യൂണിറ്റ് – 4
ഭാഷക്ക് മുമ്പ്
പി. രാമൻ
Learning Outcomes
|
Prerequisites
ശിശുക്കളുടെ ഭാഷയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ലിപിയോ വ്യാകരണത്തിൻ്റെ ചട്ടക്കൂടുകളോ ഇല്ലാതെ അവർ ചിരിക്കുകയും കരയുകയും ചെയ്യുന്ന അലിഖിതവും അനന്തവുമായ അവരുടെ ഭാഷ. അത്ര എളുപ്പത്തിൽ മുതിർന്നവർക്ക് ആ ഭാഷ വശപ്പെടണമെന്നില്ല. അവരുടെ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നവർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ഒരു ഭാഷയെ അവർ സ്വന്തമായി നിർമ്മിക്കുന്നു. അതിലൂടെ അവർ ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നു. കിളികളുടെയും മരങ്ങളുടെയും മണ്ണിന്റെയും ഭാഷ ഗ്രഹിച്ചിരുന്ന ബാല്യത്തിൽനിന്ന് നാം പതിയെ അകന്നുപോകുന്നു. വ്യാകരണ നിർമ്മിതമായ ചട്ടക്കൂടുകളുടെ ഭാഗമാകുന്നതോടെ ശിശുവിന്റെ ഭാഷ നമുക്ക് കൈമോശം വരുന്നു. വലുതാകും തോറും നമുക്ക് നഷ്ടമാകുന്നതും നാം മറന്നു പോകുന്നതുമായ ഒരു ഭാഷയിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കവിതയാണ് പി.രാമന്റെ ഭാഷയ്ക്കു മുമ്പ്. ഉത്തരാധുനിക കവികളുടെ ശ്രേണിയില്‍ ശ്രദ്ധേയമായ ഇടമുള്ള കവിയാണ് പി രാമന്‍. കവിതയെ നിരന്തരം പുതുക്കുകയും കവിതയില്‍ പുതുപരീക്ഷണങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്ത കവിയാണ് പി. രാമന്‍. അദ്ദേഹം പുതു വിതയുടെ ഭാവുകത്വ പരിണാമത്തെ നിരീക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആധുനികതയുടെ ചുവടുപിടിച്ച് മലയാള കവിതയിലേയ്ക്ക് കടന്നു വന്ന കവിയാണ് പി. രാമൻ. ഉത്തരാധുനികതയുടെ ആരംഭഘട്ടത്തെ അദ്ദേഹത്തിൻ്റെ കവിതകൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കാഴ്ചയുടെ കാണാപ്പുറങ്ങളിലേയ്ക്ക് കടന്നു ചെല്ലാനും പുതു വാക്ക് കണ്ടെത്താനും പി.രാമൻ നിരന്തരം ശ്രമിയ്ക്കുന്നുണ്ട്. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്നിവ പ്രധാനപ്പെട്ട കവിതാ സമാഹാരങ്ങളാണ്. ‘കനം’ എന്ന കൃതിക്ക് 2001 – ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരവും ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ‘എന്ന കൃതിക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു . |
Key words
ഉത്തരാധുനികത – വാങ്മയം – ബഹുസ്വരത – ബിംബകൽപ്പനകൾ – ഭാഷയുടെ രാഷ്ട്രീയം
4.4.1. Content
വയസൊന്നു കഴിഞ്ഞിട്ടും ഉരിയാടാത്ത കുഞ്ഞിനെക്കൊണ്ട് അമ്മേ എന്ന് വിളിപ്പിക്കാൻ ശ്രമിക്കുകയാണ് രക്ഷകർത്താക്കൾ. പക്ഷേ കുഞ്ഞാകട്ടെ ജനൽ പാളിയിലൂടെ മാത്രം കാണുന്ന അടുത്ത വീട്ടിലെ വേലക്കാരിയുടെ ആംഗ്യങ്ങളാം അപശബ്ദങ്ങൾക്കനുസരിച്ച് ചുവടുവെയ്ക്കുകയാണ്. കുഞ്ഞിനെയും അടുത്ത വീട്ടിലെ വേലക്കാരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജനൽ പാളി കൊട്ടിയടച്ചു കൊണ്ട് അച്ഛനമ്മമാർ പ്രതിരോധം തീർക്കാൻ ശ്രമിച്ചു. എന്നിട്ടും കുഞ്ഞ് അമ്മേ വിളിച്ചില്ല. നിലത്തുരുണ്ടു കേഴുന്ന ഭാഷയെത്താത്ത പൊന്നുമകളിലാണ് കവിത അവസാനിക്കുന്നത്.
