Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 5

കടമ്മനിട്ട

                                                കടമ്മനിട്ട രാമകൃഷ്ണൻ

Learning Outcomes

  • ആധുനികതാപ്രസ്ഥാനത്തെക്കുറിച്ചുള്ള സാമാന്യ ധാരണ.
  • കടമ്മനിട്ട രാമകൃഷ്ണൻ എന്ന കവിയെയും കവിതകളെയും പരിചയപ്പെടുന്നു.
  • കടമ്മനിട്ട എന്ന കവിതയെ സവിശേഷമായി മനസ്സിലാക്കുന്നു.
  • അസ്തിത്വദുഃഖം, വ്യർത്ഥതാബോധം, അന്യതാബോധം, ദുരന്താവബോധം, ശൂന്യതാവാദം മുതലായവ ആധുനിക സാഹിത്യത്തിന്റെ സവിശേഷതകളാണ് എന്ന തിരിച്ചറിവ്.
  • ഗദ്യരൂപത്തി(blank verse)ലേക്ക് മാറിയ കാവ്യ രചനാരീതിയെ മനസ്സിലാക്കുന്നു.
  • പ്രതീകങ്ങളും ആദിരൂപങ്ങളും ആധുനിക ബിംബങ്ങളും വ്യക്തിബിംബങ്ങളും കവിതയിൽ കടന്നുവരുന്നതിനെ പരിചയപെടുന്നു.

Prerequisites

  ആധുനികതാപ്രസ്ഥാനം മലയാളത്തിൽ ശക്തിപ്രാപിക്കുന്നത് 1960കളിലാണ്. ലോകമഹായുദ്ധാനന്തരം എവിടെയും വലിയ മൂല്യത്തകർച്ച സംഭവിച്ചു കഴിഞ്ഞിരുന്ന കാലം. രാജ്യങ്ങളുടെ അതിർത്തികൾ ഉടഞ്ഞുപോയിരുന്നു. സംസ്കാരങ്ങൾ കൂടിക്കലർന്നിരുന്നു. ജീവിതരീതികൾ പരസ്പരം സ്വാധീനിച്ചുകൊണ്ടിരുന്നകാലം. ലോകജനത ചിന്തകളിലും പെരുമാറ്റങ്ങളിലും സമാനതയുള്ളവരായി മാറിക്കൊണ്ടിരുന്ന സന്ദർഭം. സാഹിത്യത്തിലും കലകളിലും ചില പൊതുവീക്ഷണങ്ങൾ രൂപപ്പെട്ടുകൊണ്ടിരുന്നു. അരക്ഷിതത്വം നിറഞ്ഞ സാഹചര്യങ്ങളും, തൊഴിലില്ലായ്മയുടെ വർദ്ധനവും, ഒരുനല്ലകാലം പ്രത്യാശിക്കാൻ കഴിയാതെ വിഷമിച്ച യുവത്വത്തിന്റെ പ്രതിസന്ധികളും സമൂഹത്തിൽ വർദ്ധിച്ചുവന്ന കാലം. അവ നമ്മുടെ സംസ്കാരത്തിലും അവയുടെ പ്രതിഫലനമായ സാഹിത്യത്തിലും കലകളിലും മുദ്രകൾ പതിപ്പിച്ചുതുടങ്ങി.

    ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്ത ദർശനങ്ങൾ ആധുനികതയ്ക്ക് ഊർജ്ജം പകർന്നു. അസ്ഥിത്വദുഃഖം, വ്യർത്ഥതാബോധം, അന്യതാബോധം, ദുരന്താവബോധം, ശൂന്യതാവാദം തുടങ്ങിയവയെല്ലാം അതിന്റെ ലക്ഷണങ്ങളായിരുന്നു. സോറൻ കീർക്കെഗോർ, ഴാങ് പോൾ സാർത്രേ, അബെർ കാമ്യു, ഫ്രഡറിക് നീഷെ, ഫ്രാൻസ് കാഫ്ക തുടങ്ങിയവരായിരുന്നു ആധുനികതയുടെ പ്രധാന ചിന്തകർ. അറുപതുകളിലും എഴുപതുകളിലും രചിക്കപ്പെട്ട മലയാള കവിതയുടെ രൂപഭാവങ്ങളെ ആധുനികത അടയാളപ്പെടുത്തി. ആധുനികതയുടെ വക്താക്കളായി അക്കിത്തം, എൻ.വി, മാധവൻ അയ്യപ്പത്ത്, കെ.അയ്യപ്പപണിക്കർ, എൻ.എൻ. കക്കാട്, ആറ്റൂർ തുടങ്ങിയവർ അറിയപ്പെട്ടു. മാധവൻ അയ്യപ്പത്തിന്റെ മണിയറക്കവിതകളാണ് ഇതിന് തുടക്കംകുറിച്ചത്. അയ്യപ്പപണിക്കരുടെ കുരുക്ഷേത്രവും എൻ.എൻ.കക്കാടിന്റെ നഗരകവിതകളും മാറുന്ന കാലത്തിന്റെ മുദ്രകളെ വാക്കുകളുടെ ശ്ലഥചിത്രങ്ങളാൽ പകർത്തിവച്ചു. വൃത്ത രൂപം ഉപേക്ഷിച്ച് കവിത ഗദ്യരുപത്തിൽ (Blank Verse)ലേക്ക് മാറി. സങ്കീർണ്ണവും, വൃത്തത്തിൽ പറയാൻ കഴിയാത്തതുമായ പരുക്കൻ ജീവിതാവസ്ഥകളെ ഗദ്യത്തിന്റെ പത്രഭാഷകൾക്ക് ഇണങ്ങുംവിധം അവതരിപ്പിക്കാൻ അവർ ശ്രമിച്ചു. പ്രതീകങ്ങളും ആദിരൂപങ്ങളും ആധുനിക ബിംബങ്ങളും വ്യക്തിബിംബങ്ങളും കവിതയുടെ ഘടനയിൽ   കടന്നുവന്നു. ഗ്രാമസംസ്കാരത്തിന്റെ പ്രക്ഷുബ്ധ സ്വരങ്ങളുമായി കടമ്മനിട്ട അക്കാലത്ത് രംഗത്തു വന്നിരുന്നു. മലയാളകവിത ആധുനിക ഘട്ടത്തിൽ വലിയമാറ്റങ്ങൾക്ക് വേദിയായിരുന്നു.

