Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 6

കണ്ണീർപ്പാടം

                                                              വൈലോപ്പിള്ളി ശ്രീധരമേനോൻ

Learning Outcomes

  • വൈലോപ്പിള്ളി എന്ന കവിയെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുന്നു.
  • കണ്ണീർപ്പാടം എന്ന കവിതയിലൂടെ വൈലോപ്പിള്ളിയുടെ കാവ്യശൈലി മനസ്സിലാക്കുന്നു.
  • കവിതയുടെ റിയലിസ്റ്റ് രീതി പരിചയപ്പെടുന്നു.
  • മലയാളത്തിലെ ദാമ്പത്യ കവിതയെ പരിചയപ്പെടുന്നു
  • മലയാളത്തിലെ പ്രധാന ദാമ്പത്യ കവിതയെന്ന നിലയിൽ കണ്ണീർപ്പാടത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുന്നു.

Prerequisites

മനുഷ്യരുടെ ജീവിതത്തെ ഏറ്റവും സന്തോഷകരമാക്കുന്ന ചില അവസ്ഥകളുണ്ട്. പ്രണയം ദാമ്പത്യം എന്നിവ അക്കൂട്ടത്തിൽ ചിലതാണ്. പ്രണയത്തെക്കുറിച്ച് എഴുതാത്ത കവികളില്ല എന്നു പറയാം. ആദ്യകാലം മുതലേ പ്രണയം കവികളുടെ സർഗ്ഗ ചേതനയെ ഉണർത്തിയ പ്രധാനപെട്ട അവസ്ഥയാണ് . മലയാള സാഹിത്യത്തിൽ കാൽപനികതയുടെ കാലഘട്ടത്തിൽ പ്രണയം എന്ന വികാരത്തിന് കൂടുതൽ സ്ഥാനം ലഭിച്ചു. അതുകൊണ്ടു തന്നെ മലയാളത്തിലെ പ്രണയകവിതകൾ ഒരു വലിയ ഭാഗം തന്നെയുണ്ട്.

       ദാമ്പത്യം പ്രധാന പ്രമേയമാക്കുന്ന കവിതകളും മലയാള സാഹിത്യത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഊഞ്ഞാലിൽ, കണ്ണീർപാടം എന്നീ കവിതകൾ. ഇവ രണ്ടും നമുക്ക് സമ്മാനിച്ചിട്ടുള്ളത് മലയാളത്തിന്റെ പ്രിയ കവിയായ വൈലോപ്പിള്ളി ശ്രീധരമേനോനാണ്.

 “ഹാ വിജിഗീഷു മൃത്യുവിന്നാമോ

ജീവിതത്തിൻ കൊടിപ്പടം താഴ്ത്തുവാൻ ” – എന്ന് കവിതയിലൂടെ ഉദ്‌ഘോഷിച്ച മരണത്തിന് പരാജയപ്പെടുത്തുവാൻ കഴിയാത്ത, ഒരിക്കലും അവസാനിക്കാത്ത തുടർച്ചയാണ് ജീവിതം എന്നു വിശ്വസിച്ച കവിയാണ് വൈലോപ്പിള്ളി.

        നിയോക്ലാസിസത്തിന്റെയും പൂർവ്വകാല്പനികതയുടെയും മാതൃകകൾ നിലനിന്ന കാലത്താണ് ശ്രീ എന്ന തൂലികാനാമത്തിൽ വൈലോപ്പിള്ളി എഴുതിത്തുടങ്ങിയത്. കല്പനികതയുടെ ഉത്തരഘട്ടത്തിലെ കവികളുടെ നിരയിലാണ് വൈലോപ്പിള്ളിയുടെ സ്ഥാനം. പാശ്ചാത്യ സ്വാധീനതയുടെ ഫലമായി കവിതയുടെ ആവിഷ്ക്കാരരീതികൾക്ക് മാറ്റം വന്നു. ശാസ്ത്രചിന്ത, ചരിത്രബോധം, പരിണാമവിധേയമാവുന്ന ജീവിതം, പുരോഗതിയിലുള്ള വിശ്വാസം, മാനവമഹത്വത്തിലുള്ള അഭിമാനം എന്നിവ വൈലോപ്പിള്ളിയുടെ കാവ്യദർശനത്തിന്റെ ഭാഗമായിരുന്നു. നിയന്ത്രണമുള്ള ഭാവനയും, വികാരാവിഷ്ക്കാരങ്ങളും ആ കവിതകളുടെ സവിശേഷതകളാണ്.   സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളും, സമകാലികജീവിതാനുഭവങ്ങളും അദ്ദേഹം കവിതയുടെ വിഷയമാക്കിയിരുന്നു. 1940കളിലെ കേരളത്തിലെ കർഷകസമരങ്ങൾ, സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങൾ, റഷ്യൻ സാഹിത്യകൃതികളുമായുള്ള പരിചയം എന്നിവ വൈലോപ്പിള്ളിയിൽ ഒരു നവചരിത്രബോധം രൂപപ്പെടാനിടയാക്കി. അതേത്തുടർന്ന്, അദ്ദേഹം പുരോഗമനവാദിയും വിശ്വമാനവികതാവാദിയുമായി. ആഖ്യാനത്തിൽ, റിയലിസത്തിന് പ്രാധാന്യവും കൈവന്നു. ശാസ്ത്രത്തെയും സാഹിത്യത്തെയും സമന്വയിപ്പിച്ചുകൊണ്ട്, യഥാതഥപ്രസ്ഥാനത്തെയും കാല്പനികതയെയും ഇഴചേർത്ത്, പരാജയപ്പെട്ടാലും കീഴടങ്ങാത്ത മനുഷ്യജീവിതത്തിന്റെ കഥ പറഞ്ഞ കവിയാണദ്ദേഹം.

      വൈലോപ്പിള്ളി ശ്രീധരമേനോൻ 1911 മെയ് 11 എറണാകുളത്ത് തൃപ്പൂണിത്തുറയിലാണ് ജനിച്ചത്. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. 1931-ൽ അദ്ധ്യാപകനായി. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായി വിരമിച്ചു. 1905 ഡിസംബർ മാസം 22-ന് അന്തരിച്ചു. അദ്ദേഹം കേരളത്തിലെ ഭൂപ്രകൃതിയ്ക്കും സസ്യജാലങ്ങൾക്കും കവിതയിൽ ജീവൻ നല്കി. ഗ്രാമവും ഗ്രാമീണരും പാടങ്ങളും പർവ്വതവും മാമ്പൂവും കയ്പവല്ലരിയും മഴകളുമെല്ലാം ആ കവിതകളിലൂടെ പുനർജ്ജനിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, എം. പി. പോൾ പുരസ്കാരം, സോവിയറ്റ് ലാൻഡ് നെഹറു പുരസ്കാരം, ആശാൻ പ്രൈസ്, മദ്രാസ് ഗവണ്മെന്റ് അവാർഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ച ചില ബഹുമതികളാണ്. വൈലോപ്പിള്ളി, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാദ്ധ്യക്ഷനുമായിരുന്നു. മാമ്പഴം (1936), കന്നിക്കൊയ്ത്ത് (1947), സഹ്യന്റെ മകൻ (1944), ശ്രീരേഖ (1950), കുടിയൊഴിയൽ (1952) ഓണപ്പാട്ടുകാർ (1952), വിത്തും കൈക്കോട്ടും (1956), കടൽക്കാക്കകൾ (1958), കയ്പ്പവല്ലരി (1963), വിട (1970) മകരക്കൊയ്ത്ത് (1980), പച്ചക്കുതിര (1981), കുന്നിമണികൾ (1954), കുരുവികൾ (1961), മിന്നാമിന്നി (1981) വൈലോപ്പിള്ളിക്കവിതകൾ (1984), മുകുളമാല (1984), കൃഷ്ണമൃഗങ്ങൾ (1985), അന്തിചായുന്നു (1985) ആസാംപണിക്കാർ, വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, ഋശ്യശൃംഗനും അലക്സാണ്ടറും എന്ന നാടകം, കാവ്യലോകസ്മരണകൾ എന്ന ആത്മകഥ എന്നിവയാണ് വൈലോപ്പിള്ളിയുടെ പ്രധാന കൃതികൾ.

