യൂണിറ്റ് – 4
മനസ്വിനി
ചങ്ങമ്പുഴ കൃഷ്ണപിള്ള
Learning Outcomes
|
Prerequisites
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വിപുലമായിരുന്ന സ്വാതന്ത്ര്യബോധവും നവോത്ഥാന ചിന്തകളും കേരളത്തിലും ഭാരതത്തിലും വ്യാപകമായിവന്നു. പൗരാണിക സാഹിത്യ മാതൃകകളല്ല, സമകാലിക ജീവിതമാണ് സാഹിത്യ വിഷയമാവേണ്ടത് എന്ന ഒരവബോധം രൂപപ്പെട്ടുവന്നു. ഏതുകാലത്തെ സാഹിത്യത്തിലും ആ കാലത്തെ മനുഷ്യ ജീവിതബന്ധങ്ങളും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പ്രതിഫലിക്കുക സ്വാഭാവികമാണ്. കേരളത്തിലും നവോത്ഥാന വേളയിൽ, ജന്മിസമ്പ്രദായങ്ങൾ ശിഥിലമായി. അധ്വാനവർഗ്ഗത്തിന് സ്വകാര്യസ്വത്തും പുതിയ കുടുംബ സങ്കല്പങ്ങളും രൂപപ്പെട്ടു തുടങ്ങി. പുതിയ വിദ്യാഭ്യാസം, തൊഴിൽ, വ്യക്തിബോധം, സ്ത്രീപുരുഷസമത്വം, പുതിയ പ്രണയ സങ്കല്പങ്ങൾ എന്നിവ ഒരു മാറ്റത്തിന് കളമൊരുക്കി. അതിനാൽ പാശ്ചാത്യ കാല്പനികതയിൽനിന്ന് വ്യത്യസ്ഥമായ ഒരു പശ്ചാത്തലമാണ് നമ്മുടെ കാല്പനികപ്രസ്ഥാനത്തിന് ഉള്ളത്. പടിഞ്ഞാറ് കാല്പനികത അസ്തമിച്ച് കാലങ്ങൾ കഴിഞ്ഞാണ് ഇവിടെ കാല്പനികത ആരംഭിക്കുന്നത്. മലയാളകവിതയിലെ ഭാവുകത്വമാറ്റം വെണ്മണിക്കവികളിലാണ് ആരംഭിക്കുന്നത്. പ്രാസവും പാരമ്പര്യ കാവ്യരൂപനിഷ്ഠകളും നിരസിച്ചു തുടങ്ങിയ ചേലപ്പറമ്പ്, വെണ്മണി, പൂന്തോട്ടം നമ്പൂതിരിമാരാണ് അതിന് ആരംഭം കുറിച്ചത്. പച്ചമലയാള പ്രസ്ഥാനവും അതിന് ആക്കം കൂട്ടി, സഹായിച്ചു. പ്രകൃതിയിലേക്ക് നോക്കി, സാധാരണക്കാരെ വിഷയമാക്കി, ലളിതമായ പദാവലികളിലൂടെ അവർ കവിതകളെഴുതി. കാല്പനിക കവിതയുടെ പ്രധാന സവിശേഷതകൾ –
വ്യക്തിപരത (individualism)- സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന രീതി. ശക്തമായ വികാരം ഏത് ഇതിവൃത്തത്തെയും വികാരപരമായി അവതരിപ്പിക്കുന്നു. ഉന്നതഭാവന അതീന്ദ്രിയാനുഭവങ്ങൾ പോലും അവതരിപ്പിക്കുന്ന കടിഞ്ഞാണില്ലാത്ത ഭാവന. കാല്പനിക വേദന (romantic agony)- സ്വപ്നലോകങ്ങളിൽ ജീവിക്കുന്ന കവിയുടെ സങ്കല്പങ്ങളെ ജീവിതയാഥാർത്ഥ്യങ്ങൾ തകർത്തുകളയും. അതിനാൽ കാല്പനികർ ദുഃഖിതരുമായിരിക്കും. ഇതാണ് കാല്പനിക വേദന, കവിതയിലുടനീളം ദുഃഖത്തിന്റെ സ്വരം നിറഞ്ഞു നില്ക്കും. ഏകാന്തതാബോധം- അടിസ്ഥാനപരമായി താൻ ഒറ്റയ്ക്കാണെന്ന ബോധം കവിതയിൽ നിലനില്ക്കും. ഗാനാത്മകത- ശുദ്ധസംഗീതത്തോളം അടുത്തുനില്ക്കുന്ന സംഗീതാത്മകത – പ്രണയം- ഭഗ്നമായ പ്രേമം കാല്പനിക മനസ്സിന്റെ അടിസ്ഥാന പ്രേരണയാണ്. പലായനസ്വഭാവം (escapism) -തങ്ങളുടെ ആഗ്രഹങ്ങൾ സമൂഹത്തിൽ സഫലമാവില്ലെന്ന് കണ്ടാൽ, അവർ ഉൾവലിയും. ഭാവനയുടെ ലോകങ്ങളിൽ മുഴുകും. അതാണ് പലായനാത്മകത. ഗൃഹാതുരത (nostalgia). തന്റെ ജന്മഗൃഹം മറ്റേതോ ലോകമാണെന്ന ചിന്ത കാല്പനികർക്കുണ്ടാവും. അവിടേക്ക് മടങ്ങാനുള്ള വേദനകലർന്ന ആഗ്രഹം കവിതയിൽ കേൾക്കാം. ഇതാണ് ഗൃഹാതുരത. പ്രകൃതിയോടുള്ള പ്രണയം- പ്രകൃതപാസകത്വം, പ്രകൃതിയിലേക്ക് മടങ്ങൽ (return to nature) എന്ന സങ്കല്പങ്ങൾ കാല്പനികതയുടെ പ്രത്യേകതയായിരുന്നു. പാശ്ചാത്യകവികളായ വേഡ്സ്വർത്ത്, ബൈറൺ, കോൾറിഡ്ജ്, ഷെല്ലി കീറ്റ്സ് എന്നിവരെപ്പോലെ സ്വന്തം അനുഭവലോകത്തിലൂടെ വായനക്കാരുടെ അനുഭൂതികളെ ആർദ്രമാക്കിയ കവിയാണ് ചങ്ങമ്പുഴ. മലയാളത്തിലെ എക്കാലത്തെയും മികച്ച കാല്പനിക കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇടപ്പള്ളിയും ചങ്ങമ്പുഴയും തങ്ങളുടെ കവിതകളിലൂടെ കാല്പനികതയുടേതായ ഒരു പുതിയ കാവ്യമാതൃക അവതരിപ്പിച്ചു. സാഹിത്യത്തിന് വലിയ സംഭാവനകൾ നല്കി. രണ്ടുപേരും അകാലത്തിൽ പൊലിഞ്ഞുപോയി. രാഘവൻപിള്ള ആത്മഹത്യയിലൂടെയും, ചങ്ങമ്പുഴ രോഗത്തിന് കീഴടങ്ങിയും മരിച്ചു. പ്രണയത്തെ പ്രമേയമാക്കിയ അവർ ദുഃഖത്തെ ആഘോഷമാക്കി, മരണത്തെ മധുരമാക്കി. സ്വരരാഗസുധ’ എന്ന സമാഹാരത്തിൽ വന്ന മനസ്വിനിയുടെ രചനാകാലം 24-02-1947 എന്ന് വ്യക്തമാണ്. ചങ്ങമ്പുഴയുടെ ജീവിതത്തിന്റെ അവസാനകാലം കഠിനമായ ക്ഷയരോഗവും വാതവും പിടിപെട്ട്, വേദനിച്ചുകൊണ്ട് കിടപ്പിലായിരുന്നു. അദ്ദേഹം സാമ്പത്തികമായും മാനസികമായും തകർന്നിരുന്നു. അപ്പോൾ സഹായിക്കാനും പരിചരിക്കാനും നിന്ന ഭാര്യയുടെ വിഷമതകൾ കവി കണ്ടു. വലിയൊരു കുറ്റബോധത്തിൽപ്പെട്ടു കവി. കിടക്കയിലിരുന്നുകൊണ്ട്, അവസാനമെഴുതിയ കവിതയാണ് മനസ്വിനി അതിനെക്കുറിച്ച് ചങ്ങമ്പുഴതന്നെ കുറിച്ചു. “സുശീലയായ എന്റെ ഭാര്യയുടെ അതിരറ്റ സ്നേഹവും സഹനശക്തിയും എന്റെ മനോമണ്ഡലത്തിന്റെ ഓരോകോണിനെപ്പോലും ഇളക്കിമറിച്ചിട്ടുണ്ട്. എന്റെ ദീനശയ്യയിൽ അവളുടെ പരിചരണം എന്റെ ഹൃദയത്തെ എന്തെന്നില്ലാതെ മഥിച്ചതിന്റെ ഫലമാണ് ഈ കവിത”. ഇടപ്പള്ളി രാഘവൻപിള്ള, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, വൈലോപ്പിള്ളി ശ്രീധരമേനോൻ, തുടങ്ങിയവർ സമകാലികരായായിരുന്നു. |
Key words
കാല്പനിക കവിത, ഗാനാത്മകത, വാങ്മയചിത്രം, ആത്മരതി, കാല്പനിക വേദന, ബിംബാത്മക്ത.
2.3.1. Content
വരികൾ
മഞ്ഞത്തെച്ചി പൂങ്കുലപോലെ……..
……..നിർവൃതി തൻ പൊൻകതിർപോലെ! (4 വരി)
അർത്ഥ വിശദീകരണം
മഞ്ജിമ വിടരും പുലർകാലേ =മനോഹരമായ ഒരു പ്രഭാതത്തിൽ
നീയെന്മുന്നിൽ =നീ എന്റെ മുന്നിൽ നിന്നു.
നിർവൃതിതൻ പൊൻകതിർപോലെ!=നിർവൃതിയുടെ സുവർണ്ണ പ്രകാശം പോലെ നിർവൃതി =സുഖവും തൃപ്തിയും ആശ്വാസവുമുള്ള അവസ്ഥ.
