Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 6 

ആലപ്പുഴവെള്ളം –

                        അനിതതമ്പി

Learning Outcomes

  • അനിത തമ്പിയുടെ കാവ്യജീവിതത്തെ പരിചയപ്പെടുന്നു.
  • അനിതതമ്പിയുടെ കവിതകളിൽ ആലപ്പുഴവെള്ളത്തിനുള്ള ഇടം കണ്ടെത്തുന്നു.
  • ഉത്തരാധുനിക കവിതയുടെ സവിശേഷതകൾ മനസ്സിലാക്കുന്നു.
  • മലയാള കവിതയിൽ ഉത്തരാധുനികത നിർമ്മിച്ച രൂപപരവും ഭാവപരവുമായ മാറ്റം മനസിലാക്കുന്നു.

Prerequisites

കേരളത്തിൽ ഏറ്റവും കൂടുതൽ ജലസാന്നിദ്ധ്യമുള്ള പ്രദേശമാണ് ആലപ്പുഴ. സംസ്ഥാനത്തെ ഏറ്റവും വലിയ കായലായ വേമ്പനട്ടുകായലും അതിന്റെ കൈവഴികളായ തോടുകളുമടക്കം അനേകം ജലാശയങ്ങളുടെ നനവേറ്റുകിടക്കുന്ന ഈ നാടിന് വേറിട്ട നിരവധി പ്രത്യേകതകളുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ സമുദ്രനിരപ്പിൽനിന്നും താഴെയാണ് ആലപ്പുഴയുടെ സ്ഥാനം. കായലും കടലും കൂടിച്ചേരുന്ന പ്രദേശമാണിത്. മലകളില്ലാത്ത ഈ സമതലഭൂമിയിലാണ് ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ജലം അടിഞ്ഞുകൂടുന്നത്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കം ഇവിടെ സർവ്വസാധാരണമാണ്. ഞരമ്പുകൾ പോലെ കാണപ്പെടുന്ന കൈത്തോടുകളിലധികവും ജലയാനങ്ങളാണ്. “കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഈ നാടിന്റെ കച്ചവടവും ഗതാഗതവും ജീവനോപാധിയുമെല്ലാം ജലത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.

   കേരളത്തിന്റെ നെല്ലറയായ കുട്ടനാടും ജലോൽസവങ്ങളും ക്ഷേത്രങ്ങളും റാട്ടുകളുടെ താളവും വഞ്ചിപ്പാട്ടിന്റെ ഈണവുമൊക്കെ ആലപ്പുഴയുടെ ആഹ്ളാദങ്ങളാവുമ്പോൾ, ജലം എന്നത് ഇവിടുത്തെ മനുഷ്യർക്ക് സിരകളിലും ആത്മാവിലും വ്യാപിച്ചിരിക്കുന്ന അനുഭൂതിയാണ്. അഥവാ പേരറിയാത്തൊരു വികാരമാണ്. വെള്ളം എന്നത് ആലപ്പുഴക്കാർക്ക് ഒരേസമയം വേദനയും ആനന്ദവുമാണ്. അതെല്ലാം ചേർന്നു രൂപപ്പെട്ട കവിതയാണ് അനിത തമ്പിയുടെ “ആലപ്പുഴവെള്ളം.

  സമകാലിക മലയാളകവിതയിലെ ശക്തമായ സാന്നിദ്ധ്യമാണ് അനിത തമ്പി. ആധുനികാനന്തര കവിതയിലെ ബഹുസ്വരത, ലിംഗനീതി, പരിസ്ഥിതി, സാമൂഹ്യ-സാമ്പത്തിക അന്തരം, പ്രവാസ ജീവിതത്തിന്റെ മരവിപ്പും ഒറ്റപ്പെടലും, സ്ത്രീപക്ഷചിന്ത തുടങ്ങിയ വിഷയങ്ങളെ അനിത തമ്പിയിലെ കവി ശക്തമായിത്തന്നെ അഭിമുഖീകരിക്കുന്നുണ്ട്. പഴമയുടെ ജീർണ്ണിച്ച സംസ്കാരങ്ങളെ കുടഞ്ഞെറിയാനുള്ള ബോധപൂർവ്വമായ ശ്രമം പുതുകവികളിൽ കാണുന്ന ഒരു പ്രവണതയാണ്. അനിത തമ്പിയിലും ഈ പ്രവണതകള്‍ ഇടയ്ക്കിടെ കടന്നുവരുന്നതായി കാണാം .

      കവി, പരിഭാഷക, വാഗ്മി എന്നീ നിലകളിൽ ശ്രദ്ധേയയായ അനിത തമ്പി ആലപ്പുഴയിലാണ്  ജനിച്ചത് . “മുറ്റമടിക്കുമ്പോൾ’ , “അഴകില്ലാത്തവയെല്ലാം , “ആലപ്പുഴവെള്ളം’ എന്നിവ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങളാണ്. വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം നടത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ കവിയായ ലെസ്മ റെയുടെയും പലസ്തീൻ കവി മുരീദ് ബർഗുടിയുടെയും കവിതകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. പി.പി.രാമചന്ദ്രൻ, റോസ് മേരി, വി.എം.ഗിരിജ, എസ്.ജോസഫ്, ടി.പി.രാജീവൻ, പി.രാമൻ, ആര്യാംബിക, റഫീക് അഹമ്മദ്, പി.രാമൻ, അൻവർ അലി തുടങ്ങിയവര്‍ അനിത തമ്പിയുടെ സമകാലികരായ കവികളാണ് .

   കവിതയുടെ രൂപഘടനയോട് ആഭിമുഖ്യം കാണിക്കാത്തതും കവിതയെ വൃത്തനിയമങ്ങൾക്കുള്ളിൽ തളച്ചിടാത്തതും ചമൽക്കാരങ്ങൾകൊണ്ട് കവിതയിൽ നിറം ചേർക്കാത്തതുമായ പുതുപ്രവണതയ്ക്കൊപ്പമാണ് അനിത തമ്പിയുടെ കവിതകളും സഞ്ചരിക്കുന്നത്. എങ്കിലും ബിംബകല്പനയിലൂടെ സൗന്ദര്യാവിഷാകാരം നടത്താനും ഗദ്യകവിതയ്ക്കും താളസ്ഥിതി നൽകാനും ഏറെ ശ്രദ്ധിക്കുന്നുണ്ട് കവി. മാത്രകളും യതിയും വൃത്തവും ഒളിഞ്ഞിരിക്കുന്ന തരത്തിൽ കവിതയുടെ രൂപഘടന ഗദ്യത്തിൽ വാർക്കുന്നതാണ് അനിത തമ്പിയുടെ കവിതകളുടെ ഒരു പ്രത്യേകത. വരികൾ മുറിക്കുന്നിടത്ത് നവീനസങ്കല്പത്തെ അനുധാവനം ചെയ്യുന്നു എന്നേയുള്ളൂ.

