യൂണിറ്റ് – 7
നാട്ടിൽ പാർക്കാത്ത ഇന്ത്യാക്കാരൻ –
ആറ്റൂർ രവിവർമ്മ
Learning Outcomes
|
Prerequisites
നാട്ടിൽ നിന്നും അകന്നുള്ള ജീവിതം എല്ലാവർക്കും പ്രയാസമേറിയതാണ്. കേരളത്തിന്റെ പ്രത്യേക ചരിത്ര സാഹചര്യങ്ങളിൽ ഗൾഫ് നാടുകളിലേക്ക് കുടിയേറിയവർ ഏറെയാണ്. പ്രവാസജീവിതം പലപ്പോഴും സാഹിത്യത്തിന് വിഷയമായിട്ടുണ്ട്. കവിതയിലും കഥയിലും നോവലിലും അതിന് ഏറെ ഉദാഹരണങ്ങൾ കാണാൻ കഴിയും. ബെന്യാമിന്റെ ആടുജീവിതം ഇത്തരത്തിൽ ഏറെ വായിക്കപ്പെട്ട കൃതിയാണ്. സ്വന്തം നാട്ടിൽ നിന്നും ഏതു രാജ്യത്തേക്ക് കുടിയേറിയാലും ജന്മനാടിന്റെ ഓർമ്മകൾ നമ്മെ നിരന്തരം പിന്മടങ്ങാൻ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ഇത്തരത്തിൽ പിന്മടങ്ങാനുള്ള ആഗ്രഹത്തിനെക്കുറിച്ച് പറയുന്ന കവിതയാണ് ആറ്റൂർ രവിവർമ്മയുടെ നാട്ടിൽ പാർക്കാത്ത ഇന്ത്യാക്കാരൻ . മലയാളത്തിലെ ആധുനികകവികളിൽ വ്യത്യസ്തമായ കാവ്യവ്യക്തിത്വം പുലർത്തിയ കവിയാണ് ആറ്റൂർ രവിവർമ്മ. മലയാളസാഹിത്യത്തിൽ ആധുനികതാപ്രസ്ഥാനത്തിനു തുടക്കമിട്ട അറുപതുകളിലാണ് ആറ്റൂർ രവിവർമ്മ കാവ്യലോകത്ത് പ്രതിഷ്ഠ നേടുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സാമൂഹ്യപരിവർത്തനങ്ങൾ അദ്ദേഹത്തിന്റെ കവിതയിൽ പ്രകടമാണ്. കച്ചവടസംസ്കാരം, നഗരവൽക്കരണം, പുതിയ തൊഴിൽ മേഖലകൾ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ തുടങ്ങിയ പുതിയ പരിസരങ്ങളിൽനിന്നാണ് അദ്ദേഹം തന്റെ കവിതകൾക്കുള്ള ആശയം കണ്ടെത്തിയത്. എഴുപതുകളിൽ ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരികരംഗങ്ങളിൽ ശക്തിപ്പെടാൻ തുടങ്ങിയ ഹിംസാത്മകപ്രവണതകൾ, പുരോഗമനാശയങ്ങൾ, ഇടതുപക്ഷചിന്താധാരകൾ, കമ്മ്യൂണിസത്തിന്റെ മുന്നേറ്റം, ജന്മിത്തത്തിന്റെ ക്ഷയം, കൂട്ടുകുടുംബങ്ങളുടെ ശൈഥില്യം തുടങ്ങിയവ ആറ്റൂരിലെ കവിയെ സ്വാധീനിച്ച ഘടകങ്ങളാണ്. ദ്രുതഗതിയിൽ സംഭവിച്ചുകൊണ്ടിരുന്ന സാമൂഹ്യമാറ്റങ്ങളോട് കവി എങ്ങനെ പ്രതികരിച്ചു എന്നതിന് തെളിവാണ് എഴുപതുകളിലെ കവിതകൾ. പൂന്താനം, വെൺമണി, കുണ്ടൂർ തുടങ്ങിയവരുടെ കാവ്യപാരമ്പര്യത്തെ അനുധാവനം ചെയ്തു കടന്നുവന്ന ആറ്റൂരിന്റെ കവിതകളിൽ പഴമയുടെ വേരാഴങ്ങളും പുതുമയുടെ തുടിപ്പും പ്രകടമാണ്. എൻ.എൻ.കക്കാട്, എൻ.ഗോവിന്ദൻ, പാലൂര്, കടമ്മനിട്ട, എൻ.വി.കൃഷ്ണവാര്യർ, അക്കിത്തം, സുഗതകുമാരി, അയ്യപ്പപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയ വലിയൊരു നിര ആറ്റൂരിന്റെ സമകലികരായുണ്ട്. മലയാളകവിത പുതുവഴികളിലൂടെ സഞ്ചരിക്കുന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ആവിർഭാവമായിരുന്നു ആറ്റൂർ പ്രതിനാധാനം ചെയ്ത കാലഘട്ടത്തിലെ മുഖ്യകാവ്യധാര. അറുപതുകളിൽ അയ്യപ്പണിക്കർ, എൻ.വി.കൃഷ്ണവാര്യർ, അക്കിത്തം എന്നിവർ തുടക്കമിട്ട ആധുനികതാപ്രസ്ഥാനത്തിന്റെ ചുവടുപറ്റി കവിതയെ നിയാമകമായ രചനാരീതികളിൽനിന്ന് മോചിപ്പിച്ച് സ്വതന്ത്രമായ പുതുപാതകളിലേക്കു തിരിച്ചുവിട്ട ഈ പുതിയ കാവ്യധാര ഒരുവശത്തും കാല്പനികതയുടെയും റിയലിസത്തിന്റെയും സമ്മിശ്രഭാവങ്ങൾ ഉൾക്കൊണ്ട് പാരമ്പര്യരീതി പിൻതുടർന്ന ഒ.എൻ.വി., സുഗതകുമാരി, കക്കാട് തുടങ്ങിയവരുടെ രചനകൾ മറ്റൊരു വശത്തും നിലനില്ക്കുന്നുണ്ടായിരുന്നു. ഇവിടെ ആധുനികതയെയും ദ്രാവിഡപാരമ്പര്യത്തെയും സമന്വയിപ്പിച്ചുകൊണ്ട് കവിതയിൽ പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചു എന്നതാണ് സമകാലിക കവികളിൽനിന്നും ആറ്റൂരിനെ വേറിട്ടുനിർത്തുന്നത്. 1930-ൽ തൃശൂരിലെ ആറ്റൂരിലാണ് രവിവർമ്മയുടെ ജനനം. കവി, വിവർത്തകൻ, അദ്ധ്യാപകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ആറ്റൂർ അറുപതുകൾക്കുശേഷമാണ് കാവ്യരചനയിൽ കൂടുതൽ വ്യാപൃതനാകുന്നത്. ആധുനികതാപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ച ഈ കവി എഴുപതാണ്ടിനിടയിൽ 150-ൽ പരം കവിതകളും നിരവധി വിവർത്തനകൃതികളും രചിച്ചു. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ കവിതകളാണ് നാട്ടിൽ പാർക്കാത്തഇന്ത്യക്കാരൻ, മേഘരൂപൻ, നഗരത്തിലൊരു യക്ഷൻ, സംക്രമണം, ഗൃഹപാഠം, വിളക്കുമരം, അർക്കം, പിതൃഗമനം, ഓട്ടോവിൻ പാട്ട്, മക്കൾ, കര-തിര, ഭാരതദർശനം, പന്തങ്ങൾ, സഹ്യനേക്കാൾ തലപ്പൊക്കം’ തുടങ്ങിയവ. കവിതയ്ക്കും വിവർത്തനത്തിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ആശാൻ പ്രൈസ്, മഹാകവി പി.കുഞ്ഞിരാമൻ നായർ അവാർഡ്, പന്തളം കേരളവർമ്മ അവാർഡ്, പ്രേംജി അവാർഡ്, ഒളപ്പമണ്ണ അവാർഡ്, ഇ.കെ.ദിവാകരൻ പോറ്റി അവാർഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. |
Key words
ആധുനിക കവിത – പ്രവാസജീവിതം – ആധുനിക കാവ്യ പ്രമേയങ്ങൾ , കാവ്യശൈലികൾ
3.7.1. Content
ആഖ്യാനകവിതകളുടെ വിഭാഗത്തിൽപ്പെടുന്ന കവിതയാണ് ആറ്റൂർ രവിവർമ്മയുടെ 1994-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ’. ആധുനികതയുടെ പ്രവണതയുൾക്കൊണ്ട് രചിക്കപ്പെട്ട ഈ കവിതയിൽ കാലത്തിന്റെ പ്രതിസ്പന്ദനങ്ങളിലേക്ക് കാതോർക്കുന്ന കവിയെയാണ് കാണുക. ആധുനികതയുടെ ഘട്ടത്തിൽ രചിക്കപ്പെട്ടതെങ്കിലും ഉത്തരാധുനിക കവിതയുടെ എല്ലാ സവിശേഷതകളുമുള്ള കവിതയാണിത്. പ്രവാസജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്റെ ദുരവസ്ഥയാണ് കവിതയുടെ കേന്ദ്രം. ശിവൻ എന്ന മൂർത്തിയെ പ്രതീകമാക്കിക്കൊണ്ട് പരദേശിയുടെ അന്യതാബോധവും സ്വതാന്വേഷണവും ഈ കവിത പങ്കുവയ്ക്കുന്നു. എൺപതുകളിലെ കേരളീയ സാമൂഹ്യസാഹചര്യത്തിലേക്ക് വെളിച്ചം വീശുന്ന ഈ കവിതയുടെ കാവ്യസങ്കല്പം രൂപപ്പെടുത്തിയിരിക്കുന്നത് പരമശിവനെ പ്രധാന ബിംബമാക്കിക്കൊണ്ടാണ്. സ്വത്വാനേഷണത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കവിതയിൽ പൈതൃകത്തെക്കുറിച്ചുള്ള ചിന്തകളും ആധുനിക മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകളും പ്രവാസജീവിതത്തിന്റെ സംഘർഷങ്ങളും ഒറ്റപ്പെടലും നിസ്സഹായതയുമൊക്കെ വെളിപ്പെടുത്തുന്നു.
താളവും ഭാവവും അനുഭൂതിയും നിറഞ്ഞ ആഖ്യാനകവിതയാണ് നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ. പുറമെ വൃത്തബദ്ധമെന്നു പറയാനാവില്ലെങ്കിലും ഈ കവിതയുടെ ഉൾത്താളം അനുഭവേദ്യമാണ്. “പിതൃയാനം’ മുതലുള്ള ആറ്റൂർക്കവിതകളിൽ വൃത്തങ്ങളെ മുറിച്ചും ചേർത്തും പാകപ്പെടുത്തി ഉപയോഗിക്കുന്ന രീതിയാണ് പിൻതുടരുന്നത്. ഏറ്റവും ലളിതമായ ഭാഷയിൽ, തീവ്രമായഅനുഭവങ്ങൾ കവിതയിൽ ആവിഷ്കരിക്കുന്നതിലെ കരവിരുതാണ് ‘നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ’ എന്ന കവിതയിലെ മുഖ്യ ആകർഷണം. ഉപമ, രൂപകം തുടങ്ങിയ അലങ്കാരങ്ങളാണ് ഈ കവിതയിൽ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്.
നിലനില്പിനുവേണ്ടിയുള്ള അലച്ചിലിൽ വേരറ്റുപോകുന്നവന്റെ വേദന പങ്കുവയ്ക്കുന്ന കവി സ്വന്തം മണ്ണിന്റെ മണവും നിറവും രുചിയും താളവും സൗന്ദര്യവും കവിതയിൽ നിറച്ചിരിക്കുന്നു. തീക്ഷ്ണമായ ചിന്തകളുടെയും ഏതൊരാൾക്കും അമൃതാകുന്ന സ്വന്തം ഭാഷയുടെയും മനസ്സിന്റെ ബാഹ്യപ്രകടനമായ നൃത്തത്തിന്റെയും പ്രപഞ്ചനിഗൂഢതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ആദിമൂലമാണ് ശിവൻ എന്ന മൂർത്തി. അങ്ങനെ ശിവൻ എന്ന പ്രതീകത്തിലൂടെ ആധുനിക ജീവിതത്തിന്റെ മിടിപ്പും തുടിപ്പും ആധിയും സന്ദേഹവും സൗന്ദര്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഈ കവിതയുടെ അനുഭൂതിതലം അളവുകൾക്കതീതമാണ്. സ്വന്തം കാലത്തിന്റെ സ്പന്ദനങ്ങൾ തൊട്ടെടുക്കുന്ന കവി പൈതൃകത്തിന്റെ വേരാഴങ്ങളിലേക്കും കടന്നുചെല്ലുന്നു. ഓരോ മനുഷ്യന്റെയും ഉള്ളിൽ തുടികൊട്ടുന്ന സ്വത്വബോധത്തിന്റെ രൂപഘടന കവി ഇവിടെ വരച്ചുകാട്ടുന്നു.
