടെ വിമോചനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. ദളിത്‌ ജനതയുടെ ജീവിതാവിഷ്ക്കാരവും രാഷ്ട്രീയവുമായി ദളിത്‌ സാഹിത്യം വികസിച്ചു. അതിന്റെ ആദ്യകാല മാതൃകകളായി കെ.പി.കറുപ്പന്റെയും പൊയ്കയിൽ കുമാരഗുരുവിന്റെയും കവിതകളെ വീക്ഷിക്കാം.

Key terms

കേരള നവോത്ഥാനം- അടിമ വിമോചനം- വിപ്ലവചിന്ത-ദളിത് രാഷ്ട്രീയം-ആത്മനിഷ്ഠത – ലളിതമായ ഭാഷ – കർത്തൃത്വ പദവി -എഴുത്തധികാരം – കാലിക പ്രസക്തി

1.2.1. Content

അരികുവൽക്കരിക്കപ്പെട്ട ജനതയുടെ ചരിത്രത്തെ അന്വേഷിക്കുന്ന കവിതയാണ് പൊയ്കയില്‍ അപ്പച്ചന്‍ രചിച്ച ‘കാണുന്നില്ലോരക്ഷരവും’. ചരിത്രത്തില്‍ ഇടമില്ലാതെ പോയ മുഴുവന്‍ ജനതയുടെയും ശബ്ദമായി മാറുകയാണ് കവി. എന്റെ  ജനതയുടെ വംശത്തെ പ്പറ്റി ഒരക്ഷരവും കാണുന്നില്ല എന്ന് പറയുന്ന കവി,അനേകം വംശങ്ങളുടെ ചരിത്രത്തിനുടയില്‍ എങ്ങനെയാണു തങ്ങള്‍ അപ്രസക്തരായത് എന്ന് അന്വേഷിക്കുന്നു. തുടര്‍ന്ന് തങ്ങളുടെ ജനതയുടെ ചരിത്രം ആലേഖനം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുന്നോട്ട് വരുന്നു.

വരികൾ

കാണുന്നില്ലോരക്ഷരവും

എന്റെ  വംശത്തെപ്പറ്റി

………………………………………..

……………………………………….

കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി

അർത്ഥവിശദീകരണം 

കാണുന്നില്ലോരക്ഷരവും =   ഒരു അക്ഷരവും കാണുന്നില്ല

വംശം                                          =            കുലം

അനേകം                                   =            ധാരാളം

പാരിടം                                       =            ലോകം

ആശയവിശദീകരണം

എന്റെ  വംശത്തെ പറ്റി ഒരു അക്ഷരവും ഞാന്‍ ചരിത്രത്തില്‍  എവിടെയും കാണുന്നില്ല എന്ന് കവി പറയുകയാണ് ഇവിടെ. അനേക വംശങ്ങളുടെ ചരിത്രങ്ങള്‍  ഞാന്‍ കാണുന്നുണ്ട് .പക്ഷേ അതിലൊന്നും  എന്റെ  വംശത്തെക്കുറിച്ച് ഒരു അക്ഷരം പോലും കാണുന്നില്ല. ജാതി നിര്‍മ്മിതമായ സാമൂഹ്യ അധികാരഘടനക്കുള്ളില്‍ തഴയപ്പെട്ട ജനതയുടെ ശബ്ദമാണ് ഈ വരികളില്‍ അന്തര്‍ലീനമായിരിക്കുന്നത് .എഴുതപ്പെട്ട അനേക വംശങ്ങളുടെ ചരിത്രം എനിക്ക് ചുറ്റിലും ഞാന്‍ കാണുന്നുണ്ട്. അതില്‍ എന്റെ ജനതയുടെ ചരിത്രമെവിടെ എന്ന് കവി അന്വേഷിക്കുകയാണ് . ഒരക്ഷരം പോലും എന്റെ വംശത്തില്‍ ചരിത്രമായി കാണുന്നില്ല എന്ന് കവി പറയുമ്പോള്‍ കേരള നവോത്ഥാനത്തിന്റെ അടിത്തട്ടുകളിലേക്ക് വായനക്കാരുടെ ആലോചനകളെ കൊണ്ടുപോകുകയാണ്. സമൂഹം, സാഹിത്യം തുടങ്ങിയ വ്യവഹാരങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അധികാരചരിത്രത്തെ കവിത പ്രശ്നവത്ക്കരിക്കുന്നു. അനേക വംശങ്ങളുടെ ചരിത്രങ്ങള്‍ കാണുന്നു എന്ന് കവി പറയുമ്പോള്‍ അധികാരത്തിന്റെ അടിത്തട്ടില്‍ പോലും ഇടമില്ലാതിരുന്ന ജനതയുടെ പ്രതിധിനിധിയാണ് താന്‍ എന്ന സൂചനയാണ് ലഭിക്കുന്നത്. അരികുവത്ക്കരിക്കപ്പെട്ട എല്ലാ ജനതയുടെയും ശബ്ദമാണ്  ഇവിടെ കവി. അക്ഷരത്തിന്റെ അധികാരം ആര്‍ക്കായിരുന്നു എന്നതും അക്ഷരങ്ങളിലൂടെ കൈമാറി വന്ന സാംസ്കാരിക മൂലധനം സമൂഹത്തിന്റെ അധികാര കേന്ദ്രമായി മാറിയതുമായ ചരിത്ര സൂചനകള്‍ വരികളില്‍ നിന്ന് കണ്ടെത്താം .ചരിത്രത്തിലേക്കുള്ള ഒരു നോട്ടത്തെ കവിത പകര്‍ന്നു നല്‍കുന്നു.

 വരികൾ

“എന്റെ  വംശത്തിൻ കഥ

…………………………….

ചേർത്തിടട്ടേ സ്വന്ത രാഗത്തിൽ

ചിലതെല്ലാം “

അർത്ഥവിശദീകരണം

ഉർവ്വി               =            ഭൂമി

ഒരുവരും       =            ആരും

ആശയവിശദീകരണം 

എന്റെ  വംശത്തിന്റെ  കഥ എഴുതി വയ്ക്കുവാൻ പണ്ട് ഈ ഭൂമിയിൽ ആരും ഇല്ലാതെ പോയല്ലോ എന്ന് കവി പറയുന്നു. അക്കാര്യം ഓർക്കുമ്പോൾ എന്റെ  ഉള്ളിൽ ഖേദമുണ്ട്. അതുകൊണ്ട് സ്വന്ത രാഗത്തിൽ ഞാൻ അവയിൽ ചിലതെല്ലാം ചേർത്തിടട്ടേ എന്ന് കവി ചോദിക്കുന്നതാണ് കേന്ദ്ര ആശയം.

എന്റെ  വംശത്തിന്റെ  കഥ എഴുതി വയ്ക്കുവാൻ ഭൂമിയിൽ ആരുമുണ്ടായിരുന്നില്ല എന്ന് കവി പറയുന്നതിലൂടെ അക്ഷരാഭ്യാസമില്ലാതിരുന്ന ഒരു ജനതയുടെ പ്രതിനിധിയാണ് താനെന്ന് വ്യക്തമാക്കുന്നു. എഴുത്തും അധികാരവും ചില സവിശേഷ വംശങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്നതിനാൽ, അരികുവത്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ ചരിത്രം എവിടെയും രേഖപ്പെടുത്തപ്പെട്ടില്ല. അതിൽ തനിയ്ക്ക് ദുഃഖമുണ്ടെന്ന് പറയുന്ന കവി സ്വന്തം വംശത്തിന്റെ  ചരിത്രത്തെക്കുറിച്ച് ചിലതെല്ലാം രേഖപ്പെടുത്താൻ തുനിയുകയാണെന്ന് സാരം.

കേരളത്തിലെ ദളിത് ജനതയുടെ ജീവിതത്തിലേയ്ക്കും ചിത്രത്തിലേയ്ക്കും കടന്നു ചെല്ലുന്ന വരികളാണവ. ബൃഹത്തായ ചരിത്രഘട്ടങ്ങളുടെ അവകാശികളായിരുന്നിട്ടുപോലും ചരിത്രത്തിൽ ഇടമില്ലാതെ പോയ വംശത്തെ കവി കണ്ടെടുക്കുകയാണ്. ചരിത്രം നിർമ്മിക്കുക എന്നത് കേവലമൊരു പ്രവർത്തനം മാത്രമല്ല. അതൊരു അധികാരമുറപ്പിക്കൽ കൂടിയാണ്. അത് ആത്മാഭിമാനത്തെ വീണ്ടെടുക്കുകയും അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യും. ശേഷം കവി കേരളത്തിലെ ദളിത് ജനതയുടെ ചരിത്രത്തിലേയ്ക്ക് കടന്നു ചെല്ലുന്നു.

