Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് – 7

കൊതിയൻ –

                                       എം.ആർ.രേണുകുമാർ

Learning Outcomes

  • എം. ആര്‍ രേണുകുമാറിന്റെ കാവ്യജീവിതം പരിചയപ്പെടുന്നു.
  • ദളിത്‌ സാഹിത്യത്തെക്കുറിച്ച്  മനസിലാക്കുന്നു.
  • ഉത്തരാധുനിക കവിതയുടെ സവിശേഷതകള്‍ മനസിലാക്കുന്നു.
  • ഉത്തരാധുനിക കവിതകളില്‍ കൊതിയനുള്ള സ്ഥാനം കണ്ടെത്തുന്നു.
  • കൊതിയനിലെ രൂപപരവും ഭാവപരവുമായ സവിശേഷതകള്‍ കണ്ടെത്തുന്നു.

Prerequisites

      ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ഉപഭോഗ സംസ്കാരത്തിന്റെ അടിമകളായിക്കൊണ്ടിരിക്കുകയാണ്. കച്ചവടവൽക്കരണത്തിന്റെ ഭാഗമായി മനുഷ്യരെ വിവിധതരം രുചികൾക്ക് അടിമയാക്കുന്ന തന്ത്രം കമ്പോളബുദ്ധികൾ മെനഞ്ഞുകൊണ്ടിരിക്കുന്നു. നാം എന്തു ഭക്ഷിക്കണമെന്നും എന്തു ധരിക്കണമെന്നും തീരുമാനിക്കുന്നത് ഇന്നത്തെ കമ്പോള താല്പര്യങ്ങളാണ്. കൊതി ജനിപ്പിക്കുന്ന പരസ്യവാചകങ്ങളിലൂടെ മനുഷ്യമനസ്സിനെ കീഴടക്കാൻ ലോകവിപണിക്കാവുന്നുണ്ട് എന്നതാണ് പരമാർത്ഥം. ലോകം പലതരം രുചികളുടെയും കൊതികളുടെയും പലതരം അനുഭവങ്ങളിലേക്കും രാഷ്ട്രീയത്തിലേക്കും കടന്നു ചെല്ലുന്ന ഈ സാഹചര്യത്തില്‍ എം.ആർ.രേണുകുമാറിന്റെ ‘കൊതിയൻ’ എന്ന കവിതയ്ക്ക് വലിയ പ്രസക്തിയുണ്ടെന്നു കാണാം.

     അരിക് വത്കരിക്കപ്പെട്ട ജനതയുടെ ഉറച്ച ശബ്ദത്തെ കവിതയിലേക്ക് പകര്‍ത്തിയ എഴുത്തുകാരനാണ്‌ എം .ആര്‍ രേണുകുമാര്‍. രേണുകുമാറിന് കവിത രാഷ്ട്രീയവും സമരവും പ്രതിരോധവുമാണ്. മലയാളത്തിൽ ദളിത് സാഹിത്യത്തിനായി വേറിട്ട പാത വെട്ടിത്തെളിച്ച് അദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെയായി സമകാലിക കവിതയിലെ ഉറച്ച ശബ്ദമായി നിലകൊള്ളുന്നു. പറയപ്പെടാത്ത ചരിത്രവും മാനുഷികവാദവും ചേരുന്നതാണ് രേണുകുമാർ ആവിഷ്കരിക്കുന്ന ദളിത് സാഹിത്യത്തിന്റെ ആന്തരികഭാവം. സ്വന്തം ജീവിതം തന്നെയാണ് രേണുകുമാറിന്റെ കവിതകൾ. കീഴാളവർഗ്ഗം അനുഭവിച്ചുപോരുന്ന അടിമത്തവും അവഗണനയും പാർശ്വവൽക്കരണവും ജനാധിപത്യസമൂഹത്തിലെ ഒരു പൗരന്റെ ആത്മാവിലുണ്ടാക്കിയ മുറിവുകളാണ് രേണുകുമാരക്കവിതകളിലെ വികാരം. സാമൂഹ്യനവോത്ഥാനത്തിന് ഊർജം പകർന്ന പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളും അയ്യങ്കാളിയുടെ കവിതകളും കവിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. എം.ആര്‍ രേനുകുമാറിന്റെ കവിതകളില്‍ പ്രകൃതി വെറും കാഴ്ചവസ്തുക്കള്‍ മാത്രമല്ല, സൂക്ഷ്മമായ  അനുഭവങ്ങളാണ്. പ്രകൃതിയുടെ ആത്മാവറിയുന്ന കവിയാണ് എം. ആര്‍ രേണുകുമാർ എന്നതിന് ഉദാഹരണമാണ് ‘ഖേദപൂർവ്വം മരങ്ങൾ’ എന്ന കവിത. ഗ്രാമ്യഭാഷയുടെ ലാവണ്യമാണ് രേണുകുമാർക്കവിതകളുടെ മറ്റൊരു  ആകർഷണം.

   ഉത്തരാധുനികതയുടെ കാവ്യ ധാരയില്‍പ്പെടുന്ന കവിതകളാണ് എം. ആര്‍  രേണുകുമാറിന്റെത്. പൊയ്കയിൽ അപ്പച്ചനും അയ്യങ്കാളിയും വെട്ടിയൊരുക്കിയ പാതയിലൂടെ ചരിത്രപരമായ സാമൂഹ്യ ഇടപെടലുകൾ നടത്തിക്കൊണ്ട് മുന്നേറുന്ന ഈ കവി സാഹിത്യത്തിലെ യാഥാസ്ഥിതികതയെ നിരന്തരം വെല്ലുവിളിക്കുന്നുണ്ട്. മുഖ്യധാരാ സാഹിത്യം വകഞ്ഞുമാറ്റിക്കളഞ്ഞ ജീവിതങ്ങളെ ചേർത്തുനിർത്താനാണ് കവിയുടെ ശ്രമം.