താനാരാണെന്ന് അന്വേഷണവുമായുള്ള യാത്രയാണ് ഓരോ ജീവിതവും എന്ന തിരിച്ചറിവിലേക്ക് കവി അനുവാചകനെ എത്തിക്കുന്നു. കവിതയുടെ സംക്ഷിപ്തം സ്വന്തം നാടുവിട്ട് അന്യനാട്ടിലേക്കുപോയ ശിവനാണ് ഈ കാവ്യാഖ്യായികയിലെ മുഖ്യബിംബം. ദ്രാവിഡദേശമായ തമിഴകത്തിന്റെ ശ്രീകോവിലിൽ നിന്നാണ് ശിവൻ എന്ന സുന്ദരമൂർത്തിയെ കവി വാർത്തെടുത്തിരിക്കുന്നത്. ആരും വരാത്ത അകക്കോവിലിന്നുള്ളിൽ ഉറക്കം വരാത്ത രാത്രിയിൽ സുന്ദരമൂർത്തിയായ ശിവൻ ഏകാന്തതയുടെ ഇരുട്ടിൽ അസ്വസ്ഥപ്പെടുന്നിടത്തുനിന്നാണ് കവിത ആരംഭിക്കുന്നത്. പുരോഗമനാശയങ്ങളുടെ സ്വാധീനഫലമായി സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരുന്ന മാറ്റങ്ങളെ കവി ഇവിടെ സൂചിപ്പിക്കുന്നുണ്ട്. പല ക്ഷേത്രങ്ങളും ജീർണ്ണതയിലേക്കടിഞ്ഞുകൊണ്ടിരുന്ന ആ കാലത്ത് കോവിലിലെ പ്രതിഷ്ഠയ്ക്ക് എന്തു സംഭവിച്ചു എന്നാണ് കവി അന്വേഷിക്കുന്നത്. ആരും തിരിഞ്ഞുനോക്കാതായ കോവിലിലിരുന്ന് ശിവൻ എന്ന മൂർത്തി അസ്വസ്ഥപ്പെടുന്നതാണ് കവി കണ്ടത്. ഈറനായ അമ്പിളി ശിരസ്സിലുണ്ടായിട്ടും തലച്ചൂട് അടങ്ങാത്തതിനാൽ ശിവൻ സോപാനപ്പടവുകളിറങ്ങി കോവിലിന്റെ പുറത്തേക്കിറങ്ങി. അവിടെ ഒരു നിമിഷം ചിന്തയുടെ മുദ്രപിടിച്ച് നിന്നുപോകുന്നു. ആ നിമിഷത്തിൽ എത്രയോ അകലെയായിക്കഴിഞ്ഞ നല്ല കാലത്തിന്റെ ഓർമ്മകൾ ആ മനസ്സിൽ തെളിയുന്നു. അവിടെനിന്ന് നഗരവീഥിയിലെത്തുന്ന ശിവന്റെ മുന്നിൽ പുതിയ കാലത്തിന്റെ കാഴ്ചകൾ തെളിയുന്നു. ചുടലയിലെ പണിയും അഞ്ചു നക്ഷത്രങ്ങളുള്ള വാതിലിനു പുറത്തെ അഞ്ചുനക്ഷത്രങ്ങൾ എന്നത് പഞ്ചനക്ഷത്ര ഹോട്ടലിനെ സൂചിപ്പിക്കുന്നു – കാവൽപ്പണിയും ചെയ്ത് നിലനില്പിനായി ശിവൻ കഷ്ടപ്പെടുന്നു. വേഷം കൊണ്ടും രൂപംകൊണ്ടും ആദിവാസിയായി കാണപ്പെട്ട ശിവൻ നഗരവാസികളുടെ കൗതുകക്കാഴ്ചയായിത്തീരുന്നു. അവിടെനിന്ന് സംസ്കൃതത്തിൽ സംസാരിക്കുന്ന ഒരു വിദേശിയോട് സംസാരിക്കുന്നതിലൂടെ നാടുകടത്തിക്കൊണ്ടുപോകുന്ന ഭാരതീയ വിജ്ഞാനത്തെയാണ് കവി സൂചിപ്പിക്കുന്നത്. ക്ഷണപ്രകാരം ശിവൻ ആകാശമാർഗ്ഗം സമ്പന്നതയുടെ തിളക്കമുള്ള ഭൂമിയിലേക്കു പോകുന്നു. അവിടെ പ്രദർശനനഗരിയിൽ തന്റെ സ്വരൂപം ആരാധിക്കപ്പെടുന്നതു കണ്ട് ശിവൻ അഭിരമിക്കുന്നു. പക്ഷേ, ശരത്കാലഹേമന്തങ്ങൾ കഴിഞ്ഞപ്പോഴേക്കും ശിവനെ നാട് മാടിവിളിക്കാൻ തുടങ്ങി. അപ്പോഴേക്കും മടങ്ങിപ്പോകാനാകാത്ത അവസ്ഥയിലാണ് താനെന്ന് കണ്ണീരോടെ ശിവൻ തിരിച്ചറിയുന്നു. “ഉണ്ടോ മടക്കം തനിക്കിനി’ എന്ന് ഇടിവെട്ടുന്നതുപോലെയുള്ള കടന്തുടിയിലൂടെ ശിവൻ തന്നോടുതന്നെ ചോദിക്കുന്നിടത്ത് കവിത അവസാനിക്കുന്നു.
പാഠഭാഗം
വരികൾ (1-28 )
ആരുമില്ലാത്തകക്കോവിലിനുള്ളിൽ
കെടാറായ വിളക്കത്ത്
…………………………….
മുക്കണ്ണനർദ്ധനാരീശൻ നടേശൻ
തനിച്ചേ പുറപ്പെട്ടു.
അർത്ഥ വിശദീകരണം
അകക്കോവിൽ = ശ്രീകോവിൽ
സുന്ദരമൂർത്തി = ശിവൻ
കരിംപൊന്ന് = കുരുമുളക്
കൽക്കന്യമാർ = കൽത്തൂണുകളിൽ കൊത്തിവച്ച കന്യകമാരുടെ ശില്പങ്ങൾ
പൊന്നൊളിയുള്ളോർ = പൊന്നിന്റെ പ്രഭയുള്ളവർ
തുമ്പിക്കരത്തുമ്പ് = ഗണപതിയുടെ തുമ്പിക്കയുടെ അറ്റം
ആശയ വിശദീകരണം
തമിഴ്നാട്ടിലെ ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവന്റെ അവസ്ഥയെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. വിജനമായ ശ്രീകോവിലിനുള്ളിൽ, ഉറക്കം വരാത്ത ഒരുരാത്രിയിൽ, സുന്ദരമൂർത്തിയായ ശിവൻ, കെടാറായ വിളക്കുവെട്ടത്തിലിരുന്ന്, തുടിയെടുത്ത് ശക്തിയായി കൊട്ടുകയാണ്. അശാന്തവും അസ്വസ്ഥജനകവുമായ ചുറ്റുപാടിൽ ജീവിതം തള്ളിനീക്കുന്ന ഒരു ശിവനെയാണ് കവി ചൂണ്ടിക്കാണിച്ചുതരുന്നത്. എന്തായിരിക്കാം ഈ അശാന്തിക്കു പിന്നിൽ എന്ന അന്വേഷണമാണ് ഈകവിത.
