Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് -5

ഹൊഗനേക്കൽ

                         ടി.പി രാജീവൻ

Learning Outcomes

  • ടി .പി .രാജീവൻ എന്ന കവിയുടെ കവിതാശൈലി പരിചയപ്പെടുന്നു.
  • ടി .പി .രാജീവന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് അറിവുനേടുന്നു.
  • ആധുനിക കവിതയുടെ സവിശേഷതകൾ മനസ്സിലാക്കുന്നു.
  • ആധുനിക കവിതകളിൽ ടി.പി.രാജീവന്റെ കവിതയുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നു.
  • പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു.

Prerequisites

വിനോദയാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നതിനു കാരണം തന്നെ കേരളത്തിന്റെ ഭൂപ്രകൃതിയാണ്. ധാരാളം വിനോദസഞ്ചാരികൾ വർഷം തോറും കേരളത്തിലെത്താറുണ്ട് .കേരളത്തിനകത്തും പുറത്തുമായി നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ട്. വിനോദയാത്രകൾ സാഹിത്യത്തിന് വിഷയകമാവാറുണ്ട്. മനുഷ്യനും പ്രകൃതിയുമായി ബന്ധപെട്ടവ സാ ഹിത്യത്തിന്റെ പരിധിയിൽ വരാറുണ്ട്. അത്തരത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ പേരിലുള്ള കവിതയാണ് ഹൊഗനേക്കൽ .ഈ കവിത എഴുതിയത് ടി .പി .രാജീവനാണ്. ഹൊഗനേക്കൽ  എന്നത് ഒരു വെള്ളച്ചാട്ടത്തിന്റെ പേരാണ്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് ഈ വെള്ളച്ചാട്ടം.  തമിഴ്നാട് കർണ്ണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഈ വിനോദസഞ്ചാര കേന്ദ്രത്തെ അത്യാകർഷകമാക്കുന്നത് നദിയിലൂടെ . കുട്ടവഞ്ചിയിലുള്ള ജലയാത്രയാണ്  .

   മലയാള സാഹിത്യത്തിൽ ആധുനിക കവികളിൽ പ്രശസ്തനാണ്  ടി .പി .രാജീവൻ . മുഴുവൻ പേര് തച്ചംപൊയിൽ രാജീവൻ .ഹൊഗനേക്കൽ എന്ന കവിത വയൽക്കരെ ഇപ്പോഴില്ലാത്ത  എന്ന കവിതാസമാഹാരത്തിൽ  നിന്നുള്ളതാണ്. ആധുനിക കവിതയുടെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ കവിതയാണ് ഹൊഗനേക്കൽ. ജലം എന്ന കാവ്യബിംബത്തെ വ്യത്യസ്തമായ മാനങ്ങളിലൂടെ പ്രയോഗിച്ച് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കാൻ ടി.പി. രാജീവനു കഴിഞ്ഞു.

 മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും രാജീവൻ സാഹിത്യ സംഭാവനകൾ നൽകിയിട്ടുണ്ട് .നോവലിസ്റ്റ്, നിരൂപകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു .മലയാള കവിതയെ ആഗോളതലത്തിൽ അവതരിപ്പിച്ചതിൽ രാജീവന്റെ പങ്ക് വളരെ വലുതാണ് .ഫ്രഞ്ച് ,ഇറ്റാലിയൻ ,പോളിഷ് തുടങ്ങിയ അനേകം ഭാഷകളിൽ ടി .പി രാജീവന്റെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ,കെ .ടി .എൻ  കോട്ടൂർ എഴുത്തും ജീവിതവും എന്നീ നോവലുകൾ സിനിമയാക്കിയിട്ടിട്ടുണ്ട് . വാതിൽ ,രാഷ്ട്രതന്ത്രം , കോരിത്തരിച്ച നാൾ ,വയൽക്കരെ ഇപ്പോളില്ലാത്ത, യാത്രാവിവരണം ,പുറപ്പെട്ടു പോകുന്ന വാക്ക് ,ക്രിയാശേഷം തുടങ്ങിയവയാണ് പ്രധാനകൃതികൾ.