   ബഹുസ്വരത അനിത തമ്പിയുടെ കവിതകളുടെ സവിശേഷതയാണ് . പുരുഷഭാവനയിലൂടെ വാർക്കപ്പെട്ടുപോന്ന കാവ്യപാരമ്പര്യത്തെ മറികടന്ന് സ്ത്രീയുടെ യഥാർത്ഥ ജീവിതാവസ്ഥ തുറന്നുകാട്ടാനുള്ള വ്യഗ്രത അനിതയുടെ കവിതകളിലുണ്ട്. നിശ്ശബ്ദമായ പ്രതിഷേധങ്ങളായാണ് ആ കവിതകൾ രൂപപ്പെടുന്നതെങ്കിലും അകത്ത് ഉഗ്രസ്ഫോടകശേഷിയുള്ള മൂലകങ്ങളാണ് നീറിപ്പിടിക്കുന്നത്. ‘മുറ്റമടിക്കുമ്പോൾ’ എന്ന കവിത അതിനു ഉദാഹരണമാണ് . ഗ്രാമത്തിന്റെ പച്ചപ്പും പ്രകൃതിയുടെ കനിവും ഭൂത കാലസ്മൃതികളും ഉൾക്കൊള്ളുന്ന കവിതയാണ് ‘ഊണ്.’ മേശപ്പുറത്ത് വിളമ്പിവച്ച ഊണിൽ നിന്ന് സർഗ്ഗാത്മകതയുടെ ആവിയും മണവുമുയരുന്ന ഈ കവിത ബഹുസ്വരതക്ക് ഒരു ഉദാഹരണമാണ്.

  അതുവരെ അപ്രധാനം കല്‍പ്പിച്ചിരുന്ന കാഴ്ചകളിൽ നിന്ന് കവിതയെ  കടഞ്ഞെടുക്കുന്നത് ഉത്തരാധുനിതകയുടെ ഒരു പ്രവണതയാണ്. “അഴകില്ലാത്തവയെല്ലാം’ എന്ന കവിതയിൽ മീൻകുട്ടകൾ, കരിച്ചട്ടികൾ, നാവുന്തിയ ചിരവ, കീറപ്പായ കുറത്തുണി, കോങ്കണ്ണൻ കാക്ക, ചൊറി മൂടിയ പാവയ്ക്ക തുടങ്ങി കാണാൻ കൊള്ളാത്ത വസ്തുക്കളുടെ ഒരു ഘോഷയാത്രതന്നെയുണ്ട്. ഇവരെല്ലാവരും കൂടി ഒരുനാൾ മഴവില്ലിന്റെ വീട്ടിൽ വിരുന്നുപോയപ്പോൾ കണ്ട കാഴ്ചയെന്താണെന്നോ? താഴെ ഭൂമിയതാ, നീലിച്ച ഒരു വട്ടമായി, പലകോടി ജന്മത്തിന്റെ ജീവന്റെ കാട്ടമായി നില്കുന്നു. അപ്പോൾ അഴകില്ലാത്തവയെപ്പറ്റി പറയാൻ ഭൂമിയിൽ ആർക്കാണ് യോഗ്യത? എന്നാണ് കവി പരോക്ഷമായി ഉയർത്തുന്ന ചോദ്യം. കവിതയുടെ ആന്തരിക ശക്തിയിലും യഥാതഥാ സങ്കല്പത്തിലുമൂന്നിക്കൊണ്ടാണ് ഈ കവി തന്റെ സർഗ്ഗപ്രപഞ്ചത്തിന് അസ്തിവാരം പണിയുന്നത്.

Key words

ഉത്തരാധുനികത, ബഹുസ്വരത, കാവ്യബിംബങ്ങള്‍, ആത്മാവിഷ്ക്കാരം, കാവ്യാലങ്കാരം, വൃത്തങ്ങള്‍, ആത്മാഭിമാനവും സ്വത്വബോധവും

4.6.1. Content

ആലപ്പുഴവെള്ളത്തിന്റെ പൊരുൾ തേടിപ്പോകുന്ന കവി ജലത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുകൊണ്ട് നടത്തുന്ന ആത്മാവിഷ്കാരമാണ് ഈ കവിതയുടെ കേന്ദ്രആശയം. തന്റെ രൂപത്തിലും ഭാവത്തിലും ആത്മാവിലും ആലപ്പുഴവെള്ളത്തിന്റെ സവിശേഷതകൾ കണ്ടെത്തുന്ന കവി താൻ ജലം തന്നെയാണെന്ന സങ്കല്പത്തിലേക്ക് എത്തിച്ചേരുന്നു.

അമ്മയുടെ ഗർഭപാത്രത്തിലെന്നപോലെയാണ് ജലാശയങ്ങൾക്കു നടുവിൽ കുട്ടനാടിന്റെ കിടപ്പ്. ആ മണ്ണിന്റെ കരുത്തും നിറവും ജീവവായുവുമെല്ലാം ജലം എന്ന മാതൃശരീരത്തിൽനിന്നും വലിച്ചെടുക്കപ്പെട്ടതാണ്. ആലപ്പുഴയുടെ സന്തതിയായ താൻ ജലത്തിന്റെ മകളാണെന്നും ആ കലശുവെള്ളത്തിന്റെ എല്ലാ രൂപഭാവങ്ങളും തന്നിലും പ്രകടമാണെന്നും ഉറക്കെ പ്രഖ്യാപിക്കുന്ന കവി തന്റെ സ്വത്വത്തെ ആവിഷ്കരിക്കുകയാണ് ആലപ്പുഴവെള്ളം’ എന്ന കവിതയിൽ. ആലപ്പുഴവെള്ളത്തിന്റെ പൊരുളറിയാനുള്ള അന്വേഷണം കൂടിയാണ് ഈ കവിതയിലൂടെ നടത്തുന്നത്.

ഒട്ടേറെ പ്രത്യേകതകളുള്ള ആലപ്പുഴവെള്ളത്തിന്റെ ഭാഗമാണ് താനുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുന്ന കവിതയിൽ കവി തന്നെത്തന്നെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. തന്റെ ഉടലും ആത്മാവും ആലപ്പുഴയിലെ മണ്ണും ജലവും ചേർന്നുണ്ടായതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് കവി ആലപ്പുഴയിലെ കലശുവെള്ളത്തിന്റെ പൊരുൾ തേടിയുള്ള യാത്ര ആരംഭിക്കുന്നു. ഈ യാതയിൽ തെളിനീർ എന്ന കിട്ടാക്കനിയെക്കുറിച്ചുള്ള കവിയുടെ സങ്കല്പങ്ങൾ ചുരുൾ നിവരുന്നു. ഒരു ഘട്ടത്തിൽ ദേവതയായി മാറുന്ന ജലം പിന്നീട് ഋതുമതിയായ പെണ്ണിന്റെ സർവ്വഭാവവും കൈവരിക്കുന്നു. തുടർന്ന് ജലത്താൽ ചുറ്റപ്പെട്ട ആലപ്പുഴയുടെ ജീവിതതാളം വിവരിക്കുന്ന കവി ആ ഭൂമികയുടെ ചിത്രവും ചരിത്രസ്ഥലികളും കവിതയിൽ വരച്ചുചേർക്കുന്നു. ഒടുവിൽ ജന്മനാടു വിട്ട് മറ്റൊരു നാട്ടിലേക്കു ജീവിതം പറിച്ചുനട്ട കവിമനസ്സിൽ സ്വന്തം നാട് ഒരു വിദൂരചിത്രമായി തെളിയുന്നു. ആലപ്പുഴവെള്ളത്തിന്റെ നിറവും മണവും പേറുന്ന കവി തന്റെ ഓർമ്മകളിലൂടെ ഊളിയിട്ടുകൊണ്ട് പിടികിട്ടാത്ത ഒരു സമസ്യയുടെ ഉത്തരം തേടുകയാണ് ഈ കവിതയിൽ. തേച്ചാലുമുരച്ചാലും പോകാത്ത ചെതുമ്പൽ പോലെ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കലശുവെള്ളത്തിന്റെ കറയുടെ പിന്നിലെ പൊരുളാണ് കവിയ്ക്കറിയേണ്ടത്. ഈ കറ വെള്ളത്തിന്റെ വേദനയായി സങ്കല്പിക്കുന്ന കവിക്ക് ഇനിയും ആ പൊരുൾ കണ്ടെത്താനാവുന്നില്ല. അതറിയാനുള്ള ദാഹം കവിയുടെ തൊണ്ടയിൽ ഒരു നീറ്റലായി അവശേഷിക്കുന്നു.

