Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

യൂണിറ്റ് -9

ഇഷ്ടമുടിക്കായൽ –

                                                                                           കുരീപ്പുഴ ശ്രീകുമാർ

Learning Outcomes

  • കുരീപ്പുഴ ശ്രീകുമാർ എന്ന കവിയെയും കൃതികളെയും പരിചയപ്പെടുന്നു.
  • കായൽ സൗന്ദര്യം വിവരിക്കുന്ന കവിതകളുടെ സവിശേഷതകൾ മനസ്സിലാക്കുന്നു.
  • പ്രാദേശിക ചരിത്രമെങ്ങനെ കവിതയിൽ ഉൾച്ചേരുന്നു എന്നു മനസ്സിലാക്കുന്നു.
  • കുരീപ്പുഴ ശ്രീകുമാറിന്റെ കാവ്യശൈലിയുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നു.

Prerequisites

    പ്രകൃതി  എക്കാലവും കവിതക്ക് വിഷയകമായിട്ടുണ്ട്. പ്രകൃതിയെക്കുറിച്ചു വർണ്ണിക്കാത്ത കവികളില്ല എന്നു തന്നെ പറയാം. ആദിമകാവ്യം മുതൽ ഉത്തരാധുനിക കവിതകൾ വരെ പ്രകൃതിയെ വർണ്ണിക്കുന്നവയാണ്. കേരളത്തിന്റെ ഭൂപ്രകൃതി വളരെ മനോഹരമാണ്. പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ള പൂക്കളും മലകളും കാടുകളും കായലും പുഴയും കടലും എല്ലാം കവിതക്ക് വിഷയകമായിട്ടുണ്ട്. പുഴകളെയും കാടുകളെയുമെല്ലാം കാല്പനികതയുടെ ഘട്ടത്തിൽ കവികൾ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്. ഏതു സാഹിത്യ പ്രസ്ഥാനങ്ങളുടെ പ്രഭാവകാലത്തും പ്രകൃതിയെക്കുറിച്ചുള്ള വിവരണങ്ങൾ  കവിതയിലുണ്ടായിട്ടുണ്ട്. അത് ഏറിനിന്ന ഒരു കാലഘട്ടം കാൽപനികതയുടേതായിരുന്നു എന്നു മാത്രം.

നിളയെന്ന പുഴയെ കവിതകളിൽ വർണ്ണിച്ചുകൊണ്ട് നിളയുടെ കാമുകൻ എന്ന വിശേഷണം നേടിയ ആളാണ് പി.കുഞ്ഞിരാമൻ നായർ. കായലിന്റെ സൗന്ദര്യത്തെ വർണ്ണിച്ച കവിയാണ് തിരുനെല്ലൂർ കരുണാകരൻ. ഈ പാരമ്പര്യത്തിലേക്ക് എത്തിച്ചേർന്ന ഉത്തരാധുനിക കവിയാണ് കുരീപ്പുഴ ശ്രീകുമാർ . ‘ആലപ്പുഴവെള്ളം’ എന്ന കവിതയിലൂടെ ഉത്തരാധുനിക ഘട്ടത്തിലെ ശ്രദ്ധേയയായ കവിയത്രി അനിതാ തമ്പിയും കായൽ സംസ്കാരത്തെ ഒപ്പിയെടുത്തു. അടിയന്തിരാവസ്ഥ സൃഷ്ടിച്ച സംഘർഷങ്ങളും അനശ്ചിതത്വവും നിലനില്ക്കുന്ന കലുഷിതമായ കാലത്തിലൂടെ കടന്നുവന്ന കവിയാണ് കുരീപ്പുഴ ശ്രീകുമാർ.

    1955-ൽ കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജനിച്ച ശ്രീകുമാർ എഴുപതുകളിലാണ് എഴുതിത്തുടങ്ങിയത്. എഴുപതുകളിലെയും എൺപതുകളിലെയും യുവത്വത്തെ നിരാശയിലാഴ്ത്തിയ തൊഴിലില്ലായ്മയുടെയും ജീവിത പ്രതിസന്ധികളുടെയും സംഘർഷങ്ങൾ കുരീപ്പുഴയുടെ കവിമനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. വീണവില്പനക്കാരൻ, ആത്മഹത്യാമുനമ്പ്, ദുഃഖപ്പാട്ട്, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, കാഴ്ച, തുമ്പപ്പൂവിനൊരു കത്ത്, ചോരക്കലാശം തുടങ്ങിയ ആദ്യകാല കവിതകളിലെല്ലാം ദുഃഖവും നിരാശയും സന്ദേഹവും നിറഞ്ഞ യുവഹൃദയത്തിന്റെ നിശ്വാസങ്ങളാണുള്ളത്.

    എൺപതുകളിൽ കേരളത്തിലെ കലാലയാന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ‘ജെസ്സി’ എന്ന കവിതയും 2000-ൽ രചിച്ച ‘കീഴാളനു ‘മാണ് കുരീപ്പുഴയുടെ ഏറ്റവും പ്രശസ്തമായ കവിതകൾ. കപടഭക്തിയെയും അന്ധവിശ്വാസത്തെയും ആചാരങ്ങളെയും പച്ചയായി എതിർക്കുന്ന ചാർവ്വാകൻ എന്ന കവിത കുരീപ്പുഴ ശ്രീകുമാർ എന്ന മനുഷ്യവാദിയെ തുറന്നുകാട്ടുന്നുണ്ട്. സോഷ്യലിസ്റ്റ് ആദർശങ്ങൾക്കൊപ്പം നിലകൊണ്ട് രാഷ്ട്രീയത്തിന്റെ തൂണുകൾ കടപുഴകുമെന്നായപ്പോൾ കമ്മ്യൂണിസ്റ്റ്കവിയായ കുരീപ്പുഴ ഇങ്ങനെ എഴുതി: “ആകെ മടുത്തു സഖാവേ സഹിക്കുവാനാകാത്ത വാചകത്തെയ്യങ്ങളാടവേ… “ഇങ്ങനെ സാഹചര്യങ്ങളോട് അപ്പപ്പോൾ പ്രതികരിക്കുന്ന കവിയാണ് കുരിപ്പുഴ ശ്രീകുമാർ. അടുത്ത കാലത്ത് ഹിന്ദു ഫാസിസത്തിനെതിരെ പ്രതികരിച്ച അദ്ദേഹത്തിനു നേരെവർഗ്ഗീയശക്തികൾ വധഭീഷണി ഉയർത്തിയപ്പോൾ ‘വാക്കിന്റെ നാക്കരിയാനാവില്ല മക്കളേ’ എന്ന് പ്രതികരിച്ച അദ്ദേഹത്തിന്റെ ധീരത ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

