Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 5

സൂര്യകാന്തി  

                                                                    ജി. ശങ്കരക്കുറുപ്പ്              

Learning Outcomes

 • ജി.ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ പരിചയപ്പെടുന്നു.
 • സൂര്യകാന്തി എന്ന കവിതയുടെ രൂപപരവും ഭാവപരവുമായ സവിശേഷതകൾ മനസിലാക്കുന്നു.
 • കാൽപനിക കവിതകളുടെ സവിശേഷതകൾ മനസിലാക്കുന്നു.
 • മലയാള കവിതാ സാഹിത്യത്തിൽ ജി.ശങ്കരക്കുറുപ്പിന്റെ ഇടം കണ്ടെത്തുന്നു.
 • സിംബോളിസം,മിസ്റ്റിസിസം എന്നീ സങ്കേതങ്ങളെ പരിചയപ്പെടുന്നു.

Prerequisites

“ഒരു ഹ്യൂമനിസ്റ്റ് കവി’ എന്ന് കേസരി ബാലകൃഷ്ണപിള്ള (നിമിഷത്തിന്റെ അവതാരിക)യും “മഹാനായ ദാർശനിക കവി’ എന്ന് പ്രൊഫ. എം. ലീലാവതി (വർണ്ണരാജി)യും വിശേഷിപ്പിച്ച കവിയാണ് ജി. ശങ്കരക്കുറുപ്പ്. ജി.യുടെ സാഹിത്യ ജീവിതം ആരംഭിക്കുന്നത് ആധുനിക കവിത്രയത്തിന്റെ സുവർണ്ണകാലത്താണ്. സമകാലികരായ എല്ലാ കവികളെയും കടന്ന് ബഹുദൂരം മുന്നിലേക്കുപോകാൻ ജി.യ്ക്ക് കഴിഞ്ഞു. ആധുനിക കവിത്രയത്തിന്റെ കവിതകൾ സ്വാധീനിച്ച ഒരു ഭൂതകാലം തനിയ്ക്കുണ്ടെന്ന് ജി. പറഞ്ഞിട്ടുണ്ട്. കാല്പനികതയും റിയലിസ(realism)വും മാർക്സിയൻ സാഹിത്യചിന്തകളും മലയാളത്തിൽ നിലനിന്ന കാലത്താണ് ജി. യുടെ രചനകൾ പിറവികൊണ്ടത്.
മിസ്റ്റിക് കവി, സിംബോളിക് കവി, പ്രകൃതി ഗായകൻ, തുടങ്ങിയ ശീർഷകങ്ങളിൽ പലരും ജി.യെ വിലയിരുത്തിയിട്ടുണ്ട്. പ്രകൃതിയും പ്രണയവും ഒത്തുചേർന്നലിഞ്ഞ അനുഭൂതിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലകവിതകളുടെ ഒരു സവിശേഷത. പില്ക്കാലത്ത് ദേശാഭിമാനം തുളുമ്പുന്ന രചനകളിലേയ്ക്ക് ജി. നടന്നു തുടങ്ങി.
സാഹിത്യ കൗതുകം രണ്ടാം ഭാഗം മുതൽ കാല്പനികത പ്രവണ അദ്ദേഹത്തിന്റെ കവിതകളിൽ രൂപപ്പെടുന്നുണ്ട്. വള്ളത്തോളും ഉള്ളൂരുമാണ് ജി.യെ ആദ്യകാലത്ത് സ്വാധീനിച്ച പ്രധാന കവികൾ.
ആധുനിക കവിത്രയത്തിനുശേഷം ദേശീയതലത്തിൽ ശിരസ്സുയർത്തിനിന്ന പ്രധാന കവിയാണ് ജി. കാലത്തിനൊപ്പം വളർന്ന്, വിശ്വസാഹോദര്യത്തോടുചേർന്നുനിന്ന കവിയായിരുന്നു അദ്ദേഹം. ജ്യോതിർന്മുഖമായ ഒരു പ്രയത്ന ചരിത്രമാണ് ജി.യുടെ കാവ്യജീവിതമെന്ന് എം.ലീലാവതി വിലയിരുത്തി. സംസ്കൃതവിദ്യാഭ്യാസവും നിയോക്ലാസിക് കാവ്യശിക്ഷണവുമായിരുന്നു ജി.യ്ക്കുണ്ടായിരുന്നത്. പാണ്ഡിത്യ പ്രധാനവും സങ്കേതബദ്ധവുമായ മുക്തകങ്ങളുമായാണ് അദ്ദേഹം കവിതാരംഗത്തേക്ക് വന്നത്. ഈശ്വരസ്തോത്ര മാതൃകയിലെഴുതിയ സങ്കേതബദ്ധമായ കവിതകളിലായിരുന്നു തുടക്കം. ഇംഗ്ലീഷ് സാഹിത്യപരിചയം ജി.യുടെ രചനാ രീതികളെ സ്വാധീനിക്കുകയുണ്ടായി. പാശ്ചാത്യകവികളിൽ ഷെല്ലിയുടെ സ്വാധീനത ചില രചനകളിൽ പ്രതിഫലിക്കുന്നുണ്ട്. ജി.യുടെ ആദ്യകവിതകൾ മിക്കതും സാഹിത്യകൗതുകത്തിലുണ്ട്.
പ്രകൃതിയിലെ ഓരോ വസ്തുവിനുമുണ്ട് നമുക്കു തരാൻ എന്തെങ്കിലും ഒരു സന്ദേശം. പ്രകൃതി തന്നെ സർവ്വലോകനിയാമകമായ ഒര ദൃശ്യശക്തിയുടെ ആവിഷ്കാരമാണ്. അതിനാൽ ഒരു ചിട്ടയും ക്രമവും ലക്ഷ്യവുമുണ്ട് പ്രകൃതിയുടെ എല്ലാ വ്യാപാരങ്ങൾക്കും. ഈ വിശ്വാസം നാൾക്കുനാൾ വർദ്ധിച്ചുവന്ന ജി.യ്ക്ക് ആസ്വാദകന്റെ നിലയിൽനിന്ന് ആരാധകന്റെ അവസ്ഥയിലേക്കനീങ്ങാതിരിക്കാൻ വയ്യ’ എന്ന് കൈരളിയുടെ കഥയിൽ എൻ. കൃഷ്ണപിള്ള ഈ സാഹചര്യത്തെ വ്യക്തമാക്കി.