          കോട്ടയം ജില്ലയിലെ കാരാപ്പുഴയിലാണ് എം.ആർ.രേണുകുമാറിന്റെ ജനനം. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽനിന്നും എം.ഫിൽ ബിരുദം നേടിയശേഷം സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു. 1998-ൽ ആദ്യകവിതയായ മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ പ്രസിദ്ധീകരിച്ചു. രണ്ടു പതിറ്റാണ്ടിനകം നാലു കവിതാസമാഹാരങ്ങളിലായി നൂറ്റമ്പതോളം കവിതകൾ പ്രസിദ്ധീകരിച്ചു. കെണിനിലങ്ങളിൽ, വെഷക്കായ, പച്ചക്കുപ്പി ,കൊതിയൻ, എന്നിവയാണ് കവിതാസമാഹാരങ്ങൾ. നാലാം ക്ലാസ്സിലെ വരാൽ, അരസൈക്കിൾ ,കൂട്ടുകൂടുന്ന കഥകൾ എന്നിങ്ങനെ ബാലസാഹിത്യശാഖയിൽ മൂന്ന് കഥാസമാഹാരങ്ങൾ. പൊയ്കയിൽ യോഹന്നാന്റെ ജീവചരിത്രവും , അടിമത്തകേരളം എന്ന ചരിത്രപുസ്തകവും രചിച്ചിട്ടുണ്ട്. സംസ്ഥാന ബാല സാഹിത്യ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്..

Key words

അരിക് ജീവിതം, ഉത്തരാധുനിക കാലം, ബഹുസ്വരത, ദളിത്‌ പക്ഷം കാവ്യഭാഷ, കാവ്യശില്പം,  ആശയസംവേദനം,  ബിംബകല്പന,  സ്വത്വാന്വേഷണം.

4.7.1. Content

സമകാലിക കവിതകളുടെ വിഭാഗത്തിൽപ്പെടുന്ന കവിതയാണ് എം.ആർ.രേണുകുമാറിന്റെ “കൊതിയൻ’ (2017). ഉത്തരാധുനിക കവിതയുടെ പ്രവണതകൾ പലതും ഉൾച്ചേർന്ന കവിതയാണിത്. മനുഷ്യന്റെയുള്ളിൽ കുടികൊള്ളുന്ന ജീവിതകാമനകളോടുള്ള അടങ്ങാത്ത ആസക്തിയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് കവിതയുടെ കേന്ദ്ര ആശയം. മീൻ എന്ന ബിംബത്തെ മുൻനിർത്തിക്കൊണ്ടാണ് “കൊതിയൻ’ എന്ന കവിതയുടെ കാവ്യസങ്കല്പം രൂപപ്പെടുത്തിയിരിക്കുന്നത്. മീൻ എന്നത് കവിയെ അടിമപ്പെടുത്തുന്ന കൊതിയാണ് അഥവാ അഭിനിവേശമാണ്.

ബാങ്കുദ്യോഗസ്ഥനായ ഒരു കുട്ടനാട്ടുകാരന്റെ മീൻകൊതിയെ പ്രമേയമാക്കിക്കൊണ്ടാണ് എം. ആർ.രേണുകുമാർ “കൊതിയൻ’ എന്ന കവിത രചിച്ചിട്ടുള്ളത്. ഇവിടെ മീൻ എന്നത് കാവ്യബിബവും ബാങ്കുസ്ഥൻ കവിയുടെ തന്നെ പ്രതിബിംബവുമാണ്. മീൻകൊതിയിലൂടെ കവി മുന്നോട്ടുവയ്ക്കുന്ന യാഥാർത്ഥ്യം ജീവിതകാമനകളോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശമാണ്. കുട്ടനാടൻ ജീവിതപരിസരവും ശീലങ്ങളും കവിയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ കവിത പറഞ്ഞുവയ്ക്കുന്നുണ്ട്. കണ്ടവും തോടും കുളവും നിറഞ്ഞ കുട്ടനാടൻ പ്രകൃതിയിൽ തോട്ടുമീൻ എന്നത് അവിടുത്തെ നാട്ടുജീവിതത്തിന്റെ ഭാഗമാണ്.

ഒരു ബാങ്കുദ്യോഗസ്ഥനെ കഥാപാത്രമാക്കിക്കൊണ്ടാണ് കൊതിയൻ എന്ന കവിതയുടെ ആഖ്യാനം. മീൻ എന്നത് അയാളുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത വിഭവവും രക്തത്തിൽ അലിഞ്ഞ ആവേശവുമായി മാറുന്നതാണ് കവി കാണിച്ചുതരുന്നത്. പരുപരാ വെളുക്കുമ്പോൾ എഴുന്നേറ്റ് ചൂണ്ടയിടാൻ പോകുന്ന അയാൾ വിവിധതരം തോട്ടുമീനുകളെ ചൂണ്ടയിട്ട് പിടിക്കുന്നതിൽ നിന്നാണ് കവിതയുടെ തുടക്കം. മീനുകൾ ഈർക്കിലിയിൽ കൊരുത്ത് തോട്ടിറമ്പിലൂടെ വീട്ടിലേക്കു പോവുന്നതു കണ്ടാൽ അയാളൊരു ബാങ്കുദ്യോഗസ്ഥനാണെന്ന് ആരും പറയുകയില്ലെന്ന് കവി അഭിപ്രായപ്പെടുന്നു. അതുപോലെ ആധുനികമായ ഓഫീസ് മുറിയിൽ പദവിക്കൊത്ത തലയെടുപ്പോടെയിരുന്ന് ജോലി ചെയ്യുന്ന ആ ഉദ്യോഗസ്ഥനെ കണ്ടാൽ അയാളൊരു മീൻകൊതിയനാണെന്ന് ആർക്കും മനസ്സിലാവുകയില്ലെന്നും കവി സൂചിപ്പിക്കുന്നു. മനുഷ്യനിലെ ദ്വിമുഖവ്യക്തിത്വത്തെയാണ് ഈ കവിത എടുത്തുകാട്ടുന്നത്.