വരികൾ

“ആലപ്പുഴ നാട്ടുകാരി

കരിമണ്ണുനിറക്കാരി

………………………………

സമതലങ്ങൾവാടി

ക്കിടന്നുപോകാത്തത്’’.

 ആശയ വിശദീകരണം

ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ആലപ്പുഴയിലെ കരിമണ്ണിന്റെ നിറമുള്ള താൻ ആത്യന്തികമായി ജലം തന്നെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. തന്നിലെ കവിയും ജലം തന്നെയാണെന്ന് കവി ഉറപ്പിച്ചു പറയുന്നു. വെള്ളം അല്ലേ നല്ലത്?” എന്ന ആറ്റൂരിന്റെ ചോദ്യത്തിൽ നിന്നും ആ ജലസങ്കല്പത്തെ കുറേക്കൂടി ബലപ്പെടുത്തുന്നുണ്ട്. ‘ജലം’ എന്ന പദത്തിനു പകരം വെള്ളം’ ആകുമ്പോൾ അത് ആത്മാവിൽ നിന്നുയരുന്ന, ജീവിതത്തോടു ചേർന്നുനിന്ന, മണ്ണിന്റെ മണമുള്ള കവിതയായി മാറുന്നു. ജലത്തേക്കാൾ ജനകീയമായ പദമാണല്ലോ വെള്ളം. കവിത ജനകീയമാകണമെന്ന കവിയുടെ സൗമ്യമായ ഉപദേശം കൂടിയാണത്.

ആലപ്പുഴക്കാർക്ക് വെള്ളം എന്നത് അവരുടെ ജീവനാഡിയിലൂടെ ഒഴുകുന്ന രക്തംപോലെ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ ശരീരവും ആത്മാവും ആലപ്പുഴയിലെ മണ്ണും ജലവും ചേർന്നുണ്ടായതാണെന്ന വെളിപ്പെടുത്തലാണ് അടുത്തതായി കവി നടത്തുന്നത്. തനിക്ക് മെടഞ്ഞ ഓല പോലുള്ള മുടിയും തൊണ്ടുചീഞ്ഞ മണവും ഉപ്പിന്റെ രുചിയുമാണുള്ളതെന്ന് ചൂടിക്കാണിച്ചുകൊണ്ട് തന്റെ വ്യക്തിത്വത്തെ സ്വയം നിർവ്വചിക്കുകയാണ് കവി. ആലപ്പുഴയിലെ സ്ത്രീകൾക്ക് പൊതുവെ മുടി മെടഞ്ഞുകെട്ടുന്ന ശീലമാണുള്ളത്. കടുംചായനിറമുള്ള കലക്കവെള്ളത്തിന്റെ മകളാണ് താനെന്ന് വിളിച്ചുപറയുന്നതിലൂടെ ആലപ്പുഴക്കാരിയായ ഈ കവി സ്വന്തം നാടിനെക്കുറിച്ചുള്ള ആത്മാഭിമാനവും സ്വത്വബോധവുമാണ് ഇവിടെ പ്രകടമാകുന്നത്.

തെളിനീർ എന്നത് ആലപ്പുഴക്കാർക്ക് എക്കാലവും ഒരു വിദൂരസ്വപ്നമാണ്. കാണാക്കനിയായ ജീവജലത്തെ കവി വൈകാരികമായി നോക്കിക്കാണുകയാണ് അടുത്ത വരിയിൽ. മലനാട്ടിലും ഇടനാട്ടിലും വാഴുന്ന കിട്ടാക്കനിയാണവൾക്ക് ജലം. വിണ്ണിൽ നിന്നടർന്നുവീണ് നിലംതൊടും മുമ്പേയുള്ള കാഴ്ച മാത്രമാണത്. ആലപ്പുഴക്കാർ മഴക്കാലത്ത് തുണി വിരിച്ചുകെട്ടി മഴവെള്ളം ശേഖരിച്ച് വലിയ പാത്രങ്ങളിൽ കരുതിവയ്ക്കാറുണ്ട്. നിറമോ മണമോ ഇല്ലാത്ത, മണ്ണിന്റെ ആഴങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്ന, ഉയരങ്ങളും ദൂരങ്ങളും കാണുന്ന ജലം, മേഘമായി ആകാശത്ത് സഞ്ചരിക്കുന്നതും പുഴയായി ഒഴുകുന്നതും സൂചിപ്പിക്കുന്നു. സമതലങ്ങളെ വാടിക്കടന്നുപോകാൻ അനുവദിക്കാത്ത, പച്ചപ്പു കാത്തുസൂക്ഷിക്കുന്ന  അമൂല്യനിധിയാണ് തനിക്ക് തെളിനീർ എന്ന് കവി പറഞ്ഞുവയ്ക്കുന്നു.

വാക്കിനുള്ളിൽ വാക്കു വിരിയുന്നതും വരികൾക്കുള്ളിൽ ആശയം നിറയുന്നതുമായ ഈ കവിത വിത്തിനുള്ളിലെ വൃക്ഷം പോലെ ഉയരവും പടർപ്പുമുള്ള ശിഖരങ്ങൾകൊണ്ട് സമൃദ്ധമാണ്.

വരികൾ

“അതിന്നുണ്ട് ദേവതകൾ

…………………………………….

കലക്കമാണതിന്നുള്ളം”

 ആശയ വിശദീകരണം

പഞ്ചഭൂതങ്ങളിലൊന്നായ ജലത്തിന്റെ ദേവതാസങ്കല്പത്തെയും ഒപ്പം സ്ത്രീസങ്കല്പത്തെയും എടുത്തുകാണിക്കുന്ന വരികളാണിത്. ജലദേവതയ്ക്കായി നിത്യപൂജയും നൈവേദ്യവുമൊക്കെയുള്ള മനോഹരമായ ക്ഷേത്രങ്ങളുണ്ടെന്നും കൊമ്പനാനകൾ അണിനിരക്കുന്ന, തുമ്പിയാട്ട് അരങ്ങേറുന്ന, ജനം തിങ്ങിനിറയുന്ന ഉത്സവങ്ങൾ കൊടിയേറുന്ന ക്ഷേത്രങ്ങളാണവയെന്നും കവി ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ നിത്യവും പൂജിക്കപ്പെടുന്ന ഈ ജലദേവതയ്ക്ക് കവിതയിൽ പെട്ടെന്ന് രൂപാന്തരം സംഭവിക്കുന്നതാണ് തുടര്‍ന്നു കവി പറയുന്നത് . സ്ത്രീസങ്കല്പവുമായി ചേർത്തുനിർത്തി ജലത്തെ നിർവചിക്കാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. അതുപ്രകാരം കറപിടിച്ച ആലപ്പുഴവെള്ളം അവിടുത്തെ പൂഴിമണ്ണ് തിരളുന്നതാണെന്നാണ് കവിഭാവന. സ്ത്രീ ഭൂമിയാണെന്ന സങ്കല്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കാഴ്ചപ്പാട്. മണ്ണും ജലവും സ്ത്രീയും തമ്മിലുള്ള പാരസ്പര്യത്തെയും ഈ വരികൾ പ്രതിഫലിപ്പിക്കുന്നുണ്ട്.