വരികൾ
വയസൊന്നു കഴിഞ്ഞിട്ടും
ഉരിയാടാത്ത പൊന്നുമോൾ
അടുത്ത വീട്ടിലെ വേല –
ക്കാരിയോടുളളിണക്കമായ്
ആശയ വിശദീകരണം
ഒരു വയസ് പൂർത്തിയായിട്ടും സംസാരിക്കാൻ തുടങ്ങിയിട്ടില്ലാത്ത പൊന്നുമകൾ, അടുത്ത വീട്ടിലെ വേലക്കാരിയുമായി ഇണക്കത്തിലാകുന്നു. കുട്ടിയുടെ ഉള്ള് വേലക്കാരിയോട് അടുക്കുന്നു എന്ന് കവി പറയുന്നു. ഒരു വയസ്സാകുമ്പോൾ കുട്ടികൾ ചെറുതായി വർത്തമാനം പറയാൻ ശ്രമിക്കാറുണ്ട്. അമ്മ, അച്ഛൻ എന്നിങ്ങനെ പല വിളികളിലൂടെ രക്ഷകർത്താക്കൾ അവരെ ഭാഷയുടെ ലോകത്തേയ്ക്ക് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. കുട്ടികൾ മുതിർന്നവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക വഴി അവരുടെ ഭാഷയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു .മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട കണ്ണികളിലൊന്നായി ഭാഷ പ്രവർത്തിക്കുന്നു എന്ന പൊതുബോധത്തെ ഭാഷയ്ക്കും അപ്പുറം നിൽക്കുന്ന ബന്ധവ്യവസ്ഥകളിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണ് കവി. വയസൊന്നു കഴിഞ്ഞിടും ഉരിയാടാഞ്ഞ പൊന്നുമകൾക്ക്, അയൽവീട്ടിലെ വേലക്കാരിയോട് അടുപ്പമുണ്ടാകുന്നു. അതിനു പിന്നിലെ കാര്യകാരണങ്ങളിലേയ്ക്ക് കവിത കടന്നു ചെല്ലുന്നു. കവിതയിൽ പൊന്നുമോൾ എന്നത് നാമ വിശേഷണമാണ്.
വരികൾ
“ഊമയാണവർ, ആംഗ്യങ്ങ-
………………………………
കുഞ്ഞിക്കാലടി മെല്ലനെ “
ആശയ വിശദീകരണം
ഊമയായ അവൾ ആംഗ്യഭാഷയിലൂടെ മീട്ടുന്ന അപശബ്ദത്തിൻ്റെ ലയത്തിൽ കുഞ്ഞിക്കാലടികൾ മെല്ലെ നീങ്ങുകയാണെന്ന് ആശയം. അയലത്തെ വീട്ടിലെ വേലക്കാരി സംസാരശേഷിയില്ലാത്തവളാണെന്ന് കവി പറയുന്നു. അവൾ ആംഗ്യഭാഷയിലൂടെ മീടുന്ന ശബ്ദങ്ങളുടെ ലയത്തിൽ ‘കുഞ്ഞിൻ്റെ കാലടികൾ അവളിലേയ്ക്ക് നീങ്ങുകയാണ്. അവളുടെ ഭാഷ കുഞ്ഞിന് മനസ്സിലാകുന്നു എന്ന് സാരം. ഭാഷയ്ക്കും അപ്പുറം നിൽക്കുന്ന സ്നേഹത്തിൻ്റെ അർത്ഥ തലങ്ങളിലേയ്ക്ക് ആശയം കടന്നു ചെല്ലുന്നു.
വരികൾ
“അമ്മയെന്നു വിളിപ്പിക്കാൻ
……………………………………….
