യൂണിറ്റ് – 3
മൃത്യുപൂജ
അയ്യപ്പപ്പണിക്കർ
Learning Outcomes
|
Prerequisites
മനുഷ്യനെ സംബന്ധിച്ച് ജീവിതത്തിൽ ഉറപ്പായും സംഭവിക്കാവുന്ന ഒരു കാര്യമേതാണെന്ന് ചോദിച്ചാൽ നമുക്ക് ഒറ്റ ഉത്തരമേയുണ്ടാവൂ. അത് മരണം എന്നായിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. ജീവിതത്തിലെ പ്രതീക്ഷകളും സന്തോഷവും നഷ്ടപ്പെടുമ്പോഴാണല്ലോ നാം മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. സമൂഹത്തിന്റെ ജീർണ്ണതയും കാപട്യവും കാരണം ഭാവിജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് നിരാശ ബാധിച്ച് മരണത്തെക്കുറിച്ച് ചിന്തിക്കുകയും മരണത്തെ പൂജിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന മനുഷ്യാവസ്ഥയെക്കുറിച്ച് സങ്കല്പിച്ചു നോക്കൂ. അത്തരം മനുഷ്യാവസ്ഥ പ്രകടിപ്പിക്കുന്ന കവിതയാണ് ഡോ. കെ. അയ്യപ്പപ്പണിക്കരുടെ മൃത്യുപൂജ. മലയാള കവിതാ ചരിത്രത്തിലെ ആധുനിക കവികളിൽ ഒരാളാണ് അയ്യപ്പപ്പണിക്കർ. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട സാമൂഹിക സാഹചര്യത്തെയാണ് നാം ആധുനികത എന്നു വിളിക്കുന്നത്. ഇത് കലയിലും സാഹിത്യത്തിലും പുതിയ പരീക്ഷണങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. ഒന്നാം ലോക മഹായുദ്ധാനന്തരം യൂറോപ്പിൽ രൂപപ്പെട്ട അസ്തിത്വവാദചിന്തയും നഗരവല്ക്കരണം സൃഷ്ടിച്ച അന്യതാബോധവുമെല്ലാം ആധുനികതയുടെ സവിശേഷതയാണ്. പുതിയ സാമൂഹിക സാഹചര്യങ്ങളെയും അത് സൃഷ്ടിച്ച ജീവിതപ്രതിസന്ധികളെയും സാഹിത്യം അഭിസംബോധന ചെയ്തു തുടങ്ങിയതോടെയാണ് ലോകസാഹിത്യത്തിൽ ആധുനികത ഉദയം ചെയ്യുന്നത്. ആധുനികത മലയാളകവിതയിൽ പ്രത്യക്ഷപ്പെടുന്നത് 1950-കളുടെ അവസാനത്തോടെയാണ്. മുഖ്യമായും പാശ്ചാത്യസാഹിത്യവുമായുള്ള സമ്പർക്കവും അന്ന് നിലനിന്ന കാല്പനികപ്രസ്ഥാനത്തിന്റെ പരിമിതികളും ആവർത്തന വിരസതയും പുതിയ കാവ്യധാരയിലേക്ക് കടക്കാൻ കവികളെ നിർബന്ധിതരാക്കി. പ്രമേയത്തിലും ഭാഷയിലും രൂപത്തിലും പുതിയ പരീക്ഷണങ്ങളിലേർപ്പെട്ടാണ് ആധുനികകവിതമുന്നേറിയത്. മലയാളകവിതയിലെ ആധുനികതയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു അയ്യപ്പപ്പണിക്കർ. കവി, നിരൂപകൻ, സൈദ്ധാന്തികൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. ഭാഷയുടെയും ഭാവുകത്വത്തിന്റെയും പരിവർത്തനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനാണ്. നവബിംബകല്പനകളും വൃത്തമിശ്രണവും ഐറണിയും ചേർത്തുണ്ടാക്കുന്ന കാവ്യഭാഷയും അതുപയോഗിച്ച് സൃഷ്ടിക്കുന്ന ഹാസ്യവും അയ്യപ്പപ്പണിക്കരുടെ മുഖ്യകാവ്യസവിശേഷതയായിരുന്നു. എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ആർ. രാമചന്ദ്രൻ, ആറ്റൂർ രവിവർമ്മ, ഡി. വിനയചന്ദ്രൻ, കമ്മനിട്ട രാമകൃഷ്ണൻ, സച്ചിദാനന്ദൻ തുടങ്ങിയവർ ഇക്കാലത്ത് കാവ്യരചന നടത്തിയവരാണ്. എന്നാൽ ആധുനികതയുടെ ഘട്ടത്തിലും വൈലോപ്പിള്ളി, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവർ ആധുനികതയുടെ പാതസ്വീകരിക്കാതെ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുകയും കാവ്യരചന നടത്തുകയും ചെയ്തവരാണ്. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. അയ്യപ്പണിക്കരുടെ സാഹിത്യ ജീവിതം വളരെ വലുതാണ്. അയ്യപ്പപ്പണിക്കരുടെ കൃതികൾ (1969-81)അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ, ഗോത്രയാനം(1981-89),കുരുക്ഷേത്രം,പത്തുമണിപ്പൂക്കൾ,പകലുകൾരാത്രികൾ,മൊഴിയും വഴിയും എന്നിവയാണ് പ്രധാന കൃതികൾ. സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. |
Key words
ആധുനികത – അസ്തിത്വവാദം – നഗരസംസ്കാരം.