ആശയ വിശദീകരണം
മഞ്ഞത്തെച്ചിയുടെ പൂങ്കുലപോലെ, മനോഹരമായ ഒരു പ്രഭാതം. നിർവൃതിയുടെ സുവർണ്ണ പ്രകാശം പോലെ ലളിതേ, നീ എന്റെ മുന്നിൽ നിന്നു. ഉപമകളിലൂടെ, സാദൃശ്യകല്പനകളിലൂടെ, പ്രേമാനുഭൂതിയുടെ അനുഭവം കവി പകർന്നു നല്കുന്നു.
വരികൾ
ദേവനികേത …….
……….സന്നോജ്ജ്വലമൊരു കൊടി പാറി (4 വരി).
അർത്ഥ വിശദീകരണം
ദേവനികേത ഹിരണ്മയമകുടം =ദേവാലയത്തിലെ സ്വർണ്ണതാഴികക്കുടം മേവീദൂരെദ്യുതിവിതറി =ദൂരെ ശോഭ പരത്തി നില്ക്കുന്നു
സന്നോജ്ജ്വലമൊരു കൊടിപാറി =ഉജ്ജ്വലമായ ഒരു കൊടി പാറിക്കളിക്കുന്നു ഹിരണ്മയമകുടം =സ്വർണ്ണതാഴികക്കുടം.
ആശയ വിശദീകരണം
ദൂരെ, ദേവാലയത്തിലെ സ്വർണ്ണതാഴികക്കുടം ശോഭ പരത്തി നില്ക്കുന്നത് കാണാം. ദേവാലയത്തിലെ, സ്വർണ്ണ കൊടിമരത്തിന്റെ മുകളിൽ വലുതും പലനിറമുള്ളതുമായ കൊടി പാറിക്കളിക്കുന്നു. വർണ്ണമേഘങ്ങൾ ആകാശത്തിൽ കാണപ്പെട്ടു.
വരികൾ
നീലാരണ്യ നിചോള …
…….. കളകളമിളകീ കാടുകളിൽ. – (8 വരി)
അർത്ഥ വിശദീകരണം
നീലാരണ്യം = നീലക്കാട്
നിചോളം = മൂടുപടം
നിവേഷ്ടിതം = ചുറ്റപ്പെട്ട, മൂടിയ
നീഹാരാർദ്രം = മഞ്ഞണിഞ്ഞ
ആശയ വിശദീകരണം
നീലക്കാടുകൾകൊണ്ട് മൂടുപടമിട്ട, മഞ്ഞണിഞ്ഞ മഹാപർവ്വതങ്ങൾ, അതിൽ, ശുദ്ധജലവുമായി ഒഴുകിവരുന്ന കന്യക-ജലകന്യക നദി പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് ശോഭിക്കുന്നു. പർവ്വതത്തിലൂടെ ഒഴുകുന്ന നദി സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്നു. അതു കണ്ടാൽ സ്വർണ്ണക്കതിരുകൾകൊണ്ട് ജലകന്യക കണിവെയ്ക്കുകയാണ് എന്നു തോന്നും. അദൃശ്യശരീരികളായ, സൗന്ദര്യമുള്ള വനദേവതകൾ കലയുടെ വീണക്കമ്പികൾ മീട്ടും മട്ടിൽ, സംഗീതം ആലപിക്കുവിധം, കളകള ശബ്ദത്തോടെ കാടുകളിൽ ഇളകിക്കൊണ്ടിരുന്നു.
വരികൾ
മഞ്ഞല മാഞ്ഞിളവൊളിയിൽ
………തത്തി ലസിച്ചു മമ മുന്നിൽ. – (6 വരി).
അർത്ഥ വിശദീകരണം
ഈറൻ തുകിലിൽ = നനഞ്ഞ വസ്ത്രത്തിൽ
പൊന്നല = സ്വർണ്ണത്തിന്റെ ഇളക്കം
മിഥ്യാവലയിതം = മിഥ്യകൊണ്ടു വലയം ചെയ്യപ്പെട്ടു
സത്യോപമരുചി = സത്യത്തോട് ഉപമിക്കാവുന്ന വിധമുള്ള
ആശയ വിശദീകരണം
മഞ്ഞ് മാറി. ഇളവെയിൽ വന്നു. ഇളം കാറ്റേറ്റ് കാടുകളിൽ ഇലകളിളകി. സൂര്യകിരണങ്ങൾ ശോഭയോടെ, ഇലകളുടെ മർമര ശബ്ദത്തോടൊപ്പം ഒഴുകി. നനഞ്ഞ വസ്ത്രത്താൽ മറയ്ക്കപ്പെട്ടതും, സ്വർണ്ണത്തിന്റെ ശോഭനിറഞ്ഞതുമായിരുന്നു നിന്റെ ശരീരം, അത്, മിഥ്യകൊണ്ടു പൊതിഞ്ഞ സത്യമെന്നവിധം ഞാൻ കണ്ടു.