ഒരു സിംബലിസ്റ്റ് കവി കൂടിയാണ് ജി.ശങ്കരക്കുറുപ്പ്. സിംബലിസ്റ്റ് കവി പ്രതിരൂപങ്ങളിലൂടെ അനുഭവങ്ങളും അനുഭൂതികളും അവതരിപ്പിക്കുന്നു. സാഹിത്യകൗതുകത്തിലെ ചില കവിതകൾ സിംബോളിക് ധാരയിൽ ഉൾപ്പെടുന്നു. മലയാളത്തിലെ വലിയ സിംബോളിക് കവിയായാണ് കേസരി എ.ബാലകൃഷ്ണപിള്ള ജി.യെ വിലയിരുത്തിയത്. സമകാലിക വിഷയങ്ങളും ജി.യുടെ കവിതയിൽ കാണാനാവും. നിയോക്ലാസിക്കും റൊമാന്റിക്കുമായ ഒരു ലാവണ്യ ബോധമാണ് ജിയുടെ കവിത സമ്മാനിക്കുന്നത്. ജി.യുടെ പ്രതീകാത്മക കാവ്യഭാഷ സാധാരണക്കാർക്കുള്ളതല്ല. കാല്പനിക ലാളിത്യം ജി.യുടെ കവിതകൾക്കധികമില്ല. മലയാളിക്ക് അന്ന് അപരിചിതമായിരുന്ന ചില പുതിയഭാവമേഖലകൾ ജി. കാട്ടിക്കൊടുത്തു.
കാലടിക്കടുത്ത് നായത്തോട് എന്ന ഗ്രാമത്തിൽ 1901 ലാണ് ജി. ശങ്കരക്കുറുപ്പ് ജനിച്ചത്. ചെറുപ്പത്തിലുണ്ടായ ഒറ്റപ്പെടൽ പ്രകൃതിയുമായി അടുക്കാനിടയാക്കി. പ്രകൃത്യുപാസനയിലൂടെ വളർന്നതാവാം ജി.യുടെ കൃതികളിലെ യോഗാത്മകഭാവം.
ശങ്കരക്കുറുപ്പിന്റെ ഔദ്യോഗിക ജീവിതം കൊറ്റമത്ത് കോൺവെന്റ് സ്കൂളിൽ നിന്ന് ആരംഭിച്ചിരുന്നു. നിരവധി സ്കൂളുകളിൽ അദ്ദേഹം അദ്ധ്യാപകനായിരുന്നു. മഹാരാജാസ് കോളേജിൽ ലക്ചററായി ജോലിചെയ്തു, 1956 ൽ പ്രൊഫസറായി വിരമിച്ചു.
ജി.യുടെ ആദ്യകാവ്യസമാഹാരം “സാഹിത്യകൗതുകം’ 1923 ല്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ രണ്ടാം ഭാഗം 1925-ലും മൂന്നാംഭാഗം 1927-ലും നാലാംഭാഗം 1930-ലും പ്രസിദ്ധീകരിച്ചു. “സൂര്യകാന്തി’ ഓടക്കുഴൽ , വിശ്വദർശനം, തുടങ്ങിയവ ജിയുടെ പ്രധാനകൃതികളാണ്. “ഓടക്കുഴൽ ‘ എന്ന കൃതിയ്ക്ക് (1966) ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. ഓടക്കുഴൽ “ബാംസുരി’ എന്ന പേരിൽ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചു. ജിയുടെ ചില “തിരഞ്ഞെടുത്ത കവിതകൾ’ Selected Poems എന്ന പേരിൽ കേന്ദ്ര സാഹിത്യ അക്കാദമി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യൻ ഭാഷയിലും ജിയുടെ ചില കവിതകൾക്ക് പരിഭാഷയുണ്ട്.
ഓടക്കുഴൽ, സാഹിത്യകൗതുകം(4 ഭാഗങ്ങൾ), പഥികന്റെ പാട്ട്, വിശ്വദർശനം, പാഥേയം, നിമിഷം, ജീവനസംഗീതം, സൂര്യകാന്തി, വനഗായകൻ, നവാതിഥി, പൂജാപുഷ്പം, ഇതളുകൾ, മുത്തുകൾ, ചെങ്കതിരുകൾ, അന്തർദ്ദാഹം, മൂന്നരുവിയും ഒരു പുഴയും, ജി. യുടെ തെരഞ്ഞെടുത്ത കവിതകൾ, വെളിച്ചത്തിന്റെ ദൂതൻ, സാന്ധ്യരാഗം, മധുരം സൗമ്യം ദീപ്തം തുടങ്ങിയവ പ്രധാനപ്പെട്ട കവിതാ സമാഹാരങ്ങളാണ്. ഇളംചുണ്ടുകൾ, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ബാലസാഹിത്യകൃതികൾ. വിലാസലഹരി, മേഘച്ഛായ, ഗീതാഞ്ജലി, നൂറ്റൊന്നു കിരണങ്ങൾ തുടങ്ങിയവ പ്രധാനപ്പെട്ട വിവർത്തന കൃതികളാണ്. പേർഷ്യൻ കവി ഒമർഖയ്യാമിന്റെ (Omar Khayyam)Rubaiyat റുബായിയത്തിന്റെ പരിഭാഷയാണ് “വിലാസലഹരി’. 1977 ജൂണിൽ പ്രസിദ്ധീകരിച്ച “അന്തിവെൺമുകിലാ’ണ് ജി.യുടെ അവസാന കവിത. ജീവിതത്തിന്റെ വൈവിദ്ധ്യമാർന്നതലങ്ങളിൽ പ്രതിഭയെ വ്യാപരിപ്പിച്ച കവിയാണദ്ദേഹം. കേരള സാഹിത്യ അക്കാദമി അവാർഡ് (1961), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1963), സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്(1967), എന്നിവ കൂടാതെ പദ്മഭൂഷൺ ബഹുമതിയും ജി.യ്ക്ക് ലഭിച്ചിട്ടുണ്ട്. കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ, ഉള്ളൂർ എസ്.പരമേശ്വരയ്യർ എന്നിവരും, ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി ശ്രീധരമേനോൻ, പി.കുഞ്ഞിരാമൻനായർ തുടങ്ങിയവരും ജി.യുടെ സമകാലികരായിരുന്നു.
മിസ്റ്റിസിസം (Mysticism)
പ്രപഞ്ചാതീത ശക്തിയെക്കുറിച്ചുള്ള യഥാർഥ സത്യവും അനുഭൂതിയും വിശ്വാസവും ധ്യാനത്തിലൂടെയും പ്രാർത്ഥനകളിലൂടെയും ലഭിക്കുന്നു എന്ന ബോദ്ധ്യമാണ് മിസ്റ്റിസിസം.
സിംബോളിസം (Symbolism)
സാഹിത്യത്തിലും കലകളിലും ആശയവിനിമയത്തിന് ഉപയോഗപ്പെടുത്തുന്ന ശക്തമായ ചിഹ്നങ്ങളാണ് സിംബലുകൾ. സിംബലുകളെ ഉപയോഗപ്പെടുത്തുന്ന കലാഖ്യാനങ്ങളാണ് സിംബോളിക് എന്ന് അറിയപ്പെടുന്നത്.