   ദ്രാവിഡ സംസ്കാരത്തിന്റെ ചില സവിശേഷതകൾക്ക് ആധുനിക മലയാളകവിതയിൽ  പുനർജ്ജന്മം നല്കിയ കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അനുകരണങ്ങൾക്കതീതനായി നിന്നുകൊണ്ട് സ്വന്തമായൊരു ഒരു കാവ്യപാത കടമ്മനിട്ട രൂപപ്പെടുത്തി. ജന്മഗ്രാമമായ കടമ്മനിട്ടയിലും സമീപത്തുമൊക്കെ നടത്തിയിരുന്ന പടയണിയുടെ താളവിശേഷങ്ങളും ഈണങ്ങളും അനുഷ്ഠാന ആവിഷ്ക്കാരങ്ങളുടെ ചടുലതകളുമെല്ലാം കടമ്മനിട്ടക്കവിതയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. കടമ്മനിട്ട കവിതയിലെ രൗദ്രസ്ത്രീഭാവങ്ങൾ ജന്മഗ്രാമത്തിലെ ആചാരാനുഷ്ഠാനങ്ങളിലെ കാളീസങ്കല് പത്തിന്റെയും അമ്മ ദൈവരാധാനയുടെയും സ്വാധീനമുള്ളതാണ്. ദ്രാവിഡതാളങ്ങളിലൂടെ, ഗതകാലചരിത്രത്തിലെ ഗോത്ര സ്മൃതികളിലുള്ള ആദിരൂപങ്ങളോളം പഴക്കമുള്ള ബിംബങ്ങളും സ്ത്രീസങ്കല്പങ്ങളും കടമ്മനിട്ട അവതരിപ്പിക്കുന്നുണ്ട്.

      1935 മാർച്ച് 22-ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലാണ് കവി ജനിച്ചത്. 1959-മുതൽ പോസ്റ്റൽ  ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്‌ വകുപ്പിൽ ജോലിചെയ്തു. 1967 മുതൽ 1992 ൽ    വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി. 1970 കൾക്കുശേഷം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ പ്രവർത്തകനായി. ആറന്മുള നിയമസഭാമണ്ഡലത്തിൽ നിന്ന് ഒരു തവണ കേരളാ നിയമസഭാംഗമായി. കേരള ഗ്രന്ഥശാലാസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 2008 മാർച്ച് 31-ന് അന്തരിച്ചു.

  കാവ്യഭാഷാപരമായ സഭ്യതയെയും സദാചാരകാപട്യങ്ങളെയും ചോദ്യംചെയ്ത കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനിക കവിതയുടെ സവിശേഷതകളിൽ  നിന്നുകൊണ്ട്, കേരളീയവും ദ്രാവിഡീയവുമായ ഒരു കാവ്യാനുഭവം നിർമ്മിക്കുന്നതിൽ  അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യ അനുകരണമാണ് ആധുനിക കവിത എന്ന് വാദിച്ചവർപോലും കടമ്മനിട്ടക്കവിതയിലെ അന്തർഭാവങ്ങളുടെ തനിമ തിരിച്ചറിഞ്ഞു. പത്തനംതിട്ട ജില്ലയിലുള്ള കടമ്മനിട്ട എന്ന സ്വന്തം ഗ്രാമത്തെക്കുറിച്ച് എഴുതിയതാണ് ഈ കവിത. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചശേഷം, വാർദ്ധക്യത്തോടടുത്ത ഒരു ഘട്ടം. കവി തന്റെ ബാല്യകൗമാരങ്ങൾ പിന്നിട്ട, കടമ്മനിട്ടയിലെ നാട്ടുവഴികളിലൂടെയും വയലുകളിലൂടെയും കുന്നിൻചരിവുകളിലൂടെയും നടക്കുന്നു. അപ്പോൾ പോയകാലത്തെ ചില സംഭവങ്ങൾ ഓർമ്മകളിലെത്തുന്നു. ആ ഗ്രാമത്തിനു സംഭവിച്ച വേദനിപ്പിക്കുന്ന വലിയ മാറ്റങ്ങൾ കാണുന്നു. പ്രാദേശികവും സ്വകാര്യവുമായ ചില ഇമേജുകളുടെ കൂടി സമന്വയത്തിലൂടെ, അവയെ നാടകീയവും ചലനാത്മകവുമായ ഒരു ആവിഷ്കാരമാക്കി മാറ്റി കവി.

ആധുനികതയുടെ ചില കാവ്യസങ്കല്പങ്ങൾ-

അസ്തിത്വദുഃഖം– നിലനില്പിനും വ്യക്തിത്വത്തിനും പ്രാധാന്യം നല്കുന്ന ചിന്ത. വിധിയല്ല മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്. ജീവിതം അർത്ഥശൂന്യമാണ്. സാന്മാർഗ്ഗികമൂല്യങ്ങൾക്ക് പ്രസക്തിയില്ല. മരണം പിന്നിലുണ്ടെന്ന ദുഃഖചിന്ത. സോറൻ കീർക്കെഗോർ, ഴാങ് പോൾ സാർത്രേ, അൽബെർ കാമ്യു, ഫ്രഡറിക് നീഷെ, ഫ്രാൻസ് കാഫ്ക തുടങ്ങിയവരാണ് പ്രധാനചിന്തകർ.

വ്യർത്ഥതാബോധം– പ്രയോജനമില്ലാത്ത, അർത്ഥമില്ലാത്തതാണ് ജീവിതം.