3.3.1. Content
ആധുനികകവിതയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേർന്ന കവിതയാണ് അയ്യപ്പപ്പണിക്കരുടെ മൃത്യുപൂജ. സമൂഹത്തിന്റെ ജീർണ്ണതകളും കാപട്യങ്ങളും ജീവിതത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുമ്പോൾ മരണത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യാവസ്ഥയെയാണ് കവി ഇതിൽ ആവിഷ്ക്കരിക്കുന്നത്. മരണത്തെ പൂജിക്കുകയും കാമിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിലൂടെയാണ് കവി ഇതിൽ കടന്നുപോകുന്നത്. സമൂഹത്തിന്റെ ജീർണ്ണതകളിൽ അസ്വസ്ഥമാകുന്ന കവി ഒടുവിൽ മരണത്തെ അഭയമായി കാണുന്നു. മൃത്യുവിനെ പൂജിക്കുന്ന മാനസികാവസ്ഥയിലേക്ക് കവിയെ നയിക്കുന്ന സാഹചര്യമിതാണ്.
മൃത്യുപൂജയുടെ ശില്പഘടന പരിശോധിക്കുമ്പോൾ മരണാഭിമുഖ്യവും ജീവിതതൃഷ്ണയും കവിതയിൽ ആവിഷിക്കരിക്കാൻ ശ്രമിക്കുന്നതായി കാണാം. മരണാഭിമുഖ്യത്തിലേക്ക് നയിക്കുന്ന സാമൂഹിക ജീർണ്ണതയെ പ്രതിഫലിപ്പിക്കാൻ സ്വാതന്ത്ര്യഗായകൻ, ജനകീയകവി, കപടധർമ്മ പ്രചാരകൻ, നീച സ്നേഹപ്രവാചകൻ, ഉറയുന്ന മനുഷ്യഹൃദയം, കുഞ്ഞിനെ കളഞ്ഞ ഗോപി, ദൈവത്തിന്റെ പേരിൽ തമ്മിലടിക്കുന്ന മനുഷ്യൻ എന്നീ കാവ്യബിംബങ്ങൾ കവി ഉപയോഗിക്കുന്നു. അതിനുശേഷം മനുഷ്യന്റെ ചരിത്രമെന്നതു തന്നെ ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് പറയുന്നു. ഭാരതീയവും പാശ്ചാത്യവുമായ മിത്തുകളെ കോർത്തിണക്കി മനുഷ്യചരിത്രത്തിന്റെ വഞ്ചനയുടെയും ചതിയുടെയും യുദ്ധത്തിന്റെയും കൊലപാതകങ്ങളുടെയുമെല്ലാം കഥ കവി ആവിഷ്ക്കരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നശിച്ചെന്നും കല്പാന്തനിദ്ര വരവായെന്നും പറയുന്ന കവി ശംഖുമുഖത്തെ പടിഞ്ഞാറൻ കടൽക്കരയിലിരിക്കുന്ന മനുഷ്യനിലൂടെ മരണത്തിൽ നിന്നും ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് കടക്കുകയും പുതിയ മർത്യൻ വിരിഞ്ഞുയരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്യുന്നു.
അടുത്ത ഘട്ടത്തിൽ കവി വീണ്ടും മരണാഭിമുഖ്യത്തിലേക്ക് മടങ്ങുകയും മൃത്യു ജയിക്കട്ടെ എന്ന മന്ത്രമുതിർക്കുകയും ചെയ്ത് കവിത അവസാനിപ്പിച്ചു. എന്നാൽ കവിതയുടെ ആദ്യഭാഗത്തില്ലാതിരുന്ന പുതിയ വരികൾ എഴുതിച്ചേർത്ത് വീണ്ടും ജീവിത തൃഷ്ണ പ്രകടിപ്പിക്കുന്നു. പ്രത്യക്ഷത്തിൽ രാമന്റെ പശ്ചാത്താപമാണീ വരികളെങ്കിലും അത് കവിയുടെ ജീവിതത്തോടുള്ള സമീപനത്തിൽ വന്ന മാറ്റത്തെ കുറിക്കുന്നതാണ്. ബിംബകല്പനകളുടെ സമർത്ഥമായ ഉപയോഗവും ഭാവത്തിനനുസരിച്ചുള്ള പദങ്ങളുടെ തിരഞ്ഞെടുപ്പുമെല്ലാം മൃതപൂജയുടെ സവിശേഷതകളാണ്. മിത്തുകളും പുരാണസന്ദർഭങ്ങളുമെല്ലാം സന്ദർഭോചിതമായി ഇണക്കിച്ചേർത്ത് അർത്ഥവ്യാപ്തി വരുത്തുന്നതിൽ കവി വിജയിച്ചിട്ടുണ്ട്. ആധുനികകവിതയുടെ മറ്റൊരു സവിശേഷതയായ വൃത്തത്തിന്റെ നിരാസം മൃത്യുപൂജയിലും കാണാം. കവി ഉപയോഗിക്കുന്ന താളം ദണ്ഡകരൂപത്തിന്റേതാണ്. എന്നാൽ പലപ്പോഴും സാമ്പ്രദായിക ദണ്ഡകങ്ങളുടെ ലക്ഷണങ്ങളെ കവി അതിലംഘിക്കുന്നുണ്ട്.