നിന്നുലഞ്ഞു കുലുങ്ങുവോൾ”
ആശയ വിശദീകരണം
കുഞ്ഞിനെക്കൊണ്ട് ”അമ്മേ’ എന്ന് വിളിപ്പിയ്ക്കാൻ ശ്രമിച്ച് ഞങ്ങൾ കുഴഞ്ഞു. കുഞ്ഞാകട്ടെ, ജനലിനപ്പുറം ചൂണ്ടി നിന്നുലഞ്ഞു കിലുങ്ങുകയാണ് എന്ന് കവി പറയുന്നു. ഊമയായ വേലക്കാരിയും കുഞ്ഞും തമ്മിൽ ഉടലെടുന്ന അനിർവചനീയമായ സ്നേഹ ബന്ധത്തെ കവി ഈ വരികളിലൂടെ നിർവചിക്കുകയാണ്. ‘അമ്മേ ‘ എന്ന് കുഞ്ഞ് വിളിക്കുന്നത് കേൾക്കാൻ രക്ഷകർത്താക്കൾ കൊതിയ്ക്കുകയാണ്.. എന്നാൽ കുഞ്ഞാകട്ടെ അവരെ ‘അമ്മേ ‘എന്ന് വിളിയ്ക്കുന്നില്ല. പകരം ജന്നലിനപ്പുറം നിൽക്കുന്ന വേലക്കാരിയെ ചൂണ്ടിക്കൊണ്ട് ഉലഞ്ഞു കിലുങ്ങുകയാണ്. ‘ഉലഞ്ഞുകിലുങ്ങുന്നു’ എന്ന് പറയുന്നതിലൂടെ കവി കുഞ്ഞിൻ്റെ ചലനങ്ങളെയും സ്നേഹപ്രകടനത്തെയും സൂചിപ്പിക്കുന്നു. കുഞ്ഞിന് വേലക്കാരിയെയാണ് അമ്മയായി തോന്നുന്നത് എന്ന് സാരം. അവളിലേയ്ക്കുളള കുഞ്ഞിൻ്റെ സഞ്ചാരത്തെ അമ്മ-മകൾ ബന്ധമായി കവി പകർത്തുകയാണ്.
വരികൾ
“അവളെ ശ്രദ്ധയാകർഷി-
…………………………….
യടച്ചൂജാലകപ്പൊളി. “
ആശയ വിശദീകരണം
ഇവളുടെ ശ്രദ്ധ ആകർഷിക്കാനായി എന്തോ മുരണ്ടു എന്നും അയൽ വീട്ടിലെ വേലക്കാരി ഇങ്ങു നോക്കിയതും ഞങ്ങൾ ജനൽപ്പാളി കൊട്ടിയടച്ചു എന്നും ആശയം . വേലക്കാരിയിൽ നിന്ന് കുട്ടിയുടെ ശ്രദ്ധയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ് സന്ദർഭം:
കുഞ്ഞുങ്ങൾ ശ്രദ്ധയാകർഷിക്കാനായി പുറപ്പെടുവിപ്പിക്കുന്ന ചെറിയ ഒച്ചയെയാണ് ‘മുരണ്ടു’ എന്ന പ്രയോഗം കൊണ്ട് കവി അർത്ഥമാക്കിയിരിക്കുന്നത്. ജാലികപ്പൊളി കൊട്ടിയടച്ചു എന്ന് പറയുന്നതിലൂടെ വേലക്കാരിയെ കുഞ്ഞിൽ നിന്ന് അടർത്തിമാറ്റുകയും അപമാനിക്കുകയുമാണ് ചെയ്തത്. കുഞ്ഞിനും വേലക്കാരിയ്ക്കുമിടയിലെ ഒറ്റ വഴിയാണ് കവിതയിൽ ജനൽപ്പാളി. അതിലൂടെയാണ് അവർ സംവദിക്കുന്നത്. കുട്ടിയ്ക്കും വേലക്കാരിയ്ക്കും ഇടയിലെ സഞ്ചാരപാത കൊട്ടിയടയ്ക്കപ്പെടുന്നതോടെ കുഞ്ഞിന് വേലിക്കാരിയോടു തോന്നിയ അടുപ്പം ഇല്ലാതാകുമെന്ന് സാരം.
വരികൾ
“അമ്മയെന്നു വിളിപ്പിക്കാൻ
………………………………..
ഭാഷയെത്താത്ത പൊന്നുമോൾ “
ആശയ വിശദീകരണം
അമ്മയെന്നു വിളിപ്പിക്കാൻ ശ്രമിച്ച ഞങ്ങൾ തോറ്റു പോയതിനാൽ ഭയപ്പെട്ടിരിയ്ക്കുകയാണ്. ഭാഷ എത്താത്ത കുഞ്ഞാകട്ടെ നിലത്തുരുണ്ടു കരയുകയാണ് എന്ന് ആശയം. കുഞ്ഞിനെക്കൊണ്ട് അമ്മയെന്നു വിളിപ്പിക്കാൻ ശ്രമിച്ച് രക്ഷകർത്താക്കൾ പരായപ്പെട്ടു. കുഞ്ഞിനും വേലക്കാരിയ്ക്കുമിടയിലെ ജനൽപ്പാളി കൊട്ടിയടച്ചു കൊണ്ട് രക്ഷകർത്താക്കൾ തീർത്ത പ്രതിരോധത്തിനെതിരേ കുഞ്ഞും അവളുടെ പ്രതിഷേധം അറിയിക്കുന്നതായി സൂചിപ്പിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്.