ആ അന്വേഷണത്തിൽ കവി കണ്ടെത്തുന്ന പ്രധാനപ്പെട്ട വസ്തുത, പ്രകൃതിയിൽ സംഭവിച്ച പാരിസ്ഥിതികമായ ക്ഷയങ്ങളും സാമ്പത്തിക പ്രതിസന്ധികളും ദാരിദ്ര്യവുമൊക്കെയാണ്. പരമശിവനുവേണ്ടി നൈവേദ്യമൊരുക്കുവാനുള്ള നെല്ലും കരിമ്പും പഴങ്ങളുമൊക്കെ കുന്നുകൂട്ടിയിട്ടിരിക്കുന്ന നിലങ്ങൾ ഇല്ലാതായിരിക്കുന്നു. മാത്രമല്ല, കറുത്ത പൊന്നാകുന്ന കുരുരമുളകും കുന്തിരിക്കവും ആനകളുമുള്ള മലകൾ മാഞ്ഞുപോയിരിക്കുന്നു. ശിവന് ആറാടാനുള്ള നീർച്ചാലുകളും സങ്കീർത്തനങ്ങൾ മുഴങ്ങുന്ന ദിക്കുകളും ഇന്നില്ല. ചുരുക്കത്തിൽ ശിവന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലായിരിക്കുന്നു. ഈറനായ അമ്പിളിക്കീറു വച്ചും – ചന്ദ്രക്കല ചൂടിയ മുടിക്കെട്ട് തലയുടെ ചൂട് അടങ്ങാതെ ചിന്താഭാരത്താൽ തലപുകഞ്ഞുനില്ക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു – നർത്തകന്റെ മനോഹരമായ കാൽച്ചുവടുകളോടെ,ശിവൻ സോപാനപ്പടവുകൾ ഇറങ്ങുന്നു. ക്ഷേത്രത്തിന്റെ കരിങ്കൽത്തൂണുകളിൽ കൊത്തിവച്ചിട്ടുള്ള, ഈരിലപോലെ നീണ്ട മിഴികളുള്ള കറുപ്പഴകുള്ള കന്യകമാരുടെ, കാൽച്ചുവടുകൾകൊണ്ടു മിനുത്ത കരിങ്കൽ വിരിയിൽ കരിങ്കല്ലു പാകിയ പാതയിലൂടെ ശിവൻ ചുവടുവച്ചു. ശിവൻ ചുറ്റമ്പലത്തിണ്ണയിലെത്തിയപ്പോൾ അവിടെ 63 ശൈവസിദ്ധരുടെ ശിലാലോഹവിഗ്രഹങ്ങൾ തൊഴുതുനില്ക്കുന്ന കാഴ്ച കണ്ടു. തൊഴിലിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ വ്യത്യാസമില്ലാതെ തുല്യപദവി നല്കി പ്രതിഷ്ഠിച്ചിട്ടുള്ള ആ വിഗ്രഹങ്ങളിൽ രാജാവു മുതൽ മുക്കവൻവരെയുണ്ട്. ശിവന്റെ പുത്രനായ ഉണ്ണിഗണപതിയാകട്ടെ തന്റെ തുമ്പിക്കൈകൊണ്ട് വായുവിൽ എന്തോ മണം പിടിച്ചുകൊണ്ട് നില്ക്കുകയാണ്. മറ്റൊരു ശൈവപുത്രനായ അറുമുഖൻ – (സുബ്രഹ്മണ്യൻ, വേൽമുരുകൾ, വേലായുധൻ എന്നും പേരുകളുണ്ട് ) – പടക്കോപ്പു കളോമനിച്ചുകൊണ്ടു – (വേൽ ആയുധമാക്കിയ വേലായുധന്റെ യുദ്ധപ്രിയത്തെ സൂചിപ്പിക്കുന്നു). നിൽക്കവെ, മുക്കണ്ണനായ ആ അർദ്ധനാരീശ്വരൻ എങ്ങോട്ടെന്നില്ലാതെ തനിച്ച് പുറപ്പെട്ടു. ശിവന്റെ പുത്രന്മാരായ ഗണപതിയും സുബ്ഹ്മണ്യനും ഇവിടെ നിലനില്പിനായി നാടുവിടുന്നവന്റെ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടപ്പെടുന്ന സ്നേഹവാൽസല്യങ്ങളുടെ പ്രതീകമാണ്.
വരികൾ. (29-40)
മിന്നലിലൊന്നു വിളറുന്നു
പല്ലവചോളപാണ്ഡ്യന്മാർ
……………………………………
പുത്തനാം നാലുരുൾ വണ്ടിയിലേക്ക്
താനേ വിവർത്തനം ചെയ്തു.
അർത്ഥ വിശദീകരണം
കന്ന് = ശിവന്റെ ഭൂതഗണങ്ങളിലൊന്നായ നന്ദികേശൻ എന്ന കാള
മുക്കോണമിഴി = മൂന്നാംകണ്ണ്
വ്യാളി = ഐതിഹ്യ പ്രസിദ്ധമായ ഒരു ഭീകര ജന്തു
ആയം = ബലം
ആശയ വിശദീകരണം
ശ്രീകോവിൽ വിട്ട് പുറത്തിറങ്ങിയ ശിവന്റെ കൺമുന്നിൽ തെളിയുന്ന തെരുവോരക്കാഴ്ചകൾ വിവരിക്കുകയാണ് കവി ഇവിടെ. ഒരു മിന്നലിന്റെ വെട്ടത്തിൽ പല്ലവ ചോളപാണ്ഡ്യന്മാർ -മൂന്നു രാജവംശങ്ങളിൽ നിന്നുള്ള രാജാക്കന്മാരെ സൂചിപ്പിക്കുന്നു. എഴുന്നള്ളാറുള്ള ഗോപുരങ്ങൾ അദ്ദേഹം കണ്ടു. രാത്രിയാകുന്ന അപാരതയുടെ അകിടു കുടിക്കുന്നവരെയും കണ്ടു. -(പൗർണ്ണമിരാവിൽ ആകാശത്ത് പരന്ന പാൽനിലാവ് ആസ്വദിക്കുന്നതിനെ സൂചിപ്പിക്കുന്നു )എല്ലാ പ്രതാപങ്ങളും അഴിച്ചുവച്ച് ഒരു സാധാരണ മനുഷ്യനായാണ് ഇവിടെ സഞ്ചരിക്കുന്നത്. ഭേരിയോ അകമ്പടിയോ ഇല്ലാതെ, വാഹനത്തിൽ കയറാതെ ഉറക്കത്തിലിറങ്ങി നടക്കുന്നവനെലെയാണ് ശിവന്റെ പോക്ക്. അതു കണ്ടപ്പോൾ കൂറ്റൻ കരിങ്കല്ലിനുമുകളിലിരുന്ന കന്നുകുട്ടിയുടെ രൂപത്തിലുള്ള നന്ദി പോലും സ്തംബനായി. പിന്നെ കാണുന്നത് ശിവൻ ചിന്തയുടെ നാട്യമുദ്ര അവതരിപ്പിക്കുന്നതാണ്. (മൂന്നു കണ്ണുകളുമടച്ച്, വലംകൈ വിലങ്ങനെ കമഴ്ത്തിപ്പിടിച്ച്, പെരുവിരലും ചൂണ്ടാണിവിരലും ചേർത്തുവച്ചുകൊണ്ടുള്ള നാട്യമുദ്ര ).
