Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 3

ഭൂതക്കണ്ണാടി

                                                                 ഉള്ളൂർ എസ്. പരമേശ്വരയ്യർ

Learning Outcomes

 • ആധുനിക കവിത്രയങ്ങളെക്കുറിച്ച് അറിവുനേടുന്നു.
 • ഉള്ളൂരിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് ധാരണ നേടുന്നു.
 • ഉള്ളൂരിന്റെ കാവ്യശൈലി ഭൂതക്കണ്ണാടിയിലൂടെ മനസ്സിലാക്കുന്നു.
 • ഉള്ളൂരിന്റെ സമകാലികരെക്കുറിച്ച് ധാരണ നേടുന്നു.
 • ഉള്ളൂരിന്റെ സമകാലിക സാഹിത്യരീതികളെ പരിചയപ്പെടുന്നു.
 • ഉള്ളൂർ എന്ന കവിയെക്കുറിച്ചു വ്യക്തമായ അറിവു സമ്പാദിക്കുന്നു.

Prerequisites

ലോകത്തിന്റെ നിലനിൽപ്പിനാവശ്യമായ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ കൈകാര്യം ചെയ്യുന്ന ദേവൻമാരെ ത്രിമൂർത്തികൾ എന്നാണ് വിളിക്കാറുള്ളത്. സാഹിത്യസൃഷ്ടി നടത്തുന്ന സാഹിത്യകാരൻമാരെയും ഈ ത്രിത്വസങ്കല്പത്തിൽ ഉൾപ്പെടുത്താറുണ്ട്. പ്രാചീന കവിത്രയം എന്നും ആധുനിക കവിത്രയം എന്നുമാണ് ആ ത്രിത്വസങ്കല്പം അറിയപ്പെടുന്നത്. പ്രാചീനകവിത്രയത്തിൽ ഉൾപ്പെടുന്ന കവികൾ ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ എന്നിവരാണ്.  ആധുന കവിത്രയത്തിൽ ഉൾപ്പെടുന്ന കവികളാണ് കുമാരനാശാൻ, ഉള്ളൂർ എസ്.പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവർ.

     പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭാരതത്തിൽ ഉദയംകൊണ്ട് സാംസ്കാരിക നവോത്ഥാനം അന്നത്തെ എല്ലാ എഴുത്തുകാരെയും സ്വാധീനിക്കുകയുണ്ടായി. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതയും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയ പുതിയ വീക്ഷണങ്ങളുമാണ് ഇതിനു വഴിയൊരുക്കിയത്. കല കലയ്ക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്ന സംവാദം ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരുന്ന സന്ദർഭം കൂടിയായിരുന്നു ഇത്. പുതിയ ചിന്തയുടെ പശ്ചാത്തലത്തിൽ ദേശീയതാബോധവും സ്വത്വബോധവും ഉൾക്കൊണ്ട് കവികൾ പുരാണങ്ങളിൽനിന്നും ആശയം സ്വീകരിക്കുന്നതിൽ നിന്നു വ്യതിചലിച്ച് നവീനമായ ആശയങ്ങൾ തേടിപ്പിടിക്കാൻ തുടങ്ങി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആശയങ്ങളിലേക്ക് ചില കവികൾ വഴുതി മാറിയ സന്ദർഭമായിരുന്നു ഇത്. സാമൂഹ്യവും ജാതീയവുമായ ജീർണ്ണതകൾക്കെതിരെ നവോത്ഥാന നായകർ നടത്തിയ പ്രക്ഷോഭങ്ങളുടെ അലകൾ സാഹിത്യത്തിലും പ്രകടമായി. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ കുമാരനാശാൻ ജാതീയതയ്ക്കെതിരെ വിരൽ ചൂണ്ടുന്ന ഒട്ടേറെ കവിതകളെഴുതി. വള്ളത്തോളും തുടർന്ന് ഉള്ളൂരും ഈ ചരിത്രഗതിയെ ഉൾക്കൊണ്ടുകൊണ്ട് തങ്ങളുടെ സർഗ്ഗാത്മകതയെ രൂപപ്പെടുത്തി.

       ആധുനിക കവിത്രയത്തിൽ മൂന്നു കവികളും സാമൂഹികമായ കടമകളെ നിർവ്വഹിച്ചു കൊണ്ടാണ് തങ്ങളുടെ സാഹിത്യലോകം കെട്ടിപ്പടുത്തത്. അതിൽ കാവ്യരീതികൊണ്ടും പ്രമേയ വൈശിഷ്ട്യം കൊണ്ടും ശ്രദ്ധേയമായ കവിയാണ് മഹാകവി  ഉള്ളൂർ. എസ്. പരമേശ്വരയ്യർ. കാവ്യരീതിയുടെ സവിശേഷത കൊണ്ട്  ഉള്ളൂരിനെ  ഉജ്ജ്വലശബ്ദാഢ്യൻ എന്ന വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ബഹുഭാഷാപാണ്ഡിത്യവും വേദജ്ഞാനവും പദസമ്പത്തും കാവ്യഭാവനയും താളബോധവുമാണ് ഈ വിശേഷണത്തിന് അദ്ദേഹ ത്തിനെ അർഹനാക്കിയത്. പദങ്ങളുടെ അനർഗളപ്രവാഹമാണ് ഉള്ളൂർക്കവിതകളുടെ മുഖമുദ്ര.

