Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 3

കുന്തി –

                                    വി.എം.ഗിരിജ

 

Learning Outcomes

 • വി.എം.ഗിരിജയുടെ കാവ്യ ജീവിതത്തെ പരിചയപ്പെടുന്നു.
 • വി.എം.ഗിരിജയുടെ കാവ്യജീവിതത്തിൽ കുന്തി എന്ന കവിതയുടെ ഇടം കണ്ടെത്തുന്നു
 • ഉത്തരാധുനിക കവിതയുടെ സവിശേഷതകൾ മനസിലാക്കുന്നു
 • മലയാളത്തിലെ സ്ത്രീപക്ഷ കവിതകളുടെ സവിശേഷതകൾ മനസിലാക്കുന്നു

Prerequisites

    ഉത്തരാധുനിക കവിതയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്‌ അത് അരിക് വത്ക്കരിക്കപ്പെട്ടിരുന്ന മനുഷ്യരുടെ ദൃശ്യതയെ കണ്ടെടുക്കുകയും അവരുടെ കര്‍ത്തൃത്വപദവിയെ ഉറപ്പിക്കുകയും ചെയ്തു എന്നുള്ളതാണ്. അതുവരെ കീഴാളത കല്‍പ്പിച്ചിരുന്ന എല്ലാ ഇടങ്ങളിലേക്കും ‘ കവിത കടന്നു ചെന്നു. അതോടെ സ്ത്രീ-പരിസ്ഥി തി-ദളിത് വിഷയങ്ങൾ മുഖ്യ പ്രമേയങ്ങളായി മാറി, എന്നു മാത്രമല്ല അതുവരെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനത  അവരുടെ സാഹിത്യവുമായി മുന്നോട്ടു വരികയും എഴുത്തധികാരത്തിന്റെ ഭാഗമാകുകയും ചെയ്തു. മലയാളത്തിൽ സ്ത്രീപക്ഷ കവിതകൾക്ക് സ്വതന്ത്രമായ ഇടം കിട്ടിത്തുടങ്ങിയത് ഇക്കാലത്താണ്. സ്ത്രീയെ സൗന്ദര്യ

സ്തംഭമായി മാത്രം ചിത്രീകരിച്ചുപോന്ന കാവ്യപാരമ്പര്യത്തെ അട്ടിമറിച്ചുകൊണ്ടാണ് സ്ത്രീപക്ഷ കവിതകൾ വികാസം പ്രാപിച്ചത്. ലോകമെങ്ങും സ്ത്രീപക്ഷ സാഹിത്യം ശക്തിപ്പെട്ടപ്പോൾ അതിന്റെ അലകൾ കേരളത്തിലേക്കും കടന്നുവന്നു. സ്ത്രീജീവിതത്തിലെ വിവിധ പ്രശ്നമുഖങ്ങൾ കവിതയിലേക്കു പകർത്താൻ എഴുത്തകാരികള്‍ മുന്നോട്ടുവന്നു.

  കവിത ആധുനികാനന്തര ഘട്ടത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചരിത്രഘട്ടത്തിലാണ് വി.എം.ഗിരിജ എഴുതിത്തുടങ്ങിയത്. അവരുടെ ശ്രദ്ധേയമായ ഒരു സ്ത്രീപക്ഷ കവിതയാണ് “കുന്തി’ .വി. എം ഗിരിജയുടെ കവിതകളിലെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് അതില്‍ അവര്‍ സ്വീകരിക്കുന്ന സ്ത്രീപക്ഷ നിലപാടാണ്.  സ്ത്രീസ്വത്വത്തിന്റെ ഉയിർത്തെഴുന്നേല്പ് എന്ന സ്വപ്നം പുരാണ നായികമാരിലൂടെ ആവിഷ്കരിക്കുന്ന പരീക്ഷണമാണ് ഗിരിജയുടെ കവിതകളെ വേറിട്ടുനിർത്തുന്ന ഒരു ഘടകം. കുന്തി, അഹല്യ, സീത, ശൂർപ്പണഖ, ഗാന്ധാരി, ശർമ്മിഷ്ഠ തുടങ്ങിയ നായികമാരെ ഉത്തരാധുനികതയുടെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വി.എം.ഗിരിജയുടെ കവിതകളുടെ ശ്രദ്ധേയ മായ ഒരു ചുവടുവയ്പാണ്.

   പുരുഷാധിപത്യ മൂല്യവ്യവസ്ഥകളോടുള്ള കലഹമാണ് ഗിരിജയുടെ കവിതകളുടെ പൊതുസ്വഭാവം. സ്ത്രീമനസിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമാണ് അവളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെന്നു ആ കവിതകള്‍ വെളിപ്പെടുത്തുന്നു. ഇല, ദാഹജലം തിരയുന്ന പുഴ, പ്രണയം, സ്പർശഭിക്ഷ, ശൂർപ്പണഖ, ചിത്ര, ശാപം, ശൂന്യം, കാമം, അഹല്യ, ജീവജലം, പെണ്ണും വനഋഷഭവും, മാംസനിബദ്ധമോ രാഗം, രാത്രിമരം തുടങ്ങിയവ ഉദാഹരണം. ഈ കവിതകളിൽ പ്രണയം, രതി എന്നിവ സ്ത്രീയുടെ അടിമത്തത്തെ സൂചിപ്പിക്കുന്ന ബിംബങ്ങളായി കടന്നുവരുന്നുണ്ട്. 1997-ൽ പ്രസിദ്ധീകരിച്ച ‘പ്രണയം ഒരാൽബമാണ്’ ആദ്യ കവിതാസമാഹാരം. ജീവജലം, പാവയൂണ്, പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ, ഒരിടത്തൊരിടത്ത്, പൂച്ചയുറക്കം, കടലോരവീട്. ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ, മൂന്നു ദീർഘകവിതകൾ എന്നിവയാണ് പ്രധാന കൃതികൾ. ചങ്ങമ്പുഴ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് (2018), ബഷീർ, അമ്മ മലയാളം പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലയാളത്തിന് ഒരുപിടി സ്ത്രീപക്ഷ കവിതകൾ സമ്മാനിച്ച സുഗതകുമാരി, വിജയലക്ഷ്മി, റോസ് മേരി, അനിത തമ്പി തുടങ്ങിയ കവയിത്രികളുടെ പട്ടികയിലാണ് വി.എം.ഗിരിജയുടെ സ്ഥാനം. സ്ത്രീ സമൂഹത്തിന്റെ നിശ്ശബ്ദരോദനങ്ങളും സംഘർഷങ്ങളും കവിതയിൽ ആവിഷ്കരിക്കുന്ന സ്ത്രീ പക്ഷ രചനയ്ക്കൊപ്പമാണ് ഈ എഴുത്തുകാരിയുടെ കാവ്യസഞ്ചാരം.