ഒരു നിമിഷം ചിന്തയിലാണ്ടുപോയ ശിവന്റെ മനസ്സിലേക്ക് പോയകാലത്തിന്റെ ചിത്രങ്ങൾ ഓരോന്നായി തെളിഞ്ഞുവന്നു. വളരെയകലെയാണെങ്കിലും അടുത്തുകാണുമ്പോലെ തോന്നി ആ കാഴ്ചകൾ. പൊന്നും പവിഴവും രത്നക്കല്ലുകളും കൊണ്ടു പണിതീർത്ത ശില്പങ്ങളുടെ തിളക്കവും, പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളിൽനിന്നുയരുന്ന സുഗന്ധങ്ങളും, കളിയരങ്ങുകളിലേക്കു പോകുന്നവരുടെ കണങ്കാലിൽ നിന്നുയരുന്ന ഒരേ താളത്തിലുള്ള കിലുക്കങ്ങളും, ഭിക്ഷുക്കളുടെ – സന്യാസിമാരുടെ – തൊണ്ടയിൽ നിന്നുയരുന്ന മന്ത്രോച്ചാരണങ്ങളും, കൊട്ടും കുഴലൂത്തും കൊമ്പുവിളികളും, തൂക്കിയിട്ട് മണികളിൽ നിന്നുള്ള മുഴങ്ങളും കൊണ്ട് കുത്തിമറിഞ്ഞ് നിറഞ്ഞൊഴുകിയിരുന്ന ഒരു മഹാപ്രവാഹം തന്നെയായിരുന്നു തന്റെ ജീവിതപരിസരമെന്ന് ശിവൻ ചിന്തിച്ചു.
ചിന്തയിൽ നിന്നുണർന്ന ശിവൻ തന്റെ മൂന്നു കണ്ണുകളും തുറന്ന് ചുറ്റിനും നോക്കിയപ്പോൾ ആദ്യം കണ്ടത് തെരുവുവിളക്കിന്റെ വെളിച്ചത്തിൽ അയവിറക്കിക്കൊണ്ടുകിടന്ന കൂറ്റൻ നന്ദിയെയാണ്. വെൺപാറപോലുള്ള ആ കൂറ്റൻ കാളയെ ശിവൻ കൈകൊണ്ട് മാടിവിളിച്ചു. വ്യാകരണച്ചൊല്ലുകൾ – വ്യക്തമായ സ്വരങ്ങൾ ഉടുക്കിൽ ഉതിർത്തപ്പോൾ, ആ മനസ്സ് വ്യാളിയുടെ ബലവും കുതിരകളുടെ കുതിപ്പും രഥവേഗവുമുള്ള പുതിയ കാലത്തിന്റെ നാലുചക്രവണ്ടിയിലേക്ക് സ്വയം പരിവർത്തനം ചെയ്തു. കുതിപ്പും വേഗതയും നാലുചക്രവുമുള്ള വണ്ടി പുതിയ കാലത്തെ സൂചിപ്പിക്കുന്നു.
വരികൾ (41-86)
മൂക്കിന്നു നേർപ്പാതയിലൂടെ,
വളയും നിലാവിൽ, പരന്നൊഴുകുന്ന
.,……………………………………………………
പുത്തൻമഴയിൽ കടമ്പിനെപ്പോലൊന്നു
പൂത്തു;പുറപ്പെട്ടു താനും.
അർത്ഥ വിശദീകരണം
പെരുംപുരി = മഹാനഗരം
ഗർഭഗൃഹം = വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ
പുതുതെരുക്കൂത്ത്= തെരുക്കൂത്തിന്റെ പുതിയ രൂപം
ചുടലപ്പണി = ശ്മശാനത്തിലെ ജോലി
ലോകക്കലവറ = ലോകസമ്പത്തിന്റെ അറ
ആശയ വിശദീകരണം
പുത്തൻ ലോകത്തിന്റെ ജീവിതക്രമത്തിലേക്ക് സ്വയം പരിവർത്തനം ചെയ്യപ്പെട്ട ശിവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിനടക്കുന്നു. നിലാവെളിച്ചത്തിൽ മൂക്കിനു നേരെയുള്ള പാതയിലൂടെനടന്ന്, കരിമ്പും ചോളവും പകുത്തുമാറ്റി, ചേമന്തിയും മുല്ലയും കൃഷിചെയ്യുന്ന പൂപ്പാടത്തിന്റെ കാറ്റും കൊണ്ട്, പെണ്ണാറും മണലാറും കടന്ന് ശിവൻ പുലർച്ചയായപ്പോഴേക്കും പൊടിയും പുകയും ദുർഗന്ധവും വമിക്കുന്ന മഹാനഗരത്തിലെത്തുന്നു. ആ വലിയ നഗരത്തിൽ ശിവൻ കാണുന്ന കാഴ്ചകളാണ് ഇനി വിവരിക്കുന്നത്. പാതക്കത്ത് തിക്കിത്തിരക്കിയിരിക്കുന്ന ദൈവങ്ങളും – മുട്ടിനുമുട്ടിനു കാണുന്ന ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്നു – വാർത്ത മേൽക്കൂരകളും – കോൺക്രീറ്റ് കെട്ടിടങ്ങൾ – പങ്കകളുള്ള മുറികൾ, പൂട്ടുള്ള ഉരുക്കു കൊണ്ടുള്ള കാണിക്കവഞ്ചികളും, വില്പനയ്ക്ക് വച്ചിരിക്കുന്ന പ്രസാദങ്ങളും, ഉച്ചഭാഷണിയിലൂടെയുയരുന്ന മംഗളഗീതവും ശിവന്റെ കാഴ്ചവട്ടത്തിലേക്കു കടന്നുവരുന്നു. പക്ഷേ, ശിവനാണെങ്കിലോ തിരക്കുള്ള ആ നഗരവീഥിയിൽ കുളിക്കാതെയും ഉടയാട മാറാതെയും തുറന്ന സ്ഥലത്തുനിന്നുകൊണ്ട് വളരെ വിഷമത്തോടെ ഭക്ഷണം കഴിക്കുന്നു. നടപ്പാതയിലൂടെ ഒറ്റയാനായി അലഞ്ഞുനടക്കുന്ന ശിവൻ, നഗരത്തിലെ സമ്പന്നർ പാർക്കുന്ന ഭാഗത്തെത്തിയപ്പോഴാകട്ടെ, ഒരു ആദിവാസിയെ കണ്ട കൗതുകത്തോടെ ആളുകൾ നോക്കി.