Key words

പ്രണയം – ദാമ്പത്യം – കാൽപ്പനികത – റിയലിസം – നിയോക്ലാസിസം

2.6.1. Content

കാച്ചിക്കുറുക്കിയ കവിത എന്ന് വൈലോപ്പിള്ളിക്കവിതകളെ പൊതുവെ വിശേഷിപ്പിക്കാറുടെങ്കിലും ചില കവിതകൾ വിശദമായ വിവരണങ്ങൾ നിറഞ്ഞവയുമാണ്. അത്തരത്തിലൊരു കവിതയാണ് കണ്ണീർപ്പാടം. ഗാർഹസ്ഥ്യജീവിതത്തിന്റെ മധുരതരമായ അസ്വാസ്ഥ്യത്തെ നന്നായി അവതരിപിക്കുന്ന കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കവിതയാണ് കണ്ണീർപ്പാടം. അർത്ഥത്തിന്റെ പല അടരുകളുള്ള കവിതയാണിത്. ഈ കവിതയിൽ പലതരം സംഘർഷങ്ങൾകാണാം. ഇതിൽ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇടപെടലുകൾ, വർഷകാലത്തും ഹേമന്തത്തിലും പാടത്തുവന്ന മാറ്റങ്ങൾ, തെക്കോട്ടും വടക്കോട്ടുമുള്ള കവിയുടെയും ഭാര്യയുടെയും യാത്രകൾ, അവരുടെ വർത്തമാനവും ഭൂതകാലവും, അവരുടെ കണ്ണീരും പുഞ്ചിരിയും, ദുർഗ്ഗയുടെ രണ്ടു സാഹചര്യങ്ങളിലുള്ള സ്വഭാവങ്ങളും തുടങ്ങി പല വിരുദ്ധദ്വന്ദങ്ങളെയും കവിതയിൽ വിദഗ്ദമായി ഇഴചേർത്തിരിക്കുന്നു.

കവിതയുടെ ആവിഷ്ക്കാരം സ്വന്തം ജീവിതാനുഭവം എന്ന നിലയിലാണ്. യാഥാർത്ഥ്യവും ഭാവനയും കൂടിച്ചേർന്നതാണ് കവിത. റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും ഘടകങ്ങൾ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടെങ്കിലും ദാമ്പത്യജീവിതത്തിൽ പലരും പരാജയപ്പെട്ടുപോകുന്നത് എന്തുകൊണ്ടാണ്? ഇതിലെ മദ്ധ്യവർഗ്ഗക്കാർക്ക്, സാധാരണ ഗ്രാമീണമിഥുനങ്ങളുടെ ജീവിതത്തിൽനിന്ന് വലിയൊരു സത്യം മാതൃകയായി കവി തരുന്നു. കണ്ണീർപ്പാടം ഒരു ജീവിതദുഃഖത്തിന്റെ പാടവും ജീവിതപാഠവുമാണ്. എല്ലാദുഃഖങ്ങളും സന്തോഷത്തിൽ അവസാനിക്കാം. ഏതു പെരുമഴയ്ക്കുശേഷവും സൂര്യനുദിക്കാം. ഇവിടെയും അത് സംഭവിക്കുന്നു.

വരികൾ

“ബസ്സു വന്നു പോയ്……….

……….അർധസമ്മതം മൂളി. “

അർത്ഥ വിശദീകരണം

ചന്തം ചാർത്തുക =          ഭംഗി വരുത്തുക

സവിഷാദം             =                          വിഷാദത്തോടെ

നാഴിക                    =                             ദൂരം

ആശയ വിശദീകരണം

“ബസ്സു വരുന്നു. ദൂരെ നിന്ന് ബസ്സിന്റെ ഇരമ്പം കേൾക്കുന്നു. ഭദ്രേ, വേഷം വിസ്തരിച്ചതു മതി. അമ്പലത്തിലേക്ക് പോകാനല്ലേ ഒരുങ്ങുന്നത്?’ കവി ഭാര്യയോട് ചോദിച്ചു. കവിയുടെ ഭാര്യ (ഭാനുമതിയമ്മ) പിന്നെയും ചന്തം ചാർത്തിനിന്ന് താമസിച്ചു പോയി. വീടിനടുത്ത്, ബസ്സ് നിർത്താറുള്ള ആലിൻചോട്ടിൽ എത്തിയപ്പോഴേക്കും ആവഴിയുള്ള ബസ്സു പോയിരുന്നു. വിഷാദത്തോടെ കുറച്ചുസമയം അവിടെ നിന്നു. വണ്ടി കിട്ടണമെങ്കിൽ ഇനി സ്റ്റാൻഡിലെത്തണം. അവിടേക്ക് രണ്ടോ മൂന്നോ നാഴിക ദൂരമുണ്ട്. പാടം മുറിച്ചു കടന്നാൽ വഴി ലാഭിക്കാമെന്ന് ഭാര്യ പറഞ്ഞു. വർഷപ്പാടമാണ്. സംശയരൂപേണ കവിയും പകുതിസമ്മതം മൂളി.

വരികൾ

“കുരുന്നുഞാറിൻ പി…….

………………………………………..

പോലെയുണ്ടുഷച്ചോപ്പിൽ

അർത്ഥ വിശദീകരണം

ശ്വേതം                                     =            വെളുത്തത്.

