യൂണിറ്റ് – 8
ബുദ്ധനും ആട്ടിൻകുട്ടിയും –
എ.അയ്യപ്പൻ
Learning Outcomes
|
Prerequisites
” കാറപകടത്തിൽപ്പെട്ടു ………………………………………….. ഇന്നത്താഴം ഇതു കൊണ്ടാകാം നിങ്ങൾ പ്രസിദ്ധമായ ഈ വരികൾ കേട്ടിട്ടുണ്ടാകുമോ ? എ.അയ്യപ്പന്റെ അത്താഴം എന്ന കവിതയിൽ ഉളളതാണ്. എ.അയ്യപ്പന്റെ കവിതകൾ സർറിയലിസ്റ്റിക് സ്വഭാവമുള്ളവയാണ്. ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും മാനസിക വ്യാപാരങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായമാണിത്. അക്കാലത്തെ കവികൾ പ്രദാനം ചെയ്യുന്ന തലം ഇടത്തരക്കാരുടെ ജീവിത സംഘർഷങ്ങളാണ്. വ്യക്തി നിസ്സാരനാകുന്ന അവസ്ഥ, ദാരിദ്ര്യദുഃഖം, സംഘർഷാത്മകത, അരാജകത്വം, കുടുംബ ശൈഥില്യം, അസ്തിത്വദുഃഖം എന്നിങ്ങനെ മനുഷ്യർ നേരിടുന്ന സർവ്വ സാഹചര്യങ്ങളും ആധുനിക കവിതകൾക്ക് വിഷയമായി. ആധുനിക കവിത ക്ലാസിക്ക് കാവ്യ സങ്കല്പങ്ങളായ വൃത്തം, അലങ്കാരം എന്നിവയെ നിരാകരിക്കുന്നു. പാരമ്പര്യ കഥാഖ്യാനത്തെ ഈ കവികൾ എതിർക്കുന്നു. ആക്ഷേപഹാസ്യത്തിലൂടെ നഗര വിഹ്വലതകളെ വ്യക്തി കേന്ദ്രിതമാക്കി അവതരിപ്പിക്കുകയാണ് ആധുനികകവിത ചെയ്യുന്നത്. അയ്യപ്പപ്പണിക്കർ ,എൻ.എൻ.കക്കാട്, കടമ്മനിട്ട, എൻ.വി.കൃഷ്ണവാര്യർ എന്നിവരും ആ കാവ്യ സാഹചര്യത്തിലെ എഴുത്തുകാരാണ്. എ.അയ്യപ്പന്റെ മറ്റു കവിതകൾ പരിചയപ്പെടുന്നു. വെയിൽ തിന്നുന്ന പക്ഷി, എന്റെ ശവപ്പെട്ടി ചുമക്കുന്നവർ, ശവ ശരീരത്തിലെ പൂക്കൾ, മാളമില്ലാത്ത പാമ്പ്, അത്താഴം, ഗ്രീഷ്മമേ സഖി എന്നിവയാണ് . 1999-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 2010-ലെ ആശാൻ കവിതാ പുരസ്കാരവും എ.അയ്യപ്പനു ലഭിച്ചിട്ടുണ്ട് |
3.8.1. Content
ബുദ്ധനും ആട്ടിൻകുട്ടിയും എന്ന വൈരുദ്ധാത്മക കവിത എ.അയ്യപ്പന്റെ പ്രസിദ്ധ കൃതിയാണ്. അയ്യപ്പന്റെ കവിതകളിൽ നിരവധി ബിംബങ്ങൾ കടന്നുവരുന്നുണ്ട്. അയ്യപ്പന്റെ കവിതകളെ മുറിവുകളുടെ വസന്തം എന്നു വിശേഷിപ്പിക്കുന്നു.. കല്ലേറു കൊണ്ടു കണ്ണു പൊട്ടിയ ഒരു ആട്ടിൻകുട്ടി ബുദ്ധസമക്ഷം എത്തി തന്റെ വിഷമതകൾ ശ്രീ ബുദ്ധനോട് പറയുന്നതാണ് പാഠ സന്ദർഭം.
