Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 2

ശാർങ്ഗകപ്പക്ഷികൾ

                                                                      ഓ .എൻ .വി കുറുപ്പ്

Learning Outcomes

 • ഒ.എൻ.വി. കുറുപ്പ് എന്ന കവിയുടെ കാവ്യശൈലി പരിചയപ്പെടുന്നു.
 • ഒ.എൻ.വി. കുറുപ്പിന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് അറിവുനേടുന്നു.
 • ഖാണ്ഡവദഹനകഥ മനസ്സിലാക്കുന്നു.
 • ഒ.എൻ.വിയുടെ ബിംബകല്പനാ വൈഭവം മനസ്സിലാക്കുന്നു.
 • ഒ.എൻ.വിയുടെ സമകാലികരായ കവികളെ പരിചയപ്പെടുന്നു.
 • പരിസ്ഥിതി കവിതകളുടെ രചനാ പ്രാധാന്യം മനസ്സിലാക്കുന്നു.

Prerequisites

“മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലിരുന്നവളേ’, ‘ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന ‘, ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി ‘ ഈ വരികളൊക്കെ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാകുമോ? ഇതുപോലെ അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്. മാരി വില്ലിൻ തേന്മലരേ’, ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ ‘ തുടങ്ങിയ നാടകഗാനങ്ങൾ നമ്മുടെ പാടത്തും പറമ്പിലും അങ്ങാടിയിലും അടുക്കളയിലുമൊക്കെ അലയടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ഗാനങ്ങളുടെയൊക്കെ ശില്പി   ഒ.എൻ.വി കുറുപ്പാണ്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണ് പൂർണ്ണനാമം. മനുഷ്യത്വവും ആർദ്രതയും സൗന്ദര്യവും നാടൻ താളവും പ്രകൃതിയുടെ ഈണവും മണ്ണിന്റെ മണവുമുള്ളതാണ് ഓ.എൻ.വിയുടെ കവിതകൾ. ഈ സവിശേഷതകൾ   ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ജന ഹൃദയങ്ങളിൽ ജീവിക്കുന്നത്.

               ‘ആധുനിക മലയാള കവിതയിലെ സൂര്യതേജസ്’ എന്നാണ് സാംസ്കാരിക കേരളം ഒഎൻ.വി.യെ വിശേഷിപ്പിച്ചിട്ടുള്ളത്. ‘മാനവികതയുടെ കവി ‘ എന്നും  ‘നിസ്വവർഗ്ഗത്തിന്റെ , പാവപ്പെട്ടവരുടെ കവി ‘ എന്നും ഒ എൻ.വി. അറിയപ്പെടുന്നു. 1931-ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് ജനനം. 1946 മുതൽ 2016 വരെ നീളുന്ന കാവ്യജീവിതത്തിനിടയിൽ അദ്ദേഹം ആയിരത്തിലേറെ കവിതകളും ഏതാണ്ട് അത്രത്തോളം തന്നെ ഗാനങ്ങളുമെഴുതി. കവി, ഗാനരചയിതാവ്, പ്രഗത്ഭനായ അധ്യാപകൻ, വാഗ്മി, സാംസ്കാരികപ്രവർത്തകൻ എന്നിങ്ങനെയുള്ള ബഹുമുഖ വ്യക്തിത്വങ്ങൾക്കുടമയാണ് ഒ.എൻ.വി. കുറുപ്പ്.

                 മലയാളകവിതയെ കാല്പനികതയുടെ അനുഭൂതികളിൽ ആറാടിച്ച ചങ്ങമ്പുഴയും കാർഷികസംസ്കാരത്തിന്റെ ഉൾത്തുടിപ്പുകൾ കവിതയിൽ പകർത്തിയ ഇടശ്ശേരിയും സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കു കണ്ണ് തുറന്ന വൈലോപ്പിള്ളിയും പ്രകൃതി സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഉപാസകനായ പി.കുഞ്ഞിരാമൻ നായരും വെട്ടിയൊരുക്കിയ വഴിയിലൂടെയാണ് ഒ.എൻ.വി. സഞ്ചരിച്ചത്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യച്യുതികളോട് കലഹിച്ചുകൊണ്ട് കവിതയെ സമരായുധമാക്കിയ വയലാറും പി ഭാസ്കരനും ഒ.എൻ.വി.യോടൊപ്പം മലയാളകവിത യിൽ വിപ്ലവത്തിന്റെ കാഹളം മുഴക്കിയവരാണ്. ഭാരതീയ ക്ലാസിക് കാവ്യപാരമ്പര്യത്തെ പിൻതുടരുന്ന അക്കിത്തവും ഒളപ്പമണ്ണയും മണ്ണിനും പെണ്ണിനും ജലത്തിനും വേണ്ടി വിലപിച്ച സുഗതകുമാരിയും നാടൻപാട്ടിന്റെ ഈണവും ഭാവവുമായി കടന്നുവന്ന കടമ്മനിട്ടയും ഉത്തരാധുനികതയ്ക്ക് തുടക്കമിട്ട അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനുമൊക്കെ ഒ .എൻ . വി യുടെ കാലത്തിലൂടെ കടന്നുപോയവരാണ് .

          ഒ.എൻ.വിയുടെ കാവ്യജീവിതം മൂന്നു ചരിത്രഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ആദ്യത്തേത് സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടമാണ്. ജന്മിത്വവും നാടുവാഴിത്തവും വൈദേശികാധിപത്യവും സമൂഹത്തെ അടിമത്തത്തിലേക്ക് നയിച്ച ഈ കാലത്ത് ഒ. എൻ .വി പാവപ്പെട്ട ജനവിഭാഗത്തിന്റെ ഭാഗം ചേർന്നുനിന്നാണ് കവിതകളെഴുതിയത്. ‘മുന്നേറ്റം, അരിവാളും രാക്കുയിലും, ‘വെട്ടം വീഴുമ്പോൾ’, ‘ചെങ്കുപ്പായം’, ‘നഷ്ടപ്പെടാൻ വിലങ്ങുകൾ തുടങ്ങിയ കവിതകൾ ഉദാഹരണം. കവിതയിൽ രാഷ്ട്രീയം കടന്നുവന്നതാണ് ഈ കാലഘട്ടത്തിലെ ഒ എൻ വി.യുടെ കവിതകളിൽ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. “നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ…”, “മാറ്റുവിൻ ചട്ടങ്ങളേ ” തുടങ്ങിയ വരികളിൽ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ധ്വനികൾ ഉയർന്നുകേൾക്കാം. ഈ കവിതകൾ പടപ്പാട്ടുകളെന്നും ചുവന്ന കവിതകളെന്നും സമര ഗാനങ്ങളെന്നുമൊക്കെ അറിയപ്പെടുന്നു. അടിച്ചമർത്തപ്പെട്ട തൊഴിലാളിവർഗ്ഗത്തിന്റെ പച്ചയായ ജീവിതാവിഷ്കാരമാണ് ഈ കവിതകളിലുള്ളത്.

      ഒ.എൻ.വി. കടന്നുപോന്ന രണ്ടാമത്തെ ചരിത്രഘട്ടം സ്വാതന്ത്യത്തിനു ശേഷമുള്ളതാണ്. ഈ ഘട്ടത്തിൽ ഒ .എൻ . വി യിലെ കവിയിലുണ്ടാക്കിയ പരിവർത്തനം വ്യക്തമാക്കുന്നതാണ് 1959 മുതൽ 1964 വരെ രചിച്ച കവിതകൾ . (മയിൽപ്പീലി എന്ന സമാഹാരം) സ്വാതന്ത്യാനന്തരം രാഷ്ട്രീയമൂല്യങ്ങളിൽ സംഭവിച്ച തകർച്ച കവിയിലുണ്ടായ നിരാശയും വിഷാദവുമാണ് ഈ കവിതകളിൽ പ്രതിഫലിച്ചത് വിപ്ലവത്തിന്റെ വീക്ഷണഭാവത്തിൽനിന്നും സൗന്ദര്യത്തിന്റെ പീലി വിടർത്തുന്ന കാല്പനി കതയിലേക്കുള്ള കവിയുടെ ചുവടുമാറ്റമാണ് ഇവിടെ സംഭവിച്ചത് .സിംഹാസനത്തിലേക്കു വീണ്ടും,  നാലുമണിപ്പൂക്കൾ,  ചോറൂണ്, മയിൽപ്പീലി, മുത്തശ്ശിമുല്ല. ഇന്ത്യയുടെ ശബ്ദം, നീലമൽസ്യങ്ങൾ തുടങ്ങിയ കവിതകളിൽ കാല്പനികതയുടെ പ്രവണതകൾ കാണാനാവും .