വരികൾ
ദേവദയാമയ മലയജശകലം………
ക്കാണായ്പ്പരിചൊടു കുറുനിരകൾ. – (4 വരി)
അർത്ഥ വിശദീകരണം
ദേവദയാമയം = ദേവന്മാരുടെ ദയകൊണ്ട്
മലയജശകലം = പർവ്വതത്തിൽ ജനിച്ച ചന്ദനത്തിന്റെ ശകലം
താവിയ = പൂശിയ
കുളിർനിടിലത്തിൽ = കുളിർമ്മയുള്ള നെറ്റിയിൽ
ആശയ വിശദീകരണം
ദേവന്മാരുടെ ദയകൊണ്ട് പർവ്വതത്തിൽ ജനിച്ച ചന്ദനം. ആ ചന്ദനം അല്പം പൂശിയ അവളുടെ കുളിർനെറ്റിയിൽ കാർവണ്ടുകളുടെ നിരപോലെ ചുരുൾമുടികൾ കണ്ടു.
വരികൾ
സത്വഗുണശ്രീ ചെന്താമര മലർ
……….. ചന്ദ്രിക പെയ്തു നിൻവദനം. (4 വരി)
അർത്ഥ വിശദീകരണം
ചെന്താമരമലർ = നല്ലവണ്ണം വിടർന്ന ചുവന്ന താമര,
ചടുലോല്പല ദളയുഗളം ചൂടി = ഇളകുന്ന താമരദളങ്ങൾ പോലെയുള്ള കണ്ണുകളുള്ള,
ആശയ വിശദീകരണം
പുഞ്ചിരിച്ച് വിടരുന്ന ചുവന്ന താമരയിൽ എന്ന പോലെ, മനോഹരവും ഇളകുന്നതുമായ താമരദളങ്ങൾ പോലെയായിരുന്നു അവളുടെ കണ്ണുകൾ. അവളുടെ മുഖം, നിലാവു പരത്തുന്ന ചന്ദ്രനെപ്പോലെ കാണപ്പെട്ടു.
വരികൾ
ഒറ്റപ്പത്തിയൊടായിരമുടലുകൾ…
……….അലർ ചൂടിയ നിൻ ചികുരഭരം! (6 വരി)
അർത്ഥ വിശദീകരണം
ചന്ദനലതയിലധോമുഖശയനം = ചന്ദനമരത്തിൽ തലകീഴായി കിടക്കുന്നപോലെ.
ആശയ വിശദീകരണം
ഒറ്റപ്പത്തിയും, ചുറ്റിപ്പിണഞ്ഞ ആയിരം ശരീരങ്ങളുമുള്ള ഒരു മണിനാഗം ചന്ദനമരത്തിൽ തലകീഴായി കിടക്കുന്നപോലെ, ചെറിയൊരു പനിനീർപ്പൂവ് ചൂടിയതായിരുന്നു അവളുടെ നീണ്ട, ഇടതൂർന്ന തലമുടി. തലമുടിയുടെ താഴെയറ്റം ചെറുതായി കെട്ടിവച്ചിരിക്കുന്നു. അതിൽ ചെറിയൊരു പനിനീർപ്പൂവ് ചൂടിയിരിക്കുന്നു.
പ്രതീകഭാഷ
നീണ്ട, ഇടതൂർന്ന തലമുടി. തലമുടിയുടെ താഴെയറ്റം ചെറുതായി കെട്ടിവച്ചിരിക്കുന്നു. അതിൽ ചെറിയൊരു പനിനീർപ്പൂവ് ചൂടിയിരിക്കുന്നു. എന്നതിനുപകരമായി, ഒറ്റപ്പത്തിയും, ചുറ്റിപ്പിണഞ്ഞ ആയിരം ഉടലുകളുമുള്ള ഒരു സർപ്പം ചന്ദനമരത്തിൽ തലകീഴായി കിടക്കുന്നപോലെ എന്ന ഉപമ പ്രയോഗിച്ചിരിക്കുന്നു. ചെറിയൊരു പനിനീർപ്പൂവ് ചൂടിയതായിരുന്നു അവളുടെ ഭാരമുള്ള തലമുടി. ചന്ദനമരം എന്ന കല്പന ഭാര്യയുടെ ശരീരത്തെക്കുറിക്കുന്നു. തലമുടിയുടെ കെട്ടിയ താഴെയറ്റം സർപ്പശിരസ്സായും, തലകീഴായി കിടക്കുന്ന ചുറ്റിപ്പിണഞ്ഞ ആയിരം ഉടലുകൾ, നീണ്ട, ഇടതൂർന്ന തലമുടിയായും സങ്കല്പിച്ചിരിക്കുന്നു.
വരികൾ
ഗാനംപോൽ, ഗുണകാവ്യം പോൽ……
……..ചോരതുളുമ്പിയ മമ ഹൃത്തിൽ. (6 വരി)
അർത്ഥ വിശദീകരണം
തുഷ്ടിതുടിക്കും = സന്തോഷം നിറഞ്ഞ
ആശയ വിശദീകരണം
ഒരു ഗാനം പോലെ, ഗുണകരമായ കാര്യം പോലെ, സഖി നിന്നെ ഞാനോർത്തു. എന്റെ സന്തോഷം നിറഞ്ഞ ഹൃദയത്തിൽ ഒരു ചെറിയ കവിത വിടർന്നു. ചോരതുളുമ്പുന്ന എന്റെ ഹൃദയത്തിൽ ചുവന്ന അനുരാഗപൂർണ്ണമായ ഒരു ചെറിയ കവിത വിടർന്നു.