Key words

ഉത്തരാധുനികത -സ്ത്രീപക്ഷ കവിതകള്‍ -പുരാണകഥാപാത്രങ്ങളുടെ പുനര്‍വായന -സാമൂഹ്യ യാഥാര്‍ത്ഥ്യം  – ബിംബങ്ങള്‍  .

4.3.1. Content

സ്ത്രീമനസ്സിനെക്കുറിച്ചുള്ള സങ്കല്പങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം കുന്തിയുടെ ആത്മസഞ്ചാരത്തിന്റെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്നു എന്നതാണ് കുന്തി എന്ന കവിതയുടെ കേന്ദ്ര ആശയം. 1989-ൽ പ്രസിദ്ധീകരിച്ച ഈ  കവിത  വി.എം.ഗിരിജയുടെ പ്രണയം ഒരാൽബം’ എന്ന ആദ്യകവിതാസമാഹാരത്തിൽ നിന്നുള്ളതാണ്.

കുന്തീദേവി ദുർവ്വാസാവു മഹർഷിയിൽ നിന്നു തനിക്കു ലഭിച്ച വരമനുസരിച്ച് സന്താനലബ്ധിക്കായി യമൻ, വായു, ഇന്ദ്രൻ എന്നീ ദേവന്മാരെയും കൗമാരത്തിൽ സൂര്യനെയും പ്രാപിച്ച് ശക്തന്മാരായ പുത്രന്മാരെ നേടുന്ന മഹാഭാരതകഥയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ആശയമാണ് ഈ കവിതയുടേത്.

പാണ്ഡവരിൽ ഏറ്റവും കരുത്തനായ ഭീമസേനന്റെ ജനയിതാവ് വായുഭഗവാനെയാണ് കവി ഇവിടെ കാറ്റായി അവതരിപ്പിരിക്കുന്നത്. പ്രണയിനിയായ കുന്തിയും കാറ്റും തമ്മിലുള്ള അനുരാഗത്തിന്റെ പൂർവ്വസ്മരണ പങ്കിട്ടുകൊണ്ട് ആരംഭിക്കുന്ന കവിതയിൽ കാറ്റിന്റെ പ്രണയം കരുത്തായി അവളുടെ മുന്നിലെത്തുന്നു. തന്റെ കരുത്തിനൊപ്പം വീശിപ്പരക്കാൻ ക്ഷണിച്ചുകൊണ്ട്, തന്നോടൊപ്പം സഹവസിക്കുമ്പോൾ ലഭിക്കുന്ന സ്വർഗ്ഗീയ അനുഭൂതികളെപ്പറ്റി വിവരിച്ചുകൊണ്ട് കാറ്റ് അവളെ അനുരാഗത്തിന്റെ അനുഭൂതികളിലേക്ക് ക്ഷണിക്കുകയാണ്.

സൂര്യൻ കിഴക്കാകുന്ന തന്റെ സിംഹാസനത്തിലിരുത്താമെന്നു പറഞ്ഞ് അവളെ ക്ഷണിക്കുന്നതാണ് കവിതയുടെ അടുത്ത ഭാഗം. “എന്റെ അഗ്നികിരീടവും കത്തുന്ന കരളും നിന്റെ പാദങ്ങളിൽ വയ്ക്കാമെന്നു പറഞ്ഞ് സൂര്യൻ അവളെ സ്വപ്നരഥത്തിലേറ്റുന്നു. തുടർന്ന് യമദേവൻ അവളെ വിദൂരതയിലെ തണുത്ത നിശ്ശബ്ദതയിലേക്കു ക്ഷണിക്കുന്നു. അതുപോലെ രത്നം കൊണ്ടു മേഞ്ഞ മനോഹരമായ കൊട്ടാരങ്ങളും സുവർണ്ണ കവാടങ്ങളുമുള്ള തന്റെ ലോകത്തേക്ക് ഇന്ദ്രനും അവളെ ക്ഷണിക്കുന്നു.

ഒടുവിൽ അവൾ ഒരു വലിയ യാഥാർത്ഥ്യം തിരിച്ചറിയുന്നു. ഏറെ മധുര മുണ്ടായിരുന്ന തന്റെ ചുണ്ടിൽ ഇന്ന് കയ്പുമാത്രമാണ് ഊറുന്നതെന്ന് അവൾ തിരിച്ചറിയുന്നു. വിളവുമുഴുവൻ കൊയ്തെടുത്ത വയലിന്റെ വിഫലരോദനം മാത്രമാണ് ഇന്ന് തന്റെയുള്ളിൽ നിന്നുയരുന്നതെന്ന് കുന്തി വെളിപ്പെടുത്തുന്നു. തന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത് തന്റെയുള്ളിലെ ഉന്മത്തതയാണോ, താൻ തനിച്ചാണെന്ന ആധിയാണോ അതോ കാമമാണോ എന്ന ചോദ്യമുയര്‍ത്തുന്ന കുന്തിയില്‍ കവിത അവസാനിക്കുന്നു’.