Key words

മിസ്റ്റിസിസം – സിംബോളിസം -ബിംബ കൽപ്പനകൾ -പ്രണയ സങ്കൽപ്പം

2.5.1. Content

സൂര്യനോടുള്ള സൂര്യകാന്തിയുടെ പ്രണയമാണ് കവിതയുടെ കേന്ദ്ര ആശയം .ഒരു പ്രഭാതം. സൂര്യൻ തന്റെ രഥയാത്രക്കിടയിൽ സൂര്യകാന്തിയെ കാണുന്നു. മെല്ലെ കുനിഞ്ഞു നിന്നിരുന്ന സൂര്യകാന്തിയുടെ മുഖംപൊക്കി ചോദിച്ചു: അനുജത്തീ നീയാരാണെന്നും നിനക്ക് എന്നോട് എന്തെങ്കിലും പറയണമെന്നുണ്ടോ? എന്നും ചോദിക്കുന്നു. ഈ ചോദ്യത്തിനുമുന്നിൽ ഉത്തരം പറയാനാകാതെ നിൽക്കുന്ന സൂര്യകാന്തിയുടെ ആലോചനകളിലൂടെയാണ് കവിത അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സൂര്യന്റെയും സൂര്യകാന്തിയുടെയും ജീവിതാവസ്ഥകൾ തമ്മിലുള്ള അന്തരം സൂര്യനോടുള്ള പ്രണയം മൂടിവെയ്ക്കുവാൻ സൂര്യകാന്തിയെ പ്രേരിപ്പിക്കുന്നു. സൂര്യനും സൂര്യകാന്തിയുമാണ് കവിതയിലെ കേന്ദ്രബിംബങ്ങൾ.  ഇരു ബിംബങ്ങൾക്കും മാനുഷിക ഭാവങ്ങൾ പകർന്നു നൽകിക്കൊണ്ടാണ് കവിത ആരംഭിക്കുന്നത്. സൂര്യകാന്തിയുടെ പതനത്തിൽ ദുഃഖിക്കുന്ന സൂര്യനെ സങ്കൽപ്പിച്ചു കൊണ്ട് കവിത അവസാനിക്കുന്നു.

പ്രണയം എക്കാലത്തെയും മനുഷ്യമനസ്സുകളെ ചലിപ്പിക്കുന്ന വിഷയമാണ്. പ്രണയമെന്ന വൈകാരികാവസ്ഥയിലൂടെ കടന്നുപോകാത്ത മനുഷ്യർ തീരെകുറവായിരിക്കും. പ്രതീകങ്ങളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അവരുടെയുള്ളിൽ തുടിക്കുന്നത് മനുഷ്യചേതന തന്നെയാണല്ലോ. വാർദ്ധക്യത്തിൽപ്പോലും മനുഷ്യർ സ്നേഹത്തിനുവേണ്ടികൊതിക്കുക പതിവാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അത് ബാല്യംമുതൽ വാർദ്ധക്യംവരെ നിലനില് ക്കുന്ന താല്പര്യമാണ്. നമ്മൾ ജീവിതത്തെ കൂടുതലിഷ്ടപ്പെടാൻ സ്നേഹമുള്ളവരുടെ സാന്നിദ്ധ്യം ഇടയാക്കുന്നു. സ്നേഹം നഷ്ടപ്പെടുമ്പോൾ, ഒറ്റപ്പെട്ടപോലെ, ശൂന്യമാക്കപ്പെട്ടപോലെ തോന്നുക പതിവാണല്ലോ. പ്രണയത്തിലൂടെ കടന്നുപോകുന്ന കാലമാണ് യൗവ്വനം. യൗവ്വനത്തിലെ പ്രണയവും അത് ലഭിക്കാതെ വരുമ്പോഴുള്ള അവസ്ഥയും സൂര്യകാന്തി എന്ന ഈ കവിത പ്രമേയമാക്കുന്നു.

 വരികൾ

“മന്ദമന്ദമെൻ താഴും

……………………………

തെറ്റാണൂഹമെങ്കി , ഞാൻ ചോദിച്ചീല!’

 അർത്ഥ വിശദീകരണം

മുഗ്ദ്ധമാം മുഖം =            മനോഹരമായ മുഖം.

നിർന്നിമേഷം      =            കണ്ണടയ്ക്കാതെ.

സ്നിഗ്ദ്ധക്കണ്ണാൽ               =            തുറന്ന കണ്ണുകളോടെ.

രമ്യമായ് വീക്ഷിക്കുന്നൂ =         മനോഹരമായി നോക്കുന്നു.

ആശയ വിശദീകരണം

ഒരു പ്രഭാതം. മെല്ലെ താണുനിന്ന സൂര്യകാന്തിയുടെ മുഖം പൊക്കി സൂര്യൻ ചോദിച്ചു: “അനുജത്തീ നീയാരാണ്? രഥയാത്രചെയ്യുന്ന എന്നെത്തന്നെ അടയ്ക്കാത്ത, സ്നേഹാർദ്രമായ കണ്ണുകളോടെ തിരിഞ്ഞു തിരിഞ്ഞു നീ നോക്കുന്നുവല്ലോ. എന്നോട് വല്ലതും പറയണമെന്നുണ്ടോ? എന്റെ ഊഹം തെറ്റാണെങ്കിൽ ഞാനൊന്നും ചോദിച്ചില്ല ” എന്ന് ആശയം. ഇവിടെ പ്രകൃതിയിലെ ഒരു സാധാരണ കാഴ്ചയെയാണ് കവി അസാധാരണമായി കാണുന്നത്. പ്രഭാതത്തിൽ സൂര്യൻ കടന്നുവരുമ്പോൾ, സൂര്യകാന്തിപ്പൂവ് ജൈവപരമായ സവിശേഷതകൊണ്ട് സൂര്യനിലേക്ക് തിരിയുന്നത് നമുക്കറിയാം. എന്നാൽ സൂര്യനും സൂര്യകാന്തിയും കവിതയിലെ രണ്ടു കഥാപാത്രങ്ങളായി വരുമ്പോൾ വിപരീത സ്വഭാവമുള്ള രണ്ടു മനുഷ്യവ്യക്തിത്വങ്ങളെ അവർ പ്രതിനിധീകരിക്കുന്നു. പ്രായ വ്യത്യാസമുള്ള, എന്നാൽ തന്നെ സ്നേഹിക്കുന്ന ഒരു യുവതിയുടെ ശരീരഭാഷ തിരിച്ചറിയുന്ന ഒരു വ്യക്തിയായി സൂര്യനെ കവി സങ്കൽപ്പിച്ചിരിക്കുന്നു. അനുജത്തി എന്ന സംബോധന തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. ചെറുപ്പക്കാരിയായ ഒരു സ്ത്രീയുടെ പ്രതീകമാണ് കവിതയിലെ സൂര്യകാന്തി പൂവ്.

 വരികൾ

“ഒന്നുമുത്തരം തോന്നീലെ

…………………………..

പരകോടിയിൽ ചെന്ന പാവന ദിവ്യസ്നേഹം”

അർത്ഥ വിശദീകരണം

സർവസന്നുതൻ =            എല്ലാറ്റിലുംമുന്നേ പോകുന്നവൻ, സൂര്യൻ.

സവിതാവ്                             =            ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തുന്നവൻ, സൂര്യൻ.