Key words

ആധുനിക കവിത – വിനോദസഞ്ചാരകേന്ദ്രങ്ങൾ – ഹൊഗനേക്കൽ – ജലം എന്ന കാവ്യബിംബം

 4.5.1. Content

ആധുനിക കവിതാ പ്രസ്ഥാനത്തിൽ ഉൾപെടുത്താവുന്ന ഒരു കവിതയാണ് ഹൊഗനേക്കൽ. വെള്ളത്തിന്റെ വിവിധ അവസ്ഥകളിലൂടെ കവി മനുഷ്യഹൃദയങ്ങളിലേക്കും അവിടത്തെ പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു.

വരികൾ

കിണറ്റിലെ വെള്ളം വേനലിൽ

എങ്ങോട്ടാണ് പോകുന്നതെന്ന് ഇപ്പോളെനിക്കറിയാം.

സ്കൂളടച്ചാൽ അമ്മ

കോഴിയെയും ആടിനെയും പശുവിനെയും

അടുക്കളപ്പുറത്തെ  കുമ്പളവള്ളികളെയും

വീടിന്റെ ഐശ്വര്യമായ  തെക്കേടത്ത്  ഭഗവതിയെയും

അച്ഛന്റെ ,ഏതുനിമിഷവും കോപിക്കാവുന്ന വാതത്തെയും

അവയുടെ വിധിക്കുവിട്ട് .

ആശയ വിശദീകരണം

വേനൽ  കാലത്ത് തന്റെ കിണറ്റിലെ വെള്ളം എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്ക് ഇപ്പോൾ അറിയാമെന്ന്കവി പറയുന്നു. അതായത് അതിനെ ക്കുറിച്ചറിയാത്ത നാളുകൾ തനിക്കുണ്ടായിരുന്നുവെന്നും കവി ഇവിടെ സമ്മതിക്കുന്നു .സ്കൂളടച്ചാൽ  അമ്മ തന്റെ തറവാട്ടിലേക്ക് പോകുന്നപോലയാണ് വെള്ളവും പോകുന്നത് . അമ്മയുടെ ആ യാത്ര തനിക്ക് പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിച്ചുകൊണ്ടായിരുന്നു .കോഴി ,പശു,ആട്,അടുക്കളപ്പുറത്തെ കുമ്പളവള്ളി, വീടിന്റെ ഐശ്വര്യമായ തെക്കേടത്ത്  ഭഗവതി , എപ്പോൾ വേണമെങ്കിലും കോപിക്കാവുന്ന അച്ഛന്റെ വാതം എന്നിങ്ങനെ തനിക്ക് പ്രിയപ്പെട്ടതും എന്നാൽ അതുപോലെ തന്നെ വിഷമിപ്പിക്കുന്നതുമായ പലതിനെയും ഉപേക്ഷിച്ചാണ് ആ യാത്ര .അതായത് തറവാട്ടിലേക്കുള്ള ആ യാത്ര സർവ്വതന്ത്ര സ്വതന്ത്രമായ   ഒരു യാത്രയാണെന്നു സാരം. അതുപോലെയാണ് കിണറ്റിലെ ജലവും യാത്രക്കൊരുങ്ങുന്നത്.