വരികൾ

“കാറ്റു പറയുന്നു കരുത്തായ് പറക്കുക

……………………………………………

മാരിമുടിയഴിച്ചാടിടൂ

മാഷാഢരാവുപോൽ നീ വരൂ “

അർത്ഥവിശദീകരണം

വാഴ് വ്                      =    ജീവിതം

മാരിമുടി                  =    മഴയാകുന്ന മുടി

ആഷാഢരാവ്      =     മഴക്കാലരാത്രി, കർക്കിടകത്തിലെ രാത്രി

ആശയ വിശദീകരണം

കാറ്റിന്റെ കരുത്തിന് വഴങ്ങിക്കൊടുക്കുന്ന ഭൂമിയായാണ് കുന്തിയെ  ഈ വരികളില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരുത്തിനൊപ്പം വീശിപ്പരക്കാൻ കാറ്റ് അവളെ ക്ഷണിക്കുന്നു. തന്നോടൊപ്പം സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതികളെപ്പറ്റി വിവരിച്ചുകൊണ്ട് കാറ്റ് അവളെ പ്രലോഭിപ്പിക്കുന്നു. തന്റെ കരുത്തിൽ ലയിക്കുകയാണെങ്കിൽ കാടുലച്ചുകൊണ്ട് നമുക്കു പറക്കാമെന്നും മരുപ്പച്ച കുടിക്കാമെന്നും മാനത്തുറങ്ങാമെന്നും കാറ്റ് പറയുന്നു. ആറ്റിൽ തുടിച്ചുല്ലസിച്ചും കടൽ നീന്തിയും അനുഭൂതികൾ നിറഞ്ഞുതുളുമ്പുന്ന ഒരു ജീവിതം നീ നേടുക എന്നു പറഞ്ഞുകൊണ്ട് കാറ്റ് അവളെ ഉന്മാദത്തിന്റെ മാസ്മരിക ലോകത്തേക്ക് വിളിക്കുകയാണ്. മഴയാകുന്ന മുടി അഴിച്ചാടുന്ന കർക്കിടക രാവിനെപ്പോലെ അവളോട് ഉന്മാദിനിയാകാനാണ് കാറ്റിന്റെ പ്രലോഭനം.

ബിംബകല്പനയുടെ ലാവണ്യമാണ് ഈ വരികളുടെ കാവ്യഭംഗിക്കാധാരം. കാറ്റിനെ പൗരുഷത്തിന്റെ കരുത്തായും കുന്തിയെ സ്ത്രീയുടെ പ്രണസങ്കല്പമായും ചിത്രീകരിക്കുന്നു. ആകർഷണവലയങ്ങൾ ഒരുക്കി സ്ത്രീയെ പ്രലോഭനങ്ങൾക്ക് വിധേയമാക്കാനുള്ള പുരുഷവാസനയെക്കുറിച്ച് കവി ഇവിടെ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. കിട്ടാക്കനികളെയാണ് ഭൂമിയിലെ പച്ചപ്പെന്നു (മരുപ്പച്ചകളെന്ന്)  കവി സങ്കല്‍പ്പിച്ചിരിക്കുന്നത്. ഉന്മാദത്തിന്റെ ലഹരിയെ ആഷാഢത്തിലെ മഴയോട് താദാത്മ്യപ്പെടുത്തുന്ന വരിയിൽ അലങ്കാരം രൂപകം. സാമ്പ്രദായികമായ ഏതെങ്കിലും വൃത്തവുമായി നിബദ്ധിച്ചിട്ടില്ലെങ്കിൽ പോലും ഈ വരികളിലെ താളവും ഈണവും കവിതയെ ഭാവാർദ്രമാക്കുന്നു. പദപ്രയോഗങ്ങളിലെ കൂർമ്മതയും സൂക്ഷ്മതയും വരികൾക്കിടയിലെ ശബ്ദാർത്ഥസൗകുമാര്യവും കവിതയുടെ ഘടനയെ രൂപഭദ്രമാക്കിയിരിക്കുന്നു.

വരികൾ

“സൂര്യൻ പറവൂ:

വരൂ നീ

………………………………

ആളുമൊരഗ്നിയായെന്നെപ്പൊതിയൂ

ജ്വലിക്കൂ….ജ്വലിക്കൂ….”

ആശയ വിശദീകരണം

കൗമാരത്തിൽ കുന്തീദേവി രജസ്വലയായപ്പോൾ ഉന്മാദലഹരിയിലായ അവൾ ദുർവ്വാസാവ് മഹർഷിയിൽനിന്നു ലഭിച്ച വരം പരീക്ഷിക്കാനായി സൂര്യനെ ആവാഹിച്ചുവരുത്തുകയും സൂര്യനുമായി രമിച്ചതിൽ നിന്ന് കർണ്ണൻ ജനിക്കുകയും ചെയ്ത കഥയാണ് പരാമർശം.

ഉന്മത്തനായ സൂര്യൻ അവളെ തന്റേതു മാത്രമായ ലോകത്തേക്ക് ക്ഷണിക്കുന്നത് ഒരുപാട് സ്വപ്നങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ്. തെളിവെയിലാകുന്ന ഓളങ്ങളിളകുന്ന പകലിന്റെ പൊയ്കയിൽ നമുക്കൊരുമിച്ചു കൈകോർത്തു തുഴയാമെന്നും തിളയ്ക്കുന്ന പൊൻവെയിലിനൊപ്പം ജ്വലിക്കുന്ന നട്ടുച്ചയ്ക്ക് പച്ചിലക്കുമ്പിളിൽ മോന്താമെന്നും കിഴക്കാകുന്ന സിംഹാസനത്തിൽ നിന്നെ ഞാൻ ഒപ്പമിരുത്താമെന്നും (തുല്യസ്ഥാനം നൽകാമെന്ന് സൂചന) അവിടെ എന്റെ അഗ്നികിരടവും കത്തുന്ന കരളും വെളിച്ചത്തിന്റെ ചെരിപ്പണിഞ്ഞു നിന്റെ പാദങ്ങളിൽ വയ്ക്കാമെന്നും (തന്റെ പദവിയും ഹൃദയവും അടിയറവയ്ക്കാമെന്ന വാഗ്ദാനം) പറഞ്ഞാണ് സൂര്യൻ അവളെ തന്റെ ലോകത്തേക്ക് ക്ഷണിക്കുന്നത്. തുടർന്ന് സൂര്യൻ അവളോട് ഇപ്രകാരം കെഞ്ചുന്നു. ‘മതിവരാതെ കൊതിയോടെ താൻ തീക്കടൽ കോരിക്കുടിച്ചുകൊണ്ടിരിക്കുമ്പോള്‍, വെയിലാകുന്ന കടല്‍ ഓളമിളക്കിക്കൊണ്ട് നിന്നെ വിളിക്കുകയാണ്. ഉന്മാദലഹരിയിൽ വിവസ്ത്രരായി നമുക്ക് ഈ ഭൂമിയാകെ കറങ്ങാം. സൗരയൂഥങ്ങളിലും നക്ഷത്രഭൂമിയിലും അന്തിയുറങ്ങാം. കൈലാസത്തിലെ ശിവപാർവ്വതിമാരെപ്പോലെ നമുക്ക് തമ്മിൽ മനസ്സിലാക്കിയും പങ്കുവച്ചും ഒരിക്കലും അവസാനിക്കാത്ത രാവുകൾ ആസ്വദിക്കാം. ആളുന്ന അഗ്നിയായി നീ എന്നെ പൊതിയുക എന്ന് സൂര്യന്‍ പറയുകയാണ് .