അര്യമാവ്                =            അസ്തമയ പർവ്വതത്തിലേക്ക് പോകുന്നവൻ, സൂര്യൻ.

പരനിന്ദ                     =            അന്യർ പറഞ്ഞുണ്ടാക്കുന്ന അപമാനം.

പരകോടി                =            ഉന്നതാവസ്ഥ.

 ആശയ വിശദീകരണം

സൂര്യനോട് ഒന്നും ഉത്തരം പറയാൻ തോന്നിയില്ല. എങ്ങനെ തോന്നും ? എല്ലാവരാലും സ്തുതിക്കപ്പെടുന്ന സൂര്യനെവിടെ? സുഗന്ധം പോലുമില്ലാത്ത പൂവെവിടെ?- സൂര്യന്റെയും തന്റെയും ജീവിതാവസ്ഥകൾ സൂര്യകാന്തി നന്നായി വിവേചിച്ചറിഞ്ഞു. സൂര്യനെ സ്നേഹിക്കാൻപോലും തനിയ്ക്ക് അർഹതയില്ലെന്ന് കരുതുന്നതുകൊണ്ടാകാം ലോകർ തന്നെ സൂര്യകാന്തിയെന്നു വിളിച്ച് പരിഹസിക്കുന്നത്. അർഹതയില്ലാത്തവരെന്ന് തോന്നുന്നവർ ചെയ്യുന്ന പ്രവൃത്തിയെ ധിക്കാരമായാണ് സമൂഹം വിലയിരുത്തുന്നത്. പരകോടിയിലെത്തിയ തന്റെ പാവനസ്നേഹം പരനിന്ദയേറ്റ് ചൂളുകയില്ലല്ലോ എന്ന് സൂര്യകാന്തി ചിന്തിക്കുന്നതാണ് സന്ദർഭം.

മിക്കവാറും എല്ലാ പ്രണയങ്ങളും ഹൃദയഹാരിയായ ഇണയുടെ കാഴ്ചയിൽ നിന്നാണ് ആരംഭിക്കുന്നത്. പ്രണയത്തിന്റെ പത്ത് അവസ്ഥകളിൽ ആദ്യത്തേതാണ് കാഴ്ചയിലൂടെ പ്രീതികരമാകുന്ന അനുരാഗം അഥവാ ചക്ഷുഃപ്രീതി എന്ന് ഭരതമുനി പറയുന്നു. സൂര്യകാന്തിയുടെ ശരീരഭാഷ തിരിച്ചറിയുന്ന സൂര്യൻ അവളോട് ചിലകാര്യങ്ങൾ ചോദിക്കുന്നു. അതിന് മറുപടി പറയാതെ അവൾ  തന്റെ സ്നേഹത്തെ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്നു.

വരികൾ

” ധീരമായി മുഖം തന്നെ നോക്കി നിന്നു ഞാൻ

…………ശ്രമിച്ചാലും ചിരിയായി തീർന്നിലല്ലോ”

അർത്ഥ വിശദീകരണം

ധീരമാമുഖം                 =     ധൈര്യംനിറഞ്ഞ, ഉജ്ജ്വലമായ മുഖം.

ഗുണോദാരൻ               =     ഉദാരമായ ഗുണങ്ങളുള്ളവൻ.

 ആശയ വിശദീകരണം

“സൂര്യനിൽ നിന്ന് തനിയ്ക്ക് കണ്ണെടുക്കാനായില്ല. ഉജ്ജ്വലമായ മുഖം തന്നെ ഞാൻ  നോക്കിനിന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ചൂടും വെളിച്ചവും തുല്യമായി പകർന്ന് നല്കുന്നവനായ- സൂര്യൻ എന്തു ചിന്തിച്ചുവോ എന്നറിയില്ല ” എന്ന് സൂര്യകാന്തി പറയുകയാണ്. സൂര്യന്റെ ചോദ്യം കേട്ടപ്പോൾ, കാമുകന്റെ മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ ഭാവപരവശയായിപ്പോയ കാമുകിയെപ്പോലെ സൂര്യകാന്തി ചിരിക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അത് ചിരിയായ് മാറിയില്ല. താൻ സ്നേഹിക്കുന്നയാളിന്റെ ചോദ്യംകേട്ട് അയാൾക്കുമുന്നിൽ മറുപടി പറയാനാകാതെ, പ്രണയ വിവശയായിപ്പോയ സൂര്യകാന്തിയുടെ ശരീരഭാഷയെ കവി സൂക്ഷ്മമായി പകർത്തുകയാണ് ഈ വരികളിൽ.

 വരികൾ

“മഞ്ഞുതുള്ളിയാണെന്നു ഭാമിച്ചേ താനന്ദാശ്രു

……………………………. നടിച്ചേനധീര ഞാൻ  “

 അർത്ഥ വിശദീകരണം

വേപം                                       =            വിറയൽ .

ലജ്ജാചാപലം                          =       കാമുകന്റെ മുമ്പിൽ  പ്രണയം തുറന്നുപറയാൻ ധൈര്യമില്ലാതെ തന്റെ നാണത്താലുണ്ടായ ചാപല്യം.

അധീര                                   =              ധൈര്യമില്ലാത്തവൾ.

 ആശയ വിശദീകരണം

സന്തോഷാധിക്യംകൊണ്ട് താൻ കരഞ്ഞുപോയി. എങ്കിലും അത് മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചു. (മഞ്ഞുതുള്ളികൾ പൂവിന്റെ മുകളിൽ രാത്രിയിൽ പൊഴിഞ്ഞുകിടക്കാറുണ്ട്. അത് യഥാർത്ഥത്തിൽ  തന്റെ സന്തോഷാധിക്യം കൊണ്ടുണ്ടായ കണ്ണുനീരാണെന്ന് സൂര്യകാന്തി). തന്റെ കവിളിലെ സൗന്ദര്യം പെട്ടെന്ന് മാഞ്ഞുപോയത് -പെട്ടെന്ന് വിളറി വിളർത്തുപോയത്- സൂര്യന്റെ ഇളംകിരണങ്ങൾ- വിരലുകൾ- തന്റെ കവിളിൽ പതിക്കുന്നതു കൊണ്ടാണെന്ന് ചിന്തിച്ചു. അപ്പോൾ ശരീരത്തിലുണ്ടായ വിറയൽ കുളിർ കാറ്റുകൊണ്ടാണെന്ന് സൂര്യകാന്തി ചിന്തിച്ചു. കാമുകന്റെ മുമ്പിൽ പ്രണയം തുറന്നുപറയാൻ ധൈര്യമില്ലാതെ തന്റെ നാണത്താലുണ്ടായ ചാപല്യം കൊണ്ടല്ല തന്റെ ശരീരം വിറച്ചതെന്ന് വരുത്താനും ശ്രമിച്ചു. കാമുകന്റെ മുമ്പിൽ പ്രണയം തുറന്നുപറയാൻ ധൈര്യമില്ലാതെ, സൂര്യകാന്തി ചിരിക്കാൻ ശ്രമിച്ചിട്ടും അത് ചിരിയായില്ല. തന്റെ മുഖത്ത് കണ്ടത് മഞ്ഞുതുള്ളിയല്ല സന്തോഷാശ്രുക്കളാണെന്നും, കവിൾ വിളറി വിളർത്തത് സൂര്യകിരണങ്ങൾ കവിളിൽ പതിച്ചതുകൊണ്ടാണെന്നും, പ്രണയചാപല്യം കൊണ്ടല്ല തന്റെ ശരീരം വിറച്ചത്, കുളിർ കാറ്റുകൊണ്ടാണെന്നും സൂര്യകാന്തി ചിന്തിക്കുന്നതാണ് സന്ദർഭം.