 ഇരുനൂറിൽപ്പരം കവിതകളെഴുതിയ അദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരങ്ങളാണ് ശ്രീകുമാറിന്റെ ദുഃഖങ്ങൾ, രാഹുലൻ ഉറങ്ങുന്നില്ല, ഹബീബിന്റെ ദിനക്കുറിപ്പുകൾ, അമ്മമലയാളം, ഇഷ്ടമുടിക്കായൽ, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ എന്നിവ.ആധുനികതയുടേയും ഉത്തരാധുനികതയുടേയും ഘട്ടങ്ങളിൽ കാവ്യസാന്നിദ്ധ്യമുറപ്പിച്ച കവിയാണ് കുരീപ്പുഴ ശ്രീകുമാർ. കാവ്യരചനയുടെ സാമ്പ്രദായിക രീതികളോട് ചേർന്നും ചേരാതെയും സഞ്ചരിക്കുന്നഅദ്ദേഹം ചൊൽക്കവിതകളിലൂടെയാണ് ജനകീയകവിയായത്. അയ്യപ്പപ്പണിക്കരോട് ചേർത്തുനിർത്താവുന്ന രചനാശൈലിയും എൻ.വി.കൃഷ്ണവാരിയരുടെ യഥാതഥാരീതിയും കുഞ്ചൻനമ്പ്യാരുടെ നർമ്മവും കൂടിച്ചേർന്നതാണ് കുരീപ്പുഴയുടെ കവിതകൾ എന്ന് പ്രൊഫ. ആദിനാട് ഗോപി എന്ന നിരൂപകൻ വിലയിരുത്തിയിട്ടുണ്ട്.

ആധുനികതയുടെയും ഉത്തരാധുനികതയുടെയും കാവ്യധാരകൾക്കൊപ്പമാണ് കുരീപ്പുഴയുടെ കവിതകൾ സഞ്ചരിക്കുന്നത്. ഒ.എൻ.വി., സുഗതകുമാരി, അയ്യപ്പപ്പണിക്കർ, ആറ്റൂർ തുടങ്ങിയ കവികളെ പിൻതുടർന്നെത്തിയ കുരീപ്പുഴ ശ്രീകുമാറിന്റെ കാവ്യശൈലിയോട് ചേർന്നുപോകുന്ന ഉത്തരാധുനിക ഘട്ടത്തിലെ സമകാലിക കവികളാണ് ഏഴാച്ചേരി രാമചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, മുരുകൻ കാട്ടാക്കട തുടങ്ങിയവർ.

Key words

പ്രകൃതിസ്നേഹി- ഉത്തരാധുനികത – ആധുനികത – സോഷ്യലിസ്റ്റ് കവി – കുരീപ്പുഴയുടെ കൃതികൾ.

3.9.1. Content

ഉത്തരാധുനിക കവിതയുടെ ഗണത്തിൽപ്പെടുന്ന കവിതയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ”ഇഷ്ടമുടിക്കായൽ’ (2002). കവിയെ ചിരിപ്പിക്കുകയും കരയിക്കുകയും മോഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അഷ്ടമുടിക്കായലിന്റെ ഉൾത്തുടിപ്പുകളാണ് കവിതയുടെ കേന്ദ്ര പ്രമേയം. കായൽ തീരത്തു ജനിച്ചുവളർന്ന കവിയിൽ കായൽ സൃഷ്ടിച്ച സ്വാധീനത്തിന്റെ ദൃഷ്ടാന്തമാണ് ഈ കവിത. അഷ്ടമുടിക്കായലിന്റെ വിവിധ ഭാവങ്ങളും സവിശേഷതകളും പങ്കുവയ്ക്കുന്ന ഈ കവിതയിൽ കായലിനെ കാമുകിയായും അമ്മയായും കവി സങ്കല്പിക്കുന്നു.

വഞ്ചിപ്പാട്ടിന്റെ താളമായ നതോന്നതയാണ് ഈ കവിതയുടെ വൃത്തം.

“ഗണം ദ്വക്ഷരമെട്ടെണ്ണമൊന്നാം പാദത്തിൽ, മറ്റതിൽ

ഗണമാറര; നില്ക്കേണം രണ്ടുമെട്ടാമതക്ഷരേ,

ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻ പേർ നതോന്നതാ”.-എന്നതാണ് നതോന്നതയുടെ ലക്ഷണം. അതുപ്രകാരം ഒന്നാമത്തെ വരിയിൽ രണ്ടക്ഷരം വീതമുള്ള എട്ടു ഗണങ്ങളും (പതിനാറക്ഷരം) രണ്ടാമത്തെ വരിയിൽ രണ്ടക്ഷരം വീതമുള്ള ആറര ഗണവും (പതിമൂന്നക്ഷരം) എന്ന തോതിലാണ് പദ്യം വാർക്കുക. ഇഷ്ടമുടിക്കായലിന്റെ താളക്രമത്തിൽ ആദ്യത്തെ രണ്ടു പാദങ്ങളിലും ഒരേ അക്ഷരക്രമവും മൂന്നാം പാദത്തിൽ പതിമൂന്നരവുമായി നേരിയ വ്യതിയാനം വരുത്തിയിട്ടുണ്ട്.

പ്രാദേശിക വിജ്ഞാനങ്ങളും കായലറിവുകളും പകർന്നുനൽകുന്ന ഈ കവിതയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ശില്പഭംഗിതന്നെയാണ്. രൂപസൗന്ദര്യത്തിനും ഭാവസൗന്ദര്യത്തിനും ഒരേ സ്ഥാനമാണ് കവി നൽകിയിരിക്കുന്നത്. അഷ്ടമുടിക്കായലിന്റെ കിടപ്പും എടുപ്പും വിവരിച്ചുകൊണ്ട് തുടങ്ങുന്ന കവിത കായലിന്റെ എല്ലാ ഭാവങ്ങളെയും ആവിഷ്കരിക്കുന്നു. ഉൾത്തുടിപ്പുകളുടെ അനുഭൂതി പകരുന്ന ഈ കവിത കവിയും കായലും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ ബഹിർസ്ഫുരണമായി മാറുന്നു.

അഷ്ടമുടിക്കായലിന്റെ കാറ്റും മണവും കാഴ്ചകളും അനുഭവിച്ചു വളർന്ന കവിയുടെ മനസ്സിൽ കായൽ വലിയൊരു പ്രചോദനമാണ്. എട്ടുമുടിയും കോർത്തുകെട്ടിയ അവൾ തന്റെ നൂറുവിരലുകൾ കൊണ്ട് കാറ്റിനെ ഒതുക്കി, വിരിഞ്ഞും പരന്നും, തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന കാഴ്ചവിവരിച്ചുകൊണ്ടാണ് ഇഷ്ടമുടിക്കായൽ’ എന്ന കവിത ആരംഭിക്കുന്നത്.