വരികൾ
മലരൊളി തിരളും……….
………എന്നെ മറന്നു ഞാൻ. – (4 വരി)
അർത്ഥവിശദീകരണം
മലരൊളിതിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി – പൂക്കളുടെ ശോഭനിറഞ്ഞ തേൻ നിലാവിൽ, മഴവില്ലിന്റെ മുനമുക്കി., എഴുതാനുഴറി കല്പന ദിവ്യമൊരഴകിനെ എന്നെ മറന്നു ഞാൻ – ആ ദിവ്യസൗന്ദര്യത്തെ കവിതയാക്കി എഴുതാൻ ഞാൻ പ്രയാസപ്പെട്ടു. ഞാൻ എന്നെത്തന്നെ മറന്നു.
ആശയ വിശദീകരണം
പൂക്കളുടെ ശോഭനിറഞ്ഞതേൻനിലാവിൽ, മഴവില്ലിന്റെ മുനമുക്കി, ആ ദിവ്യസൗന്ദര്യത്തെ കവിതയാക്കി എഴുതാൻ ഞാൻ പ്രയാസപ്പെട്ടു. ഞാൻ എന്നെത്തന്നെ മറന്നു.
വരികൾ
മധുരസ്വപ്നശതാവലി …
……….വിദ്യുന്മേഖല പൂകീ ഞാൻ. – (4 വരി)
അർത്ഥ വിശദീകരണം
അദ്വൈതാമലഭാവസ്പന്ദിതം =രണ്ടല്ലാത്തതും -അതായത് ഒന്നായതും- നിർമ്മലമായ ഏകഭാവത്താൽ തുടിക്കുന്നതും,
വിദ്യുന്മേഖല പൂകീ =ഒരു മിന്നൽപ്പിണരിന്റെ തീവഭാവങ്ങളുള്ള കാവ്യമേഖലയിലേക്ക് ഞാൻ എത്തി.
ആശയ വിശദീകരണം
നൂറുകണക്കിന് സുന്ദര സ്വപ്നങ്ങൾ പൂത്തുനില്ക്കുന്ന ഒരു മായാലോകത്ത് ഞാൻ എത്തിച്ചേർന്നു. ഏകമായതും നിർമ്മലവുമായ ഒരു ഭാവത്താൽ സ്പന്ദിക്കപ്പെട്ട ഒരു മിന്നൽപ്പിണരിന്റെ തീവഭാവം നിറഞ്ഞ കാവ്യമേഖലയിലേക്ക് ഞാൻ എത്തി.
വരികൾ
രംഗം മാറി കാലം പോയി
………കോലം കെട്ടിയ മട്ടായി. – (6 വരി)
അർത്ഥ വിശദീകരണം
ഭംഗം വന്നു ഭാഗ്യത്തിൽ = ഭാഗ്യം നഷ്ടപ്പെട്ടു,
കൊടിയ വസൂരിയിലുഗ്രവിരൂപത = കടുത്ത വസൂരിവന്ന് നിന്റെ ശരീരം വിരൂപമായി.
ആശയ വിശദീകരണം
ആ സംഭവങ്ങൾ കഴിഞ്ഞു. കാലം കുറേ കടന്നുപോയി. ഭാഗ്യം നഷ്ടപ്പെട്ടു. നിന്റെ ശരീരം കടുത്ത വസൂരി വന്ന് വിരൂപമായി. ശാലീന സുന്ദരിയായിരുന്ന നീ ഒരു കോലത്തെപ്പോലെയായി
വരികൾ
മുകിലൊളിമാഞ്ഞു …..
……..കാതുകൾ പോയീ കേൾക്കാനും. – (6 വരി)
അർത്ഥ വിശദീകരണം
മുകിലൊളി = മേഘവർണ്ണം,
മുഖമതി വികൃതകലാമൃതമായ് = മുഖം വസൂരിക്കലകളാൽ വളരെ വികൃതമായി.
ആശയ വിശദീകരണം
നിന്റെ സൗന്ദര്യം നശിച്ചു. മുടിയിഴകൾ കൊഴിഞ്ഞു. മുഖം വസൂരിക്കലകളാൽ വികൃതമായി. ശരീരം ഇരുണ്ടു. ഭംഗി പോയി. അവളുടെ ശരീരം ഒരു തൊണ്ടു പോലായി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കേഴ് വി ശക്തിയും നഷ്ടപ്പെട്ടു.
വരികൾ
നവനീതത്തിനു …..
………കടുതലരാകിന വടുനിരകൾ. (4 വരി)
അർത്ഥ വിശദീകരണം
നവനീതത്തിനു നാണമണയ്ക്കും = പുതുവെണ്ണയ്ക്ക് നാണം തോന്നിപ്പിക്കുന്ന
കഠിനം ചീന്തിയെറിഞ്ഞാരടിമുടി = അടിമുടി എല്ലാം ചീന്തിയെറിഞ്ഞു
കടുതലരാകിന വടുനിരകൾ = കടുത്ത, കറുത്ത അടയാളങ്ങൾ.