   ഒമ്പതു സമാഹാരങ്ങളിലായി നൂറ്റി നാല്പതു കവിതകളുടെയും അമ്പതോളം കഥാകവിതകളുടെയും കർത്താവ്, ഉമാകേരളം, കേരളസാഹിത്യചരിത്രം തുടങ്ങിയ ബൃഹദ്ഗ്രന്ഥങ്ങളുടെ ശില്പി, മദിരാശിസർവ്വകലാശാലയിൽ നിന്ന് മൂന്ന് ബിരുദങ്ങൾ സമ്പാദിച്ച പണ്ഡിതൻ, അഞ്ചു ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ഭാഷാ വിദഗ്ദ്ധൻ, ചരിത്ര-സാഹിത്യഗവേഷകൻ, പ്രഭാഷകൻ, തിരുവിതാംകൂർ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നിങ്ങനെ ബഹുമുഖമായ പ്രതിഭകളാൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ. കൊച്ചിരാജാവിൽ നിന്ന് വീരശൃംഖല, ബ്രിട്ടീഷ് ഗവൺമെന്റിന്റെ റാവു സാഹിബ് പുരസ്കാരം, കാശി വിദ്യാലയത്തിന്റെ സാഹിത്യഭൂഷൻ ബഹുമതി തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1937-ൽ തിരുവിതാംകൂർ സർക്കാർ ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു.

   പുരാണേതിഹാസകൃതികളെ അവലംബമാക്കിക്കൊണ്ടുള്ള ഭാഷാചമ്പുക്കളും ഖണ്ഡകാവ്യങ്ങളും രചിക്കുന്നതിലായിരുന്നു ആദ്യകാലങ്ങളിൽ ഉള്ളൂർ കൂടുതലും ശ്രദ്ധകൊടുത്തിരുന്നത്. കർണ്ണഭൂഷണം, അംബ, ചിത്രശാല, സത്യവതി, ഹീര, അംബരീഷശതകം, പിംഗള തുടങ്ങിയവ ഇതിനുദാഹരണമാണ്. സ്വന്തം നാടിന്റെ കഥ പറയുന്ന ‘ഉമാകേരളം’ എന്ന മഹാകാവ്യമാണ് ഉള്ളൂരിന്റെ കാവ്യസംഭാവനളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചമ്പുക്കൾ, ഖണ്ഡകാവ്യം, മഹാകാവ്യം, ഭാവകവിതകൾ തുടങ്ങി എല്ലാകാവ്യശാഖകളെയും അദ്ദേഹം സമ്പുഷ്ടമാക്കി. കുമാരനാശാനും വള്ളത്തോളും കൂടാതെ ഉള്ളൂരിന്റെ കാലഘട്ടത്തിലുണ്ടായിരുന്ന മറ്റു പ്രമുഖ കവികളാണ് വെൺമണിക്കവികൾ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ   ശ്രീനാരായണഗുരു, പൊയ്കയിൽ കുമാരഗുരു, എ.ആർ. രാജരാജവർമ്മ, കെ. സി. കേശവപ്പിള്ള, വി. സി. ബാലകൃഷ്ണപ്പിള്ള, ഇടശ്ശേരി, ചങ്ങമ്പുഴ കൃഷ്ണപിള്ള.  തുടങ്ങിയവർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരഘട്ടത്തിൽ, മണിപ്രവാളസാഹിത്യവും വെൺമണി പ്രസ്ഥാനവും കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ഉള്ളൂരിന്റെ രംഗപ്രവേശം. വെൺമണി പ്രസ്ഥാനം ഏതാണ്ട് ജനകീയമായിക്കഴിഞ്ഞിരുന്നു. സംസ്കൃത വൃത്തങ്ങളിലുള്ള കാര്യങ്ങൾക്കും പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള കൃതികൾക്കുമായിരുന്നു അന്ന് പ്രാധാന്യം. അന്നത്തെ പ്രസിദ്ധരായ കവികളെല്ലാം തന്നെ സംസ്കൃതപണ്ഡിതന്മാരായിരുന്നു. ഇക്കാലത്ത് ഉയർന്നുവന്ന ആധുനിക പ്രവണതയായ കാല്പനികതയും ഉള്ളൂരിനെ സ്വാധീനിച്ചു. 1920-നുശേഷമുള്ള ഉള്ളൂർക്കവിതകളിലാണ് കാല്പനികമുഖം വ്യക്തമായും കടന്നുവന്നിട്ടുള്ളതെന്നു കാണാം. നവോത്ഥാനാശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കാവ്യങ്ങൾ രൂപപ്പെടുത്തുന്ന പുതിയൊരു പ്രവണതയാണ് ഉള്ളൂരിന്റെ കാലത്തുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ‘പ്രേമസംഗീതം’ എന്ന കവിത ഉൾപ്പെടുന്ന കവിതാസമാഹരമായ “മണിമഞ്ജുഷ (1933) യിൽ ആധുനികമായ പ്രമേയങ്ങളും കാവ്യശൈലിയുമാണുള്ളത്. ഈ കാലഘട്ടത്തിൽ കൊടുങ്ങല്ലൂർ കളരിയുമായി ബന്ധപ്പെട്ട് ഒരുകൂട്ടം കവികൾ പച്ചമലയാള കവിതകളുടെ രചനയിൽ ഏർപ്പെടുകയുണ്ടായി. ഈ പ്രവണതയും ഉള്ളൂരിനെ സ്വാധീനിച്ചു. അദ്ദേഹം രചിച്ച കേരളസാഹിത്യചരിത്രം, വിജ്ഞാനദീപിക, ബാലദീപിക തുടങ്ങിയ ഗദ്യകൃതികളും പ്രേമസംഗീതം പോലുള്ള കവിതകളും തനിമലയാളത്തിലുള്ള ആവിഷ്കാരങ്ങൾക്ക് ദൃഷ്ടാന്തങ്ങളാണ്.