കൊറ്റി                                      =            കൊക്ക്

കാർത്തിരക്കേറും മാനം    =     കാർമേഘങ്ങൾ നിറഞ്ഞ ആകാശം

ഉഷച്ചോപ്പ്                                =          പുലർകാല സന്ധ്യയിലെ ആകാശം

ആശയ വിശദീകരണം

അവർ നെൽപ്പാടം മുറിച്ചുകടന്ന് അമ്പലത്തിലേക്ക് പോകാൻ തുടങ്ങി. നെൽവയലിലെ കുരുന്നുഞാറിന്റെ പച്ചത്തലപ്പുവരെയും വെള്ളം കയറിയിരിക്കുന്നു. വരമ്പിന്റെ ഞരമ്പുപോലെ വയലിലെ തിട്ടകൾ മാത്രം കുറച്ച് വെള്ളത്തിൽ തെളിഞ്ഞുകാണാം. ബാക്കിഭാഗം മുഴുവൻ വെള്ളത്തിനടിയിലാണ്. വെളുത്ത കൊക്കുകൾ ഒന്നും പറക്കുന്നില്ല. ദൂരെ, കൈതകൾ കഴുത്തോളം വെള്ളത്തിൽ മുങ്ങിനില്ക്കുന്നത് കാണാം. ആകാശത്തിൽ കാർമേഘങ്ങൾ തിരക്കിട്ടു നീങ്ങുന്നുണ്ട്. പുലർകാല സൂര്യന്റെ ചുവപ്പുവീഴുന്ന ആകാശം കണ്ടാൽ, പല പോത്തുകളെ ഒന്നിച്ചു ചേർത്തുപൂട്ടിയ ചെളിപ്പാടം പോലെ തോന്നും.

വരികൾ

“വഴുക്കുന്നു……………

……….മുഗ്ദ്ധമാം രണ്ടാത്മാക്കൾ

ആശയ വിശദീകരണം

“വഴുക്കുന്നുണ്ട്. നല്ലത് ആ വരമ്പാണ്’ എന്നൊക്കെ സൗമ്യമായി, ഒരു ഔദാര്യം പോലെ, ഞങ്ങൾ ചിലത് പറഞ്ഞുകൊണ്ടുനടന്നു. ആ വയൽ വരമ്പിലൂടെ പതുക്കെ മുന്നോട്ടു, കഴിവതും മിണ്ടാതെയാണ് ഞങ്ങൾ നടന്നത്. തമ്മിൽ വളരെ ഇഷ്ടമാണ്. എങ്കിലും സ്നേഹത്തിന്റെ സ്വാർഥതകൊണ്ട്, (ഭാര്യയുടെ കാര്യം മാത്രമേ ഭർത്താവ് നോക്കാവൂ എന്ന് വാശിപിടിക്കുന്ന) പരിഭവത്താൽ, അസൂയയാൽ കറുത്ത മേഘം കൊണ്ടു മൂടപ്പെട്ട കണ്ണീർ നിറഞ്ഞ വയലിലൂടെ മുന്നോട്ടേക്കു കുഴങ്ങി, കാലിടറി നീങ്ങുന്ന എന്തുചെയ്യണമെന്നറിയാൻ കഴിയാത്ത രണ്ടാത്മാക്കളായി ജീവനില്ലാത്തവരെപ്പോലെ ഞങ്ങൾ നടന്നു.

വരികൾ

“മുട്ടി മാഴ്കീടും നാദ………

.. ……………………………………

………..ദുഃഖഭാരത്താൽ മാത്രം.

അർത്ഥ വിശദീകരണം

കഴ             =     വയലിൽ വെള്ളം കടത്തുന്ന തുമ്പ്.

ചെള്ള       =    ചെളി

ഉഷസ്സ്       =    പുലർക്കാലം

ആശയ വിശദീകരണം

അകലെയെവിടെയോ വയലിൽ വെള്ളം കടത്തുന്ന തൂമ്പ് പൊട്ടി. വെള്ളം കുത്തിയൊഴുകി വരുന്ന ശബ്ദം കേൾക്കുന്നു. ചെളിയിൽ കാൽതെറ്റുന്നു. കുടയെ കൂസാതെ മഴ ആർത്തുപെയ്യുന്നു. ശക്തമായ മഴ നനഞ്ഞുകൊണ്ട് നടന്നു. ഇപ്പോൾ മുൾക്കാടിനു തുല്യമായിരിക്കുന്നു ദാമ്പത്യം. ദാമ്പത്യത്തിന്റെ ആദ്യകാലം കവി പെട്ടെന്നോർത്തു. അത് ഒരു മഞ്ഞുകാലത്തിലാണ് .ദാമ്പത്യം അന്ന് ഏറെ ഹൃദ്യവും പ്രിയങ്കരവുമായ റോസാപ്പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടത്തിനു തുല്യം. വിടർന്ന പൂക്കളുമായി, നമ്മൾ പ്രിയങ്കരമായ ദുർഗാക്ഷേത്രത്തിൽ പോയി മടങ്ങിയ ഒരു സന്ദർഭം. നെല്ലിലെ ചില ചിലന്തിവലക്കെട്ടുകളിൽ മഞ്ഞുതുള്ളികൾ വീണുകിടക്കുന്നു. അത് പ്രഭാതത്തിന്റെ മുത്തുകട്ടകൾ പോലെ ചെരിഞ്ഞും ചാഞ്ഞും തിളങ്ങിക്കൊണ്ടിരിക്കുന്നു. നല്ലവണ്ണം തെളിഞ്ഞുകാണാമായിരുന്നു ഈ വരമ്പുകൾ. ഈ വരമ്പിലൂടെ ആഹ്ളാദത്തോടെ കവി മുന്നോട്ടു നടന്നു. അന്ന് തടിച്ച അരക്കെട്ടിന്റെ ഭാരംകൊണ്ട് കവിയ്ക്കൊപ്പം എത്താൻ ഭാര്യ വിഷമിച്ചു. എന്നാൽ, ഇന്ന് ദുഃഖഭാരംകൊണ്ട് കവി പിന്നിലായിരിക്കുന്നു.

  വരികൾ

“സാരി നീ ചെരിച്ചേറ്റിപ്പോകെ………

…………………………………………….

ദയനീയരെന്നോർത്തിട്ടാവാം’.

അർത്ഥ വിശദീകരണം

ചാരുവായ      =       മനോഹരമായ

പുണ്യ വ്രത =         പുണ്യവതി, സൽക്കർമ്മം മാത്രം ചെയ്യുന്നവൾ

നടക്കാവ്        =       നടവഴി

ആശയ വിശദീകരണം

നീ, സാരി ചെരിച്ച് ഉയർത്തിപ്പിടിച്ചുകൊണ്ടുനടന്നു. അപ്പോൾ, നിന്റെ മൃദുരോമങ്ങൾ നിറഞ്ഞ മനോഹരമായ കണങ്കാലുകൾ ഞാൻ കണ്ടു. എനിക്കു നിന്നോട് പാവം തോന്നി. പുണ്യവതേ, പൂവിരിച്ച നടക്കാവ് വിട്ടിട്ടു ചളിക്കുഴമ്പു നിറഞ്ഞ വരമ്പുകൾ, എന്തിനാണ് നീ സ്വീകരിച്ചത്?. വരമ്പായ വരമ്പിൻ ദ്വാരങ്ങളിലെല്ലാം ഞണ്ടുകൾ മഴയെ സ്വാഗതം ചെയ്തു നില്ക്കുന്നു. സ്നേഹവൈകൃതം കൊണ്ട് തമ്മിൽ പരിക്കുപറ്റിയ ദയനീയരാണ് നമ്മൾ എന്നോർത്തിട്ടാവാം, അവ നമ്മെ കടിച്ചില്ല.

വരികൾ

“നേരമേഴരയായി…….