ആലപ്പുഴവെള്ളത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ഋതുമതിയായ സ്ത്രീയവസ്തയുമായി ഇഴചേർക്കുകയാണ് അടുത്ത വരികളിൽ. തിരണ്ടപെണ്ണിന്റെ നനയും കുളിയും (അശുദ്ധിയും ശുദ്ധിയും) ആലപ്പുഴ വെള്ളത്തിലും സംഭവിക്കുന്നു. വേനലിൽ കറുത്തുകുറുകി മലീമസമാകുന്ന കായൽ ജലം വർഷകാലത്ത് നനയും കുളിയും നടത്തി ശുദ്ധിവരുത്തുന്ന പ്രതിഭാസത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുപോലെ മേഘമാകുന്ന ഗർഭപാത്രവും പേറി സഞ്ചരിക്കുന്ന ജലം കാലവർഷത്തിന്റെ തുടക്കത്തിൽ പേറ്റുനോവനുഭവിക്കുകയും നൊന്തുകിടക്കുകയും എഴുന്നേറ്റു നടക്കുകയും ചെയ്യുന്നു. എഴുന്നേറ്റു നടക്കുന്നു എന്നതിലൂടെ കായലിൽ ഉയരുന്ന തിരമാലകളെയാണ് സൂചിപ്പിക്കുന്നത്. ഇണവെള്ളം തീണ്ടാതെ, ഉറങ്ങാതെ കിടക്കുന്ന ജലത്തിന് പ്രസവിച്ചുകിടക്കുന്ന പെണ്ണിന്റെ അതേ സ്വഭാവമാണെന്ന് കവി ചൂണ്ടിക്കാണിക്കുന്നു. വർഷകാലത്ത് പൊഴിമുറിഞ്ഞ് കായലും കടലും ഒന്നാവുന്ന പ്രതിഭാസം ആലപ്പുഴവെള്ളത്തിന്റെ ഒരു സവിശേഷതയാണ്. ഈ സംഗമത്തെയാണ് ഇണവെള്ളം തീണ്ടലായി കവി സങ്കല്പിച്ചിരിക്കുന്നത്. കായൽജലത്തിൽ സദാ തിരമാലകൾ ഉയർന്നു പൊങ്ങുന്ന സമയമാണിത്. ഈ തിരയിളക്കത്തെ ഉറങ്ങാതെ കിടക്കുന്ന പെണ്ണായി ചിത്രീകരിച്ചിരിക്കുന്നു.

“അരമുള്ള നാവുള്ള മെരുക്കമില്ലാത്ത വെള്ളം’ എന്ന പരാമർശം ആലപ്പുഴവെള്ളത്തിന്റെ ശക്തിഭാവങ്ങളെ നിർണ്ണയിക്കുന്നതാണ്. ഇവിടുത്തെ സ്ത്രീകളുടെ വ്യക്തിത്വത്തെ പരോക്ഷമായി അടയാളപ്പെടുത്തുന്നുണ്ട് ഈ വരികളിൽ. വേമ്പനാട്ടുകായലിലെ ഓളങ്ങളുടെ അലർച്ചയെയാണ് അരമുള്ള നാവായി സങ്കല്പിച്ചിരിക്കുന്നത്. കെ.ആർ.ഗൗരി,  സുശീലാ ഗോപാലൻ തുടങ്ങി ധീരരായ നിരവധി വിപ്ലവ നായികമാരെ സൃഷ്ടിച്ചിട്ടുള്ള നാടാണ് ആലപ്പുഴ. അതുപോലെ മെരു ക്കമില്ലാത്തതാണ് ആലപ്പുഴ വെള്ളമെന്ന് കവി കണ്ടെത്തുന്നു. മറ്റു പ്രദേശങ്ങളിലെ പോലെ തടയണ കെട്ടി നിയന്ത്രിക്കാനാവാത്തതാണ് സമതലഭൂമിയായ ആലപ്പുഴയിലെ വെള്ളത്തിന്റെ പ്രകൃതം. മലകളുടെ താങ്ങില്ലാത്തതാണ് അതിനു കാരണം. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട് അമിതമായെത്തുന്ന ജലത്തെ താങ്ങാൻ ഈ നാടിനാവില്ല. അടുത്തകാലത്തുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ആലപ്പുഴ പൂർണ്ണമായും മുങ്ങിയതിനു പിന്നിൽ സ്വഭാവിക ഒഴുക്കു തടഞ്ഞുകൊണ്ടു നിർമ്മിച്ച ബണ്ടുറോഡുകളാണെന്ന് കണ്ടെത്തൽ ഇവിടെ ചേർത്തുവായിക്കാവു ന്നതാണ്.

ഇവിടെയും കവി പരോക്ഷമായി ആലപ്പുഴയിലെ  സ്ത്രീയുടെ സ്വത്വത്തെ ആവിഷ്കരിക്കുന്നുണ്ട്. പ്രളയജലത്തോടും തിരകളോടും ആഴങ്ങളോടും ഏറ്റുമുട്ടി ശീലിച്ച ആലപ്പുഴപ്പെണ്ണുങ്ങളുടെ ചങ്കുറപ്പിനെയാണ് മെരുക്കമില്ലാത്ത’ എന്ന വാക്കിലൂടെ സൂചിപ്പിക്കുന്നത്. “തെളിയാൻ കൂട്ടാക്കാത്ത കലക്കമാണതിന്നുള്ളം’ എന്ന വിശേഷണത്തിലുമുണ്ട് ആലപ്പുഴ സ്ത്രീയുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ. കെ.ആർ.ഗൗരി എന്ന വിപ്ലവനായികയുടെ മരണത്തെത്തുടർന്ന് അനിത തമ്പി രചിച്ച ‘ഗൗരി’ എന്ന കവിതയിലെ  വരികളിലും ഇതേ ഭാവമാണുള്ളത്. മെരുക്കമില്ലാത്തതും തെളിയാൻ കൂട്ടാക്കാത്തതും ഉള്ളം കലങ്ങിയതുമായ ആലപ്പുഴവെള്ളം സ്ത്രീശക്തിയുടെ പര്യായമായി മാറുകയാണ് ഇവിടെ.

വരികൾ

“അവനവൻ ദേവത

………………………………….

തൊണ്ട് ദാഹിക്കുന്നു.”

ആശയ വിശദീകരണം

ആലപ്പുഴ പ്രദേശത്തിന്റെ ബാഹ്യമായ സവിശേഷകളെക്കുറിച്ച് വിവരിക്കുന്ന ഭാഗമാണിത്. ക്ഷേത്രങ്ങൾക്കു പേരുകേട്ട നാടാണ് ആലപ്പുഴ. “അഹം ബ്രഹ്മാസ്മി’ അഥവാ ഞാൻ തന്നെയാണ് ദൈവം  എന്ന വാക്യം ഇവിടുത്തെ മിക്ക ക്ഷേത്രങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. ദൈവത്തെ മനുഷ്യ മനസ്സുകളിൽ ദർശിക്കുന്ന കമ്മ്യൂണിസ്റ്റ് ആദർശം പിൻതുടരുന്നവരുടെ നാടെന്ന പരോക്ഷമായ സൂചനയും ഈ വരികളിൽ കാണാം. “അവനവൻ ദേവത അകംപുറം ബലിത്തറ’ എന്ന വരികളിലും അതേ സങ്കല്പമടങ്ങിയിട്ടുണ്ട്. ഇവിടെ മനുഷ്യരുടെ മനസ്സും ശരീരവും തന്നെയാണ് ബലിത്തറയാകുന്നത്.