വരികൾ ( 1 മുതൽ 3 വരെ )
ബുദ്ധാ ഞാനാട്ടിൻ കുട്ടി
…………………………………………………………
നിൻ ആൽത്തറ കാണുവാനൊട്ടും വയ്യ
ആശയ വിശദീകരണം.
ആട്ടിൻകുട്ടി ഇവിടെ നിസ്സാഹയതയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. തന്നെ ഉപദ്രവിക്കുന്നവരെ പോലും എതിർക്കുവാൻ ശേഷിയില്ലാത്ത ഒരു സാധു ജീവി. കവി തന്റെ നിസ്സഹായാവസ്ഥ ആട്ടിൻകുട്ടിയിൽ പ്രതീകവത്കരിക്കുന്നു. ബുദ്ധനെ അഭിസംബോധന ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. കല്ലേറു കൊണ്ട് കണ്ണു നഷ്ടപ്പെട്ട ആട്ടിൻകുട്ടി ബുദ്ധ സമക്ഷം നിൽക്കുന്നു. അന്ധനായ തനിക്ക് ബുദ്ധന്റെ ആൽത്തറ കാണുവാൻ കഴിയുന്നില്ല എന്നു ആട്ടിൻകുട്ടി വിലപിക്കുന്നു. ബുദ്ധന് തന്റെ ഉൾകണ്ണിനു കാഴ്ച ( ബോധോദയം ) ലഭിച്ചത് ബോധിവൃക്ഷ ചുവട്ടിലായിരുന്നല്ലോ. അവിടെയാണ് ആട്ടിൻകുട്ടി കണ്ണു നഷ്ടപ്പെട്ടു വിലപിക്കുന്നത്. ആൽത്തറയും ബുദ്ധനെയുമൊന്നും അതിനു കാണാൻ കഴിയുന്നില്ല. ഹിംസയുടെ ഇരയായ ആട്ടിൻകുട്ടി അഹിംസയുടെ പ്രതിരൂപമായ ബുദ്ധനെ സമീപിക്കുന്നു …. പക്ഷേ അദ്ദേഹത്തെ കാണാൻ പോലും അതിനു കഴിയുന്നില്ല. ബുദ്ധന്റെ സാന്നിധ്യം തനിക്ക് ആശ്വാസം നൽകുമെന്ന ആട്ടിൻകുട്ടിയുടെ വിശ്വാസമാണ് ഇവിടെ തകരുന്നത്. കാരുണ്യ മൂർത്തിയും അഭയ കേന്ദ്രവുമായ ബുദ്ധനും ആൽത്തറയും കാണാതെ വിലപിക്കുന്ന നിരാശ്രയയായ ആട്ടിൻകുട്ടി എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് നിരാലംബരായ ജനതയെയാണ്.
വരികൾ (4 മുതൽ 8 വരെ)
കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
…………………………………………………………………………….
തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ.