കാർമുകിൽക്കൂട്ടത്തെ അമരത്തും കരിങ്കക്കകൾ അണിയത്തും വച്ചുകൊണ്ട് തടംതിങ്ങി തുഴഞ്ഞുപോകുന്ന തോണിയിലെ യാത്രക്കാരനായ കവി, പകലോന്റെ പള്ളിവേട്ടയ്ക്കായി ഒരുങ്ങി നില്ക്കു എന്നു പറഞ്ഞുകൊണ്ട് കായലാകുന്ന പ്രണയിനിയെ സംബോധന ചെയ്യുന്നു. തുടർന്ന് വ്യത്യസ്തങ്ങളായ കായൽക്കാഴ്ചകളിലൂടെയും ഓർമ്മകളിലൂടെയും സഞ്ചരിക്കുകയാണ് കവി.

രാത്രിയിൽ, അഷ്ടമുടിയുടെ തീരത്തെ കയർത്തൊഴിലാളിയായ റാണിയുടെ പാദസ്സരങ്ങൾ കിലുങ്ങുന്നതുകേട്ടുണർന്ന തിരുനെല്ലൂർ കരുണാകരൻ എന്ന കവിക്ക് അത് കാവ്യപ്രചോദനമായി മാറിയതും അങ്ങനെ തൊഴിൽപ്പാട്ടുകളുടെ പൂത്തിരകൾ സൃഷ്ടിക്കപ്പെട്ടതും കവി അനുസ്മരിക്കുന്നു. മഴക്കോളു കാണുമ്പോൾ പിറക്കുന്ന നറുംകൂഴാലിയും കായലോരത്തെ തിളക്കമുള്ള മണലും വെയിലേല്ക്കുമ്പോൾ അരഞ്ഞാണമിട്ടപോലെ തിളക്കമുള്ള വരകൾ പ്രത്യക്ഷപ്പെടുന്ന പ്രാച്ചിമീനുമൊക്കെ കവി കാണിച്ചുതരുന്ന കായൽക്കാഴ്ചകളാണ്. ഉരുക്കൾക്കുവേണ്ടി വീരഭദ്രക്ഷേതത്തിൽ വഴിപാടു നടത്തുന്നുണ്ടെങ്കിലും കർഷകരുടെ പ്രയാസങ്ങൾ ഒരിക്കലും തീരുന്നില്ല എന്ന് ഉരുക്കളെ വില്ക്കുന്ന രംഗത്തിലൂടെ സൂചിപ്പിക്കുന്നു. ഇറച്ചിയും കള്ളുമായി അലസജീവിതം നയിക്കുന്നവരോടു പൊറുക്കണമെന്ന് അവരുടെ അമ്മയായ കായലിനോട് കവി അപേക്ഷിക്കുന്നു.

നയനാന്ദകരമായ കാഴ്ചകൾ മാത്രമല്ല, ഭീകരമായ കായൽക്കാഴ്ചകളിലേക്കും കവി ചെന്നെത്തുന്നുണ്ട്. മുഖം പൊള്ളിച്ചശേഷം കായലിലേക്കു വലിച്ചെറിയുന്ന പെൺശവങ്ങളും പ്രേതബാധയേറ്റപോലുള്ള രാത്രിവണ്ടികളുടെ കൂവലും പെരുമൺ തീവണ്ടി ദുരന്തത്തിൽ മരിച്ചവരുടെ ആത്മാക്കളുമൊക്കെ അത്തരം കാഴ്ചകളാണ്. ഉത്സവത്തിന്നെഴുന്നള്ളിക്കുന്ന കോൽക്കുതിരയും അതിനെ വഹിക്കുന്നവരുടെ താളം പിടിക്കലും അതുകേട്ട് പുളയ്ക്കുന്ന കാഞ്ഞിരോട്ടു കരിമീനുമൊക്കെ അഷ്ടമുടിയിലെ കൗതുകക്കാഴ്ചകളിൽപ്പെടുന്നു. കായഫലമില്ലാതെ നില്ക്കുന്ന തെങ്ങിൻതോപ്പിന്റെ ചിത്രം കൃഷിനാശത്തെ സൂചിപ്പിക്കുന്നു. ഇവിടെനിന്ന് അഷ്ടമുടിയുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ സഞ്ചരിക്കുന്ന കവി ബോട്ടു മുങ്ങി മരിച്ച കുമാരനാശാനെയും നവോത്ഥാനത്തിന്റെ കല്പനകളുമായി വന്ന ശ്രീനാരായണഗുരുവിനെയും അധഃസ്ഥിതരുടെ മോചനത്തിനായി പ്രവർത്തിച്ച അയ്യങ്കാളിയെയും സ്മരിക്കുന്നു. ഒരിക്കൽ പ്രണയിനിയായ കായൽ തന്നെ മോഹിപ്പിച്ച കഥ ഓർക്കുന്ന കവി അവൾ പ്രസവിച്ച സന്തതികളുടെ തോന്ന്യാസങ്ങൾ എണ്ണിയെണ്ണിപ്പറയുന്നു. വേനലിൽ കരിയുന്ന കരയും, കരയുകയും ചിരിപ്പിക്കുകയും ചെയ്യുന്ന കായൽ കടലുമായി സംഗമിക്കുന്ന ചിത്രം കവി ചൂണ്ടിക്കാണിക്കുന്നു. ആ പ്രതിഭാസത്തിലൂടെ അഷ്ടമുടി കായലിന്റെ ഭാഗമായ താൻ സമുദ്രങ്ങൾ തമ്മിലുള്ള ബന്ധത്തിലൂടെ ലോകത്തെ തൊട്ടറിയുന്നതായി ഒടുവിൽ കവി സാക്ഷ്യപ്പെടുത്തുന്നു.

വരികൾ(1-14)

“മുടിയെട്ടും കോർത്തുകെട്ടി

വിരൽനൂറാൽ കാറ്റൊതുക്കി

……………………………………………

പാച്ചിക്കരഞ്ഞാണം വിളക്കുന്ന

വെയിൽക്കിന്നാരം”

അർത്ഥ വിശദീകരണം

മുടിയെട്ടും                           =            എട്ടു മുടികളുള്ള അഷ്ടമുടിക്കായൽ

അമരത്ത്                                              =            മുൻഭാഗത്ത്

അണിയത്ത്                                        =            പിൻഭാഗത്ത്

പള്ളിവേട്ട                                            =            സൂര്യാസ്തമയം

റാണി                                                      =            തിരുനെല്ലൂർ കരുണാകരന്റെ പ്രശസ്തമായ കവിത

തിരപ്പൂഞ്ചൂര്                                      =            കായൽത്തിരയിൽ നിന്നുയരുന്ന മണം

കൂഴാലി                                                 =           അഷ്ടമുടിക്കായലിൽ കാണുന്ന ഒരിനം മൽസ്യം

ജലശ്ശീല                                                 =            ജലമാകുന്ന വിരിപ്പ്

പ്രാച്ചി                                                       =           ഒരിനം മൽസ്യം

ആശയ വിശദീകരണം

അഷ്ടമുടിക്കായലിനോടുള്ള കവിയുടെ ഇഷ്ടം പ്രകടമാക്കുന്ന കവിതയാണ് “ഇഷ്ടമുടിക്കായൽ.’ കായലിനെ കാമുകിയായി സങ്കല്പിക്കുന്ന കവി അവളുടെ വിവിധ ഭാവങ്ങൾ പകർത്തുകയാണ് ഈ വരികളിലൂടെ, എട്ടു മുടികൾ (ശാഖകൾ) ചേർന്നതാണ് അഷ്ടമുടിക്കായൽ, തിരകളാകുന്ന വിരൽകൊണ്ട് കാറ്റിനെ ഒതുക്കി കിഴക്കോട്ടു തിരിഞ്ഞ്, വിരിഞ്ഞു കിടക്കുന്ന അവൾ കവിയുടെ തുഴത്തണ്ടിന്റെ താളത്തിനൊപ്പം തുടിക്കുകയാണ്.