വരികൾ

“കേരളത്തിൽ പണ്ടു പണ്ടേ

…………………………………….

ഓരോന്നും പറഞ്ഞീടുവാൻ “

അർത്ഥ വിശദീകരണം

പണ്ടു പണ്ടേ               =            വളരെ പണ്ട്

പാർത്തിരുന്നവർ =            താമസിച്ചിരുന്നവർ, വസിച്ചിരുന്നവർ

പാരിടം                         =            ഭൂതലം, ഭൂമി

ഭവിച്ചത്                        =            സംഭവിച്ചത്

ബലഹീനതകൾ     =            കുറവുകൾ, പോരായ്മകൾ

ആശയ വിശദീകരണം

കേരളത്തിൽ പണ്ടു മുതൽക്കേ വസിച്ചിരുന്ന ജനങ്ങൾ ലോകത്തിനു മുന്നിൽ ഹീനരായി മാറിയ കഥ താൻ പറയാൻ പോകുകയാണെന്ന് കവിവാക്യം. സ്വന്തം ജാതികൾക്കുള്ള ബലഹീനതകൾ ഓരോന്നായി പറയാൻ തനിയ്ക്ക് നാണക്കേടൊന്നും തോന്നുന്നില്ല എന്ന് കേന്ദ്ര ആശയം.

കേരളത്തിൽ പണ്ടു മുതൽക്കേ വസിച്ചിരുന്നവരാണ് തങ്ങളുടെ ജനത എന്ന് കവി പറയുന്നു. എന്നിട്ടും അവരുടെ ചരിത്രത്തെക്കുറിച്ച് ഒരു വരി പോലും എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. അവർ ലോകത്തിന് മുന്നിൽ ഹീനരായി മാറിയ ഒരു ചരിത്രം കവിക്ക് പറയാനുണ്ട്. സ്വന്തം ജാതിക്കുളളിലെ ബലഹീനതകൾ തുറന്നു പറയുന്നതിൽ നാണക്കേടൊന്നും തോന്നുന്നില്ല എന്ന് കവി പറയുന്നതിലൂടെ ജാതി എന്നത് വിമർശനാതീതമായ ആശയധാരയാണെന്ന് വിശ്വസിക്കുന്നില്ല എന്ന് വ്യക്തം. മതവും ജാതിയും അഭിമാനമായി കാണുന്നവരും അപമാനമായി മാറിയവരുമടങ്ങുന്നതാണ് ഇന്ത്യൻ സമൂഹം. അതിനുള്ളിൽ പ്രവർത്തിക്കുന്ന അധികാര ബന്ധങ്ങളെ കവി പ്രശ്നവത്ക്കരിക്കുന്നു.

വരികൾ

“ഉർവ്വിയിൽ ശപിക്കപ്പെട്ട സന്തതിയെന്നു നിത്യം

……………………………………………………………

പഴച്ചീടുവാനായ്

……………………..

ഉരച്ചിയിലനുവദി

ച്ചീടുവതെങ്ങനെ”

അർത്ഥവിശദീകരണം

ഉർവ്വി                  =         ഭൂമി

സർവ്വരും          =         എല്ലാവരും

നിത്യം                 =        എപ്പോഴും

പഴിച്ചീടുവാൻ   =    പഴി പറയുക, കുറ്റപ്പെടുത്തുക

ആശയവിശദീകരണം

ഞങ്ങൾ ഭൂമിയിലെ ശപിയ്ക്കപ്പെട്ട സന്തതികളാണെന്ന് എല്ലാവരും നിത്യം കുറ്റപ്പെടുത്തുകയാണ്. സർവ്വരേയും സൃഷ്ടിച്ച ദൈവത്തിനു  യാതൊരു കൂസലുമില്ലാതെ, ഭൂമിയും ആകാശവും അവസാനിക്കുന്ന കാലത്തോളം  ഞങ്ങളെ പഴിച്ചീടുവാൻ സർവ്വരേയും അനുവദിച്ചതെങ്ങനെ എന്ന് കവി ചോദിക്കുന്നതാണ് കേന്ദ്ര ആശയം.

ജൈവവും അജൈവവുമായ സകലതിനെയും സൃഷ്ടിച്ചത് ദൈവമാണ് എന്ന സങ്കല്പം എല്ലാ മതങ്ങളുടെയും അടിസ്ഥാന യുക്തിയാണ്. എന്നാല്‍ മതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അധികാരത്തെ ആരും ചോദ്യം  ചെയ്യാറില്ല. സൃഷ്ടികര്‍ത്താവായ  ദൈവത്തിനു എങ്ങനെയാണു മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്താൻ ‍കഴിയുകയെന്നു കവി ചോദിക്കുന്നതിലൂടെ മതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അധികാരഘടനയെ പ്രശ്നവത്ക്കരിക്കുകയാണ് .

 കാവ്യാവലോകനം

ലളിതമായ ഭാഷയും താളാത്മകതയും കവിതയുടെ പ്രധാനപ്പെട്ട സവിശേഷതകളാണ്. ഗാനാത്മക ശൈലിയാണ് രചനാ തന്ത്രമായി കവി പിന്തുടരുന്നത്. സാധാരണ ജനങ്ങളോടു സംവദിക്കുന്ന ഭാഷാശൈലിയും വിഷയ ഗൗരവം ചോര്‍ന്നു പോകതെയുള്ള അവതരണവും കവിതയെ ഹൃദ്യവും ഗഹനവുമാക്കുന്നു. വിപ്ലവാത്മകതയും ധ്വന്യാത്മകതയും ഈ കവിതയുടെ പ്രധാനപ്പെട്ട സവിശേഷതകളാണ്.

‘കാണുന്നില്ലോരക്ഷരവും

എന്റെ വംശത്തെപ്പറ്റി’ എന്ന് കവി എഴുതുമ്പോള്‍ അരികുവത്ക്കരിക്കപ്പെട്ട മുഴുവന്‍ ജനതയുടെയും ശബ്ദമായി കവിത മാറുകയാണ്‌. ‘കേരളത്തില്‍ പണ്ടുപണ്ടേ പാര്‍ത്തിരുന്നൊരു ജനം’  എന്ന് എഴുതുന്നതോടെ കവിതയ്ക്ക്  അതിന്റെ പ്രാദേശിക തലം കൈവരിക്കുകയാണ്. ചരിത്രത്തിലേയ്ക്കുള്ള ആഴമുള്ള നോട്ടമാണ് കവിതയുടെ സവിശേഷ ഇതിവൃത്തം. കുറഞ്ഞ വരികളിൽ ആശയ തീവ്രതയോടെ ആലേഖനം ചെയ്ത വരികൾ കവിയുടെ സൂക്ഷ്മ നിരീക്ഷണങ്ങളുടെയും കവി ആർജിച്ചെടുത്ത ജീവിത ചിന്തയുടെയും ഭാഗമാണ്. വർത്തമാനകാല ഇന്ത്യൻ പരിസരത്തിൽ പൊയ്കയിൽ അപ്പച്ചനും അദ്ദേഹം രചിച്ച വരികൾക്കും പ്രസക്തി ഏറുകയാണ്. സാംസകാരിക മൂലധനമില്ലാത്ത ജനതയുടെ ചരിത്രത്തിലേയ്ക്ക് കവിത സമൂഹത്തെ കൊണ്ടുപോകുന്നു. അതിനുള്ളിൽ പ്രവർത്തിക്കുന്ന അധികാര ബന്ധങ്ങളെ തുറന്നുകാട്ടുന്നു.