   ആഗോളവൽക്കരണവും അതു സൃഷ്ടിച്ച സാമ്പത്തിക അസമത്വവും കച്ചവടപ്രവണതകളും ഉപഭോഗസംസ്കാരവും പ്രകൃതിചൂഷണവും വിഭാഗീയതയും മതതീവ്രവാദവുമൊക്കെ മനുഷ്യസമൂഹത്തിൽ അശാന്തി പരത്തിയ ചുറ്റുപാടിലാണ് ഐൻവിയുടെ കാവ്യജീവിതത്തിലെ മൂന്നാം ഘട്ടം കടന്നുവരുന്നത്. സമഗ്രമായ മാനവിക ദർശനം ഉൾക്കൊണ്ടുന്ന കവിയെയാണ് ഇവിടെ കാണാനാവുക. ലോകമെങ്ങുമുള്ള മനുഷ്യരെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും നിലനില്പിനെപ്പറ്റിയുള്ള ആകുലതകളെയും പ്രതിഫലിപ്പിക്കുന്നതിലൂടെ കവിയുടെ ആശയതലം ആകാശത്തിനു കീഴിലുള്ള സർവ്വ ഇടങ്ങളിലേക്കും വികസിക്കുന്നു എന്നർത്ഥം. ‘ഭൂമിക്കൊരു ചരമഗീതം, ‘സൂര്യഗീതം’, ‘ശാർങ്ഗകപ്പക്ഷികൾ’ തുടങ്ങിയ കവിതകൾ ഉദാഹരണം. കാല്പനികതയ്ക്കുശേഷം വന്ന പ്രവണതയായ നവകാല്പനികതയുടെ ഘട്ടമാണിത്. ശക്തമായ നവോത്ഥാന ആശയങ്ങൾക്ക് കലയുടെ അനുഭൂതി പകരുന്നു എന്നതാണ് നവകാല്പനികയുടെ പ്രത്യേകത.

         അരിവാളും രാക്കുയിലും, മയിൽപ്പീലി വളപ്പൊട്ടുകൾ, ചോറൂണ്, അക്ഷരം, ഉലൈനി, കോതമ്പുമണികൾ, ഭൂമിക്കൊരു ചരമഗീതം, അമ്മ, കുഞ്ഞേടത്തി, ക്ഷണികം പക്ഷേ, ദിനാന്തം, ശാർങ്ഗകപ്പക്ഷികൾ, സ്നേഹിച്ചു തീരാത്തവർ, സൂര്യഗീതം,   അനശ്വരതയിലേക്ക് തുടങ്ങിയവയാണ് പ്രധാന കവിതകൾ. 2011-ൽ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഒ.എൻ.വി ക്ക് പത്മശ്രീ പുരസ്കാരം, പത്മവിഭൂഷൻ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി കേരള-കേന്ദ്ര സാഹിത്യപുരസ്കാരങ്ങളും   ലഭിച്ചിട്ടുണ്ട്. ഗാനരചനയ്ക്ക് പതിമൂന്നു തവണ സംസ്ഥാന ചലച്ചിത്ര അവാർഡുനേടി .

Key words

കാല്പനിക കവിത – നവകാല്പനികത – പടപ്പാട്ടുകൾ -കാവ്യരചനയുടെ മൂന്ന് ചരിത്ര ഘട്ടങ്ങൾ – കവിതകളിലെ രാഷ്ട്രീയം -ആഗോളവൽക്കരണം -പ്രകൃതിചൂഷണം.

3.2.1. Content

1987-ൽ പ്രസിദ്ധീകരിച്ച ശാർങ്ഗകപ്പക്ഷികൾ കാല്പനിക കവിതകളുടെ ഗണത്തിൽപ്പെടുന്നു. കലയെ മാനദണ്ഡങ്ങളുടെ അഥവാ രചനാനിയമങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നും മോചിപ്പിച്ച് ഭാവനയുടെ ആകാശത്തേക്കു തുറന്നുവിടുന്നതാണ് കാല്പനികതയുടെ രീതി. ഇവിടെ സൗന്ദര്യത്തിനും ആന്തരികാനുഭൂതിക്കും മനുഷ്യവികാരങ്ങൾക്കുമാണ് പ്രാധാന്യം. കാല്പനികതയേയും പാരമ്പര്യത്തേയും സമന്വയിപ്പിച്ചുകൊണ്ട് കവിത രചിച്ച ഒ.എൻ.വി. ആശയത്തിന്റെ കാര്യത്തിൽ കാലത്തോടു ചേർന്നുനില്ക്കുകയും കാവ്യശില്പം രൂപപ്പെടുത്തുന്നതിൽ പാരമ്പര്യത്തെ കൂട്ടുപിടിക്കുകയും ചെയ്തു. അതിനുള്ള മികച്ച ഉദാഹരണമാണ് ശാർങ്ഗകപ്പക്ഷികൾ എന്ന കവിത . കാലം വരുത്തിവച്ച ആപൽക്കരമായ ചുറ്റുപാടിൽ ലോകത്തിനു നൽകുന്ന ജാഗ്രതാനിർദ്ദേശമാണ് കവിതയുടെ കേന്ദ്ര ആശയം.

‘ശാർങ്ഗകപ്പക്ഷികൾ’ എന്നത് ഗഹനമായ ഒരു കാവ്യബിംബമാണ്. ഇങ്ങനെയൊരു പക്ഷിയുണ്ടോ?. ശകുന്തപ്പക്ഷി, കളഹംസം എന്നൊക്കെ കേട്ടിട്ടില്ലേ? ഇതൊക്കെ ആദിമകവികൾ സൃഷ്ടിച്ച സാങ്കല്പിക പക്ഷികളാണ് . വ്യാസൻ സൃഷ്ടിച്ച സാങ്കല്പികപ്പക്ഷിയാണ് ‘ശാർങ്ഗകപ്പക്ഷികൾ’. മഹാഭാരതത്തിലെ ഖാണ്ഡവദാഹ കഥയിലാണ് ശാർങ്ഗകപ്പക്ഷിയായ ജരിതയും കൊടുംതീയിലകപ്പെട്ടുപോയ പറക്കമുറ്റാത്ത കുഞ്ഞുങ്ങളും പ്രത്യക്ഷപ്പെടുന്നത്. ഖാണ്ഡവദാഹകഥയെ പ്രതീകമാക്കിക്കൊണ്ട് കവി താൻ ജീവിക്കുന്ന കാലത്തെ ആപൽകരമായ ചുറ്റുപാടിനെ ആവിഷ്കരിക്കുകയാണ്. ഈ കവിതയിൽ ശാർങ്ഗകപ്പക്ഷികൾ ഇവിടെ പ്രധാനബിംബമായി മാറുന്നു. നിലനില്പിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും സംഘർഷങ്ങളും ഇവിടെ പുരാണകഥയോട് ചേർത്തുനിർത്തിക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ തന്റെ പത്നിക്കുറങ്ങാനായി കാവലിരിക്കുന്ന കവിയുടെ ആത്മഗതങ്ങളായാണ് കവിത രൂപപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ലളിതവും ഭാവനാത്മകവുമായ കാവ്യസങ്കേതമാണ് ശാർങ്ഗകപ്പക്ഷികളുടെ രചനയിൽ കവി സ്വീകരിച്ചിട്ടുള്ളതെന്നു കാണാം.

ഈ കവിതയുടെ വൃത്തം കാകളിയാണ്. “മാത്രയഞ്ചക്ഷരം  മൂന്നിൽ വരുന്നൊരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ ” എന്നാണ് കാകളിവൃത്തിന്റെ ലക്ഷണം. ഉൽപ്രേക്ഷ, ദീപം, രൂപം, പ്രതീപം, ദൃഷ്ടാന്തം, ഉദാത്തം തുടങ്ങിയ അലങ്കാരങ്ങൾ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്.