ആശയ വിശദീകരണം
പുതുവെണ്ണയ്ക്ക് നാണം തോന്നുന്നത്ര മൃദുലമായിരുന്നു അവളുടെ ശരീരം. ആ മൃദുലതയെല്ലാം കടുത്ത, കറുത്ത അടയാളങ്ങൾ ചീന്തിയെറിഞ്ഞു.
വരികൾ
ജാതകദോഷം! വന്നെന്തിന്നെൻ
……പദവികൾ വാഴ്ത്തി നടുങ്ങീ ഞാൻ – (6 വരി)
ആശയ വിശദീകരണം
നിന്റെ ജാതകദോഷമായിരിക്കാം എന്റെ ഭാര്യയായി നീ വരാൻ കാരണം. പല സുന്ദരികളും എന്റെ ജീവിതത്തിൽ വന്നു. അവർക്കെല്ലാം എന്റെ പണം മാത്രം മതിയായിരുന്നു. എന്റെ പദവികൾ വാഴ്ത്തിക്കൊണ്ട് പല സുന്ദരികളും എന്നോടൊത്തുകൂടി. അവയെല്ലാം കേട്ട് ഞാൻ നടുങ്ങി.
വരികൾ
കിന്നരകന്യക പോലെ …..
………..പൊന്നോടക്കുഴലാണല്ലോ. – (6 വരി)
അർത്ഥ വിശദീകരണം
കിന്നരകന്യക പോലെ – ദേവഗണത്തിലെ ഒരു ഗായികയെപ്പോലെ.
ആശയ വിശദീകരണം
ഒരു കിന്നരകന്യകയെപ്പോലെ ചിരിച്ചുകൊണ്ട് എന്റെ മുന്നിലെത്തിയ നീ മാത്രം പറഞ്ഞത്: “എനിക്ക് അങ്ങയുടെ ഓടക്കുഴൽ മാത്രം മതി. അത് എനിക്ക് പൊന്നോടക്കുഴലാണ്” എന്നാണ്. നിന്റെ പുല്ലാങ്കുഴൽ എനിക്ക് ഒരു പൊന്നോടക്കുഴലാണ്.
വരികൾ
പുളകമണിഞ്ഞിട്ടുടനടി ….
………മന്നവനല്ലോ, മമ നാഥേ! – (4 വരി)
അർത്ഥ വിശദീകരണം
യുവ നൃപനായ് = യുവരാജാവായി
മമ നാഥേ = എന്റെ പ്രിയേ
ആശയ വിശദീകരണം
എന്റെ പ്രിയേ, അതുകേട്ട് ഞാൻ പുളകിതനായി. ഞാനൊരു യുവരാജാവായി. ഒരു പുതിയ ലോകം എന്റെ മുന്നിലെത്തി. ഞാനിന്ന് ആ നാടുഭരിക്കുന്ന രാജാവാണല്ലോ.
വരികൾ
നീയോ നിഹതേ, നീയോ? …..
ഭംഗിയിണങ്ങിയ പുഞ്ചിരികൾ. (6 വരി)
അർത്ഥ വിശദീകരണം
നിഹത – നിശ്ശേഷം തകർന്ന
ആശയ വിശദീകരണം
നിന്റെ അവസ്ഥയോർത്ത് എന്നും എന്റെ ഹൃദയം നീറുന്നു. നിനക്ക് കണ്ണുകളില്ല. കേൾക്കാനും കഴിയില്ല. എങ്കിലും ഞാൻ തിണ്ണയിലേക്ക് കാലുകുത്തുമ്പോൾ, നിന്റെ ചൂണ്ടിൽ ഭംഗിയുള്ള പുഞ്ചിരികൾ വിരിയുന്നത് എങ്ങനെയാണ്?
വരികൾ
അന്ധതകൊണ്ടും ഭവനം …..
………….തപ്പുന്നോ പിന്നിരുളിതിൽ ഞാൻ. (4 വരി)
ആശയ വിശദീകരണം
കാണാൻ കഴിയില്ലെങ്കിലും, ജീവിതം ഇരുട്ടിലാണെങ്കിലും വീടിനെ സേവനത്തിന്റെ പൊൻതിരികൾ കൊണ്ട് നീ മനോഹരമാക്കുന്നു. നീ പകരുന്ന ആ വെളിച്ചം കാണാതെ ഞാൻ ഇരുട്ടിൽ തപ്പുകയായിരുന്നു.
വരികൾ
ദുർവാസനകളിടയ്ക്കിടെയെത്തി …..
……ടൊടുവിൽ-ശക്തി തരുന്നു നീ. (4 വരി)
ആശയ വിശദീകരണം
ഇടയ്ക്കിടെ ചില ദുർവാസനകൾ- ദുഃശീലങ്ങൾ എന്നിലേക്ക് കടന്നുവരും, അത് എത്ര കരുത്തെടുത്താലും നീ തരുന്ന ശക്തികൊണ്ട് ഒടുവിൽ അവയെല്ലാം പരാജയപ്പെടുന്നു.