വരികൾ

“മൃത്യു ക്ഷണിക്കുന്നു….

നീ വരൂ, പോരു

………………………..

തണുപ്പായ് കണ്ണീരുപ്പായ സ്വൈര്യമുറങ്ങാം

വരൂ നീ…ശ്യാമ മൃത്യു വിളിക്കുന്നു”

അർത്ഥ വിശദീകരണം

തമാലവനങ്ങൾ ` =            പച്ചിലമരങ്ങൾ

ഗൂഢപഥങ്ങൾ      =            നിഗൂഢമായ വഴികൾ

ആശയവിശദീകരണം

തന്റെ മൂന്നാമത്തെ വരമനുസരിച്ച് കുന്തി കാലത്തിന്റെ ദേവനായ യമദേവനെ മൃത്യുവിനെ ധ്യാനിക്കുകയും ആ സംഗമത്തിലൂടെ ധർമ്മപുത്രർ ജനിക്കുകയും ചെയ്തു. ഈ കഥയുടെ പശ്ചാത്തലത്തിൽ കവി കുന്തിയുടെ മനസ്സ് തുറക്കുന്നതാണ് ഈ ഭാഗം. കറുത്ത രാത്രിയിലേക്കു കൂട്ടിക്കൊണ്ടുപോകാനായി മൃത്യു അവളെ ക്ഷണിക്കുന്നു. തമോലവനങ്ങളിലെപ്പോലെ ഈ രാവിൽ നീലക്കുയിലുകളായി രണ്ടു ചിറകുകൾകൊണ്ടു പറക്കാമെന്നും രണ്ടുപേർക്കുംകൂടി രണ്ടു ചിറകുകൾ എന്നതിന് ഒരു ശരീരമായിത്തീരാം എന്നർത്ഥം. മഴക്കാർ മൂടിയ ആകാശത്ത് പൂവുപോലെ നക്ഷത്രങ്ങളെന്നപോലെ പറക്കാമെന്നുപറഞ്ഞ് മൃത്യൂ അവളെ വിളിക്കുന്നു. മഞ്ഞുതിരുന്ന മലകളിലും തണൽവഴികളിലും സന്ധ്യയാകുന്ന നിഗൂഢവഴികളിലും കാറ്റുറങ്ങുന്ന തണുപ്പിലും നിലാവുള്ള ആകാശത്തിന്റെ വിദൂരങ്ങളിലും ഒറ്റയ്ക്ക്, നിശ്ശബ്ദരായി സ്വൈര്യമായിട്ടുറങ്ങാമെന്നു പറഞ്ഞാണ് യമദേവന്‍ അവളെ പ്രലോഭിപ്പിക്കുന്നത്.

വരികൾ

“ഇന്ദ്രൻ വിളിക്കുന്നു…

വരിക നീയോമലാളേ

……………………………..

നുകർന്നീടാമീർഷകം

നിത്യയൗവ്വനം തീർത്ത

പൊന്‍ഭാജനം”

അർത്ഥ വിശദീകരണം

ചാരുപുരങ്ങൾ               =                 മനോഹരനഗരങ്ങൾ

സുവർണ്ണമണൽത്തരി  =            നക്ഷത്രങ്ങൾ

പൊന്‍ഭാജനം                   =               ചന്ദ്രന്‍

ആശയ വിശദീകരണം

ഇന്ദ്രദേവനെ പരിണയിച്ച കുന്തിക്ക് അർജ്ജുനൻ എന്ന പുത്രൻ ജനിച്ച കഥയാണ് ഇവിടെ പരാമർശം. ഇന്ദ്രൻ അവളെ വിളിക്കുന്നത് ആകാശത്തിന്റെ സമൃദ്ധിയിലേക്കാണ്. ചന്ദ്രനും നിലാവും നക്ഷത്രങ്ങളും മിന്നലും മേഘങ്ങളുമൊക്കെ നിറഞ്ഞ ആകാശം സമൃദ്ധമാണെന്ന് കവിഭാവന. ഒരിക്കലും നശിക്കാത്ത ജീവന്റെ സിദ്ധിയായ യൗവ്വനം ആസ്വദിക്കാനാണ് ഇന്ദ്രന്റെ ക്ഷണം. രത്നം കൊണ്ടു മേഞ്ഞ മനോഹരമായ കൊട്ടാരങ്ങളും സുവർണ്ണ കവാടങ്ങളുമുള്ള തന്റെ ലോകത്തേക്കു വന്നാൽ പാനപാത്രത്തിന്റെയുള്ളിലെ ചുവന്നു തുളുമ്പുന്ന അമൃതുനുകരാമെന്നു പറഞ്ഞ് ഇന്ദ്രൻ അവളെ മോഹവലയത്തിലാക്കുന്നു. മിന്നലുപോലുള്ള നിന്റെ അരഞ്ഞാണം പൊട്ടിച്ചിതറിയും മുടിയഴിഞ്ഞും മേഘങ്ങളാകുന്ന നീലവിരിച്ചു ചുളിഞ്ഞുമുള്ള അവസ്ഥയിൽ, നമുക്ക് പാരിജാതപ്പൂക്കൾ കൊണ്ട് മൂടി മതിയാവോളം കിടക്കാമെന്നു പറഞ്ഞ് ഇന്ദ്രൻ അവളെ പ്രണയാനുഭൂതികൾ പങ്കുവയ്ക്കാനായി വിളിക്കുന്നു. ‘അനന്തമായ കാലത്തിന്റെ വാടാമലരുകളാണ് നാമെന്നു’ പറഞ്ഞു  ഇന്ദ്രൻ അവളെ ആകാശഗംഗക്കരികിലേക്കു ക്ഷണിക്കുകയാണ്. അവിടെ നിലാവിന്റെ മുത്തുമാലകൾ കോർത്തും നക്ഷത്രങ്ങളാകുന്ന മണൽത്തരികൾ വാരിയെറിഞ്ഞും നമുക്ക് നിത്യയൗവ്വനമാകുന്ന പാനപാത്രത്തിലെ പൊൻഭാജനം നുകരാമെന്നും ഇന്ദ്രൻ കുന്തിയോട് പറയുന്നു.