പലതരം മീൻവിഭവങ്ങൾ ചേർത്തുള്ള ഊണും കഴിഞ്ഞ് വിശ്രമിക്കുമ്പോഴാകട്ടെ മീൻ അയാളുടെ വിനോദത്തിലേക്കു കടന്നുവരുന്നു. തുടർന്ന് ഉച്ചമയക്കത്തിലേക്കു വഴുതി വീഴുമ്പോൾ അയാൾ കിനാവു കാണുന്നത് മീനുകളെവച്ച് ചതുരംഗം കളിക്കുന്നതാണ്. ആ ചതുരംഗക്കളിയിൽ വിവിധ തരം മീനുകൾ രാജാവും മന്ത്രിയും തേരും കുതിരയും കാലാളുമായൊക്കെ പ്രത്യക്ഷപ്പെടുന്നു. കവിതയുടെ അവസാനത്തിൽ, കിടപ്പറയിൽ അന്തിയുറങ്ങാനെത്തുന്ന ആ മീൻകൊതിയൻ ഭാര്യയുടെ ശരീരത്തെ കാണുന്നത് ചെതുമ്പലുകൾ നിറഞ്ഞ ഒരു മീനായിട്ടാണ്. അവളുടെ ചെതുമ്പലുകളിൽ ചെവിചേർത്തുവച്ച് അയാൾ ചോദിക്കുന്നത് ‘നമ്മുടെ പാർപ്പുകളെവിടെ  പെണ്ണേ’ എന്നാണ് (വരാലിന്റെ കുഞ്ഞുങ്ങളെ കുട്ടനാട്ടു’ കാർ പാർപ്പുകൾ’ എന്നാണ് വിളിക്കുന്നത്. കുട്ടനാടൻ മണ്ണിൽ ജനിച്ചുവളർന്ന ഒരുവന്റെ ജീവിതം മീനുമായി എത്രമാത്രം ചേർന്നു നില്ക്കുന്നു എന്ന നേർചിത്രം അവതരിപ്പിക്കുന്നതിലൂടെ, ജീവിതകാമനകൾ മനുഷ്യനെ നിരന്തരം പ്രലോഭിപ്പിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യമാണ് കൊതിയൻ എന്ന കവിത വെളിപ്പെടുത്തുന്നത്.

വരികൾ

“പരുപരാ വെളുക്കുമ്പം

എണീറ്റ് ചൂണ്ടയിടാൻ പോകും

……………………………………………….

ഒരു മീൻകൊതിയനാണെന്ന്”

ആശയ വിശദീകരണം

വെളുപ്പാൻ കാലത്ത് ചൂണ്ടയിടാൻ പോകുന്ന ഒരാളെക്കുറിച്ചാണ് അയാൾ തോട്ടിൽ നിന്ന് കാരി, കൂരി, കല്ലട, ചില്ലാൻ, പള്ളത്തി, പരൽ, പൂളാൻ, മനഞ്ഞിൽ, അറിഞ്ഞിൽ, ആരകൻ തുടങ്ങിയ മീനുകളെ തുരുതുരാന്ന് വലിച്ചുകയറ്റുന്നു. ഈർക്കിലിയിൽ കോർത്ത മീനുകളും ചൂണ്ടയുമായി തോട്ടിറമ്പിലൂടെ അയാൾ വീട്ടിലേക്കു പോകുന്നതു കണ്ടാൽ ഒരു ബാങ്കുദ്യോഗസ്ഥനാണതെന്ന് ആരും പറയുകയില്ല. അതുപോലെ സ്വർണ്ണ ഫ്രെയിമുള്ള കണ്ണട വച്ച്, മുന്തിയ ഇനം സുഗന്ധവും പൂശി ആധുനികമായ ഓഫീസ് മുറിയിലെ ചക്രക്കസേരയിലിരുന്ന് കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന ആ മനുഷ്യനെ കണ്ടാൽ അതൊരു മീൻകൊതിയനാണെന്ന് ആരും പറയുകയില്ല. വളരെ സാധാരണവും നിസ്സാരവുമായ ഒരു കാര്യമാണ് ഇവിടെ പരാമർശിക്കുന്നത്. എന്നാൽ ഇതിലൂടെ കവി പറയാൻ ശ്രമിക്കുന്നത്. താൻ മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോഴും അറിയാതെ പുറത്തുവരുന്ന ആസക്തിയെക്കുറിച്ചാണ്.

മീനുകൾ എന്നത് മനുഷ്യന്റെ ജീവിതകാമനകളുടെയെല്ലാം ബിംബമായിട്ടാണ് കവി അവതരിപ്പിക്കുന്നത്. ഒരോരുത്തരുടെയും വ്യക്തിത്വത്തിൽ ഒളിഞ്ഞിരിക്കുന്ന ചില സ്വഭാവങ്ങളുണ്ട്. അയാളുടെ വ്യക്തിത്വത്തിന് കടകവിരുദ്ധമായ സ്വഭാവമായിരിക്കാം അത്. ഇവിടെ കവി ഊന്നിപ്പറയുന്നത് കൊതി അഥവാ ആസക്തി എന്ന സ്വഭാവത്തെപ്പറ്റിയാണ്. ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ ആസക്തി അനിയന്ത്രിതവും സംസ്കാരശൂന്യവുമായ ഒരു ഭാവമാണ്. ഭക്ഷണം, ധനം, കാമം, പ്രശസ്തി തുടങ്ങിയവയിലുള്ള മനുഷ്യന്റെ ആസക്തിയെ മോശം പ്രവണതയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. മാനുഷിക മൂല്യങ്ങൾക്കും സംസ്കാരത്തിനും നിരക്കാത്ത ഒന്നായി  സമൂഹം കൊതിയെ കാണുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രവണതകളെ മനുഷ്യർ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്.