വരികൾ -1(1-20)

“ഇനി  ഞാനുണർന്നിരിക്കാം,

നീയുറങ്ങുക !

………………………………..

ലൊട്ടു തലോടിയിരുന്നു

മയങ്ങി നാം !”

അർത്ഥ വിശദീകരണം

ഋതുഭേദങ്ങളേൽപിച്ച = ജീവിതകാലത്തിനിടയിൽ അനുഭവിച്ച

പത്തിവിടർത്തിനിന്ന ശബ്ദങ്ങൾ           =            ഉച്ചത്തിലുള്ള ശബ്ദങ്ങൾ

ശ്രമതപ്തമാം പാദം                              =             ഏറെ യാത്രചെയ്തത് തപിച്ച പാദങ്ങൾ

ആശയ വിശദീകരണം

ആപത്കരമായ ജീവിതപരിസരത്ത് ഉറങ്ങാനാവാത്ത അവസ്ഥയിൽ ഒരു ജാഗ്രതാ മുന്നറിയിപ്പെന്നപോലെ കവി തന്റെ ജീവിതപങ്കാളിയോടു പറയുന്ന വാക്കുകളാണ് ഈ കാവ്യഭാഗത്തുള്ളത്. “ഇനി ഞാനുണർന്നിരിക്കാം; നീയുറങ്ങുക. ഈ ജീവിതയാത്രയിൽ നിരവധി ഋതുഭേദങ്ങളിലൂടെ കടന്നു വന്നവരാണ് നാം. ജീവിതഭാരവും പേറിയുള്ള യാത്രയിൽ വഴികളൊരുപാടു താണ്ടിക്കഴിഞ്ഞിരിക്കുന്നു. കാലം ഏല്പിച്ച ശൈത്യവും താപവും (ജീവിതക്ലേശങ്ങൾ) നാം ഏറെ സഹിച്ചു. പല പല സ്ഥലങ്ങളിലായി നാം ജീവിതം കഴിച്ചുകൂട്ടി, വെയിലാറിയ തൊടിയിലും പ്രാവുകൾ ചേക്കേറുന്ന നാലുകെട്ടിന്റെ ചായ്പ്പിലും മാത്രമല്ല , പാതിയിടിഞ്ഞ കുളത്തിന്റെ കൽപ്പടവിൽ , പാതയോരത്തുള്ള ആൽത്തറയിൽ , മൺചുമരിലെ കൽവിളക്കിന്റെ പുകയുയരുന്ന തളത്തിൽ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ നിദ്രയിലാണ്ട് ബഹളമൊഴിഞ്ഞ  നഗരസത്രത്തിൽ, ആൾത്തിരക്കിന്റെ നടുവിൽ, നമ്മുടേതു മാത്രമായ ഏകാന്തതയുടെ ദീപിലുമെല്ലാം നാം ദു:ഖങ്ങളും സന്തോഷങ്ങളും ഒരുമിച്ചു പങ്കു വച്ചു. ദുഃഖഭാരങ്ങളിറക്കിവയ്ക്കുവാൻ പരസ്പരം അത്താണിയായി നിന്നു. അവിടെയൊക്കെ നാം നമ്മുടെ കൊച്ചു സ്വപ്‌നങ്ങൾ കൊത്തിയുടച്ചു കൊറിച്ചുകൊണ്ടിരുന്നു. യാതചെയ്ത് തപിച്ച പാദങ്ങൾ തരളമായ കൈകളാൽ തലോടിക്കൊണ്ട് നാം മയങ്ങി. പരസ്പരം ആശ്വാസമായും താങ്ങായും നാം ഈ ജീവിതയാത്ര തുടർന്നു.

കവി തന്റെ പത്നിയോടു സംവദിക്കുന്ന രീതിയിലാണ് ഈ കവിതയുടെ കാവ്യഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്. രൂപഭദ്രതയും ഭാവാത്മകതയുമാണ് വരികളിൽ കാണുന്ന ഏറ്റവും വലിയ ആകർഷണീയത. ശബ്ദാലങ്കാരത്തിന് വലിയ പ്രാധാന്യം കൊടുക്കാത്ത കവി പക്ഷേ, അർത്ഥാലങ്കാരത്തെ യഥേഷ്ടം കൂട്ടുപിടിച്ചിട്ടുണ്ട്. ജീവിതയാത്രയിൽ അനുഭവിച്ച ക്ലേശങ്ങളെ ‘ഋതുഭേദങ്ങളേല്പിച്ച താപവും ശൈത്യവുമായി കവി താദാത്മ്യപ്പെടുത്തിയിരിക്കുന്നിടത്ത് അലങ്കാരം രൂപകമാണ്. “അവർണ്യത്തോടു വർണ്യത്തിന്നഭേദം ചൊൽക രൂപകം” എന്നാണ് രൂപകത്തിന്റെ ലക്ഷണം അതായത് പരസ്പരസാദൃശ്യമുള്ള ധർമ്മങ്ങളോടുകൂടിയ ഒരു വർണ്യത്തിനും അവർണ്യത്തിനും ഭേദമില്ലെന്നു കല്പിച്ചാൽ അലങ്കാരം രൂപകം.

പരസ്പരം കാവലും രക്ഷയുമാകുന്ന സന്ദർഭം ദാമ്പത്യബന്ധത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു.

വരികൾ-2 (21-34)

“അല്പമാത്രങ്ങളാം /വിശ്രമവേളകൾ !…

……………………………………………….

……….. നീയുറങ്ങുക !.

അർത്ഥ വിശദീകരണം 

തമ്മിൽ ചുമലൊത്ത്     =            തോളോടു തോൾ ചേർന്ന്

ഉൺമ                                        =            സത്യം

യാമം                                        =            സമയം

ആശയ വിശദീകരണം

ഈ ജീവിതയാത്രയ്ക്കിടയിൽ വിശ്രമിക്കാൻ നമുക്ക് അല്പമാത്രം ഇടവേളകളെ കിട്ടിയിട്ടുള്ളൂ. അതിനാൽ ഇപ്പോൾ നീയുറങ്ങുക, ഞാനുണർന്നിരിക്കാം. ഈ യാത്രയിൽ നമുക്കെത്തിച്ചേരേണ്ടയിടത്തേക്ക് ഇനിയെത്ര ദൂരമുണ്ടെന്നറിയില്ല. തോളോടുതോൾ ചേർന്ന്, സ്നേഹവും സന്തോഷവും വിഷാദവുമെല്ലാം പങ്കുവച്ചു, സഞ്ചരിക്കുന്നതിനിടയിൽ ഇതാ നമുക്കു വിശ്രമിക്കാനായി മറ്റൊരിടവേളകൂടി വന്നിരിക്കുന്നു. എല്ലാം മറന്നുറങ്ങിയ യാമങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നിപ്പോൾ നമ്മളിലൊരാളുടെ നിദ്രയ്ക്ക് മറ്റെയാൾ കാവൽ നിന്നേ തീരൂ. അതിനാൽ നീയുറങ്ങുക. ഞാനുണർന്നിരിക്കാം.

ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് കവി വരച്ചിടുന്ന ചിത്രം ശ്രദ്ധേയമാണ്. എത്തേണ്ടിടത്തെത്തു/വാനിനിയെത്രയുണ്ടെത്രയു/ണ്ടെന്നറി/യാത്തൊരീ യാത്ര’ എന്നാണ് , എത്തുംപിടിയുമില്ലാത്ത ജീവിതയാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതുപോലെ എല്ലാം മറന്നൊ/ന്നുറങ്ങിയ യാമങ്ങൾ /എന്നേക്കുമാ/യസ്തമിച്ചുപോയ്’ എന്ന വരിയിൽ നിരാശയാണ് കാണാനാവുക. ശാന്തസുന്ദരമായ ഒരു കാലം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് കവിയെ നിരാശയിലെത്തിച്ചത്. ഒരാൾക്കുറങ്ങണമെങ്കിൽ മറ്റെയാൾ കാവൽ നില്ക്കേണ്ട സാഹചര്യമാണിന്നുള്ളതെന്ന് അടിവരയിടുകയാണിവിടെ. ഇതിലൂടെ വർത്തമാനകാല സാഹചര്യം അത്രമേൽ സുരക്ഷിതത്വമില്ലാത്തതാണെന്ന സത്യം വിളിച്ചുപറയുകയാണ് കവി.