……………………………….

സ്നേഹത്തിന്നഗാധത,”

അർത്ഥ വിശദീകരണം

ദുഷ്പ്രാപ്യം =        പ്രാപിക്കാൻ പ്രയാസമായത്.

മൃതി              =           മരണം

ആശയ വിശദീകരണം

നേരം ഏഴരയായി. പാടത്തിന്റെ പടിഞ്ഞാറെത്തീരം അപ്പോഴും വളരെ ദൂരെയാണ്. എത്തിച്ചേരാൻ കഴിയാത്തവിധം അത് അകലെ നിലകൊള്ളുന്നു. ഒരുവിധത്തിൽ, ഞങ്ങൾ പതുക്കെ നടന്നു. ഒടുവിൽ ഞാൻ, പണ്ട്, വയലിന്റെ സീമന്തമായ് വർണിച്ച ഒരു കൈത്തോട്ടിന്റെ തടത്തിലെത്തി. അന്ന്, ഒരു മരപ്പലക പാലമായി അവിടെയുണ്ടായിരുന്നു. ജലത്തിന്റെ കുത്തൊഴുക്കിൽ ഇപ്പോഴത് വലിച്ചെറിയപ്പെട്ടിട്ടുണ്ടാവാം. നീ തടഞ്ഞെങ്കിലും കഷ്ടിച്ചതിലേ കടക്കാമെന്നു ഞാൻ പറഞ്ഞു. തോട്ടിൽ കാലുകൊണ്ട് ആഴംനോക്കി പതുക്കെ ഞാനിറങ്ങി. നൂറുനൂറിഴ കൂട്ടിപ്പിരിച്ച കയർപോലെ, ആ നീരൊഴുക്ക് എന്നെച്ചുറ്റിപ്പിടിച്ചു മറിച്ചു. പെട്ടെന്ന്, നിന്റെ കണ്ണുകൾ വിതുമ്പിത്തുളുമ്പിയത്, നീ കരഞ്ഞത് ഞാൻ കണ്ടു. അതിൽ, ക്രൂരമായ മരണത്തെ ദ്രവിപ്പിക്കുന്ന സ്നേഹത്തിന്റെ അഗാധതയുണ്ടായിരുന്നു.

വരികൾ

“ഒരുമാതിരി തീരംപറ്റി….

…………………………………

……… ത്തോല്‌വി സമ്മതിച്ചാലോ?’

അർത്ഥ വിശദീകരണം

നിർവികാരം =         വികാരമില്ലാത്ത

ഈറൻ          =                             നനഞ്ഞ

വൈക്ലബ്യം  =          സങ്കടം, ദുഃഖം

 ആശയ വിശദീകരണം

കുറെ പ്രയാസപ്പെട്ട്, ഒരുവിധം ഞാൻ കരയ്ക്കെത്തി. വെള്ളത്തിന്റെ പരിഹാസം പോലെ, എന്റെ മുണ്ടും, കുപ്പായവും ചെളിനിറമായി. ദുഃഖത്തിലും അതുകണ്ട് നമ്മൾ ചിരിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് തെക്കേ തുരുത്തിൽ ഒരു പയ്യൻ കല്ലുപോലെ ഇരിക്കുന്നു. ഈ പുതിയ തലമുറ, എത്ര നിർവികാരമാണ്. ഇത്തിരി ദൂരേക്ക് മാറിനിന്നുകൊണ്ട് നമ്മൾ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി. നിന്റെ തോൾ സഞ്ചിയിൽ കുളിച്ചുതൊഴാൻ വെച്ച് എന്റെ മുണ്ട് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ഈറൻ നീക്കി. എന്റെ മനസ്സിന്റെ വൈക്ലബ്യവും മാറിക്കിട്ടി. വീട്ടിലേക്ക് മടങ്ങിപ്പോകാം എന്നു നമ്മൾ ചിന്തിച്ചാലും, തുടങ്ങിവെച്ചാൽ പിന്നെ തോൽവി സമ്മതിക്കുന്നത് ശരിയാണോ?

വരികൾ

“തൊഴുവാൻ പറ്റാഞ്ഞാലോ?..

തീർഥവും പ്രസാദവും.

അർത്ഥ വിശദീകരണം

ആസ്തികൻ =              ദൈവ വിശ്വാസമില്ലാത്തവൻ

പൂകുക           =            പ്രവേശിക്കുക.

ശുകരമ്യമാം   =        പച്ച തത്തയുടെ ഭംഗിയാർന്ന

പ്രകൃതീശ്വരി  =      പ്രകൃതിദേവി, ഭൂമിദേവി

ആശയ വിശദീകരണം

(ഭാര്യ നല്കിയ വസ്ത്രം കൊണ്ട് ഈറൻ നീക്കി. മനസ്സിന്റെ വൈക്ലബ്യം മാറിയപ്പോൾ കവി ഒരു ഭൂതകാലം ഓർത്തു.) തൊഴാൻ പറ്റാതെ വന്നാലോ? ഞാനോർത്തു. വിവാഹത്തിന് മുമ്പ് ഒരുനാൾ അവൾ ചോദിച്ചു: “ആസ്തികനല്ലേ താങ്കൾ?’ അല്ലെന്നും ആണെന്നുമുള്ള മട്ടിൽ ഞാനൊഴിഞ്ഞു. നീ പിന്നീടെന്നെ പതുക്കെ നിനക്ക് പ്രിയപ്പെട്ട ദുർഗാലയത്തിൽ എത്തിച്ചു. ആറുമൈലോളം ദൂരെ, ആ ക്ഷേത്രം കാണാം. തെങ്ങിൻനിരകൾക്ക് വടക്കുഭാഗത്താണത്. നീരാടുന്ന ആനകൾ പോലെയുള്ള പാറകൾക്കപ്പുറത്താണത്. മൂന്നു ഭാഗത്തും സ്വരലോലയായ ചോലകാണാം. നടയ്ക്കൽ വൃദ്ധനായ ഒരു അരയാലുമുണ്ട്. ചുറ്റിലും വാഴത്തോപ്പും, ശുകരമ്യമാം പുഞ്ചപ്പാടവുണ്ട്. നീരാവിയാൽ പുകയുന്ന നീലക്കുന്നിൻനിരയും ചേർന്നു കാണുന്നതാണ് ആ ക്ഷേത്രം. ഭാര്യയോടൊപ്പം സ്നേഹപൂർവ്വം ക്ഷേത്രത്തിൽ ചെന്നിരുന്ന എനിയ്ക്ക് പ്രകൃതീദേവിയുടെ പുണ്യജലവും ആനുകൂല്യങ്ങളും കിട്ടിയിരുന്നു. ദാരിദ്ര്യത്തിലും നമുക്ക് ദേവി സമാധാനം തന്നിരുന്നു. അന്ന് അവിടം അനുഗ്രഹത്തിന്റെ ഇടമായിരുന്നു. കവി വിപരീതങ്ങളെ, ദ്വൈതങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് അവയുടെ സാകല്യമാണ് ജീവിതം എന്ന ദർശനം പകർന്നു തരുന്നു.

വരികൾ

“ദുർഗതിയിലും ശാന്തി…….