അമരത്ത് (മുൻപിൽ) മുകിൽക്കൂട്ടവും അണിയത്ത് (പിന്നിൽ) കറുത്ത കക്കകളുമായി സഞ്ചരിക്കുന്ന തോണിയിലെ യാത്രക്കാരനായി മാറുകയാണ് കവി. തീരങ്ങൾ നിറഞ്ഞ് സാവകാശം തുഴഞ്ഞുപോകവേ, ആ കായൽപ്പെണ്ണിനോടു കവി പറയുകയാണ്; “എന്റെ ജലക്കൂട്ടേ, നിറക്കൂട്ടേ, നീ നിറഞ്ഞുനില്ക്ക്. ദൂരെ സംഭവിക്കാൻ പോകുന്ന പകലോന്റെ (സൂര്യന്റെ) പള്ളിവേട്ടയ്ക്കായി (അസ്തമനം) ഒരുങ്ങിനില്ക്ക്. ഇനി രാത്രികാലത്തെ കായലിന്റെ ഭാവപ്പകർച്ചയാണ് കവി പകർത്തുന്നത്. അഴുകിയ തൊണ്ടുകളെല്ലാം ഇരിഞ്ഞുവച്ചശേഷം തിരുനെല്ലൂരിന്റെ കവിതയിലെ കഥാപാത്രമായ റാണി (കയറുപിരിക്കുന്ന തൊഴിലാളി സ്ത്രീകളെ ആസ്പദമാക്കിയുള്ള കവിത) രാവിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. പാദസരം കിലുക്കി അവൾ തിടുക്കത്തിൽ നടക്കുന്ന പൂനിലാവത്ത്, തിരുനെല്ലൂർ എന്ന കവി ഉറക്കത്തിൽ നിന്ന് ഉണരുന്നു. എന്നിട്ട് കായലിന്റെ മടിക്കുത്തിൽ വയ്ക്കാനായി പൂപോലെ പതയുന്ന തീരയുടെ ചൂരുള്ള തൊഴിൽപ്പാട്ടുകൾ സമ്മാനിക്കുന്നു.

തിരുനെല്ലൂർ കരുണാകരൻ എന്ന കവിയുടെ റാണി എന്ന കഥാപാത്രം തന്റെ കവിതയ്ക്ക് പ്രചോദനമായി മാറിയ അനുഭവത്തെക്കുറിച്ചാണ് കുരീപ്പുഴ സൂചിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് കവിയായിരുന്ന തിരുനെല്ലൂരിന്റെ വിപ്ലവഗാനങ്ങളെയാണ് തൊഴിൽപ്പാട്ടുകളെന്ന് പരാമർശിക്കുന്നത്. തുടർന്ന് അഷ്ടമുടിക്കായലിലെ സവിശേഷമായ കാഴ്ചകളിലേക്കാണ് കവി അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടെ മഴക്കാലത്തുണ്ടാകുന്ന കൂഴാലി എന്ന അപൂർവ മൽസ്യമുള്ളതായി കവി ചൂണ്ടിക്കാണിക്കുന്നു. കായൽജലമാകുന്ന തിരശ്ശീലയ്ക്കപ്പുറത്ത് (കർട്ടൻ, വിരി) തിളക്കമുള്ള മണൽക്കണ്ണാടി (വെയിലത്ത് കണ്ണാടി പോലെ തിളങ്ങുന്ന മണൽ ) കാണാം. കായലിൽ നിന്നുയരുന്ന തിരകൾ മണൽവിരിപ്പുമായി സംഗമിക്കുമ്പോഴുണ്ടാകുന്ന നിഴലിന്റെ കൂമ്പാരവും പ്രാച്ചിമീനുകൾക്ക് അരഞ്ഞാണം വിളക്കുന്ന (വെയിൽ തട്ടുമ്പോൾ പ്രാച്ചിമീനുകളുടെ അരയുടെ ഭാഗത്ത് കാണപ്പെടുന്ന തിളക്കം ) വെയിലിന്റെ കിന്നാരവും കവി കാണിച്ചുതരുന്നു.

അഷ്ടമുടിക്കായലിന്റെ മാറിമാറി വരുന്ന ഭാവങ്ങളെ കുട്ടനാടൻ ജീവിതത്തിന്റെ തുടിപ്പുകളുമായി കോർത്തുകെട്ടി ആവിഷ്കരിച്ചിട്ടുള്ള കവിതയാണ് ഇഷ്ടമുടിക്കായൽ. കായലിനെ സ്ത്രീയായും കാമുകിയായും സങ്കല്പിച്ചുകൊണ്ട്, അവളുടെ രൂപവും ഭാവവും അവൾ നൽകുന്ന പ്രചോദനവും ചുറ്റുപാടുമുള്ള കാഴ്ചകളും കവി പങ്കുവയ്ക്കുന്നു. വഞ്ചിപ്പാട്ടിന്റെ താളമായ നതോന്നത വൃത്തത്തിലാണ് ഈ കവിത ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കായലിനെ കാമുകിയായി സങ്കല്പിച്ചിരിക്കുന്ന കവിതയിലെ പ്രധാന അലങ്കാരം രൂപകമാണ്. “അവർണ്യത്തോടു വർണ്യത്തിന്നഭേദദം ചൊൽക രൂപകം” എന്നാണ് അലങ്കാരം ലക്ഷണം. പരസ്പര സാദൃശ്യമുള്ള ധർമ്മങ്ങളോടുകൂടിയ ഒരു വർണ്യത്തിനും അവർണ്യത്തിനും ഭേദമില്ലെന്നു വരുന്നത് അഥവാ ഉപമാനത്തിന്റെയും ഉപമേയത്തിന്റെയും സമ്പൂർണ്ണ ചേർച്ചയാണ് രൂപകം.

വരികൾ(15-28)

“വീരഭദ്രൻ

കണ്ടുനിൽ കുളിച്ചു വന്ന്.

………………………………

ത്രസിക്കുമ്പോൾ ചിങ്ങരാവേ

കഥിച്ചു നില്ല്.”