വരികൾ

എന്നെയും അനിയത്തിയെയും

ഞങ്ങളുടെ പാവകളെയും

മരിച്ചുപോയ അനിയനെയും കൂട്ടി ,

ബസ്സിറങ്ങി ഏഴുനാഴിക നടന്നുമാത്രം ചെല്ലാവുന്ന

തറവാട്ടിലേക്ക് പോകാറുള്ളതുപോലെ

വെള്ളവും വരികയാണ്

വളർത്തു മീനുകളെയും തവളകളെയും

സ്വന്തം നിഴലായ പായലുകളെയും വിട്ട്

അതിന്റെ ഈ നാട്ടിലേക്കും വീട്ടിലേക്കും

വയൽക്കരെ അമ്മയുടെ വീട്

അവിടെയെത്തുമ്പോൾ അമ്മയ്ക്ക് പത്തു വയസ്സ് കുറവ്

ആശയ വിശദീകരണം

അമ്മ ഈ യാത്രയിൽ  ഒപ്പം കൂട്ടുന്നത് കവിയെയും,  അനിയത്തിയെയും, മരിച്ചുപോയ അനിയന്റെ ഓർമ്മകളെയും ഞങ്ങൾക്ക് പ്രിയപ്പെട്ട  പാവകളെയുമാണെന്നു കവി ഇവിടെ പറയുന്നു. അതായത് മക്കളെയും അവരുടെ പ്രിയപ്പെട്ടതിനെയും അമ്മ ഒഴിവാക്കുന്നില്ല. ഏതൊരു പ്രതിസന്ധികാലത്തും  അമ്മയുടെ സ്നേഹവും സാമീപ്യവും എന്നും കുട്ടികൾക്ക് തണലുതന്നെയാണെന്ന് സാരം. ബസ്സിറങ്ങിയാൽ ഏഴുനാഴിക നടന്നെത്താവുന്ന തറവാട്ടിലേക്ക് പോകുന്ന അമ്മയെ പോലെ വെള്ളവും അതിന്റെ നാട്ടിലേക്കും വീട്ടിലേക്കും പോകുന്നുവെന്നും കവി പറയുന്നു. ഇവിടെ വെള്ളം വരുന്നത് വളർത്തു മീനുകളെയും തവളകളെയും സ്വന്തം  നിഴലായ പായലുകളെയും ഉപേക്ഷിച്ചാണെന്നു മാത്രം. വയൽക്കരെയുള്ള അമ്മയുടെ വീട്ടിലെത്തുമ്പോൾ  അമ്മയ്ക്ക് പത്തു വയസ്സ് കുറയുമെന്നും കവി പറയുന്നു .

വരികൾ

മലമടക്കിൽ ,ഇതാ വെള്ളത്തിന്റേത് .

ഇവിടെ വെള്ളത്തിന് വയസ്സയേില്ല

നീർമരുതിൻ തണലിൽ  പിറന്നപടി മലർന്നുകിടക്കുന്നു .

വെളിച്ചതിനൊപ്പം  നൃത്തം ചെയ്യുന്നു .

മേഘത്തിന്റെ വിമാനത്തിൽ  യാത്ര ചെയ്യുന്നതും

കാറ്റിന്റെ പാരച്യൂട്ടിൽ അറിയാത്ത  നാട്ടിൽ പറന്നിറങ്ങുന്നതും

സ്വപ്നം കാണുന്നു .

കൽപടവിൽ  കാലുനീട്ടിയിരുന്ന് ഒരു മുത്തശ്ശിവെള്ളം

ഗർഭിണിയായ പേരക്കുട്ടിയുടെ മുടി ചീകിയൊതുക്കുന്നു

മരുഭൂമി വശീകരിച്ചു കൊണ്ടുപോയി ,

എല്ലും തോലുമാക്കി തിരിച്ചയച്ച

മകളുടെ കുഴിമാടത്തിൽ  ഒരു ‘അമ്മ വെള്ളം തലതല്ലിവീഴുന്നു

ആശയ വിശദീകരണം

കവി പറയുന്നു സ്വന്തം സ്ഥലത്തെത്തുമ്പോൾ  അമ്മയെ പോലെ തന്നെ വെള്ളത്തിനും വയസ്സില്ലായെന്ന്. അത് പിറന്നപടി നീർമരുതണലിൽ കിടക്കുന്നു. കൂടാതെ വെളിച്ചത്തിനൊപ്പം നൃത്തം  ചെയ്യുന്നുണ്ട്. അത് തനിക്ക് ചെയ്യേണ്ടുന്ന  കാര്യങ്ങളെ സ്വപ്നം കാണുകയും ചെയ്യുന്നു. ഇവിടെ വെള്ളത്തിനേയും മനുഷ്യനെയും കവി താദാത്മ്യം ചെയ്യുന്നതായി കാണാം. കൽപ്പടവിൽ കാലുനീട്ടിയിരുന്ന് ഒരു മുത്തശ്ശിവെള്ളം പേരക്കുട്ടിയുടെ മുടി ചീകിയൊതുക്കുന്നു.   മരുഭൂമി വശീകരിച്ചു കൊണ്ടു പോയി എല്ലും തോലുമാക്കി തിരിച്ചയച്ച മകളുടെ കുഴിമാടത്തിൽ  തലതല്ലി കേഴുന്ന ഒരു അമ്മ വെള്ളത്തെയും കവി ഇവിടെ കാണുന്നു .