കാവ്യാവലോകനം
ഭാഷയെക്കുറിച്ചുള്ള ഭിന്നമായ ആലോചനകളിലേയ്ക്ക് വായനക്കാരെ കൊണ്ടു പോകുന്ന കവിതയാണ് പി.രാമന്റെ ഭാഷയ്ക്കു മുമ്പ്. കവിതയുടെ ശീർഷകത്തെ അർത്ഥ പൂർണമാക്കുന്ന ഒരു സന്ദർഭത്തിലേയ്ക്കാണ് കവി വായനക്കാരെ കൊണ്ടുപോകുന്നത്. കുഞ്ഞും അടുത്ത വീട്ടിലെ വേലക്കാരിയും ഭിന്നമായ പദവികളെ പങ്കുവെയ്ക്കുന്ന ബിംബങ്ങളാണ്. ബഹുസ്വരമായ വായനാ സാധ്യതകൾ മുന്നോട്ടു വെക്കുന്ന കവിതയാണ് ഭാഷക്കുമുമ്പ്. അമ്മ, മാതൃത്വം തുടങ്ങിയ പദങ്ങളിൽ നിന്ന് മാതൃഭാഷയുടെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളിലയ്ക്കാണ് കവിത കടന്നുചെല്ലുന്നത്. ‘ദാന്തെ’ എന്ന ചിന്തകനാണ് മാതൃഭാഷയെ അതിന്റെ സമൂഹികമായ അർത്ഥപരിസരത്തെ മുൻനിർത്തി ആദ്യമായി നിർവ്വചിച്ചത്. അമ്മയുടെ ഭാഷയല്ല, ആയയുടെ ഭാഷയാണ് മാതൃഭാഷ എന്ന് അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. അദ്ദേഹം മാതൃഭാഷയുടെ രാഷ്ട്രീയത്തെ അതിന്റെ ജനിതകപരമായ നിർവചനങ്ങളിൽ നിന്നു മോചിപ്പിക്കുകയും സാമൂഹികമായ വ്യവഹാരങ്ങളാൽ നിർമ്മിതമായ ബന്ധവ്യവസ്ഥയായി വ്യാഖ്യാനിക്കുകയും ചെയ്യുകയുണ്ടായി. ഭാഷയ്ക്ക് മുമ്പ് എന്ന കവിതയിലെ കുഞ്ഞും അയലത്തെ വേലക്കാരിയും സംവദിക്കാൻ ശ്രമിക്കുന്ന ആശയത്തെ ദാന്തെയുടെ നിരീക്ഷണങ്ങളുമായി ചേർത്തു നിർത്തി വ്യാഖ്യാനിക്കാവുന്നതാണ്. ഏകമാനമായ ഒരു വായനാ തലമല്ല ഈ കവിത മുന്നോട്ടു വെയ്ക്കുന്നത് എന്നതാണ് അതിന്റെ പ്രധാനപ്പെട്ട സവിശേഷത. ലിപിയില്ലാത്തതിനാൽ അരിക് വത്ക്കരിക്കപ്പെട്ട ഭാഷകളുടെ ബിംബമായി കവിതയിലെ വേലക്കാരിയെ കാണാവുന്നതാണ്. ഭാഷക്കു മുൻപേ മനുഷ്യർ പരസ്പരം കൈമാറി വന്ന സ്നേഹമെന്ന ഭാവത്തെ നമുക്ക് കവിതയിൽ നിന്ന് കണ്ടെത്താം. അമ്മേ എന്ന് വിളിക്കാത്ത കുഞ്ഞും വിളിപ്പിക്കാൻ ശ്രമിക്കുന്ന രക്ഷകർത്താക്കളും അവരുടെ ഭയവും കവിതയെ കൂടുതൽ ഗഹനമായ വായനയിലേയ്ക്ക് കൊണ്ടുപോകുന്നു. ദൃശ്യഭാഷയുടെ സാധ്യതകൾ കവിതയിൽ നിന്ന് കണ്ടെത്താൻ കഴിയും. ആംഗ്യ ഭാഷ, അപശബ്ദങ്ങൾ, കൊട്ടിയടച്ച ജനൽ, കരയുന്ന കുട്ടി ഇവയെല്ലാം ഒരു ചിത്രത്തിലെന്നപോലെ അവതരിപ്പിച്ചിരിക്കുന്നത് കവിയുടെ സൂക്ഷ്മഭാവനയ്ക്ക് ഉദാഹരണമാണ്.
Recap
|
Questions
|
Answers
|
Assignment topic
|
References
|
E- content
കവിയുടെ ചിത്രം
പി. രാമൻ അഭിമുഖങ്ങൾ പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ |