യൂണിറ്റ് – 2
മൃഗശിക്ഷകൻ –
വിജയലക്ഷ്മി
Learning Outcomes
|
Prerequisites
പ്രായഭേദമന്യേ ഏവരെയും ആകർഷിക്കുന്നതാണ് സർക്കസ്സ് . സർക്കസ്സ് കാണാത്തവർ വിരളമായിരിക്കും .സർക്കസ്സിലെ അനേകം കൗതുക കാഴ്ചകളോടൊപ്പം ̧ വന്യമൃഗങ്ങളെ പേടിപ്പിച്ചും, ശിക്ഷിച്ചും അനുസരിപ്പിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ കണ്ടിട്ടില്ലേ ? മൃഗശിക്ഷകൻ തന്റെ ചാട്ടവാറുപയോഗിച്ചു ക്രൂരമായ ശിക്ഷവിധികളാൽ ,വന്യമൃഗങ്ങളെ തന്റെ വരുതിയിൽ നിർത്തിയാണ് അവയെ അനുസരിപ്പിക്കുന്നത് .അവിടെ എത്ര ഭീകരനായ കാട്ടുമൃഗമാണെങ്കിലും ശിക്ഷകനെ അത് അനുസരിക്കുന്നത് ഭയം മൂലമാണ്. ഇത്തരത്തിൽ ഒരു ശിക്ഷകന്റെ വാക്കനുസ്സരിച്ചു ചലിക്കേണ്ടി വരുന്ന മനുഷ്യാവസ്ഥയെയാണ് വിജയലക്ഷ്മി മൃഗശിക്ഷകൻ എന്ന കവിതയിലൂടെ അവതരിപ്പിക്കുന്നത്. പെൺപക്ഷ കവിതയെന്ന് വിലയിരുത്തുമ്പോൾ ഇവിടെ പെണ്ണിന്റെ പ്രാതിനിധ്യം വന്യമൃഗത്തിന്റെ ചിന്തകളിലൂടെ വായിച്ചെടുക്കാവുന്നതാണ്. സ്ത്രീസ്വത്വാവബോധത്തിന്റെയും നിർമിതിയുടെയും ഏകകങ്ങളാണ് വിജയലക്ഷ്മിയുടെ കവിതകൾ. സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നിരവധി കഥകളും ചലച്ചിത്രങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മനുഷ്യേതര കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള കൃതികളും നിരവധിയുണ്ട്. സ്ത്രീപക്ഷരചനാപ്രസ്ഥാനം ആധുനികതയുമായി ബന്ധപ്പെട്ടാണ് രൂപം കൊണ്ടത്. സമകാലികാന്തരീക്ഷത്തിൽ സ്ത്രീകളുടെ അവസ്ഥകളെ സത്യസന്ധമായി അവതരിപ്പിക്കുന്നതിനു ഏറ്റവും അനുയോജ്യമായ പ്രസ്ഥാനമാണിത്. സ്ത്രീവാദം, സ്ത്രീവാദപ്രസ്ഥാനം, സ്ത്രീപ്രാതിനിധ്യം തുടങ്ങിയ പദങ്ങൾ കൊണ്ട് സൂചിപ്പിക്കുന്ന സാമൂഹികപ്രസ്ഥാനമാണ് സ്ത്രീപക്ഷവാദപ്രസ്ഥാനം. ഒരിക്കലും ഒരു സിദ്ധാന്ത ത്തിന്റെ മാറാപ്പ് അണിയുന്നില്ല. മറിച്ച് അതിനെ സാമൂഹിക, ബൗദ്ധിക മുന്നേറ്റമായാണ് വിലയിരുത്തേണ്ടത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു പ്രയോഗപദ്ധതിയാണ്. ലിംഗപരമായ അസമത്വവും മേധാവിത്വവും ഒഴിവാക്കി കൊണ്ട് ലിംഗസമത്വം ആവശ്യപ്പെടുകയാണ് ഈ പ്രസ്ഥാനം ചെയ്യുന്നത്. സ്ത്രീയുടെ സാമൂഹികധർമത്തെ ഉയർത്തിപ്പിടിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യമായ പ്രവർത്തനപദ്ധതി. ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടനിലും അമേരിക്കയിലും രൂപം കൊണ്ട് ലോകമെമ്പടും പന്തലിച്ച ഈ പ്രസ്ഥാനം രണ്ടു ഘട്ടങ്ങളായി ഇന്ന് തിരിഞ്ഞിട്ടുണ്ട്. അവ ഒന്നാം തരംഗമെന്നും രണ്ടാം തരംഗമെന്നും അറിയപ്പെട്ടു . വെർജീനിയ വൂൾഫ്, സിമോൺദേ ബുവ എന്നിവർ ഒന്നാം തരംഗത്തിലും ബെറ്റിഫ്രെഡന്റെ രചനകൾ രണ്ടാം തരംഗത്തിലും പെടുന്നവയാണ്. മലയാളസാഹിത്യത്തിൽ സാറാജോസഫ്, സി.