ഈ കവിതയിലെ കഥാപാത്രമായ ബാങ്കുദ്യോഗസ്ഥന് തോട്ടുമീനുകളോടുള്ള ഭ്രമം അടക്കാനാവാത്തതാണ്. അതുകൊണ്ടാണ് ജോലിക്കു പോകുന്നതിനു മുമ്പേതന്നെ അയാൾ ചൂണ്ടയുമായി തോട്ടിലേക്കു പോകുന്നത്. പര പരാ വെളുപ്പിനാണ് അയാൾ ചൂണ്ടയിടാൻ പോകുന്നത്. തന്റെ കൊതി മറച്ചുപിടിക്കേണ്ടതായ ഒരു മോശം സ്വഭാവമാണെന്ന ബോധ്യം  അയാൾക്കുണ്ട്. അതുകൊണ്ടാണ് ആളുകൾ പുറത്തിറങ്ങാൻ തുടങ്ങും  മുമ്പ് എഴുന്നേറ്റ് ചൂണ്ടയിടാൻ പോകുന്നത്.  സമൂഹം നിര്‍മ്മിച്ച ജാതി പദവികളുടെ അടിത്തട്ടിലേക്കാണ് കൊതിയന്‍ എന്ന കവിത ഇറങ്ങി ചെല്ലുന്നത്. സംസ്കാരിക മൂലധനവും അധികാരവും കൊതിയെ പ്രശ്നവല്ക്കരിക്കേണ്ട താക്കോല്‍ വാക്കുകളാകുന്നു.

പൊയ്മുഖങ്ങളെ അഥവാ മുഖം മൂടിയണിഞ്ഞ വ്യക്തിത്വങ്ങളെ വെളിച്ചത്തു കൊണ്ടുവരികയാണ് കവിയുടെ അടുത്ത ലക്ഷ്യം. ആഢംബരത്തിന് ഒരു കുറവുമില്ലാത്ത ആളാണ് അത്യാധുനികമായ ഓഫീസ് മുറിയിലെ ചക്രക്കസേരയിലിരുന്ന് കറങ്ങുന്ന ആ ബാങ്കുദ്യോഗസ്ഥൻ. “അയാളെ കണ്ടാൽ ആരും പറയുകേലാ അയാളൊരു മീൻകൊതിയനാണെന്ന്’ എന്ന വരിയിലൂടെ കവി ഉന്നം വയ്ക്കുന്നത് അയാളുടെ മുഖംമൂടിയിലേക്കാണ്. അയാള്‍  മറച്ചുവച്ചിരിക്കുന്ന അഥവാ മറച്ചു പിടിക്കേണ്ടി വരുന്ന ആസക്തിക്ക് പിന്നിലെ രാഷ്ട്രീയമാണ് ഈ വരികളിലെ കേന്ദ്ര ആശയം .

 വരികൾ

“എന്നാൽ

മീൻകറിവച്ചതും

…………………………….

നമ്മുടെ പാര്‍പ്പുകളെന്ത്യേ പെണ്ണേ”

അർത്ഥ വിശദീകരണം 

അറുപത്തിനാലു കളങ്ങൾ                     =            ചതുരംഗപ്പലകയിലെ കള്ളികൾ

ചെക്കുവയ്ക്കുക                                          =           ചതുരംഗക്കളിയിലെ എതിരാളിയെ    പരാജയപ്പെടുത്തുന്നതിന്റെസൂചന

പാർപ്പുകൾ                                          =            വരാല്‍ എന്ന മത്സ്യത്തിന്റെ കുഞ്ഞുങ്ങള്‍

  ആശയ വിശദീകരണം

ഈ വരികളിൽ കവി ഊന്നിപ്പറയുന്നത് മീൻകൊതിയനായ ബാങ്കുദ്യോഗസ്ഥന്റെ വിനോദത്തിൽ പോലും മീൻ കടന്നുവരുന്നതാണ്. പലതരം മീൻവിഭവങ്ങൾ ചേർത്തു കഴിച്ച ഉച്ചയൂണിനു ശേഷമുള്ള ഇടവേളയിൽ മേശപ്പുറത്ത് തീപ്പെട്ടിക്കോലുകൾ കൊണ്ട് അയാൾ ഇടത്തോട്ടു പോകുന്ന ഒരു മീനിന്റെ രൂപമുണ്ടാക്കുന്നു. അപ്പോൾ അങ്ങോട്ടു കടന്നുവരുന്ന ആരോടും അയാൾ ചോദിക്കുന്ന ചോദ്യം “ഇടത്തോട്ട് പോകുന്ന മീനിനെ മൂന്നു തീപ്പെട്ടിക്കോലുകൾ മാത്രം ഉപയോഗിച്ച് വലത്തോട്ടാക്കാമോ?’ എന്നാണ്. അയാളുടെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലെ ഇടവേളകളിൽ പോലും മീൻ മനസ്സിലേക്കു കടന്നുവരുന്നത് വളരെ വിചിത്രമായ കാഴ്ചയാണ്.