Key words

ആധുനിക കവിത്രയം , ഉജ്ജ്വല ശബ്ദാഢ്യൻ, പച്ചമലയാളം,കാൽപനികത , സാംസ്കാരിക നവോത്ഥാനം.

2.3.1. Content

1938 -ൽ പ്രസിദ്ധീകരിച്ച രത്നമാല എന്ന സമാഹാരത്തിലെ കവിതയാണ് ‘ഭൂതക്കണ്ണാടി’. കാല്പനിക കവിതയുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഭൂതക്കണ്ണാടിയിൽ ബിംബകല്പനയിലൂടെ ഒരുആശയത്തെ അവതരിപ്പിക്കുകയാണ് കവി. ചെറിയ വസ്തുക്കളെ വലുതായി കാണുന്ന ഭൂതക്കണ്ണാടി എന്ന ബിംബം എളിമയുടെ മഹത്വത്തെയാണ് ആവിഷ്കരിക്കുന്നത്. പ്രപഞ്ചത്തെ സംബന്ധിച്ച കവിയുടെ തത്ത്വ വീക്ഷണം, സത്യത്തിന്റെ വെളിപ്പെടുത്തൽ, പ്രകൃതിയോടുള്ള ആദരം, ഈശ്വരഭക്തി, കാരുണ്യം, സൗന്ദര്യബോധം, താളാത്മകത തുടങ്ങിയവ ഈ കവിതയിൽ പ്രകടമാണ്. മാനവികതയിൽനിന്ന് രൂപപ്പെട്ട കാവ്യസങ്കല്പമാണ് ഭൂതക്കണ്ണാടിയിൽ ആവിഷ്കരിച്ചിട്ടുള്ളത്.   എട്ടക്ഷരം വീതമുള്ള ഈരടികളോടെ രചിച്ചിട്ടുള്ള ഈ കവിത അനുഷ്ടുപ്പ് വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. പ്രാസഭംഗി തുളുമ്പുന്ന ഈരടികൾ, ഔചിത്യപൂർണ്ണമായ ചമൽക്കാരം, രൂപഭംഗി, ധ്വന്യാത്മകത എന്നിവയാണ് ഈ കവിതയുടെ കാവ്യസൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഘടകങ്ങൾ. എളിമയിൽ നിന്നുകൊണ്ടുള്ള ലോകവീക്ഷണമാണ് ഈ കവിതയുടെ പ്രധാന ആശയം. ഏറ്റവും ചെറിയ തട്ടിൽ നിന്നുകൊണ്ട് ഏറ്റവും മഹത്തായ കാഴ്ചകൾ കണ്ടെത്തുക എന്ന എളിയ കർമ്മമാണ്കവി നിർവഹിക്കുന്നത്.

അണുവിൽനിന്നും അണ്ഡകടാഹത്തെ – പ്രപഞ്ചത്തെ ദർശിക്കുന്ന കവിയുടെമൂന്നാം കണ്ണാണ് ഇവിടെ ഭൂതക്കണ്ണാടി. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളുടെയും മഹത്വത്തെ ഉൾക്കൊള്ളുകയും ആദരിക്കുകയും ചെയ്യുക എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഈ കവിതയ്ക്കാധാരം. കവി ഈ കാവ്യസങ്കല്പത്തെ രൂപപ്പെടുത്തിയിരിക്കുന്നത്, തന്റെയുള്ളിലെ വിനയഭാവത്തെ ഉണർത്തിയെടുത്തുകൊണ്ടാണ്. വീണുകിടക്കുന്ന ഒരു നെന്മണിക്കുള്ളിൽനിന്ന് സൂര്യകിരണങ്ങൾപോലെ എത്രയോ കതിരുകൾ ഉണ്ടാകുന്നു എന്ന പ്രകൃതിതത്വത്തിൽനിന്ന് ചെറുതിന്റെ നിസ്സാരതയുടെ മഹത്വം വ്യക്തമാക്കുന്നു. ഊഴിയിൽ ഒന്നും തന്നെ ചെറുതല്ലെന്നും എല്ലാ സൃഷ്ടികൾക്കും അതിന്റേതായ മഹത്വമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ കവിത.