വരികൾ

പട്ടണത്തിലേക്ക് കല്യാണം കഴിഞ്ഞുപോയ ഒരു പാവം വെള്ളം

അമ്മൂമ്മയോടും വല്യമ്മയോടും ചെറിയമ്മയോടും

സിമെന്റ് കിണറിലെ സങ്കടങ്ങൾ പറഞ്ഞു കരയുന്നു

ഓർക്കാപ്പുത്ത്  മാറും നാഭിയും അരക്കെട്ടും

പിളർന്നിറങ്ങുന്ന  പാതാളകരണ്ടികളെയും

അവസാനത്തെ  തുള്ളിവരെ കുടിച്ചു  വറ്റിക്കുന്ന

യന്ത്രനാവുകളെയും

ഓർത്ത് ഞെട്ടിയുണരുന്നു

ആശയ വിശദീകരണം

ഈ വരികളിൽ തെളിയുന്ന വെള്ളത്തിന്റെ നിസ്സഹായാവസ്ഥ കവിയുടെ അമ്മയുടേതു കൂടിയാണ്. പട്ടണത്തിലേക്ക് കല്യാണം കഴിച്ചയക്കപ്പെട്ട ആ പാവം വെള്ളം തന്റെ അമ്മൂമ്മയോടും വല്യമ്മയോടും ചെറിയയോടും സിമന്റ് കിണറിലെ സങ്കടങ്ങൾ പറഞ്ഞു കരയുന്നു. ഓർക്കാപ്പുറത്ത് മാറിലും നാഭിയിലും അരക്കെട്ടിലും പാതാളക്കരണ്ടികൾ പിളർന്നിറങ്ങുകയും യന്ത്രനാവുകൾ അവസാന തുള്ളി വെള്ളം വരെ കുടിച്ചു വറ്റിക്കുകയും ചെയ്യുന്നതോർത്ത് വെള്ളം ഞെട്ടിയുണരുന്നു .ഇവിടെ പട്ടണത്തിലേക്കു കല്യാണം കഴിഞ്ഞുപോയതും അവിടത്തെ ദുരിതങ്ങൾ പറഞ്ഞു കരയുന്നതും വെള്ളമാണെന്ന് പറയുന്നുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് കവിയുടെ അമ്മയുടെ ദയനീയമായ അവസ്ഥയെ തന്നെയാണ് . അമ്മക്ക് ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്ന ദുരിതത്തെയാണ് കവി ഈ വരികളിൽ  സൂചിപ്പിക്കുന്നത് .

വരികൾ

കുന്നിൻ മുകളിലിരുന്ന് ഒരു അനാഥവെള്ളം

പ്രാർഥിക്കുന്നു ;ദൈവമേ

നിന്നെപ്പോലെ ഞങ്ങൾക്കുമില്ലേ റിപ്പബ്ലിക്ക്

നിന്റെ ആലയങ്ങൾ കുന്നിൻമുകളിൽ

ഞങ്ങളുടെ സംഭരണികളും .

പലായനമോ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക്

ആഴത്തിൽ  നിന്ന് ആഴത്തിലേക്ക് ;

നിനക്ക് പ്രാർത്ഥിക്കാൻ അമ്പലങ്ങളില്ല

ഞങ്ങൾക്ക് ദാഹം തീർക്കാൻ വെള്ളവും;