ആ മഹാനഗരത്തിലെ ഒരു തെരുക്കൂത്തിൽ പങ്കുകൊണ്ട് ശിവന് ആ നഗരത്തിൽ ശ്മശാനത്തിലെ തൊഴിൽ ലഭിക്കുന്നു. തുടർന്ന് അഞ്ചു നക്ഷത്രങ്ങൾ കൊത്തിവച്ച വാതിലിൽ (പഞ്ചനക്ഷത്ര ഹോട്ടലിനെ സൂചിപ്പിക്കുന്നു ) – കാവൽ ജോലി ലഭിക്കുന്നു. അപ്പോൾ ശ്രീകോവിലിനുള്ളിൽ താൻ ഇങ്ങനെ നിന്നു ശീലിച്ചിട്ടുള്ളതാണല്ലോയെന്ന് ഒരു നിമിഷം ശിവൻ ചിന്തിച്ചുപോവുകുന്നു. ആ ഘട്ടവും കഴിഞ്ഞ് ഒരു നാൾ ശിവൻ ഒരു പീടികത്തിണ്ണയിൽ കഞ്ചാവടിച്ച് കഞ്ചാവും മദ്യവും സേവിക്കുന്നവനാണ് ശിവൻ. ( കഞ്ചാവിന് ശിവമൂലി എന്നും പേരുണ്ട് ) അതിനാൽ ഒറ്റയ്ക്ക് അന്തംവിട്ടിരിക്കുമ്പോൾ ഒരാൾ അദ്ദേഹത്തിന്റെ തോളത്തു തൊട്ടുണർത്തി. പളുങ്കു കണ്ണുകളുള്ള, പൊക്കം കൂടിയ അയാൾ വിദേശച്ചുവയുള്ള സംസ്കൃതത്തിലാണ് സംസാരിക്കുന്നത്. (സംസ്കൃതം സംസാരിക്കുന്ന വിദേശിയെ അവതരിപ്പിക്കുന്നതിലൂടെ കവി ഭാരതീയ പൈതൃകസമ്പത്തിന്റെ കടത്തലിനെയാണ് സൂചിപ്പിക്കുന്നത് .) ശിവനെ തിരിച്ചറിഞ്ഞ ആ വിദേശി, അങ്ങ് എവിടെയിരിക്കേണ്ടവനാണെന്നും ഈ പുറംകോലായി എവിടെക്കിടക്കുന്നുവെന്നും പറഞ്ഞ് ആ മഹാനടനെ തന്റെ പിതൃദേശത്തേക്ക് സ്വാഗതം ചെയ്തു. അവിടെ കഥകളിൽ കാണുന്നതുപോലെ വിശപ്പും ദാരിദ്ര്യവുമൊന്നുമില്ലെന്നും ധ്യാന തപസ്സിനായി – സമ ശീതോഷ്ണമുറികൾ – എയർ കണ്ടീഷന് മുറികൾ ഉണ്ടെന്നും ലോകത്തിലെ സമ്പന്നരാജ്യമായ തന്റെ ദേശത്ത് ശക്തിയുടെ നൃത്തം ചവുട്ടി അങ്ങേക്ക് വാഴാമെന്നും പറഞ്ഞ് ആ വിദേശി ശിവനെ ഭക്ത്യാദരപൂർവ്വം ക്ഷണിച്ചു. ഈ വാഗ്ദാനങ്ങൾ കേട്ടപ്പോൾ സന്തോഷാധിക്യത്താൽ പുതുമഴയിൽ കടമ്പുപൂത്തതുപോലെ അടിമുടി പൂത്ത ശിവൻ അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു.
വരികൾ (87-122)
ഭൂമിതന്നോങ്കാരരാഗവിസ്താരം
പോലുയരുന്നു പിന്നോക്കമകലുന്നു
……………………………………………………….
സമ്മാനിതനാം ചെറുകവിപോലെയോ,
ഒന്നു പകച്ചുവെന്നാലും സുഖിച്ചുതാൻ.
അർത്ഥ വിശദീകരണം
ഓംകാരരാഗവിസ്താരം = പ്രണവമന്ത്രം
തിരുമന്തിരം = തിരുമൂലം നായനാൽ രചിച്ച ശൈവകൃതി
ആളിറങ്ങാത്ത നെടുംപാത= വിജനമായ നീണ്ട വഴി
തെരുച്ചതുരങ്ങൾ = തെരുവിലെ ചത്വരങ്ങൾ
പരന്ത്രീസ് = ഫ്രഞ്ച്
വടമൊഴി = സംസ്കൃതം
ആശയ വിശദീകരണം
പുതിയ ദേശത്തേക്കുള്ള യാത്രയിൽ ശിവന്റെ മുന്നിലെത്തുന്ന ദൃശ്യാനുഭവങ്ങളാണ് കവി ഇവിടെ പങ്കുവയ്ക്കുന്നത്. വിമാനം ഉയരുമ്പോൾ പ്രണവമന്ത്രം പോലെയുള്ള ഒരു ശബ്ദം ശിവൻ കേട്ടു. യാത്രയിൽ കാലത്തിന്റെ തിരയടിയേറ്റ് ഇടിഞ്ഞ – പുരാതനമായ – നിരവധി നഗരങ്ങളും വലിയ ക്ഷേത്രങ്ങളും തേരുരുളുന്ന പാതകളും പിന്നിടുന്നു. ശിവന്റെ സ്തുതിഗീതങ്ങൾ കേട്ടും ക്ഷേത്രനടയിലെ വിളക്കുകളുടെ പ്രകാശം കണ്ടും മുന്നോട്ടു പോകുന്ന ശിവന് നേരത്തു ഭക്ഷണമില്ലെന്നായിരിക്കുന്നു. ഉ ദ്വേഗത്താൽ ഉള്ള് കാളുമ്പോൾ വിശപ്പും ഉറക്കവുമില്ലാത്ത അവസ്ഥയായി.