Recap

  • കേരള നവോത്ഥാനത്തിന്റെ ചരിത്രഘട്ടം
  • ജാതീയതയും സാമൂഹിക പദവിയും
  • ജാതിയും കർത്തൃത്യ പദവിയും
  • നവോത്ഥാന മൂല്യങ്ങൾ – എഴുത്തധികാരം – 1പ്രാതിനിധ്യം
  • അടിമ വിമോചനവും കവിതയുടെ രാഷ്ട്രീയവും
  • സാംസ്ക്കാരിക മൂലധനം
  • കാണുന്നില്ലോരക്ഷരവും- കർതൃത്വ പദവി നിർമ്മാണം
  • ജനതയുടെ വിപ്ലവ ബോധ്യവും തിരിച്ചറിവും
  • സമൂഹ ഘടന – ദളിത് രാഷ്ട്രീയം
  • ലളിത ഭാഷ – താളാത്മകത – പ്രതിരോധം

Objective type questions

  1. കാണുന്നില്ലോരക്ഷരവും – എന്ന് കവി പറയുന്നത് എന്തിനെക്കുറിച്ചാണ് ?
  2.  കാണുന്നുണ്ടനേക വംശത്തിൻ – എന്താണ് കാണുന്നത്?
  3. തന്റെ  വംശത്തെക്കുറിച്ച്  എന്തുകാണുന്നില്ല എന്നാണ് കവി പറയുന്നത് ?
  4. എന്താണ് പരിചിന്തനം ചെയ്യേണ്ടത്?
  5. എവിടെയുള്ള ചരിത്രങ്ങളാണ് പരിചിന്തനം ചെയ്യേണ്ടത്?
  6. എന്തിന്റെ  കഥ എഴുതാനാണ് ഉർവ്വിയിലൊരുവരുമില്ലാതെ പോയല്ലോ – എന്ന് കവി പറയുന്നത്?
  7. എന്തോർക്കുമ്പോഴാണ് കവിയ്ക്ക് ഖേദമുണ്ടാകുന്നത്?
  8. ‘അവ ചേർത്തീടട്ടേ ‘ എന്ന് കവി പറയുന്നതെന്ത്?
  9. പാരിടത്തിൽ ഹീനരായി ഭവിച്ചത് ആര് ?
  10. ഏതു ജനതയുടെ കഥയാണ് കവി പറയാൻ പോകുന്നത്?
  11. എന്തു പറയാനാണ് കവിയ്ക്ക് നാണമില്ലാത്തത്?

Answer to Objective type questions

  1. വംശത്തെപ്പറ്റി
  2.  ചരിത്രങ്ങൾ
  3.  ഒരക്ഷരവും
  4.  ചരിത്രങ്ങൾ
  5. പാരിടത്തിലുള്ള
  6. എന്റെ  വംശത്തിൻ കഥ
  7. വംശത്തിൻ കഥ എഴുതാൻ ആളില്ലാഞ്ഞത്
  8. വംശത്തിൻ കഥ
  9. കേരളത്തിൽ പണ്ടേ പാർത്തിരുന്ന ജനം
  10. ഹീനരായി ഭവിച്ചവരുടെ കഥ
  11. സ്വന്തം ജാതിക്കുള്ളിലെ കുറവുകൾ പറയുന്നതിൽ

Assignment topic

  1. പൊയ്കയിൽ അപ്പച്ചന്റെ  കാവ്യജീവിതം പരിചയപ്പെടുത്തുക 
  2. ദളിത് സാഹിത്യം – കുറിപ്പെഴുതുക
  3. ദളിത് സാഹിത്യവും മലയാള കവിതയും – ഉപന്യാസം തയ്യാറാക്കുക
  4. നവോത്ഥാന മൂല്യങ്ങളുടെ സമകാലിക പ്രസക്തി – ഉപന്യസിക്കുക
  5. ജാതിയും അധികാരവും മലയാള സാഹിത്യത്തിൽ – കാണുന്നീല്ലൊരക്ഷരവും എന്ന കാവ്യഭാഗത്തെ മുൻനിർത്തി ഉപന്യസിക്കുക.

Reference

  1. ചിത്രം

കവിത

https://youtu.be/dO_0sopt5ls

കൂടുതൽ വിവരങ്ങൾ

https://youtu.be/KE0OgFRWghE

https://navamalayali.com/2017/05/12/poykayil-appachan-mriduladevi-1/