വരികൾ-3:(35-63)

“മാമ്പൂവുരുക്കുന്ന വേനലിനെ….

………………………………………

…ചിത്രവടിയൂന്നിയൂന്നി /നടന്നു നാം!!

അർത്ഥ വിശദീകരണം

പോത്തിൻ പുറത്തുവരുന്ന രൂപം   =  കാലൻ, മരണം,

കല്ലിനുള്ളിലെ കരുണാമൂർത്തി       =            ഈശ്വരൻ

പലവില്ലൊടിച്ചു                               =            പല സമരങ്ങളിലൂടെ (പ്രതിരോധത്തിലൂടെ)

സപ്തവർണ്ണാഞ്ചിതച്ചിത്രവടി =            ഏഴു വർണ്ണങ്ങളുള്ള മനോഹരമായ    ചിത്രവടി

ആശയ വിശദീകരണം

നമ്മുടെ ജീവിതത്തെ തല്ലിക്കെടുത്തുന്ന നിരവധി വിപത്തുകൾ ചുറ്റിനുമുണ്ടെന്ന് പ്രകൃതിയിൽനിന്നും ഉദാഹരണങ്ങൾ നിരത്തികൊണ്ട് കവി ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ. മാമ്പൂക്കളെ ഉരുക്കിക്കളയുന്ന വേനലിനെപ്പോലെയും കണ്ണിമാങ്ങകൾ തല്ലിക്കൊഴിക്കൊഴിക്കുന്ന കാറ്റിനെപ്പോലെയും പ്രാവിൻ കുഞ്ഞിനെ റാഞ്ചുന്ന പരുന്തിനെപ്പോലെയും കുരുന്നു പൂവിനെ കാർന്ന് നശിപ്പിക്കുന്ന പുഴുവിനെപ്പോലെയും കുഞ്ഞിന്റെ പൊക്കിളിൽ നോക്കി ചോരയൂറ്റുന്ന ഓന്തിനെ പോലെയുമൊക്കെയാണ്   ആ വിപത്തുകൾ കടന്നുവരിക. പോത്തിൻ പുറത്തുവരുന്ന രൂപത്തെ (കാലനെ )പറ്റി ഓർക്കുമ്പോൾ കൊച്ചു കുട്ടികളെപ്പോലെ നടുങ്ങുന്നവരാണ് നാം. എങ്കിലും നാം ആ വിപത്തുകളെയെല്ലാം ഇതുവരെ അതിജീവിച്ചു. ഏതു ദുരിതത്തിലും നമ്മെ മുന്നോട്ടു നയിച്ചത് ജീവിതസ്വപ്നങ്ങളാണ്. കന്നിവെയിലിൽ നാം മകരക്കുളിരിനെ പ്രതീക്ഷിക്കുന്നു കർക്കിടകത്തിലെ കറുത്ത വാവിൽ ചിങ്ങപ്പുലരിയെപ്പറ്റി കിനാവു കാണുന്നു. മൗനങ്ങളിൽനിന്ന് സംഗീതം പ്രതീക്ഷിക്കുന്നു. വറുതിയിൽ തിരുവോണമുണ്ണുന്നത് സ്വപ്നം കാണുന്നു. അതുപോലെ കല്ലിനുള്ളിൽ കരുണാമൂർത്തിയുണ്ടെന്നും നാം വിശ്വസിക്കുന്നു. നമ്മെ മുന്നോട്ടു നയിക്കുന്നത് സ്വപ്നങ്ങളാണ്. ഭയപ്പെടുത്തുന്ന ഇരുട്ടിലും സ്വപ്നമായി ഓടിയെത്തുന്ന വെളിച്ചത്തെ നമ്മുടെ പാട്ടുകളിൽ (സന്തോഷ )ങ്ങളിൽ ആവാഹിച്ച് നമ്മൾ നടന്നു. അങ്ങനെ ഓരോ പുലരിയും സ്വപ്നങ്ങൾ കണ്ടു വിടർന്നു. സ്വാതന്ത്ര്യം സ്വപ്നം കണ്ട നമ്മുടെ പൂർവ്വികർ നിരവധി സമരങ്ങളിലൂടെ അതു നേടിയെടുത്തു. സ്വപ്നങ്ങൾ നൽകിയ ഏഴു വർണ്ണങ്ങളുള്ള മനോഹരമായ ചിത്രവടി ഊന്നിയാണ് നാം ഇതുവരെ നടന്നുപോന്നത്.

ഒരു വസ്തുതയെ അവതരിപ്പിക്കുന്നതിന് നിരവധി ബിംബങ്ങളെ അണിനിരത്തിയിരിക്കുന്നത് ഈ വരികളിൽ കാണാം. മാമ്പൂക്കളെ ഉരുക്കിക്കളയുന്ന വേനലും കണ്ണിമാങ്ങകൾ തല്ലിക്കൊഴിക്കുന്ന കാറ്റുമൊക്കെ വിപത്തുകളെ സൂചിപ്പിക്കുന്ന ബിംബങ്ങളാണ്. ദീപകാലങ്കാരമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് അനേകമേകത്തിൽ അന്വയപ്പതു ദീപകം എന്നാണ് ഈ അലങ്കാരത്തിന്റെ ലക്ഷണം. ഇവിടെ വിപത്ത് അഥവാ നാശം എന്ന ഉപമേയത്തെ നിരവധി സാദൃശ്യബിംബങ്ങളമായി ചേർത്തു വയ്ക്കുന്നു. പോത്തിൻ പുറത്തെത്തുന്ന രൂപം മരണത്തിന്റെ പ്രതീകമാണ്. ഏതു പ്രതിസന്ധിയിലും നമ്മ മുന്നോട്ടു നയിക്കുന്ന സ്വപ്നങ്ങളെ കവി ഏഴു വർണ്ണങ്ങളുള്ള മനോഹരമായ ചിത്രവടിയായി സങ്കല്പിച്ചിരിക്കുന്നു

 

വരികൾ -4(64-90)

“കാലദേശങ്ങൾ തൻ /കാണാക്കരകളെ ….

……………………………………………………

ഇനി ഞാനുണർന്നിരിക്കാം / നീയുറങ്ങുക.

അർഥ വിശദീകരണം

കാലദേശങ്ങൾതൻ കാണാക്കരകൾ =ഒരു നിശ്ചയവുമില്ലാത്ത ഭാവിജീവിതം

കാലടിപ്പാടുകൾ   =ഭൂതകാലസ്മരണ

ഗാന്ധീവധാരി       =അർജ്ജുനൻ

ജരിത       =ഖാണ്ഡവദഹനത്തിലെ പക്ഷി

തമോബിന്ദുക്കൾ   =ഇരുട്ടുനിറഞ്ഞ സ്ഥലം(ജീവിതപ്രതിസന്ധി)

ആശയ വിശദീകരണം

കടന്നുപോന്ന ഓരോ കാലവും ദേശവും കാലടിപ്പാടുകൾ നോക്കി അളന്നുകൊണ്ട് നാം ഈ യാത്ര തുടരുകയാണ് (ഇടയ്ക്കിടെ ഭൂതകാലത്തിലേക്കു നോക്കി ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ) ആശങ്കകളും ഉത്കണ്ഠകളും ഒക്കെ ഈ യാത്രയിൽ അനുഭൂതി നൽകുന്ന അത്ഭുതങ്ങളാകുന്നു. അതിനിടയിൽ ഇരുട്ടെത്തികഴിഞ്ഞിരിക്കുന്നു (ഇരുട്ട് എന്നതുകൊണ്ട് ജീവിതത്തിന്റെ വഴിയടഞ്ഞ അവസ്ഥയെ സൂചിപ്പിക്കുന്നു. )ഇനിയെങ്ങോട്ടാണ് വഴി എന്ന് നാം പരസ്പരം ചോദിച്ചുപോകുന്നു. ഇപ്പോൾ നീ ഉറങ്ങുക ഞാൻ ഉണർന്നിരിക്കാം.