അതിനിടയിൽ ഒരു നിമിഷം ശിവന്റെ കാൽപാദം പുതിയ ഭൂമിയെ സ്പർശിച്ചു. ഓരോ നിമിഷവും പുതിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ശിവന് കാണുന്നതെല്ലാം പുതിയ കാഴ്ചകളാണ്. പുതിയ നിറം, പുതിയ തിളക്കം, പുതിയ മണം. പുലരിമഞ്ഞിൽ വഴിയോരങ്ങളിലെ മരങ്ങൾ വെൺമയുള്ള പുഞ്ചിരി തൂകിനില്ക്കുന്നു -തണുപ്പുരാജ്യമെന്ന സൂചന. വിജനമായ നീണ്ട പാതകളും വരിവരിയായി ക്രമീകരിക്കപ്പെട്ട കെട്ടിടങ്ങളോടുകൂടിയ നഗരവീഥികളുമൊക്കെ അപാരമായ നിശബ്ദതയിൽ പാശ്ചാത്യരാജ്യങ്ങളിലെ നിശ്ശബ്ദമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. ആ പുതുഭൂമി ശിവനെ സ്വാഗതം ചെയ്തു. പ്രദർശനനഗരിയിലെത്തിച്ച ശിവനെ അവർ ഊർദ്ധ്വനിലയിലുള്ള നടരാജവിഗ്രഹം പോലെ നിർത്തി. വലതുകാൽ കുത്തനെ മേൽപ്പോട്ടുയർത്തി, പ്രഭാമണ്ഡലം വച്ച്, മുദ്രകാണിപ്പിച്ചുകൊണ്ട് അവർ ശിവനെ ജീവനുള്ള വിഗ്രഹമാക്കി മാറ്റി. തിങ്കൾക്കലയിലും മുക്കണ്ണിലും നാഗത്തലയിലും വിളക്കുകൾ തെളിച്ചു. പ്രദർശനകവാടത്തിനു പുറത്ത് തന്റെ പേരും ചരിത്രവും മുദ്രണം ചെയ്തു വച്ചിരിക്കുന്നത് പരസ്യബോർഡിലെ എഴുത്ത് ശിവൻ കാണുന്നു. ശിവൻ നോക്കുന്നിടത്തെല്ലാം ജനത്തിരക്കാണ്. വെളുത്തവരും തുടുത്തവരും കറുത്തവർഗ്ഗക്കാരുമായ ജനനങ്ങൾ. തന്നെക്കുറിച്ച് ചിലർ ഇംഗ്ലീഷിലും ചിലർ ജർമ്മനിലും മറ്റു ചിലർ ഫ്രഞ്ചിലും മുഖസ്തുതി പറയുന്നത് ശിവൻ കേട്ടു. ചിലർ തന്നെ നോക്കി ചിത്രം വരയ്ക്കുന്നതും മിന്നൽ വെളിച്ചങ്ങൾകൊണ്ടുഴിയുന്നതും ക്യാമറയുടെ ഫ്ളാഷ് – തന്റെ നില്പ്പ് ഒരു സ്ത്രീ അനുകരിക്കുന്നതും ശിവൻ കണ്ടു. തനിക്ക് അംഗീകാരം ലഭിക്കുന്നുവെന്നു മനസ്സിലായപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ശിവന് അനുഭവപ്പെട്ടു. വിശന്നു വന്നവൻ സദ്യക്കു മുമ്പിലെത്തിയതുപോലെ, വിവാഹവേദിയിൽ നില്ക്കുന്ന വധുവിനെപ്പോലെ, സമ്മാനം ലഭിച്ച ഒരു കൊച്ചു കവിയെപ്പോലെ, ഒന്നു പകച്ചുപോയെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരത്തിലുണ്ടായ അമ്പരപ്പ് തന്റെയുള്ളിൽ ആനന്ദമുണ്ടായെന്ന് ശിവൻ വെളിപ്പെടുത്തുകയാണ്. തന്റെ സ്വത്വം ഒളിപ്പിച്ചുവച്ച് മറുനാട്ടിൽ അന്യനെപ്പോലെ നിൽക്കേണ്ടിവരുന്ന ഓരോ പ്രവാസിയുടെയും അവസ്ഥയാണ് കവി ശിവനിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യരുടെ ചോരയും നീരും കൊണ്ട് കെട്ടിപ്പൊക്കിയ നഗരത്തിന്റെ തിളക്കം ദൂരെ നിന്നു കാണാൻ മാത്രമാണ് പ്രവാസിയുടെ വിധിയെന്നും കവി സൂചിപ്പിക്കുന്നു.
വരികൾ . (123-176)
“പിന്നെയും വന്നു ശരത്ത്, ഹേമന്തവും
വേനലുമന്നു ശിവരാത്രിയാകണം-
..,…………………………………………..
കഴുത്തിൽ കരുതിയ വിഷവും
ഫലിക്കയില്ലെന്ന്
ഇടിവെട്ടുന്നു കടുന്തുടി.
അർത്ഥ വിശദീകരണം
കന്യാ മുന = കന്യാകുമാരി മുനമ്പ്
വിണ്ണാറ് = ആകാശഗംഗ
മുരശ് = പെരുമ്പറ
കുളിർമലപ്പെണ്ണ് = ശിവന്റെ ആദ്യഭാര്യയായ സതി
മൃത്യുഞ്ജയൻ = മരണത്തെ ജയിക്കുന്നവൻ
ആശയ വിശദീകരണം
നാടുവിട്ടു കഴിയുന്ന ശിവന്റെ ജീവിതം ഓരോ ഋതുഭേദങ്ങളിലൂടെ കടന്നുപോയി. ഹേമന്തത്തിന്റെ ഒടുവിൽ, വേനലിൽ ശിവരാത്രി മഹോത്സവമെത്തി. കന്യാകുമാരി മുതൽ കൈലാസംവരെയും ഉറക്കമൊഴിയുന്ന ദിവസമാണത്. തന്റെ മുന്നിലിരുന്നുള്ള നാമജപങ്ങൾ തേൻമൊഴികൾ പോലെ കാതിലേക്കിറ്റുവീഴുന്നതായി ശിവനു തോന്നി. കാവേരിയുടെ തീരത്തെ തേൻകരിമ്പിന്റെ ചാറുപോലുള്ള മൊഴികളായിരുന്നു അത്. അപ്പോൾ നന്ദികേശന്റെ അമറലും ഗണേശന്റെ ചിന്നംവിളിയും തലച്ചോറിന്റെ ഇടകളിൽ മാറ്റൊലിക്കുന്നതുപോലെ ശിവന് അനുഭവപ്പെട്ടു.
