Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് -4

ഇവനെ കൂടി

                                                                             സച്ചിദാനന്ദൻ

Learning Outcomes

  • വിലാപകാവ്യങ്ങളുടെ പൊതുസ്വഭാവങ്ങൾ ചർച്ച ചെയ്യുന്നു.
  • വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യജീവിതം പരിചയപ്പെടുന്നു
  • മലയാളത്തിലെ പ്രശസ്തമായ വിലാപകാവ്യങ്ങളെ പരിചയപ്പെടുന്നു.
  • സച്ചിദാനന്ദന്റെ കാവ്യ ജീവിതത്തെ വിലയിരുത്തുന്നു.
  • കാല്പനികതയുടെ വേറിട്ട മുഖമായ വൈലോപ്പിള്ളിയുടെ കവിതകളെ  സൂക്ഷ്മമായി വിവരിക്കുന്നു
  • നവകാല്പനികതയുടെ പുതിയ രീതികൾ അവതരിപ്പിച്ചിരിക്കുന്നു.

Prerequisites

വൈലോപ്പിള്ളിയുടെ ശ്രീധരമോനോന്റെ നിര്യാണത്തിൽ പ്രണാമമർപ്പിച്ചുകൊണ്ട് കവി സച്ചിദാനന്ദൻ എഴുതിയ വിലാപകവിതയാണ് ഇവനെക്കൂടി സ്വീകരിക്കുക എന്നത്. ഒരു കവിയുടെ വിയോഗത്തെക്കുറിച്ചോർത്തുള്ള മറ്റൊരു കവിയുടെ വിലാപമാണ് ഇത്. ഒരു കവിയ്ക്ക് ഏതെങ്കിലും വിധം പ്രിയപ്പെട്ട വ്യക്തിയുടെ വേർപാടിൽ വേദനിച്ചുകൊണ്ട്  ആ ജീവിതത്തിന് നല്കുന്ന കാവ്യഭാഷ്യമാണ് വിലാപഗീതം.വിലാപകാവ്യങ്ങളിൽ ദുഃഖം ആവിഷ്ക്കരിക്കാനായി ഓരോ കാലത്തും പ്രത്യേകമായ സങ്കേതങ്ങളും ബിംബങ്ങളും അലങ്കാരങ്ങളും കവികൾ ഉപയോഗിച്ചിരുന്നു.മരണവും ദുഃഖവും മനുഷ്യനറിയുന്ന നിത്യസത്യമാണ്. ദുഃഖമില്ലാതെ വിലാപകാവ്യമില്ല. ഒരു പ്രതിഭാശാലി മരിക്കുമ്പോൾ ദുഃഖിക്കുക ജീവിക്കുന്നവരുടെ വിധിയാണ്. ആ വിലാപം കാവ്യരൂപമാകാം. രൂപം പുതിയതുമാകാം. വിലാപത്തിന് കാരണമാവുന്ന പശ്ചാത്തലരചന, യാഥാർത്ഥ്യവും ഭാവനയും കലർന്ന ഒരന്തരീക്ഷം, മരിച്ച വ്യക്തിയെക്കുറിച്ചുള്ള അനുസ്മരണം,ആ പ്രിയപ്പെട്ടയാളിന്റെ സവിശേഷ വ്യക്തിത്വത്തിന്റെ വർണ്ണനകൾ,മരണത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള ചിന്തകൾ,  അന്തിമമായ സമാശ്വസിക്കൽ എന്നിവ വിലാപകാവ്യങ്ങളുടെ പൊതുഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.

      പ്രാചീന ഗ്രീക്കിൽ നിന്ന് തുടങ്ങി പാശ്ചാത്യസാഹിത്യത്തിൽ വ്യാപിച്ച വിലാപകാവ്യ മാതൃകകളുടെ സ്വാധീനതയുടെ ഫലമായാണ് മലയാളത്തിലും വിലാപകാവ്യങ്ങൾ എഴുതപ്പെട്ടത്. സി.എസ്.സുബ്രഹ്മണ്യൻപോറ്റി മകളുടെ വിയോഗത്തെ ആസ്പദമാക്കി എഴുതിയ ഒരുവിലാപമാണ് മലയാളത്തിലെ ആദ്യവിലാപകാവ്യം. എം.രാജരാജവർമ്മയുടെ പ്രിയവിലാപം(1904) അതിനുപിന്നാലെയെത്തി. വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം (1908) പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. എ.ആർ.രാജരാജവർമ്മയുടെ വിയോഗത്തെക്കുറിച്ച് കുമാരനാശാനെഴുതിയ പ്രരോദനം(1919) മലയാളത്തിലെ മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.

                   സ്വന്തം ജീവിതപങ്കാളിയുടെ വിയോഗത്തെ വിഷയമാക്കിയെഴുതിയ നാലപ്പാട്ട് നാരായണമേനോന്റെ കണ്ണുനീർത്തുള്ളി(1923)യും മികച്ച രചനകളിലൊന്നാണ്. പ്രിയസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ മരണത്തിൽ ദുഃഖിതനായി ചങ്ങമ്പുഴ എഴുതിയ രമണൻ(1936) മലയാളത്തിലെ ഏക ഗ്രാമീണ ഇടയ വിലാപകാവ്യമാണ്. മറ്റൊരു പ്രശസ്ത വിലാപകാവ്യമാണ് കെ.കെ.രാജായുടെ ബാഷ്പാഞ്ലി. ഒരുകവിയുടെ വിയോഗത്തിൽ ജീവിച്ചിരിക്കുന്ന മറ്റൊരു കവിയുടെ സങ്കടാവിഷ്കാരങ്ങളെന്ന രീതിയിലുള്ള രണ്ട്  വിലാപകാവ്യങ്ങളാണ് കുമാരനാശാന്റെ പ്രരോദനവും, ചങ്ങമ്പുഴയുടെ രമണനും.

          1986 ലായിരുന്നു മലയാള കവിതയ്ക്ക് നഷ്ടമായിത്തീർന്ന വൈലോപ്പിള്ളിയുടെ വേർപാട്. 1987 മാർച്ച് 15നാണ് ഈ വിലാപകവിത പ്രസിദ്ധീകരിച്ചത്. 1989ൽ കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ഇവനെക്കൂടി എന്ന കൃതിയ്ക്ക് ലഭിച്ചു. ചരിത്രവും സംസ്കാരവും സാഹിത്യവും വ്യക്തി ജീവിതവും യാഥാർത്ഥ്യവും ഭാവനയും സച്ചിദാനന്ദന്റെ ഈ കവിതയിൽ ഇഴകോർത്തുകിടക്കുന്നു.

സച്ചിദാനന്ദൻ കൊടുങ്ങല്ലൂരിലെ പൂല്ലൂറ്റ് ഗ്രാമത്തിൽ ജനിച്ചു.  എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി.  ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ്        അദ്ധ്യാപകൻ, ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്റർ, കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പരിഭാഷാവകുപ്പ് പ്രൊഫസർ, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളസാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്,  വയലാർ അവാർഡ്, ആശാൻ പുരസ്കാരം, ഉള്ളൂർ പുരസ്കാരം, കടമ്മനിട്ട അവാർഡ്, പി. കുഞ്ഞിരാമൻനായർ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.

സച്ചിദാനന്ദന്റെ പ്രധാനകൃതികൾ-

എഴുത്തച്ഛനെഴുതുമ്പോൾ, സച്ചിദാനന്ദന്റെ കവിതകൾ, ദേശാടനം, ഇവനെക്കൂടി,  കയറ്റം, സാക്ഷ്യങ്ങൾ, അപൂർണ്ണം, വിക്ക്, മറന്നു വച്ച വസ്തുക്കൾ, വീടുമാറ്റം, കവിബുദ്ധൻ, മലയാളം, സംഭാഷണത്തിനൊരുശ്രമം, അഞ്ചുസൂര്യൻ, പീഡനകാലം, ഒന്നാംപാഠം, അനന്തം, വേനൽമഴ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങൾ.

1965 മുതൽ 2005 വരെ എഴുതിയ (തെരഞ്ഞെടുത്ത) കവിതകൾ അകം, മൊഴി എന്നിങ്ങനെ രണ്ട് സമാഹാരങ്ങളായി ഡി.സി. ബുക്സ് 2006 ൽ പ്രസിദ്ധീകരിച്ചു.