അറിവിന്റെ ലോകം തിരയുന്ന കവിയുടെ മുമ്പിലെ വഴികാട്ടിയായും ഭൂതക്കണ്ണാടി മാറുന്നുണ്ട്. ചുറ്റുമുള്ള പലതും നിസ്സാരമായി കണ്ട് അവഗണിച്ചുകളയുന്ന നമ്മുടെ മനോഭാവത്തിനു നേരെയാണ് യഥാർത്ഥത്തിൽ കവി ഈ ഭൂതക്കണ്ണാടി എടുത്തുപിടിച്ചിരിക്കുന്നത്. മനുഷ്യന്റെ അഹന്തയും പൊള്ളയായ ചിന്താഗതിയും അജ്ഞതയും വ്യത്യസ്തമായ നിരവധി ദൃഷ്ടാന്തങ്ങളിലൂടെ കവി അനാവരണം ചെയ്യുന്നു. പ്രകൃതിയിലെ ഓരോ സൃഷ്ടിയിലുമുള്ള അനാദൃശ്യമായ മൂല്യങ്ങളെയും സൗന്ദര്യത്തെയുംഎടുത്തുകാണിക്കാനുള്ള ശ്രമമാണ് കവി നടത്തുന്നത്. അതിനുള്ള ഒരു ഉപാധിയാണ് ഇവിടെ ഭൂതക്കണ്ണാടി. നമ്മുടെ കാഴ്ചയിൽ പെടാത്തതോ, അജ്ഞാതമായതോ, അവഗണിക്കപ്പെടുന്നതോ ആയ വസ്തുതകൾക്കു നേരെ അനുവാചകരുടെ കണ്ണുതുറപ്പിക്കുക എന്നതാണ് കവിധർമ്മം.

വരികൾ (1 -16)

പുതുമാതിരിയിൽതീർത്ത

ഭൂതക്കണ്ണാടിയൊന്നു ഞാൻ

…………………………………………

പാറയ്ക്കിടയിലൂറുന്നു

പാലൊളിത്തെളിനിർഝരം.

 അർത്ഥ വിശദീകരണം 

തെല്ലിച്ചരാചരം                  =            തിളങ്ങുന്ന ചരാചരം.

ദിവ്യഗോളങ്ങൾ                =            സൂര്യചന്ദ്രാദികൾ

പീപിലിക                             =            ഉറുമ്പുകൾ

ശോചിഷ്കേശൻ                            =            അഗ്നി

നിർഝരം                              =            അരുവി

ആശയ വിശദീകരണം

ഭൂതക്കണ്ണാടിയിലൂടെ കവി പ്രപഞ്ചത്തെ വീക്ഷിക്കുമ്പോൾ കാണുന്ന കാഴ്ചകൾ വിവരിക്കുകയാണ് ഈ വരികളിലൂടെ. പുതിയ രീതിയിൽ നിർമ്മിച്ച ഒരു ഭൂതക്കണ്ണാടി കൈയിൽ പിടിച്ചു നോക്കിയപ്പോൾ കവി അതിലൂടെ കണ്ടത് തിളങ്ങുന്ന ചരാചങ്ങളാണ്. പരമാണുവിനകത്തു മുഴുവൻ പർവ്വതങ്ങളാണ് കാണാനായത്. ഒരു ജലത്തുള്ളിക്കുള്ളിൽ കാണുക വിശാലമായ കടലും ഒരു മൺതരിയിൽ തെളിയുന്നത് ഒരു ഭൂപ്രദേശവുമാണ്. ചുവന്ന തീപ്പൊരിയിൽ മിന്നുന്നത് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമടങ്ങുന്ന ദിവ്യഗോളങ്ങളാണ്. ഏറ്റവും ചെറിയ ജീവികളായ ഉറുമ്പുകൾ ബ്രഹ്മാവിനു തുല്യമായി വിളങ്ങുന്നവയാണ്. കേവലം നിസ്സാരമായ ഒരു മൺപുറ്റ് നില്ക്കുന്നത് മഹാമേരുവിനൊപ്പമാണ്. പുകയ്ക്കുള്ളിൽ നിന്നുയരുന്നത് അഗ്നിനാളങ്ങളും, പാറയ്ക്കിടയിൽ നിന്ന് ഊറിവരുന്നത് പാലൊളിപോലെ തെളിഞ്ഞ അരുവിയുമാണ്. ഏറ്റവും ചെറിയ വസ്തുവും മഹത്തായതാണെന്ന് ഉദ്ബോധിപ്പിക്കുന്നതിനായി കവി ഇവിടെ പ്രകൃതിതിയിൽനിന്ന് ഉദാഹരണങ്ങളെടുത്തു നിരത്തുകയാണ്. ഉൾക്കണ്ണുകൊണ്ടു നോക്കിയാൽ മാത്രമേ ഈ മഹത്വം ദർശിക്കാനാവൂ എന്ന  സത്യം ഭൂതക്കണ്ണാടിയെ ഉപാധിയാക്കിക്കൊണ്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്.