അർത്ഥ വിശദീകരണം

വീരഭദ്രൻ                =            പരമശിവൻ

ഉരുക്കൾ                   =            കാളകൾ

മറുത                          =            യക്ഷി

കോൽക്കുതിര    =            സൂര്യൻ

കരിഞ്ചെല്ലി           =            തെങ്ങു നശിപ്പിക്കുന്ന ചെള്ള്

കടുംപാറാൻ         =            മരപ്പട്ടി

ആശയ വിശദീകരണം

കായൽക്കരയിലെ ക്ഷേത്രത്തിൽ നിന്ന് വീരഭദ്രൻ (ശിവന്റെ ജടയിൽനിന്നുത്ഭവിച്ച് മൂർത്തി നോക്കിനിൽക്കേ, കുളിച്ചുവന്ന് കരയിലെ ഉരുക്കൾക്കുവേണ്ടി പശുക്കൾക്കുവേണ്ടി കർഷകർ മണ്ണിൽ ഉരുണ്ട് (പശുക്കളുടെ ആരോഗ്യത്തിനുവേണ്ടി ഭക്തർ നടത്തുന്ന വഴിപാട് ) വഴിപാട് നടത്തുന്നു. കൃഷി നശിക്കുമ്പോൾ കടബാധ്യതയിൽ കുടുങ്ങിയ കർഷകർ പിടിച്ചു നില്ക്കുവാൻ നിവൃത്തിയില്ലാതെ തങ്ങളുടെ ഉരുക്കളെ വില്ക്കുന്നതും ആ ഉരുക്കളുടെ കയർ കാലിൽ ചുറ്റി (ഉരുക്കളെ വാങ്ങുന്നവർ പുതിയ കയറുമായാണ് പോകാറ്. ഉരുവിനെ വിറ്റയാൾക്ക് പഴയ കയർ എന്നത് അനശ്ചിതത്വത്തിന്റെയും നിരാശയുടെയും ചിഹ്നമാണ്) സ്തംഭിച്ചുനില്ക്കുന്നതും കായൽക്കരയിലെ കർഷകർക്കിടയിൽ കാണുന്ന പതിവുകാഴ്ചയാണ്. ഇത്രയും ആർദ്രതയോടെ തന്റെ മക്കളെ സ്നേഹിക്കുന്ന കായലാകുന്ന അമ്മയോട് കവി ക്ഷമാപണം നടത്തുകയാണ് അടുത്ത വരികളിൽ. “നീ പോറ്റിവളർത്തിയ ആ ഉരുക്കളെ ഇറച്ചിയാക്കി കള്ളും ചേർത്ത് ഭക്ഷിക്കാൻ പുറപ്പെടുന്ന നിന്റെ തെറിച്ച മക്കളോട് അന്തിക്കള്ളും കുടിച്ച് അലസജീവിതം നയിക്കുന്നവരോട് അമ്മേ നീ പൊറുക്കുക എന്നതാണ് ആ ക്ഷമാപണം.

മുഖം പൊള്ളിച്ചശേഷം വലിച്ചെറിഞ്ഞ പെൺശവത്തെ (പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം സ്ത്രീശരീരങ്ങൾ രാത്രിയുടെ മറവിൽ അഷ്ടമുടിക്കായലിലേക്കു വലിച്ചെറിയുന്നത് ഒരുകാലത്ത്  പതിവുസംഭവമായിരുന്നു. ശവം തിരിച്ചറിയാതിരിക്കാൻ മുഖം കത്തിച്ച് വികൃതമാക്കുന്ന പതിവുമുണ്ടായിരുന്നു.) മറികടന്ന് മറുതീരത്തണയുന്ന ഇടവക്കാറ്റിനോട് കവി ഉപദേശിക്കുകയാണ്; “മറുതാൽ ദുർദേവതയ്ക്ക് പിറന്ന ചെറ്റകൾ തോന്നിവാസികൾ ശിങ്കരിക്കുന്ന ആ തുരുത്തിൽ നിന്റെ കരുത്തുള്ള കൈ ഒളിപ്പിച്ചുവയ്ക്കും. പ്രേതബാധയേറ്റതുപോലെ കൂവിവിളിച്ചുകൊണ്ട് ദൂരെ രാത്രിവണ്ടി കടന്നുപോകുമ്പോൾ (പാലത്തിനു മുകളിലൂടെ തീവണ്ടി പോകുമ്പോഴുണ്ടാകുന്ന ഭീകരമായ ശബ്ദത്തെ സൂചിപ്പിക്കുന്നു). പാലവും അതിനുമുകളിൽ നില്ക്കുന്ന കേളനും ബലമുള്ള പാലവും കരുത്തുള്ള മനുഷ്യനും – കുലുങ്ങുന്നില്ല എന്ന വാസ്തവം കവി ചൂണ്ടിക്കാണിച്ചുതരുന്നു. (പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ചൊല്ല് ചേർത്തുവയ്ക്കുന്നു.). ഇനി പെരുമൺതേരു (പെരുമൺ ക്ഷേത്രത്തിലെ തേര് എഴുന്നള്ളിപ്പ്) കാണാനായി പോകുന്ന വെള്ളിമൺകാറ്റിന്റെ സഞ്ചാരമാണ് കവി കാണിച്ചുതരുന്നത്. ഉച്ചതിരിഞ്ഞ് നേരത്ത് പ്രാക്കുളം എന്ന സ്ഥലത്തെ പനിക്കുന്ന പ്രാക്കളോടൊപ്പമാണ് (പനിപിടിച്ച് പ്രാവുകളുടെ കുറുകലിന് പ്രത്യേക ശബ്ദമാണ്) അതിന്റെ സഞ്ചാരം. തീവണ്ടിയപകടത്തിൽ മുങ്ങിമരിച്ചവരുടെ ആത്മാക്കളും (പെരുമൺ ദുരന്തത്തെ സൂചിപ്പിക്കുന്നു). ആ വെള്ളിമൺകാറ്റിനൊപ്പം കൂടുന്നുണ്ട്.