മനുഷ്യസമൂഹം ധാരാളം പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നീ നിലയിൽ എത്തിയത്. ജീർണ്ണതയ്ക്കെതിരായി നിരന്തരം ജാഗ്രതയോടെ പ്രവർത്തിച്ചാണ് കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറേണ്ടത്. പ്രതിസന്ധികളിൽ നിരാശബാധിച്ച് മരണത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്നത് സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കാനുള്ള മനുഷ്യന്റെ ഇച്ഛയുടെ നിരാകരണമാണ്. ആധുനികതയ്ക്കെതിരായ ഈ പൊതുവിമർശനം ഈ കവിതയ്ക്കും ബാധകമാണ്.
മരണമാണ് മൃത്യുപൂജയിലെ വിഷയം. മരണാഭിമുഖ്യത്തിൽ ആരംഭിക്കുന്ന കവിത പക്ഷേ അവസാനിക്കുന്നത് ജീവിത തൃഷ്ണയിലാണ്. മനുഷ്യസമൂഹത്തിന് സംഭവിച്ച ജീർണ്ണത മനുഷ്യന്റെ ഭാവിയിൽ ഇരുൾപടർത്തുമ്പോഴാണ് കവി മരണത്തെ പുൽകാൻ ആഗ്രഹിക്കുന്നത്.
വരികൾ
മന്ദഗാമിനി
ഹേമന്തയാമിനി…….
……….ചാലൂക്തി ചെവികളിൽ
അർത്ഥ വിശദീകരണം
ഹേമന്തയാമിനി = ഹേമന്ത മാസത്തിലെ രാത്രി, ഇളം കുളിരുകാലത്തെ രാത്രി,
ഘനശ്യാമരൂപിണി = കാർമേഘത്തിന്റെ രൂപമുള്ളവൾ
സന്ധ്യയുടെ രാഗം = സന്ധ്യയുടെ ചുവപ്പ്
സഹ്യാദ്രി = സഹ്യപർവ്വതം
താംബൂലം = മുറുക്കാൻ
അണ്ഡവും കീടവും =മുട്ടയും ചെറുപ്രാണികളും
വിധുര സപ്തർഷികൾ = ദുഃഖിതരായ സപ്തർഷികൾ
ഭുജഭുജംഗവലയങ്ങൾ = കൈയാകുന്ന പാമ്പിന്റെ ചുറ്റൽ (ആലിംഗനം)
ചിരഞ്ജീവി = മരണമില്ലാത്തവൻ
ആശയ വിശദീകരണം.
മന്ദഗാമിനി ഹേമന്തയാമിനി…..എന്ന് മരണത്തെ ക്ഷണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. മരണത്തെ പതുക്കെ പതുക്കെ വരുന്നവളായും ഹേമന്തത്തിലെ രാത്രിയായും മേഘത്തിന്റെ രൂപമുള്ളവളായും കവി സങ്കല്പിക്കുന്നു. സന്ധ്യ അവസാനിച്ചു. സഹ്യപർവ്വതത്തിന്റെ തീരമിരുണ്ടു എന്ന സൂചനയിലൂടെ രാത്രിയുടെയും ഇരുട്ടിന്റെയും വരവിനെ സൂചിപ്പിക്കുന്നു.
കവി മൃത്യുവിനോട് കുളിരിളകുന്ന ചെറുതെന്നലിലേറി വരാനും തളിരിലപോലുള്ള അധരത്തിലെ(കീഴ്ചുണ്ട്) താംബൂല മാധുരി തരാനും ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിലെ കീടങ്ങൾ ഇരുളിൽ മറയുന്നു, ചിരഞ്ജീവികളായ സ്മൃതികളും ശ്രുതികളും മായുന്നു. നക്ഷത്രങ്ങൾ ഇരുട്ടിൽ അതിവേഗം അലിയുന്നു. ഘനശൈത്യമേ, അന്ധകാരമേ, മരണത്തിന്റെ മൂഢാനുരാഗമേ വരൂ എന്നു പറയുന്നു. തുടർന്ന് മൃത്യുവിനോട് തന്നെ ആലിംഗനം ചെയ്യാനും പ്രണയവചനങ്ങൾ കാതിൽ ചൊരിയാനും കവി ആവശ്യപ്പെടുന്നു. ഇവിടെ പ്രണയത്തിന്റെയും മരണത്തിന്റെയും ഭാവങ്ങളാണ് കവി ആവിഷ്ക്കരിക്കുന്നത്.