ആശയ വിശദീകരണം

കുന്നിൻ മുകളിലിരുന്ന് അതായത് ദുഖങ്ങളുടെ കൂമ്പാരത്തിലിരുന്നാണ് വെള്ളവും അത് പോലെ അമ്മയും പ്രാർത്ഥിക്കുന്നത് . വെള്ളവും അമ്മയും ഒരുപോലെ അനാഥത്വം അനുഭവിക്കുന്നുണ്ടെന്നും ഇവിടെ വ്യക്തമാണ്. അവരുടെ പ്രാർത്ഥന  ഇതാണ്. ദൈവമേ നിന്നെപ്പോലെ ഞങ്ങൾക്കുമില്ലേ സ്വാതന്ത്ര്യം. നിന്റെ ദേവലയങ്ങളും ഞങ്ങളുടെ സംഭരണികളും കുന്നിൻ മുകളിലാണ്. ഞങ്ങളുടെ യാത്ര ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കാണ്, ആഴത്തിൽ നിന്നും ആഴത്തിലേക്കാണ്. അതായത് ദുഖങ്ങളിൽ നിന്ന് ദുഖങ്ങളിലേക്കാണ് പലായനം എന്നു സാരം. ഇവിടെ നിനക്ക് അഭയസ്ഥാനമെന്ന നിലയിൽ പ്രാർഥിക്കാൻ  അമ്പലങ്ങളോ ഞങ്ങൾക്ക് ആശ്രയകേന്ദ്രമെന്ന നിലയിൽ സംഭരണികളോ ഇല്ലായെന്നാണ്. അതായത് ഒറ്റപ്പെടലിന്റെയും അവഗണനയുടെയും അവസ്ഥ രണ്ട് കൂട്ടർക്കും ഉണ്ടെന്നു കവി പറയുന്നു.

വരികൾ

ഒന്ന്പിഴച്ചാൽ കണിക പോലും കിട്ടാത്ത  ആ മുനമ്പിൽ

തുള്ളിതുളുമ്പുന്ന സുതാര്യസഹോദരിമാരിൽ

ഏതായിരിക്കും എന്റെ കിണറ്റിലെ വെള്ളം ?

ഈ പാറവിള്ളലുകളിൽ എവിടെയായിരിക്കും

അതിന്റെ വീട്?

ഒരു കൊല്ലം സ്കൂൾ തുറന്നു.

അച്ഛൻ വന്നു വിളിച്ചിട്ടും

ഞാനും അനിയത്തിയും ഞങ്ങളുടെ പാവകളും

മരിച്ചുപോയ അനിയനും കരഞ്ഞിട്ടും

അമ്മ വീട്ടിലേക്ക് തിരിച്ചു വരാത്തതു പോലെ

എന്റെ കിണറിലേക്ക് ഇനി വരാതിരിക്കുമോ

അതും.

ആശയ വിശദീകരണം

ഇവിടെ വെള്ളത്തിന്റെ സ്വത്വം അനേഷിക്കുകയാണ് കവി ചെയ്യുന്നത്. ഒന്നു പിഴച്ചാൽ ഒരു കണിക പോലും കിട്ടാത്ത ആ മുനമ്പിൽ തുള്ളിത്തുളുമ്പുന്ന ജലകണങ്ങളാകുന്ന സഹോദരിമാരിൽ ഏതായിരിക്കും എന്റെ കിണറ്റിലെ വെള്ളം. ഈ പാറവിള്ളലുകളിൽ എവിടെയായിരിക്കും അതിന്റെ വീട്. തന്റെ കിണറ്റിലെ വെള്ളത്തിന്റെ വീട് അനേഷിക്കുന്ന കവി തിരയുന്നത് അമ്മയുടെ സ്വത്വം തന്നെയാണ്. സ്കൂൾ തുറന്നിട്ടും, അച്ഛൻ വന്നു വിളിച്ചിട്ടും, മക്കൾ കരഞ്ഞിട്ടും  അമ്മ ഒരിക്കലും തന്റെ വേരിനെ അല്ലെങ്കിൽ അസ്തിത്വത്തെ വിട്ട് വരാൻ തയ്യാറാകാത്തത് പോലെ തന്റെ കിണറ്റിലെ വെള്ളവും ഇനി വരില്ലേയെന്നും കവി സന്ദേഹപ്പെടുന്നു .