വിവർത്തനങ്ങൾ- പടിഞ്ഞാറൻ കവിതകൾ,          മൂന്നാം ലോക കവിത, ഇന്ത്യൻ കവിത. മാർക്സിയൻ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി ലേഖനസമാഹാരങ്ങൾ.

Key words

വിലാപഗീതം-പ്രതീകവല്ക്കരിക്കൽ-വിഷാദാത്മകത-

വ്യക്തിപരത -നവകാല്പനികത

 3.4.1. Content

വൈലോപ്പിള്ളിയുടെ നിര്യാണത്തിൽ പ്രണമിച്ചുകൊണ്ട് കവി സച്ചിദാനന്ദൻ എഴുതിയ വിലാപകവിതയാണ് ഇവനെക്കൂടി. വൈലോപ്പിള്ളിയുടെ കാവ്യജീവിതവും അദ്ദേഹത്തിന്റെ വേര്‍പാടില്‍ സാഹിത്യലോകത്തിനുണ്ടായ  വേദനയുമാണ്‌ കവിതയുടെ മുഖ്യ പ്രമേയം . ‘ഹേമന്തകാലത്തേ മെലിഞ്ഞ കുളിർനീർക്കൈകൾ നീട്ടി ഇവനെ കൂടി സ്വീകരിച്ചാലും’ എന്ന്  കവി സച്ചിദാനന്ദൻ നിളാനദിയോടു നടത്തുന്ന അപേക്ഷയിൽ നിന്നാണ് കവിത ആരംഭിക്കുന്നത്. പ്രശസ്തരും അപ്രശസ്തരുമായ അനേകായിരങ്ങളെ സംസ്കരിക്കുകയും അവരെയെല്ലാം ഏറ്റുവാങ്ങുകയും ചെയ്തിട്ടുള്ള ഇടമാണ് നിളാനദി. വൈലോപ്പിള്ളിയുടെ മരണാനന്തര കര്‍മ്മങ്ങളും നിളയുടെ തീരത്താണ് നടന്നത് . കവിതയില്‍ വൈലോപ്പിള്ളിയുടെ കാവ്യജീവിതം മാത്രമല്ല, കാലവും ചരിത്രവും മിത്തും ആചാരങ്ങളും സംസ്കാരവും സാഹിത്യവുമെല്ലാം ശാന്തമായൊഴുകുന്ന നിളയെപ്പോലെ, ഇടകലർന്ന് തെളിയുന്നു.

വരികൾ

ഇവനെക്കൂടിസ്സ്വീകരിക്കുക…….

………..ദേവതാത്മാവാം സഹ്യൻ!-(  14 വരികൾ )

അർത്ഥ വിശദീകരണം

നിള                             = ഭാരതപ്പുഴ

ഹേമന്തം   = ഒരു ഋതു ( ഡിസംബർ മാസം)

പഞ്ചാരി     = വാദ്യമേളം

പൂരം             = ഉത്സവം

ധനു രാവ്   = ധനുമാസത്തിലെ രാത്രി

സഹ്യൻ      = സഹ്യപർവ്വതം

പുനർജനി               = തിരുവില്വാമല ക്ഷേത്രത്തിലെ ഗുഹ

ആശയ വിശദീകരണം

ഭാരതപ്പുഴേ, ഹേമന്തത്തിലെ മെലിഞ്ഞ,  (ഒഴുക്കു കുറഞ്ഞ) കുളിർനീരിൻ കൈകൾകൊണ്ട്, ഇവനേക്കൂടി  (അന്തരിച്ച വൈലോപ്പിള്ളിയെക്കൂടി)  സ്വീകരിക്കുക. പൂരപ്പറമ്പിലെ ആലിൻചോട്ടിൽ പഞ്ചാരിമേളംകേട്ട് ചെവിയാട്ടിക്കൊണ്ടിരിക്കുന്ന കാറ്റേ, ഇവനുവേണ്ടി തുമ്പിക്കൈ ഉയർത്തുക. അല്ലയോ ധനുമാസരാത്രീ, തിരുവില്വാമലയിലെ “പുനർജ്ജനി’യെന്ന ഗുഹയിലൂടെ നൂണ്ടുവരുന്ന നിലാവുകൊണ്ട് ഈ ജഡത്തെ മൂടുക. സ്വപ്നങ്ങൾ കൊണ്ട് അസ്വസ്ഥമായ ഈ നെറ്റിയിൽ ചുംബിക്കുന്നതിന് നിളയും ദേവതാത്മാവായ സഹ്യനും കുനിയുക.

ഇവിടെ കവി ആലിൽ ചുവട്ടിലെ കാറ്റിനെ ആനയായി കല്പിച്ചിരിക്കുന്നു. അതിലൂടെ “സഹ്യന്റെ മകൻ’ എന്ന വൈലോപ്പിള്ളിയുടെ ആനക്കവിതയെക്കൂടി സൂചിപ്പിക്കുന്നു. ആനക്കവിതകൾ എഴുതിയ വൈലോപ്പിള്ളി വിടവാങ്ങുന്ന സമയം  തുമ്പിക്കൈ ഉയർത്തി ബഹുമാനം നല്കൂ, ആദരവ് നല്കൂ എന്ന് കവി ആവശ്യപ്പെടുന്നു.

” ഇവനായുയർത്തുക തുമ്പിക്കൈ പഞ്ചാരിക്കു

ചെവിയാട്ടിടുമാലിൻ ചോട്ടിലെപ്പൂരക്കാറ്റേ! “-  ഈ വരികളിൽ,

ആനയ്ക്കാണ് തുമ്പിക്കൈയും ചെവിയാട്ടലും ഉള്ളത്. എന്നാൽ ആനയെന്ന പദം ഇവിടെ ഉപയോഗിച്ചിട്ടില്ല. ആനയുടെയും പൂരക്കാറ്റിന്റെയും  ധർമ്മങ്ങൾ ഒന്നുതന്നെയെന്ന് പറയുന്നു. ആനയെന്ന ഉപമേയത്തെ മറച്ചുവയ്ക്കുന്നു. കാറ്റെന്ന ഉപമാനംമാത്രം പറയുന്നു. അതിനാൽ അലങ്കാരം രൂപകാതിശയോക്തി

ലക്ഷണം–  നിഗീര്യാധ്യവസാനം താൻ

രൂപകാതിശയോക്തിയാം.

രൂപകവും അതിശയോക്തിയും ചേർന്ന അലങ്കാരമാണ് രൂപകാതിശയോക്തി. രണ്ട് വസ്തുക്കൾ തമ്മിലാണല്ലോ സാദൃശ്യം നടത്തുക. അതിൽ ഏതിന് സാദൃശ്യം കല്പിക്കുന്നുവോ അതാണ് ഉപമേയം. ഏതിനോട് സാദൃശ്യം കല്പിക്കുന്നുവോ അത് ഉപമാനം. ഉപമാനോപമേയങ്ങൾ തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയാണ് രൂപകാതിശയോക്തി.          ഉപമേയത്തെ കാണിക്കാതെ, മറച്ചു വെച്ച്, പകരം ഉപമാനത്തെത്തന്നെ പ്രയോഗിക്കുന്നത് നിഗീര്യാധ്യവസാനം എന്നു പറയും.ഉപമാനോപമേയങ്ങളെ അതിശയോക്തികൊണ്ട്  ബന്ധിപ്പിക്കുന്നു. അതാണ് രൂപകാതിശയോക്തി.

വരികൾ

 

ഇവനേ ഞങ്ങൾക്കോണ……….

………….മുളങ്കാടിന്നു കുറുങ്കുഴൽ.

–  (14 വരികൾ )

അർത്ഥ വിശദീകരണം

 

സൂര്യോത്സവം     = സന്ദർഭാർത്ഥം വെണ്മ, സൂര്യപ്രകാശം.

ആതിരാച്ചന്ദ്രൻ   = തിരുവാതിര രാത്രിയിലെ ചന്ദ്രൻ.

മുറിവിൽ മൂർച്ച                =   വലിയ വേദന അനുഭവിച്ച.