എസ്.ചന്ദ്രിക, പി.ഗീത, കെ .ശാരദക്കുട്ടി, വിജയലക്ഷ്മി, വി.എം .ഗിരിജ, റോസ്മേരി, സിതാര . എസ്, പ്രിയ എ.എസ്., ഇന്ദുമേനോൻ, അനിതാതമ്പി തുടങ്ങിയവർ സ്ത്രീപക്ഷ എഴുത്തുകാരാണ്. മലയാളത്തിൽ ‘പെണ്ണെഴുത്ത്’ ̄എന്നാണ് ഈ പ്രസ്ഥാനം അറിയപ്പെടുന്നത്. സാറാജോസഫിന്റെ പാപത്തറ എന്ന കഥാസമാഹാരത്തിനു സച്ചിദാനന്ദൻ എഴുതിയ അവതാരികയിലാണ് മലയാളത്തിൽ ഈ പദം ആദ്യമായി പ്രയോഗിച്ചത് . പ്രധാനകൃതികൾ മൃഗശിക്ഷകൻ, തച്ചന്റെ മകൾ, മഴതൻ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യപ്രലോഭനം, കുറ്റമണൽത്തരി, അന്ന അഖ് മതോവിന്റെ കവിതകൾ (വിവർത്തനം), അന്ധകന്യക, മഴയ്ക്ക്പ്പുറം, വിജയലക്ഷ്മിയുടെ കവിതകൾ, ജ്ഞാന മഗദ്ലന, സീതാദർശനം, വിജയലക്ഷ്മിയുടെ പ്രണയ കവിതകൾ. പുരസ്കാരങ്ങൾ,അംഗീകാരങ്ങൾ കുഞ്ഞു പിള്ളപുരസ്കാരം, ലളിതാംബികഅന്തർജ്ജനം സ്മാരകപുരസ്കാരം, അങ്കണം സാഹിത്യപുരസ്കാരം, കേരളസാഹിത്യഅക്കാദമി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, വൈലോപ്പള്ളി പുരസ്കാരം, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം, ഒ.വി. വിജയൻ സാഹിത്യ പുരസ്കാരം, ഇന്ദിരാ ഗാന്ധി സാഹിത്യ പുരസ്കാരം. എന്നിവ ലഭിച്ചിട്ടുണ്ട് കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൗൺസിലിലും അംഗമായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റി കൺവീനർ, കേന്ദ്രസാഹിത്യ അക്കാദമി അഡൈ്വസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റെ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി പുരസ്കാരം (1994 )ഈ കൃതിയ്ക്കു ലഭിച്ചിട്ടുണ്ട് |
Key words
മലയാള കവിതയിലെ ആധുനിക പ്രവണതകൾ – സ്ത്രീപക്ഷ രചനാപ്രസ്ഥാനം സ്ത്രീശക്തീകരണം – ലിംഗനീതിസമത്വം – വ്യക്ത്യാധിഷ്ഠിതവീക്ഷണം, പാരമ്പര്യമൂല്യനിഷേധം -വിജയലക്ഷ്മിയുടെ കവിതാ പ്രത്യേകതകൾ
4.2.1. Content
പ്രമേയം
അതിശക്തനായിരുന്നിട്ടും ഭയം മൂലം തന്റെ സ്വത്വബോധം ഒളിപ്പിച്ചു ശിക്ഷിതനായി കഴിയേണ്ടി വന്ന മൃഗരാജന്റെ ചിന്തകളാണ് മൃഗശിക്ഷകന്റെ പ്രമേയം. മൃഗശിക്ഷകൻ ഒരു സ്ത്രീപക്ഷ രചനയായ് പരിഗണിക്കാവുന്നതാണ്. മൃഗശിക്ഷകൻ എന്ന കവിതയിലെ നായകൻ സർക്കസ് കൂടാരത്തിലെ വന്യമൃഗമാണ് .ഇവിടെ ഭയം മൂലം അധികാരത്തിനും അധീശത്വത്തിനും ഇടയിൽ അടിമജീവിതം നയിക്കേണ്ടി വരുന്ന സ്ത്രീകളെയാണ് കവിതയിൽ പ്രതിപാദിച്ചിരിക്കുന്നത് .
വരികൾ
‘ഭയമാണങ്ങയെ,
പുളയുന്നചാട്ടമിഴികളിൽ, വിരൽ-
മുനകളിൽ ശിക്ഷാമുറകൾ, ആർദ്രമോ
ഹൃദയ?മെങ്കിലുമിതേറ്റു ചൊല്ലുന്നേൻ –
ഭയമാണങ്ങയെ.’