നമ്മൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് ഏതു ഖാണ്ഡവ വനത്തിലാണെന്നറിയില്ല . (മഹാരതത്തിലെ ഖാണ്ഡവദഹനകഥയെ സൂചിപ്പിക്കുന്നു). എല്ലാം ഒരു നിമിഷംകൊണ്ട് ഭക്ഷിക്കുവാനായി അഗ്നി സൂക്ഷ്മാണുവായി എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്. മഴ പെയ്യിച്ച് ഈ അഗ്നിയിൽനിന്ന് രക്ഷിക്കുവാൻ ഒരാൾ വരും (മഴ പെയ്യിച്ച് ഖാണ്ഡവവനത്തെ രക്ഷിച്ച ഇന്ദ്രനെ സൂചിപ്പിക്കുന്നു. പക്ഷേ, അടുത്ത നിമിഷം തന്നെ ശരമാരി ചെയ്യിച്ച് മഴയെ പ്രതിരോധിക്കുവാൻ  ഗാണ്ഡീവധാരി (അർജ്ജുനനെ സൂചിപ്പിക്കുന്നു) എത്തും. ഇതിനിടയിൽ അകപ്പെട്ടുപോയ ശാർങ്ഗകപ്പക്ഷികളാണു നാം . നമുക്കു ജീവൻ തന്ന ഭൂമിയാകട്ടെ , തന്റെ പാവം മക്കളെയോർത്തു കരയുന്ന ജരിതപ്പക്ഷിയെ പോലെ തീ തിന്നുരുകുന്ന നെഞ്ചുമായി ഏതോ മുനമ്പിനെ ചുറ്റുന്നു. എല്ലാം മറന്നുറങ്ങിയ കാലം എന്നെന്നേക്കുമായി അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. (സൂക്ഷിതമായ ഒരു കാലം ഇനി സ്വപ്നം കാണേണ്ടതില്ല എന്നർത്ഥം) ഇനി നമ്മളിലൊരാളുടെ നിദ്രയ്ക്ക് മറ്റെയാൾ കാവലിരുന്നേതീരു. അതിനാൽ നീ ഉറങ്ങുക. ഞാൻ ഉണർന്നിരിക്കാം.

ഈ കവിതയിലെ ഏറ്റവും കാതലായ ഭാഗമാണിത്. സംഘർഷഭരിതമായ സന്ദർഭത്തെ അവതരിപ്പിക്കാനായി കവി പുരാണങ്ങളിൽ നിന്ന് ബിംബങ്ങളെടുത്ത് ഉദാഹരിക്കുന്നു. ആകസ്മികമായാണ് ഖാണ്ഡവവനം അഗ്നിക്കിരയായത്. ഇതുപോലെ വളരെ രഹസ്യമായിട്ടായിരിക്കും കൃശാണുവിന്റെ -അണുബോംബിന്റെ ആക്രമണമുണ്ടാവുക എന്ന് സൂചന. ഇവിടെ രക്ഷിക്കാനെത്തുന്നവരെ തടയാനാളുണ്ടാവുമെന്ന് കവി ഓർമ്മപ്പെടുത്തുന്നു. (എവിടെയും തല പൊക്കുന്ന വിഭാഗീയതയെ സൂചിപ്പിക്കുന്നു). കവി തന്റെ ആശയ നിവർത്തിക്കായി ഏറ്റവും ഉചിതമായ ഒരു പുരാവൃത്തപരാമർശമാണ് ഇവിടെ വിളക്കിച്ചേർത്തിരിക്കുന്നത്. അതിനാൽ അലങ്കാരം ഉദാത്തം . “ഉദാത്തം പുരാവൃത്ത പരാമർശം” എന്നാണ് ഈ അലങ്കാരത്തിന്റെ ലക്ഷണം.

കാലദേശങ്ങൾ തൻ/ കാണാക്കരകളെ ‘ എന്ന വരിയിൽ വർണ്യവും അവർണ്യവും തമ്മില് ഭേദമില്ല. ജീവിതത്തിന്റെ ഭാവിയെയാണ് കാണാക്കരകളായി സങ്കല്പിച്ചിരിക്കുന്നത്. ഈ വരിയിലെ അലങ്കാരം രൂപകമാണ്. അവർണ്യത്തോടു വർണ്യത്തിന്നഭേദം ചൊൽക രൂപകം എന്നാണ് ഈ അലങ്കാരത്തിന്റെ ലക്ഷണം.

വരികൾ-5: (91-109)

“എത്രവേഗം നീ

മയക്കത്തിലാഴുന്നു!….

……………………………………..

…സത്യങ്ങളാവുക  നാം !-

സത്യാഗാഥകൾ !….”

അർത്ഥ വിശദീകരണം

തളിർക്കുന്ന ജീവിതവൃക്ഷം =സന്താനസൗഭാഗ്യമുള്ള ദാമ്പത്യജീവിതം

നൗകാഗൃഹങ്ങൾ                                          =കവിയുടെ പിൻതലമുറ

ദിക്തടാകങ്ങൾ                                =ദിക്കുകളാകുന്ന തടാകങ്ങൾ (ജീവിതവഴി)

ദാവാഗ്നിയാഹരിക്കാത്ത                         =കാട്ടുതീയാകുന്ന അഗ്നി ഭക്ഷിക്കാത്ത

ആശയ വിശദീകരണം

പെട്ടെന്നുതന്നെ ഉറക്കത്തിലേക്കാഴ്ന്നുപോയ പത്നിയെ നോക്കി കവി ചോദിക്കുന്നു; നിന്റെ മുഖത്ത് എന്തൊരു ശാന്തതയാണ്. ഈ ജീവിതത്തിൽ നമുക്കു നഷ്ടമായ ശാന്തത. ഉറക്കത്തിൽ എല്ലാ ഭയവും മാറുന്നു. നീ ഉറക്കത്തിൽ ചിരിക്കുന്നുവല്ലോ. ഈ നിഗൂഢസ്മിതങ്ങളുടെ പിന്നിലെ സ്വപ്നങ്ങൾ എന്റേതു കൂടിയല്ലേ? നമ്മുടെ ജീവിതമാകുന്ന വൃക്ഷം തളിർക്കുകയും പൂക്കുകയും ചെയ്തു. ആ പുഷ്പങ്ങൾ നൗകകളെപ്പോലെ ഓരോ ഗൃഹങ്ങളായിത്തീരുന്നു. ആ ഗൃഹങ്ങളിൽ നമ്മുടെ കൊച്ചുമക്കൾ  പൊട്ടിച്ചിരിക്കുന്നു. ഈ ജീവിതകാലത്തിന്റെ അറ്റങ്ങളെ ബന്ധിപ്പിക്കുന്ന പൊൻചങ്ങലയിലെ പൊട്ടാത്ത കണ്ണികളാണ് നമ്മൾ. നമ്മൾ ആരണ്യകത്തിനു നടുവിൽ അഗ്നിക്കിരയാകാതിരുന്ന ശാർങ്ഗകപ്പക്ഷികളെപ്പോലെ ആപത്തിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ നില്ക്കുന്നു. നാം ഇനി സ്വപ്നങ്ങളുടെ ചൂടു പകർന്നു വിരിയിച്ച സത്യങ്ങളാവുകയാണ് വേണ്ടത്. ലോകത്തെ നേർവഴിക്കു നടത്താനുള്ള സത്യത്തിന്റെ മാർഗ്ഗം ഉപദേശിച്ചുകൊടുക്കുന്ന ധർമ്മമാണ് ഇനി നമുക്കു നിറവേറ്റാനുള്ളത്. അതായത് ആപത്തിൽനിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ടവരാണ് നാം . അതിനാൽ ഈ ജീവിതത്തോടു നാം കടപ്പെട്ടവരാകണം. (ലോകനന്മയ്ക്കായി പ്രവർത്തിച്ചുകൊണ്ടാവണം ആ കടപ്പാട് കാണിക്കേണ്ടതെന്ന് ആഹ്വാനം).