അന്യതാബോധം– ഡാനിഷ് ദാർശനികനായ കീർക്കെഗോറിന്റെ ചിന്തയാണിത്. തിന്മകളും വൈപരീത്യങ്ങളും നിറഞ്ഞലോകം. മനുഷ്യൻ ഒറ്റപ്പെട്ടവനാണ്. ഭയവും ഉത്കണ്ഠയുംകൊണ്ട് മനുഷ്യന്റെ അസ്തിത്വം വേദനിക്കുന്നു. മോചനത്തിനായി ഈശ്വരനിൽ അഭയം പ്രാപിക്കുക.

ശൂന്യതാവാദം- പ്രപഞ്ചംനിയന്ത്രിക്കാൻ ദൈവമില്ല. മൂല്യമില്ലാത്ത മനുഷ്യജീവിതം. – ഇവയെല്ലാംചേർന്ന ചിന്തകൾ.

ഛന്ദോമുക്ത കവിത (blank verse)-

ആധുനിക മനുഷ്യജീവിതം സങ്കീർണ്ണമാണ്. വൃത്തത്തിൽ, താളത്തിൽ അവതരിപ്പിക്കാൻ കഴിയാത്ത പരുക്കൻ ജീവിതാവസ്ഥകളുണ്ടായി. സങ്കീർണ്ണ ജീവിതത്തിന് ഇണങ്ങുന്ന വൃത്തമുക്തമായ ഘടന, ഗദ്യത്തിന്റെ രൂപം കവിതയ്ക്ക് നല്കാൻ ശ്രമിച്ചു.

കടമ്മനിട്ടയുടെ കവിതാസമാഹാരങ്ങൾ –

കുറത്തി, കുഞ്ഞേ മുലപ്പാൽ കുടിക്കരുത്, കടമ്മനിട്ടയുടെ കവിതകൾ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കോഴി, വെള്ളിവെളിച്ചം, സൂര്യശില -ഒക്ടോവിയോ പാസിന്റെ സൺസ്റ്റോൺ എന്ന കൃതിയുടെ വിവർത്തനം, ഗോദോയെകാത്ത് (നാടകം) – സാമുവൽ ബക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോയുടെ വിവർത്തനം.

   കടമ്മനിട്ട എന്ന കവിത, ഭാവനയും യാഥാർത്ഥ്യവും കലർന്ന ഒരാവിഷ്ക്കാരമാണ്. ഗ്രാമീണമായ ഒരു താളമുണ്ടെങ്കിലും വൃത്തത്തിലെഴുതിയ കവിതയല്ല. ഛന്ദോമുക്തമായ(blank verse)രചനയാണ്. വൃത്തരൂപത്തിൽ അവതരിപ്പിക്കാൻ കഴിയാത്ത സങ്കീർണ്ണമായ ജീവിതാവസ്ഥകളാണ്, വിഷയങ്ങളാണ് ഗദ്യത്തിന്റെ ഘടന നല്കി ഇത്തരത്തിൽ  അവതരിപ്പിക്കുന്നത്.

Key words

അസ്തിത്വദുഃഖം – വ്യർത്ഥതാബോധം – .അന്യതാബോധം – ശൂന്യതാവാദം

3.4.1. Content

വരികൾ

“നെല്ലിൻതണ്ടു മണക്കും……….

…………….നോക്കി നടന്നൂ ഞാൻ’.

അർത്ഥ വിശദീകരണം

തള്ളത്തവളകൾ നാമംചൊല്ലുന്നു = തള്ളത്തവളകളുടെ ശബ്ദം കേൾക്കുന്നു.

ആട                                          = വസ്ത്രം

ആശയ വിശദീകരണം

പാടത്തിൽ ഇപ്പോഴും നെൽകൃഷി കാണാം. വഴികളിൽ നിന്ന് നെല്ലിൻതണ്ടിന്റെ മണം ഒഴുകി വരുന്നു. വയലുകളിൽ  വിതച്ച എള്ളിൻവിത്തുകൾ നാമ്പിട്ട് കുരുത്തുവരുന്നു. പോയകാലത്തെ അനേകം സംഭവങ്ങളുടെ ഓർമ്മകൾ മനസ്സിൽ  തെളിയുന്നു. കുന്നിൻചരിവിലുള്ള മാവിൻകൊമ്പിൽ  വീണ്ടും ഉണ്ണികൾ വിരിഞ്ഞിരിക്കുന്നു. കുളത്തിൽ, വിടരാറായ താമരമൊട്ടുകൾ തന്നിഷ്ടംപോലെ വളഞ്ഞ് വളർന്ന് കിടക്കുന്നു. കുളത്തിൻകടവിൽ കല്പടവുകൾ എല്ലാം ഇടിഞ്ഞുപൊളിഞ്ഞിരിക്കുന്നു. കല്പടവുകളിലെ, കല്ലിന്നടിയിൽ കാലും നീട്ടിയിരുന്ന് തള്ളത്തവളകൾ കരയുന്നു. ശരീരത്തിൽ പുരട്ടാൻ എണ്ണ നിറച്ചൊരു കിണ്ണവുമായി തോർത്തും ഉടുത്തുകൊണ്ട് പ്രഭാതം കുളിക്കാൻ വരുന്നു. പുക്കൊടികളെ നോക്കി, കുട്ടികളെപ്പോലെ- പൂക്കളുടെ ദളങ്ങൾ വിടർത്തിനോക്കി നടന്നു. കാലിലെ മുറിവിൽ കൊണ്ടുവേദനിപ്പിച്ച, കുശപ്പുല്ലിൽ നിന്ന് ഒരു മുന ഊരിയെടുത്ത് പല്ലിട കുത്തി മണത്തുകൊണ്ട് നടന്നു. അസൂയകൊണ്ട്, പിണക്കം ഭാവിച്ച് കുളക്കോഴിയുടെ പിട ചിറകുകൾവിടർത്തി അടിച്ച് പടിഞ്ഞാറേ ദിക്കിലേക്ക് ഓടിപ്പോവുന്നതു നോക്കിക്കൊണ്ട് ഞാൻ നടന്നു. കവിയുടെ യാത്ര കിഴക്കേ ദിക്കിലേക്കെന്ന് വ്യക്തം.