Recap

  • ആധുനികവികളിലൊരാളായ ടി.പി രാജീവൻ എഴുതിയ കവിതയാണ് ഹൊഗനേക്കൽ.
  • ഹൊഗനേക്കൽ എന്ന കവിത വയൽക്കരെ ഇപ്പോഴില്ലാത്ത എന്ന കവിതാസമാഹാരത്തിൽ  നിന്നുള്ളതാണ്.
  • കിണറ്റിലെ വെള്ളത്തിനേയും അമ്മയുടെ സ്വത്വത്തെയും ഒരുമിച്ചു ചേർത്ത് കാവ്യബിംബങ്ങൾ കൊണ്ട് രണ്ടുപേരുടേയും അവസ്ഥകളെ വായനക്കാർക്കു മുൻപിൽ തുറന്നിടുന്നു.
  • മനുഷ്യരുടെയും വെള്ളത്തിന്റെയും വേദനകൾ ഒരുപോലെയെന്ന് കവി പറയുന്നു.
  • സ്വത്വമന്വേഷിച്ചു പോകുന്ന മനുഷ്യരെപ്പോലെ കിണറ്റിലെ വെള്ളവും തിരിച്ചു വരാതിരിക്കുമോ എന്നു കവി സന്ദേഹിക്കുന്നു.

Questions

   

       1 . ഹൊഗനേക്കൽ  എന്ന കവിത ഏത് കവിതാപ്രസ്ഥാനത്തിൽപെടുന്നു?

       2 .ഹൊഗനേക്കൽ  എന്ന കവിത രചിച്ചത് ആരാണ് ?

       3 .ഹൊഗനേക്കൽ  എന്ന കവിത ഏത് കവിതാസമാഹാരത്തിൽ  നിന്നുള്ളതാണ് ?

  1. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ആരെഴുതിയ നോവലാണ് ?
  2. സ്ക്കൂളടച്ചാൽ അമ്മ തനിക്ക് പ്രിയപ്പെട്ടതിനെപ്പോലും വിട്ട് കുട്ടികളെയും കൂട്ടി പോകുന്നതെങ്ങോട്ടാണ്?
  3. എവിടെയെത്തുമ്പോഴാണ് അമ്മക്ക് പത്തു വയസ്സു കുറയുമെന്ന് കവി പറയുന്നത്?
  4. കൽപ്പടവിൽ കാല് നീട്ടിയിരുന്ന് പേരക്കുട്ടിയുടെ തലമുടി ചീകുന്നതാര്?
  5. മകളുടെ കുഴിമാടത്തിൽ തലതല്ലിക്കരയുന്നതാര്?
  6. കുന്നിൻ മുകളിലിരുന്ന് പ്രാർത്ഥിച്ചതാര്?’

       10. ദൈവത്തിന്റെ ആലയങ്ങളും ജലസംഭരണികളും എവിടെയെന്നാണ് കവി പറയുന്നത്?

Answers

  1. ആധുനിക മലയാളകവിതാപ്രസ്ഥാനം.
  2. ടി .പി .രാജീവൻ.
  3. വയൽക്കരെ ഇപ്പോഴില്ലാത്ത .
  4. ടി .പി .രാജീവൻ.
  5. അമ്മയുടെ തറവാട്ടിലേക്ക് .
  6. അമ്മയുടെ തറവാട്ടിലേക്കെത്തുമ്പോൾ .
  7. മുത്തശ്ശി വെള്ളം.
  8. അമ്മ വെള്ളം.
  9. അനാഥ വെള്ളം .
  10. കുന്നിൻ മുകളിൽ .

 

Assignment topic

  1. ആധുനിക മലയാള കവിതകളുടെ പൊതുസ്വഭാവത്തെ മുൻ നിർത്തി ടി പി .രാജീവന്റെ ഹൊഗനേക്കൽ  എന്ന കവിതയെ അപഗ്രഥിക്കുക
  2. ടി.പി.രാജീവന്റെ ഹൊഗനേക്കൽ  എന്ന  കവിതയിൽ വെള്ളം പ്രതിനിധീകരിക്കുന്നത് ആധുനികമനുഷ്യന്റെ ജീവിത സങ്കീർണാവസ്ഥകളെ തന്നെയാണ് വിലയിരുത്തുക

References

  • ഡോ.എം ലീലാവതി – കവിതാസാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി തൃശൂർ.
  • ഡോ.എൻ.സാം – സമകാലമലയാള സാഹിത്യം, കറന്റ് ബുക്സ്, തൃശൂർ.
  • ഡോ. എൻ. അജയകുമാർ – ആധുനികത മലയാള കവിതയിൽ, കറന്റ് ബുക്സ് തൃശൂർ .

E- content

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%AF%E0%B4%82_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%B2%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%A5