സന്ധ്യയാകുംമുമ്പേ ചങ്ങാടത്തിൽ കയറി കടവൂരിലേക്കു അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു സ്ഥലം – പുറപ്പെടുന്ന കോൽക്കുതിരയ്ക്ക് ജലത്സവത്തിനെഴുന്നള്ളിക്കുന്ന അലങ്കരിച്ച് കുതിരക്കോലം – അകമ്പടി പോകുന്ന പരുന്തിന്റെ കണ്ണിൽ തുളുമ്പുന്നത് കായലോളമാണ്. കോൽക്കുതിരയെ വഹിക്കുന്നവർ ‘ചര്വോ വര്വോ ‘ എന്ന് താളം പിടിക്കുമ്പോൾ ആ ശബ്ദത്തിനൊപ്പം കായൽ തിളയ്ക്കുകയും കാഞ്ഞിരോട്ടു കരിമീൻ (അഷ്ടമുടിക്കായലിലെ ഒരു ഭാഗമാണ് കാഞ്ഞി

രോട്. ഈ ഭാഗത്തുള്ള കരിമീൻ വിശിഷ്ടമാണ്) തൃക്കളിയാട്ടം – പുളച്ചുമറിയുന്നത് -നടത്തുകയും ചെയ്യുന്നു. ഇവിടെനിന്ന് കായലോരത്തെ കാർഷികഭൂമിയിലേക്കാണ് കവി ചെന്നെത്തുന്നത്. കരിക്കും വെള്ളയും കൊഴിഞ്ഞുപോയ  തെങ്ങുകളാണിവിടെയുള്ളത്. കായലോരത്തെ തെങ്ങുകളുടെ ശോഷിച്ച അവസ്ഥയെ വരച്ചുകാട്ടുകയാണ് കവി. തെങ്ങിൻതോപ്പുകളിൽ കരിഞ്ചെല്ലി -വെള്ളയ്ക്കയുടെ നീര് ഊറ്റിക്കുടിക്കുന്ന ഒരുതരം ചെള്ള് – കാവലിരിക്കുന്ന രാത്രികളിൽ കടുംപാറാൻ – മരപ്പട്ടി – കരിക്കിൻ വെള്ളം ഊറ്റിക്കുടിച്ച് തൊഴിച്ചു കളഞ്ഞ ഉപേക്ഷിച്ചു. തൊണ്ണാൻ -വെള്ളയ്ക്ക – നെരിപ്പോടുമാട നെയ്ത് – കൊല്ലനുണ്ടാക്കിയ പാര – യിൽ കുത്തിനിർത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള ചുറ്റുപാടിൽ കായൽ ത്രസിച്ചു നില്ക്കുമ്പോൾ, കവി ചിങ്ങരാവിനോടു കഥ പറയുവാൻ ആവശ്യപ്പെടുകയാണ്.

വരികൾ (29-48)

“ദുരവസ്ഥക്കവിയെ നീയൊടുക്കം കണ്ടു

……………………………………………………….

മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ട്.

അർത്ഥ വിശദീകരണം

ദുരവസ്ഥക്കവി                  =            ‘ദുരവസ്ഥ’ എന്ന കവിതയെഴുതിയ കവി കുമാരനാശാൻ)

അരുൾ                      =            കല്പന, അനുഗ്രഹം

കൂന്തൽ                     =            ഒരു തരം മൽസ്യം

കാട്ടുമാക്കാൻ                     =            കുറുക്കൻ

കുരിച്ചിൽ                             =            മൽസ്യത്തിന്റെ മുള്ള്

ചൂട                              =            ഒരു തരം മൽസ്യം

ആശയ വിശദീകരണം

ആ ചിങ്ങരാവ് കായലിനോടു പറയുന്ന കഥ ഇതാണ്. ദുരവസ്ഥക്കവിയെ – കുമാരനാശാനെ – അവസാനമായി കണ്ടവളാണ് (ബോട്ടു മുങ്ങി കുമാരനാശാൻ മരിച്ച സംഭവത്തെ സൂചിപ്പിക്കുന്നു) നീ. ഗുരുവിന്റെ -ശ്രീനാരായണഗുരുവിന്റെ – കല്പനകളുമായുള്ള വരവു നീ കണ്ടു. വയൽ പെറ്റ ധന്യമാർക്ക് – കർഷകസ്ത്രീകൾക്ക് – റൗക്കയും സ്നേഹവുമായി വില്ലുവണ്ടിയെത്തുന്ന കാഴ്ചയ്ക്കും നീ സാക്ഷിയായി (നവോത്ഥാന ആശയങ്ങളുടെ പ്രചാരണത്തിനായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയെ സൂചിപ്പിക്കുന്നു. റൗക്ക വിതരണം ചെയ്തുകൊണ്ടാണ് അദ്ദേഹം സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയത്). മണ്ണിൽ കുരുത്താന് – മണ്ണിൽ പണിയെടുക്കുന്നവർക്ക് – വഴി നടക്കാനും പഠിക്കാനുമായുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കുരുത്തോലപ്പന്തലിട്ടതിന്റെ നടുക്കം നീ കേട്ടു. (നവോത്ഥാന പ്രസ്ഥാനചരിത്രത്തിലെ വിപ്ലവമുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നു).

ഒരിക്കൽ അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി എന്ന ഭാഗത്തുവച്ച് കവിയും കായലാകുന്ന കാമുകിയും തമ്മിലുണ്ടായ സംഗമത്തെക്കുറിച്ച് കവി ഓർക്കുകയാണ്; “നിന്റെ മടിത്തട്ട് കണ്ട് ഞാൻ ഇറങ്ങിവന്നു. അപ്പോൾ ആഴമെല്ലാം ഒളിപ്പിച്ചുവച്ച് നീയെന്നിൽ മോഹം -പ്രണയം-ഉണർത്തി. നിന്റെ പൂവയറ്റിൽ ജനിച്ച തൊഴിലാളി വർഗ്ഗത്തിന് വിപ്ലവവീര്യം പകരാൻ ഞണ്ടും കൂന്തലും വേണം.

കായൽക്കരയിലെ അരക്ഷിതാവസ്ഥയിൽ കഴിയുന്ന ജീവിതങ്ങളിലേക്കാണ് അടുത്തതായി കവിയുടെ കാഴ്ച കടന്നുചെല്ലുന്നത്. കണ്ടവർക്കു പിറന്നോനും (ജാരസന്തതികളെ സൂചിപ്പിക്കുന്നു) കാട്ടുമാക്കാൻ കടിച്ചോനുമായ (വീടും കുടുംബവമില്ലാത്തവരുടെ വന്യമായ ജീവിതത്തെ സൂചിപ്പിക്കുന്നു ). ഒരുത്തന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ‘കടവിലെ കല്യാണി നിന്റെ അച്ചിയല്ലേ’ എന്നുചോദിക്കുകയാണ് കവി. ബാല്യത്തിൽ പാട്ടുപാടി തിമിർത്തുനടന്ന തന്റെയുള്ളിലെ നതോന്നത – നദിയൊഴുകുന്നതുപോലുള്ള ജീവിതതാളം – ഇന്ന് നഷ്ടമായിരിക്കുന്നു. കുരുക്കിൽ മീനിന്റെ മുള്ള് തൊണ്ടയിൽ കുത്തിയതിനാൽ തന്റെ തൊണ്ട അടഞ്ഞുപോയിരിക്കുന്നു. ജീവിതത്തിൽ തനിക്കുണ്ടായ നഷ്ടങ്ങളുടെ കണക്കു നിരത്തുകയാണ് കവി . വീണ്ടും കവി അഷ്ടമുടിക്കായലിനെ നോക്കി ഇങ്ങനെ പാടുന്നു; “വേനലിൽ കര കരിഞ്ഞുണങ്ങുമ്പോൾ കരയുന്നവളേ, ചീനവലയ്ക്കുള്ളിൽ ചൂടമീനിനെയിട്ടിട്ട് ചിരിക്കുന്നവളേ, ജയപാലപണിക്കർ എന്ന വിഖ്യാത ചിത്രകാരനുവേണ്ടി ഇളം നീലയും ചുവപ്പും പച്ചയുമായ വർണ്ണങ്ങൾ ചാലിച്ചൊരുക്കിക്കൊടുത്തവളേ, (ചിത്രകാരന് പ്രചോദനമേകിയവളാണ് അഷ്ടമുടിക്കായൽ എന്ന സൂചന. കായൽപ്പരപ്പിനുമുകളിൽ വെയിൽ തട്ടുമ്പോൾ ഈ നിറങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.) നിന്റെ നഖത്തുമ്പുകൊണ്ട് സമുദ്രത്തിന്റെ കഴുത്തിൽ തൊടുമ്പോൾ (കടലും കായലും സംഗമിക്കുന്ന രംഗം) ഞാനും എന്റെ ദുഃഖങ്ങളും ഈ മഹാലോകത്തെ സ്പർശിക്കുന്നതായി ഞാനറിയുന്നു “.(അഷ്ടമുടിക്കായൽ അറബിക്കടലിനെ സ്പർശിക്കുന്നതിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായും മറ്റു മഹാസമുദ്രങ്ങളുമായും തൊട്ടുരുമ്മുന്നു എന്ന വസ്തുത )