അർത്ഥ വിശദീകരണം
പുളയുന്ന ചട്ടമിഴി = മൃഗശിക്ഷകന്റെ തീഷ്ണമായ നോട്ടത്തെയും മൃഗം നടുക്കത്തോടെ ഓർമ്മിക്കുന്നു
വിരൽമുനകളിൽ ശിക്ഷാമുറകൾ = ഇവിടെ സൂചിപ്പിക്കുന്നത് ആ മൃഗത്തിന് ഏൽക്കേണ്ടി വന്ന കഠിനമായ ശിക്ഷാമുറകളെയാണ്, തലോടുന്ന വിരൽത്തുമ്പിൽ പോലും ശിക്ഷാമുറകൾ ഒളിപ്പിക്കുന്ന മൃഗശിക്ഷകന്റെ ക്രൂരതയാണ് ഇവിടെ തെളിയുന്നത്
ആശയ വിശദീകരണം
ഭയങ്കരമായ പീഡനങ്ങൾക്കിരയായി സർക്കസ് കൂടാരത്തിൽ ജീവിക്കേണ്ടി വരുന്ന മൃഗരാജന്റെ ആത്മരോദനമാണ് ഈ കവിത. ശിക്ഷകന്റെ വാക്ക് തെറ്റിക്കാനുള്ള ശക്തി ഉണ്ടായിട്ടുപോലും ഭയത്താൽ മൃഗം എന്തും ചെയ്യാൻ തയ്യാറാകുന്നു. ശിക്ഷകൻ തരുന്ന വലയത്തിനു പുറത്തേക്കു ചാടാനും ശിക്ഷകനെ തന്നെ ശിക്ഷിക്കുവാനും കരുത്തും ശൗര്യവുമുള്ള മൃഗം പക്ഷേ ഒന്നിനും തയ്യാറാകുന്നില്ല. തന്റെ പ്രവൃത്തികളെ, കിനാവിനെപ്പോലും അടക്കി തീവലയത്തിലൂടെ ചാടാൻ സ്വയം പരുവപ്പെടുന്നത് ഭയം ഒന്നുകൊണ്ടു മാത്രമാണെന്ന് അത് ഉറപ്പിച്ചു പറയുന്നു. തന്റെ ശിക്ഷകന് തന്റെ നേർക്ക് കുറച്ചെങ്കിലും ആർദ്രഭാവമുണ്ടോ എന്ന് ആലോചിക്കുവാൻ പോലും അത് ഒരിക്കലും ധൈര്യപ്പെടുന്നില്ല. ഭയമാണങ്ങയെ എന്ന് മൃഗശിക്ഷകന്റെ അടുക്കൽ പറയാൻ പോലും ആ മൃഗം ധൈര്യപ്പെടുന്നില്ല എന്ന് സാരം : ഭയം മൂലം തന്റെ സ്വത്വത്തെ ഒളിപ്പിച്ചു വെച്ച് സർക്കസ് കൂടാരത്തിലെ മൃഗശിക്ഷകനെ അനുസരിക്കേണ്ടി വരുന്ന മൃഗരാജ ചിന്തകളാണിതൊക്കെ . മൃഗശിക്ഷകനെ ഭയമാണെന്നു പറയാൻ പേടിക്കുന്നതിനു കാരണം ശിക്ഷകന്റെ മർദ്ദനമുറകളാണ്. മൃഗരാജൻ യഥാർത്ഥത്തിൽ സ്ത്രീത്വത്തിന്റെ പ്രതിബിംബമാണ്.
വരികൾ
‘വനത്തിലേയ്ക്കെന്റെ വപുസ്സു പായുവാൻ
വിറയ്ക്കുന്നൂ, പക്ഷേ നിറകൺമുന്നിലീ-
വന്ന തീച്ചക്രം, വലയത്തിനക-
ത്തിടം വലം നോക്കാതെടുത്തു ചാടണം!
ഇതെത്ര കാലമായ്, പഠിച്ചു ഞാൻ , പക്ഷേ
ഇടയ്ക്കെൻ തൃഷ്ണകൾ കുതറിച്ചാടുന്നു.’