ജീവിതം നൽകിയ അനുഭൂതികളെ അയവിറക്കുന്ന കവിയുടെ ചിന്തകൾ കവിതയുടെ ഇതളുകളായി വിരിയുകയാണിവിടെ. തന്റെ ദാമ്പത്യ ജീവിതത്തിൽ സന്താനങ്ങളുണ്ടായതിനെ വൃക്ഷത്തിൽ പൂക്കളും കായ്കളും ഉണ്ടാവുന്നതിനോട് കവി താദാത്മ്യപ്പെടുത്തുന്നു. “ജീവിത /വൃക്ഷം തളിർക്കുന്നു /പൂക്കുന്നു. പിന്നെയാ /പുഷ്പങ്ങൾ നൗകാ /ഗൃഹങ്ങളായ് മാറുന്നു./ ദിക്‌തടാകങ്ങളി/ ലൂടെയാഴുകുന്നു. ഈ വരികളിലെ കാവ്യാർത്ഥം പ്രധാനമാണ് . അടുത്ത തലമുറ ജനിക്കുകയും കുടുംബങ്ങളായി വികാസം പ്രാപിക്കുന്നതുമായ പ്രതിഭാസത്തെ കവി ഉപമിച്ചിരിക്കുന്നത് നൗകാഗൃഹങ്ങളോടാണ്. തടാകത്തിൽ ശാന്തമായി തെന്നിനീങ്ങുന്നവയാണ് നൗകകൾ . പുതിയ കുടുംബങ്ങൾ മൂലകുടുംബത്തിൽനിന്ന് വിട്ടുപിരിയുന്നതും ഇങ്ങനെ ശാന്തവും സാവധാനവുമാണ്. ജീവിതമാകുന്ന വൃക്ഷമെന്നു പറയുമ്പോൾ അലങ്കാരം രൂപകമാണ്. ഇവിടെ ജീവിതത്തിനും വൃക്ഷത്തിനും തമ്മിൽ ഭേദമില്ല.

 വരികൾ: 5 (110 -125)

“നീ മയക്കത്തിലു-

മൊന്നു ഞരങ്ങിയോ?….

……………………….

ഇനിയും കിനാവുകൾ

കണ്ടു ചിരിക്കുക!”

അർത്ഥ വിശദീകരണം

അസ്ത്രശീൽക്കാരം      =            അസ്ത്രം പായുമ്പോഴുള്ള  ശബ്‌ദം

ദുശ്ശകുനപക്ഷി                  =            ദുഷിച്ച ശകുനത്തിന് ഇടയാക്കുന്ന പക്ഷി (പുള്ള് )

പർണ്ണകുടീരം                     =            ആശ്രമത്തിലെ കുടിൽ

ഭൂമിതൻ നന്ദിനി                =            സീത

ആശയ വിശദീകരണം

“മയക്കത്തിനിടെ നീ ഞരങ്ങിയോ?’ എന്നു ചോദിക്കുന്ന കവി പെട്ടെന്നു പരിസരം ശ്രദ്ധിക്കുന്നു. മരച്ചില്ലകളിൽ കാറ്റു കലമ്പിയ ശബ്ദത്തിന് കാതോർക്കുന്നു. താൻ ഭയന്നിരുന്ന അഗ്നി ഉണർന്നോയെന്ന് ഒരു നിമിഷം കവി ചിന്തിക്കുന്നു. ഇലച്ചാർത്തിനപ്പുറത്തെ അസ്തമയത്തിന്റെ ചുവപ്പു കണ്ടപ്പോൾ ആ ഭയം മാറുന്നു. അസ്ത്രത്തിന്റെ ശീൽക്കാരം പോലെ ഒരു ദു:ശ്ശകുനപ്പക്ഷി ചൂളമടിച്ചു പറന്നുപോയത് കവി ശ്രദ്ധിക്കുന്നു. ഇങ്ങനെ എത്രയോ ദുശ്രവണങ്ങളും ദുസ്സഹങ്ങളും ദയനീയവുമായ ദുരന്തങ്ങളും പിന്നിട്ടുപോന്നവരാണു നാം. പണ്ട് ഭൂമിപുത്രിയായ നന്ദിനി കൊടുംകാട്ടിലെ പർണകുടീരത്തിനുള്ളിൽ ശാന്തമായി കിടന്നുറങ്ങിയില്ലേ?. അതുപോലെ നീയും ഇപ്പോൾ ശാന്തമായി ഉറങ്ങുക. കണ്ണിമ പൂട്ടാതെ ഇവിടെ ഞാനുണർന്നിരിക്കാം. ഉറക്കത്തിൽ കിനാവുകൾ കണ്ടു ചിരിക്കുക .

കവി തന്റെ ആശങ്കകളും ഒപ്പം ആശ്വാസവും പങ്കുവയ്ക്കുന്ന കാവ്യസന്ദർഭമാണിത്. ഭയം ഉള്ളിലുള്ളപ്പോൾ ഏതൊരു നേർത്ത ശബ്ദവും ചലനവും മനസ്സിൽ ഭീതിയുണർത്തുന്നത് സ്വാഭാവികമാണ്. അസ്തമയസൂര്യനെക്കണ്ടു അഗ്നിയാണെന്നു ധരിച്ചതും ദുശ്ശകുനപ്പക്ഷി ചൂളമടിച്ചതു കേട്ട് അസ്ത്രസീൽക്കാരമായിരിക്കുമെന്ന് ശങ്കിക്കുന്നതും അതുകൊണ്ടാണ്. പ്രകൃതിയിലെ ദുശ്രവണങ്ങളും ദുസ്സഹചിത്രങ്ങളും ദുരന്തസൂചനയായി സങ്കല്പിച്ചിരിക്കുന്നതിനാൽ അലങ്കാരം ഉൽപ്രേക്ഷ. ധർമ്മത്തിലെ സാമ്യം കൊണ്ട് അതുതന്നെയല്ലേ ഇത് എന്ന ആശങ്ക തോന്നുന്നത് ഉൽപ്രേക്ഷയുടെ ലക്ഷണമാണ്.

കാവ്യാവലോകനം

ഒ.എൻ.വി.യെ സൗന്ദര്യാത്മകകവിയെന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ടെങ്കിലും സാമൂഹികപ്രശ്നങ്ങളോട് കവിതയിലൂടെ നിരന്തരം പ്രതികരിക്കുന്ന കവിയാണദ്ദേഹം. കാലം സൃഷ്‌ടിച്ച സംഘർഷ ലോകത്ത്‌ മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലാണെന്നും ഏതു നിമിഷവും ആപത്ത് കടന്നുവരാമെന്നും അതിനാൽ ജാഗ്രതയോടെ ജീവിക്കണമെന്നുമുള്ള ആഹ്വാനമാണ് ഈ കവിതയിൽ ഉയർന്നുകേൾക്കുന്നത്. വിവിധ ബിംബങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് കവി തന്റെ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ താണ്ടിയ വഴികളെക്കുറിച്ചുള്ള നിറമുള്ള ഓർമ്മകളും പോയകാലം ഇനി ഒരിക്കലും തിരിച്ചുകിട്ടുകയില്ലെന്നുള്ള നിരാശയും ഏതു പ്രതിസന്ധിയിലും സ്വപ്നങ്ങളാകുന്ന ഊന്നുവടി ജീവിതത്തെ മുന്നോട്ടു നയിക്കുമെന്ന ശുഭാപ്തിവിശ്വാസവും കവി പങ്കുവയ്ക്കുന്നു. ഖാണ്ഡവദാഹകഥ (മഹാഭാരതം) യെ പ്രതീകമാക്കിക്കൊണ്ട് കവി താൻ ജീവിക്കുന്ന കാലത്തെ ആപൽക്കരമായ ചുറ്റുപാടിനെ ആവിഷ്കരിച്ചിരിക്കുന്നു. കാട്ടുതീയിൽ അകപ്പെടുകയും ഒരു ഘട്ടത്തിൽ ഭാഗ്യത്തിനു രക്ഷപ്പെടുകയും ചെയ്ത  ശാർങ്ഗകപക്ഷികളുടെ അവസ്ഥയോട് കവി സ്വന്തം ജീവിതാനുഭവങ്ങളെ ചേർത്തുനിർത്തുന്നു. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട ആ പക്ഷികുടുംബത്തെപ്പോലെ തന്റെ കുടുംബവും എങ്ങനെയോ  രക്ഷപ്പെട്ടിരിക്കുകയാണെന്ന് ആശ്വസിക്കുകയാണ് കവി. ആഗോളവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ, കച്ചവടത്വര, യുദ്ധഭീഷണി, സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഈ കവിത പരോക്ഷമായി സംവദിക്കുന്നു. സംഘർഷഭരിതവും അശാന്തവുമായ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷകളും സ്വപ്നങ്ങളുമാണെന്ന് പറഞ്ഞുവച്ചുകൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്.