Recap

  • ഉത്തരാധുനിക കവിതയുടെ ഗണത്തിൽപ്പെടുന്ന കവിത
  • കാവ്യപ്രചോദനമായ അഷ്ടമുടിക്കായലിന്റെ ഉൾത്തുടിപ്പുകൾ പകർത്തിയ കവിത
  • അഷ്ടമുടിക്കായലിന്റെ വിവിധ ഭാവങ്ങളും സവിശേഷതകളും പങ്കുവയ്ക്കുന്നു.
  • കവിതയുടെ വൃത്തം-നതോന്നത
  • പ്രാദേശിക വിജ്ഞാനങ്ങളുടെയും കായലറിവുകളുടെയും ശേഖരം.
  • രൂപസൗന്ദര്യവും ഭാവസൗന്ദര്യവും ഒത്തിണങ്ങിയ കവിത.
  • കവിയും കായലും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ ബഹിർസ്ഫുരണങ്ങൾ.
  • അഷ്ടമുടിക്കായലിനെ കാമുകിയായി സങ്കല്പിച്ചിരിക്കുന്നു.
  • അഷ്ടമുടിക്കായലിന്റെ സ്ഥാനവും കിടപ്പും അടയാളപ്പെടുത്തുന്നു.
  • കായലിനെ കവി ഒരു തോണിയായി സങ്കല്പ്പിക്കുന്നു.
  • തിരുനെല്ലൂർ കരുണാകരന്റെ റാണി എന്ന പ്രശസ്തമായ കവിതയെ പരാമർശിക്കുന്നു.
  • കായൽക്കരയിലെ കാഴ്ചകൾ വിവരിക്കുന്നു.
  • വീരഭദ്രക്ഷേത്രത്തിൽ ഉരുക്കൾക്കായി നടത്തുന്ന വഴിപാടുകൾ..
  • കായലോരത്തെ അലസജീവിതം നയിക്കുന്നവർക്കുവേണ്ടി മാപ്പിരക്കുന്ന കവി
  • ഭീകരമായ കായൽക്കാഴ്ചകൾ വിവരിക്കുന്നു.
  • പെരുമൺ ദുരന്തത്തെക്കുറിച്ചുള്ള സൂചന നൽകുന്നു.
  • കായലോരത്തെ ഉത്സവക്കാഴ്ചകൾ വിവരിക്കുന്നു.
  • കാഞ്ഞിരോട്ടു കരിമീനിന്റെ സവിശേഷതയെക്കുറിച്ചുള്ള സൂചന.
  • കായൽ തീരത്തെ കാർഷികഭൂമിയുടെ ചിത്രം.
  • കൃഷിനാശത്തിന്റെ സൂചനയായി കരിക്കും വെള്ളയും കൊഴിഞ്ഞ തെങ്ങുകൾ.
  • ആശാന്റെ മരണവും ശ്രീനാരായണഗുരുവിന്റെ വരവും കണ്ടവളാണ് അഷ്ടമുടിക്കായൽ.
  • അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയ്ക്ക് സാക്ഷിയായവൾ.
  • ബാല്യത്തിലേക്കു കായൽക്കരയിലെ അലസജീവിതം നയിക്കുന്ന മനുഷ്യരെക്കുറിച്ച് സൂചന നൽകുന്നു.
  • ഋതുക്കൾ മാറുമ്പോൾ കായലിലുണ്ടാകുന്ന ഭാവഭേദങ്ങളെക്കുറിച്ച് വർണ്ണിക്കുന്നു.
  • ജയപാലപ്പണിക്കർ എന്ന ചിത്രകാരന് പ്രചോദനമായ കായൽ,
  • കായലും കടലും സംഗമിക്കുന്ന പ്രതിഭാസത്തിലൂടെ കവി ലോകത്തെ സ്പർശിക്കുന്നു.