വരികൾ (20-44)

വീണ നെന്മണി പേറീടും

വീഹിരാശികളെത്രയോ?

…………………………………

ദയാംബുവെന്നിൽകുന്ന

ദിവൗകസ്സുകളെത്രയോ?

അർത്ഥവിശദീകരണം

വീഹിരാശി            =  നെൽക്കതിർ.

ത്യക്തമാം             =  ഉപേക്ഷിക്കുന്ന

തരൂഷണ്ഡങ്ങൾ =  സമൂഹം

കുക്ഷി                  =  കുഴി

ക്ഷോളം                 =  ചെടി

ദയാംബു               =  ദയയും അൻപും

ദിവൗകസ്സുകൾ    =  സ്വർഗ്ഗത്തോളം കീർത്തി.

ആശയവിശദീകരണം

നിസ്സാരമെന്നു നാം കരുതുന്ന ഓരോ വസ്തുവിലും വിലമതിക്കാനാവാത്ത മൂല്യങ്ങളുണ്ടെന്ന് കവി തന്റെ ഭൂതക്കണ്ണാടിയിലൂടെ കണ്ടെത്തുന്നു. നിലത്തുവീണുകിടക്കുന്ന ഒരു നെന്മണിക്കുള്ളിൽ എത്ര വലിയ ഭാവിയാണുള്ളതെന്നോർക്കുക. ഉപേക്ഷിക്കുന്ന ബീജത്തിലുള്ളത് എത്ര ജീവസമൂഹങ്ങളാണുള്ളതെന്നും കേവലം ഒരു കുഴിയിലുള്ളത് എത്രയോ രത്നങ്ങളാണെന്നും രാത്രിയുടെ ഗർഭപാത്രം പേറുന്നത് എത്ര ചന്ദ്രബിംബങ്ങളെയാണെന്നും എത്ര ചെടികളാണ് മഹത്തായ ഔഷധങ്ങളായി മാറുന്നതെന്നും അറിയുക. എത്ര അക്ഷരങ്ങളാണ് സിദ്ധമന്ത്രങ്ങളായിത്തീരുന്നത്? പൂന്തോട്ടങ്ങളായി മാറുന്ന മരുഭൂമികളെത്രയാണ്? എത്ര കല്ലിൻകഷണങ്ങളാണ് ദേവതയുടെ ആകൃതി കൈവരിക്കുന്നത്? ചന്തമോടെ ആകാശത്ത് നില്ക്കുന്നത് എത്രയെത്ര കുഞ്ഞു നക്ഷത്രങ്ങളാണെന്നറിയുക. എത്ര ദിവാസ്വപ്നങ്ങളാണ് സാക്ഷാത്കൃതമാകുന്നത്? എത്ര കൃമികീടങ്ങളാണ് കൃപയ്ക്കുവേണ്ടി യാചിക്കുന്നത്? ദയ അഥവാ അൻപുള്ള ഒരു ഹൃദയം എനിക്കുണ്ടെങ്കിൽ അത് സ്വർഗ്ഗത്തോളം കീർത്തിയുള്ളതാകും.

“വീണ നെന്മണി പേറീടും വീഹിരാശികളെത്രയോ?” ചെറുതിനുള്ളിലെ വലുപ്പം കാണിക്കുന്നതിനായി കവി നെന്മണിയെ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ദൃഷ്ടാന്തം എന്ന അലങ്കാരമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രതിപാദ്യവിഷയത്തിന്റെ ധർമ്മത്തിനു സമാനമാണ് നെന്മണിയുടെ ധർമ്മവും. ഒരു നെന്മണി മണ്ണിൽ വീണു മുളയ്ക്കുമ്പോൾ അതിൽനിന്ന് ബഹിർഗമിക്കുന്നത് സൂര്യകിരണങ്ങൾപോലുള്ള എത്രയോ കതിരുകളാണ്. കതിർ എന്നത് അന്നമാണ്. മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായ അന്നത്തിന്റെ മഹത്വം അളക്കാനാവാത്തതാണ്. കതിരിനെ സൂര്യകിരണത്തോടു ഉപമിച്ചിരിക്കുന്നു. കതിരിന്റെ ഐശ്വര്യവും നിറവും സമർഥിക്കാൻ സൂര്യകിരണത്തേക്കാൾ നല്ലൊരു ദൃഷ്ടാന്തമില്ല. കവിതയിലെ ഓരോ വരിയിലും ഈ ദൃഷ്ടാന്തത്തിലൂടെ അവതരിപ്പിക്കുന്ന കാവ്യസൗന്ദര്യം പ്രകടമാണ്.