…………………………………..

…………..എങ്കിലും പോയേ പറ്റൂ.

അർത്ഥ വിശദീകരണം

കരിം കാർമുടി =               കാർമേഘമാകുന്ന കറുത്തമുടി

ജഠരൻ               =       വൃദ്ധൻ

കുരുതി             =     രക്തം

പട്ടട                     =      മരിച്ച വരെ സംസ്കരിക്കുന്ന ഇടം, ചുടുകാട്

നിഭൃതം              =   രഹസ്യമായി, സാവധാനം

ആശയ വിശദീകരണം

വനപർവ്വതാദി ദുർഗ്ഗമ സ്ഥാനങ്ങളിൽ വസിക്കുന്നവളാണ് ദുർഗ്ഗ. ആ ദുർഗ്ഗ, ഈ കാലവർഷ സമയത്ത്, മനുഷ്യർക്ക് സ്വയം കയറാൻ വെച്ച പാലം പോലും വെള്ളത്തിൽ മുക്കിക്കളഞ്ഞു. ശക്തമായ കാറ്റിൽ വൃദ്ധനായ അരയാൽ പോലും ഇപ്പോൾ ഞെട്ടി വിറയ്ക്കുന്നുണ്ടാകും. അതിശക്തമായ കാറ്റിൽ ആ ദുർഗ്ഗ, കാർമേഘമാകുന്ന തലമുടിയെ അടിച്ചു ചിതറിച്ചുകൊണ്ട് കോപിച്ചിരിക്കയാവും. കുന്നിന്റെ ചോലകളാകുന്ന രക്തം കുടിച്ചു കൊണ്ട് അലറിക്കൊണ്ടു നിന്ന് നൃത്തം ചെയ്യുന്നുണ്ടാവാം. പച്ചവിറകുകൊണ്ട് മരിച്ചവരെ സംസ്കരിക്കുന്ന ചുടുകാട്ടിൽ നിന്ന് പുക ഉയരുന്നതു പോലെ, തൊട്ടടുത്തുള്ള കുന്നുകളിൽനിന്ന് സാവധാനം പുക ഉയരുന്നു ണ്ടാവാം. അങ്ങനെയുള്ള ഈ നേരത്ത്, പരസ്പരം മനസ്സും കറുപ്പിച്ചുകൊണ്ട് നമ്മൾ വീണ്ടും ക്ഷേത്രത്തിൽ ചെന്നാൽ എങ്ങനെ ശരിയാവും? എങ്കിലും നമുക്ക് പോയേപറ്റൂ.

 

വരികൾ

“പോയി നാം വീണ്ടും….

………………………………….

മുന്നേപ്പോൽ നിലവായി.

അർത്ഥ വിശദീകരണം

കൃശം           =               ഇടുങ്ങിയ

കണ്ഠം        =     കഴുത്ത്

കഴ                = വെള്ളം കടത്തുന്ന തൂമ്പ്

ആശയ വിശദീകരണം

ഞങ്ങൾ വീണ്ടും നേർത്ത വരമ്പിലൂടെ മുന്നോട്ടുപോയി. ജീവൻ തന്നെ അപകടപ്പെട്ടുപോകാവുന്നഒരു കൈത്തോടിന്റെ ഇടുങ്ങിയ കഴുത്ത് തോടിന്റെ ചാടിക്കടക്കാൻ പറ്റിയ ചെറിയ ഭാഗം നോക്കി നടന്നു. അക്കഴ ലംഘിച്ചു – ആ വയലിൽ വെള്ളം കടത്തുന്ന തൂമ്പ് ഞാൻ ചാടി. -അപ്പുറത്ത് വയൽ കാണുന്നില്ല. വരമ്പും കാണുന്നില്ല. എല്ലായിടത്തും വെള്ളം മാത്രം. നിനക്ക് ചാടാൻ പോലും കഴിഞ്ഞില്ല. വെള്ളം ചുഴികുത്തി ഒഴുകുന്ന ആ തോടു താണ്ടി, ഭയപ്പെട്ടു നിന്ന നിന്റെ അരികിൽ വീണ്ടും ഞാൻ തിരിച്ചെത്തി. അപ്പോഴും കാണാം തെക്കേത്തുരുത്തിൽ കരിങ്കല്ലു പോലെ ആ കൊച്ചൻ നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. എന്തൊരു ലോകമാണിത്. നമ്മൾ തിരിച്ചുനടന്ന്, നനഞ്ഞവസ്ത്രം മാറ്റിയ സ്ഥലത്ത് വീണ്ടും പോയി നിന്നു.

വരികൾ

‘ചുരുങ്ങീ മഴയെല്ലാം….

………………,……………………

………..ഇങ്ങനെയാ ഫലം’

ആശയ വിശദീകരണം

മഴ കുറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു-“ആകാശത്തിൽ ചുളിഞ്ഞ പുരികം പോലുള്ളൊരാമേഘംനോക്കൂ.’ സന്ദർഭത്തിനിണങ്ങാത്തതാണ് എന്റെ കവിചാപലം എന്ന് നിനക്ക് തോന്നി. അതുകേട്ട്, മുകളിലേക്ക് താല്പര്യമില്ലാതെ കണ്ണുയർത്തി നോക്കിയിട്ട് നീയൊന്നുമൂളി. ആ മൂളലിൽ നിന്ദ (അനാദരവ്, അപമാനിക്കൽ) ഉണ്ടായിരുന്നു. നിന്റെ യാഥാർത്ഥ്യവും എന്റെ സങ്കല്പവും തമ്മിൽ എങ്ങനെ യോജിക്കാനാണ്? നീയിപ്പൊഴും മനസ്സിൽ പറയുന്നത്, “മനസ്സില്ലാമനസ്സോടെ തൊഴാൻ പോന്നാൽ ഇങ്ങനെയായിരിക്കും ഫലം’ എന്നാണല്ലോ.

വരികൾ

എൻമനം നിവേദി…….

………………………………

… മുട്ടാതെയിരുന്നെങ്കിൽ!’

അർത്ഥ വിശദീകരണം

നിവേദിച്ചു              =            പൂജിച്ചു.

നാസ്തികൻ               =            ദൈവത്തിൽ വിശ്വാസം ഇല്ലാത്തവൻ.