ഇപ്പോൾ ചുറ്റിലും കാണുന്നത് തൊണ്ടയും വായും തുറന്നുകൊണ്ടുള്ള സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളാണ്. ഉടലുകൾ ഇളകിമറിയുന്നതിൽനിന്നും കമ്പികൊണ്ടും തോലുകൊണ്ടുമുള്ള ഊത്തുവാദ്യങ്ങളിൽനിന്നും ഉയരുന്നത്. രക്തവും മാംസവും തമ്മിലുള്ള വാഴ്ത്തുപാട്ടുകളാണ്.
കൊടുംകാടുകൾ പൂക്കുന്നതുപോലെയും തിരയാകുന്ന മതിലുകൾ മറിയുന്നതുപോലെയുമാണ് ആ കാഴ്ചകൾ. അതുകണ്ടപ്പോൾ ശിവൻ തന്റെ പൂർവ്വകാലത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുപോകുന്നു. തനിക്കുമുണ്ടായിരുന്നു സ്വാതന്ത്ര്യത്തിന്റെ മധുരം ആവോളം ആസ്വദിച്ചു നടന്ന നാളുകൾ. തലയോട്ടിയിൽ സോമരസം – (മദ്യം) നിറച്ചു കുടിച്ചതും കാളുന്ന ചിതയിൽ തീ കായുന്നതും ആകാശഗംഗയുടെ ചുവട്ടിൽ നിന്ന് കുളിച്ചതും ഉളിപോലെ കൂർത്ത കല്ലുകൾക്കു മുകളിൽ നിന്ന് നൃത്തം ചവിട്ടിയിരുന്നതുമായ നാളുകളിലൂടെ ശിവന്റെ ചിന്തകൾ കടന്നുപോയി. തനിക്കു ചുറ്റും ആണും പെണ്ണും വള്ളിയും മരങ്ങളും പോലെ തമ്മിൽ പിണയുന്നത് സഭ്യതയില്ലാത്ത നൃത്തത്തെ സൂചിപ്പിക്കുന്നു. ശിവൻ കണ്ടു. മറ്റൊരു ലോകത്തു കഴിയുന്ന ഈ മനുഷ്യർ ഉള്ളിലൊന്നുമില്ലാത്തവരും (അർദ്ധനഗ്നരായി നിന്ന് നൃത്തം ചെയ്യുന്ന വിദേശികൾ തുറന്ന മനസ്സുള്ളവരാണെന്നാണ് പൊതുവെയുള്ള ധാരണ ) കാലുകൾ നീട്ടി നടക്കുന്നവരുമാണെന്ന് ശിവൻ വിലയിരുത്തുന്നു. താനാകട്ടെ, ഇന്നിപ്പോൾ ദേശവും കാലവുമൊന്നുമില്ലാത്തവനായിരിക്കുന്നു. അന്യനെപ്പോലെ ഈ സമൂഹത്തിനു പുറത്തു നില്ക്കുകയാണ് താൻ. സദസ്സിനു മുന്നിലെ കോമാളിയെപ്പോലെയായിപ്പോയ താനിന്ന് കടലിലകപ്പെട്ട മരം പോലെ കരകാണാതലയുന്നവനും ചാട്ടം പിഴച്ചവനുമാണ്.
ഹൃദയത്തിന്റെ ആഴങ്ങളിൽ തീപിടിക്കുന്നതുപോലുള്ള അവസ്ഥയിലാണ് ശിവനിപ്പോൾ. നീലകണ്ഠനായ ശിവന്റെ തൊണ്ടയിൽ എന്തോ കട്ടപിടിക്കുന്നതുപോലെയും വലിയ കാന്തംകൊണ്ടു പിടിച്ചു വലിക്കുന്നതുപോലെയും തന്റെ നെഞ്ചിൽ ആരോ പെരുമ്പറയുടെ കോലുകൊണ്ട് അടിക്കുന്നതുപോലെയും ശിവനു തോന്നി. അപ്പോൾ വീണക്കമ്പിയിൽ ഇറ്റുകൂടിയ സ്വരംപോലെ ശിവന്റെ മൂന്നു കണ്ണുകളും നനഞ്ഞു. പണ്ട് ശൂർപ്പകനാൽ വേട്ടയാടപ്പെട്ട് കാമദേവന്റെ ശത്രുവായ ഒരു
അസുരനാണ് ശൂർപ്പകൻ – മൂന്നു ലോകങ്ങളിലും ഓടിയപ്പോഴും സതി തീയിലിറങ്ങി ചാരക്കൂമ്പാരമായി കിടന്നപ്പോഴും (ദക്ഷയാഗകഥയെ സൂചിപ്പിക്കുന്നു-) വേദങ്ങളെല്ലാം വൈഷ്ണവഭക്തരും ശിവഭക്തരും തമ്മിൽ കലഹിച്ചപ്പോഴും ബുദ്ധന്മാരുടെ എതിർപ്പിനെ നേരിട്ടപ്പോഴും മുഹമ്മദീയർ തനിക്കെതിരായി നിന്നപ്പോഴും ഒട്ടും നനയാതിരുന്ന കണ്ണുകളാണ് തന്റേതെന്ന് ശിവനപ്പോൾ ഓർത്തു. ഒടുവിൽ നഷ്ടപ്പെട്ട അവസ്ഥയിൽനിന്ന് പൂർവ്വകാല പ്രതാപത്തിലേക്ക് എന്തെങ്കിലുമൊരു മടക്കമുണ്ടാകുമോയെന്ന ആശങ്ക ശിവന്റെയുള്ളിൽ രൂപപ്പെടുന്നു. തന്നെ ചുഴന്നുനിന്ന് കളിയും ചിരിയും മാന്ത്രികവിദ്യകളും ഗ്രന്ഥങ്ങളും തന്ത്രങ്ങളും സിദ്ധാന്തങ്ങളും പടകളും പടക്കോപ്പുകളും പയറ്റുകളുമെല്ലാം വെറുതെയായിപ്പോയെന്ന് ശിവൻ തിരിച്ചറിയുന്നു. മരണത്തെ അതിജീവിക്കുന്നവനാകയാൽ കഴുത്തിൽ കരുതിയ വിഷം പോലും ഫലിക്കുകയില്ലെന്ന് മനസ്സിലായ നിമിഷത്തിൽ ശിവന്റെ ഹൃദയത്തിൽ നിന്ന് ഇടിവെട്ടുന്നതുപോലെ കടുംതുടിയുയർന്നു.
Recap
|
Questions
|
Answers
|
Assignment topic
|
References
|
E- content
|