വരികൾ

“ചുണ്ടിലാകെയറുന്നത്

കയ്പുമാത്രം

………………………

ആരറിവൂ സ്വയം എന്ന ചോദ്യം ബാക്കി….”

അർത്ഥ വിശദീകരണം

രഥ്യ                       =   വഴി

വിൺപൂവ്           =                ആകാശത്തിലെ പൂവ്, നക്ഷത്രം

ദേവവധുക്കൾ   =               അപ്സരകന്യകമാർ

മുണ്ഡിത             =  ക്ഷൗരം ചെയ്യപ്പെട്ട

ആശയ വിശദീകരണം

ഏറെ മധുരമുള്ള  തന്റെ ചുണ്ടിൽ ഇന്ന് കയ്പ്പുമാത്രമാണ് ഊറുന്നതെന്ന് കുന്തി തിരിച്ചറിയുന്നതാണ് ഈ വരികളിലേ പ്രധാന ആശയം . കുന്തിക്കു ലഭിച്ച വരമനുസരിച്ച് സൂര്യനും യമദേവനും വായുദേവനും ഇന്ദ്രനും പ്രത്യക്ഷപ്പെട്ട് അവളുടെ ഇംഗിതപ്രകാരം അവളെ പ്രാപിക്കുകയും കർണ്ണൻ, ധർമ്മപുത്രർ, ഭീമസേനൻ, അർജ്ജുനനൻ എന്നീ പുത്രന്മാൻ ജനിക്കുകയും ചെയ്തു. പക്ഷേ, പിന്നീടുള്ള ജീവിതത്തിൽ കുന്തിക്ക് ആ ദേവന്മാരെ ഒരു നിമിഷത്തേക്കുപോലും കാണാൻ അവസരമുണ്ടായില്ല. തങ്ങളുടെ മക്കളുടെ പിതൃത്വത്തിനുത്തരവാദികളായ ദേവന്മാർക്കൊത്ത് ദാമ്പത്യജീവിതം സ്വപ്നം കാണാൻപോലും കുന്തിക്കു ഭാഗ്യമുണ്ടായില്ല. കർണ്ണന്റെ ജനനം ഒരു വലിയ സ്വകാര്യതയായി കുന്തിക്കു ജീവിതം മുഴുവൻ കൊണ്ടുനടക്കേണ്ടിവന്നു. കര്‍ണ്ണന്റെ ജനനത്തെക്കുറിച്ച് ഭാരതയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ മാത്രമാണ് കുന്തി വെളിപ്പെടുത്തിയത്. ജന്മം നൽകിയ മാതാവിനെ സംബന്ധിച്ച് തന്റെ കുഞ്ഞുങ്ങളുടെ പിതാവിന്റെ സാമീപ്യം ലഭിക്കാതെ വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഈ ആഗ്രഹം മനസ്സിലൊതുക്കി കഴിയേണ്ടിവന്ന അവസ്ഥയെയാണ് ചുണ്ടിലൂറുന്ന കയ്പ്പായി കവി ചിത്രീകരിച്ചിരിക്കുന്നത്.

വിളവുമുഴുവൻ കൊയ്തെടുത്ത വയലിന്റെ തേങ്ങൽ മാത്രമാണ് ഇന്ന് തന്റെയുള്ളിൽ നിന്നുയരുന്നതെന്നും ആരും അലിവുകൊണ്ട് ഉടച്ചെടുക്കാതിരുന്നതിനാൽ നെഞ്ചിലെ ഭാരം അമർത്തിപ്പിടിച്ച കരച്ചിലായി മാറിയിരിക്കുകയാണെന്നും കുന്തി വെളിപ്പെടുത്തുന്നു. എങ്കിലും അവൾ സൂര്യനിൽ നിന്നും ലഭിച്ച ആ അനുഭൂതികളെ ഓർക്കുന്നു. സൂര്യനോട് അവൾ പറയുകയാണ്; “നിന്റെ അലിവിന്റെ ചൂടിൽ എന്റെ ശരീരം ആദ്യമായ് തളിർത്ത നിമിഷവും ആ വാനവിരിപ്പിൽ നിന്റെ അലിവിനാൽ തീവെയിൽച്ചൂടിനെ നിലാവാക്കി മാറ്റിയപ്പോൾ ഉരുകിയ ഹൃദയത്തുടിപ്പും ഞാനിന്നുമോർക്കുന്നു. എങ്കിലും നിന്റെ വെളിച്ചമെത്താത്തതിനാൽ ഇന്ന് എന്റെയുള്ളിലെ ഇരുട്ട് വാതിലടയ്ക്കുകയാണ്. മഞ്ഞുകൊണ്ട് എന്നെ നിശ്ശബ്ദം പൊതിയുകയാണ്, മരവിച്ച മനസ്സുമായി കഴിയുകയാണ് എന്ന്  സൂചന.