കുറുങ്കുഴൽ            = ഒരു മംഗള വാദ്യം

ആശയ വിശദീകരണം           

ഇവൻ (വെലോപ്പിള്ളി) ഞങ്ങൾക്ക് ഓണപ്പാട്ടിനു ചുവടുവെയ്പായിരുന്നു. (‘ഓണപ്പാട്ടുകാർ’ എന്ന കവിതയുടെ സൂചന.) കന്നിവയലിൽ പുതുനെല്ലിന്റെ പാലായി നിറഞ്ഞവനായിരുന്നു (‘കന്നിക്കൊയ്ത്ത്’ എന്ന കവിതയുടെ സൂചന.). തെക്കൻ പാട്ടിന്റെ വീര്യമായിരുന്നു. പാതിരാപ്പൂവിൽ തേൻനിറച്ചത് ഇവനാണ്. (‘ലില്ലിപ്പൂക്കൾ’ എന്ന കവിതയുടെ സൂചന.) കാക്കയുടെ ചിറകുകളിൽ സൂര്യോത്സവം കണ്ടതും ഇവനാണ്. (‘കാക്ക’ എന്ന കവിതയുടെ സൂചന.)

ഇളന്നീരിൽ ശൈശവം കണ്ടതും, അറിവിൽ പച്ചയായിരുന്നവനും, നിത്യഹരിത സസ്യത്തെപ്പോലെ, നിത്യംവളർന്ന വിജ്ഞാനമായിരുന്നവനും കൈതപ്പൂവിൽ തിരുവാതിരച്ചന്ദ്രനായതും -തിരുവാതിര രാത്രികളിൽ തണുത്തവെളിച്ചം തരുന്ന ചന്ദ്രനെപ്പോലെ കൈതപ്പൂവിലെ ശാന്തമായ വെൺനിറമായതും – ഇവനായിരുന്നു. മുറിവിൽ മൂർച്ചയേറിയ, വലിയ വേദന അനുഭവിച്ചവനും -ദാമ്പത്യജീവിതത്തിലും ഒറ്റയ്ക്ക് കഴിയേണ്ടിവന്നപ്പോഴും കവി അനുഭവിച്ച മാനസികവേദനകൾ വലുതായിരുന്നു – മുളങ്കാടിന്നു മംഗളവാദ്യമായവനും ഇവനായിരുന്നു.

“ഇവനേ ഞങ്ങൾക്കോണപ്പാട്ടിനു ചോടായ്, കന്നി-

:………………………………………………………………………………

മുറിവിൽ മൂർച്ച, മുളങ്കാടിന്നു കുറുങ്കുഴൽ..”. എന്ന വരികളിൽ ഉപമേയത്തിന്റെ ഗുണങ്ങളെ പലതായി കല്പിക്കുകയാണ്. ഉപമേയത്തിന്റെ ഗുണങ്ങളെ പലതായി കല്പിച്ചാൽ അലങ്കാരം ഉല്ലേഖം.

ലക്ഷണം – ” ഉല്ലേഖമൊന്നിനെത്തന്നെ

പലതായി നിനയ്ക്കുകിൽ. “

വരികള്‍

“ ഇവനെക്കൂടിസ്സ്വീകരിക്കുക കപിലർതൻ

………………………….ചുരത്തിൽ പാണത്തുടി ” (10 വരി)

അർത്ഥ വിശദീകരണം

ചിലമ്പൊലി                         = ചിലമ്പിന്റെ ശബ്ദം

പുള്ളുവക്കുടം     = പുള്ളുവപ്പാട്ട് പാടുന്നവരുടെ സംഗീതോപകരണം

പാണത്തുടി                         = ഉടുക്കുപോലുള്ള ഒരു വാദ്യം

ഉറവ                                         = ഊറ്റ്, ഉത്ഭവ സ്ഥാനം.

ആശയ വിശദീകരണം

കപിലരെന്ന സംഘകാലകവിയുടെ മരുതത്തെയും ഇലഞ്ഞിയെയും നനച്ചൊഴുകിയ തായ്നദിയാണ് നിള. (വലിയ വളർച്ചയുള്ള മരമാണ് മരുത്, മണമുള്ള പൂക്കളുള്ള മരമാണ് ഇലഞ്ഞി. കുറിഞ്ചിയെക്കുറിച്ച് കപിലരുടെ പാട്ടുകളുമുണ്ട്.) അങ്ങനെയുള്ള നിളാ നദിയോട് വൈലോപ്പിള്ളിയുടെ ഭൗതികശരീരംകൂടി സ്വീകരിക്കുക എന്ന് കവി പറയുകയാണ് .

നീ ഒരു ദിവസം അച്ഛന്റെ തോളിൽ നിന്നിറങ്ങി, നീലക്കുറിഞ്ഞിക്കാടിന്റെ മിന്നൽപ്പിണർപോലെയുള്ള പുഴയായി മാറി. നിന്റെ ചിലമ്പൊലി മഞ്ഞിന്റെ പടികളിറങ്ങി (മലമുകളിൽനിന്ന് താഴേയ്ക്ക് പതിക്കുന്ന നദിയുടെ ശബ്ദവും മഞ്ഞുപോലെ ഉയരുന്ന ജലകണങ്ങളും, ചിലമ്പൊലി “ചിലപ്പതികാര’കാവ്യത്തെയും സൂചിപ്പിക്കുന്നു). കാട്ടിൽ പുള്ളുവക്കുടമായും ഇടവഴികളിൽ പാണത്തുടിയായും നീ മാറി. (പുള്ളുവക്കുടവും പാണത്തുടിയും സമ്പന്നമായ കേരളീയ നാടോടി ഗാനപാരമ്പര്യത്തെയും സൂചിപ്പിക്കുന്നു).

സംഘകാലത്തെ ഐന്തിണ സങ്കല്പങ്ങളെക്കടന്ന് വർത്തമാന കാലത്തിലൂടെ ഒഴുകുകയാണ് നിള. സംസ്കാരങ്ങളെ സ്വാധീനിക്കുന്ന ഒരു കാവ്യനദിയായി നിള മാറിയിരിക്കുന്നു. കാലദേശങ്ങൾ കടന്നൊഴുകി ജീവിത രീതികളെ സ്വാധീനിച്ച് രൂപാന്തരപ്പെടുത്തുന്ന വലിയൊരു ചാലകശക്തിയായി നിളയെ കവി കാണുന്നു. ‘കപിലർതൻ മരുതുമിലഞ്ഞിയും നനച്ചൊരെൻ തായ് നദീ’-എന്ന് കവി നിളാനദിയെ വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്.              കപിലർ സംഘകാലത്ത് സാഹിത്യം, സംഗീതം, നൃത്തകല എന്നിവയിൽ പ്രഗത്ഭനും ഇരുന്നൂറ്റിയഞ്ച്   കവിതകൾ രചിച്ച വിഖ്യാത തമിഴ്കവിയുമായിരുന്നു. സംഘകാലത്ത് ഒറ്റയ്ക്ക് ഏറ്റവും കൂടുതൽ കവിതകളെഴുതിയ കവി എന്ന അംഗീകാരം കപിലർക്ക് ലഭിച്ചിരുന്നു. കുറിഞ്ചിപ്പാട്ട് എന്ന പത്ത് ഇടയകവിതകളിൽ 261 വരികൾ കപിലരുടേതാണ്. പുറനാനൂറിലും കപിലരുടെ സംഭാവനയുണ്ട്. കാലങ്ങൾ കടന്നൊഴുകിവരുന്ന പൈതൃകസംസ്കാരത്തിന്റേയും ഭാഷയുടെയും രൂപാന്തരങ്ങളായി കവി നിളയെ കാണുന്നു. നിള നമ്മുടെ സാഹിത്യത്തെയും കലയെയും എക്കാലവും സ്വാധീനിച്ചിരുന്നു. കുഞ്ചൻനമ്പ്യാർ, എഴുത്തച്ഛൻ, എം.ടി., എം.ഗോവിന്ദൻ, വി.കെ.എൻ തുടങ്ങിയ എഴുത്തുകാർ നിളയുടെ നാട്ടുകാരാണ്. കേരള കലാമണ്ഡലം നിളയുടെ തീരത്തിനടുത്താണ്. പണ്ട്, മാമാങ്കം ആഘോഷിച്ചിരുന്ന തിരുനാവായ നിളയുടെ അടുത്താണ്. അത്തരത്തില്‍ ചരിത്രവും പാരമ്പര്യവും കൊണ്ട് സമ്പന്നമായ നിളാ നദിയോട് വൈലോപ്പിള്ളിയെകൂടി സ്വീകരിക്കാന്‍ കവി ആവശ്യപ്പെടുകയാണ് .