കവി മരണത്തെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മരണാഭിമുഖ്യം പ്രകടിപ്പിക്കുന്നു. ചുണ്ടിലെ മുറുക്കാന്റെ മാധുര്യം തരൂ എന്ന് പറയുന്നത് ചുംബനത്തിന്റെ സൂചനയാണ്. ഇവിടെ കവി മൃത്യുവിനെ കാമുകിയായി സങ്കല്പിക്കുന്നു. കവി ഒരേ സമയം മൃത്യുവിനെ പൂജിക്കുകയും കാമിക്കുകയും ചെയ്യുന്നതിലൂടെ മൃത്യുവിനെ ദേവതയായും കാമുകിയായും സങ്കല്പിക്കുന്നു. രാത്രിയുടെയും ഇരുട്ടിന്റെയും സൂചനകൾ നൽകി മരണത്തിന്റെ ഭാവം കവിതയിൽ ആവിഷകരിക്കുന്നു.
വരികൾ
ഭാവിയൊരു ഭൂതമായ …..
………………………….
ശരത് സ്വപ്ന കാമിനി
വരു നീ
അർത്ഥ വിശദീകരണം
മിഥ്യാപുരാണം = അർത്ഥമില്ലാത്ത പഴയ കഥകൾ
സ്വാതന്ത്ര്യഗായകൻ = സ്വാതന്ത്ര്യത്തെക്കുറിച്ച് പാടുന്നവൻ
കാതരഹൃദന്തം = ദുഃഖമുള്ള ഹൃദയം
ആശയ വിശദീകരണം.
അനീതികൾ നടമാടുന്ന സമൂഹത്തിൽ മനുഷ്യന്റെ ഭാവി പ്രതീക്ഷയ്ക്ക് വകനൽകുന്നതല്ല. അനീതികൾ ഇല്ലാതാകാൻ നീതികഥകൾ ഈണമിട്ട് കേൾക്കാൻ ആരുണ്ടെന്ന് കവി ചോദിക്കുന്നു. നീതിയെക്കുറിച്ച് സംസാരിച്ചിരുന്ന പുണ്യപുരുഷന്മാർ മരിച്ചുപോയെന്നും ഭൂമിയുടെ പുണ്യമെന്നത് മിഥ്യയാണെന്നും കവി ആകുലപ്പെടുന്നു.
തന്റെ കാലത്തെ സ്വാതന്ത്ര്യഗായകന്റെയും കവിയുടെയും ധർമ്മപ്രവാചകന്റെയും കാപട്യം കവിയെ നിരാശനാക്കുന്നു. പാരതന്ത്ര്യത്തിനെതിരെ സ്വാതന്ത്ര്യഗീതം പാടേണ്ട സ്വാതന്ത്ര്യഗായകൻ തന്റെ പാട്ടിന് നാണയം പ്രതിഫലം ചോദിക്കുന്നു. യുദ്ധങ്ങളും ക്ഷാമവുമൊക്കെ മനുഷ്യജീവിതത്തെ ദുരന്തമാക്കിത്തീർക്കുന്നവയാണ്. മനുഷ്യജീവിതത്തെ ദുരന്തമാക്കുന്ന യുദ്ധത്തിനും ക്ഷാമത്തിനുമെതിരെ ശബ്ദിക്കേണ്ട കവികൾ അവയെ തങ്ങൾക്ക് കവിതയെഴുതി കാശുണ്ടാക്കാനുള്ള അവസരമായി മാറ്റുന്നു. വിനയമൊരു നയമാക്കി ജനങ്ങളെപ്പറ്റിക്കുന്നവനാണ് കവിയുടെ കാലത്തെ ധർമ്മപ്രചാരകൻ, കവിയെ സംബന്ധിച്ചിടത്തോളം ശരീരം അനിത്യവും ആത്മാവ് നിത്യവുമാണ്. അതിനാൽ ആത്മാവിന്റെ സുഖത്തിലാണ് കവി തന്റെ സ്നേഹപ്രവാചകനെ കണ്ടെത്തുന്നത്. അനീതിയും അധർമ്മവും കാപട്യവും ചേർന്ന് ചങ്ങല തന്റെ ഹൃദയമണിഞ്ഞിരിക്കുന്നു. ഇതിൽ നിന്നുള്ള മോചനത്തിനായി കവി മരണത്തെ വീണ്ടും ക്ഷണിക്കുന്നു.
കവി മൃത്യുവിനെ ക്ഷണിക്കുന്നതിന്റെ കാരണങ്ങളാണ് ഈ ഭാഗത്ത് വിശദമാക്കുന്നത്. മനുഷ്യവിമോചനം മുന്നോട്ടുവച്ച മതങ്ങളും തത്വശാസ്ത്രങ്ങളും പരാജയപ്പെടുകയും സമൂഹം ജീർണ്ണിക്കുകയും കാപട്യം പെരുകുകയും ചെയ്യുന്നതിന്റെ നിരാശയാണ് കവിയെ മൃത്യുവിനെ പുൽകാൻ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകൾ നഷ്ടപ്പെട്ട ജീവിതത്തിന് മരണം മാത്രമാണ് അഭയം എന്ന് കവി കരുതുന്നു.
വരികൾ
നിന്നുഗ്രശൈത്യ
പരിപാകം ഗ്രസിക്കുന്ന.
………………………..
ഹേമന്തയാമിനിവരൂ നീ
അർത്ഥ വിശദീകരണം
മീണ്ട് = രക്ഷപ്പെടുത്തി
മദോല്ലസിതം = അഹങ്കാരത്തിന്റെ ഉല്ലാസം നിറഞ്ഞത്
വിശ്വസിര = പ്രപഞ്ചത്തിന്റെ രക്തക്കുഴൽ
കല്പാന്തം = ലോകാവസാനം
ആശയ വിശദീകരണം.