അർത്ഥ വിശദീകരണം
വപുസ്സ് = ശരീരം
തീചക്രം = സർക്കസ്സിൽ മൃഗങ്ങളെ പരിശീലിപ്പിക്കുവാൻ ഉപയോഗിക്കുന്നു
തൃഷ്ണ = ആഗ്രഹം
ആശയ വിശദീകരണം
മൃഗം ചിന്തിക്കുന്നു. വനത്തിലേക്ക് പോകാൻ എന്റെ ശരീരം വിറയ്ക്കുകയാണ്. പക്ഷേ എന്റെ നിറകണ്മുന്നിലുള്ളത് ഈ ചുമന്നതീച്ചക്രം മാത്രമാണ് .മൃഗശിക്ഷകന്റെ ആജ്ഞയനുസരിച് ഇടംവലം നോക്കാതെ വലയത്തിനകത്ത് എടുത്തു ചാടണം. എത്രയോ കാലം കൊണ്ട് ഞാൻ ചെയ്യുന്ന ജോലിയാണിത്. പക്ഷേ ഇതെന്റെ വെറും ജോലി മാത്രമാണ്. ഇടയ്ക്ക് എന്റെ തീവ്രമായ ആഗ്രഹം കുതറി ചാടുകയാണ് ചെയ്യുന്നത്. ഇവിടെ ഗോത്രമനസ്സിന്റെ സ്വാതന്ത്ര്യനിഷേധത്തെ ചോദ്യം ചെയ്യുന്നു. മൃഗത്തിന്റെ ചിന്തയിൽ ബലമായി തന്നെ അനുസരിപ്പിക്കുന്നതിന്റെ അമർഷവും മറ്റു ഗത്യന്ത്യരമില്ലാത്തതിന്റെ നിസ്സഹയതാവസ്ഥയും വേദനയും എല്ലാം പ്രകടമാകുന്നു. വനത്തിലേക്കു പോകണമെന്ന് ആത്മാർത്ഥമായി ആ മൃഗം ആഗഹിക്കുന്നു. അതിന്റെ നിറകണ്ണിലുള്ളത് ചുവന്ന തീചക്രമാണ്. അത് മൃഗത്തിനു പരാക്രമം കൂട്ടുന്നു. മൃഗത്തിന്റെ നിസ്സഹായതയും അമർഷവും ഇവിടെ പ്രകടമാകുന്നു. സ്ത്രീയെ അടിമ മൃഗമായി കരുതി തീചക്രത്തിലൂടെയുള്ള ചാട്ടം പുരുഷ ശിക്ഷകരുടെ സർക്കസ് കൂടാരങ്ങളാണ് നാം ചുറ്റും കാണുന്നത്. പുരുഷകാമനകളുടെയും ആജ്ഞകളുടെയും ആക്രോശങ്ങളിൽ വിറച്ച് സ്ത്രീയാകുന്ന അടിമ മൃഗത്തിന് ഒന്നു മാത്രമേ പറയാനുള്ളൂ -ഭയമാണങ്ങയെ
വരികൾ
‘മുളങ്കാടിൻ പിന്നിൽക്കരിമ്പറായ്ക്കുമേൽ
ത്തെളിയും മഞ്ഞയും കറുപ്പുംരേഖകൾ.
അരുവിയിൽ ത്താഴേ പ്രതിബിംബം, എന്തൊ
രപൂർവ്വസുന്ദരഗഭീരമെൻ മുഖം! ‘
ആശയ വിശദീകരണം
മൃഗം തന്റെ വനത്തിലെ ചിന്തകളെ ഭൂതകാലവുമായി ബന്ധപ്പെടുത്തി ഓർമ്മിക്കുന്നു അപൂർവ്വ സുന്ദരഗംഭീരമായ തന്റെ മുഖം പ്രതിബിംബിക്കുന്ന അരുവിയും മുളങ്കാടിനു പിന്നിലായി കരിമ്പാറയ്ക്കു മേൽ മഞ്ഞയും കറുപ്പും രേഖകൾ തെളിയുന്നതുമെല്ലാം,അവൻ ഓർത്തെടുക്കുന്നു. തന്റെ അപൂർവ്വ സുന്ദരഗംഭീരമായ മുഖത്തെ അവൻ ഓർക്കുന്നു. മൃഗം തന്റെ ഭൂതകാലത്തെക്കുറിച്ചു ഓർമ്മിക്കുന്നു. അന്ന് അരുവിയിൽ കണ്ട തന്റെ സുന്ദരമുഖത്തെയും ശരീരത്തെയും കുറിച്ചോർത്ത് ഇന്ന് അത് വിഷമിക്കുന്നു. ഇന്നത്തെ തന്റെ ദയനീയാവസ്ഥയെ കുറിച്ചോർത്തു അത് വിലപിക്കുന്നു. ഈ അടിമ ചുറ്റും കാണുന്ന സ്ത്രീയാണ്. അടിമയാക്കപ്പെടും മുൻപ് അവൾക്കുമുണ്ടായിരുന്നു സ്വന്തമായി ഒരു മുഖം, കാട്ടിലെ അരുവിയിൽ ഒരിക്കൽ പ്രതിബിംബിച്ചു കണ്ടപ്പോൾ സുന്ദരമെന്നു തോന്നി. ഇന്ന് അസ്വാതന്ത്ര്യത്തിന്റെ ചട്ടങ്ങളിലാണവൾ ജീവിക്കുന്നത്. ചാട്ടയും തീയും ഭയന്ന് അവളെല്ലാം അനുസരിക്കുന്നു.