ഈ കവിതയ്ക്ക് സമകാലികവും സാർവ്വകാലികവുമായ പ്രസക്തിയുണ്ട്. മദ്ധ്യവയസ്സ് പിന്നിടുന്ന ഏതൊരാൾക്കും അവർ ചെറുപ്പത്തിൽ  ജീവിച്ച നാടിനോട് ഒരുതരം ഗൃഹാതുരത്വം കലർന്ന അടുപ്പം ഉണ്ടാവുക സ്വാഭാവികമാണ്. കാലങ്ങൾക്കുശേഷം അതേവഴികളിലൂടെ പോകേണ്ടിവരുമ്പോൾ അവിടെ വന്ന പലമാറ്റങ്ങളും, പണ്ടുണ്ടായ പല സംഭവങ്ങളും  ഓർമ്മകളും വരാറുണ്ട്. അത്തരത്തിൽ  സ്വന്തം നാട്ടിലൂടെ കാലങ്ങൾക്കുശേഷം നടക്കാനിടയായ കവിയുടെ അനുഭവക്കുറിപ്പുകൂടിയാണിത്.

 

 വരികൾ

“മുള്ളിലുടക്കിപ്പോറിയ………….

…………………………………………..

………………………..നടന്നൂ ഞാൻ’’.

അർത്ഥ വിശദീകരണം

വായ്ക്കരി = ഹൈന്ദവവിശ്വാസമനുസരിച്ച്, മരിച്ചവരെ സംസ്കരിക്കുന്നതിനുമുമ്പ് മൃതശരീരത്തിന്റെ വായിലിടുന്ന അരി.

ആശയ വിശദീകരണം

വഴിയരികിൽ മുള്ളുകൾ വളർന്നുനില്ക്കുന്നത് കണ്ടു. മുമ്പെ, കൊണ്ടുപോയവരിൽ നിന്നും വഴിച്ചാലുകളിൽ ചിതറിവീണ് പാഴ്മുള പൊട്ടാറായ ചെളിപുരണ്ട നെൽമണികൾ പെറുക്കിയെടുത്തു. മനസ്സിലെ ഓലത്തുഞ്ചത്ത് ഊഞ്ഞാലാടുന്ന കുരുവിയുടെ കൂട്ടിൽ – (അതായത് ഓർമ്മയിൽ) കൊക്കും പിളർത്തി തള്ളയുടെ ശ്രദ്ധയാകർഷിച്ച്, സന്തോഷസൂചകമായി പൂടവിരുത്തി തീറ്റ പ്രതീക്ഷിച്ച് ഇരിക്കുന്ന കിളിയുടെ വായിലേക്ക് ആ അരിയിട്ടുകൊടുത്തുകൊണ്ട് ഞാൻ നടന്നു.

വരികൾ

“ഓലാഞ്ഞാലിക്കിളിയുടെ………….

………………..ആടുകടിച്ചതിലത്ഭുതമിന്നോ!’

ആശയ വിശദീകരണം

ഒമ്പതുശീലക്കൊടികൾ  കെട്ടിയപോലെയുള്ള ഓലഞാലിക്കിളിയുടെ വാൽ – മനോഹരമായ വർണ്ണങ്ങളുള്ള വാൽ. മഴയത്ത്, ഓല, വിരികളായത്  ഓർത്തുകൊണ്ട് കവി കുനിഞ്ഞ് നടന്നു. ഒരു വയലിന്റെ കരയിലെത്തി. ഭദ്രകാളിക്ഷേത്രത്തിൽ ഏകാദശിവ്രതവും മറ്റുമുള്ള ഒരു കാലം. രാവിലെ തന്നെ, കൈതച്ചെടിയുടെ മറവിലിറങ്ങി ഇലകോട്ടി തെച്ചിപ്പൂങ്കുല പിച്ചിനിറച്ചുകൊണ്ട് അവൾ നിവർന്നു. അപ്പോൾ അവളുടെ കണ്ണിൽ കരടുവീണു. അവൾക്ക് അന്ന് കണ്ണ് തിരുമ്മിക്കൊടുത്തത് ഓർത്തു. അവളുടെ തലമുടിമണം കവിയുടെ മൂക്കിൽ നിറഞ്ഞു നിന്നു. കവിയുടെ ചെയ്തികൾ അവൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അവൾ കവിയുടെ നെഞ്ചത്ത് അഞ്ചാറുതവണ മാന്തിമുറിച്ചു. ആ മുറിവുണങ്ങാൻ പച്ചിലയാണ് മരുന്നാക്കിയത്. ആ പച്ചില ആടുതിന്നുന്നതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ?

വരികൾ

“കളഭം തൊട്ടു കരിക്കു …………

………………..വക്കു മുറിഞ്ഞോ പാത്രം!’.

ആശയവിശദീകരണം

നടന്ന് കുറേക്കൂടി മുന്നോട്ടേക്ക് നീങ്ങി. ചന്ദനക്കുറിതൊട്ട്, കരിക്കും നിവേദിച്ച് അവൾ അമ്പലമുറ്റത്ത് നിന്നു. തങ്ങളെച്ചേർത്ത് ചിലർ അപരാധങ്ങൾ പറഞ്ഞുനടന്നു. അവൾക്ക് മാനക്കേടും നാണക്കേടുമായി. ആ ഓർമ്മകൾ മൂത്തുനരച്ച് മുതുക്  കൂനുപോലായി. അന്ന് കവിയുടെ പ്രണയം മാനക്കേടും നാണക്കേടുമായി തോന്നിയ അവൾ ഇന്ന് ഓലപ്പുരയുടെ ഉള്ളിൽ ഉടുതുണിയില്ലാതെ നാളേയ്ക്കുള്ള അരി വാങ്ങാൻ വേണ്ടി, ശരീരം വില്ക്കേണ്ടിവരുന്ന അവസ്ഥയിലെത്തി. ആ നാളുകളുടെ നാമ്പുകൾ കരിഞ്ഞുപോയി. കണ്ണടയ്ക്കുക, കണ്ണീരൊപ്പുക കത്തുന്ന ജീവിതസത്യം കുപ്പിയിൽ വാറ്റിയെടുത്തു. അത് ഇന്ന് ഒഴിഞ്ഞുകിടക്കുന്നു. (ജീവിത)പാത്രത്തിന്റെ വക്കുടഞ്ഞുവോ?