അധർമ്മത്തിന്റെ മൂർദ്ധന്യത്തിലെത്തിയ ലോകത്തിന്റെ പൂർണ്ണമായ നാശത്തെക്കുറിച്ചാണ് കവി തുടർന്ന് പറയുന്നത്. പൂർണ്ണനാശത്തിന് ശേഷം ലോകം വീണ്ടും പുനർജനിക്കുകയും മനുഷ്യവംശം വീണ്ടും ഉദ്ഭവിക്കുകയും ചെയ്യും. മനുഷ്യവംശത്തിന്റെ ഉത്ഭവത്തെ സൂചിപ്പിക്കാൻ കവി ബൈബിളിലെ ഉല്പത്തികഥയെയും ദശാവതാരസങ്കല്പത്തെയും കൂട്ടുപിടിക്കുന്നു. നിറച്ച് ഫലവൃക്ഷങ്ങളും നിറച്ച് വിഷപുഷ്പങ്ങളുമായി വീണ്ടും ജനിക്കുന്ന തോട്ടം ബൈബിളിലെ ഏദൻതോട്ടത്തെ സൂചിപ്പിക്കുന്നു. പെണ്ണും സർപ്പവും ദൈവവുമെല്ലാം ഏദൻ കഥയെ ഓർമ്മിപ്പിക്കുന്നു. മനുഷ്യചരിത്രം വീണ്ടും ആവർത്തിക്കുമ്പോൾ വീണ്ടും ചതിയും യുദ്ധവും മരണവുമെല്ലാം ആവർത്തിക്കപ്പെട്ടേക്കാം. അതിനാൽ ഒന്നുമിനിവേണ്ട മൃത്യു നീ വരൂ എന്നെന്നേക്കുമായി മൃത്യു നീ വരൂ എന്ന് കവി പറയുന്നു.
മൃത്യു വന്ന് സകല ജീവജാലങ്ങളെയും ഇല്ലാതാക്കുന്നു. ലോകം വീണ്ടും പുനർജനിക്കുന്നു. പുനർജനിക്കുന്ന ലോകത്തിൽ ജീവന്റെ ഉല്പത്തിയെ കുറിക്കാൻ ബൈബിളിലെയും ഹൈന്ദവസങ്കല്പത്തിലെയും ഉല്പത്തികഥകളെ സൂചിപ്പിക്കുന്നു. മനുഷ്യചരിത്രം വീണ്ടും ആവർത്തിക്കും. യുദ്ധവും കൊലപാതകങ്ങളും തുടർക്കഥയാവും. അതിനാൽ ഒന്നും വേണ്ട മരണം മാത്രം മതി.
വരികൾ
നമ്മുടെ വസുന്ധര തൊടുക്കും
…………………………………
കൺകളെന്തിനിനി
യടഞ്ഞു കിടക്കുമവയെന്നും
അർത്ഥ വിശദീകരണം.
സ്നേഹോഷ്ണ വൈദ്യുതി = സ്നേഹമാകുന്ന താപവൈദ്യുതി
അഭിരാമം = മനോഹരമായ
വിരാട്പുരുഷൻ = ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്കായി തന്നിൽനിന്നുതന്നെ സൃഷ്ടിച്ച പുരുഷചൈതന്യം.
കൽക്കി = മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരം
കണ്ണാശുപത്രിയുടെ പർണ്ണാശ്രമം = ദർശനം കിട്ടാനുള്ള ആശ്രമം (കണ്ണിന്റെ കാഴ്ച ശരിയാക്കാൻ കണ്ണാശുപത്രിയും അകക്കണ്ണിന്റെ കാഴ്ച ശരിയാക്കാൻ മുനിവാടവും). മുനിവാടം മനക്കണ്ണിന്റെ ആശുപത്രിയാണ്,കടങ്കഥ – മതഗ്രന്ഥങ്ങളിലെ പൊരുള് വ്യക്തമാക്കാത്ത കഥകൾ
കല്പാന്തനിദ്ര = കല്പാന്തത്തിലെ ഉറക്കം, മരണം
ആശയ വിശദീകരണം
ഭൂമി തൊടുക്കുന്ന നവീന കാമബാണങ്ങളേറ്റ് ഉടൽ തളർന്ന നിലാവും ചന്ദ്രനും മയങ്ങിമറയുന്നു. സ്നേഹത്തിന്റെ താപം കൊണ്ടുപോലും ഉരുകാത്തവിധം മനുഷ്യഹൃദയങ്ങൾ ഉറയുന്നു. ഉറച്ചുപോയ മനുഷ്യമനസ്സുകളെ ആർദ്രമാക്കാൻ സ്നേഹത്തിനുപോലും കഴിയുന്നില്ല. ഓരോ ജീവിയും ഒരിക്കൽ കൊതിച്ച മരണം നിശ്ശബ്ദവും മനോഹരവുമായി വന്നെത്തി. സ്വന്തം കൈക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ചുകൊണ്ട് ശരീരം