അവൾ മൃത്യുവിനോട് ഇപ്രകാരം ആവലാതിപ്പെടുന്നു. “കുളിർത്തണൽപോലുള്ള നിന്റെ ഏകാന്തവഴികളിൽ അന്ന് ഞാൻ വീണുറങ്ങി. പാതിരപോലുള്ള ഇരുട്ടിൽ നീ എന്നെ ഒറ്റയ്ക്കു താങ്ങിയെടുത്തു കിടത്തി. ആ ഏകാന്തതയും നിശ്ശബ്ദതയും സമ്പൂർണ്ണ വിശ്രമവും സ്വപ്നമില്ലാത്ത ഉറക്കവും  മരണത്തെ സൂചിപ്പിക്കുന്നു. ഞാൻ ഏറെ കൊതിച്ചതാണ്, എങ്കിലും നിന്റെ മനസ്സിന്റെ അഗാധതയിലേക്ക് നീയെന്നെ കൊണ്ടുപോകാതിരുന്നതെന്താണ്?  ഒരു കാട്ടുപൂ പോലും നീ പറിക്കാഞ്ഞതെന്താണ്? ഇതൊക്കെയോർത്ത് ഞാനിന്ന് തേങ്ങുകയാണ്.’ തനിക്ക് ആ മനസ്സിൽ ഇടംകിട്ടിയില്ലല്ലോ എന്നാണ് കുന്തിയുടെ ആവലാതി. ‘എന്റെ മനസ്സാകുന്ന ഇരുണ്ട വനത്തിൽനിന്ന്’എന്ന് പറയുന്നതിലൂടെ ഏകാന്തമായ മനസ്സിനെ ഇരുണ്ട വനമായി സങ്കല്പിച്ചിരിക്കുന്നു .

തുടർന്ന് അവൾ ഇന്ദ്രനോടു പറയുന്നു; “ഞാൻ ഒരിക്കലും നിത്യയൗവ്വനം കൊതിച്ചിട്ടില്ല. ഭൂമിയിലേക്കു കൊഴിഞ്ഞുവീഴാത്ത നക്ഷത്രങ്ങളുടെ കേളിയോ അവസാനിക്കാത്ത രാത്രിയുടെ മദിരോത്സവങ്ങളോ രത്നസൗധങ്ങളോ ആഗ്രഹിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ നിറഞ്ഞുനില്ക്കുന്നത് നീ കോരിനിറച്ച ആ സംഗീതധാരയും സന്ധ്യയിൽ ഗന്ധർവ്വൻ പാടുന്ന അപൂർവ്വരാഗങ്ങളുടെ മനോഹാരിതയും അപ്സരകന്യകമാരുടെ നൃത്തത്തിന്റെ താളവുമൊക്കെയാണ്. ആ നിമിഷത്തെ എന്റെ ആത്മാവ് പൂചൂടിയതുപോലെ ചൂടി. അന്നേരം ഞാൻ മറ്റൊരു പൂവായി വിരിഞ്ഞു. പക്ഷേ, ആ സമയത്ത് കേവലമൊരു മനുഷ്യസ്ത്രീയായ എന്നിൽ തുളുമ്പിയ സ്നേഹത്തിന്റെ നിത്യോത്സവം നീ അറിയാതെ പോയി. രാത്രിയിലേ കാമാർത്തയായ കുയിലിന്റെ നിശബ്ധ രോദനവും പ്രണയദാഹവും  നീ അറിഞ്ഞില്ല. അങ്ങനെയങ്ങനെ എന്റെ ഓരോ കിനാവിലും കയ്പും മധുരവുമായി മനസ്സിന്റെ കോണിൽ നീ ഇരിക്കുന്നുണ്ട്. മൗനിയും മുണ്ഡിതയുമായ എന്നിലെ പാതിജീവൻ ഇന്നും നിന്നെ ജപിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഈ പാതിശരീരത്തിലെ കരൾ ഇന്നും പച്ചപ്പു തേടുകയാണ്. പ്രതീക്ഷയുടെ ജ്വാലകൾ ആടിയുലയുകയാണ്. ഈ പാതിജീവിതത്തിൽ ഞാൻ ഒറ്റപ്പെടുകയാണ്. ആയിരം പേർ മോഹിച്ച നീയാകുന്ന കിനാവ് എന്ന് പറയുന്നതിലൂടെ കവി ഇന്ദ്രനെ മോഹിച്ച സ്ത്രീകളെ സൂചിപ്പിക്കുന്നു.

തുടർന്ന് അവൾ വായുദേവനോടു ഇപ്രകാരം പറയുന്നു. “നിന്റെ കരുത്തറിഞ്ഞ നിമിഷം ഞാനോർക്കുന്നു. പച്ചമൂടിയ താഴ്വരയിലെ പുല്ലിൽ, ആ പുലരിത്തുടുപ്പിൽ നീ നല്കിയ ചുംബനവും “നീ എന്റേതാണെന്നു പറഞ്ഞുകൊണ്ട് ആടിയുലച്ചുകൊണ്ടു നടത്തിയ ആലിംഗനവും, ഒരു നിമിഷംകൊണ്ട് മണ്ണിൽ വിത്തുകിളിർത്ത് ഇലവീശി ഒരു ആൽമരമാകെ തണലിന്റെ തണുപ്പേകിയ സാഫല്യവും ഞാനിന്നോർക്കുന്നു. പക്ഷേ, എല്ലാം ഒരു നിമിഷത്തേക്കു മാത്രമായിരുന്നു. കാറ്റാകുന്ന നീ കാറ്റായി എന്നിൽ നിന്നകന്നുപോയി. ആ നിമിഷം എന്റെയുള്ളിൽ കരുത്തനായ ഒരു ഉണ്ണി (ഭീമസേനന്‍) പിറന്നു. എന്റെ ജന്മം വെറുതെയായല്ലോയെന്ന് ഞാനിപ്പോഴും പഴിക്കുകയാണോ? എന്തുന്മത്തതയാണ് എന്റെയുള്ളിലിപ്പോഴുള്ളത്? തന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതിനു പിന്നിൽ താൻ ഏകയാണെന്ന് ,പൊള്ളുന്ന ഓർമ്മയാണോ അതോ കാമമാണോ? എന്ന് കുന്തി ചോദിക്കുകയാണ് .”