മരുതം: മരുതംതിണയെന്നാൽ വളക്കൂറുള്ള കൃഷിഭൂമിയാണ്. പുഴയും തോപ്പും, പൊയ്കയും നെൽപ്പാടവും ചേർന്ന തിണസങ്കല്പമാണ് മരുതം. തൊൽക്കാപ്പിയത്തിലെ, സംഘകാല തിണ സങ്കല്പമനുസരിച്ച്, ഭൂമിയുടെ കിടപ്പനുസരിച്ച് സ്ഥലങ്ങളെ അഞ്ചായി തിരിച്ചിരുന്നു. മുല്ലൈ, കുറിഞ്ചി, പാലൈ, മരുതം, നെയ്തൽ എന്നതാണവ. ഇലഞ്ഞിയും- ഇത് തിണ സങ്കല്പത്തിലെ കുറിഞ്ചിയാകണം. മലമ്പ്രദേശമാണ് കുറിഞ്ചി.

വരികള്‍ 

“ പ്രായമായ് കരിമ്പന…….

…………………..പാലങ്ങൾ നരിച്ചീർപോൽ ”.  (12 വരി)

അർത്ഥ വിശദീകരണം

 

തീണ്ടാനാഴി                             = മുക്കുറ്റി, ഒരു ചെടി

മലവാരത്തിൽ        = മലഞ്ചെരിവിൽ

സാനുക്കളിൽ                         = പർവ്വത ശിഖരങ്ങളിൽ.

പൊരുൾതേടി                        = ജീവിതസത്യം തേടി

പൂതം                              = ഭൂതം

വെന്നു                          = വിജയിച്ചു.

ആശയ വിശദീകരണം

കാവ്യനിളയുടെ സഞ്ചാരവഴികൾ നീളുന്നു. വളർന്നുമുറ്റിയ കരിമ്പനയും (ആദ്യകാല യക്ഷിക്കഥകളുടെ സൂചന), അവയ്ക്ക് നടുവിൽ മുക്കുറ്റികളും, സീതയെപ്പോലെ വിറയ്ക്കുന്ന മലഞ്ചെരിവുകളും കടന്നു (എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലെ സീതാദുഃഖം സൂചന) നീ, നീറി നിന്ന ജനവാസമില്ലാത്തയിടങ്ങളിലും, ദമയന്തിയുടെ കീറിയെടുക്കപ്പെട്ട പാതിവസ്ത്രത്തിലും (ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലെ, വനത്തിൽ നളനാൽ പകുതിവസ്ത്രം മുറിച്ചെടുക്കപ്പെട്ടശേഷം ഉപേക്ഷിക്കപ്പെട്ട ദമയന്തിയുടെ കഥ സൂചിപ്പിക്കുന്നു.) പർവ്വത ശിഖരങ്ങളിലും, താഴ്വരകളിലും അലഞ്ഞു ജീവിതസത്യം തേടി (കുമാരനാശാന്റെ കാവ്യങ്ങളിലെ ജീവിതാശയ ഗഹനതകൾ കണ്ടു) .

പൂതത്തെ മാതൃത്വം പരാജയപ്പെടുത്തിയതും (മാതൃത്വത്തിന്റെ മഹത്വത്തിനുമുമ്പിൽ പരാജയപ്പെട്ട ഭൂതത്തിന്റെ കഥ പറയുന്ന ഇടശ്ശേരിയുടെ “പൂതപ്പാട്ടി’ലെ സാംസ്കാരിക തലങ്ങളും) ജീവിതനരകത്തിന്റെ പാലങ്ങളിലൂടെ നരിച്ചീറിനെപോലെ പാതിരാകളിൽ നുഴഞ്ഞുപോയതുംകണ്ട് നിന്റെ വഴികൾ നീണ്ടു (അശാന്തനായി അലഞ്ഞ, ഏകാന്തപഥികനായ പി.കുഞ്ഞിരാമൻനായരുടെ കാവ്യജീവിതം സൂചിപ്പിക്കുന്നു.). വൈലോപ്പിള്ളി കടന്നുവന്ന  സാഹിത്യ പാരമ്പര്യത്തെ സൂചിപ്പിക്കുകയാണ് കവി. നിളാനദിയുടെ സഞ്ചാര വഴികളില്‍ നിന്ന് മലയാള കവിതാ ലോകത്തെ സച്ചിദാനന്ദന്‍ കണ്ടെത്തുന്നു

വരികള്‍

 

“ അപ്പൊഴാണിവനെത്തീ…..

………വേവിന്നാൽത്തണലാകാൻ” (12 വരികള്‍ ).

അർത്ഥ വിശദീകരണം

പട്ടട               =ചുടുകാട്, പട്ടവരെ (മരിച്ചവരെ) സംസ്കരിക്കുന്ന ഇടം.

വെണ്ണീറ്     =ചാരം

ഉദകക്രിയ =ഹൈന്ദവ ആചാരമനുസരിച്ച് മരിച്ചവരുടെ

സദ്ഗതിക്കായി ജലത്തിൽവച്ച്   ചെയ്യുന്ന കർമ്മം

ആചമനം  = ബ്രാഹ്മണർ ജലംകൊണ്ട് ചെയ്യുന്ന ശരീരശുദ്ധി

വേവിന്ന്   = ദുഃഖങ്ങൾക്ക്.

ആശയ വിശദീകരണം

അപ്പോഴാണ് ഇവൻ (വൈലോപ്പിള്ളി) എത്തിയത്. എട്ടുകെട്ടുകൾ കത്തി ചുടുകാടായ ചാരത്തിൽ തന്റെ നെല്ലിക്കു നീര്‍ കോരുവാന്‍ (വൈലോപ്പിള്ളിയെഴുതിയ “കുടിയൊഴിക്കലിനെ’ സൂചിപ്പിക്കുന്നു) ഇവന്‍ എത്തി. നിന്റെ- ജീവിതമാകുന്ന  കരയിലെ കണ്ണീർപ്പാടത്തിന്റെ  തീരത്തിരുന്ന് ആ ജലം ഉള്ളം കൈയിലെടുത്ത് ശരീരശുദ്ധി നടത്തി (“കണ്ണീർപ്പാടം’ എന്നകവിത സൂചിപ്പിക്കുന്നു) .ഇനിവരുന്ന കുഞ്ഞുങ്ങൾക്ക് അമൃത് നല്കാൻവേണ്ടി, തന്റെ തടവറ- ജീവിത- ക്കിണ്ണത്തിൽ ഇന്നേ കാളകൂടവിഷം ഇവൻ കഴിച്ചു.(ഭാവി തലമുറകൾക്ക്- കാവ്യ അമൃത് നല്കാൻവേണ്ടി, ജീവിതദുഃഖങ്ങൾ അനവധി അനുഭവിച്ചു. വലിയ ദുഃഖങ്ങളിൽ നിന്നേ മികച്ച കവിതകൾ ഉണ്ടാവൂ എന്ന് സൂചന). വീട് ഒഴിഞ്ഞു പോകുന്നവരുടെ ദുഃഖങ്ങൾക്ക് (“കുടിയൊഴിക്കൽ’) ആൽമരത്തണൽ പോലെ ആശ്വാസമാകാൻ കവിക്ക് കഴിഞ്ഞു  .

കാളകൂടവിഷം: കാലനെക്കൂടി ദഹിപ്പിക്കുന്ന കഠിനവിഷം. അമൃതിനുവേണ്ടി പാല്ക്കടൽ കടഞ്ഞപ്പോൾ ആദ്യം പുറത്തുവന്ന ദുഷ്ടാംശമായ കാളകൂടവിഷം ദേവന്മാരുടെ രക്ഷയെക്കരുതി ശിവൻ സ്വയം കഴിച്ചതായ പുരാണകഥയുടെ സൂചന.

എട്ടുകെട്ടുകൾ: നാലുദിക്കിനെ എട്ടായി തിരിച്ചാൽ, അതിന്റെ നടുമുറ്റത്തിന്റെ ചുറ്റിലുമായി എട്ടുവശവും പുരകളുള്ള ഭവനങ്ങൾ, കേരളത്തിലെ കഴിഞ്ഞകാല പ്രതാപവും ജന്മിത്തവും സൂചിപ്പിക്കുന്നു .

വരികൾ

 

ഇവനെക്കൂടിസ്സ്വീകരിക്കുക…….

.                  ……………..കലികാലത്തിൻ തോറ്റം.