വിൽക്കാൻ അമ്മ തയ്യാറാകുന്നു. വിൽക്കുന്ന മുലപ്പടത്തിൽ ദുഃഖവും ആർദ്രതയും വിസ്മൃതമായിരിക്കുന്നു. മനുഷ്യഹൃദയങ്ങൾ നിരാർദ്രമായതിന്റെ വേദനയാണ് കവി പങ്കുവയ്ക്കുന്നത്. മാതൃത്വം എന്നത് ഏറ്റവും മഹത്തായ ഒന്നായി കണ്ടിരുന്ന കാലത്തുനിന്നും സ്വന്തം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കാൻ മടിയില്ലാത്ത അമ്മമാരുടെയോ അല്ലെങ്കിൽ അത്തരം ഒരു കൃത്യത്തിലേക്ക് അവരെ നയിക്കുന്ന കെട്ടകാലത്തിന്റെ ജീർണ്ണതകളിലേക്കും ഈ കല്പനയിലൂടെ കവി നമ്മെ കൂട്ടക്കൊണ്ടുപോകുന്നു. നാലുവേദങ്ങളും നിർവ്വേദമാകുമെന്ന ഒരൊറ്റ വേദത്തിലൊതുങ്ങും വിരാട്പുരുഷസങ്കല്പം തകർന്നുവീഴും. എല്ലാം തകർന്ന് പ്രപഞ്ചം മുഴുവൻ അന്ധകാരം നിറയും. കരളാകെ കരിനിറമായി മാറുകയും ഇരുളല വീണ് ഭൂമി മുഴുവൻ ഇരുൾ പരന്ന് ജനവാസമില്ലാത്ത നിശ്ശബ്ദ ഇടമായി മാറുകയും ചെയ്യും.
മനുഷ്യവംശത്തിന്റെ അവസാനത്തെക്കുറിച്ചുള്ള സൂചന കാണാം. ആഫ്രിക്കൻ വൻകരയിൽനിന്ന് ചീറിവരുന്ന ഉഗ്രവിഷം സമുദ്രത്തിലാകെ വ്യാപിച്ച് ഈ ഭൂമിയിലെ മനുഷ്യരെല്ലാം ഇല്ലാതാക്കി മാനവചരിത്രത്തിന് അറുതി വരുമോ എന്ന് കവി ചോദിക്കുന്നു. ഇവിടെ വിഷം എന്നത് മനുഷ്യ സമൂഹത്തിന്റെ ജീർണ്ണതയാണ്. മനുഷ്യൻ തന്റെ ക്രൂരതകൾക്ക് സാക്ഷിയാക്കുന്നത് ഈശ്വരനെയാണ്. മനുഷ്യൻ താൻ തന്നെ സൃഷ്ടിച്ച ഈശ്വരന്റെ പേരിൽ വഴക്കിടുന്നു.
മഹാവിഷ്ണുവിന്റെ കല്ക്കി അവതാരത്തിന്റെ വരവിന് സമയമായെന്ന് കവി കരുതുന്നു. മനുഷ്യന്റെ ചരിത്രത്തിന്റെ ഉദ്ഭവം സൂചിപ്പിക്കുമ്പോൾ മത്സ്യാവതാരമാണ് കവി ഉപയോഗിച്ചത് ഓർക്കുക. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കലി കലിയുഗം വരുന്നതോടെ ഭൂമിയിൽ ജനിക്കുകയും കലിയുഗത്തിലെ അധർമ്മങ്ങളെ ഇല്ലാതാക്കുന്നതോടെ സത്യയുഗം ആരംഭിക്കും. പ്രപഞ്ചത്തിന്റെ ആരംഭത്തിലെ വാഗ്ദാനമോർത്ത് മലവാരത്ത് കാട്ടാനക്കൂട്ടമിറങ്ങുമെന്നതുപോലെ അന്ധകാരം ഭൂമിയാകെ പടരും. ഈശ്വരൻ ഭൂമിയിൽ വെളിച്ചം സൃഷ്ടിക്കുന്നതിന് മുമ്പ് ഭൂമിയാകെ ഉണ്ടായിരുന്ന അന്ധകാരം തിരിച്ചെത്തുമെന്നാണ് (ബൈബിളിലെ ഉല്പത്തിക്കഥ) കവി പറയുന്നത്.
കണ്ണുകൾ സംരക്ഷിക്കുന്നതിനാണ് മനുഷ്യന് കണ്ണാശുപതി. ആ കണ്ണാശുപത്രിയിൽ ഇരുന്നാണ് കല്പാന്തനിദ്ര (മരണം) വന്നു കഴിഞ്ഞാൽ ഇനി കണ്ണുകളുടെ ആവശ്യമില്ല, അവ എന്നെന്നേക്കുമായി അടഞ്ഞ് കിടക്കും എന്ന് കവി പറയുന്നത്.
വരികൾ
ശംഖുമുഖത്തു
പടിഞ്ഞാറൻ കടൽക്കരയി-…
………………………………………….
മർത്യൻ വിരിഞ്ഞുവരുമെന്നോ
അർത്ഥ വിശദീകരണം.