 വരികൾ

” ക്ഷുദ്രമാമിപ്പുഷ്പത്തിൻ പ്രേമത്തെ ഗ്ഗണിച്ചാലോ

………………… വർത്തിയായ് ജ്വലിച്ചാവൂ! “

 അർത്ഥ വിശദീകരണം

ക്ഷുദ്രമാം                        =    വിലകെട്ട.

ഭദ്രൻ                                 =       ദേവൻ, ഈശ്വരൻ.

നിന്ദനീയൻ                      = അപകീർത്തിയുള്ളവൻ.

അഗണ്യൻ                       =    നിസ്സാരൻ, ഗണിക്കപ്പെടാൻ യോഗ്യമല്ലാത്തവൻ.

ദിക്കാലം                           =   ദിക്കുകളും (സ്ഥലങ്ങളും)- കാലങ്ങളും.

ജ്വലിക്കും                         =  പ്രകാശിക്കും.

 ആശയ വിശദീകരണം

ക്ഷുദ്രയായ തന്റെ സ്നേഹത്തെപ്രതി സൂര്യൻ മറ്റുള്ളവരുടെ മുന്നിൽ നിസ്സാരനായി തീരാൻപാടില്ല. അതിനാൽ തന്റെ സ്നേഹം മൂകമായിരിക്കട്ടെ. സുന്ദരനായ അദ്ദേഹം മാത്രം വേണമെങ്കിൽ അത് അറിഞ്ഞോട്ടെ. തന്റെ സ്നേഹം ഒരുപ്രതിഫലവും ആഗ്രഹിക്കുന്നില്ല. അറിവിന്റെ ഫലം അറിവ് മാത്രമാണല്ലോ. സ്നേഹം സന്തോഷകരമാണ്. സ്നേഹമില്ലായ്മ ദുഃഖവുമാണ്. മറ്റുള്ളവർക്ക് സുഖം നല്കി സ്ഥലകാലാതീതമായി സ്നേഹം പ്രകാശിക്കട്ടെ. ആത്മാവ് സ്നേഹപ്രകാശത്തെ ചുംബിച്ചുകഴിഞ്ഞിരിക്കേ, ആ സ്നേഹജ്വാലയിൽ താൻ ഇനി മരിച്ചാൽ തന്നെയെന്ത്?തന്റെ സ്നേഹത്തിന്റെ പേരിൽ തന്നെ സ്നേഹിക്കുന്ന മഹത് വ്യക്തിയ്ക്ക് യാതൊരപമാനവും വരാൻ ഇടയാകരുത്. തന്റെ സ്നേഹം അദ്ദേഹത്തിനായി സമർപ്പിച്ചുകഴിഞ്ഞു. ആത്മാവ് ആ സ്നേഹപ്രകാശത്തെ ചുംബിച്ചു. ആ വരികളിൽ കേവലം ലൗകിക പ്രണയത്തിനപ്പുറം ആത്മീയതലത്തിലേക്ക് സ്നേഹം വഴിമാറുന്നു. മിസ്റ്റിസിസത്തിന്റെ തലത്തിലേക്ക് അത് സഞ്ചരിക്കുന്നു.

 വരികൾ

” ദേഹമിന്നതിൻ ചൂടിൽ

…………………………………..

തളരും സുരക്തമാം കൈയെടുത്തതു നൂനം “.

 അർത്ഥ വിശദീകരണം

ദഹിക്കട്ടെ                             =            അഗ്നിയിൽ കത്തിക്കോട്ടെ

വിവർണ്ണമായ്       =            വിളറിയ, നിറഭേദം വന്ന.

സുരക്തമാം           =            രക്തവർണ്ണത്തിലുള്ള.

ആശയ വിശദീകരണം

പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അത് സഫലമാകാതെവന്നാൽ മരണത്തിലെത്താം. സൂര്യകാന്തി ചിന്തിക്കുന്നു- എന്റെ ദേഹം പ്രണയച്ചൂടിൽ  ദഹിച്ചാലും സാരമില്ല. സ്നേഹത്തിന്റെ മോഹനമായപ്രകാശം എന്റെ ആത്മാവു ചുംബിച്ചല്ലോ. എന്റെ മനോഗതം അദ്ദേഹം( സൂര്യൻ ) അറിഞ്ഞിട്ടുണ്ടാവാം. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ കോമളമായ മുഖവും വിവർണ്ണമായത്. വളരെ പ്രയാസത്തോടെയാണ് അദ്ദേഹം എന്റെ ശരീരത്തിൽനിന്ന് അദ്ദേഹത്തിന്റെ, തളരുന്ന രക്തവർണ്ണത്തിലുള്ള കൈയെടുത്തത്. സൂര്യൻ പോയവേളയിൽ വിവർണ്ണനായി. സായന്തനസൂര്യന്റെ ശോഭയേറിയ കിരണങ്ങൾ ചൂടുകുറഞ്ഞതും സൗമ്യവുമാണ്. സൂര്യകിരണങ്ങളെ സൂര്യന്റെ വിരലുകളായും, ആ കിരണങ്ങൾ ശരീരത്തിൽ തട്ടുന്നത് സൂര്യന്റെ പ്രണയസ്പർശമായും സൂര്യകാന്തി കരുതുന്നു. കവിതയുടെ വിവിധ അർത്ഥതലങ്ങൾക്കിണങ്ങുന്ന മനോഹരകല്പനയാണിത്. പ്രണയത്തിൽ സ്വയം മറന്ന് ആത്മസമർപ്പണം ചെയ്യുന്ന ഒരു യുവതിയുടെ തലത്തിലേക്ക് സൂര്യകാന്തി ഉയരുന്നു. ജീവിതം സഫലമായെന്നും, സ്നേഹം ലക്ഷ്യത്തിലെത്തിക്കഴിഞ്ഞെന്നും അവൾ കരുതുന്നു.

വരികൾ

” അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കി ഞങ്ങൾ

…………………… പോകെക്കണ്ടിരിക്കില്ലാ ദേവൻ! “

  അർത്ഥ വിശദീകരണം

തൽക്ഷണം                         =            പെട്ടെന്ന്.

കറമ്പിരാവ്                                         =            കറുത്തരാത്രി, മരണം എന്നും ആശയം.

മന്ദിതോത്സാഹൻ                          =            ഉത്സാഹം നഷ്ടപ്പെട്ടവൻ.