അതുപോലെതന്നെ ഉച്ചമയക്കത്തിലേക്കു വീഴുന്ന അയാളുടെ സ്വപ്നങ്ങളിലും മീൻ കടന്നുവരുന്നു. സ്വപ്നത്തിൽ ചതുരംഗം കളിക്കുന്ന കഥാപാത്രത്തിന്റെ മുന്നിലെ കറുത്ത കള്ളികളെല്ലാം കരയായി മാറുന്നു. വെളുത്ത കള്ളികൾ കുളമായും. ചതുരംഗക്കളിയിലെ രാജാവും മന്ത്രിയും ആനയും തേരും കുതിരയും കാലാളുമൊക്കെ പല തരത്തിലുള്ള മീനുകളായി എത്തുന്നു. ഇവിടെ ആരും ആരെയും വെട്ടുന്നില്ല. ഒരു കുളത്തിലെ സഹജീവികളായ അവ പരസ്പരം ഉമ്മവച്ചുകളിക്കുന്നതേയുള്ളൂ. ഈ കളിയിലെ ഉപകരണങ്ങളായ ആ മീനുകൾ കണ്ണുകൾ കൊണ്ടാണ് ചെക്കുവയ്ക്കുന്നതെന്നും കവി നിരീക്ഷിക്കുന്നു.

ഒടുവിൽ അന്തിയുറങ്ങാൻ കിടക്കുന്ന അയാളുടെ മുന്നിൽ ഭാര്യയും ഒരു മീനായി മാറുന്നു. അവളുടെ ചെതുമ്പലുകളിൽ ചെവി ചേർത്തുവച്ചുകൊണ്ട് അയാൾ ചോദിക്കുന്നത് മക്കളെക്കുറിച്ചാണ്. കുട്ടനാട്ടുകാർ വരാലിന്റെ കുഞ്ഞുങ്ങളെ വിളിക്കുന്നത് പാർക്കുകൾ’ എന്നാണ്. നമ്മുടെ മക്കളെവിടെ എന്നു ചോദിക്കുന്നതിനു പകരം ‘പാർപ്പുകളെന്ത്യേ പെണ്ണേ’എന്നാണ് അയാൾ ഭാര്യയോട് ചോദിക്കുന്നത്.

ഒരു ദിവസത്തിന്റെ വിവിധ ഘട്ടങ്ങളിൽ കഥാപാത്രത്തിന്റെ ജീവിതമുഹൂർത്തങ്ങളിലേക്ക് പല രൂപത്തിലും ഭാവത്തിലും മീൻ കടന്നുവരുന്നതിന്റെ രംഗങ്ങളാണ് കവി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. മീൻ പിടിക്കുന്നതും അതിന്റെ രുചി ആസ്വദിക്കുന്നതും കവി സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു.

മീൻ അയാളുടെ വിനോദത്തിലും കിനാവിലും രതിയിലും നിറഞ്ഞു നില്ക്കുന്നു. ഒടുവിൽ അയാൾ സ്വയം ഒരു മിനായിത്തീരുന്നു. ഭാര്യയുടെ ശരീരമാകെ ചെകിളകളാണെന്ന് അയാൾക്കു തോന്നുന്നു. വരാലിന്റെ കുഞ്ഞുങ്ങളുടെ രൂപത്തിലാണ് അയാൾ സ്വന്തം കുഞ്ഞുങ്ങളെ കാണുന്നത്. ചുരുക്കത്തിൽ അയാളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമായി  മീന്‍ മാറുന്നു. മീൻ അയാളെ ഉന്മത്തനാക്കുന്നു. ആ ഉണ്മത്തത്തെ അയാള്‍ പല നിലയില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നിടത്ത് കവിത പുതിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുകയാണ്. ഓരോ  വരിയിലും കവിയുടെ സൂക്ഷ്മ നിരീക്ഷണ പാടവം തെളിഞ്ഞു കാണുന്നു.

കാവ്യാവലോകനം

ഉത്തരാധുനികകവിതയുടെ മിക്ക സവിശേഷതകളുമുള്ള കവിതയാണ് എം.ആർ.രേണുകുമാറിന്റെ ‘കൊതിയൻ. കവിതയുടെ ചമൽക്കാരത്തിനായി വൃത്തത്തിനും അലങ്കാരത്തിനും പകരം ബിംബങ്ങളെ ആശ്രയിക്കുന്ന രീതി ശ്രദ്ധേയമാണ് . കവിതയ്ക്കുള്ളിൽ കവിത ഒളിപ്പിച്ചുവയ്ക്കുന്നതാണ് രേണുകുമാറിന്റെ രചനാതന്ത്രം എന്ന് പറയാം. വസ്തുതകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സർഗ്ഗവ്യാപാരം, ഭാഷയുടെ ലാളിത്യം വിഷയത്തിന്റെ സൂക്ഷ്മമായ അവതരണം തുടങ്ങി ഉത്തരാധുനിക കവിതകളുടെ പല പ്രത്യേകതകളും രേണുകുമാർ കവിതകളിൽ കണ്ടെത്താനാകും.

“എന്റെ ജീവിതം തന്നെയാണ് എന്റെ കവിത എന്ന് ആവർത്തിച്ചു പറയാറുള്ള രേണുകുമാറിന്റെ രചനയിൽ ഏറ്റവും കൂടുതലായി കടന്നുവരുന്നത്  ഗ്രാമ ജീവിതവും അവിടുത്തെ ആവാസ വ്യവസ്ഥകളുമാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെത്തുന്ന കാവ്യപ്രമേയം അദ്ദേഹത്തിന് ഒരേ സമയം സാഹിത്യവും രാഷ്ട്രീയവുമാണ് മണ്ണ്, ചേറ്റുകണ്ടം, കൃഷി, മീൻ, മരങ്ങൾ, വെള്ളം, കാറ്റ്, ജീവജാലങ്ങൾ തുടങ്ങിയവയിലൂടെ ഗ്രാമ ജീവിതത്തിന്റെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ അനുഭൂതികളായി വിടരുന്നത് കാണാം.