ശംഖുമുഖം – തിരുവനന്തപുരത്തെ പ്രശസ്തമായ കടൽത്തീരം
ആശയ വിശദീകരണം
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട എല്ലാം നശിക്കട്ടെ എന്ന് പറഞ്ഞ് മരണത്തെ പുണരാൻ ആഗ്രഹിച്ചിരിക്കുന്ന നിമിഷത്തിൽ ജീവിതത്തിന്റെ പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിലേക്ക് കവികടക്കുന്നു. ആരോ പറക്കുന്ന തളികയിൽ ഭൂമിയുടെ വേര് പറിച്ച് പുതുമോഹങ്ങൾ കെട്ടിയൊരു ഭാണ്ഡം കണക്കെ അവിടെയിരിക്കുന്നു. പുതിയ ഭൂമിയും പുതിയ ജീവിതവും കവി ആഗ്രഹിക്കുന്ന സന്ദർഭമാണിത്. പുത്തൻ ഗ്രഹങ്ങളിൽ ഒരിക്കൽ അവൻ ഈ വിത്തുകൾ വിതയ്ക്കും. വിളവു കൊയ്യാനവൻ കനിവ് കാണിക്കുമോ പുതിയ മനുഷ്യൻ വിരിഞ്ഞുയരുമെന്നോ ? എന്ന് കവി സ്വയം ചോദിക്കുന്നു. കവിതയിലിതുവരെ മുഴച്ചു നിന്ന മൃത്യുവാഞ്ജ ആദ്യമായി ജീവിതതൃഷ്ണയ്ക്ക് വഴിമാറുന്ന സന്ദർഭമാണിത്.
വരികൾ
ഞാനെന്റെ തംബുരുവി –
…………………
മൃത്യു മൃത്യു ജയ മൃത്യു മൃത്യു
അർത്ഥവിശദീകരണം
ജാനകി =സീത
പ്രണവം = എല്ലാ മന്ത്രങ്ങളുടെയും ആദിയിൽ ഉച്ചരിക്കുന്ന ഓം എന്ന ശബ്ദം. ഓംകാരം
ആശയ വിശദീകരണം.
പുതിയ മനുഷ്യൻ വിരിഞ്ഞുയരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ശേഷം കവി വീണ്ടും മൃത്യുവാഞ്ജയിലേക്ക് മടങ്ങുന്നു. വിളക്കൊക്കെ ഊതിക്കഴിഞ്ഞിട്ടും വീണ്ടും വെളിച്ചമന്വേഷിക്കുന്ന മനുഷ്യന്റെ നാദമടങ്ങിക്കഴിഞ്ഞു എന്ന് കവി പറയുന്നു. അതോടൊപ്പം ഇന്ന് കേൾക്കുന്നത് വേറെ നാദമാണെന്നും പറയുന്നു. ഇത് പ്രതീക്ഷകൾ നഷ്ടപ്പെട്ട മനുഷ്യന്റെ സൂചനയാണ്. ഇരുട്ടിൽ വെളിച്ചമന്വേഷിക്കുന്ന മനുഷ്യൻ ഇല്ലാതായി എന്നാൽ പ്രതീക്ഷകളുള്ള മനുഷ്യൻ ഇല്ലാതായി എന്നു തന്നെയാണർത്ഥം. ജാനകി തേങ്ങി മറഞ്ഞ ഭൂമിയുടെ ആഴങ്ങളിൽ നിന്ന് മൃത്യു ജയിക്കട്ടെ എന്ന് പ്രണവമന്ത്രം ഉയർന്നു എന്നാണ് കവി പറയുന്നത്. ജീവിതത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടപ്പോഴാണ് സീത ഭൂമിക്കടിയിലേക്ക് അന്തർദ്ധാനം നടത്തിയത്. ഇവിടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട സീതയുടെ അവസ്ഥക്ക് തുല്യമാണ് മനുഷ്യന്റെ അവസ്ഥയെന്നും അതിനാൽ ഇനി മൃത്യുവാണ് അഭയം എന്നു കരുതിക്കൊണ്ടാണ് കവി മൃത്യു ജയിക്കട്ടെ എന്ന മന്ത്രം ഉയർന്നതായി പറയുന്നത്.
വരികൾ
സ്വർഗ്ഗത്തിലേക്കുയരുവാൻ നിൽക്കേ
…,……………………………………………….
മമവൈദേഹിയെത്തരിക ധാത്രി!
അർത്ഥ വിശദീകരണം.