 ആശയ വിശദീകരണം

ഒന്നും പറയാനാകാതെ തങ്ങൾ പരസ്പരം നോക്കി നിന്നുപോയി. എന്തിനെന്നറിയില്ല, അപ്പോൾ പെട്ടെന്ന് കറമ്പിരാവ് ( രാത്രി )  അവിടേക്ക് വന്നു. ശിരസ്സു കുനിച്ച് താൻ അദ്ദേഹത്തിന് നന്ദികാട്ടാൻ ശ്രമിച്ചു (രാത്രിയിൽ സൂര്യകാന്തി തലകുനിഞ്ഞ് ചെരിഞ്ഞ് നില്ക്കുന്നത്, സൂര്യനോട് നന്ദികാണിക്കാൻ വേണ്ടിയാണെന്ന് കവി കൽപ്പന ). എന്നെ പിരിയുന്നതിൽ ഉത്സാഹം നഷ്ടപ്പെട്ട സൂര്യൻ ഞാൻ അഭിവാദനം ചെയ്തത് കണ്ടിരിക്കാനിടയില്ല. (സൂര്യന് ഉത്സാഹം നഷ്ടപ്പെട്ടത് തന്റെ പ്രണയസാമീപ്യം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് സൂര്യകാന്തി അനുമാനിക്കുന്നു.) കോമളമായ അദ്ദേഹത്തിന്റെ മുഖവും വിവർണ്ണമായി. സായന്തനസൂര്യന്റെ നിറത്തിലും തീക്ഷ്ണതയിലും വന്ന വ്യത്യാസമാണ് ഇവിടെ സൂചന. അത് സൂര്യന് തന്നോടുള്ള അനുരാഗത്തിന്റെ അടയാളമായി സൂര്യകാന്തി കാണുന്നു. തക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തി എന്ന പ്രയോഗത്തിലൂടെ, രാത്രി തങ്ങളുടെ പ്രണയസാഫല്യത്തിന് തടസ്സക്കാരിയായിത്തീർന്നു എന്നു സൂചിപ്പിക്കുന്നു. രാത്രിയെ പ്രണയത്തിന് തടസം നിൽക്കുന്നവളായി കവി കൽപ്പിച്ചിരിക്കുന്നു.

 വരികൾ

” നിദ്രയില്ലാഞ്ഞാരക്തനേത്രനായി പുലർച്ചയ്ക്കു………..

സ്നേഹിക്കാതിരുന്നെങ്കിൽ ! “

അർത്ഥ വിശദീകരണം

നിദ്രയില്ലാഞ്ഞ്                                 =            ഉറങ്ങാൻ കഴിയാതെ.

രക്തനേത്രനായി                             =            ചുവന്ന കണ്ണുമായി.

മ്ലാനമാമംഗം                         =            വാടിയ ശരീരം.

ആശയ വിശദീകരണം

ഉറക്കമില്ലാതെ(ഉറക്കമില്ലാത്തത് പ്രണയചിന്തകൾ കൊണ്ടാണെന്നു സൂചന), ചുവന്ന കണ്ണുമായി (പ്രഭാത സൂര്യന്റെ നിറത്തെ സൂചിപ്പിക്കുന്നു) നാളെ വീണ്ടും സൂര്യൻ വരും. ഈ മുറ്റത്തേക്കു നോക്കും. തെക്കൻകാറ്റടിച്ച് (തെക്കൻകാറ്റ് മരണസൂചകമാണ് ), അടർന്ന് തറയിൽ വാടിക്കിടക്കുന്ന എന്റെ ശരീരം അപ്പോൾ അദ്ദേഹം കാണും. മുഖം വിളറി ഒരു നിമിഷം സൂര്യൻ നിന്നു പോയേക്കാം. ആ വിശുദ്ധമായ പുഷ്പത്തെ കാണാതിരുന്നെങ്കിൽ. അങ്ങനെ പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ എന്ന് പ്രണയാകുലനായ നാഥൻ സങ്കടപ്പെട്ടേക്കാം എന്ന് സൂര്യകാന്തി ചിന്തിക്കുന്നതാണ് സന്ദർഭം

കാവ്യാവലോകനം

ഒരേസമയം സിംബോളിക്കും മിസ്റ്റിക്കുമായ കവിതയാണ് സൂര്യകാന്തി. സൂര്യൻ, സൂര്യകാന്തി എന്നീ സാർവ്വലൗകിക പ്രതീക(Universal Symbol)ങ്ങളിലൂടെ ഒരു പ്രേമത്തിന്റെ ആദർശകാവ്യം രചിക്കുകയായിരുന്നു കവി സൂര്യകാന്തി എന്ന കവിതയിൽ സൂര്യൻ, സൂര്യകാന്തിപ്പൂവ് എന്നീ രണ്ടു പ്രത്യക്ഷ പ്രതീകങ്ങ(Symbols)ളിലൂടെ മനുഷ്യാവസ്ഥയുടെതന്നെ കഥയാണ് ജി. പറയുന്നത്. മാനുഷികതലത്തിൽ ഈ കവിത ഉന്നതനായ ഒരു യുവാവിന്റെയും നിർദ്ധനയായ യുവതിയുടെയും പ്രണയത്തിന്റെ കഥ പറയുന്നു. എന്നാൽ, അവരുടെ കാമുകീ കാമുകബന്ധത്തിനപ്പുറം അതിന് ഒരു യോഗാത്മകതലത്തിലുള്ള അർത്ഥം കൂടിയുണ്ട്.

1.ജീവിവർഗ്ഗങ്ങൾക്കെല്ലാം പ്രകാശം പ്രദാനം ചെയ്യുന്നവനാണ് സൂര്യൻ. നിസ്സാരയെങ്കിലും തന്റെ സൗന്ദര്യസാരമറിയുകയും അതിന് ഊർജ്ജം പകരുകയും ചെയ്യുന്നതുകൊണ്ട് സൂര്യന്റെ മുന്നിൽ  വിശുദ്ധസ്നേഹവുമായി നില്ക്കുന്നു സൂര്യകാന്തിപ്പൂവ്. അവരാണ് ഈ കവിതയിലെ കഥാപാത്രങ്ങൾ. പൂവിന്റെ നിഷ്ക്കളങ്കവും നിർമ്മലവുമായ സ്നേഹവും ത്യാഗവുമാണ് കവിതയിൽ കവി അവതരിപ്പിച്ചിരിക്കുന്നത്.