ആശയ വിശദീകരണം

എന്റെ മനസ്സു പറഞ്ഞു നീയാണ് ബസ്സ് കിട്ടാതാക്കിയത്. എന്റെ അമ്പലപ്രാവേ, വയലാണ് ഇന്ന് നമ്മുടെ തീർഥസ്ഥലം. ഭാര്യയുടെ അഭിപ്രായം നേരത്തേതന്നെ ഇങ്ങനെയായിരുന്നു. “നാസ്തികനല്ലേ താങ്കൾ?’ “നാലല്ലേ തവ വേദം. ക്ഷേത്രദർശനം, ജ്യോത്സ്യം, ഹിന്ദിയും ഉറക്കവും’. കവി അവിശ്വാസി ആയതുകൊണ്ടാണ് തനിക്കുകൂടി ഇത് അനുഭവിക്കേണ്ടി വന്നതെന്നാണ് ഭാര്യയുടെ മനോഗതം. (സാധാരണ ഗ്രാമീണരായ ദമ്പതിമാരാണ് വീട്ടുവഴക്കിടുമ്പോൾ ഒച്ചയുണ്ടാക്കുന്നത്. വഴക്കടിക്കുമ്പോൾ നഗരത്തിൽ ജീവിക്കുന്നവർ മൂകശീതസമരമാണ് ചെയ്യുക.) ദാമ്പത്യജീവിതത്തിൽ എന്തൊക്കെ നിയമങ്ങളാണ് അനുസരിക്കേണ്ടത്. എത്രത്തോളം നയപരമായി ഇടപെടണം, എത്രമാത്രം അഭിനയിക്കണം. വഴക്കടിച്ച് വഴക്കടിച്ച് നമ്മൾ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത പലതും വിളിച്ചുപറയും. ആ അഴുക്കുകൾ തിരഞ്ഞ്, തിരഞ്ഞ് ജീവിതത്തിലെ നരകത്തിൽ എത്തിച്ചേരും. (വഴക്കിന്റെ മൂർദ്ധന്യത്തിൽ പരസ്പരം വെറുക്കാൻ തുടങ്ങും.) ദയയില്ലാത്ത ഈ ലോകത്തിൽ ഒറ്റപ്പെട്ടവരാണ് നമ്മൾ. അതുമാത്രമല്ല, നമ്മൾ തമ്മിൽ തമ്മിലും ഒറ്റപ്പെട്ടവരാണ്. ഈ ഭൂമിയിൽ നാം ജനിക്കാതിരുന്നെങ്കിൽ എന്ന് കവി ആശിക്കുന്നു. സ്നേഹിക്കുവാനും പിന്നെ വെറുക്കാനും വേണ്ടി തമ്മിൽ കണ്ടുമുട്ടാതെയിരുന്നെങ്കിൽ എന്നും കവി ആശിച്ചുപോകുന്നു. അവർ അഴുക്കുകൾ പരതി നരകത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. ആ ദമ്പതിമാരുടെ മാനസികസംഘർഷം വർദ്ധിച്ചിരിക്കുന്നു. അത് തെളിയിക്കുന്നതാണ് ഈ വരികൾ.

വരികൾ

കണ്ടു നാം കിഴക്കുനിന്നെ………

……………………………………….

ജലോപരിനടക്കുന്നതുപോലെ.

അർത്ഥ വിശദീകരണം.

സ്വീയമാം               =            തങ്ങളുടേതായ

മഗ്നമായ    =            മറക്കപ്പെട്ട

പുമാൻ        =            പുരുഷൻ

ജലോപരി =            ജലത്തിനു മുകളിൽ

ആശയ വിശദീകരണം

ആ സമയത്ത് രണ്ടുപേർ- സാധാരണ ഗ്രാമീണ മിഥുനങ്ങൾ കിഴക്കുനിന്ന് നടന്നു വരുന്നത് കണ്ടു. പ്രായക്കൂടുതലുണ്ടെങ്കിലും അദ്ധ്വാനംകൊണ്ടുള്ള ശരീരബലം അവരിൽക്കാണാം. അതുകൊണ്ടുതന്നെ, വേഗത്തിൽ നടന്ന് അവർ അടുത്തെത്തി. അനായാസമായി അവർ ആ തോടിന്റെ കുപ്പിക്കഴുത്തു ചാടിക്കടന്നു. അടുത്ത തടത്തിൽ എത്തി. ആ പുരുഷൻ പെണ്ണാളുടെ കൈപിടിച്ച് അവളെയും അപ്പുറത്തെത്തിച്ചു. അല്പവും സംശയിക്കാതെ, തികച്ചും സാധാരണമായി സ്നേഹത്തോടുകൂടെ, അനാർഭാടമായി അവർ അതുചെയ്തു. രക്ഷകനെത്തേടി, കിഴക്കുനിന്ന് വന്ന ജ്ഞാനികളായ രാജാക്കന്മാരുടെ വരവിനെ ഓർമ്മപ്പെടുത്തുന്ന ബൈബിളിലെ സൂചന, ജലത്തിനുമീതേ നടന്ന ക്രിസ്തുവിനെ  അനുസ്മരിപ്പിക്കുന്ന സാധാരണ ഗ്രാമീണന്റെ യാത്ര എന്നിവ കവിതയ്ക്ക് പുതിയ അർത്ഥതലം സമ്മാനിക്കുന്നു. ആ മദ്ധ്യവർഗ്ഗ ദമ്പതിമാർക്ക് മാർഗ്ഗ ദർശകമായ ഒരു കാഴ്ചയായിരുന്നു അത്. മണ്ണിന്റെ മക്കളായ, സാധാരണ ഗ്രാമീണദമ്പതിമാർ ഐക്യത്തിന്റെ, സ്നേഹത്തിന്റെ മാതൃകയാകുന്ന വലിയൊരു സന്ദേശം /മാതൃക കവിയ്ക്ക് പകർന്നു നല്കി.

വരികൾ

അങ്ങനെ ചെയ്തൂനാമും….

,…………………………………………

………കൈതപ്പൂംപരിമളം.

അർത്ഥ വിശദീകരണം

കിടങ്ങ്           =            വലിയ കുഴി

ഗഗനം             =            ആകാശം

മേഘച്ചിറ      =            മേഘമാകുന്ന ചെറിയ അണക്കെട്ട്

ഇമ്പാച്ചി          =            ഭയപ്പെടുത്തുന്ന

ആശയ വിശദീകരണം

അവരെപ്പോലെ, നമ്മളും അങ്ങിനെ ചെയ്തു. ഞാൻ ആ കിടങ്ങ് ആദ്യം ചാടിക്കടന്നു. നിന്റെ കൈപിടിച്ച് ശ്രമപ്പെട്ടാണെങ്കിലും നിന്നെയും മറുകര കടത്തി. ആകാശത്തിലെ മേഘച്ചിറ ഇപ്പൊഴേ പൊട്ടും (ശക്തമായ മഴപെയ്യും), ഗതിയില്ലാതെ നമ്മൾ വലയും എന്നു കരുതി. എങ്കിലും ഒന്നുമുണ്ടായില്ല. ആ മഴ പെയ്തില്ല. ദൈവത്തിനു നന്ദിയുണ്ട്. ആ മുങ്ങിത്താണ വരമ്പിൽ കാൽ വെച്ചുകൊണ്ട് നമ്മൾ നടന്നു. വിരുതിൽ സമർത്ഥരെപ്പോലെ പോയി, ആ ഗ്രാമീണ മിഥുനങ്ങളെ മാതൃകയാക്കിയപ്പോൾ ഞങ്ങളുടെ കണ്ണീരാണ്ട ജീവിതത്തിന്റെ വിഷമപദപ്രശ്നം എളുപ്പമായിത്തീർന്നു. നീളമേറിയ, വലിയ വരമ്പിൽ കയറി നമ്മൾ മുന്നോട്ടു നടക്കുമ്പോൾ, ഒടുവിൽ ആ കാർമേഘത്തിന്റെ ഇമ്പാച്ചി (പേടിപ്പിക്കുന്ന) മുഖഭാവം മഴയായും ചിരിയായും, ചാലിട്ടു നൂറായിരം വഴിയായ് പായുന്ന നീറ്റിൻ(ജലത്തിൻ) കളഗാനമായും മാറി. നമ്മുടെ മനസ്സിലും ആ ഗാനം മാറ്റൊലിക്കൊണ്ടു. കൈതപ്പൂവിന്റെ പരിമളം കുളിർകാറ്റിൽ പാറിനടന്നു.