അർത്ഥ വിശദീകരണം
കൃപാധാമം = കാരുണ്യത്തിന്റെ ഇരിപ്പിടം
പ്രഭാതീരം = ധർമ്മ രശ്മി ചൊരിയുന്ന തീരം
അലിവിന്നുറവ = കരുണയുടെ ഉറവ
ആശയ വിശദീകരണം
കൃപാനിധിയായ ബുദ്ധഭഗവാനേ… എനിക്ക് അങ്ങയെയോ നമ്മെ നയിക്കുമെന്നു കരുതുന്ന പ്രഭാതീരമോ ഒന്നും കാണാൻ കഴിയുന്നില്ല എന്ന ആട്ടിൻകുട്ടിയുടെ വിലാപം നിരാലംബരായ ജനതയുടേതാണ്. ഒരു പ്രഭാതീരവും പ്രതീക്ഷയും യാഥാർത്ഥ്യമാവില്ലായെന്നും നാമെപ്പൊഴും അനാഥരായി ഇരുട്ടിൽ ദിശയറിയാതെ ഉഴറുന്ന ജനതയാണെന്നു ബോധ്യപ്പെടുത്തുന്നു. ഇടയൻ നഷ്ടപ്പെട്ട കുഞ്ഞാടാണ് ഞാൻ എനിക്ക് ശരണം നീ മാത്രമാണ്. അലിവിന്നുറവയായ ബുദ്ധാ … നീ ഞങ്ങളെ നയിക്കേണമേ … രക്ഷിക്കേണമേ …എന്നുള്ള പ്രാർത്ഥനയാണീ വരികൾ.
വരികൾ (9മുതൽ 11 വരെ)
കണ്ണിലെ ച്ചോര വീഴും പാതയിൽ നീ നിൽക്കുമ
………………………………………………………………………………………………………………………………..
കണ്ണിന്റെ കനിവെല്ലാം കാണുവാൻ കഴിയുമോ
ആശയ വിശദീകരണം
ആട്ടിൻകുട്ടി സന്ദേഹപ്പെടുന്നു. നീ എന്നെ സഹായിക്കുമോ ….എന്റെ കണ്ണിലെ ചോര വീഴുന്നിടത്ത് , എനിക്ക് ജീവിതത്തിൽ ദുരിതങ്ങൾ വരുമ്പോൾ ., പ്രതിസന്ധി വരുമ്പോൾ നീ എന്നെ രക്ഷിക്കില്ലേ എന്നാണ് ആട്ടിൻകുട്ടി ചോദിക്കുന്നത്. പണ്ട് ബിംബിസാരന്റെ മുടന്തനായ ആട്ടിൻകുട്ടിയെ രക്ഷിച്ചതു പോലെ എന്റെ കണ്ണുകളിൽ ചുംബിച്ചെന്നെ തോളിലേറ്റുമോയെന്ന് ദയാവായ്പ്പോടെ ചോദിക്കുന്നു. അങ്ങയുടെ കാരുണ്യത്തിന്റെ കരങ്ങൾ, രശ്മികൾ എന്നെ തലോടുമോ …. ആ കനവെല്ലാം എനിക്ക് കാണാൻ കഴിയുമോ . എന്നീ സന്ദേഹങ്ങളെല്ലാം കവിയുടേതു കൂടിയാണ്.
വരികൾ (12 മുതൽ 14 വരെ)
മുള്ളുകൾ തറയ്ക്കുന്നു കാലുകൾ മുടന്തുന്നു
………………………………………………………………..
പൊന്നു വാഗ്ദാനം വീണ്ടും കേൾക്കുമോ തഥാഗതം
അർത്ഥ വിശദീകരണം
വിണ്ണ് = ആകാശം
വൈഖരി = സാർത്ഥകമായ ശബ്ദം
തഥാഗതൻ = ഗൗതമബുദ്ധൻ
ആശയവിശദീകരണം
കാലിൽ മുള്ളുകൾ തറഞ്ഞു കയറി കാലു മുടന്തി കൊണ്ട് പ്രതീക്ഷയോടെ വീണ്ടും ആട്ടിൻകുട്ടി ചോദിക്കുന്നു. ഇനി മുന്നോട്ടുള്ള യാത്ര അസഹീനയാണ്. ആകാശത്തിലേക്കുയരുന്ന ശബ്ദം പോലെ അങ്ങയുടെ കാരുണ്യം നിറഞ്ഞ വാഗ്ദാനങ്ങൾ വീണ്ടും കേൾക്കുമോ ….. അവയൊക്കെ നിറവേറ്റിത്തരാൻ അങ്ങു വരുമോയെന്നും ചോദിക്കുന്നു.