വരികൾ

“കച്ചിയറുത്തു…………….

………….പരുങ്ങും കാഴ്ചകൾ കണ്ടു നടന്നൂ ഞാൻ.’

അർത്ഥ വിശദീകരണം

എരുതിൻവാലിൽ തൂങ്ങിനടക്കുന്ന   = കാളയുടെ വാലിൽ തൂങ്ങി നടക്കുന്ന

വിശപ്പിൻ നെഞ്ചത്താഞ്ഞുതൊഴിച്ചു =വിശപ്പിനെ അവഗണിച്ച്.

ആശയ വിശദീകരണം

കച്ചി അറുത്തും കലപ്പപിടിച്ചും തരിശുനിലങ്ങളിൽ കാളയുടെ വാലിൽ തൂങ്ങി നടക്കുന്ന വായാടികളുടെ കറുത്ത കൊച്ചുകുട്ടികൾ ആഞ്ഞിലിമൂട്ടിലിരുന്ന് മണ്ണപ്പം ചുടുന്നു. അവരിൽ ചിലർ ആറ്റിലെ വെള്ളത്തിലിറങ്ങി മൂത്രമൊഴിക്കുന്നു. വിശപ്പുസഹിച്ച് കറുത്തവരായി അവർ വളർന്നുവരുന്നത് കണ്ടുകൊണ്ട് നടന്നു. മറ്റൊരു ദൃശ്യം. നാടിന്റെ നന്മ കുടിച്ചു മരിച്ച ഒരുകുളം. അതിൽ ഭഗവതിമാത്രം പാതിരനോക്കി നീരാട്ടാടുന്നു. കുളത്തിൽ പായലും പാഴ്ച്ചെടിയും മൂടിക്കിടക്കുന്നു. പാലക്കൊമ്പിന്റെ നിഴലുകൾമാത്രം കുളത്തിലേക്ക് വീണ് വിറച്ച് പരുങ്ങുന്നതും കണ്ടുകൊണ്ട് കവി നടന്നു.

 

വരികൾ

“വാക്കുകൾ വാചകമാക്കി………. …

……………..വിയർത്തു നടന്നൂ ഞാൻ..’.

ആശയ വിശദീകരണം

കുറേക്കുടി മുന്നിലെത്തി. അയൽദേശത്തെ തെരുവുകളിൽ തൊഴിലെടുക്കുന്ന ദുർമ്മാർഗ്ഗികൾ നാട്ടിലയയ്ക്കുന്ന കത്തിനും കാശിനും പോസ്റ്റോഫീസുകളിൽ നോക്കിയിരുന്നു മുടിഞ്ഞവർ. വിദേശമലയാളികളുടെ പണംകൊണ്ട് മാതാപിതാക്കൾ കെട്ടിയുയർത്തിയ വലിയ വീടുകളും ചുറ്റു മതിലുകളും കണ്ടു വിയർത്തുകൊണ്ട് ഞാൻ നടന്നു.

വരികൾ

“പല്ലു ഞറുമ്മി പ്രാകും………….

…………………വാർത്തകൾ കേട്ടു നടന്നൂ ഞാൻ..’.

അർത്ഥ വിശദീകരണം

വാതോരാതെ                      = വാപൂട്ടാതെ.

കൊസ്രാക്കൊള്ളിക്കാരൻ = ഉപദ്രവകാരിയായവൻ, തടസ്സക്കാരൻ.

ആശയ വിശദീകരണം

മുന്നോട്ടു നടന്നപ്പോൾ നാട്ടുമ്പുറത്തെ ഒരു വ്യഭിചാരവാർത്ത കേട്ടു. ഒരുപശു പല്ല് ഉറുമി പ്രാകുന്നു. ആ പശുവിന്റെ ഭർത്താവ് ഇന്നലെ രാത്രി വാഴത്തോപ്പിലിറങ്ങി കട്ടുവെന്ന് പറയുന്നു. കട്ടത് ഏതോ മച്ചിപ്പയ്യിന് – പ്രസവിക്കാത്ത പശുവിന് – കൊണ്ടുകൊടുത്തു. തണുപ്പിന് അവർ തമ്മിലടുത്തു കിടന്ന് പുതച്ചുവെന്ന് പറയുന്നു. ചൂടിൽ മയങ്ങിപ്പോയി. തുടയുടെ കീഴിൽ അമർന്നു കിടന്നു മരിച്ചുവെന്ന് – ബോധംകെട്ട് ഉറങ്ങിയെന്ന്- പറയുന്നു. നേരം പുലർന്നപ്പോൾ പോലീസെത്തി അന്വേഷിച്ചു കണ്ടുപിടിച്ചു. രണ്ടുകുളമ്പിലും ആമംവെച്ചു (രണ്ടുകൈയിലും വിലങ്ങുവച്ചു) തളച്ചുവെന്ന് പറയുന്നു. മുക്കിൽ, മുറുക്കാൻ കടയുടെ പടിയിൽ കുത്തിയിരുന്ന് കുശുമ്പ് പറയുന്ന ഉപദ്രവകാരിയായ കാറ്റിന്റെ കൈയിൽ വാർത്ത പറന്നെത്തി. കാറ്റ് അത് വാപൂട്ടാതെ വേഗംപറഞ്ഞ് പരത്തി. പാവം പശുവിന്റെ ചെവിയിലും ആ വാർത്തയെത്തി. അവൾ നാറുന്ന തെറിയുടെ അഴുക്കുചാലിലിട്ട് മച്ചിപ്പയ്യിനെ വലിച്ചുവെന്ന് പറയുന്നു. വായ്നാറ്റത്തിന് ഔഷധമാണെന്ന് ഓർത്ത് അവളും വെറ്റക്കറപിടിച്ച മോണ തൊലിച്ചുവത്രേ. അവളും തിരികെ ചീത്തവിളിച്ചു. നാട്ടിൻപുറത്തെ ചിലരുടെ വ്യഭിചാരവാർത്തകൾ കേട്ട് ഞാൻ നടന്നു.