അർത്ഥ വിശദീകരണം

 

ആറാട്ട്                                         = ആറ്റിൽ

ആടാൻ                         = സ്നാനത്തിന്

നിരാഭരണൻ                           =ആഭരണങ്ങളില്ലാത്തവൻ

നാദാകാരൻ               = കാവ്യസംഗീതത്തോടു സദൃശൻ

കൊടിത്തൂവ്വ                          =തൊട്ടാൽ ചൊറിയുന്ന ഒരു ചെടി

തിരുവാട                     = തിരുവസ്ത്രം

കനലാഴിയിൽ നൃത്തം = അഗ്നിസമുദ്രത്തിലാണ് നൃത്തം

വചനമപ്പം                  =വാക്കുകളാണ് ഭക്ഷണം

കുറവർ                        =കാക്കാലർ, കാലക്ഷേപത്തിന് വഴിയില്ലാത്തവർ.

പെരുമാൾ                   = പെരുമയുള്ള ആൾ, (രാജാവ്, പ്രഭു)

തോറ്റം                           =തോന്നൽ, ( വിചാരം, ഭദ്രകാളിപ്പാട്ട്)

ആശയ വിശദീകരണം

നിളേ, വൈലോപ്പിള്ളിയെക്കൂടി സ്വീകരിക്കുക. ഇവൻ ആറാട്ടിനു വരുന്നു. ആഭരണങ്ങളില്ലാത്തവനും നാദരൂപനുമാണ്. ഇവന്റെ കൊടി റോസാച്ചെടിയുടെ മുള്ളിൽ പടർന്നുകയറുന്ന ഒരു കയ്പവല്ലരിയാണ്. (“പനിനീർപ്പൂവിനോട്’, ‘കയ്പവല്ലരി’ എന്നീ കവിതകൾ സൂചിപ്പിക്കുന്നു.) വാഹനം കടൽക്കാക്കയാണ്. (‘കടൽക്കാക്കകൾ’ എന്ന കവിത സൂചിപ്പിക്കുന്നു.) പുലി നേരിടാൻ വരുമ്പോൾ ഓണവില്ലാണു ദിവ്യായുധം. (ഓണക്കവിതകളെ ഓർമ്മിപ്പിക്കുന്നു). കുരുത്തോലയും കൊടിത്തൂവ്വയുമാണ് തിരുവസ്ത്രങ്ങൾ. അഗ്നിസമുദ്രത്തിലാണ് നൃത്തം. (ശിവന്റെ നൃത്തത്തെ ഓർമ്മിപ്പിക്കുന്നു). വാക്കുകളാണ് ഭക്ഷണം. (വചനദൈവമായ ക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്നു). കുരുമുളകുകൊണ്ടാണ് അലങ്കാരത്തിനുള്ള വിശേഷമാല ഉണ്ടാക്കുന്നത്. (കാവുകളിലെ പൂജാകർമ്മങ്ങളെ ഓർമ്മിപ്പിക്കുന്നു) പൂജിക്കുന്നത് കുറവരാണ്.

മലയുടെ മകനാണ്. വിളിപ്പുറത്തു മുറിവേറ്റ വനങ്ങളും.  (ശ്രീ ശാസ്താവിനെ ഓർമ്മിപ്പിക്കുന്ന സൂചനകൾ) മനസ്സിലെ മൃഗങ്ങൾ വിളിച്ചാൽ, നേരായ വാക്കിനും വടക്കിനും ഇവൻ രാജാവാണ്. (വടക്കൻ പാട്ടുകളെക്കുറിച്ചുള്ള സൂചന.) ഇവന് വളരെ പ്രിയപ്പെട്ടത് കലികാലത്തിന്റെ തോറ്റമാണ്. ഈ ഖണ്ഡത്തിൽ കവിയെ രാജതുല്യനായി കല്പിച്ചിരിക്കുന്നു. “അപാരേ കാവ്യസംസാരേ, കവിരേവ പ്രജാപതി’ – അപാരമായ കാവ്യലോകത്ത് കവി മാത്രമാണ് രാജാവ്- എന്ന കവിയെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം ഓർക്കുക. (ആറാട്ട്- ഉത്സവം അവസാനിക്കുമ്പോൾ ദേവവിഗ്രഹം പുണ്യനദികളിൽ കുളിപ്പിച്ചെടുക്കുന്ന ചടങ്ങാണ്. രാജാക്കൻമാരുടെ മരണാനന്തരവും ഇപ്രകാരം കുളിപ്പിക്കുന്ന ചടങ്ങുണ്ടായിരുന്നു. അതുപോലെ, വൈലോപ്പിള്ളിയുടെ ജീവിതോത്സവം അവസാനിച്ചിരിക്കുന്നു. വൈലോപ്പിള്ളിയുടെ ഭൗതികശരീരം ആറാട്ടിനു കൊണ്ടു വന്നിരിക്കുന്നു. ഇവൻ രാജതുല്യനാണ്, ദേവതുല്യനാണ് എന്ന് സൂചന.)

വരികൾ

ഇവനെക്കൂടിസ്സ്വീകരിക്കുക…….

…………മസ്വസ്ഥയുവരക്തം

അർത്ഥ വിശദീകരണം          

പുരങ്ങൾ                     = നഗരങ്ങൾ

ചുരപ്പുന്ന                     =ഒരു തരം മരം

പ്ലാശ്                               = ഒരു തരം മരം

മൃത്യുവളയും                         = മരണംവളയുന്ന

വിഷുക്കണി                            = വിഷുദിവസം രാവിലത്തെ ആദ്യകാഴ്ച.

ആശയ വിശദീകരണം

വെള്ളത്തിന്റെ നിരപ്പ് താണുപോയാലും വരണ്ടുപോകാതെ ഇന്നും കടൽതേടിപോകുന്ന നിളാനദീ ഇവനെക്കൂടി സ്വീകരിക്കുക. നഗരങ്ങൾ നിന്നിലേക്ക് വിഷം തുപ്പുന്നു. (ഫാക്ടറികളിലെയും വ്യവസായശാലകളിലെയും വീടുകളിലെയും വിഷമാലിന്യങ്ങളെല്ലാം നദിയിൽ കൊണ്ടുതള്ളുന്നു, നദി ഒരു വിഷവാഹിനിയായി മാറുന്നു. പുഴയ്ക്ക് കുറുകെ കെട്ടിയ അണകളും, അനധികൃതമായ മണൽവാരലും നദിയെ നാശത്തിലെത്തിച്ചു.) പരണന്റെ ചുരപ്പുന്നയും പ്ലാശും പയ്നിയും -വിഷജലംകുടിച്ച് – തളരുന്നു. ചുമച്ചുനിൽക്കുന്ന (രോഗഗ്രസ്തമായ) മരണം വളയുന്ന ഗ്രാമങ്ങളെ വേട്ടക്കാർ മയക്കുവെടിവെച്ചു വീഴ്ത്തുന്നൂ. കാവിയിലും, വെളുപ്പിലും ആത്മാക്കൾക്കു വിലപേശി, നമ്മളൊഴിപ്പിച്ചുവിട്ട പിശാചുക്കൾ (ദുർദ്ദേവതകൾ, ദുരാത്മാക്കൾ) വീണ്ടും കൂടിവരുന്നു. വാമനൻ ഓണത്തിലുണരുന്നു. പാളത്തിൽ നിത്യവും വീണുകൊണ്ടിരിക്കുന്ന അസ്വസ്ഥരായ യുവാക്കളുടെ രക്തമാണ് വിഷുക്കണിയാവുന്നത്. (“വിഷുക്കണി’ എന്ന കവിതയുടെ സൂചന). നിളയുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത് കവി അസ്വസ്ഥനാവുന്നു.