തൊഴിലാളിജീവിതത്തിന്റെ സ്പന്ദനങ്ങൾ അടാളപ്പെടുത്തുന്നതാണ് “തുഴ ചകം, റാട്ടുകൾ….” എന്ന വരികൾ. ആലപ്പുഴയിലെ മനുഷ്യരുടെ ജീവിതം ജലവുമായി ബന്ധപ്പെട്ട തൊഴിലുകളുമായി ചേർന്നു നില്ക്കുന്നതാണ്. തുഴയുടെയും ബോട്ടുചക്രത്തിന്റെയും കയറുപിരിക്കുന്ന റാട്ടുകളുടെയും താളമാണ് അവരുടെയും ജീവിതതാളം. ‘ഗൗരി’ എന്ന കവിതയിലെ “തച്ചും മെതിച്ചും ചതചതച്ചും മെയ്യാഴം പോലും നുറുങ്ങി വീണു” എന്ന വരിയിലും അദ്ധ്വാനവിഭാഗത്തിന്റെ ചിത്രമാണ് തെളിയു ന്നത്. “ചങ്കുപൊട്ടിപ്പാട്ടുകൾ’ എന്ന പ്രയോഗം ആലപ്പുഴയുടെ ആകാശത്ത് അലയടിച്ചുയരുന്ന തൊഴിൽപ്പാട്ടുകളുടെയും വഞ്ചിപ്പാട്ടുകളുടെയും വിപ്ലവഗാനങ്ങളുടെയും സൂചനയാണ് നൽകുന്നത്. ഓളങ്ങളുടെ അലർച്ചയെ മറികടക്കുന്ന തരത്തിൽ ഉച്ചത്തിൽ പാടുകയും പറയുകയും ചെയ്യുന്ന രീതിയാണ് ആലപ്പുഴക്കാർക്കിടയിലുള്ളത്.

“മണ്ടപോയ കൊടിമരം’ ഒരു വലിയ സമരചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണിനെ അടയാളപ്പെടുത്തുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് നിരവധി തെങ്ങുകൾ വെടിയേറ്റ് കരിഞ്ഞുപോവുകയുണ്ടായി. വാരിക്കുന്തങ്ങളുമായി പ്രതിരോധം സൃഷ്ടിച്ച് ആയിരക്കണക്കിനു തൊഴിലാളികൾ ബ്രിട്ടീഷ് വെടിയുണ്ടകൾക്കുമുമ്പിൽ രക്തസാക്ഷികളായിത്തീർന്ന മണ്ണാണത്. പരാജയപ്പെട്ട സമരമെന്ന അർത്ഥത്തിലും “മണ്ടപോയ കൊടിമരം’ എന്ന പ്രയോഗത്തെ കാണാനാവും.

ഓരുവെള്ളം കയറുന്ന ആലപ്പുഴ മണ്ണിൽ നെൽപ്പാടങ്ങളും തെങ്ങുകളും പച്ചപ്പുകെട്ട് മഞ്ഞച്ചു നില്ക്കുന്ന കാഴ്ച “മാലച്ചെവിയാട്ടം’ എന്ന വരിയിലൂടെ കവി കാണിച്ചുതരുന്നു. വലിയ കാലാവസ്ഥാവ്യതിയാനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ തവണയും ഇവിടെ വേനലും വർഷവും കടന്നുപോകുന്നത്. തുറയിലെ ചാകരപോലെയാണ് മഴക്കാലത്ത് വെള്ളം തുള്ളുന്നതെന്നു കവി ഉപമിക്കുന്നുണ്ട്. ജലപ്പരപ്പിനു മുകളിലേക്കു ജലത്തുള്ളികൾ പതിക്കുമ്പോഴുള്ള അവസ്ഥയെയാണ് ഇവിടെ ചിത്രീകരിക്കുന്നത്. വേനലിലാവട്ടെ, ആലപ്പുഴയിലെ ചൊരിമണൽ പഴുത്ത് തീതുപ്പുന്ന അവസ്ഥയിലേക്കു മാറുന്നു. അങ്ങനെ വർഷകാലത്ത് കവിഞ്ഞും വേനലിൽ കുറുകിയും കഴിച്ചിലാകുന്ന, നിലകൊള്ളുന്ന  വെള്ളമാണ് ആലപ്പുഴവെള്ളം. അടുത്ത വരിയിൽ തന്റെയും താനാകുന്ന ആലപ്പുഴവെള്ളത്തിന്റെയും തീരാവേദനയെക്കുറിച്ചാണ് കവി സൂചിപ്പിക്കുന്നത്. കുടിവെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിലെ കറ തേച്ചാലുമുരച്ചാലും പോകാത്ത ചെതുമ്പലായി അവശേഷിക്കുമ്പോൾ അത് വെള്ളത്തിന്റെ വേദനയായിട്ടാണ് കവിക്കു തോന്നുന്നത്.

ആലപ്പുഴയുടെ ഭൂമിക കവിതയിൽ വരച്ചുചേർക്കുന്നതാണ് ഇനി കാണുക. കനാലുകളും ബോട്ടുജെട്ടികളും കല്ലിലും ഇരുമ്പിലും പണിത പാലങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. കുളവും കായലും പായൽപരപ്പുകളും പൂത്തുനില്ക്കുന്ന കുളവാഴകളുമൊക്കെ ഇവിടുത്തെ പതിവുകാഴ്ചകളാണ്. പൊൻനിറമുള്ള ചകിരിയുടെ പ്രകാശവും ഇരുമ്പിന്റെ ചുവയും വിയർപ്പിന്റെ വെക്കയുമുള്ളതാണ് ആലപ്പുഴവെള്ളമെന്നാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്.

തെക്കൻ നാട്ടിലേക്കു കൂടുമാറിയ കവിക്ക് ആ ജലം ഇന്ന് ദൂരക്കാഴ്ചയായി മാറിയിരിക്കുകയാണ്. അത് ഇളകിയും മങ്ങിയും ദൂരത്തേക്കകലുകയാണ്. ‘പറവകൾ കാണുന്ന പാടങ്ങൾപോലെയാണെന്ന് കവി പറയുന്നു . പക്ഷികൾ ആകാശത്തുനിന്നു താഴേക്കു നോക്കുമ്പോൾ ഭൂമി ഒരു ചിത്രം പോലെ കാണപ്പെടുന്നു എന്ന സങ്കല്പം ഒരു ദൂരക്കാഴ്ചയെ കുറിക്കുന്നു. അതുപോലെയാണ്  തെക്കൻ നാട്ടിൽ താമസിക്കുന്ന കവിക്കിപ്പോൾ തന്റെ ജന്മനാട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തന്നിലെ കവിക്കിന്നും ആലപ്പുഴയുടെ രൂപവും ഭാവവുമാണെന്ന് വ്യക്തമാക്കുകയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞു, തെക്കൻ നീരിലുറച്ചു…’ എന്ന വരിയിൽ. എങ്കിലും ആലപ്പുഴ വെള്ളത്തിന്റെ പൊരുളെന്താണെന്ന് തനിക്കിന്നും മനസ്സിലായിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്. ‘തൊണ്ട ദാഹിക്കുന്നു’ എന്ന വരിയിൽ ആ പൊരുളറിയാനുള്ള കവിയുടെ ആന്തരികദാഹം ഒളിഞ്ഞിരിക്കുന്നുണ്ട്.