ഇവിടെ ഒരു വ്യഭിചാരവാർത്തയെ പശുവിന്റെ കഥയിലൂടെ അവതരിപ്പിക്കുന്നു. പശു, പശുവിന്റെ ഭർത്താവ്, രാത്രിയിലെ കളവ്, കളവുമുതൽ മച്ചിപ്പയ്യിന് കൊടുക്കൽ, കുശുമ്പ് പരത്തുന്ന കാറ്റ്, പോലീസ്, ആമംവെച്ചു തളയ്ക്കൽ, പശുവിന്റെ തെറിവിളി, മച്ചിപ്പയ്യിന്റെ തിരികെയുള്ള തെറിവിളി തുടങ്ങിയതെല്ലാം അതിലുൾപ്പെട്ട നാട്ടുമ്പുറത്തെ സാധാരണക്കാരായ കഥാപാത്രങ്ങളെ പ്രതീകമാക്കിയിരിക്കയാണ്.

വരികൾ

“എല്ലിൻകാവടി ……………

……………….ചുടുനീർക്കുളമോ?’

അർത്ഥ വിശദീകരണം

ചുടലക്കളമോ           = ചുടുകാടാണോ.

ചുടുനീർക്കുളമാണോ = കണ്ണീർ കുളമാണോ.

ആശയ വിശദീകരണം

എല്ല്  കൊണ്ടുള്ള കാവടിപോലെ വളഞ്ഞുകുത്തി, തീപോലത്തെ എരി വെയിലിൽ വിയർത്ത് തൊഴിലെടുത്ത് മരിക്കുന്നവരെ കവി കണ്ടു. തീയുടെ മീതേ എണ്ണയൊഴിച്ച് കത്തുന്ന വിറകിട്ട് കണ്ണുകലങ്ങി തുലയുന്നവർ. അവർ മരിച്ചു, മണ്ണിലടിഞ്ഞു പൊടിഞ്ഞു, ചീഞ്ഞളിയുന്നതു കണ്ടു നടന്നൂ ഞാൻ. പ്രേതം നക്കി, മാടന്റെ അടികൊണ്ട്, മാരകരോഗം ആസനത്തിൽ പരുവായ്, മുഖത്ത് വൈരൂപ്യത്തിന്റെ  ഭീകരമറുകായും മാറി, നീറുന്ന ഉഷ്ണപ്പുണ്ണുപിടിച്ച രോഗഗ്രസ്തരായ ചെറുപ്പക്കാരുടെ നാശവും കണ്ടു ഞാൻ നടന്നു. (ഇവിടം ജീവിതയുദ്ധത്തിന്റെ ചുടുകാടാണോ? കണ്ണീർ കുളമാണോ?)

വരികൾ

 

“ചന്തം തേട്ടിച്ചമയം…………….

…………….കണ്ണു തിരുമ്മിക്കോട്ടെ.’

അർത്ഥ വിശദീകരണം

ദീപമുഴിഞ്ഞുവഴിഞ്ഞപ്രകാശം = ആകാശത്തും അമ്പലത്തിലും ദീപങ്ങൾ ഉഴിയുമ്പോഴുള്ള ഒഴുകുന്ന പ്രകാശം. (നിലാവ്).

അറവാതുക്കൽ പറകൾമറിഞ്ഞുനിറഞ്ഞനിലാവത്ത് = നെല്ലും മറ്റും സൂക്ഷിക്കുന്ന മുറിയുടെ വാതിൽക്കൽ അളവുപാത്രങ്ങൾ മറിഞ്ഞു ചിതറിയപോലെ ആകാശത്തുചിതറിക്കാണുന്ന നക്ഷത്രങ്ങൾ.

ആശയ വിശദീകരണം

ഗ്രാമം ചുറ്റി സന്ധ്യയാവോളം ഒരു നടത്തം. സൗന്ദര്യം അന്വേഷിച്ച്, വേഷം കെട്ടി നടന്നു. ചന്ദന ഗന്ധം നിറഞ്ഞ സായംസന്ധ്യകളിലൂടെയുള്ള യാത്ര. ആകാശത്തും അമ്പലത്തിലും ദീപങ്ങൾ ഉഴിയുമ്പോഴുള്ള ഒഴുകുന്ന പ്രകാശം- നിലാവ് (നെല്ലുംമറ്റും സൂക്ഷിക്കുന്ന) മുറിവാതിക്കൽ അളവുപാത്രങ്ങൾ മറിഞ്ഞു ചിതറിയപോലെ കാണുന്ന ആകാശത്തെ നക്ഷത്രങ്ങൾ പോലെ എന്റെ ഓർമ്മകൾ ഉറങ്ങട്ടെ. നിലാവുള്ള ഈ വഴിയിൽ – ജീവിതത്തിൽ – ഇത്തിരി നേരം ഇരുന്ന് ഞാൻ എന്റെ കണ്ണ് തിരുമ്മിക്കോട്ടെ. സങ്കടം തീർത്തോട്ടെ.