കവിതയില്‍ രതിയെ സ്ത്രീയുടെ അടിമത്തത്തിന്റെ ബിംബമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവന്മാരിലെ ധർമ്മപുത്രർ, ഭീമൻ, അർജ്ജുനൻ എന്നിവരുടെയും സൂര്യപുത്രനായ കർണ്ണന്റെയും ജനനത്തിനു മുമ്പും പിമ്പുമുള്ള കുന്തീഹൃദയത്തിന്റെ വിഭിന്ന ഭാവങ്ങളെ ഈ കവിത തുറന്നുകാട്ടുന്നു. പുത്രലബ്ധിക്കായി നടന്ന ദേവസംഗമവേളകളിൽ താൻ സ്വകാര്യമായി അനുഭവിച്ച ആനന്ദനിർവൃതിയുടെയും തന്റെ മക്കൾക്കു പിതൃത്വം നൽകിയശേഷം കടന്നുപോയ ആ ദേവന്മാരെയോർത്തുള്ള നിശ്ശബ്ദരോദനത്തിന്റെയും അനുഭവങ്ങൾ കുന്തി പങ്കുവയ്ക്കുന്നു.

ഭൂമിയും ആകാശം സ്ത്രീയും  പുരുഷനുമാണെന്നാണ് സങ്കല്പം. സൂര്യൻ, മൃത്യൂ, വായു, ഇന്ദ്രൻ എന്നിവ ഈ കവിതയിൽ വിവിധ പുരുഷഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബിംബങ്ങളാണ്. കുന്തിയുടെ ജീവിതചക്രം ഭൂമിയുടേതെന്ന പോലെ ഋതുഭേദങ്ങളുടെ അരങ്ങായിത്തീരുന്ന കാഴ്ചയാണ് മഹാഭാരതകഥയിൽ കാണാന്‍ കഴിയുന്നത് . സ്ത്രീസ്വാതന്ത്ര്യത്തിന്റെ അദൃശ്യബന്ധനങ്ങളെ തുറന്നുകാണിക്കാനായി പ്രണയത്തെയാണ് കവി ഇവിടെ ഉപാധിയാക്കുന്നത്. സ്ത്രീകൾ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിയ ഇന്നത്തെ സാഹചര്യത്തിൽ കവിത സ്ത്രീയുടെ യഥാർത്ഥ പ്രശ്നങ്ങളുടെ നേരെ അതിന്റെ കണ്ണാടി എടുത്തു പിടിക്കുമ്പോൾ “കുന്തി’ എന്ന കവിതയിലൂടെ സംവദിക്കുന്നതും സ്ത്രീമനസ്സിന്റെ നിശ്ശബ്ദരോദനങ്ങളാണ്. ഏതു വരണ്ട ജീവിത സാഹചര്യത്തിലും സ്ത്രീമനസ്സിന്റെ ആഴങ്ങളിൽ പ്രണയത്തിന്റെ നനവുള്ള മണ്ണുണ്ട് എന്ന വസ്തുത ഈ കവിത പങ്കുവയ്ക്കുന്നുണ്ട്. പ്രണയത്തിന്റെ പ്രകടഭാവമായ രതിയിലേക്ക് പെൺമനസ്സിനെ ആകർഷിക്കാനും അനുഭൂതികളിൽ ആറാടാനുമുളള പുരുഷമനസ്സിന്റെ പ്രവണതയെ ഇവിടെ കാറ്റ്, കാലം, ഇന്ദ്രൻ, സൂര്യൻ എന്നീ ബിംബങ്ങളിലൂടെ വെളിപ്പെടുത്തുന്നു

കാവ്യാവലോകനം

ഗഹനമായ ആശയവും ലളിതമായ ആവിഷ്കാരവുമാണ് കുന്തി’ എന്ന കവിതയെ ശ്രദ്ധേയമാക്കുന്നത്. പ്രകൃതിയെയും സ്ത്രീയെയും ഒരേ നേർരേഖയിൽ കൊണ്ടുവരുന്ന ഈ കവിതയുടെ മറ്റൊരു ആകർഷണം അസാമാന്യമായ ബിബകല്പനയാണ്. സ്ത്രീയുടെ എല്ലാ ഭാവങ്ങളെയും പ്രകടിപ്പിക്കാൻ പോന്ന ബിംബമാണ് കുന്തി. മഹാഭാരതത്തിൽ ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ പ്രകമ്പനങ്ങളാണ് കുന്തിയുടെ ഹൃദയത്തിലൂടെ കടന്നുപോകുന്നതെങ്കിൽ ഗിരിജയുടെ കുന്തിയിൽ കാണുന്നത് സ്ത്രീമനസ്സിന്റെ യഥാർത്ഥ ഭാവങ്ങളാണ്. സ്ത്രീ നേരിടുന്ന അടിമത്തത്തെ രതി എന്ന ബിംബത്തിലൂടെയാണ് കവി ചിത്രീകരിക്കുന്നത്. രതി ഇവിടെ പുരുഷാധിപത്യത്തിന്റെ രൂപകമായി മാറുന്നു. പുരുഷൻ തന്റെ കാമസംതൃപ്തിക്കുവേണ്ടി സ്ത്രീയെ പ്രലോഭിപ്പിച്ച് ഒപ്പം കൂട്ടുകയും ആവശ്യാനന്തരം സൗകര്യപൂർവം തഴയുകയും ചെയ്യുമ്പോൾ സ്ത്രീമനസ്സിലുണ്ടാകുന്ന വേദനകളെയാണ് ഗിരിജയുടെ “കുന്തി’ പകർത്തുന്നത്.

Recap

 • ഉത്തരാധുനിക കവിതകളുടെ സവിശേഷത
 • സ്ത്രീപക്ഷ ആശയങ്ങളുടെ ശക്തമായ സാന്നിധ്യം
 • പുരാണ കഥകളുടെ പുനർവായന
 • കുന്തിയുടെ ആത്മ സഞ്ചാരങ്ങൾ
 • രതിയും പ്രണയവും അടിമത്തത്തിന്റെ ബിംബങ്ങൾ
 • കുന്തിയുടെ നിശബ്ദരോധനം
 • മനസിന്റെ സങ്കൽപങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള അന്തരം
 • ബിംബഭാഷ
 • പ്രകൃതിയെയും സ്ത്രീയെയും സമാനമായി കൽപ്പിക്കുന്നു
 • പുരുഷ മനസിന്റെ പ്രണയഭാവങ്ങളും കപടതയും
 • മോഹന വാഗ്ദാനങ്ങൾ നൽകുന്ന കാമുകന്മാർ 
 • -വായു, സൂര്യൻ, ഇന്ദ്രൻ, യമൻ
 • ഉൾതാളവും ഈണവും കൊണ്ട് ഭാവഭദ്രമായ കവിത