വരികൾ
പ്രതിഷേധസ്വരമറിയാതെ……..
..ചിന്ത വരട്ടിയ വീർപ്പലകൾ?. (8 വരി)
അർത്ഥ വിശദീകരണം
പ്രതിഷേധസ്വരമറിയാതെഴുമപ്രതിമഗുണാർദ്ര മനസ്വിനി നീ!- ഒരിക്കലും പ്രതിഷേധസ്വരം ഉയർത്താത്ത അതുല്യഗുണവും ആർദ്ര മനസ്സുള്ളവളുമാണ് നീ.
ആശയ വിശദീകരണം
എന്റെ വഴിവിട്ട ജീവിതം കണ്ട് ഒരിക്കലും പ്രതിഷേധസ്വരം ഉയർത്താത്ത അതുല്യഗുണവും ആർദ്ര മനസ്സുള്ളവളുമാണ് നീ. എങ്കിലും നിന്റെ ഹൃദയത്തിൽ എന്തോ ദുഃഖമുണ്ടെന്ന് ഞാനറിയുന്നു. ഭാവങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത നിന്റെ മുഖത്തെ ചുളിവുകളിൽ ചിലപ്പോൾ വേദനിപ്പിക്കുന്ന നെടുവീർപ്പുകൾ ഉണ്ടാകാറില്ലേ?
വരികൾ
നിൻ കവിളമലേ, നനയുന്നീ…
പിടികിട്ടാത്തൊരു വേദനയിൽ. (14 വരി)
അർത്ഥ വിശദീകരണം
കാട്ടാളൻ കണയെയ്തൊരു പൈങ്കിളി കാതരമായിപ്പിടയുമ്പോൾ – കാട്ടാളന്റെ അമ്പേറ്റ പക്ഷി മരണവേദനയാൽ പിടയുന്നപോലെ
ആശയ വിശദീകരണം
പരിശുദ്ധയായവളേ, ഒറ്റപ്പെടലിന്റെ വേളകളിൽ നിന്റെ കവിളുകൾ നനയാറില്ലേ? നിന്റെ ഇപ്പോഴത്തെ അവസ്ഥകളോർത്ത് നീ കരയാറില്ലേ? ഇടവപ്പാതിക്കാലം. പേമഴയും കൊടുങ്കാറ്റുമുള്ള രാത്രി. നിലാവുള്ള രാത്രിയിലെന്നതുപോലെ, ശാലിനിയായ നീ ശാന്തമായി ഉറങ്ങുന്നു. അപ്പോൾ, അകലെ നമുക്കറിയാത്ത സമുദ്രത്തിന് അകത്തുള്ള ഗുഹകളിൽനിന്ന് മനസ്സിന്റെ അബോധതലങ്ങളിൽ നിന്ന് ഒരു ശബ്ദം വർദ്ധിച്ച് വർദ്ധിച്ച് വരുന്നപോലെ എന്തോ ഒന്ന് സിരകളെ വിറപ്പിക്കുന്നു. കാട്ടാളന്റെ അമ്പേറ്റ പക്ഷി മരണവേദനയാൽ പിടയുന്നപോലെ, നിന്റെ മുറിവേറ്റ മനസ്സ് എന്തെന്നറിയാത്തൊരു വേദനയാൽ പിടയാറില്ലേ?
വരികൾ
വർണം, നിഴലു, വെളിച്ചം, ….
………മെല്ലാ, മിരുളാണിരുൾ മാത്രം. (6 വരി)
അർത്ഥവി ശദീകരണം
തൈജസകീടം = മിന്നാമിനുങ്ങ്
ആശയ വിശദീകരണം
ഇന്ന് നിന്റെ ലോകത്ത് നിറമില്ല. നിഴലില്ല. വെളിച്ചവും, നാദവും ഇല്ല. നിന്റെ ജീവിതം ഒരു ഇരുണ്ട പാതാളമായിരിക്കുന്നു. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും ആ ലോകത്തിലില്ല.
വരികൾ
മമതയിലങ്ങനെ നിന്നരികേ ….
………..മെല്ലാ,ണെന്തൊരു ഹതഭാഗ്യം. (6 വരി)
ആശയ വിശദീകരണം
സ്നേഹത്തോടെ, ഞാൻ നിന്റെ അരികിൽ വന്നുനില്ക്കുന്ന സമയം മാത്രം. നീലനിലാവിൽ, വനത്തിൽ നിഴലുകൾ ആടിക്കളിക്കുന്നപോലെ ആ കുറഞ്ഞ സമയം മാത്രം നിന്റെ മനസ്സിൽ ചില നിഴലനക്കങ്ങൾ ഞാൻ കാണുന്നു. ബാക്കി സമയം മുഴുവനും, കഷ്ടം, നീ, എന്തൊരു ഭാഗ്യമില്ലാത്തവളാണ്.
വരികൾ
നിൻകഥയോർത്തോർത്തെൻ …..