വരികൾ
‘തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടർപ്പിൻ കൂടാരം, പതുക്കെ, യോമലാൾ
ക്ഷണിക്കുന്നു. നേർത്തമുരൾച്ചകൾ—’
സാന്ദ്ര നിമിഷങ്ങൾ, താന്തശയനങ്ങൾ
ഇളം കുരുന്നുകൾ ചാടിക്കളിക്കും മർമ്മരം
പൊടുന്നനെ ചാട്ടയുയർന്നു താഴുന്നു
ഇടിമിന്നൽ കോർത്തു പിടയും വേദന
അരുത് തീഷ്ണമാം മിഴികൾ ശാസനയേറ്റ്
പുളയുന്നു ദേഹമെരിയുമ്പോൾ
തോളിലിടിഞ്ഞു താഴുന്നെന്നഭിമാനം
ശബ്ദമുയരാതുള്ളിൽ ഞാൻ മുരളുന്നിങ്ങനെ’
അർത്ഥ വിശദീകരണം
താന്തശയനം = ക്ഷീണം കൊണ്ടുള്ള മയക്കം
മർമ്മരം = തീരെ ചെറിയ ഒച്ച
ദേഹമെരിയുന്നു = ശരീരത്തിന്റെ ചുട്ടുപൊള്ളൽ
തോളിലിടിഞ്ഞു താഴുനെന്നഭിമാനം = അഭിമാനക്ഷയം സംഭവിക്കുക
ആശയ വിശദീകരണം
അരുവിയും, പച്ചിലപടർപ്പിലെ കൂടാരവും പ്രിയയുമൊത്തുള്ള ആനന്ദനിമിഷങ്ങളും കുരുന്നുകളുടെ കളികാഴ്ചയുമെല്ലാം കവിതയിലെ മൃഗത്തെ കാടിന്റെ വന്യതയിലേയ്ക്കും ശീതളച്ഛായയിലേയ്കും ചിലപ്പോഴായ് ആകർഷിക്കുന്നു. എന്നാൽ ആ മധുരചിന്തയിൽ ഇരിക്കുമ്പോൾ ദേഹത്തു പതിയുന്ന ശിക്ഷകന്റെ ചാട്ടവാർ ഓർമ്മിപ്പിക്കുന്നത് താനൊരു അടിമമൃഗമാണെന്ന ഓർമ്മപ്പെടുത്തലാണ്. ഭയമെന്ന അടിമഭാവത്തിലേയ്ക്ക് അവനെ കൊണ്ടെത്തിക്കുന്നതാകട്ടെ ശിക്ഷകന്റെ രൂക്ഷനേത്രമാണെന്നും മൃഗം പറയുന്നു. ശാസനയേറ്റ് പുളയുന്നതും ദേഹമെരിയുമ്പോൾ തോളിലിടിഞ്ഞു താഴുന്ന അഭിമാനവും അവർ അറിയുന്നു. പക്ഷേ ശബ്ദമുയരാതെ ഉള്ളിൽ മുരളാൻ മാത്രമേ അവന് കഴിയുന്നുള്ളൂ. കാടിന്റെ വന്യതയിലേക്ക് മൃഗത്തിന്റെ ഓർമ്മകൾ കടന്നു ചെല്ലുന്നു. പ്രിയപ്പെട്ടവളെയും കുട്ടികളെയും ഓർക്കുന്നു. തന്റെ പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങൾ അത് ദുഃഖത്തോടെ ഓർക്കുന്നു. അതേസമയം ശിക്ഷകനോടുള്ള ഭയവും ഓർക്കുന്നു. ശാസനയേറ്റ് അഭിമാനം നഷ്ടപെടുമ്പോഴും ഉള്ളിൽ ഉയരാതെ മുരളുന്നത് ഭയമാണങ്ങയെ എന്നാണ്. നിസ്സഹായയായ സ്ത്രീയുടെ അവസ്ഥയാണിവിടെ മൃഗത്തിന്റെ ചിന്തകളിലൂടെ അവതരിപ്പിക്കുന്നത്.
വരികൾ
‘ഭയമാണങ്ങയെ
ശിലാമനുഷ്യന്റെ കഠിനനേത്ര –
ലൂഴിയാതെന്നെ, ഞാൻ മൃഗമാണെങ്കിലും
മരുതിനിക്കൂട്ടിൽക്കുടുങ്ങിക്കൂടുവാൻ ,
ഇരയെക്കാൽച്ചോട്ടിലമർത്തി, പ്പല്ലുകോർ-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി.