 കാവ്യാവലോകനം

ബഹുസ്വരതയുടെ സാധ്യതകളിലാണ് സമകാലിക മലയാള കവിതയുടെ ഭാവി. ഇതുവരെ കടന്നുവരാൻ മടിച്ചുനിന്ന പ്രയോഗങ്ങളും, കാല-സന്ധി-സമാസ-പ്രത്യയങ്ങളുടെ കൊളുത്തുകളില്ലാത്ത ഭാഷയും, പരുക്കൻ ശബ്ദങ്ങളും, വളവും തിരിവുമില്ലാത്ത ആവിഷ്കാരവും, അലങ്കാരങ്ങളുടെ നിറപ്പകിട്ടില്ലാത്ത ധ്വനികളുമൊക്കെയാണ് പുതുകവിതയുടെ സ്വത്വത്തെ നിർണ്ണയിക്കുന്നത്. ഇതുവരെ കാണാതെപോയ ഇടങ്ങളിലേക്കും വ്യക്തികളിലേക്കും ജീവിതങ്ങളിലേക്കും ഇന്നിന്റെ കവി കടന്നുചെല്ലുന്നു. ലോകം, ഭൂഖണ്ഡം, രാജ്യം എന്നിങ്ങനെ വിശാലമായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്ന കവിത ഇന്ന് ചെറുപ്രദേശങ്ങളിലും ഇടവഴികളിലും ബസ്സ്റ്റാന്റിലും പാർക്കിലും ബീച്ചിലും റെസ്റ്റാറന്റിലുമൊക്കെ പീലി വിടർത്തുന്നു. കേരളത്തിലെ ഒരു ചെറുപ്രദേശത്തിന്റെ ചൂടും നനവും താളവും തേങ്ങലും ഒപ്പിയെടുത്തതാണ് അനിത തമ്പിയുടെ “ആലപ്പുഴ വെള്ളം’ എന്ന കവിത.

സമകാലിക കവികൾക്കിടയിൽ അനിത തമ്പിയെ വേറിട്ടുനിർത്തുന്നതും ആലപ്പുഴ മണ്ണിന്റെ ഉപ്പും കറുപ്പും അതുപോലെ തെളിയാൻ കൂട്ടാക്കാത്ത കലക്കവെള്ളത്തിന്റെ കടുംപിടുത്തവുമാണ്. പുറമേ ശാന്തമെന്നു തോന്നുമെങ്കിലും ശക്തമായ അടിയൊഴുക്കുകളുള്ളതാണ് അനിതയുടെ കവിതകൾ. കറപിടിച്ച് ആലപ്പുഴവെള്ളത്തിന്റെ അറിയാപൊരുൾപോലെ ഉത്തരം കിട്ടാൻ ബുദ്ധിമുട്ടുള്ള സമസ്യകൾ അവരുടെ പല കവിതകളിലും കാണാം.

കലശുവെള്ളത്തിൽനിന്ന് അരിച്ചെടുത്ത കവിത. വെള്ളത്തിന്റെ എല്ലാ സവിശേഷതകളും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന കവിതയാണ് ആലപ്പുഴവെള്ളം. തന്റെ മണ്ണിലെ വെള്ളത്തിന്റെ പൊരുൾ തേടിയുള്ള ഈ കാവ്യയാത്രയിലൂടെ കവി തന്നിലെ വ്യക്തിത്വത്തെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.

ഒരു ബഹിരാകാശ യാത്രികയ്ക്ക് ഭൂമിയെ ദർശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് പ്രവാസജീവിതം നയിക്കുന്ന കവിയുടെ മനസ്സിലേക്ക് ജന്മനാടിന്റെ സ്മൃതികൾ കടന്നുവന്നപ്പോഴുണ്ടായത്. ജന്മനാടിന്റെ രൂപവും ഭാവവും ജീവിതതാളവും വികാരങ്ങളും ആചാരങ്ങളുമെല്ലാം കവി ജലത്തിന്റെ ആഴങ്ങളിൽനിന്ന് മുങ്ങിയെടുത്ത്  അവതരിപ്പിക്കുകയാണ് ഈ കവിതയിൽ.

വെള്ളം വെള്ളം സർവ്വത്ര, ഇല്ല കുടിക്കാനൊരുതുള്ളി’ എന്നു പറഞ്ഞതുപോലെയാണ് ആലപ്പുഴക്കാർക്ക് എക്കാലവും കുടിവെള്ളത്തിന്റെ കാര്യം. കിണറ്റിലും കുളത്തിലും തോട്ടിലും കായലിലുമെല്ലാം കറ പിടിച്ച വെള്ളമാണുള്ളത്. അതിൽ തന്നെ തെളിനീർ എന്നത് അവരുടെ സ്വപ്നമാണ്. കിട്ടാക്കനിയായ ജീവജലത്തിനുവേണ്ടിയുള്ള ദാഹമാണ് “ജലം എന്നാലവൾക്കത് വയനാട്ടിൽ നിളനാട്ടിൽ…’ എന്ന വരിയിലുള്ളത്.

അനിത തമ്പിയുടെ അഴകില്ലാത്തവയെല്ലാം’ എന്ന സമാഹാരത്തിലും ജലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന കവിതകളുണ്ട്. വെള്ളം ദേവതയും ഋതുമതിയായ പെണ്ണുമൊക്കെയായി രൂപാന്തരപ്പെടുന്ന ആലപ്പുഴവെള്ളം എന്ന കവിതയുടെ അവസാനം വെള്ളത്തിന്റെ വേദനയും കവിയുടെ വേദനയും ഒന്നായിത്തീരുകയാണ്. തേച്ചാലുമുരച്ചാലും പോകാത്ത ചെതുമ്പൽ പോലെ പാത്രങ്ങളിലും തന്റെ ഹൃദയത്തിലും പറ്റിച്ചേർന്നിരിക്കുന്ന കലശുവെള്ളത്തിന്റെ കറയാണ് ആ വേദന. ആ വെള്ളത്തിൽ തന്നെ തന്നെ നോക്കിക്കാണുന്ന കവി ഇവിടെ സ്വത്വാവിഷ്കാരം നടത്തുകയാണ് ചെയ്യുന്നത്.

 ബിംബകല്പന

ആലപ്പുഴവെള്ളം’ എന്ന കവിതയിലെ പ്രധാന ബിംബം ജലമാണ്. കവി തന്റെ സ്വത്വത്തെ അന്വേഷിക്കുന്നിടത്ത് മെടഞ്ഞാല മുടിക്കാരി, തൊണ്ടു ചീഞ്ഞ മണവും ഉപ്പുവെള്ളത്തിന്റെ രുചിയുള്ളവൾ, കലശുവെ ള്ളത്തിന്റെ മകൾ എന്നൊക്കെ പ്രയോഗിക്കുന്നുണ്ട്. ആലപ്പുഴ എന്ന നാടിന്റെ സവിശേഷതകൾ തന്റെയും അവിടുത്തെ മറ്റു മനുഷ്യരുടെയും രൂപത്തിലും സ്വഭാവത്തിലുമുണ്ടെന്ന് ബിംബങ്ങളിലൂടെ ചിത്രീകരിക്കുകയാണിവിടെ.

ആലപ്പുഴ മണ്ണ് തിരളുന്നതാണ് വെള്ളം’ എന്ന വരിയിൽ ഋതുമതിയായ പെണ്ണിനെ അവതരിപ്പിക്കുന്നത് കലശുവെള്ളം എന്ന ബിംബത്തിലൂടെയാണ്. ഇണവെള്ളം, മെരുക്കമില്ലാത്ത വെള്ളം, അരമുള്ള , നാവുള്ള വെള്ളം എന്നിവയെല്ലാം ആലപ്പുഴയിലെ സ്ത്രീകളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ബിംബങ്ങളാണ്.