 

വരികൾ

എങ്ങുപോ, യുദാത്തനാ…..

………………………………………..

……………..യാദുർഗയെ.

അർത്ഥ വിശദീകരണം

കാപ്യമറേത്ത്          =            കാപ്പിയാകുന്ന അമൃതേത്ത്.

അമൃത്                         =            ദേവന്മാരുടെ ഭക്ഷണമാണ്.

ചിന്നം                =          മുറിക്കപ്പെട്ട, ക്ഷീണിച്ച

ദുഃഖയെ           =          സങ്കടം, വേദന തന്നവളെ.

ആശയ വിശദീകരണം.

തന്റെ കുടുംബിനിയെ- ഭാര്യയെ – കൊണ്ടുപോയ ഉദാത്തനായ ആ ഗ്രാമീണൻ എവിടേക്കു പോയി? ദാമ്പത്യപ്രേമത്തിന്റെ അഭിമാനകരമായ പുതിയ പ്രകാശത്താൽ മഴവില്ലു തീർത്ത അയാളെ ഞാൻ ശ്രദ്ധിച്ച് പിൻതുടരും, അനുകരിക്കും. (പട്ടണത്തിൽ ജീവിക്കുന്ന, വിദ്യാഭ്യാസവും ഉയർന്നജോലിയുമുള്ള ഏതൊരാളെക്കാളും നന്മയുള്ളവർ ഗ്രാമീണരാണ്. അവരെ മാതൃകയാക്കിയാൽ ദാമ്പത്യ ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാവില്ല എന്ന് സൂചന. ) അപ്പോഴതാ, നമ്മുടെ തിരുമേനി, നേരത്തേ പെയ്ത മഴയുടെ കൃഷിപ്പണി നോക്കാൻ എത്തിയിരിക്കുന്നു. തിരുമേനി കുളിച്ചു കുറിയിട്ടിരിക്കുന്നു. ശുഭവസ്ത്രവും ധരിച്ചിരിക്കുന്നു. നമ്മൾ അദ്ദേഹത്തിനും മാപ്പു നൽകി. (സൂര്യൻ കുറച്ചുകൂടി നേരത്തെ വന്നിരുന്നുവെങ്കിൽ മഴ ഇത്രയധികം കുഴപ്പം സൃഷ്ടിക്കില്ലായിരുന്നു എന്ന് സൂചന). നമ്മുടെ സന്തോഷം നശിപ്പിച്ച, നമുക്ക് ദുഃഖം തന്ന് വേദനിപ്പിച്ച, ആ ദുർഗയെ നമ്മൾ പിന്നെച്ചെന്നു വണങ്ങി.

Recap

  • ഒരു മഴക്കാലത്ത് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങുന്ന കവിയും ഭാര്യയും ബസ്സു കിട്ടാതെ വർഷപ്പാട വരമ്പിലൂടെ നടക്കാൻ തുടങ്ങുന്നു.
  • തമ്മിൽ ഇഷ്ടമെങ്കിലും സ്വാർത്ഥതയും അസൂയയും കൊണ്ട് കറുത്ത മനസ്സുമായി നടക്കുന്ന രണ്ടു പേർ.
  • മുൾക്കാടായ ദാമ്പത്യം.
  • കൈത്തോടു ചാടിക്കടക്കാൻ നോക്കുന്ന കവി കുത്തൊഴുക്കിൽ താഴെ വീഴുന്നു
  • യാത്രയിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന കവിയും ഭാര്യയും.
  • ഗ്രാമീണ മിഥുനങ്ങൾ കിഴക്കുനിന്നു വന്നു എളുപ്പത്തിൽ കൈത്തോട് ചാടിക്കടക്കുന്നു.
  • അവരെ അനുകരിച്ചു കവിയും ഭാര്യയും കൈത്തോട് മറികടക്കുന്നു.
  • ദാമ്പത്യ പ്രേമത്തിന്റെ മഴവില്ല് കവിയുടെ മനസ്സിൽ ഉദിക്കുന്നു. സൂര്യൻ കിഴക്ക് തെളിയുന്നു.
  • ക്ഷേത്രത്തിലേക്ക് സന്തോഷത്തോടെ പോകുന്ന കവിയും ഭാര്യയും

Objective Questions

1. “വേഷം വിസ്തരിച്ചതു പോതും ” ആര് ആരോട് പറയുന്ന വാക്കുകളാണിത്?

2. “സവിഷാദംനിന്നു നാമാലിൻ ചോട്ടിൽ. ” ആരൊക്കെയാണ് ആലിൻചോട്ടിൽ വിഷാദിച്ചു നിന്നത്? എന്തുകൊണ്ട്?

3. “ദൂരം താണ്ടണമങ്ങോട്ടേക്കു നാഴിക രണ്ടോ മൂന്നോ. “-എവിടേക്ക്?

4. “ശ്വേതമായൊരു കൊറ്റിച്ചിറകും ചലിപ്പിലാ ” എവിടെ ?

5. “പല പോത്തിനെച്ചേർത്തു പൂട്ടിന ചളിപ്പാടം പോലെയുണ്ടു ഉഷച്ചോപ്പിൽ.” എന്തിനെക്കുറിച്ചാണ് ഈ പരാമർശം?

6. “കാലിടറവേ നീങ്ങും മുഗ്ദ്ധമാം രണ്ടാത്മാക്കൾ. ” ആരെക്കുറിച്ചുള്ള സൂചനയാണിത്?

7. മുട്ടിമാഴ്കീടും നാദം എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്?

8. ചെള്ളയിൽ കാൽതെറ്റിയും, കുടയേക്കൂസാതാർത്തു തള്ളിനമഴയേറ്റും, നാം       പോകെ, യാലോചിച്ചേൻ കവി ആലോചിച്ചതെന്ത്?

9. ഒപ്പമെത്തുവാൻ കേണാൾ നീപഥുനിതംബിനി, ഇപ്പോഴോ ഞാൻ പിന്നിലായ്

10. കവി പിന്നിലായിപ്പോയത് എന്തുകൊണ്ട്? നീ വരിച്ചല്ലോ ചളിക്കുഴമ്പു വരമ്പുകൾ ആരെക്കുറിച്ചാണ് ഈ പരാമർശം?

11. ഇറുക്കീലവ നമ്മെ, കവിയെയും ഭാര്യയെയും ഞണ്ടുകൾ ഇറുക്കാതിരുന്നത് എന്തുകൊണ്ട്?

12. ജലത്തിന്റെ ലീലയാലെങ്ങോ വലിച്ചെറിയപ്പെട്ടിട്ടുണ്ടാം എന്തിനെക്കുറിച്ചാണ് ഈ പരാമർശം?

13. നീരൊഴുക്കെന്നെച്ചുറ്റിപ്പിടിച്ചു മറിക്കവേ – നീരൊഴുക്ക് എപ്രകാരമാണ് കവിയെ ചുറ്റിപ്പിടിച്ചു മറിച്ചത്?

14. ചിരിച്ചു വ്യഥയിൽ നാം. – എന്തുകൊണ്ടാണ് അവർ വ്യഥയിലും ചിരിച്ചത്?

15. എത്ര നിർവികാരമിപ്പുതുതാം തലമുറ ആരെക്കുറിച്ചാണ് ഈ സൂചന?

16. കുന്നിൽ ചോലക്കുരുതി കുടിച്ചു നിന്നലറിയാടുന്നത് ആര്?

17. തോടുഞാൻ വീണ്ടും താണ്ടിഭീരു നിന്നടുത്തെത്തി. ആരെയാണ് ഭീരു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്?

18. ആകാശത്തിൽ ചുളിഞ്ഞ പുരികം പോലുള്ളൊരാമേഘം നോക്കൂ. ആര്, ആരോടാണ് ഇപ്രകാരം പറഞ്ഞത്?

19. നിന്ദയുണ്ടാമൂളലിൽ. -ആരുടെ മൂളലിൽ?

20.  പാടം നമുക്കുതീർഥസ്ഥാനം! -ആരാണ് ഇപ്രകാരം ചിന്തിക്കുന്നത്?

21. “നാസ്തികനല്ലേ താങ്കൾ? ആര്, ആരോട് ചോദിച്ചത്?

22. സ്വീയമാം നടത്തത്താൽ മാത്രയിലടുത്തെത്തി. ആരെക്കുറിച്ചാണ് ഈ സൂചന?

23. അത്രയുമനാർഭാടമായവരതു ചെയ്തു. എന്തു ചെയ്തുവെന്നാണ് ഈ സൂചന?

24. അങ്ങനെ ചെയ്തു നാമും. -നമ്മൾ അങ്ങനെ ചെയ്തതെന്ത്?

25. എങ്ങുപോയുദാത്തനാഗ്രാമീണൻ ആ ഗ്രാമീണനെ അന്വേഷിച്ചത് ആരാണ്?

26. മാപ്പു നൽകി നാമദ്ദേഹത്തിനും. മാപ്പു നൽകിയത് ആർക്കാണ്? എന്തിനാണ് മാപ്പു നൽകിയത്?

Answers

  1. കവി, ഭാര്യയോട് പറയുന്നത്.
  2. കവിയും, ഭാര്യയും. ബസ്സുകിട്ടാത്ത കൊണ്ട്.
  3. ബസ്സ് സ്റ്റാൻഡിലേക്ക്
  4. വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തിൽ.
  5. ആകാശത്തെക്കുറിച്ച്.
  6. കവിയെയും ഭാര്യയെയും.
  7. വയലിൽ വെള്ളം കടത്തുന്ന ഏതോ തൂമ്പ് പൊട്ടിയ ഭയപ്പെടുത്തുന്ന മുഴക്കം.
  8. ദാമ്പത്യത്തിന്റെ തുടക്കത്തിൽ സന്തോഷത്തോടെ അമ്പലത്തിലേക്ക് പോയ സന്ദർഭം ആലോചിക്കുന്നു.
  9. ദുഃഖഭാരത്താൽ കവിയിന്ന് പുറകിലായിപ്പോയി.
  10. കവിയുടെ ഭാര്യയെക്കുറിച്ച്
  11. സ്നേഹ വൈകൃതത്താൽ മുറിവേറ്റവരാണ് എന്നു കരുതി ഞണ്ടുകൾ        ഇറുക്കാതെ വെറുതെ വിട്ടു.
  12. ഒരു പാലമായി ഉണ്ടായിരുന്ന മരപ്പലകയെക്കുറിച്ച് .
  13. നൂറുനൂറിഴ കൂട്ടിപ്പിരിച്ച കയർപോലെ .
  14. കവിയുടെ മുണ്ടും, കുപ്പായവും ചെളിനിറമായത് കണ്ട്.
  15. ഇതെല്ലാം കണ്ട് കല്ലുപോലെ ഇരിക്കുന്ന ഒരു കൊച്ചനെക്കുറിച്ച്.
  16. ദുർഗ്ഗാദേവി
  17. തോട് ചാടാൻ കഴിയാതിരുന്ന കവിയുടെ ഭാര്യയെ .
  18. കവി, അദ്ദേഹത്തിന്റെ ഭാര്യയോട്,
  19. കവിയുടെ ഭാര്യയുടെ മൂളലിൽ.
  20. കവി
  21. കവിയുടെ ഭാര്യ കവിയോട ചോദിക്കുന്നത്. ‘
  22. കിഴക്കുനിന്നെത്തിയ ഗ്രാമീണ മിഥുനങ്ങളെക്കുറിച്ച് .
  23. ആ ഗ്രാമീണ മിഥുനങ്ങൾ തോടിന്റെ കുപ്പിക്കഴുത്തു ചാടിക്കടന്നു.
  24. ആ ഗ്രാമീണമിഥുനങ്ങൾ ചെയ്തപോലെ കിടങ്ങ് ചാടിക്കടന്നു.
  25. കവി തന്നെ.
  26. സൂര്യന്, വരാൻ വൈകിയതിന്.

Assignment topic

  • വൈലോപ്പിള്ളിക്കവിതകളുടെ സവിശേഷതകൾ
  • കണ്ണീർപ്പാടത്തിന് ആസ്വാദനം തയ്യാറാക്കുക.

References

  1. ഡോ. എം. ലീലാവതി – കണ്ണീരും മഴവില്ലും – എസ്.പി.സി.എസ്, കോട്ടയം.
  2. ഡോ. എം. ലീലാവതി – മലയാളകവിതാ സാഹിത്യചരിത്രം – കേരള സാഹിത്യ അക്കാദമി  തൃശൂർ.
  3. ഡി.ബഞ്ചമിൻ – കാല്പനികത മലയാള കവിതയിൽ, കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  4. നെല്ലിക്കൽ മുരളീധരൻ- കവിതയിലെ പുതുവഴികൾ
  5. എൻ. അജയകുമാർ -ആധുനികത മലയാളകവിതയിൽ – കറന്റ് ബുക്‌സ്, തൃശൂർ
  6. മേലത്ത് ചന്ദ്രശേഖരൻ – വൈലോപ്പിള്ളിക്കവിത -2011  – എസ്.പി.സി.എസ്, കോട്ടയം.

E- content

വൈലോപ്പിള്ളിയുടെ ചിത്രം.

വൈലോപ്പിള്ളി ശ്രീധരമേനോൻ, വിക്കിപീഡിയ

ttps://ml.wikipedia.org/wiki/https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%B2%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB

കണ്ണീര്‍പ്പാടം എന്ന കവിത കേൾക്കാൻ

കണ്ണീർപ്പാടം കവിതയുടെ വരികൾ

https://edu.kssp.in/2021/10/25/kanneerpaada