തെറിക്കും ചോരയാൽ മുഖം നനയ്ക്കുവാൻ
തരിക്ക യാണെന്റെ നഖവും ദംഷ്ട്രവും.
നിരന്നിരിക്കുവോർ പലരാണെൻ മുന്നി-
ലവരെകൊല്ലുവാനുടൻ ത്രസിക്കുന്നു.’
ആശയ വിശദീകരണം
കൊടിയ പീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടി വരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് ഈ കവിത : ഇവിടെ മൃഗം തിരിച്ചറിയുന്നു. ഇത്തരത്തിൽ ശിക്ഷനെ മാത്രമല്ല. തീവലയത്തിലൂടെയുള്ള തന്റെ ചാട്ടം കണ്ടു രസിക്കുന്നവരേയും കൊന്നു തിന്നാനുള്ള അമർഷം അവന്റെ സിരകളിൽ പുകയുന്നുണ്ട്. അവരെ കൊന്നുതിന്നാൻ അവൻ ത്രസിക്കുകയും ചെയ്യുന്നുവെന്നും കവി പറയുന്നു. പക്ഷേ ഭയം എല്ലാത്തിനും ഉപരിയായി അവനെ കീഴടക്കുന്നു. വീണ്ടും അടിമ ജീവിതത്തിന് സ്വയം വിധേയനാകുന്നു. ശിലാമനുഷ്യന്റെ നേത്രത്തെ ഭയക്കുന്നതായി മൃഗം പറയുന്നു. തന്നെ പീഡിപ്പിക്കുന്നവരെയും അത് കണ്ടു രസിക്കുന്നവരെയും കൊന്നു തിന്നാനുള്ള ദേഷ്യം അവനുണ്ടാക്കുന്നു. പക്ഷേ ഭയം എന്ന വികാരം അവനെ ജീവിതത്തിനു വിധേയമാക്കുന്നു. പുരുഷകാമനകളുടെയും ആജ്ഞകളുടെയും ആക്രോശങ്ങളിൽ വിറച്ച് സ്ത്രീയാകുന്ന അടിമമൃഗത്തിന് ഒന്നു മാത്രമേ പറയാനുള്ളൂ -ഭയമാണങ്ങയെ .
വരികൾ
‘പറയൂപാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെ ക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വന ചേതസ്സിലാ
മൃഗപൗരാണികൻ കുടമെണീക്കുന്നു.
അതിപുരാതനൻ , ഇലച്ചാർത്തിൻ മേലേ
കുതിപ്പാൻ , സൂര്യനെപ്പിടിക്കാൻ ചാടുമ്പോൾ
കുനിയുന്നൂ കൺകളവന്റെ നോട്ടത്തിൽ
തളരുന്നു ദേഹ മവന്റെ ഹാസത്തിൽ
തൊഴുതു പോകയാണവനെത്താണു ഞാൻ
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴിഞ്ഞുനോക്കിയാലുടയും കണ്ണുകൾ
അതിനു മുൻപീ നഖമുനകളാൽത്തന്നെ
ഇനിയീക്കൺകൾ ഞാൻ പിഴുതുമാറ്റട്ടെ.’
അർത്ഥവിശദീകരണം
മൃഗപൗരാണികൻ = തന്റെ പൂർവികനെന്നു കരുതി കവിതയിലെ വന്യമൃഗം ആരാധിക്കുന്നയാൾ
തേജസ്വി = ചൈതന്യമുള്ളവൻ
ആശയ വിശദീകരണം