വരികൾ (15 മുതൽ 18 വരെ)
മിണ്ടാത്ത നിൻ വെങ്കല പ്രതിമയെങ്ങാണാവോ
………………………………………………………………………………………..
നിൻ പേരു വിളിച്ചും കൊണ്ടെൻ ചോരക്കണ്ണടയവേ
ആശയ വിശദീകരണം
ഇന്ന് ബുദ്ധവിഗ്രഹം അതിന്റെ ചൈതന്യം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മിണ്ടാത്ത , പ്രതികരിക്കാത്ത ഒരു വെങ്കല പ്രതിമ മാത്രമാണ് ഇന്ന് നീയെന്നും കവി പരിതപിക്കുന്നു. ആ നിസ്സഹായവസ്ഥയിൽ നിന്നും ബുദ്ധനെ ഉണർത്താൻ ആത്മബലിക്കുപോലും കവി തയ്യാറാകുന്നു. ആ കുരുതി രക്തം (ബലിച്ചോര) കൊണ്ട് സ്നേഹശൂന്യമായ ഈ ഭൂമിയിൽ കാരുണ്യവും നന്മയും തിരിച്ചു കൊണ്ടുവരാമെന്നും നവജീവന്റെ തുടിപ്പുകൾ ഉണർത്താമെന്നും കവി പ്രത്യാശിക്കുന്നു.
വരികൾ (19 മുതൽ 21 വരെ)
പുൽക്കൊടിത്താഴ് വരകൾ കാതിൽപ്പറഞ്ഞു യെന്നെ..
…………………………………………
കല്ലെറിഞ്ഞ വനൊരു സിദ്ധാർത്ഥനെന്ന കുട്ടി
ആശയ വിശദീകരണം
ആട്ടിൻകുട്ടി മനസിലാക്കുന്നു അല്ലെങ്കിൽ പുൽക്കൊടിത്താഴ് വരകൾ അതിനെ ബോധ്യപ്പെടുത്തുന്നു. തന്നെ കല്ലെറിഞ്ഞവൻ, ആ കുട്ടിയുടെ പേര് സിദ്ധാർത്ഥൻ എന്നാകുന്നുവെന്ന്. ഇവിടെ ഒരു വൈരുദ്ധ്യാത്മകതയുണ്ട്. അഹിംസാത്മകതയുടെ പ്രതിരൂപമായ ശ്രീ ബുദ്ധന്റെ ബാല്യകാലത്തിലെ പേര് സിദ്ധാർത്ഥൻ എന്നായിരുന്നു. ആ പേരിലുള്ള ഒരു കുട്ടിയാണ് ഇവിടെ അക്രമം കാട്ടിയിരിക്കുന്നത്. രക്ഷകനാകേണ്ടവർ ശിക്ഷകരാകുന്ന സാഹചര്യങ്ങളെ ഇവിടെ ഓർമ്മപ്പെടുത്തുന്നു. ആധുനിക സമൂഹത്തിലെ ബുദ്ധാവതാരങ്ങൾ അശരണരുടെ നിലവിളി കേൾക്കുന്നില്ല. നിന്റെ കാരുണത്തിന്റെ കരസ്പർശമേൽക്കാതെ, എന്റെ കണ്ണടയുന്ന നിമിഷത്തിലാണ് അറിയുന്നതു എന്നെ കല്ലെറിഞ്ഞത് സിദ്ധാർത്ഥനെന്ന കുട്ടിയാണെന്ന്. പ്രച്ഛന്ന വേഷക്കാരായ ശിക്ഷകരോടാണ് താൻ സങ്കടം ബോധിപ്പിച്ചതെന്ന ആട്ടിൻകുട്ടിയുടെ തിരിച്ചറിവിലൂടെ കവിത അവസാനിക്കുന്നു.
Recap
|
Objective Questions
|
Answers
|
Assignment topic
|
References
|