പരണർ

ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംഘകാല കവിയായിരുന്നു പരണർ. സംഘകാലത്തെ വിഖ്യാതകവിയായ, കപിലരുടെ സുഹൃത്തായിരുന്നു പരണർ. പല രാജാക്കൻമാരെ പുകഴ്ത്തിയും പരണർ കവിതകളെഴുതി. കുറുന്തൊകൈയിൽ 17, നറ്റിണൈയിൽ 12, അകനാണൂറിൽ 32, പുറനാണൂറിൽ 13, പതിറ്റുപ്പത്തിൽ 10, തിരുവള്ളുവമാലൈയിൽ ഒന്നും വീതം 85 പദ്യകൃതികൾ പരണർ എഴുതിയതായി കാണുന്നു. തന്റെ ജീവിത കാലത്തെ ചരിത്രസംഭവങ്ങളെ കാവ്യരൂപത്തിലാക്കിയ പരണരെ പില്ക്കാല കവിയായ നക്കിനാർ അഗസ്ത്യ ഋഷിയോടാണ് ഉപമിക്കുന്നത്. തമിഴിലെ ആദ്യ ചരിത്രകവി എന്നും പരണർ അറിയപ്പെടുന്നു. കപിലരുടെയും പരണരുടെയും കവിതകൾ ഭക്തിയുടെ തലത്തിലും ഉയർന്നുനില്ക്കുന്നവയാണ്.

സൂചിതകഥ- വാമനൻ

മഹാബലിയെ പാതാളത്തിലയച്ച വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. മഹാബലിയുടെ ഐശ്വര്യപൂർണ്ണമായ ഭരണത്തിൽ അസൂയപൂണ്ട ദേവന്മാരുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി, അദിതിയുടെ പുത്രനായി ജനിച്ച്, മഹാബലിയുടെ യാഗശാലയിലെത്തി മുനികുമാരന്റെ വേഷത്തിൽ വാമനൻ മൂന്നടി സ്ഥലം ചോദിച്ചതും, അതുസമ്മതിച്ച മഹാബലിയുടെ മുമ്പിൽ ഒരടികൊണ്ട് ഭൂമിയും രണ്ടാമത്തെ അടികൊണ്ട് സ്വർഗ്ഗവും അളന്നെടുക്കുകയും, മൂന്നാമത്തെ അടിയ്ക്കായി സ്വന്തം ശരീരം കാട്ടിക്കൊടുത്തപ്പോൾ വിഷ്ണു മഹാബലിയെ ശിരസ്സിൽ ചവിട്ടി പാതാളത്തിൽ താഴ്ത്തിയ വാമനാവതാരകഥ.

വരികൾ

ആതിരാ രാവിൻ രുദ്ര………..

…………….നീലമാം കലവറ.

– എന്നീ വരികൾവരെ

അർത്ഥ വിശദീകരണം

ആതിരരാവ്          = തിരുവാതിര രാത്രി.

രുദ്ര                              = ഭയങ്കരമായ, ശിവനെ സംബന്ധിച്ച.

കീർത്തനം                            = സ്തുതി, വർണ്ണനം, വാഴ്ത്തൽ.

ദംഷ്ട്ര                       = വായിലെ വലിയ തേറ്റപോലുള്ള പല്ല്.

മാതുലൻ                  = അമ്മാവൻ.

തഴുതിട്ടത്                             = അടച്ചുപൂട്ടിയത്, മരിച്ചതെന്ന് സന്ദർഭാർത്ഥം.

പരുഷത                   = അപ്രിയം, മാർദ്ദവമില്ലായ്മ.

കലവറ                      = സംഭരണശാല, ഭക്ഷണവസ്തുക്കളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന മുറി.

ആശയ വിശദീകരണം

തിരുവാതിര രാത്രിയിൽ ഭയങ്കരമായ ശിവസ്തുതികളുടെ ഒപ്പം തൂക്കിൽ ആടിക്കൊണ്ടിരിക്കുന്ന (ദേവതാ പ്രീതിയ്ക്കായി ശരീരത്തിൽ രണ്ട് ചൂണ്ടകോർത്ത് ചരടിൽ കെട്ടിത്തൂങ്ങിയാടുന്നതിന്റെ സൂചന)  പ്രിയപ്പെട്ട ഉണ്ണിയുടെ വായിൽ വലിയ തേറ്റപ്പല്ലും നെറ്റിയിൽ (മൂന്നാം) കണ്ണും. (തമോഗുണ, സംഹാരമൂർത്തിയായ ശിവനെപ്പോലെ മൂന്നാംകണ്ണുകളുള്ള ഉണ്ണികൾ ആടിക്കളിക്കുന്ന കാലമാണ്.) വാക്കിലും മനസ്സിലും പരുഷത പെരുകുന്നു. അമ്മാവാ, ക്ഷമിച്ചാലും, മാമ്പഴക്കാലം അവസാനിച്ചു. (ആർദ്രതയുടെയും സ്നേഹത്തിന്റെയും ആ നല്ലകാലങ്ങൾ തീർന്നിരിക്കുന്നു. “മാമ്പഴം’ എന്ന കവിതയുടെ സൂചന). എന്റെ ഭാഷയുടെ നെഞ്ചിന്റെ മിടിപ്പാണ് താഴുന്നത്. എന്റെ യുവത്വത്തെ തന്നെയാണ് ഇറക്കിക്കിടത്തിയതും. നീതിയുടെ കണ്ണുകളാണ് തിരുമ്മിയടച്ചത്. സ്നേഹത്തിന്റെ (ഇഷ്ടങ്ങളുടെ, പ്രണയത്തിന്റെ) കലവറയാണ് ഇല്ലാതായത്.

വരികൾ

ചിതയിൽപ്പൊട്ടുന്നതെൻ…………………….

……………….പൂർണചന്ദ്രനായവൻ വീണ്ടും.

– എന്നീ വരികൾ

അർത്ഥ വിശദീകരണം

മലർകാലം = പൂക്കാലം

വാനിൽ         = ആകാശത്ത്

ആശയവിശദീകരണം

എന്റെ നാടിന്റെ നട്ടെല്ലാണ് ചിതയിൽ പൊട്ടുന്നത്. ഒരു മലർകാലമാണ് മണലിൽ എരിഞ്ഞ് അമരുന്നത്. പ്രകാശം അസ്തമിക്കുന്നു. (സൂര്യൻ മറയുന്നു, സന്ധ്യയാവുന്നു, ഒരു കാവ്യജീവിതം അവസാനിക്കുന്നു.) തണുപ്പ് വർദ്ധിക്കുന്നു. അവസാനമായി മാവിൻകൂട് അണയുന്ന ഒറ്റക്കിളി ശബ്ദിക്കുന്നു. പാവം ഇവൻ ഈ നാടിന്റെ സ്വർണ്ണക്കിണ്ണമായിരുന്നു. (വളരെ വിലപിടിപ്പുള്ള പാത്രം) ദാ,  ആകാശത്തിലേക്ക് നോക്കു; അവൻ വീണ്ടും പൂർണചന്ദ്രനായി മാറിയിരിക്കുന്നു.

കവി എല്ലാവർക്കും വെളിച്ചം നല്കാനായി പൂർണചന്ദ്രനെപ്പോലെ ആകാശത്തിൽ വീണ്ടും പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യകൃതികളിലൂടെ നിത്യം ജീവിക്കുന്നു. പിൻമുറക്കാരായ കവികളിലൂടെ ആ കാവ്യഗംഗ ഇനിയും തുടർന്ന് ഒഴുകും.

 

കവിതയുടെ വിലയിരുത്തൽ

അന്തരിച്ച വ്യക്തി തങ്ങൾക്ക് ആരായിരുന്നുവെന്നവിധം കവിയുടെ അപദാനങ്ങൾ വാഴ്ത്തുന്നു. ഞങ്ങൾക്ക് ഓണപ്പാട്ടിനു ചുവടുവെയ്പും കന്നിവയലിൽ പുതുനെല്ലിന്റെ പാലും തെക്കൻ പാട്ടിന്റെ വീര്യമായിരുന്നു. പാതിരാപ്പൂവിൽ തേൻനിറച്ചു, കാക്കച്ചിറകിൽ സൂര്യോത്സവം കണ്ടു, മുറിവിൽ മൂർച്ചയേറിയ വേദനയനുഭവിച്ചു, മുളങ്കാടിന്റെ മംഗളവാദ്യവുമായിരുന്നു എന്നിങ്ങനെ ആ വിടനല്കൽ വാഴ്ത്തുകൾ നീളുന്നു. തുടർന്ന് കവിയെ സ്വീകരിക്കേണ്ട, സംസ്കാരങ്ങളെ സ്വാധീനിക്കുന്ന നിളയോട് പറയുന്നു. നിളേ, കപിലരുടെ മരുതത്തെയും ഇലഞ്ഞിയെയും നനച്ചൊഴുകി, നീ നീലക്കുറിഞ്ഞിക്കാടുകളിലൂടെ പുഴയായി. നിന്റെ ചിലമ്പൊലി മഞ്ഞിന്റെ പടികളിറങ്ങിയതും കാട്ടിൽ പുള്ളുവക്കുടമായതും ഇടവഴികളിൽ പാണത്തുടിയായതും കരിമ്പനയും മുക്കുറ്റികളും മലഞ്ചെരിവുകളും കടന്ന് നീ ജീവിതസത്യം തേടിയതും  അറിയുന്നു. സംസ്കാരങ്ങളെ, കലകളെ നിർമ്മിച്ചും മായ്ച്ചും നിന്റെ വഴികൾ നീണ്ടു.