കവിതയിലെ മൃഗം ചോദിക്കുന്നു. ഞാൻ പാവയാണോ, ഞാൻ അടിമയെക്കണക്കുമെരുങ്ങുമെങ്കിലും ഇടയ്ക്ക് എന്റെ വന്യചേതസ്സിൽ മൃഗപൗരാണികൻ കുടഞ്ഞെണീക്കുന്നു. അവൻ അതിപുരാതനൻ ആണ്. അവൻ ഇലച്ചാർത്തിൻ മേലെ കുതിക്കാറുണ്ട്. സൂര്യനെപിടിക്കാൻ പോലും ചാടാറുണ്ട്. അങ്ങനെയുള്ള അവന്റെ നോട്ടത്തിൽ താൻ തളരുന്നുവെന്ന് മൃഗംപറയുന്നു. അവന്റെ ചിരിയിൽ ഞാൻ തൊഴുതു പോകുകയാണ്. മൃഗം പറയുന്നു തന്നെ നോക്കരുത്. തന്റെ കണ്ണുകൾ ഉടഞ്ഞുപോകും. അതിനു മുൻപ് താൻ തന്നെ തന്റെ നഖമുനകളാൽ തന്റെ കണ്ണുകൾ പിഴുതുമാറ്റട്ടെയെന്ന്. സർവ്വശക്തനായ മൃഗം തന്റെ വ്യക്തിത്വത്തെ ഭയം മൂലം മറച്ചു വയ്ക്കുന്നു. തന്നെ സംഭീതനാക്കുന്ന മൃഗപൗരാണികന്റെ തേജസ്സുറ്റ നയനങ്ങൾ പിന്തുടരുന്നതിനു മുൻപ് തന്റെ നയനങ്ങൾ നശിപ്പിക്കാൻ അവൻ ഒരുങ്ങുന്നു. അമർഷത്തോടെങ്കിലും അടിമ ജീവിതത്തിന് വിധേയനാകാൻ അവൻ സ്വയം തീരുമാനിക്കുന്നു. താൻ ഒരു പാവയാണോയെന്നും വന്യചേതസ്സിലെ മൃഗപൗരാണികന്റെ തീഷ്ണനോട്ടത്തിൽ താൻ തളരുന്നുവെന്നും ആ നോട്ടം എത്തും മുൻപ് തന്റെ നഖമുനകളാൽ കണ്ണുകൾ മാറ്റണമെന്നും മൃഗം പറയുന്നു. കവിതയ്ക്കകത്തെ മൃഗവും മൃഗശിക്ഷകനും കവിതയുടെ പുറത്ത് ശിക്ഷിക്കപ്പെടുന്ന സ്ത്രീയും ശിക്ഷിക്കുന്ന പുരുഷനും എന്നായി മാറി.
വരികൾ
‘അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ ഞാൻ , തോറ്റു കുനിമിരിക്കുന്നു
മുതുകിൻ നിൻ ചാട്ടയുലച്ചുകൊള്ളുക
വലയത്തിൽച്ചാടാനുണർന്നിരിപ്പു ̧ഞാൻ .’
ആശയ വിശദീകരണം
ഒന്നിനും വയ്യ , ഭയം മൂലം അത് തോറ്റതായി പറയുന്നു .താൻ വെറുമൊരു അടിമ മാത്രമാണെന്നും അത് അതികഠിനമായ വിഷമത്തോടെ പറയുന്നു. ഞാൻ എന്നെന്നേക്കുമായി തോറ്റിരിക്കുന്നു, തന്റെ മുതുകിൽ ചാട്ടയുലച്ചുകൊൾക, വലയത്തിൽ ചാടാനും താൻ തയ്യാറാണ് എന്നിങ്ങനെ അത് പറയുന്നു. കീഴടങ്ങലിന്റെ സ്വരമാണ്, ഇന്നതിന്റെ കൈമുതൽ ഭയമാണ് എന്നത് പറയുന്നു. സ്വാതന്ത്ര്യത്തിലേക്കു കടക്കാൻ അതിനിനിയും ഒട്ടേറെ കാലം കാത്തിരിക്കേണ്ടിവരുമെന്നും പറയുന്നു; ഈ കവിതയെ സ്ത്രീപക്ഷരചനയായി വിലയിരുത്താവുന്നതാണ്. എഴുതപ്പെട്ട കാലത്തേക്കാൾ തീവ്രതരമായി പീഡകന്റെ ചാട്ടയേയും തീചക്രത്തെയും തെല്ലും ഭയക്കാതെ സ്വാതന്ത്ര്യത്തിന്റെ കാട്ടുദൂരങ്ങളെ കൈയേൽക്കുന്നതിന് അടിമയായ സ്ത്രീകൾക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.