യുദ്ധക്കോപ്പുകളുടെ കച്ചവടത്തിലൂടെ മൂലധനമുണ്ടാക്കുന്ന അമേരിക്കയും മറ്റു സമ്പന്നരാജ്യങ്ങളും സദാ യുദ്ധഭീഷണി മുഴക്കുന്ന ഒരവസ്ഥ കവിമനസ്സിലുണ്ടാക്കിയ സന്ദേഹമാണ് ശാരികപ്പ ക്ഷികൾ എന്ന കവിതയ്ക്കു പ്രേരകമായതെന്ന് ഡോ.പി.സോമൻ നിരീക്ഷിച്ചിട്ടുണ്ട്. കവിയുടെ ആത്മസംഘർഷങ്ങൾ ഓരോ വരികളിലും പ്രതിഫലിക്കുന്നുണ്ട്. മിസൈലുകളുടെയും ബോംബുകളുടെയും രൂപത്തിൽ ആപത്ത് തോട്ടരികെ എത്തിനില്ക്കുമ്പോൾ കവിക്ക് സമാധാനത്തോടെ ഉറങ്ങാനാവുന്നില്ല. ‘അശാന്തിപർവ്വം’ എന്ന കവിതയുടെ തുടർച്ചയാണ് ഈ കവിതയും. വിഭാഗീയത പോലുള്ള മൂല്യത്തകർച്ച സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുന്ന സാഹചര്യത്തെ കവി ഇവിടെ അടയാളപ്പെടുത്തുന്നു.

‘കാകളി’ വൃത്തത്തിൽ ചിട്ടപ്പെടുത്തിയ കവിതയാണ്  ശാർങ്ഗകപ്പക്ഷികൾ . പ്രകൃതിയുടെ ഈണവും നാട്ടുതാളവും ഒ.എൻ.വിക്കവിതകളുടെ സവിശേഷതയാണ് രൂപത്തിലും ഭാവത്തിലും കാവ്യസൗന്ദര്യം തുളുമ്പിനില്ക്കുന്ന ഈ കവിതയിൽ ഉൽപ്രേക്ഷ, ദീപകം, രൂപകം, ദൃഷ്ടാന്തം, ഉദാത്തം തുടങ്ങിയ അലങ്കാരങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ശബ്ദാലങ്കാരത്തിന് കവിതയിൽ വലിയ പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും ഭാവാത്മകതകൊണ്ട്  ആദ്യാവസാനം അനുഭൂതിയുടെ തലം സൃഷ്ടിച്ചിരിക്കുന്നു. വിഷാദം, ദുഃഖം. സംഘർഷം തുടങ്ങിയവ ഈ കവിതയിലാകമാനം നിഴലിക്കുന്നുണ്ട്. ആശങ്കയാണ് കവിതയിലെ മുഖ്യഭാവം. ഒരു പാരിസ്ഥിതിക കവിതയെന്ന നിലയിലും ചില നിരൂപകർ ഈ കവിതയെ വിലയിരുത്തിയിട്ടുണ്ട്. കവിതയിലെ പ്രധാന ബിംബമായ ഖാണ്ഡവദാഹം പ്രകൃതിയുടെ നാശത്തെയും ജീവജാലങ്ങളുടെ നിലനില്പിനു നേരെയുള്ള ഭീഷണിയെയും സൂചിപ്പിക്കുന്നു.

Recap

 • ആധുനികലോകത്തിലെ സംഘർഷഭരിതമായ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു.
 • ആസന്നമായ ആപത്ത് മുന്നിൽ കണ്ട് കരുതലോടെ ജീവിക്കാനുള്ള ആഹ്വാനം.
 • ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ .നഷ്ടപ്പെട്ട നല്ല കാലത്തെക്കുറിച്ചുള്ള നിരാശ. കാട്ടുതീയിൽപ്പെട്ട ശാർങ്ഗകപ്പക്ഷികളുടെ അവസ്ഥയോട് സ്വജീവിതത്തെ താരതമ്യപ്പെടുത്തുന്നു .
 • ദുശ്രവണങ്ങളും ദുസ്സഹചിത്രങ്ങളും അപകടങ്ങളാണെന്ന് കവി തെറ്റിദ്ധരിക്കുന്നു. ജീവിതാനുഭവങ്ങളിൽനിന്ന് ശുഭാപ്തിവിശ്വാസം കൈവരിക്കാനുള്ള ശ്രമം നടത്തുന്നു. ഏതാപത്തിലും രക്ഷപ്പെടാനാവുമെന്ന പ്രത്യാശ പങ്കുവയ്ക്കുന്നു.
 • ആപത്ക്കരമായ ജീവിതപരിസരത്തെക്കുറിച്ചുള്ള ആശങ്ക. ജീവിതയാത്രയിലെ പിന്നിട്ട വഴികളിലേക്കു തിരിഞ്ഞുനോക്കുന്നു. ദുഃഖവും സന്തോഷവും പങ്കുവച്ചു കടന്നുപോന്ന ജീവിതത്തിലെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.
 • നീണ്ട ജീവിതയാത്രയിൽ വിശ്രമവേളകൾ അപൂർവ്വമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ശാന്തസുന്ദരമായ കാലം എന്നേക്കുമായി നഷ്ടപ്പെട്ടതിലുള്ള നിരാശ പങ്കുവയ്ക്കുന്നു.
 • പ്രകൃതിയിൽനിന്ന് നാശത്തിന്റെ ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വിപത്തുകളെ അതിജീവിക്കാൻ തുണയ്ക്കുന്നത് ജീവിതസ്വപ്നങ്ങളാണെന്ന് പ്രസ്താവിക്കുന്നു.
 • സ്വപ്നങ്ങളും ലക്ഷ്യങ്ങളുമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന് ഉദ്ബോധിപ്പിക്കുന്നു.
 • അപകടം പതിഞ്ഞിരിക്കുന്ന അജ്ഞാത സ്ഥലത്തെ ഖാണ്ഡവവനമായി സങ്കല്പിക്കുന്നു.
 • സൂക്ഷ്മാണുവായി ഒളിഞ്ഞിരിക്കുന്ന അഗ്നിയെക്കുറിച്ചുള്ള സൂചന നൽകുന്നു.
 • ഖാണ്ഡവദാഹത്തിലെ ഇന്ദ്രനും അർജ്ജുനനുംപോലെ ഒരേ സമയം രക്ഷയും പ്രതിരോധവും തീർക്കുന്നു.
 • ജരിതയുടെ അവസ്ഥയോട് കവി സ്വജീവിതത്തെ താരതമ്യപ്പെടുത്തുന്നു.
 • ദാമ്പത്യജീവിതത്തെ പൂക്കളും കായ്കളും നിറഞ്ഞ വൃക്ഷമായി സങ്കല്പിക്കുന്നു. തടാകത്തിലെ നൗകകളെന്നപോലെ തലമുറകളായി വഴിപിരിയുന്ന സന്തതിപരമ്പര. കുടുംബത്തെ ബന്ധിപ്പിക്കുന്ന ചങ്ങലക്കണ്ണികളാണ് തങ്ങളെന്ന് കവി സ്വയം കരുതുന്നു.
 • ആപത്തൊഴിഞ്ഞുപോയതിന്റെ ആശ്വാസം . ശിഷ്ടജീവിതം ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന ചിന്ത