വരികൾ (49-70)

പറക്കുമീയലിൽ പൊങ്ങും

പരമോത്ഥാനകൗതുകം;

…………………………….

ജളൂക വികസിപ്പിക്കും

ജീവാത്മാവിന്റെ പുരോഗതി.

 അർത്ഥ വിശദീകരണം.

വിശ്വാവാർജ്ജന =            പ്രപഞ്ചവശ്യത.

ചരണന്യാസം      =             പാദങ്ങളുടെ ചലനം.

കാദാകാത്ത്        =              കളഹംസം.

ദാന്തോടജം         = താപസിയുടെ പർണശാല.

പ്രഭാകീടം             =               മിന്നാമിനുങ്ങ്.

ജളുക                   =    അട്ട

ആശയ വിശദീകരണം

ഓരോ സൃഷ്ടിക്കും ഓരോ ധർമ്മമാണുള്ളതെന്ന് കവി ഇവിടെ ദൃഷ്ടാന്തങ്ങളിലൂടെ വ്യക്തമാക്കുകയാണ്. ഒരു ഈയാംപാറ്റ മണ്ണിൽ നിന്നുയർന്നു പൊങ്ങുമ്പോൾ പരമമായ ഉയർത്തെഴുന്നേല്പിന്റെ കൗതുകമാണുരുക. പാടുന്ന കുയിലിൽ നിറഞ്ഞുനില്ക്കുന്നത് ശ്രേഷ്ഠമായ ആരാധനാപാടവമാണ്. വിടർന്ന പൂവിൽ ദർശിക്കുക വശ്യമായ പ്രപഞ്ചകൗതുകങ്ങളാണ്. തത്തുന്ന ഒരു കിളിയിൽ കാണാനാവുന്നത് പാദങ്ങളുടെ ചലനവൈഭവമാണ്. പുൽമേട്ടിൽ വിളങ്ങുന്നത് ബ്രഹ്മാവിന്റെ സൃഷ്ടിനൈപുണ്യമാണ്. കളഹംസത്തിൽ ചേർന്നിരിക്കുന്നത് കല്യാണരാഗത്തിലുള്ള സ്വരമാധുരിയാണ്. ശവദാഹത്തിനുശേഷം ലഭിക്കുന്ന ചിതാഭസ്മത്തിലുള്ളത് ഒരു വലിയ ജീവചരിത്രത്തിന്റെ ആഖ്യാനമാണ്. താപസിയുടെ പർണ്ണശാലയിൽ വിളങ്ങുന്നത് തത്വങ്ങളുടെ ഗുരുപാഠങ്ങളാണ്. മിന്നാമിനുങ്ങുകളിലിരിക്കുന്നത് പ്രപഞ്ചത്തിന്റെ നിജസ്ഥിതിയാണ്. കേവലം അല്പപ്രാണിയായ ഒരു അട്ടയിൽ വികസിക്കുന്നത് ജീവാത്മാവിന്റെ പുരോഗതിയാണ്.

പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും ഓരോ ധർമ്മമാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചുതരുന്ന വരികളാണിവ. ‘ജളൂക വികസിപ്പിക്കും ജീവാത്മാവിന്റെ പുരോഗതി’ എന്ന വരിയിൽ അതിസൂക്ഷ്മമായ സങ്കല്പമാണുള്ളത്. അപാണിയായ അട്ടയിൽ ഒരു ജീവാത്മാവിന്റെ അനന്യമായ വികസനമാണുള്ളതെന്ന് കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. അലങ്കാരം-അർത്ഥാന്തര്യാസം

വരികൾ (71-85)

ഇമ്മട്ടു പലതും കാട്ടി

യെന്നെയാ മണിദർപ്പണം.

……………………………………

മൗനത്തിലും ചെവിക്കൊണ്ടേൻ

മധുരം വല്ലകിക്വണം.

 അർത്ഥ വിശദീകരണം.

സുധാമയം      =  അമൃതാക്ഷരം.