മറുപുറത്ത് രേണുകുമാറിന്റെ കവിതകള്‍ ജാതീയ ഉച്ചനീചത്വങ്ങളെ കവിതയിലൂടെ പ്രതിരോധിക്കുന്ന പടവാളായി മാറുന്നുണ്ട്. പൊയ്കയിൽ അപ്പച്ചനും അയ്യങ്കാളിയും ശ്രീ നാരായണഗുരുവും ആശാനുമൊക്കെ തെളിയിച്ച കാവ്യപാതയെ പിൻപറ്റിക്കൊണ്ട് കവിതയെ സാമൂഹികമാറ്റങ്ങൾക്കായുള്ള സമരായുധമാക്കുകയാണ് ഈ കവി. കാണുന്നുണ്ടനേകമക്ഷരങ്ങൾ’ എന്ന കവിതയിൽ നവോത്ഥാനത്തിന്റെ മണിമുഴക്കമാണ് കേൾക്കുന്നത്. ചരിത്രം തിരസ്കരിച്ച അരികുജീവിതങ്ങളെക്കുറിച്ച് പൊയ്കയിൽ അപ്പച്ചന്റെ

“കാണുന്നില്ലോരക്ഷരവും

എന്റെ വംശത്തെ പറ്റി

കാണുന്നുണ്ടനേകവംശത്തിൻ

ചരിത്രങ്ങൾ… -എന്നെഴുതി. അതിനുള്ള ചരിത്രപരമായ മറുപടിയാണ്

“കാണുന്നുണ്ട്

അവരുടെ കണ്ണുകളിൽ

അനേകമക്ഷരങ്ങൾ… -എന്നുള്ള രേണുകുമാറിന്റെ വരികൾ.

കവിതയ്ക്ക് ജനഹൃദയങ്ങളിൽ മാറ്റം വരുത്താനുള്ള അപാരമായ ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് രേണുകുമാർ നവോത്ഥാനകവികളുടെ പാരമ്പര്യത്തിന്റെ ഭാഗമായത്. സാഹിത്യത്തിന്റെ പൊതുധാരയിൽ കടന്നുവരാത്ത ജീവിതങ്ങളെ അവിടേക്കെത്തിക്കുക എന്നതിലൂടെ സാമൂഹ്യനവോത്ഥാനത്തിനായുള്ള സമരമാണ് രേണുകുമാർ നടത്തുന്നത് .

 ബിംബകല്പനയുടെ ലാവണ്യം 

‘കൊതിയൻ’ എന്ന കവിതയിലെ പ്രധാന ബിംബമാണ് മീൻ. കൊതി എന്നതും ഒരു ബിംബമാണ്. മീൻ ഇവിടെ അമിതമായി ആകർഷിക്കപ്പെടുന്ന വസ്തുക്കളുടെ പ്രതീകമാണെങ്കിൽ കൊതി എന്നത് അടിമപ്പെടുത്തുന്ന ആസക്തിയെ സൂചിപ്പിക്കുന്നു. മീൻകൊതിയിലൂടെ മനുഷ്യന്റെ ജീവിത കാമനകളുടെയെല്ലാം യഥാർത്ഥ ചിത്രമാണ് കവി പുറത്തുകൊണ്ടുവരുന്നത്. കുട്ടനാട്ടുകാരനായ കവിയുടെ ജീവിതത്തിൽ മീനിന്റെ സ്വാധീനം വലുതാണ്. അയാളുടെ രുചികളെയും വികാരങ്ങളെയും സ്വപ്നങ്ങളെയുമൊക്കെ കീഴ്പ്പെടുത്തിക്കളഞ്ഞ ഒന്നാണ് മീൻ. മീനുമായി ബന്ധപ്പെടാത്ത ഒന്നും തന്നെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെന്നു കാണാം. ഒടുവിൽ മീൻ അയാളെ ഉന്മത്തനാക്കുന്ന അവസ്ഥയെയാണ്  കവിത കാണിച്ചുതരുന്നത്.

രേണുകുമാറിന്റെ പല കവിതകളിലും മീൻ കടന്നുവരുന്നുണ്ട്. “മീനുകൾക്ക് പുഴയാകെ വീടാണ് എനിക്ക് പുഴക്കരയും.” ‘മനക്കോട്ട’ എന്ന കവിതയിലെ വരികളാണിത്. അതുപോലെ ‘ഓട്ടകൾ’ എന്ന കവിതയിൽ

“പുഴയുടെ അടിവയറ്റിലേക്ക്

മീനുകൾ കടിച്ചുവലിക്കുമ്പോൾ

കരയിലേക്കവൾ എറിഞ്ഞുതന്നു…” എന്ന് പുഴയുടെ അടിത്തട്ടിലേക്ക് മറഞ്ഞുപോയ സഖിയെക്കുറിച്ച് രേണുകുമാർ പാടുന്നുണ്ട്. തന്റെ ബാല്യത്തിൽ മീനുകളുമായുള്ള സഹവാസത്തെക്കുറിച്ച് ‘വെള്ളപ്പൊക്കം’ എന്ന കവിതയിൽ പങ്കുവയ്ക്കുന്ന അനുഭവം ഇങ്ങനെയാണ്:

“പറമ്പാകെ പലതരം

മീനുകൾ പാമ്പുകൾ

അതിനിടയിൽ നീന്തിയും നനഞ്ഞും

തലകുത്തിമറിഞ്ഞും

ഞങ്ങൾ കുട്ടികൾ…”

ജീവിതചുറ്റുപാടിൽനിന്ന് അടർത്തിയെടുത്ത അനുഭവങ്ങളെ കവിതയാക്കി മാറ്റുന്ന കവിക്ക് മീൻ ജീവശ്വാസം പോലെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് കൊതിയനിൽ” നമ്മുടെ പാര്‍പ്പുകളെന്ത്യേ പെണ്ണേ”..’ എന്നു ചോദിച്ചുകൊണ്ട് സ്വയം മീനായി കവി തന്നെ തന്നെ  അവതരിപ്പിച്ചിരിക്കുന്നത്.