കവിതയുടെ വിലയിരുത്തൽ

കടമ്മനിട്ട രാമകൃഷ്ണന്റെ വളരെ സങ്കീർണ്ണമായ ഛന്ദോമുക്ത രചനയാണ് ‘കടമ്മനിട്ട’ എന്ന കവിത. ഒരു ഗ്രാമത്തിൽ കാണപ്പെടുന്ന സങ്കീർണ്ണങ്ങളായ ചില വാഗ്മയചിത്രങ്ങളിലൂടെ, കേരളത്തിലെ മാത്രമല്ല, ലോകത്തെവിടെയും കാണപ്പെടാവുന്ന, സംഭവിക്കാവുന്ന സാംസ്കാരികച്യുതിയുടെ സാദ്ധ്യതകളാണ് ഈ കവിതയിലൂടെ കടമ്മനിട്ട അവതരിപ്പിക്കുന്നത്. കടമ്മനിട്ടയെന്ന ഗ്രാമത്തിന്റെ മറഞ്ഞുകൊണ്ടിരിക്കുന്ന ഭൂപടത്തെ ഓർമ്മകളിലൂടെയും വർത്തമാനകാല കാഴ്ചകളിലൂടെയും അടയാളപ്പെടുത്തുന്നു കടമ്മനിട്ട.

ജീവിതം ഒരുപാട് മാറി. അത് നിരന്തരം മാറുന്നു. ജീവിതത്തോടൊപ്പം, മനുഷ്യമനസ്സും സങ്കീർണ്ണ മാവുന്നു. ടെക്നോളജിയുടെയും എണ്ണമറ്റ ശാസ്ത്രവിജ്ഞാന ശാഖകളുടെയും വരവ് ജീവിതത്തെയും, മനുഷ്യമനസ്സിനെയും ലളിതമാക്കുകയല്ല, കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. അത്യാധുനികമായ ആശയവിനിമയ സാദ്ധ്യതകൾ വികസിക്കുമ്പോഴും കച്ചവടാധിഷ്ഠിതമായി സമൂഹം രൂപപ്പെടുമ്പോഴും അതിൽ നിന്ന് കുതറിമാറി, ജീവിതത്തെ ശാന്തമായി സമീപിക്കുകയാണ് കടമ്മനിട്ട.

ഇതിലെ നാട്ടുവഴികളിൽ, കവിയുടെ ബാല്യകാല സ്മരണകൾ നിറഞ്ഞുകിടക്കുന്നു. നാട്ടുവഴികളിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് കവി പലതും ഓർക്കുന്നതും കാണുന്നതും. നെല്ലിൻതണ്ടിന്റെ മണവും, എള്ളുകുരുക്കുന്ന വയലും, മാവും, കാവും അമ്പലവുമെല്ലാം. കുളത്തിലെ താമരമൊട്ടുകളും പൊളിഞ്ഞ കല്പടവും ഗൃഹാതുരതയുണർത്തുന്നു. പുൽക്കൊടികളും പൂക്കളും ചെളിപുരണ്ട നെൽമണികളും

മഴക്കാലത്ത് ബഹളം കൂട്ടി മഴവെള്ളംചെപ്പി നടന്നതുമെല്ലാം കവി ഓർത്തുപോയി. കണ്ണിൽ കരടുവീണപെണ്ണിനെ അതെടുക്കാൻ സഹായിച്ചത്. അവൾ നെഞ്ച് അള്ളി മുറിച്ചത്. മുറിവിന് പച്ചില മരുന്നാക്കിയത്. തങ്ങളെച്ചേർത്ത് ചിലർ അപരാധങ്ങൾ പറഞ്ഞത്. അവൾക്കത് മാനക്കേടായത്. ജീവിക്കാൻവേണ്ടി വ്യഭിചരിക്കുന്ന ഇന്നത്തെ അവളുടെ അവസ്ഥയും തുടങ്ങി ഓർമ്മകൾ അനവധിയാണ്. വിദേശ മലയാളികളുടെ പണം കൊണ്ട് കെട്ടിയ വലിയ വീടുകളും കവി കാണാനിടയാവുന്നു. നാട്ടുമ്പുറത്തെ ഒരു വ്യഭിചാരവാർത്തയും കേൾക്കാനിടയായി. വൈചിത്ര്യമാർന്നൊരു സാംസ്കരിക ഭൂപടം കവി വാക്കുകളിൽ അടയാളപ്പെടുത്തുന്നു.

ആധുനികതയുടെ വക്താവായിരിക്കെ, ഗ്രാമീണ താളങ്ങളെ കവിതയുടെ ജീവതാളമാക്കിയ കവിയാണ് കടമ്മനിട്ട. മനുഷ്യ കേന്ദ്രീകൃതരചനകളെ. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദങ്ങളെ പുതിയ സ്വരത്തിൽ കടമ്മനിട്ട കവിതയാക്കി.

Recap

  • പത്തനംതിട്ടയിലെ കടമ്മനിട്ട എന്ന ഗ്രാമത്തെക്കുറിച്ചാണ് കവിത.
  • നാടിന്റെ മായുന്ന ഭൂതകാല ഭൂപടത്തെ അടയാളപ്പെടുത്തുന്നു കടമ്മനിട്ട.
  • മഴക്കാലത്ത് ബഹളം കൂട്ടി മഴവെള്ളം ചെപ്പി നടന്നത് ഒാർക്കുന്നു.
  • കണ്ണിൽ കരടുകുരുങ്ങിയ യുവതിയെ സഹായിച്ചത്.
  • ജീവിക്കാൻവേണ്ടി വ്യഭിചരിക്കുന്ന ഇന്നത്തെ അവളുടെ അവസ്ഥ.
  • പാർശ്വവൽക്കരിക്കപ്പെട്ട, ദരിദ്രരുടെ കാഴ്ചകൾ.
  • വൈവിദ്ധ്യമാർന്നസാംസ്കാരികഭൂപടംകവി വാക്കുകളിൽ അടയാളപ്പെടുത്തുന്നു.