Objective type questions

 1.  ഞാനുണർന്നിരിക്കാം നീയുറങ്ങുക എന്ന് കവി പറയുന്നത് ആരോടാണ്?
 2. കാലം ഏല്പിച്ച ശൈത്യവും താപവും – സൂചനയെന്ത്?
 3. ‘കൊത്തിയുടച്ചുകൊറിച്ചിരുന്നു.- എന്തിനെക്കുറിച്ചാണ് ഈ സൂചന?
 4. അന്യോന്യം അത്താണിയായെന്നു പറയുന്നതെപ്പോഴാണ്?
 5. ഋതുഭേദങ്ങളേല്പിച്ച താപവും ശൈത്യവുമെന്ന വരിയിലെ അലങ്കാരം ഏതാണ്?
 6. ജീവിതത്തിലെ വിശ്രമവേളകൾ അല്പമാത്രങ്ങളാണെന്ന് കവി പറയാൻ കാരണം എന്ത്?
 7. എത്തേണ്ടിടത്തെത്തു /വാനിനിയെത്രയു/ണ്ടെത്രയുണ്ടെന്നറി/യാത്തൊരി യാത്ര’-ഈ വരിയിലെ വിവക്ഷ എന്താണ്?
 8. എല്ലാം മറന്നുറങ്ങിയ യാമങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാനുണ്ടായ സാഹചര്യം എന്താണ്?
 9. സുരക്ഷിതമല്ലാത്ത വർത്തമാനകാല സാഹചര്യത്തെ കവിതയിൽ പകർത്തിയിരിക്കുന്നതെങ്ങനെയാണ്‌?
 10. “അല്പമാത്രങ്ങളാം /വിശ്രമവേളകൾ!….. കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം!” എന്ന വരികളിൽ നിറഞ്ഞു നില്ക്കുന്ന ഭാവം ഏതാണ്?
 11. പോത്തിൻ പുറത്തുവന്നെത്തുന്ന രൂപം-എന്തിനെയാണ് സൂചിപ്പിക്കുന്നത്?
 12.  കണ്ണിമാങ്ങകൾ തല്ലിക്കൊഴിക്കുന്ന കാറ്റ് ഇതിലെ വിവക്ഷ എന്ത്‌?
 13.  ‘വില്ലൊടിച്ചിങ്ങു -കൊണ്ടു കുടിവച്ചു’. ഇതിലെ സൂചനയെന്ത്?
 14.  സപ്തവർണ്ണാഞ്ചിത ചിത്രവടി- എന്നതിലെ കാവ്യാർത്ഥം എന്ത്?
 15.  കല്ലിനുള്ളിലെ കരുണാമൂർത്തിയായി സങ്കല്പിച്ചിരിക്കുന്നത് എന്തിനെയാണ്?
 16.  ‘പല വില്ലൊടിച്ചു’ – എന്നതുകൊണ്ട് കവി അർത്ഥമാക്കുന്നതെന്ത്?
 17. നാശത്തെ അഥവാ വിപത്തിനെ സൂചിപ്പിക്കുന്നതിനായി നിരവധി ബിംബങ്ങളെ                        ഉപയോഗിച്ചിരിക്കുന്നു. ഇവിടെ ഏതാണ് അലങ്കാരം?
 18. കാലദേശങ്ങൾ തൻ കാണാക്കരകൾ- കാണാക്കരകൾ എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത് ?
 19. കാലടിപ്പാടുകൾ -എന്നത്  എന്തിനെ സൂചിപ്പിക്കുന്നു.?
 20. തമോബിന്ദു എന്നതിലെ കാവ്യാർത്ഥമെന്ത്?
 21. “ശരമാരി പെയ്യിച്ച ഗാണ്ഡീവധാരി .” ആരാണ് ഗാണ്ഡീവധാരി?
 22. ‘പാറിവന്നേതോ ദുരന്തമുനമ്പിനെ ചുറ്റുന്നു’- സൂചനയെന്ത്?
 23. അപകടം പതിഞ്ഞിരിക്കുന്ന അജ്ഞാത സ്ഥലത്തെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്.?
 24. .കവിതയിൽ ഭൂമിയെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
 25. കവിയുടെ കാഴ്ചപ്പാടിൽ എപ്പോഴാണ് എല്ലാ ഭയങ്ങളും മാറിനില്ക്കുന്നത്?
 26. വൃക്ഷവും പൂക്കളും കായകളും എന്നതുകൊണ്ട് കവി അർത്ഥമാക്കുന്നതെന്ത്?
 27. നൗകാഗൃഹങ്ങളായി സങ്കല്പിച്ചിരിക്കുന്നത് എന്തിനെ?
 28. ‘പൊൻചങ്ങലയിലെ പൊട്ടാത്ത കണ്ണികൾ’ എന്ന് ആരെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
 29. “സത്യങ്ങളാവുക നമ്മൾ, സത്യഗാഥകൾ -സൂചന എന്ത്?

Answer to Objective type questions

 1. പത്നിയോട് .
 2. ജീവിതക്ലേശങ്ങൾ .
 3.  കൊച്ചു സ്വപ്നങ്ങളെക്കുറിച്ച്.
 4.  ദുഃഖഭാരങ്ങളിറക്കിവയ്ക്കുന്നതിൽ.
 5.  രൂപകം.
 6.  ജീവിതം അത്രമേൽ തിരക്കേറിയതായതിനാൽ.
 7. ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള സൂചന.
 8. സംഘർഷഭരിതമായ കാലം സൃഷ്ടിച്ച സുരക്ഷിതത്വമില്ലാത്ത അവസ്ഥ.
 9. എല്ലാം മറന്നൊ/ന്നുറങ്ങിയ യാമങ്ങൾ/ എന്നേക്കുമാ/യാസ്‌തമിച്ചു പോയ് .
 10. നിരാശ
 11. കാലനെ (മരണത്തെ)
 12. നാശം .
 13.  ഇന്ത്യയുടെ സ്വാതന്ത്യം .
 14. സ്വപ്നങ്ങൾ.
 15. ഈശ്വരനെ  .
 16.  സ്വാതന്ത്യത്തിനായി നടത്തിയ സമരങ്ങളെ അഥവാ പ്രതിരോധങ്ങളെ .
 17. ദീപകം .
 18. ഒരു നിശ്ചയവുമില്ലാത്ത ഭാവിജീവിതം .
 19.  ജീവിതത്തിലെ ഭൂതകാലം .
 20.  ജീവിതയാത്രയിലെ പ്രതിസന്ധി.
 21.  അർജ്ജുനൻ.
 22. ജരിതപ്പക്ഷി .
 23. ഖാണ്ഡവവനത്തോട്  .
 24. ജരിതപ്പക്ഷിയോട് .
 25.  ഉറക്കത്തിൽ .
 26. ദാമ്പത്യജീവിതം .
 27. തലമുറകളെ.
 28.  കവിയെയും പത്നിയെയും .
 29. ലോകനന്മയ്ക്കായി പ്രവർത്തിക്കണമെന്ന ആഹ്വാനം.

Assignment topic

 1. ഓ .എൻ .വി യുടെ  പാരിസ്ഥിതിക ദർശനം “ശാർങ്ഗകപക്ഷികളെ മുൻ നിർത്തി വിവരിക്കുക.
 2. ബിംബകല്പനയുടെ ലാവണ്യം ‘ശാർങ്ഗകപക്ഷികളി’ൽ ഉൾച്ചേർന്നിരിക്കുന്നത്  എങ്ങനെയെന്ന് ഉപന്യസിക്കുക.

References

 1. ഡോ.പി സോമൻ – ശാർങ്ഗകപ്പക്ഷികൾ – ഉറങ്ങാത്ത കവിതകൾ, പഠനം –   ഒഎൻവി കാവ്യസംസ്കൃതി,2010 -കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,  തിരുവനന്തപുരം .
 2. ഗോപി നാരായണൻ –  കാവ്യസൂര്യന്റെ യാത്ര – 2018 – ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം
 3. എഡി.എസ് രാജശേഖരൻ –  ഇനി ഞാനുണർന്നിരിക്കാം – ഒ.എൻ.വിക്കവിത പഠനം-  നാഷണൽ ബുക്സ്റ്റാൾ, കോട്ടയം .
 4. ഒ.എൻ.വി – മാണിക്യവീണ (അവതാരിക പ്രഭാവർമ്മ, 2006)- ഡി.സി.ബുക്സ്,കോട്ടയം.
 5. ഒ എൻ വി – പോക്കുവെയിൽ മണ്ണിലെഴുതിയത് (അനുഭവക്കുറിപ്പുകൾ ) – 2015 -ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
 6. സുരേഷ് വെള്ളിമംഗലം –  ഒ.എൻ.വിക്കവിത  2009 – ഈണവും പൊരുളും,  ഡി.സി.ബുക്സ്,കോട്ടയം.
 7. ഓ .എൻ.വി –  ഓ .എൻ.വി യുടെ കവിതകൾ ഒരു ബൃഹദ്സമാഹാരം –  2011
 8. വോള്യം 1, 2 -വിവിധ അവതാരികകൾ,ഡി.സി ബുക്സ്, കോട്ടയം.

E- content