സിന്ധു             =  നദി

ചരാചരം          =  ചലിക്കുന്നതും ചലിക്കാത്തതുമായ ജീവജാലങ്ങൾ

വല്ലകിക്വണം  =  വീണാനാദം

ആശയ വിശദീകരണം

ഭൂതക്കണ്ണാടിയിലൂടെ ജീവിതസത്യങ്ങൾ കണ്ടെത്തിയ കവി തന്റെ ആനന്ദം പങ്കുവയ്ക്കുകയാണിവിടെ. എന്റെ കയ്യിൽ കിട്ടിയ ആ മണിക്കണ്ണാടി എനിക്ക് ഇതുപോലുള്ള പല സത്യങ്ങളും കാണിച്ചുതന്നു. ഇപ്പോൾ ഞാൻ ആനന്ദമാകുന്ന സിന്ധുനദിയിൽ മുങ്ങിക്കുളിച്ചു നില്ക്കുകയാണ്. അപ്പുറം തുച്ഛമായിട്ടുള്ള എന്റെ ഹൃദയം ആലിലയ്ക്കു മുകളിലാണിരിക്കുന്നത്. സദാ വിറകൊള്ളുന്നതും ഏതു നിമിഷവും അർന്നുവീഴാവുന്നതുമായ ആലില ജീവിതത്തിന്റെ നൈമിഷികതയെ സൂചിപ്പിക്കുന്നു. ഈ ബ്രഹ്മാണ്ഡത്തെ വഹിക്കുന്നത് സ്നേഹനിധിയായ ഈശ്വരനാണ്. ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങളെയും സൗഹൃദമെന്ന പട്ടുനൂലുകൊണ്ട് ചേർത്തിണക്കിയിരിക്കുന്ന ചിത്രം ഞാനിപ്പോൾ കണ്ടുകഴിഞ്ഞു. തുരുമ്പിലും ഞാൻ വായിച്ചത് അമൃതാക്ഷരങ്ങളുടെ ധ്വനികാവ്യമാണ്. മൗനത്തിലും എനിക്കു കേൾക്കാനായത് മധുരമായ വീണാനാദമാണ്.

കവി അന്വേഷിച്ച സത്യങ്ങളിലേക്കെത്തിച്ചേരുകയാണ് ഇവിടെ. അതിന്റെ ആനന്ദം അനുഭവിക്കുകയാണ്. ആനന്ദത്തെ സിന്ധുനദിയായി കല്പിച്ചിരിക്കുന്നു. (അലങ്കാരം: ഉൽപ്രേക്ഷ.)

Recap

 • ഉള്ളൂർ – ഉജ്ജ്വലശബ്ദാഢ്യൻ,
 • ആധുനിക കവിത്രയം
 • കാൽപനികത
 • എളിമയിൽ നിന്നുകൊണ്ടുള്ള ലോകവീക്ഷണം
 • അജ്ഞതതയാകുന്ന അന്ധകാരത്തെ നീക്കുന്ന ഭൂതക്കണ്ണാടി.
 • ചെറിയതെല്ലാം വലുതായിക്കാണുന്ന ഭൂതക്കണ്ണാടി.
 • ഭൂതക്കണ്ണാടിയിലൂടെ നടത്തുന്ന പ്രപഞ്ച വീക്ഷണം
 • ഓരോ സൃഷ്ടിക്കും ഓരോ ധർമ്മങ്ങൾ
 • ഭൂതക്കണ്ണാടിയിലൂടെ ജീവിതസത്യങ്ങൾ കണ്ടെത്തുന്നു.

Objective Questions

1. ഭൂതക്കണ്ണാടിയിലൂടെ നോക്കിയ കവിക്ക് പരമാണുവിനകത്തു കാണാൻ           കഴിഞ്ഞത്     എന്താണ്?

2. ബ്രഹ്മദേവന്നു തുല്യമായ്, മൺപുറ്റു വിലസീടുന്നു ഇതിലെ സൂചന എന്ത് ?

3. “പാറയ്ക്കിടയിൽനിന്ന് ഊറിവരുന്നത് പാലൊളിപോലെ തെളിഞ്ഞ അരുവിയാണ്     എന്നതിലെ സങ്കല്പമെന്താണ്?

4. “പൂഴിത്തരിയിൽമെത്തുന്നു  

             ഭുവനങ്ങൾ പരക്കവേ;

             ചെന്തീപ്പൊരിയിൽ മിന്നുന്നു

              ദിവ്യഗോളങ്ങൾ നീളവേ – ആശയം വിശദമാക്കുക ?

5. ഉപേക്ഷിക്കുന്ന ബീജത്തിലടങ്ങിയിരിക്കുന്ന മൂല്യമെന്താണ്

6. രാത്രിയുടെ ഗർഭപാത്രം പേറുന്നത് എന്താണ്?

7. കല്ലിൻ കഷണങ്ങൾ എന്തിന്റെ ആകൃതിയാണ് കൈവരിക്കുന്നത്?

8. എങ്ങനെയുള്ള ഹൃദയത്തിനാണ് സ്വർഗ്ഗത്തോളം കീർത്തിയുണ്ടാവുക.?

9. ചിതാഭസ്മത്തിൽ കവി കണ്ടെത്തുന്നത് എന്താണ്?

10. തത്വങ്ങളുടെ ഗുരുപാഠങ്ങൾ എവിടെയാണുള്ളത്?

11. കവിയുടെ വീക്ഷണത്തിൽ കേവലം അപ്രാണിയായ ഒരു അട്ടയിൽ           വികസിക്കുന്നത് എന്താണ്?

12.  മരുഭൂമികളെയോ?

 ദേവതാകൃതികോലുന്ന

 ശിലാഖണ്ഡങ്ങളെത്രയോ ? ആശയം വിശദമാക്കുക ?