2.സാമൂഹിക, സാമ്പത്തിക പദവികളാൽ നിർമ്മിക്കപ്പെടുന്ന സവിശേഷമായ അധികാര നിർമ്മിതിയ്ക്കുള്ളിൽ,  വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് വ്യക്തികളായി സൂര്യനേയും സൂര്യകാന്തിയേയും കാണാം. സൂര്യൻ സമൂഹത്തിൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവനും സമ്പന്നനുമായ ഒരു യുവാവിന്റെ പ്രതീകമാണ്. സൂര്യകാന്തി, സൗന്ദര്യമല്ലാതെ മറ്റൊരു സമ്പത്തുമില്ലാത്ത, സമൂഹത്തിന്റെ താഴ്ന്ന തലങ്ങളിൽ ജീവിക്കുന്നവൾ. അഭിമാനിയായ അവൾ തന്റെ പ്രണയം മറച്ചു പിടിയ്ക്കുന്നതിനുള്ള കാരണം അവർ തമ്മിൽ നിലനിൽക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പദവികളിലെ അന്തരമാണ്. സൂര്യൻ, സൂര്യകാന്തി (ഒരു പൂവ്) എന്നിവ ലോകത്ത് എവിടെയുമുള്ള ആർക്കും മനസ്സിലാവുന്ന പ്രതീകങ്ങളാണ്. സമൂഹത്തിൽ എവിടെയും ഉണ്ടാകാവുന്ന രണ്ടു വിപരീത വ്യക്തിത്വങ്ങളുടെ കഥ സാർവ്വലൗകികമായ സിംബലുകളിലൂടെ (universal symbol) അവതരിപ്പിക്കുന്നതിലൂടെ ഈ കവിത സിംബോളിക്കായിത്തീരുന്നു.

3.അടുത്ത അർത്ഥതലം മിസ്റ്റിസിസത്തിന്റേതാണ്. ഈ ലോകജീവിതം ഒരു മിഥ്യയാണെന്നും, ആത്യന്തികസത്യവും ജീവിതവും ഈശ്വരസവിധത്തി(സ്വർഗ്ഗത്തിൽ) ലാണെന്നും മിസ്റ്റിക്കുകൾ വിശ്വസിക്കുന്നു. മിസ്റ്റിസിസത്തിന്റെ കാവ്യസങ്കല്പമനുസരിച്ച് ഈശ്വരൻ കാമുകനും, മനുഷ്യാത്മാവ് കാമുകിയുമാവുന്നു. വരനും വധുവുംപോലെ.

ഈ കവിതയിൽ സൂര്യൻ ദൈവത്തിന്റെ(പരമാത്മാവിന്റെ )യും സൂര്യകാന്തി മനുഷ്യന്റെ (ജീവാത്മാവിന്റെ)യും പ്രതീകമാണ്. ജീവിതത്തിന്റെ ചില പ്രത്യേകസന്ദർഭങ്ങളിൽ വിശ്വാസിയായ മനുഷ്യൻ, ദൈവത്തിന്റെ സ്നേഹപൂർവ്വമായ ഇടപെടലുകളും സാമീപ്യവും തിരിച്ചറിയാറുണ്ട് . ദൈവസാന്നിദ്ധ്യം തനിക്കൊപ്പമുണ്ടെന്ന് ഒരു ഞെട്ടലോടെ അവർക്കു ബോധ്യപ്പെടുന്നു.

ഈ കവിതയിൽ, ജീവാത്മാവിനെ തൊട്ടുണർത്തി, തന്നോടു വല്ലതും പറയുവാനാഗ്രഹിക്കുന്നുണ്ടോ -നിനക്ക് എന്താണാവശ്യം- എന്താണ് വേണ്ടത്- എന്നന്വേഷിക്കുന്നു ദൈവം. ആ പരമാത്മാവിന്റെ മുന്നിൽ സ്നേഹാധിക്യത്താലും അമ്പരപ്പിനാലും ജീവാത്മാവിന് ഒന്നും പറയാൻ കഴിയുന്നില്ല. തന്നെ സ്നേഹിക്കുന്ന, താൻ സ്നേഹിക്കുന്ന, പരമാത്മാവിനെക്കുറിച്ചുള്ള ചിന്തകളാൽ ജീവാത്മാവിന്റെ മനസ്സ് പ്രഭാപൂരിതമാകുന്നു. നിസ്വാർത്ഥവും ദൈവീകവുമായ സ്നേഹം അതിന്റെ പരകോടിയിലെത്തുന്നു. ഈശ്വരനിലേക്ക് ലയിച്ചുചേരാൻ- സായൂജ്യഭാവത്തിലേക്ക്- ബ്രഹ്മാനന്ദത്തിലേക്ക്- എത്തിച്ചേരാൻ- തന്റെ ഭൗതിക  ശരീരം ഉപേക്ഷിച്ചുപോകാൻ പോലും ആഗ്രഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥയായിത്തീരുന്നു സൂര്യകാന്തി. ദൈവവിശ്വാസിയായ ഒരു മനുഷ്യന്റെ ആത്യന്തികലക്ഷ്യം, മരണാനന്തരം ദൈവസന്നിധിയിലെത്തുക, ഈശ്വരനിൽ അഭയം പ്രാപിക്കുക എന്നതാണ്. പരിപൂർണ്ണമല്ലെങ്കിലും അത്തരമൊരു സാദ്ധ്യതകൂടി സൂര്യകാന്തിയെന്ന കവിത തുറന്നിടുന്നു. ചുരുക്കത്തിൽ, ഒരേസമയം ഒന്നിലധികം അർത്ഥമാനങ്ങൾ ( dimensions) സമ്മാനിക്കുന്ന കവിതയാണ്  ജി.യുടെ സൂര്യകാന്തി . അത് ഹിരണ്മയമായ- സ്വർണ്ണ- പാത്രംകൊണ്ട് മൂടപ്പെട്ടിരിക്കുന്ന സത്യംപോലെ ആരെയും ആകർഷിക്കുന്നു. അനുവാചക മനസ്സിൽ , കലയുടെ രഹസ്യമാക്കപ്പെട്ട ചെപ്പുതുറന്ന് വിസ്മയത്തിന്റെയും ആഹ്ളാദത്തിന്റെയും സൗരപ്രഭ വിതറുകയും ചെയ്യുന്നു. കവിതയുടെ വൃത്തം കേകയാണ്.

ലക്ഷണം :

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ

പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോ

ഗുരുവൊന്നെങ്കിലും വേണം മാറാതോരോഗണത്തിലും

നടുക്കുയതി, പാദാദിപ്പൊരുത്തമിതു കേകയാം.

(വൃത്തമഞ്ജരി, ഏ.ആർ.രാജരാജവർമ്മ)

Recap

 • പ്രത്യക്ഷാർത്ഥത്തിൽ ഈ കവിത സൂര്യകാന്തിപ്പൂവിന്റെയും സൂര്യന്റെയും കഥയാണ്.
 • പ്രതീകതലത്തിൽ സൂര്യനും സൂര്യകാന്തിയും രണ്ടു വ്യക്തികൾ.
 • മാനുഷികമായ ആ തലത്തിൽ ഇതൊരു യുവാവിന്റെയും യുവതിയുടെയും പ്രണയത്തിന്റെ കഥ.
 • സൂര്യൻ സമൂഹത്തിൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന യുവാവിന്റെ പ്രതീകം.
 • സൂര്യകാന്തി സൗന്ദര്യമല്ലാതെ മറ്റൊരു സമ്പത്തും ഇല്ലാത്തവൾ.
 • മിസ്റ്റിസിസത്തിന്റെ തലത്തിൽ ഈ ലോകജീവിതം മിഥ്യയാണ്.
 • മിസ്റ്റിസിസത്തിൽ ഈശ്വരൻ കാമുകനും, മനുഷ്യാത്മാവ് കാമുകിയുമാണ്.
 • സൂര്യൻ ദൈവത്തിന്റെ, പരമാത്മാവിന്റെ പ്രതീകമാണ്.
 • സൂര്യകാന്തി മനുഷ്യന്റെ, ജീവാത്മാവിന്റെ പ്രതീകവുമാണ്.
 • ദൈവസ്നേഹം വഴി ഈശ്വരനിലെത്താൻ ആഗ്രഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥയാണിത്.