ദാശരഥി = ദശരഥന്റെ പുത്രൻ, രാമൻ
നക്തഞ്ചരേന്ദ്രൻ = രാക്ഷസൻ
വൈദേഹി = സീത
ആശയ വിശദീരണം
കവിതയുടെ ആദ്യരൂപത്തിൽ ഇല്ലാതിരുന്നതാണ് ഈ വരികൾ. പിന്നീട് കൂട്ടിച്ചേർത്തതാണ്. ഇത്തരം ഒരു കൂട്ടിച്ചേർക്കലിലൂടെ കവി മരണാഭിമുഖ്യത്തെ തള്ളി വീണ്ടും ജീവിതത്തിന്റെ സാധ്യതകൾ തേടുകയാണ്. രാമന്റെ സ്വർഗ്ഗാരോഹണ സമയത്തെ തിരിച്ചറിവുകളും പശ്ചാത്താപവുമാണ് പ്രത്യക്ഷത്തിൽ ഈ വരികൾ സൂചിപ്പിക്കുന്നത്. താൻ നശിപ്പിച്ച അസുരത്വം തന്റെ ഉള്ളിൽ കുടിയേറി ജീവിതത്തിൽ സുഖദുഃഖങ്ങളിൽ തന്നോടൊപ്പം നിന്ന സീതയെ ഒഴിവാക്കുന്നതിൽ എത്തിച്ചു. അത് തെറ്റായിപ്പോയെന്ന് രാമൻ തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും “മമ വൈദേഹിയെ തിരികെത്തരൂ ” എന്ന് ഭൂമിയോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്താപം കവിയുടേതും കൂടിയാണ്. ഏത് ഇരുട്ടിലും വെളിച്ചം കണ്ടെത്താനുള്ള മനുഷ്യേച്ഛയാണ് ജീവിതത്തിൽ പ്രകടിപ്പിക്കേണ്ടതെന്നും അതിലൂടെ ജീവിതം തിരിച്ചുപിടിക്കുകയുമാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവാണ് കവിയുടെ പശ്ചാത്താപത്തിന്റെ അടിസ്ഥാനം. ഈ വരികളിലൂടെ വീണ്ടും കവി ജീവിതാഭിമുഖ്യം പ്രകടിപ്പിക്കുന്നു
Recap
|
Objective Questions
മൊക്കെത്തിരിച്ചുവരുമപ്പോൾ – ഇത് സൂചിപ്പിക്കുന്നതെന്താണ്?
13.. കൈക്കുഞ്ഞിനെവഴിയിലുപേക്ഷിച്ച് അമ്മയുടെ മുലപ്പടത്തിൽപറ്റി നിൽക്കുന്നതെന്താണ്?
യടഞ്ഞേ കിടക്കുമവയെന്നും – കല്പാന്ത നിദ്ര എന്ന പദം സൂചിപ്പിക്കുന്നതെന്ത്?
ഉദ്ദേശിക്കുന്നതെന്ത്?
ചെയ്യുന്നത്?
ചെറുതെന്നലേറി, നീ തരിക, തളിരധരദല താംബൂല മാധുരി – ഈ വരികളിൽ തെളിയുന്ന ഭാവമെന്തെന്ന് വിശദമാക്കുക.
സങ്കല്പിക്കുന്നു.ഈ പ്രസ്താവന ശരിയാണോ? വിശദമാക്കുക.
പാടിയില്ലേ, തരൂ നാണയ, മിതാണെന്റെ സ്വാതന്ത്ര്യഗായകൻ ഈ വരികളിൽ തെളിയുന്ന സാമൂഹിക വിമർശനം വിശദമാക്കുക.?
മേൽമുണ്ടിനറ്റത്തു കസവുചിരി തുന്നുന്നു ധർമ്മപ്രചാരകൻ – ഈ വരികളിലൂടെ കവി വിശദമാക്കാൻ ശ്രമിക്കുന്നതെന്ത്?
ചങ്ങലയി, തിന്നെന്റെ കാതരഹൃദന്തമണിയുന്നു – കവി ഇങ്ങനെ വിലപിക്കാൻ കാരണമെന്ത്? വിശദമാക്കുക.
പുലരിക്കതിരുവേണ്ട വെയിൽ വേണ്ട, പകൽ വേണ്ട എന്നേക്കുമായിനി വരൂ നീ – സന്ദർഭം, ആശയം എന്നിവ വിശദമാക്കുക.
ലുരുകാത്ത മട്ടി കുറയുന്നു മനുഷ്യഹൃദയങ്ങൾ – ആശയം വിശദമാക്കുക. 29. കൈക്കുഞ്ഞിനെ വഴിയി ലിട്ടും കളഞ്ഞു നട കൊണ്ടൊരു ഗോപിയിനി വില്ക്കും മുലപ്പട – മതിൽപ്പറ്റി നില്ക്കുമൊരു ദുഗ്ദ്ധാർദ്രവിസ്മൃതി വിലാപം – ജീർണ്ണത ബാധിച്ച് സമൂഹത്തിന്റെ നേർച്ചിത്രമാണ് ഈ വരികളിൽ തെളിയുന്നത്. വിശദമാക്കുക.?
വാങ്ങുന്നു വൻതിരക ളേതൊന്നിനെത്തൊഴുതു കൂമ്പുന്നു കുന്നുക ഇതിന്റെ പേരു ചൊല്ലി യടിവയ്ക്കുന്നു മർത്ത്യമൃഗം – ഈ വരികളുടെ സമകാലിക പ്രസക്തി വിശദമാക്കുക.
മരണനൃത്തം ചവിട്ടി മമ ഹൃത്തിൽ വൈകാതെ നിന്നുദരവീര്യം പകർന്നു മമവൈദേഹിയെത്തരിക ധാത്രി! – ഈ വരികൾക്ക് കവിതയിലുള്ള പ്രസക്തി വിശദമാക്കുക. |
Answers
|
Assignment topic
|
References
|
E- content
കെ അയ്യപ്പപണിക്കർ വിക്കിപീഡിയ ലിങ്ക്
കെ. അയ്യപ്പപണിക്കരുടെ ചിത്രം
മൃത്യുപൂജ കവിതാലപനം https://www.youtube.com/watch?v=KtcAJoNpM8k
|