കാവ്യാവലോകനം
അതിഭയങ്കരമായ പീഡനങ്ങൾക്കിരയായി സർക്കസ് കൂടാരത്തിൽ ജീവിക്കേണ്ടി വരുന്ന മൃഗരാജന്റെ ആത്മരോദനമാണ് ഈ കവിത. അടിമയായി ജീവിക്കേണ്ടിവരുമ്പോഴും ഇടയ്ക്കിടെ അതിന്റെ സ്വതന്ത്ര്യബോധം കുതിച്ചുചാടുന്നു. പക്ഷെ ഭയവും കഠിനശിക്ഷകളും കാരണം അത്തരത്തിൽ ചിന്തിക്കുവാൻ പോലും അത് തയ്യാറാകുന്നില്ല. അങ്ങയെ, എന്ന് ശിക്ഷകനെ അഭിസംബോധന ചെയുമ്പോൾ പോലും മൃഗവും ശിക്ഷകനും തമ്മിലുള്ള ബന്ധം ഉപചാരത്തിന്റെയും ഭയത്തിന്റെയുമാണെന്നു തെളിയുന്നു. വനാന്തരങ്ങളിൽ കുടുംബവുമൊത്തുള്ള നല്ല ഓർമ്മകൾ ഇന്നതിനു അന്യമാണ്. കാട്ടിൽ നിന്നും ബലം പ്രയോഗിച്ചു കൊണ്ടുവന്ന ആ നിരാലംബമൃഗത്തിന് തന്റെ ആദിമചോദനയിലേക്കു തിരികെ മടങ്ങാൻ മനസ്സ് വെമ്പൽ കൊള്ളുന്നു. താൻ അടിമയായി വന്നപ്പോൾ തനിക്കു നഷ്ടമായത് തന്റെ സൗന്ദര്യം മാത്രമല്ല തന്റെ സ്വത്വം കൂടിയാണെന്നത് ഞെട്ടലോടെ മൃഗം തിരിച്ചറിയുന്നു. കാട്ടിലെ അരുവിയിൽ ഒരിക്കൽ തന്റെ മുഖം കണ്ടപ്പോൾ എന്തൊരപൂർവ്വസുന്ദരമാണ് തന്റെ മുഖം എന്ന് പ്രശംസിച്ചത് മൃഗം ഓർമിക്കുന്നു. എന്നാൽ തനിക്കു ഇന്നാമുഖം അന്യമാണെന്നു കൂടി അത് പറയുന്നു. ഇന്നാമൃഗം കഴിയുന്നത് ചട്ടങ്ങളുടെയും ചാട്ടവാറിന്റെയും ലോകത്താണ് .ഇന്നതിന്റെ കൈമുതൽ കേവലം ഭയം മാത്രമാണ്. എങ്കിലും വനത്തിലേക്ക് അതിന്റെ തൃഷ്ണകൾ ചിലപ്പോഴൊക്കെ പാഞ്ഞു പോകുന്നൂ. ഇന്നതിനെ പിന്തുടരുന്നത് ശിക്ഷയും ശാസനകളുമാണ്. ശിക്ഷകനെ പല്ലിൽകൊരുക്കാനും അവന്റെ ചോരയിൽ മുഖം കഴുകുവാനും ആ മൃഗം കൊതിക്കുന്നു. ഭയം തന്നെ പിന്തിരിപ്പിക്കുന്നു എന്നത് മനസിലാക്കുന്നു. മൃഗപൗരാണികന്റെ നോട്ടം തനിക്കു താങ്ങാൻ കഴിയില്ലായെന്നും ആ തീഷ്ണമായ നോട്ടം തന്നിൽ പതിക്കും മുൻപേ നഖമുനകളാൽ തന്റെ കണ്ണുകളെ പിഴുതെറിയണമെന്നും ആ മൃഗം പറയുന്നു. കീഴടങ്ങലിന്റെ സ്വരമാണ് ഇന്നതിന്റെ കൈമുതൽ, ഭയമാണ് എന്നത് പറയുന്നു. സ്വാതന്ത്ര്യത്തിലേക്കു കടക്കാൻ അതിനിനിയും ഒട്ടേറെ കാലം കാത്തിരിക്കേണ്ടിവരും. അത് പറയുന്നു; ഭയമാണങ്ങയെ. ഈ കവിതയെ സ്ത്രീപക്ഷരചനയായി വിലയിരുത്താവുന്നതാണ്. ഇവിടെ മൃഗത്തെ സ്ത്രീയെന്നും ശിക്ഷകനെ പുരുഷനെന്നും വിവക്ഷിക്കാവുന്നതാണ്. അത്തരത്തിൽ സ്ത്രീയെ അടിമമൃഗമാക്കി ഭയപ്പെടുത്തി തീചക്രത്തിലൂടെ ചാട്ടം പരിശീലിപ്പിക്കുന്ന പുരുഷശിക്ഷകരുടെ സർക്കസ് കൂടാരമായി ഈ ലോകത്തെ സൂചിപ്പിക്കാവുന്നതാണ്. ശിക്ഷകന്റെ രൂക്ഷനോട്ടവും ശാസനകളും സദാ അവളെ പിന്തുടരുന്നു .പാവയാണോ താൻ എന്ന മൃഗത്തിന്റെ ചോദ്യം എന്തും അനുസരിക്കുന്നവൾ എന്ന വിശേഷണമുള്ള സ്ത്രീയുടെ ചോദ്യമായി ചേർത്ത് വായിക്കാവുന്നതാണ്. ശിക്ഷകനെ നശിപ്പിക്കുവാനുള്ള ചോദന എല്ലാവരിലുമുണ്ട്. പക്ഷെ അതിനു തടസ്സം ഭയവും ,ആത്മവിശ്വാസക്കുറവുമാണ്. അതിവിടെ മൃഗത്തിനും സ്ത്രീയ്ക്കും ഒന്നുപോലെന്ന് ഈ കവിതയിൽനിന്നും വായിക്കാവുന്നതാണ്.
Recap
|
Questions
|
Answers
|
Assignment topic
|
References
|
E- content
![]() |