തുടർന്ന് കവി കാവ്യ-സംസ്കാരചരിത്രത്തിൽ വൈലോപ്പിള്ളിയെ അടയാളപ്പെടുത്തുന്നു. എട്ടുകെട്ടുകൾ കത്തിയ ചാരത്തിൽ, തന്റെ നെല്ലിക്കു ഉദകക്രിയ ചെയ്തുകൊണ്ട്, വൈലോപ്പിള്ളി എത്തി. കണ്ണീർപ്പാടത്തെ തീരത്തിരുന്ന് ശരീരശുദ്ധി വരുത്തി. ഇനി വരുന്ന കുഞ്ഞുങ്ങൾക്ക് അമൃത് പകരാൻവേണ്ടി, തന്റെ തടവറക്കിണ്ണത്തിൽ ഇന്നേ കാളകൂടവിഷം കുടിച്ചു. വീട് ഒഴിയുന്നവരുടെ ദുഃഖങ്ങൾക്ക് ആശ്വാസമായി. വൈലോപ്പിള്ളിയെ ആറാട്ടിനെത്തുന്ന രാജാവിനോട് താരതമ്യപ്പെടുത്തുന്നു. നിളേ, ഇവൻ ആഭരണങ്ങളില്ലാത്തവനും നാദരൂപനുമാണ്. ഇവന്റെ കൊടി കയ്പവല്ലരിയാണ്. വാഹനം കടൽക്കാക്കയാണ്. വാക്കുകളാണ് ഭക്ഷണം. പൂജിക്കുന്നത് കുറവരാണ്. മലയുടെ മകനാണ്. വിളിപ്പുറത്തു മുറിവേറ്റവനങ്ങളും. ഇവനു പ്രിയപ്പെട്ടത് കലികാലതോറ്റമാണ്. വിഷവാഹിനിയാവുന്ന നിളയെ ഓർത്ത് കവി പരിതപിക്കുന്നു. നിളയിൽ നഗരങ്ങൾ വിഷംതുപ്പുന്നതും ഒരു സംസ്കാരം നശിക്കുന്നതും കവി കാണുന്നു.

അവസാനം, നഷ്ടങ്ങളെണ്ണി ആശ്വാസത്തിലെത്തുന്നു. മാമ്പഴക്കാലം അവസാനിച്ചത് കാണുന്നു.  ഭാഷയുടെ നെഞ്ചിടിപ്പ് താണതും, ഒരു മലർകാലം അവസാനിച്ചതും പ്രകാശം അസ്തമിച്ചതും, തണുപ്പ് വർദ്ധിക്കുന്നതും അറിയുന്നു. മാവിൻകൂടണയുന്ന ഒറ്റക്കിളി ശബ്ദിക്കുന്നത് കേൾക്കുന്നു. “പാവം ഇവൻ ഈ നാടിന്റെ സ്വർണ്ണ കിണ്ണമായിരുന്നു. ദാ, ആകാശത്തേക്ക് നോക്കു; അവൻ വീണ്ടും പൂർണചന്ദ്രനായി മാറിയിരിക്കുന്നു’. മരണം മറ്റൊരു പുനർജ്ജനിയായെന്ന് കവി ആശ്വസിക്കുന്നു. കവിതയിൽ ഒരു കാലത്തിന്റെ കലയും സംസ്കാരവും നിളയെപ്പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. സംസ്കാരങ്ങളെ നിർമ്മിച്ചുകൊണ്ടൊഴുകുന്ന നിളയെപ്പോലെ, ആദിമമായ ഒരു കാവ്യചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും തുടർച്ചയുടെ ഭാഗമായി വൈലോപ്പിള്ളിയെ കാണുകയും അദ്ദേഹത്തിന്റെ വേർപാടിനെ അത്തരമൊരു ഭൂമികയിൽ അടയാളപ്പെടുത്തുകയുമാണ് സച്ചിദാന്ദൻ ചെയ്തത്.

Recap

  • നിളേ, കുളിർനീരിൻ കൈകൾകൊണ്ട്, വൈലോപ്പിള്ളിയെക്കൂടി സ്വീകരിക്കുക.
  • പഞ്ചാരിമേളം കേട്ട് ചെവിയാട്ടുന്ന കാറ്റേ, വൈലോപ്പിള്ളിയെ ആദരിക്കാൻ തുമ്പിക്കൈ ഉയർത്തുക.
  • ധനുമാസരാത്രീ, “പുനർജ്ജനി’ ഗുഹയിലൂടെ വരുന്ന നിലാവുകൊണ്ട് ഈ ജഡത്തെ മൂടുക.
  • സ്വപ്നങ്ങൾ കൊണ്ട് അസ്വസ്ഥമായ കവിയുടെ നെറ്റിയിൽ ചുംബിക്കുന്നതിന് നിളയും ദേവതാത്മാവായ സഹ്യനും കുനിയുക.
  • ഇവൻ ഞങ്ങൾക്ക് ഓണപ്പാട്ടിനു ചുവടുവെയ്പായും, കന്നിവയലിൽ പുതുനെല്ലിന്റെ പാലായും നിറഞ്ഞവനായിരുന്നു.
  • കാക്കയുടെ ചിറകുകളിൽ സൂര്യോത്സവം കണ്ടതും മുളങ്കാടിന്നു മംഗളവാദ്യമായിരുന്നതും വൈലോപ്പിള്ളിയാണ്.
  • നിള ഒരു ദിനം അച്ഛന്റെ തോളിൽ നിന്നിറങ്ങി.
  • കപില കവിയുടെ മരുതവും ഇലഞ്ഞിയും നനച്ച തായ്നദി നീലക്കുറിഞ്ഞിക്കാടുകളിലൂടെ മിന്നൽപ്പിണർപോലുള്ള പുഴയായി.
  • നിളയുടെ ചിലമ്പൊലി കാട്ടിൽ പുള്ളുവക്കുടമായി. നിളയുടെ ചിലമ്പൊലി ഇടവഴികളിൽ പാണത്തുടിയായി.
  • കരിമ്പനയും മുക്കുറ്റികളും, സീതയെപ്പോലെ വിറയ്ക്കുന്ന മലഞ്ചെരിവുകളും
  • പൂതപ്പാട്ടിലെ മഹത്വം കണ്ടു.
  • നരകത്തിന്റെ പാലങ്ങളിലൂടെ നരിച്ചീറിനെപോലെ പാതിരാകളിൽ നുഴഞ്ഞതു കണ്ടു.
  • എട്ടുകെട്ടുകൾ കത്തിയ ചാരത്തിൽ തന്റെ നെല്ലിക്കു ഉദകക്രിയചെയ്തു.
  • കണ്ണീർപ്പാടത്തിന്റെ തീരത്തിരുന്ന് ശരീരശുദ്ധി നടത്തി.
  • തടവറക്കിണ്ണത്തിലെ കാളകൂടവിഷം കുടിച്ചു.
  • കുടിയൊഴിക്കല്‍
  • വീട് ഒഴിയുന്നവരുടെ ദുഃഖങ്ങൾക്ക് ആൽമരത്തണൽപോലെ ആശ്വാസമായി.
  • ശിവസ്തുതികളിലാടുന്ന ഉണ്ണികൾ തേറ്റപ്പല്ലും നെറ്റിക്കണ്ണുമുള്ള സംഹാരമൂർത്തികളാവുന്നു.
  • വാക്കിലും മനസ്സിലും പരുഷത പെരുകുന്നു.
  • പല നിലയിൽ മലിനമായ നിളാനദി.
  • കവിയുടെ ഭൗതികശരീരം എരിഞ്ഞ് തീരുന്നു.
  • നാടിന്റെ പ്രകാശം അസ്തമിക്കുന്നു.
  • ആകാശത്തിൽ അവൻ വീണ്ടും പൂർണചന്ദ്രനായിരിക്കുന്നു.
  • വൈലോപ്പിള്ളിയുടെ കൃതികളെ ഇവിടെ സ്മരിക്കുന്നു.
  • നിളയോട് ഇവനെ കൂടി സ്വീകരിക്കാൻ പറയുന്നു.
  • വടക്കൻപാട്ടുകളെ ഓർമ്മിപ്പിക്കുന്നു.
  • വൈലോപ്പിള്ളിയെ രാജാവിനോട്, ദേവനോട് സാദൃശ്യപ്പെടുത്തി അവതരിപ്പിക്കുന്നു
  • കവിരേവ പ്രജാപതി എന്ന കാവ്യസങ്കല്പവുമായി വൈലോപ്പിള്ളിയെ സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