ആലപ്പുഴക്കാരുടെ ആത്മീയതയും വിശ്വാസവും ആചാരങ്ങളുമെല്ലാം കവി ബിംബങ്ങളിലൂടെയാണ് ആവിഷ്കരിക്കുന്നത്. അവനവൻ ദേവത, അകംപുറം, ബലിത്തറ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. തുഴ, ചക്രം, റാട്ട് ഇവ ആലപ്പുഴക്കാരുടെ ജീവനോപാധിയെ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്. “മണ്ടപോയ കൊടിമര’ത്തിലൂടെ വലിയൊരു സമരചരിത്രത്തിലേക്ക് കവി നമ്മെ എത്തിക്കുന്നു. “മാല’യിലൂടെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നത് കൃഷിക്കു വിനാശമാകുന്ന ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യത്തെയാണ്. അതുപോലെതന്നെ ആലപ്പുഴ വെള്ളത്തിന്റെ പൊരുളറിയാനുള്ള ജിജ്ഞാസയെയും അറിവിനായുള്ള ആഗ്രഹത്തെയുമാണ് തൊണ്ടയിലെ നീറ്റലും ദാഹവുമായി കവി സങ്കല്പിക്കുന്നത്. ചുരുക്കത്തിൽ അലങ്കാരങ്ങൾക്കു പകരം ബിംബങ്ങൾകൊണ്ട്  വികാസം പ്രാപിക്കുന്ന കവിതയാണ് ആലപ്പുഴവെള്ളം. ബിംബകല്പനയിലും താളത്തിലും  വാക്കിന്റെ രൂഢതയിലുമാണ് ഈ കവിതയുടെ കാവ്യസൗന്ദര്യം ദർശിക്കാനാവുക.

“ആലപ്പുഴവെള്ളം’ എന്ന കവിതയുടെ രൂപഘടന ഗദ്യമാണെങ്കിലും സൂക്ഷ്മവായനയിൽ വഞ്ചിപാട്ടിന്റെ താളമായ നതോന്നതവൃത്തമാണെന്ന് മനസ്സിലാവും. മാത്രകളിലും യതിയും വൃത്തവും ഒളിച്ചിരിക്കുന്ന തരത്തില്‍ കവിതയുടെ രൂപഘടന ഗദ്യത്തില്‍ വാര്‍ക്കുന്നതാണ് കവിതയുടെ മറ്റൊരു പ്രത്യേകത .

ദേശചരിത്രവും ഭൂമിശാസ്ത്രവും

ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്രവും ആറ്റിക്കുറുക്കിയെടുത്ത കവിതയാണ് ആലപ്പുഴവെള്ളം. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശം എന്നതാണ് ആലപ്പുഴയുടെ ഏറ്റവും വലിയ പ്രത്യേകത. കടലിന്റെ ഓരം ചാരിക്കിടക്കുന്ന ആലപ്പുഴയുടെ ചിത്രം ‘ഗൗരി’ എന്ന കവിതയിൽ അനിത തമ്പി പകർത്തിയിരിക്കുന്നതു നോക്കുക:

“തീരത്തു ചാരിയ തോണിപോലെ

പല്ലു ഞണുങ്ങിയ വാളുപോലെ

നീലക്കടലിൻ വിളുമ്പു ചേരും

മണ്ണിന്റെ നാഭിയിൽ നിന്നുദിച്ചു”.

അതുപോലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലും അതിന്റെ നിരവധി കൈവഴികളുമടങ്ങുന്ന ഈ കടലോരപ്രദേശം കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണെന്നും മലമ്പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ആലപ്പുഴയിലാണ് അടിഞ്ഞുകൂടുന്നതെന്നും കാണിച്ചുതരുന്ന വരികളാണ്,

“ജലമെന്നാലവൾക്കത്

വയനാട്ടിൽ നിളനാട്ടിൽ

മലനാട്ടിൽ തെക്കൻ നാട്ടിൽ

വാഴുന്ന തെളിനീര്.” (ആലപ്പുഴവെള്ളം)

ഈ വരികളിൽ ആലപ്പുഴവെള്ളത്തിന്റെ ഘടന വ്യക്തമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഈ സമതലഭൂമിയിലേക്ക് പലപ്പോഴും ഉൾക്കൊള്ളാനാവുന്നതിനേക്കാൾ വെള്ളം ഒഴുകിയെത്താറുണ്ട്. അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും ഇവിടെ സർവ്വസാധാരണമാണ്. കടലും കായലും ഒന്നുചേരുന്ന പ്രതിഭാസവും ഇവിടെയുണ്ടാവുന്നു.

ആലപ്പുഴയെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. കലശുവെള്ളത്തിന്റെ കറയും ചീഞ്ഞ മണവും ആലപ്പുഴവെള്ളത്തിന്റെ പ്രത്യേകതകളിൽ എടുത്തുപറയേണ്ടവയാണ്. കനാലുകൾ, ബോട്ടുജെട്ടി, കല്ലിരുമ്പുപാലങ്ങൾ, കുളം, കായൽ, പായൽവിരിപ്പുകൾ, കുളവാഴകൾ, മണ്ടപോയ തെങ്ങുകൾ തുടങ്ങിയവയെല്ലാം ആലപ്പുഴയെ അടയാളപ്പെടുത്തുന്ന മുദ്രകളാണ്. ആലപ്പുഴവെള്ളത്തിന്റെ പരപ്പും ആഴവും ഒഴുക്കും ഉയരവും അളന്നു കാണിക്കുന്ന ഈ കവിതയിൽ ഇവിടുത്തെ മണ്ണും ആകാശവുമെല്ലാം കടന്നുവരുന്നുണ്ട്.

ഏറ്റവും വലിയ തൊഴിലാളി സമരങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് ആലപ്പുഴ. “മണ്ടപോയ കൊടിമരം’ എന്ന വരിയിൽ പുന്നപ്ര-വയലാർ സമരചരിത്രത്തിന്റെ ആരവമുണ്ട്. അമർച്ച ചെയ്യാൻ നടത്തിയ വെടിയിൽ ബ്രിട്ടീഷുകാരുടെ വെടിയുണ്ട തറച്ച് അനേകം തെങ്ങുകൾക്ക് നാശം സംഭവിക്കുകയുണ്ടായി. അടിച്ചമർത്തപ്പെട്ട ആ സമരത്തിൽ തൊഴിലാളിവർഗ്ഗശക്തിയുടേതായ കൊടിയും നിലംപൊത്തിയെന്നാണ് ചരിത്രം. അതാണ് “മണ്ടപോയ കൊടിമരം.

ആലപ്പുഴജീവിതത്തിന്റെ സാമ്പത്തികചരിത്രത്തിലേക്കു വെളിച്ചം വീശുന്ന വരികളും ആലപ്പുഴവെള്ളം എന്ന കവിതയിൽ കാണാം. ജന്മിത്തമോ മുതലാളിത്തമോ ഈ മണ്ണിൽ വേരുറയ്ക്കാതിരുന്നതിനാൽ സാമൂഹ്യ-സാമ്പത്തിക ഉയർച്ചതാഴ്ചകൾ ഇവിടെ കാണാനില്ല. “ചങ്കുപൊട്ടിപ്പാട്ടുകൾ, “വിയർപ്പിന്റെ വെക്കയുള്ള ആലപ്പുഴവെള്ളം’ തുടങ്ങിയവ ഇവിടുത്തെ തൊഴിലാളിജീവിതത്തെ അടയാളപ്പെടുത്തുന്നു. ഓരോ ഋതുക്കളിലും മാറി വരുന്ന ആലപ്പുഴവെള്ളത്തിന്റെ ഭാവഭേദങ്ങളും അത് ആലപ്പുഴക്കാരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഹ്ളാദവിഷാദങ്ങളും ഈ കവിത പകർത്തിവയ്ക്കുന്നു. ചുരുക്കത്തിൽ ഒരു നാടിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പശ്ചാത്തലവും ഭൗതികസാഹചര്യങ്ങളും ഉൾക്കൊള്ളുന്ന കവിത എന്ന വിശേഷണത്തിനർഹമാണ് അനിത തമ്പിയുടെ ആലപ്പുഴവെള്ളം.