Questions

  1. മുടിയെട്ടും കോർത്തുകെട്ടി’ എന്നതിലെ സൂചനയെന്ത്?
  2. എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള്.’-ആരെയാണ് കവി ഉദ്ദേശിക്കുന്നത്?
  3. കായലിനെ ഒരു തോണിയാക്കി സങ്കല്പിക്കുന്ന കവി അതിന്റെ അമരത്തും അണിയത്തും ചൂണ്ടികാണിച്ചുതരുന്നത് എന്തൊക്കെയാണ്?
  4. പകലോന്റെ പള്ളിവേട്ട എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്?
  5. റാണി എന്ന പരാമർശം ആരെക്കുറിച്ചാണ്?
  6. അഷ്ടമുടിക്കായലിൽ മഴക്കോളിൽ പിറക്കുന്ന മൽസ്യം ഏതാണ്?
  7. മണൽക്കണ്ണാടി എന്ന പരാമർശം എന്തിനെക്കുറിച്ചാണ് ?
  8. വീരഭദ്രക്ഷേത്രത്തിനു മുമ്പിൽ ഉരുക്കൾക്കായി കർഷകർ നടത്തുന്ന വഴിപാട് എന്താണ്?
  9. കയർച്ചുറ്റിൽ കാലുടക്കി ദ്രവിച്ചുനിന്ന് – ഇതിലെ സൂചനയെന്ത്?
  10. മുഖം പൊള്ളിച്ചെറിഞ്ഞ പെൺശവം എന്നതുകൊണ്ട് കവി ഉദ്ദേശിച്ചതെന്താണ്?
  11. വണ്ടിമുങ്ങിമരിച്ചോർ എന്ന പ്രയോഗത്തിലൂടെ കവി ഓർമ്മിപ്പിക്കുന്നതെന്താണ്?
  12. പരുന്തിൻ കണ്ണുകൾ അകമ്പടി പോകുന്നത് ആരുടെയൊപ്പമാണ്?
  13. ചാവാ എന്നത് എന്തിന്റെ താളമാണ്?
  14. കായൽ തിളയ്ക്കുമ്പോൾ തൃക്കളിയാട്ടം നടത്തുന്ന മത്സ്യമേതാണ്?
  15. തെങ്ങുകളുടെ ശോച്യാവസ്ഥ എങ്ങനെയാണ് കവി ചിത്രീകരിച്ചിരിക്കുന്നത്?
  16. കായൽ ത്രസിച്ചു നില്ക്കുമ്പോൾ കവി കഥ പറയാൻ ആവശ്യപ്പെടുന്നതാരോടാണ്?
  17. ആരാണ് ദുരവസ്ഥക്കവി?
  18. കല്പനകളുമായി വന്ന ഗുരു ആരാണ്?
  19. റൗക്കയും സ്നേഹവുമായി വില്ലുവണ്ടി ആരെ സൂചിപ്പിക്കുന്നു?
  20. കുരുത്തോലപ്പന്തലിന്റെ നടുക്കം സൂചനയെന്ത്?
  21. കായൽ കവിയെ മോഹിപ്പിച്ചത് എവിടെ വച്ചാണ്?
  22. ഞണ്ടും കൂന്തലും വേണ്ടത് ആർക്കാണ്?
  23. “കടവിൽ കല്യാണി നിന്റെ അച്ചിയാടാ’-കവി ആരോടാണ് ഇങ്ങനെ ചോദിക്കുന്നത്?
  24. നതോന്നത നനഞ്ഞുപോയി ഇതിലെ കാവ്യാർത്ഥമെന്ത്?
  25. ആർക്കാണ് കായൽ നിറങ്ങൾ ചാലിച്ചു നൽകിയത്?
  26. കവി മഹാലോകം തൊട്ടറിയുന്നതെങ്ങനെയാണ്?

Answers

  1. എട്ടു കായലുകൾ ചേർന്നത്
  2. കാമുകിയാകുന്ന അഷ്ടമുടിക്കായലിനെ.
  3.  കരിങ്കക്ക മുകിൽകൂട്ടം.
  4.  സൂര്യാസ്തമനം
  5.  തിരുനെല്ലൂർ കരുണാകരന്റെ കവിതയിലെ അതികായക്കുറിച്ച്
  6.  കൂഴാലി.
  7. അഷ്ടമുടിക്കായലിന്റെ തീരത്തെ കണ്ണാടിയുപയോഗിക്കാനുപയോഗിക്കുന്ന തിളക്കമുള്ള മണൽ
  8. നിലത്തുരുളുന്ന വഴിപാട്.
  9. പ്രതിസന്ധിയിൽ പശുവിനെ വിൽക്കേണ്ടിവരുന്ന കർഷകന്റെ മാനസികാവസ്ഥ.
  10. കൊലചെയ്യപ്പെട്ട് കായലിലെറിയുന്ന സ്ത്രീയുടെ ശവം തിരിച്ചറിയാതിരിക്കാനായി മുഖം പൊള്ളിച്ചുവികൃതമാക്കുന്ന ക്രൂരതയെക്കുറിച്ചുള്ള സൂചന.
  11.  പെരുമൺ തീവണ്ടിയപകടത്തിൽ മരിച്ചവരെക്കുറിച്ച്.
  12.  ഉത്സവത്തിന് എഴുന്നള്ളിക്കുന്ന കോൽക്കുതിരയ്ക്കൊപ്പം
  13.  കോൽക്കുതിരയെ വഹിക്കുന്നവർ പുറപ്പെടുവിക്കുന്ന താളം.
  14. കാഞ്ഞിരോട്ടു കരിമീൻ
  15.  കരിക്കും വെള്ളയ്ക്കയും പെയ്തൊഴിഞ്ഞതും കരിഞ്ചെല്ലിയും കടുംപാറാനും ഇളനീർ ഊറ്റിക്കുടിക്കുന്നതുമായ തെങ്ങുകൾ.
  16. ചിങ്ങരാവിനോട്.
  17.  കുമാരനാശാൻ
  18.  ശ്രീനാരായണഗുരു
  19.  അയ്യങ്കാളിയെ
  20.  നവോത്ഥാന ചരിത്രത്തിലെ വിപ്ലവമുന്നേറ്റം.
  21.  സാമ്പ്രാണിക്കോടിക്കടുത്തുവച്ച്.
  22.  കായലിന്റെ മക്കളായ തൊഴിലാളികൾക്ക്
  23.  കായൽ തീരത്ത് അലസമായ ജീവിതം നയിക്കുന്ന ഒരുവനോട്.
  24.  പുഴയൊഴുകും  പോലുള്ള ജീവിതതാളം.
  25.  ജയപാലപ്പണിക്കർ എന്ന ചിത്രകാരന്.
  26.   അഷ്ടമുടിക്കായൽ അറബിക്കടലിനെ സ്പർശിക്കുന്നതിലൂടെ

Assignment topic

  1. കായൽ സംസ്കാരത്തിന്റെ തരംഗങ്ങൾ ഇഷ്ടമുടിക്കായലിൽ.
  2. നാട്ടുഭാഷയും കാവ്യസൗന്ദര്യവും ഇഷ്ടമുടിക്കായലിൽ .
  3. ഇഷ്ടമുടിക്കായൽ ഒരാസ്വാദനം

References

  1. കുരീപ്പുഴ ശ്രീകുമാർ – കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ, കവിതാസമാഹാരം,2009,ഡി.സി.ബുക്സ്, കോട്ടയം.
  2. ആദിനാട് ഗോപി – കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളിലൂടെ, ലേഖനം, മലയാള കവിത പരിണാമങ്ങളിലൂടെ, 2009,ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
  3. മണർകാട് ശശികുമാർ – ശ്രീകുമാർ ഒരനുഭവം, ലേഖനം, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ എന്ന സമാഹാരത്തിന്റെ അനുബന്ധം

E- content

കുരീപ്പുഴ ശ്രീകുമാർ വിക്കിപീഡിയ http://malayalam-krithikal.blogspot.com/2011/01/blog-post.html

കുരീപ്പുഴയുടെ ഇഷ്ടമുടിക്കായൽ എന്ന കവിത വരികൾ                       http://desinganad.blogspot.com/2008/08/blog-post_25

ഇഷ്ടമുടിക്കായൽ കവിതാലാപനം.

https://www.youtube.com/watch?v=mtC-1QbhMmw

കുരീപ്പുഴ ശ്രീകുമാർ ചിത്രം.