Objective Questions

  1. “ഇവനെക്കൂടിസ്സ്വീകരിക്കുക. “കവി ആരെക്കുറിച്ച്, ആരോടാണ് ഇത് പറയുന്നത്?
  2. “ഇവനേ ഞങ്ങൾക്കോണപ്പാട്ടിനു ചോടായ്- ” ആരെക്കുറിച്ചാണ് സൂചന? ഏത്കവിതയെക്കുറിച്ചാണ് സൂചന?          
  3. ” ഇവനേ നിറച്ചുതേൻ പാതിരാപ്പൂവിൽ-“ആരുടെ ഏത് കവിതയെക്കുറിച്ചാണ്          സൂചന?
  4. “ഒരുനാൾ പിതാവിൻ തോൾവിട്ടിറങ്ങി നീ.  ആരെക്കുറിച്ചാണ് സൂചന?
  5. “മഞ്ഞിന്റെ പടവുകളിറങ്ങീചിലമ്പൊലി “- സൂചനയെന്ത് ?
  6. “സാനുക്കളിലലഞ്ഞൂ “. – സൂചനയെന്ത്?
  7. ” പൂതത്തെ മുലപ്പാലാൽ വെന്നു. “- സൂചനയെന്ത്?
  8. “തന്നുള്ള ങ്കൈയിൽ നിൻ തീരക്കണ്ണീർപ്പാടം. ” ഏതുകവിതയെക്കുറിച്ചുള്ള സൂചന കൂടിയാണിത്?
  9. “ആറാട്ടിന്നു വരവായിവൻ, നിരാഭരണൻ, നാദാകാരൻ. “ആരെക്കുറിച്ചുള്ള പരാമർശമാണിത്?
  10. “പെരുമാളിവൻ നേരാംവാക്കിനും വടക്കിനും “.ആരെക്കുറിച്ചുള്ള പരാമർശമാണിത്?
  11. “പുരങ്ങൾ നിന്നിൽ വിഷംതുപ്പുന്നു- “പുരങ്ങൾ വിഷംതുപ്പുന്നത് എവിടെയെന്നാണ് കവി പറയുന്നത്?
  12. “മയക്കുവെടിവെച്ചു വീഴ്ത്തുന്നൂ നായാട്ടുകാർ “. – ആരെ?
  13. “ഏറുന്നു വീണ്ടും നമ്മളൊഴിച്ച പിശാചുക്കൾ. ” – ആരെക്കുറിച്ചുള്ള സൂചനയാണിത് ?
  14.     വിഷുക്കണിയെന്ന് കവി വിശേഷിപ്പിക്കുന്നത് എന്ത്?
  15. ” മാതുലാ, പൊറുത്താലും- തീർന്നു മാമ്പഴക്കാലം “.ആര്, ആരോട് പറയുന്നു?
  16. “മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ “.ആര്, ആരെക്കുറിച്ചോർത്താണ് ഇപ്രകാരം പരിതപിക്കുന്നത്?
  17. “ചിതയിൽപ്പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.” ആര്, ആരെക്കുറിച്ചാണ് ഇപ്രകാരം വിലപിക്കുന്നത്?
  18. “പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ. “ആരെക്കുറിച്ചുള്ള സൂചനയാണിത്?
  19. “ദാ, നോക്കു വാനിൽ; പൂർണചന്ദ്രനായവൻ വീണ്ടും. “ആരെക്കുറിച്ചുള്ള പരാമർശമാണിത്?.

Answers

  1. വൈലോപ്പിള്ളി ശ്രീധരമേനോനെക്കുറിച്ച്, നിളാനദിയോട്.
  2.   വൈലോപ്പിള്ളിയെക്കുറിച്ച്, “ഓണപ്പാട്ടുകാർ’ എന്ന കവിതയുടെ സൂചന.
  3. വൈലോപ്പിള്ളിയുടെ “ലില്ലിപ്പൂക്കൾ’ എന്ന കവിതയെക്കുറിച്ച്.
  4. നിളാനദിയെക്കുറിച്ച്.
  5. നിളയുടെ ഒഴുക്കും, ചിലപ്പതികാരകാവ്യവും സൂചിപ്പിക്കുന്നു.
  6. കുമാരാനാശാന്റെ കാവ്യങ്ങളിലെ ഗഹനമായ ജീവിതാശയങ്ങൾ.
  7. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ മാതൃത്വം വിജയിച്ചകഥ.
  8. കണ്ണീർപ്പാടം എന്ന കവിത.
  9. വൈലോപ്പിള്ളിയെക്കുറിച്ച്.
  10. വൈലോപ്പിള്ളിയെക്കുറിച്ച്.
  11. നിളാനദിയിൽ.
  12. മരണംവളയുന്ന ഗ്രാമങ്ങളെ.     
  13. ആത്മാക്കൾക്കു വിലപേശുന്ന ആത്മീയാചാര്യന്മാർ.
  14. പാളത്തിൽ വീഴുന്ന അസ്വസ്ഥരായ യുവാക്കളുടെ രക്തം.
  15. കവി, വൈലോപ്പിള്ളിയോട് പറയുന്നു.
  16.  കവി, വൈലോപ്പിള്ളിയെക്കുറിച്ച് ഓർത്ത്.
  17.  കവി, വൈലോപ്പിള്ളിയെക്കുറിച്ച്.
  18.  വൈലോപ്പിള്ളിയെക്കുറിച്ച്.
  19. വൈലോപ്പിള്ളിയെക്കുറിച്ച്.

Assignment topic

  1. “ഇവനെക്കൂടി’ എന്ന രചനയെ ഒരു വിലാപകവിതയെന്ന നിലയിൽ വിലയിരുത്തുക.

  2. ‘ഇവനെക്കൂടി’ എന്ന കവിതക്ക്   ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

References

  1. എം. ലീലാവതി, മലയാളകവിതാ സാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ.
  2. നെല്ലിക്കൽ  മുരളീധരൻ, കവിതയിലെ പുതുവഴികൾ, എൻ. ബി. എസ്., കോട്ടയം.
  3. എൻ .അജയകുമാർ, ആധുനികത മലയാളകവിതയിൽ, കറന്റ് ബുക്സ്, കോട്ടയം.
  4. എസ്. രാജശേഖരൻ, കവിത വിതയും കൊയ്ത്തും, ചിന്തപബ്ലിഷേഴ്സ്, തിരുവന്തപുരം
  5. സച്ചിദാനന്ദൻ – മലയാള കവിതാപഠനങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്
  6. സച്ചിദാനന്ദൻ – കവിതയുടെ എൺപതുകൾ: അന്വേഷണങ്ങൾ, ബോധി പബ്ലിഷിങ് ഹൗസ്, കോഴിക്കോട്ഡോ
  7. .കെ.എം. ജോർജ് -ആധുനിക സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ,ഡി.സി.ബുക്സ് ,കോട്ടയം.

E- content

സച്ചിദാനന്ദൻ, വിക്കിപീഡിയ

https://www.google.com/url?sa=i&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=0CAQQw7AJahcKEwj40f30nbr6AhUAAAAAHQAAAAAQAg&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25B8%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B4%25BF%25E0%25B4%25A6%25E0%25B4%25BE%25E0%25B4%25A8%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A6%25E0%25B5%25BB&psig=AOvVaw2U6YAnN7qLeMsR6v1ro_od&ust=1664548866645245

വൈലോപ്പിള്ളി,വിക്കിപീഡിയ https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%B2%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB

 

ഇവനെക്കൂടി , കവിതആസ്വാദനംhttps://youtu.be/ALEbvBfkOkc

ഇവനെക്കൂടി ,കവിത https://youtu.be/HZb-uVbTnUE