യൂണിറ്റ് – 6
കൊച്ചിയിലെ വൃക്ഷങ്ങൾ
കെ ജി ശങ്കരപ്പിള്ള
Learning Outcomes
|
Prerequisites
മലയാളത്തിൽ ആധുനികത ശക്തമായി നിന്ന കാലത്ത് എഴുപതുകളിൽ ആണ് കെ.ജി ശങ്കരപ്പിള്ള കവിതയിലേക്കെത്തുന്നത്. ബംഗാൾ എന്ന കവിതയുമായുള്ള രംഗപ്രവേശനം തന്നെ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. രാഷ്ട്രീയത്തിനുമപ്പുറത്താണ് /അരാഷ്ട്രീയമായാണ് ആധുനികതയിലെ സൃഷ്ടികൾ സംസാരിക്കേണ്ടതെന്ന നിലനിന്ന ധാരണയെ ആ കവിത റദ്ദ് ചെയ്തു. എഴുതിയ കാലത്തെല്ലാം മുഖ്യധാരാ പ്രവണതകളിൽ നിന്ന് അകന്നുമാറി സഞ്ചരിച്ച കാവ്യഭാവുകത്വത്തിന് കൂടിയാണ് ഇതോടെ തുടക്കമായത്. 1948ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെ.ജി.എസ് എന്നറിയപ്പെട്ട കെ ജി ശങ്കരപ്പിള്ള ജനിച്ചത്. വിവിധ ഗവൺമെന്റ് കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. കൊച്ചിയിലെ വൃക്ഷങ്ങള്‍, കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ കെ ജി എസ്സ് കവിതകള്‍ എന്നിങ്ങനെയുള്ള സമാഹാരങ്ങളിലായി നിരവധി ശ്രദ്ധേയ കവിതകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. നിരവധി ഇന്ത്യൻ, വിദേശഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്യഭാഷകളിൽ നിന്ന് നിരവധി കവിതകൾ മലയാളത്തിൽ മുതൽക്കൂട്ടുന്ന ശ്രദ്ധേയനായ വിവർത്തകൻ കൂടിയാണ് കെ ജി ശങ്കരപ്പിള്ള. പ്രസക്തി, സമകാലീന കവിത തുടങ്ങിയ സാഹിത്യപ്രസിദ്ധീകരണങ്ങളുടെ പിന്നണിയിലൂടെയും സാഹിത്യ രംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച അദ്ദേഹം സാംസ്കാരിക രംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ്. വൃത്ത താളങ്ങൾക്കപ്പുറത്ത് ആവിഷ്കരിക്കപ്പെടേണ്ട വിഷയത്തിനനുസൃതമായി മൂർച്ചയുള്ള വാക്കുകളെയാണ് കെ.ജി.എസ്കവിതകളിൽ നിന്ന് കണ്ടെടുക്കാനാവുക. പദ്യരൂപത്തേക്കാളുപരി ഗദ്യകവിതയെന്ന വിളിപ്പേരിന് അർഹതയുളവാക്കുന്നതും ഈ രീതി മൂലമാണ്. കൃത്യമായ ഘടനയോടെയാണ് കവിതകളുണ്ടായത്. തുടക്കവും ഒടുക്കവുമുള്ള രചനാരീതി. സമ്പ്രദായികരീതിയിൽ നിന്ന് ഭിന്നമായ പരുക്കൻ വാക്കുകളാണ് കവിതയിൽ നിറയുക. ദേശവും അതിന്റെ ചരിത്രവും വർത്തമാനവുമെല്ലാം ഇങ്ങനെ മെരുങ്ങാത്ത ഭാഷ കൊണ്ട് കെ.