Recap

  • ആലപ്പുഴ പ്രദേശത്തിന്റെ ബഹുമുഖമായ പ്രത്യേകതകൾ
  • തൊഴിലാളിജീവിതത്തിന്റെ സ്പന്ദനങ്ങൾ
  • ഋതുഭേദങ്ങൾക്കനുസരിച്ച്ആലപ്പുഴവെള്ളത്തിലുണ്ടാകുന്ന ഭാവവ്യത്യാസങ്ങള്‍
  • കവിയുടെ സ്മരണകൾ- പൊരുള്‍ തേടുന്നു
  • മലനാട്ടിലും നിളനാട്ടിലും വാഴുന്ന തെളിനീർ കവിയുടെ വിദൂരസ്വപ്നം 
  • വൈകാരികത, ആത്മാവിഷ്കാരം, സ്വത്വ ബോധം
  • ജലം – ദേവതാസങ്കല്പവും സ്ത്രീസങ്കല്പവും
  • ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്രവും
  • അലങ്കാരങ്ങൾക്കു പകരം ബിംബങ്ങൾ കൊണ്ട് കാവ്യസൗന്ദര്യം സൃഷ്ടിക്കുന്നു
  • വഞ്ചിപ്പാട്ടിന്റെ വൃത്തമായ നതോന്നത

Questions

  1. ആലപ്പുഴവെള്ളം’ എന്ന കവിത എഴുതിയത് ആര്?
  2. ആലപ്പുഴ വെള്ളം’ എന്ന കവിതയുടെ വൃത്തം ഏതാണ്?
  3. ‘ആലപ്പുഴവെള്ളം’ എന്ന കവിതയിലെ പ്രധാന കാവ്യബിംബം ഏതാണ്?
  4. വിണ്ണിൽ നിന്നടർന്നുവീണ് നിലംതൊടുംമുമ്പേയുള്ള കാഴ്ച എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
  5. ഏതു നാട്ടുകാരിയെകുറിച്ച് പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത് ?
  6. ആലപ്പുഴ നാട്ടുകാരിക്ക് ഏതു മണ്ണിന്റെ നിറമാണെന്നാണ് കവി പറയുന്നത് ?
  7. കവിതയില്‍ മലനാട്ടിലും ഇടനാട്ടിലും വാഴുന്ന കിട്ടാകനി എന്താണ്?
  8. ഇണ വെള്ളം  തീണ്ടാതെ നൊന്തു കിടക്കുന്നത് എന്ത് ?
  9. ‘അതിനുണ്ട് ദേവതകള്‍’ എന്നതിലെ സൂചനയെന്ത്?
  10. തിരിയാതെ തിരിയുമ്പോള്‍ എന്താണ് ദാഹിക്കുന്നത് ?
  11. തേച്ചാലുമുരച്ചാലും പോകാത്ത വെള്ളത്തിന്റെ കറ എന്താണ് ?
  12. മണ്ടപോയ കൊടിമരം എന്തിനെ സൂചിപ്പിക്കുന്നു ?
  13. “വെള്ളം അല്ലേ നല്ലത്?” എന്നു ചോദിച്ചത് ആര്?
  14. ഇങ്ങനെയുള്ള മുടിക്കാരിയാണ് ആലപ്പുഴ നാട്ടുകാരി?
  15. തെളിയാൻ കൂട്ടാക്കാത്ത എന്താണ് അതിനുള്ളം?
  16. എന്തു പോയ കൊടിമരമാണ്?

Answers

  1.  അനിത തമ്പി
  2. വഞ്ചിപ്പാട്ടിന്റെ വൃത്തമായ നതോന്നത
  3. ജലം
  4. തെളിനീർ അഥവാ മഴവെള്ളം
  5. ആലപ്പുഴ നാട്ടുകാരിയെ
  6. കരിമണ്ണിന്റെ
  7. ജലം
  8. ആലപ്പുഴയിലെ വെള്ളം
  9. ജലദേവത എന്ന സങ്കല്പം 
  10. തൊണ്ട
  11. വേദന
  12.  മങ്ങിപ്പോയ തൊഴിലാളി സമര ചരിത്രത്തെ 
  13. ആറ്റൂർ
  14. മേടഞ്ഞോല മുടിക്കാരി
  15. കലക്ക മാണതിനുള്ളം
  16. മണ്ടപോയ 

Assignment topic

  1. ആലപ്പുഴവെള്ളം സ്വത്വാവിഷ്കാരത്തിന്റെ കവിത ഉപന്യസിക്കുക
  2. ബിംബകല്പനയും രൂപഘടനയും : ആലപ്പുഴവെള്ളം എന്ന കവിതയിൽ കുറിപ്പ് എഴുതുക
  3. അനിത തമ്പിയുടെ കാവ്യജീവിതത്തെ പരിചയപ്പെടുത്തുക
  4. ഭൂപ്രദേശ നിര്‍മ്മിതിയും ആലപ്പുഴ വെള്ളവും – ഉപന്യസിക്കുക
  5. ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെയാണ് കവിക്ക് ആലപ്പുഴ വെള്ളത്തിന്റെ പൊരുള്‍ -വിശദമാക്കുക
  6. ഉത്തരാധുനികതയുടെ പ്രവണതകൾ അനിത തമ്പിയുടെ കവിതകളിൽ: ആലപ്പുഴവെള്ളം എന്ന കവിതയെ ആസ്പദമാക്കി വിവരിക്കുക

References

  1. അനിത തമ്പി -മുറ്റമടിക്കുമ്പോൾ (കവിതാസമാഹാരം), കറന്റ് ബുക്സ്, തൃശൂർ.
  2. അനിത തമ്പി – അഴകില്ലാത്തവയെല്ലാം, (കവിതാസമാഹാരം), കറന്റ് ബുക്സ്, തൃശൂർ.
  3. അനിത തമ്പി – ആലപ്പുഴ വെള്ളം (കവിതാസമാഹാരം),, ഡി.സി.ബുക്സ്, കോട്ടയം.
  4. അനിത തമ്പി – ഗൗരി (കവിത), മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 16, 2021 ജൂലൈ 4.

E- content

   

അനിതതമ്പി

കവിത – ആലപ്പുഴ വെള്ളം

https://m.soundcloud.com/sereena-rafi-978335683/npprzt2uuyrt

http://kadhaakavithakkoodu.blogspot.com/2015/11/blog-post_3.html

മറ്റു കവിതകൾ

https://www.lyrikline.org/en/poems/11986

അഭിമുഖങ്ങൾ 

https://m.facebook.com/108509157elk612019/photos/a.129756992153902/159473385848929/?type=3

https://youtu.be/VbDjc-eMvvg

https://youtu.be/Lg3iIXtN8y4

https://youtu.be/7oGqCbDJssU