Questions

 1. സുന്ദര ദിവാകരൻ ചോദിച്ചു മധുരമായ് – എപ്പോൾ , ആരോടു ചോദിച്ചു ?
 2. ആരു നീയനുജത്തീ? നിർന്നിമേഷമായെന്തെൻതേരുപോകവേ നേരേ നോക്കി നിൽക്കുന്നു ദൂരേ ?” – ഇപ്രകാരം ചോദിച്ചതാര്?
 3.  “തെറ്റാണൂഹമെങ്കിൽ, ഞാൻ ചോദിച്ചീല ” – ആരോടാണ് സൂര്യൻ ഇപ്രകാരം പറയുന്നത്?
 4. ഒന്നുമുത്തരം തോന്നീല – ആർക്ക് , ആരോടാണ് ഉത്തരം പറയാൻ തോന്നാതിരുന്നത് ?
 5. സൂര്യകാന്തിയെന്നെന്നെ പുച്ഛിപ്പതാണീ ലോകം – എന്തിനാണ് സൂര്യകാന്തിയെ ലോകം പുച്ഛിക്കുന്നത്?
 6. പരനിന്ദ വീശുന്ന വാളിനാ ചൂളിപ്പോകാ,പരകോടിയി ചെന്ന പാവന ദിവ്യസ്നേഹം – ആരാണ് ഇപ്രകാരം ചിന്തിച്ചത് ?
 7. ധീരമാമുഖം തന്നെ നോക്കി നിന്നു ഞാൻ – ആരുടെ മുഖമാണ് സൂര്യകാന്തി നോക്കി നിന്നത്?
 8.  ” ശ്രമിച്ചാലും ചരിയായ് തിന്നിലല്ലോ ” – ആരാണ് ഇപ്രകാരം ചിന്തിക്കുന്നത്?
 9. ഗുണോദാരനാമവിടത്തേയ്ക്കെന്തു തോന്നിയോ ഹൃത്തിൽ – ആരാണ് ഇപ്രകാരം ചിന്തിച്ചത്?
 10. ഗുണോദാരനാമവിടത്തേയ്ക്കെന്തു തോന്നിയോ ഹൃത്തിൽ – ആരെയാണ് കവി ഗുണോദാരനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്?
 11.   എന്തിനെയാണ് മഞ്ഞുതുള്ളിയാണെന്ന് ഭാവിച്ചത് ?
 12. മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു – ആരാണ് ഇപ്രകാരം ഭാവിച്ചത്?
 13. വേപമുണ്ടായംഗത്തിൽ, ക്കുളിർക്കാറ്റിനാൽ – ആർക്കാണ് വേപമുണ്ടായത്?
 14. കോമളനവിടന്നതൂഹിച്ചാലൂഹിക്കട്ടെ – എന്ന് ചിന്തിച്ചതാര്?
 15. കോമളനവിടന്നതൂഹിച്ചാലൂഹിക്കട്ടെ – എന്ന് സൂര്യകാന്തി പറയുന്നത് എന്തിനെക്കുറിച്ചാണ് ?
 16. സ്നേഹത്തിന്റെ ഫലമെന്താണെന്നാണ് കവി പറയുന്നത്?
 17. ജ്ഞാനത്തിന്റെ ഫലമായി കവി പറയുന്നത് എന്താണ്?
 18. ജി.ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കൃതി ഏതാണ്?

Answer

 1. പ്രഭാതത്തിൽ സൂര്യകാന്തിയോട്
 2. സൂര്യൻ
 3. സൂര്യകാന്തിയോട്
 4. സൂര്യകാന്തിയ്ക്ക് , സൂര്യനോട്
 5. സൂര്യനെ സ്നേഹിച്ച ധിക്കാരത്തിന്
 6. സൂര്യകാന്തി
 7. സൂര്യന്റെ
 8. സൂര്യകാന്തി
 9. സൂര്യകാന്തി
 10. സൂര്യനെ
 11. ആനന്ദാശ്രുവിനെ
 12. സൂര്യകാന്തി
 13. സൂര്യകാന്തിയ്ക്ക്
 14. സൂര്യകാന്തി
 15. സൂര്യനോടുള്ള സൂര്യകാന്തിയുടെ സ്നേഹത്തെക്കുറിച്ച്
 16. സ്നേഹം
 17. ജ്ഞാനം
 18. ഓടക്കുഴൽ

Assignment topic

 1. ‘ സൂര്യകാന്തിയുടെ കഥയിൽ മനുഷ്യജീവിതം തുടിക്കുന്നു ‘ – എങ്ങനെയെന്നു വ്യക്തമാക്കുക. 
 2. സൂര്യൻ സൂര്യകാന്തി എന്നീ ബിംബങ്ങളെ മുൻ നിർത്തി സൂര്യകാന്തി എന്ന കവിതയിൽ ജി.ശങ്കരക്കുറുപ്പ് അവതരിപ്പിച്ച പ്രണയ സങ്കൽപ്പത്തെക്കുറിച്ച് കുറിപ്പെഴുതുക.
 3. പരനിന്ദ വീശുന്ന വാളിനാൽ ചൂളിപ്പോകാ പരകോടിയിൽ ചെന്ന പാവന ദിവ്യസ്നേഹം – ഈ വരികളെ മുൻ നിർത്തി സൂര്യകാന്തി എന്ന കഥാപാത്രത്തെക്കുറിച്ച് കുറിപ്പെഴുതുക
 4. ജി.ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ പരിചയപ്പെടുത്തുക
 5. മിസ്റ്റിസിസം, സിംബോളിസം – കുറിപ്പെഴുതുക

References

 • ജി. ശങ്കരക്കുറുപ്പ് -സൂര്യകാന്തി – എസ്.പി .സി .എസ്, കോട്ടയം.
 • എം. ലീലാവതി – മലയാള കവിതാ സാഹിത്യചരിത്രം – കേരള സാഹിത്യ അക്കാദമി,തൃശൂർ.
 • ജി. ശങ്കരക്കുറുപ്പ് –  സാഹിത്യ കൗതുകം – എസ്.പി .സി .എസ്, കോട്ടയം.

E- content

ജി .ശങ്കരക്കുറുപ്പിന്റെ ചിത്രം

വായനയ്ക്ക്

https://youtu.be/8nGFmngOYZM