Questions

 1. പി. എം ഗിരിജയുടെ കുന്തി എന്ന കവിതയിലെ കേന്ദ്രകഥാപാത്രം ആരാണ്?
 2. കരുത്തായി പറക്കുക എന്ന് പറഞ്ഞതാര്?
 3. മാരിമുടിയഴിച്ചാടീടുമാഷാഢ രാവിലേയ്ക്ക്  കാറ്റ് ആരെയാണ് ക്ഷണിക്കുന്നത്?
 4. ഉന്മാദത്തിന്റെ ലഹരിയെ എന്തിനോടാണ് താദാത്മ്യപ്പെടുത്തിയിരിക്കുന്നത്?
 5. ആളുമൊരഗ്നിയായി എന്നെ പൊതിയൂ എന്ന് പറയുന്നതാര്?
 6. കിഴക്കാകുന്ന തന്റെ സിംഹാസനത്തിൽ ഒപ്പമിരിക്കാൻ സൂര്യൻ ആരെയാണ് ക്ഷണിക്കുന്നത്?
 7. തെളിവെയിലാകുന്ന ഓളങ്ങളിളകുന്ന എവിടേയ്ക്കാണ് സൂര്യൻ തന്റെ കാമുകിയെ ക്ഷണിക്കുന്നത്?
 8. തണുപ്പായി കണ്ണീരുപ്പായി സ്വൈര്യമുറങ്ങാനായി കാമുകിയെ ക്ഷണിക്കുന്നതാര്?
 9. ഒരിക്കലും നശിക്കാത്ത ജീവന്റെ സിദ്ധിയെന്ന് ഇന്ദ്രൻ പറയുന്നത് എന്തിനെയാണ്?
 10. രത്നങ്ങൾ മേഞ്ഞ മനോഹരമായ കൊട്ടാരത്തിലേയ്ക്ക് ക്ഷണിക്കുന്നതാര്?
 11. വി.എം ഗിരിജയുടെ ആദ്യ കവിതാസമാഹാരം ഏത് ?
 12. ജീവജലം ആരുടെ കവിതയാണ് ?
 13. എങ്ങനെയുറങ്ങനാണ് മൃത്യുവിളിക്കുന്നത്?
 14.  ‘പോരിക നീയോമലാളേ ‘ എന്ന് വിളിയ്ക്കുന്നതാര്?
 15. ചുണ്ടിലാകെയൂറുന്നത് എന്താണ്?
 16. എന്തു ചോദ്യമാണ് ബാക്കിയാകുന്നത്?
 17. വിളവാകെയെടുത്ത വയലിന്റെ നിഷ്ഫല രോദനം പോലെ കേട്ടത് എന്താണ്?
 18. എങ്ങനെയുള്ള ചാരു പുരങ്ങളെക്കുറിച്ചാണ് കവി പറയുന്നത്?
 19. ഇരുചിറകോലുന്ന എന്തുപോലെയാണ് പാറി നടക്കുക?
 20. രാത്രിമരം ആരുടെ കവിതയാണ്?

Answers

 1. മഹാഭാരതത്തിലെ കുന്തി
 2. കാറ്റ്
 3. കുന്തിയെ
 4. ആഷാഢത്തിലെ .പേമാരിയോട്
 5. സൂര്യൻ
 6. കുന്തിയെ
 7. പൊയ്കയിലേയ്ക്ക്
 8. മൃത്യു
 9. യൗവ്വനത്തെ
 10. ഇന്ദ്രൻ
 11. പ്രണയം ഒരാൽബമാണ്
 12.  വി. എം ഗിരിജ
 13.  കറുപ്പായി കണ്ണീരുപ്പായ്
 14. ഇന്ദ്രൻ
 15. കയ്പ്
 16.  ആരറിവൂ സ്വയം
 17.  തേങ്ങൽ
 18. രത്നം മേഞ്ഞ
 19.  നീലക്കുയിൽ
 20. വി.എം ഗിരിജയുടെ

Assignment topic

 1. മലയാളത്തിലെ സ്ത്രീപക്ഷ കവിതകൾ – ഉപന്യസിക്കുക
 2. സ്ത്രീസങ്കൽപങ്ങളും സാമൂഹ്യയാഥാർത്ഥ്യങ്ങളും വി.എം.ഗിരിജയുടെ കവിതകളിൽ – ഉപന്യസിക്കുക
 3. പുരാണ കഥാപാത്രങ്ങളുടെ പുനർവായനയും വി.എം.ഗിരിജയുടെ കവിതകളും – ഉപന്യസിക്കുക

References

 1. വി.എം.ഗിരിജ – ജീവജലം, കവിതാസമാഹാരം, കറന്റ് ബുക്സ്,തൃശൂർ . 
 2. ഡോ.എം.ലീലാവതി – അവതാരിക, മൂന്ന് ദീർഘകവിതകൾ, കവിതാ സമാഹാരം, വി.എം.ഗിരിജ, ഡി.സി.ബുക്സ്,കോട്ടയം.
 3. ആസാദ് – ഉഴവുചാലിന്റെ നിലവിളി, പുസ്തകനിരൂപണം, https://ml.sayahna.org (ഇന്റർനെറ്റ് വെബ് മാഗസിൻ)
 4. സച്ചിദാനന്ദൻ – മലയാളകവിതാപഠനങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്. 

E- content

വി. എം. ഗിരിജയുടെ ചിത്രം

അധിക വായനയ്ക്ക്

https://ml.sayahna.org/index.php/%E0%B4%B5%E0%B4%BF_%E0%B4%8E%E0%B4%82_%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%9C

വി.എം.ഗിരിജയുടെ കവിതകൾ

അഭിമുഖം

https://www.manoramaonline.com/literature/literaryworld/2021/11/02/varthanam-a-talk-with-writers-vm-girija-and-p-raman.html

സ്ത്രീപക്ഷ സിദ്ധാന്തങ്ങൾ

https://www.thoughtco.com/feminist-theory-3026624