Objective Questions

  1. എണ്ണം തെറ്റിയ ഓർമ്മകൾ എന്ന് കവി പറയുന്നത് എന്തുകൊണ്ട്?
  2. കുന്നിൻചരിവിൽ മാവിൻകൊമ്പിൽ കവി കണ്ടതെന്ത്?
  3. തള്ളത്തവളകൾ എന്തുചെയ്യുന്നതായാണ് കവി പറയുന്നത്?
  4.  വായ്ക്കരിയിട്ടുകൊടുത്തു നടന്നൂ ഞാൻ     –     ആരാണ് ഇപ്രകാരം ചിന്തിക്കുന്നത്?.
  5. നെഞ്ഞത്തഞ്ചാറള്ളീ, മുറിവിനു പച്ചില- ആരുടെ മുറിവിനാണ് പച്ചില മരുന്നാക്കിയത്?
  6. ആരോ അപരാധങ്ങൾപറഞ്ഞു നടന്നത് മാനക്കേടായ് നാണക്കേടായ്- ആരെക്കുറിച്ചൊക്കെയാണ്അ പരാധങ്ങൾ പറഞ്ഞു നടന്നത്?
  7. വിശപ്പിൻ നെഞ്ചത്താഞ്ഞുതൊഴിച്ചത് ആര്?
  8. ഭഗവതിമാത്രം പാതിരനോക്കി നീരാട്ടാടി – എവിടെ?
  9.  മച്ചിപ്പയ്യിനെ നാറും തെറിയുടെ ഓടയിലിട്ടു വലിച്ചൂപോലും-ആര്, ആരെയാണ് നാറും തെറിയുടെ ഓടയിലിട്ടു വലിച്ചത്?
  10. അവളും വെറ്റക്കറയുടെ മോണതൊലിച്ചൂപോലും- ആരെക്കുറിച്ചാണ് സൂചന?
  11. ഉരുകിക്കരിയും കാഴ്ചകൾ കണ്ടു നടന്നൂ ഞാൻ – ആരാണ് ഉരുകിക്കരിയുന്നത്?
  12. ഞാനീവഴിയിലൊരിത്തിരിനേര

          മിരുന്നെൻ കണ്ണുതിരുമ്മിക്കോട്ടെ-

            ഈ വഴി എന്നതുകൊണ്ട് കവി അർത്ഥമാക്കുന്നത് എന്ത്?

     13.അറവാതുക്കൽ  പറകൾ മറിഞ്ഞു നിറഞ്ഞ നിലാവത്ത്- എന്തിനെക്കുറിച്ചാണ്

           സൂചന?

Answers

  1. അനേകം സംഭവങ്ങൾ മനസ്സിൽ തെളിയുന്നതുകൊണ്ട്.
  2.  വീണ്ടും ഉണ്ണികൾ വിരിഞ്ഞിരിക്കുന്നു.
  3. കല്ലിന്നടിയിൽ കാലുംനീട്ടിയിരുന്ന് തള്ളത്തവളകൾ നാമംചൊല്ലുന്നു.
  4. കവി
  5. കവിയുടെ നെഞ്ചത്ത് അവൾ അള്ളിയ മുറിവിന്.
  6. കവിയെയും ആ യുവതിയേയും  കുറിച്ച് .
  7. കറുത്ത കൊച്ചുകുരുന്നുകൾ.
  8. നാടിന്റെ നന്മകുടിച്ചു മരിച്ച കുളത്തിൽ
  9. പശുവാണ്, മച്ചിപ്പയ്യിനെ തെറി വിളിച്ചത്.
  10. മച്ചിപ്പയ്യിനെക്കുറിച്ച്.
  11. ഉഷ്ണപ്പുണ്ണുപിടിച്ച രോഗഗ്രസ്തരായ
  12. ഈ ജീവിതത്തിൽ  എന്നണർത്ഥം.
  13. ആകാശത്ത് ചിതറിക്കാണുന്ന നക്ഷത്രങ്ങൾ.

Assignment topic

  1. തന്റെ ഗ്രാമത്തിന്റെ ഹൃദയം തൊട്ടറിയുന്ന സഞ്ചാരമാണ് കടമ്മനിട്ട എന്ന കവിത. നിങ്ങളുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.

      2. കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളുടെ സവിശേഷതകൾ വിവരിക്കുക.

References

  1. എം.ലീലാവതി, മലയാളകവിതാ സാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ.
  2. നെല്ലിക്കൽ  മുരളീധരൻ, കവിതയിലെ പുതുവഴികൾ, എൻ. ബി. എസ്., കോട്ടയം.
  3. എൻ. അജയകുമാർ., ആധുനികത മലയാളകവിതയിൽ, കറന്റ് ബുക്സ്, കോട്ടയം.
  4. എസ്. രാജശേഖരൻ, കവിത വിതയും കൊയ്ത്തും, ചിന്ത പബ്ലിഷേഴ്സ്, തിരുവന്തപുരം

E- content

കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകൾ

https://www.google.com/url?sa=i&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=0CAQQw7AJahcKEwi4kovWm6j6AhUAAAAAHQAAAAAQAg&url=http%3A%2F%2Fmalayalamkeralam.blogspot.com%2Fp%2Fblog-page_0.html&psig=AOvVaw3Vl1wWJfzh4EFatFrK9iRN&ust=1663929774784941

കടമ്മനിട്ട രാമകൃഷ്ണൻ, വിക്കിപീഡിയ

https://www.google.com/url?sa=i&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=0CAQQw7AJahcKEwiw98OYm6j6AhUAAAAAHQAAAAAQAg&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B4%259F%25E0%25B4%25AE%25E0%25B5%258D%25E0%25B4%25AE%25E0%25B4%25A8%25E0%25B4%25BF%25E0%25B4%259F%25E0%25B5%258D%25E0%25B4%259F_%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25AE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB&psig=AOvVaw2QrqltXrVDGQb12oXTZS8-&ust=1663929654181127

കടമ്മനിട്ട രാമകൃഷ്ണന്റെ ചിത്രം