മുരളീ മൃദുരവമൊഴുകട്ടേ. (8 വരി)
ആശയ വിശദീകരണം
നിന്റെ ജീവിതത്തെക്കുറിച്ചോർത്ത് എന്റെ മനസ്സുരുകുന്നു. അതൊരു സങ്കല്പമായി വിലയം പ്രാപിക്കുന്നു, അലിയുന്നു. മനസ്സിൽ ഏതോതരം സന്തോഷമായ് ആ ദുഃഖം മാറുന്നു. വേദന, ലഹരിപിടിപ്പിക്കുന്ന വേദന, ആ വേദനയിൽ ഞാൻ മുഴുകട്ടേ. ആ വേദന കവിതയായൊഴുകട്ടേ.
മനസ്വിനിയിലെ കഥാപാത്രങ്ങൾ കവിയും ഭാര്യയും തന്നെ. രണ്ടു കാലങ്ങളിലെ രണ്ടു സന്ദർഭങ്ങളെയാണ് കവി മനസ്വിനിയിൽ അവതരിപ്പിക്കുന്നത്. ഒന്ന് സന്തോഷത്തിന്റേതും മറ്റൊന്ന് സങ്കടത്തിന്റേതും. അവയെ കവിതയിൽ വിദഗ്ദ്ധമായി ഇഴചേർത്തിരിക്കുന്നു. കവിയുടെ ദാമ്പത്യജീവിതമാണ് പ്രമേയം. വ്യക്ത്യനുഭവങ്ങളെ അവതരിപ്പിക്കുമ്പോഴും ഭാവനകൊണ്ട് യാഥാർഥ്യത്തെ മറികടന്നിരിക്കുന്നു. സന്ദർഭത്തിനിണങ്ങുന്ന വിരുദ്ധവികാരങ്ങളും കവിയുടെ കുറ്റബോധവും സഹതാപവും കവിതയിൽ സമന്വയിക്കുന്നു. കാലങ്ങൾ കഴിഞ്ഞു. ഭാര്യയ്ക്ക് കടുത്ത രോഗബാധയുണ്ടായി. കാഴ്ചയും കേഴ് വിയും നഷ്ടപ്പെട്ട്, വിരൂപമായ ശരീരത്തോടെ ഒരു മരവിച്ച ജീവിതം അവൾ നയിക്കുന്നതായി കവി സങ്കല്പ്പിക്കുന്നു. കവി ജീവിതത്തിൽ മിക്കപ്പോഴും ഭാര്യയെ അവഗണിച്ചിരുന്നു. അന്യസ്ത്രീകളുമായി ജീവിതസുഖങ്ങൾ പങ്കുവെച്ചിരുന്നു. ആ സുഖലോലുപതയിൽ പണമെല്ലാം അന്യസ്ത്രീകൾ കൊണ്ടുപോയി കൂടെ നിന്നവരെല്ലാം, ചങ്ങമ്പുഴ രോഗിയായപ്പോൾ അദ്ദേഹത്തെ അവഗണിച്ചു. ആശുപത്രിക്കിടക്കയിൽ കൊടിയ യാതനയും വേദനയും സഹിച്ച് കവി കിടന്നു. അപ്പോൾ പരിചരിക്കാൻ ഭാര്യ മാത്രമായി. ആരും തിരിഞ്ഞുനോക്കിയില്ല.തന്റെ സമൃദ്ധിയുടെ കാലത്ത്, താൻ അവഗണിച്ച ഭാര്യ, എല്ലാവരും ഉപേക്ഷിച്ചുപോയ പ്രതിസന്ധിഘട്ടത്തിൽ, യാതൊരു പരിഭവവും കൂടാതെ പരിചരിച്ചിരുന്നത് കവിയിൽ വലിയ കുറ്റബോധമുണ്ടാക്കി. അവളോടുള്ള തന്റെ ചെയ്തികളോർത്ത് അവൾ കരഞ്ഞിട്ടുണ്ടാവാമെന്ന് കവി കരുതുന്നു. വേദനയുടെ മൂർദ്ധന്യത്തിൽ നിന്നുകൊണ്ട്, സന്തോഷത്തിന്റേതും സന്താപത്തിന്റേതുമായ ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളെ ചങ്ങമ്പുഴ അവതരിപ്പിക്കുന്നു. ദാമ്പത്യത്തിന്റെ ആരംഭവും അവസാനവും മനസ്വിനി എന്ന ഈ കവിതയിൽ വിരുദ്ധശക്തികളായി നിലകൊള്ളുന്നു.
Recap
|
Objective Questions
|
Answers
|
Assignment topic
|
References
1. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ പ്രേമഭാജനം- എം.കെ.സാനു 2. മാറ്റൊലി – പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 3. മലയാളകവിതാ സാഹിത്യചരിത്രം – എം.ലീലാവതി 4. വർണ്ണരാജി – എം.ലീലാവതി 5. കാല്പനികത മലയാള കവിതയിൽ – ഡി.ബഞ്ചമിൻ 6. കവിതയിലെ പുതുവഴികൾ – നെല്ലിക്കൽ മുരളീധരൻ |
E- content
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചിത്രം
|