13. “ശവഭസ്മത്തിൽ വർത്തിക്കും

ചരിത്രാഖ്യാനചാതുരി

ദാന്തോടജത്തിലാതിക്കും

തതാദ്ധ്യാപനവൈദുഷി;

-ആശയം വിശദമാക്കുക ?

14. ആലിലയ്ക്കുമുകളിലിരിക്കുന്ന ഹൃദയം എന്നതിലെ സങ്കല്പമെന്ത്?

15.പ്രപഞ്ചത്തിലെ ചരാചരങ്ങളെയെല്ലാം ചേർത്തിണക്കിയിരിക്കുന്നത്      എന്തുകൊണ്ടാണ്?

16. മൗനത്തിൽനിന്നും കവിക്കു കേൾക്കാനായത് എന്തു സ്വരമാണ് ?

Answers

 1. പർവ്വതങ്ങൾ
 2.  സൃഷ്ടിയുടെ മഹത്വം
 3. കാഠിന്യത്തിനുള്ളിലെ ആർദ്രത
 4. ചെറുതെന്നോ നിസ്സാരമെന്നോ കരുതുന്നവയിൽ അടങ്ങിയിട്ടുള്ള മഹത്വം-മണൽതരിയിലുള്ളത് പരന്ന പ്രദേശങ്ങൾ തീപ്പൊരിയിൽ മിന്നുന്നത് ദിവ്യഗോളങ്ങൾ.
 5.  നിരവധി ജീവസമൂഹങ്ങൾ.
 6.  ചന്ദ്രബിംബങ്ങൾ
 7. ദേവതയുടെ
 8. ദയ അഥവാ അൻപുള്ള ഹൃദയം.
 9. ജീവചരിത്രത്തിന്റെ ആഖ്യാനം.
 10. താപസിയുടെ പർണശാലയിൽ.
 11.  ജീവാത്മാവിന്റെ പുരോഗതി.
 12. മരുഭൂമികളെന്നു കരുതി അവഗണിക്കുന്ന മണ്ണ് പൂന്തോട്ടങ്ങളുണ്ടാവുന്ന പുഷ്ടിയുള്ളമണ്ണായിരിക്കും. വെറും കല്ലിൻകഷണങ്ങളിൽനിന്ന് ദേവതയുടെ ആകൃതിയുള്ള ശില്പസൗന്ദര്യമുള്ള കലാസൃഷ്ടികൾ ഉണ്ടാവുന്നതിന്റെ സൂചന.
 13. പാഴ് വസ്‌തുവായ  ചിതാഭസ്മം- ഉപയോഗശൂന്യമായ അവശിഷ്ടം -അതിലടങ്ങിയിരിക്കുന്നത് ചാതുര്യമുള്ള ചരിത്രം.
 14.  ജീവിതത്തിന്റെ ക്ഷണികത.
 15. സൗഹർദ്ദമാകുന്ന പട്ടുനൂലുകൊണ്ട്.
 16. മധുരമായ വീണാനാദം.

Assignment topic

 • ഉള്ളൂരിന്റെ സാഹിത്യ സംഭാവനകൾ
 • ഉള്ളൂരിനെപ്പറ്റിയും കവിതയുടെ ആധുനികഘട്ടത്തെപ്പറ്റിയുമുള്ള വിവരണം
 • ഭൂതക്കണ്ണാടിയിൽ പ്രകടമാകുന്ന ആധുനികതാ പ്രവണതകൾ വിവരിക്കുക –
 • ഭൂതക്കണ്ണാടിക്ക് ആസ്വാദനം തയ്യാറാക്കുക

References

 1. ഡോ. എൻ. ആർ. ഗോപിനാഥപിള്ള (എഡി) – 2000 – ഉള്ളൂരിന്റെ തെരഞ്ഞെടുത്ത കവിതകൾ
 2. ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ- 2001 – മഹാകവി ഉള്ളൂർ
 3. ഡോ.ജെസി നാരായണൻ – 2020 – ഉള്ളൂരിന്റെ പിംഗള – ഗ്രീൻലൈൻ പബ്ലിഷേഴ്സ്, തിരുവനന്തപുരം.
 4. ഉള്ളൂർ എസ്. പരമേശ്വരയ്യർ – 1953-കേരളസാഹിത്യചരിത്രം –  കേരള യൂണിവേഴ്‌സിറ്റി,  തിരുവനന്തപുരം
 5. ജി.കമലമ്മ-1991 – ഉള്ളൂർ സാഹിത്യപ്രവേശിക -കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,  തിരുവനന്തപുരം
 6. ഡോ.എൻ.ആർ.ഗോപിനാഥപിള്ള (എഡി) – 2000 – ഉള്ളൂരിന്റെ തെരഞ്ഞെടുത്ത കവിതകൾ .

E- content

ഉള്ളൂരിന്റെ ചിത്രം

https://ml.wikipedia.org/wiki/%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC

 

https://ml.wikisource.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B5%BE