ജി.എസ് കവിതകളിൽ ആവിഷ്ക്കരിച്ചു. തീവ്രഇടതുപക്ഷ മുന്നേറ്റത്തിന്റെ പ്രതീക്ഷകളും പാരിസ്ഥിതിക വിഭവങ്ങളുടെ ഉപയോഗത്തിലെ സമത്വബോധവും വ്യക്തികളുടെ അടങ്ങാത്ത ആത്മാനുരാഗത്തോടുള്ള വിയോജിപ്പും കവിതയിൽ വിഷയമായി. വ്യത്യസ്ത വായനാ – വാഖ്യാന സാധ്യതകൾ തുറന്നിടുന്ന കെ.ജി.എസ് കവിതകളിൽ പ്രധാനപ്പെട്ടതാണ് കൊച്ചിയിലെ വൃക്ഷങ്ങൾ. അതേ പേരിലുള്ള സമാഹാരത്തിലാണ് ഈ കവിത ഉൾപ്പെട്ടിട്ടുള്ളത്. |
Key words
ഗദ്യകവിത – ആധുനികത – പരിസ്ഥിതി – സാംസ്കാരിക പരിണാമം – ദേശചരിത്രം
3.6.1. Content
1984ൽ ആണ് കൊച്ചിയിലെ വൃക്ഷങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. മലയാളത്തിൽ ആധുനികതാവാദ പ്രവണതകൾ അവസാനിച്ചുതുടങ്ങുന്ന സമയമാണത്. ആധുനികത മുന്നോട്ടുവെച്ച അരാഷ്ട്രീയ ദർശനത്തോട് അതിന്റെ പ്രഭവകാലത്ത് തന്നെ വിയോജിച്ച കെ ജി ശങ്കരപ്പിള്ള ഭാഷയിലും രൂപത്തിലുമെല്ലാം വ്യതിരിക്ത സമീപനവുമായാണ് മുന്നോട്ടുപോയത്. ‘കൊച്ചിയിലെ വൃക്ഷങ്ങളു’ടെ കാലത്ത് ഉത്തരാധുനികതയുടെ പൊതുപ്രവണതകൾ മലയാളത്തിൽ വ്യാപകമായി തുടങ്ങിയിട്ടില്ല. എന്നാൽ ബഹുമുഖങ്ങളിലേക്കും പല പ്രതലങ്ങളിലേക്കും കവിത പടരുന്ന അനുഭവം ഈ കവിതയിലുണ്ട്.
പാരിസ്ഥിതികാവബോധം പുതിയ കാഴ്ചകളായി കവിതയിൽ മാറുന്നു. സ്വസ്ഥമായി മുന്നേറിയിരുന്ന ഒരു ദേശഭൂപടത്തിൽ കാലം വരുത്തുന്ന മാറ്റങ്ങളെ പറയുകവഴി അധിനിവേശം ചെയ്യപ്പെടുന്ന ഭൂമി തന്നെയാണ് വിഷയമാകുന്നത്. തെളിമയുള്ള ഭൂതകാലത്തിൽ നിന്നും വർത്തമാനത്തിലേക്കെത്തുമ്പോൾ കലങ്ങിമറിഞ്ഞ കൊച്ചിയാണ് കവിതയുടെ കേന്ദ്രം. ഒരു സ്ഥലത്ത് നങ്കൂരമിട്ട് കാഴ്ചകളെല്ലാം നോക്കിക്കാണുന്ന റിയലിസ്റ്റ് രീതിയിൽ നിന്ന് മാറി ദൃശ്യകേന്ദ്രം അടിക്കടി മാറ്റുന്ന നിലയാണ് കവിതയുള്ളത്.
വരികൾ
“ഒരുകാലത്ത്……
………നമിക്കുന്നതു കാണാം.”
ആശയ വിശദീകരണം
ഒരുകാലത്ത് തൃക്കാക്കര മുതൽ കൊച്ചി വരെയുള്ള വഴി നേർവരപോലെ വിശ്വാസം നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ കൊച്ചി തുറമുഖത്ത് നിന്നാൽ തൃക്കാക്കരവിളക്ക് കാണാം. തിരിച്ച് തൃക്കാക്കര വിളക്കിന് കൊച്ചി തുറമുഖത്തെ നീല നിറത്തിലുള്ള തിരമാലയുടെ ഇളക്കവും കാണാം.
വരികൾ
“പണ്ടാണ്, ………….
……..നിറഞ്ഞതായിരുന്നു.”
ആശയ വിശദീകരണം
പണ്ടത്തെ കാര്യമാണ്. ടിപ്പു സുൽത്താനും വാസ്കോഡഗാമയ്ക്കും കൊച്ചി രാജവംശത്തിനും മുമ്പത്തെ കാര്യം. കള്ളവും ചതിയും പൊളിവചനവുമില്ലാതെ ഭരിച്ച മഹാബലിക്കും സുബ്രഹ്മണ്യൻ വഴികാട്ടിയ സംഘകാലത്തെ ഔവ്വയാറെന്ന കവയിത്രിക്കും മുമ്പ്. അച്ചടി കണ്ടുപിടിക്കുന്നതിനും ഇംഗ്ലീഷ് പ്രചാരത്തിലാകുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തെ പരിചയപ്പെടുന്നതിനും മുമ്പത്തെ കാലം. അന്ന് തൃക്കാക്കര മുതൽ കൊച്ചിത്തുറമുഖം വരെയുള്ള വഴി ഒരു പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നു.
വരികൾ
“ആ വഴിയുടെ ……….
…………ചിത്രവാതിലുമായി”
അർത്ഥ വിശദീകരണം
പിതൃക്കൾ = പൂർവ്വികർ
ദംഷ്ട്ര = കോമ്പല്ല്
മുക്കാലി = കുറ്റക്കാരെ കെട്ടി അടിക്കുന്ന മൂന്ന് കമ്പുകളുള്ള ഒരു ഉപകരണം.
ആശയ വിശദീകരണം
തൃക്കാക്കര മുതൽ കൊച്ചി തുറമുഖം വരെയുള്ള വഴിയുടെ ഇരുവശത്തും നിരനിരയായി കൂറ്റൻ മരങ്ങൾ വളർന്നുനിന്നിരുന്നു. ആ വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് മരച്ചില്ലകൾ തങ്ങളുടെ പൂർവ്വികർ അനുഗ്രഹിക്കുന്ന കൈകൾ പോലെ തണലേകി. രാമനാമങ്ങളായും ദേവരൂപങ്ങളായും കൂർത്ത പല്ലുകളായും വിളക്കുമരങ്ങളായും പിന്നീടവ രൂപം മാറി. വിളക്കുമരങ്ങളായും കുറ്റവാളികളെ കെട്ടിയിട്ടടിക്കുന്ന മുക്കാലിയായും ധനാഢ്യർക്ക് സഞ്ചരിക്കാനുള്ള പല്ലക്കായും മരത്തെ ഉപയോഗിച്ചു. വീടുനിർമ്മാണത്തിനാവശ്യമായ കഴുക്കോലായും ചിത്രവാതിലായും രൂപാന്തരപ്പെട്ടവയുമുണ്ട്.
വരികൾ
“ഈജിപ്റ്റിലോ …………
……… കഴുമരങ്ങളായി.”
ആശയ വിശദീകരണം
വഴിയിലുണ്ടായിരുന്ന ചില മരങ്ങൾ ഈജിപ്റ്റിലേക്കും ഗ്രീസിലേക്കും ചന്ദനഗന്ധത്തിനായി കയറ്റി അയക്കപ്പെട്ടു. ചിലതിനെ ചെണ്ടയിലെ കോലാക്കി. ഉയിരുണർത്തുന്ന കിളിപ്പാട്ടിനും പടിഞ്ഞാറൻകാറ്റിന് വീണ മീട്ടാനും ചില്ലകൾ വേദിയൊരുക്കി. പൊക്കവും പടർച്ചയുമുള്ള സന്തതികളും കാര്യമായ ഉൾക്കാമ്പ് ഇല്ലാത്ത സന്തതിപരമ്പരയും ഉയരം കുറഞ്ഞവയുമുണ്ടായി. കൊടിമരങ്ങളായും കഴുമരങ്ങളുമുണ്ടായി.
വരികൾ
“ചുടുകാട്ടിൽ……
……….കാത്തുകാത്ത്.”
അർത്ഥ വിശദീകരണം
പതിത = തോല്‍പ്പിക്കപ്പെട്ട, വീണ, അധഃപതിച്ച
മുക്തി = മോചനം
ആശയ വിശദീകരണം
ശ്മശാനത്തിൽ ചുടലഭൂതത്തെ പോലെ നിന്ന ബോധിമരത്തിന്റെ ചുവട്ടിൽ വെട്ടിനുറുക്കപ്പെട്ട സൗന്ദര്യവുമായി വീഴ്ത്തപ്പെട്ട കാലമുണ്ട്. മോക്ഷത്തിനായി കാരുണ്യത്തോടെയുള്ള ചുംബനത്തിനായി കാത്തുനിൽക്കുകയാണത്.
വരികൾ
“അഭയത്തിന്റെ ……….
……. വളർന്നു.”
ആശയ വിശദീകരണം
അഭയത്തിന്റെ ശിഖരത്തിൽ ഇടപ്പള്ളി രാഘവൻപിള്ള ദയനീതയുടെ അടയാളമായി. ഭൂമിയിലും ആകാശത്തും പക്ഷിക്കൂട്ടം പോലെ ചങ്ങമ്പുഴ കൃഷ്ണപ്പിള്ള തഴച്ചു. വേരിൽ നിന്ന് കനിയിലേക്ക് മുറുകിയ രാത്രിയിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ വൈദ്യുതിയായി മാറി. വാക്കുകളിൽ വസന്തം നിറച്ച് പാതാളവൃക്ഷമായി വാക്കുകളുടെ മഹാബലിയായ പി കുഞ്ഞിരാമൻ നായർ മാറി. കാൽപ്പാടുകളിലൂടെ വഴിയും വഴികളിലൂടെ കാലുകളും പരസ്പരം വളർന്നു. നരകത്തിലെയും സ്വർഗത്തിലെയും പോലെ വളവുകളും ഉദ്വേഗങ്ങളും വളർന്നു.
വരികൾ
” ആ വഴിയുടെ…….
………പ്രേതരൂപങ്ങളായി.”
ആശയ വിശദീകരണം
വഴിയുടെ ഇരുവശത്തും ചെറുതും വലുതുമായ വ്യവസായശാലകളുടെ പുകക്കുഴലുകളുണ്ടായി. വളംനിർമ്മാണശാല, മരുന്നുനിർമ്മാണശാല, സർവ്വകലാശാല, അവിടെയുള്ള സാഹിത്യശില്പശാല, പരീക്ഷണശാല എന്നിങ്ങനെ ശ്രേഷ്ഠമായ പുതിയ തറവാടുകളുണ്ടായി. അവിടെ നിന്ന് നിലംതൊടാതെ ഉയരുന്ന പുക വൃക്ഷത്തിന്റെ പ്രേതരൂപങ്ങളായി മാറുന്നു.
വരികൾ
“പണ്ടെന്റെ ………..
……….വേണ്ടുവോളം.”
ആശയ വിശദീകരണം
പണ്ടുണ്ടായിരുന്ന കുളത്തിൽ ഓടിനടന്ന മീനിനെയും തിളങ്ങുന്ന മണലിനെയും മറച്ച് ഉയർന്നുപൊങ്ങി വന്ന പായലുപോലെയാണ് പുക ഇപ്പോൾ പടരുന്നത്. കാറ്റിനനുസരിച്ച് ഗതിയും രൂപവും മാറിയും പകയോടെ ഇരതേടിയും എല്ലായിടത്തും ആ പുക വ്യാപിക്കുകയാണ്. ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒഴികഴിവുകൾ പച്ചവിറകുകളായി നമ്മുടെ ശവദാഹം നടത്തും. കണ്ണും മൂക്കും നാവും അടങ്ങിയ ശരീരഭാഗങ്ങളിലും നമ്മുടെ ശാഠ്യങ്ങളിലും വാച്ചിലും ബാഗിലും ഭാവിസ്വപ്നങ്ങളിലുമെല്ലാം പുക ഒരു തുമ്പിക്കെ പോലെ ചുറ്റിപ്പടരുകയാണ്. എങ്കിലും, ഇനിയും സമയമുണ്ടെങ്കിലും നമ്മൾ എണീക്കാൻ ധൃതിപ്പെടേണ്ടതില്ല.
Review
കവിത എഴുതപ്പെട്ട കാലത്തെ പ്രകൃതിയുമായി ബന്ധപ്പെട്ട പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രചനയായാണ് കൊച്ചിയിലെ വൃക്ഷങ്ങൾ വായിക്കപ്പെടാറുള്ളത്. പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതും നേർരേഖയിലുണ്ടായിരുന്നതുമായ തൃക്കാക്കര മുതൽ കൊച്ചി തുറമുഖം വരെയുള്ള വഴിയുടെ ഓർമ്മയും വർത്തമാനവുമാണ് ഈ കവിത. പണ്ട് കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ പല നിർണ്ണായക ഘട്ടങ്ങൾക്കും മുമ്പ് പാതയ്ക്കിരുവശവും മുഴുവൻ മരം നിറഞ്ഞുനിന്നിരുന്നു. മാറിയ കാലത്ത് ഇലപ്പടർപ്പുകൾക്ക് പകരം പുകച്ചുരുളുകൾ വളർന്ന് പൊന്തുന്ന കാഴ്ചയാണ് ഉള്ളത്. അടങ്ങാത്ത പകയുടെ പുകച്ചുരുളിൽ അമർന്നൊടുങ്ങുമ്പോഴും പ്രതിരോധിക്കണമെന്ന് തിരിച്ചറിയാതെ ഉറങ്ങുന്നവരോടുള്ള പരിഹാസത്തോടെയാണ് കവിത അവസാനിക്കുന്നത്.
കൊച്ചിയുടെ സാംസ്കാരിക ചരിത്രത്തിലേക്കുള്ള പ്രവേശികയായി കവിത മാറുന്നു. സഞ്ചാരികളും എഴുത്തുകാരും ഭരണാധികാരികളും പല നിലയിൽ ഇടപെട്ട ദേശത്ത് പിന്നീട് പ്രാമുഖ്യം നേടുന്നത് പുതിയ കാലത്തിന്റെ സ്ഥാപനങ്ങളാണ്.അവയിൽ ഫാക്ടറികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാമുണ്ട്. പ്രത്യക്ഷത്തിൽ വിഭിന്ന ധർമ്മം പുലർത്തുന്ന സ്ഥാപനങ്ങൾപോലും പ്രകൃതിയെ ശത്രുപക്ഷത്ത് പരിചരിക്കുന്ന കാര്യത്തിൽ ഒന്നിക്കുന്നു എന്ന അർത്ഥത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.
കൊച്ചിയുടെ സാംസ്കാരിക പരിണാമത്തെ സൂചിപ്പിക്കാൻ വൃക്ഷം എന്ന ബിംബത്തെ കവി ഉപയോഗിക്കുന്നു. ഒരിടത്ത് മാത്രമായി ഒതുങ്ങിനിൽക്കാതെ ചലനാത്മകമായി പല ദൃശ്യങ്ങളിലേക്ക് പടരുമ്പോഴും വൃക്ഷം എന്ന ബിംബം എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. വിരുദ്ധോക്തിയെ സമർത്ഥമായി ഉപയോഗിച്ചാണ് കവിതാവസാനത്തിലുള്ള പരിഹാസത്തെയടക്കം കവി വിമർശനത്തിനുള്ള ഉപകരണമാക്കുന്നത്.
Recap
|
Objective Questions
|
Answers
|
Assignment topic
|
References
|
E- content
|