ആഴവും വ്യാപ്തിയുമുള്ള ആശയം

സമകാലികജീവിതത്തിലേക്കു നോക്കിക്കൊണ്ടാണ് രേണുകുമാർ ഈ കവിതയുടെ ആശയം സൃഷ്ടിച്ചിരിക്കുന്നത്. ആഗോളവൽക്കരണത്തിന്റെയും കച്ചവടസംസ്കാരത്തിന്റെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും ഇരകളാണ് ഇന്നത്തെ സാധാരണ ജീവിതങ്ങൾ. പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിലൂടെ കമ്പോളസംസ്കാരത്തിന്റെ അടിമകളായിത്തീരുകയാണ് മനുഷ്യർ. ലോകത്തെമ്പാടും സാമ്പത്തിക അന്തരം വർദ്ധിച്ചുവരുന്നു എന്നതാണ് ഇതിന്റെ തിക്തഫലം. ഈ സാഹചര്യത്തിൽ മനുഷ്യൻ കൊതിക്ക് അടിമപ്പെടുന്നതിനെ മീൻകൊതിയനിലൂടെ ചിത്രീകരിച്ചത് തികച്ചും അനിവാര്യമാണെന്നു കരുതേണ്ടതുണ്ട്. ഈ കവിതയുടെ ആശയത്തിനു പിന്നിൽ മറ്റൊരു നിരീക്ഷണം കൂടി കണ്ടെത്താനാവും. അതായത് ഒരാളുടെ ജീവിതപരിസരം അയാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതാണത്.

 കാവ്യസൗന്ദര്യം

ബിംബകല്പനയുടെ ലാവണ്യത്തിലുപരിയായി മുഖ്യധാരാ സാഹിത്യത്തിന് അപരിചിതമായ ഗ്രാമ്യഭാഷയാണ് രേണുകുമാർക്കവിതയുടെ മറ്റൊരു ആകർഷണം. കുട്ടനാടൻ മണ്ണിന്റെ മണവും തോട്ടുമീനിന്റെ രുചിയും ഗ്രാമ്യപ്രകൃതിയും വാങ്മയങ്ങളിലൂടെയും ബിംബങ്ങളിലൂടെയും കവി അവതരിപ്പിച്ചിരിക്കുന്നത് നാട്ടുഭാഷയിലാണ്. അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആ കവിതകൾ സാഹിത്യലോകത്തിന് പരിചിതമല്ലാത്ത പദങ്ങളും പ്രയോഗങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. “ആരാണിങ്ങനെ മണ്ണിൽ രണ്ട് മൂക്കട്ടയൊലിപ്പിച്ച് നിന്ന കുഞ്ഞുങ്ങളെ പുഞ്ചിരി തൂകുന്ന പൂവുകളാക്കിയത്…” (കാണുന്നുണ്ടനക്ഷരങ്ങൾ) എന്ന വരിയിലെ കുഞ്ഞുങ്ങളുടെ ചിത്രം കവി തന്റെ ജീവിത പരിസരത്തുനിന്നു കണ്ടെത്തിയതാണ്. “ദൈവമേ അതിയാൻ ചത്തേപ്പിന്നെ മുളകിടിച്ചല്ലാതെ പിള്ളാർക്ക് കഞ്ഞി കൊടുത്തിട്ടില്ലല്ലോ…”(ഇല്ലികളിൽ മാത്രം അടിക്കുന്ന കാറ്റുകൾ ഇവിടെയും പച്ചയായ വാങ്മയത്തിലൂടെ അരികുജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കവി അനുവാചകരെ എത്തിക്കുന്നു.

കൊതിയനിലെ വരികളിലും ഈ നാട്ടുഭാഷയുടെ സൗന്ദര്യവും ലാളിത്യവും അനുഭവിക്കാനാകും. “കാരി കൂരി കല്ലട ചില്ലാൻ പള്ളത്തി പരൽ പൂളാൻ മനഞ്ഞിൽ അറിഞ്ഞിൽ ആരകനങ്ങനെ മീനുകൾ പുകുപുകാന്ന്…’ എന്ന വരിയിലെ ഗ്രാമ്യഭാഷ കവിതയുടെ ശക്തിയായി മാറുന്നു. ഇവിടെ തോട്ടുമീനുകളുടെ പേരുകൾ നിരത്തിയിരിക്കുന്നത് ശബ്ദസൗന്ദര്യത്തോടുകൂടിയാണ്. തോട്ടുവെള്ളത്തിലെ ഒഴുക്കിൽ കേൾക്കുന്ന ശിഥിലതാളം ഈ വരികളിൽ അനുഭവിക്കാനാകും.

Recap

  • ഉത്തരാധുനിക കവിതയുടെ സവിശേഷതകൾ
  • ബിംബങ്ങൾക്കൊണ്ട് ചമൽക്കാരം
  • സാമൂഹ്യ വേർതിരിവുകൾക്കെതിരെ കവിതയിലൂടെ  പ്രതിരോധിക്കുന്നകവി.
  • സർവ്വ ജീവിതകാമനകളെയും സൂചിപ്പിക്കുന്ന മീൻകൊതി എന്ന ബിംബം 
  • കുട്ടനാടൻ ജീവിതത്തിന്റെ ഭാഗമായി മാറുന്ന മീൻ.
  • കമ്പോളസംസ്കാരത്തിന്റെ അടിമകളാകുന്ന ആധുനിക ജീവിതം
  • ബിംബകല്പനയുടെ ലാവണ്യം.
  • ഗ്രാമ്യഭാഷയുടെ ശക്തി.
  • ശിഥിലമായ നാട്ടുതാളത്തിന്റെ ഇമ്പം.

Questions

  1.  ഉദ്യോഗസ്ഥൻ പരപരാ വെളുക്കുമ്പോൾ എണീറ്റു പോകുന്നത് എന്തിനാണ്?
  2. എപ്പോഴാണ് എണീറ്റ് ചൂണ്ടയിടാൻ പോകുന്നത്?
  3. ആരും പറയുകേലാത്തത് എന്താണ്?
  4. പള്ളത്തി എന്താണ്?
  5. കൊതിയനിലെ കാവ്യബിംബമെന്താണ്?
  6. കവിതയിൽ മീനുകളെ എന്തിലാണ് കോർത്തിടുന്നത്?
  7. മീൻ കൊതി എന്നതിലൂടെ കവി ഊന്നുന്നത് മനുഷ്യൻ്റെ ഏതുതരം സ്വഭാവത്തെയാണ്?
  8. കാരി, കൂരി, പരൽ, പൂളാൻ എന്നിവ എന്താണ്?
  9. മറ്റുള്ളവർ എന്ത് അറിയാതിരിക്കാനാണ് ഉദ്യോഗസ്ഥൻ പര പരാ’ വെളുക്കുമ്പം എഴുന്നേറ്റ് ചൂണ്ടയിടാൻ പോകുന്നത്?
  10. ഉച്ചമയക്കത്തിലേയ്ക്ക് വീഴുന്ന അയാളുടെ സ്വപ്നങ്ങളിലേയ്ക്ക് കടന്നു വരുന്നതെന്താണ്?
  11. ചതുരംഗത്തിലെ കറുത്ത കള്ളികൾ എന്തായി മാറുന്നു?
  12. ചതുരംഗത്തിലെ വെളുത്ത കള്ളികൾ എന്തായി മാറുന്നു?
  13. ചതുരംഗത്തിലെ രാജാവും മന്ത്രിയും ആനയും തേരും കുതിരയും കാലാളുമൊക്കെ എന്തായി മാറുന്നു?
  14. അറുപത്തിനാലു കളങ്ങൾ എന്തിനെ സൂചിപ്പിയ്ക്കുന്നു?
  15. പാർപ്പുകൾ എന്താണ്?
  16. ബാങ്കുദ്യോഗസ്ഥൻ പാർപ്പുകൾ എന്ന് വിളിക്കുന്നത് ആരെയാണ്?
  17. ഇടത്തോട്ടു പോകുന്ന എന്തിനെ വലത്തോട്ടാക്കാമോ എന്നാണ് കവി ചോദിക്കുന്നത്?
  18. പച്ചക്കുപ്പി ആരുടെ കവിതാസമാഹാരമാണ്?
  19. കൊതിയൻ ആരുടെ കവിതയാണ്?
  20. വെഷക്കായ ആരുടെ കവിതാസമാഹാരമാണ്?

Answers

  1. ചൂണ്ടയിടാൻ
  2. പര പരാ വെളുക്കുമ്പോൾ
  3. മീൻ കൊതിയനാണെന്ന്
  4. മീൻ
  5. മീൻ
  6. ഈർക്കിലിൽ
  7. ആസക്തി
  8. മീൻ
  9. മീൻ കൊതി
  10. മീൻ
  11. കരയായി
  12. കുളമായി
  13. മീനുകളായി
  14. ചതുരംഗപ്പലകയിലെ കള്ളികൾ
  15. വരാൽ മത്സ്യത്തിൻ്റെ കുഞ്ഞുങ്ങൾ
  16. സ്വന്തം കുഞ്ഞുങ്ങളെ
  17. മീനിനെ
  18. എം.ആർ രേണുകുമാർ
  19. എം.ആർ രേണുകുമാർ
  20. എം.ആർ രേണുകുമാർ

Assignment topic

  1. ബിംബകല്പനയുടെ ലാവണ്യം “കൊതിയനിൽ.
  2.  ആധുനികാനന്തര ദളിത് കവിതകളുടെ പ്രത്യേകതകൾ എം. ആർ. രേണുകുമാറിന്റെ കവിതകളിൽ.
  3. മനുഷ്യനിലെ ദ്വിമുഖ വ്യക്തിത്വത്തെ അവതരിപ്പിക്കുന്ന കവിതയാണ് കൊതിയൻ കുറിപ്പെഴുതുക.
  4. മീൻ എന്ന കാവ്യബിംബവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും: കൊതിയനിൽ നിന്ന് കണ്ടെത്തി ഉപന്യസിക്കുക .

References

  • എം.ആർ.രേണുകുമാർ – കൊതിയൻ (കവിതാസമാഹാരം), ഡി.സി.ബുക്സ്, കോട്ടയം. 
  • എം. ആർ. രേണുകുമാർ – വെഷക്കായ (കവിതാ സമാഹാരം), സൈകതം ബുക്സ്, എറണാകുളം. 
  • എം. ആർ. രേണുകുമാർ – കെണിനിലങ്ങളിൽ (കവിതാസമാഹാരം), സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം.
  • എം. ആർ. രേണുകുമാർ – പച്ചക്കുപ്പി (കവിതാസമാഹാരം),, ഡി.സി.ബുക്സ്, കോട്ടയം. 
  • സച്ചിദാനന്ദൻ – മലയാളകവിതാപഠനങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

E- content

 

എം.ആർ.രേണുകുമാർ

അഭിമുഖം

https://www.manoramaonline.com/literature/manorama-books/2020/06/19/kavithamazha-m-r-renukumar.html

https://youtu.be/rpFDjhBhbfg

https://youtu.be/84BE7TLyIG4