യൂണിറ്റ് -9
കമറൂൾ നാട്ടിൽ പോകുന്നു –
കുഴൂർ വിത്സൺ
Learning Outcomes
|
Prerequisites
മലയാളത്തിലെ ആദ്യകവിതാ ബ്ലോഗായ അച്ചടിമലയാളം നാടുകടത്തിയ കവിതകൾ, എന്ന ബ്ലോഗിന്റെ ഉടമയാണു കുഴൂർ വിത്സൺ. ബ്ലോഗിലൂടെ കവിതകൾ എഴുതി ശ്രദ്ധ നേടിയ വിത്സൺ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും കവിതകളെഴുതുന്നു. ഉറക്കം ഒരു കന്യാസ്ത്രീ എന്നതാണ് ആദ്യത്തെ കാവ്യ സമാഹാരം. അദ്ദേഹത്തിന്റെ കവിതകൾ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ജർമ്മൻ .പോർച്ചുഗീസ് , സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതാ സംബന്ധിയായ പ്രവർത്തനങ്ങളുടെ പേരിൽ കേരള സർക്കാരിൽ നിന്നും 2016- ൽ സാഹിത്യത്തിലെ യൂത്ത് ഐക്കൺ പുരസ്ക്കാരവും 2019- ൽ പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരവും ലഭിച്ചു. പോയട്രീ ഇൻസ്റ്റലേഷൻ ( poetree installation ) മലയാളത്തിൽ അവതരിപ്പിച്ചത് കുഴൂർ വിത്സനാണു. മരങ്ങളും കവിതയും ഇഴചേരുന്നതാണ് ഈ ഇൻസ്റ്റലേഷൻ. കവിതയെ കേവലം കേൾവി മാത്രമായി കാണാതെ അനുഭവം കൂടി ആക്കുന്നതിനാണ് കുഴൂർ വിത്സൺ ശ്രമിക്കുന്നത്. കുഴൂരിന്റെ മരങ്ങൾ ജീവിതത്തിൽ കവിതയിൽ എന്ന കവിത സ്ലോവേനിയൻ സംവിധായക ടിന സുൽക് (Tina Šulc ) പോയട്രീ സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച 10 മലയാള പുസ്തകങ്ങളിൽ ഒന്നായി ടൈംസ് ഓഫ് ഇന്ത്യ വിത്സന്റെ വയലറ്റിനുള്ള കത്തുകൾ തെരഞ്ഞെടുത്തു. ലളിതമായ പദങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന കവിതയാണ് കമറൂൾ നാട്ടിൽ പോകുന്നു എന്നുള്ളത്. എന്നാൽ ബഹുസ്വരമായ വായനകൾക്ക് സാധ്യതയുള്ള കവിത കൂടിയാണ്. പ്രവാസ ജീവിതം വിഷയമായ നിരവധി സാഹിത്യ കൃതികളും ചലച്ചിത്രങ്ങളും നമുക്ക് സുപരിചിതമാണ്. ആടുജീവിതം, ആലിയ, ഹെർബേറിയം, പ്രവാസം, കുട നന്നാക്കുന്ന ചോയി തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളും ഗർഷോം, അറബിക്കഥ, പെരുമഴക്കാലം, പത്തേമാരി , ആടുജീവിതം തുടങ്ങിയ ചലച്ചിത്രങ്ങളും ഗൾഫ്, പ്രവാസ ജീവിതങ്ങളുടെ ആവിഷ്കാരങ്ങളാണ്. ഇത്തരത്തിൽ ഒരു ഗൾഫ് പ്രവാസിയുടെ ജീവിത സാഹചര്യമാണ് കമറൂൾ നാട്ടിൽ പോകുന്നു എന്ന കുഴൂർ വിത്സന്റെ കവിത. കുഴൂർ വിത്സന്റെ സമകാലികരായ നിരവധി ബ്ലോഗുകവികൾ മലയാളത്തിലുണ്ട്. പുതിയ കാലത്തിന്റെ ഇത്തരം കവിതകളുടെ നാലാമിടം കാവ്യാസ്വാദകർക്ക് വായനയുടെ അതിവിശാലമായ ഒരു ഭൂമികയാണ് സമ്മാനിക്കുന്നത്. ബ്ലോഗു കവിതകളെ നാലാമിടമെന്ന പേരിൽ കവി സച്ചിദാനന്ദൻ സമാഹരിച്ചിട്ടുണ്ട്. പ്രിയകവിയായ സച്ചിദാനന്ദൻ മുതൽ ഏറ്റവും പുതിയ കവികൾ വരെ ബ്ലോഗു കവിതകൾ എഴുതുന്നു. പി.പി.രാമചന്ദ്രൻ , സജീവ് എടത്താടൻ (കൊടകരപുരാണം), ദേവസേന , ജയൻ എടക്കാട്, സനൽ ശശിധരൻ, സുനീത. ടി.വി. സെറീന, ടി.പി. വിനോദ്, ടി.എം. ശശി, ജ്യോതിഭായ് പരിയാടത്ത്, രൺജിത്ത് ചെമ്മാട്, സി.പി.ദിനേശ്, നാസർ കൂടാളി, അരുൺ ചുള്ളിക്കൽ, ഡോണമയൂര, ശൈലൻ തുടങ്ങിയ നിരവധി ബ്ലോഗു കവികൾ കവിതയുടെ നാലാമിടങ്ങളിൽ വ്യവഹരിക്കുന്നു. |
Key words
കാവ്യഭാഷ -ബ്ലോഗ്-പോയട്രി ഇൻസ്റ്റലേഷൻ – ബഹുസ്വരമായ വായന – ഉത്തരാധുനിക കവിത – പ്രവാസ സാഹിത്യം.
4.9.1. Content
വരികൾ
‘കമറൂൾ നാട്ടിൽ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു
കമറൂൾ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു
കമറൂൾ അമ്മയ്ക്ക്സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു’
ആശയ വിശദീകരണം
പ്രവാസിയായ കമറൂൾ എന്ന വ്യക്തി യാത്ര പോവാൻ ആരംഭിക്കുന്നിടത്താണ് ഈ കവിത ആരംഭിക്കുന്നത്. കമറൂളിനൊപ്പം മറ്റു പലരും തയ്യാറെടുക്കുന്നു. പ്രവാസജീവിതത്തിലെ ചില വികാരനിർഭരമായ നിമിഷങ്ങളിലൊന്നാണ് നാട്ടിലേക്കു പുറപ്പെടുന്നതിനു മുൻപുള്ള തയ്യാറെടുപ്പുകൾ. സുഹൃത്തുക്കളെല്ലാം അതിനൊപ്പം കൂടാറുണ്ട്. ഒരു കൂട്ടായ്മയുടെ സന്ദർഭങ്ങളാണത്. അവരുടെ തയ്യാറെടുപ്പ് എന്നത് നാട്ടിലേയ്ക്ക് സാധനങ്ങൾ കൊടുത്തയക്കാനുള്ളതാണ്. കമറൂളിനോടൊപ്പം യാത്ര ചെയ്യുന്നില്ലെങ്കിലും കൂടെയുള്ള എല്ലാവരും അദ്ദേഹത്തിന്റെ അതേ ആവേശത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്. കമറൂൾ പെങ്ങൾക്ക് വള വാങ്ങിച്ചപ്പോൾ, റഫീഖ് എന്ന സുഹൃത്ത് ഒരു സ്വർണ്ണക്കട തന്നെ വാങ്ങിയതായി കവി പറയുന്നു. കമറൂൾ അമ്മയ്ക്ക് സാരി വാങ്ങിച്ചത് കണ്ടപ്പോഴാണ് ദിവാകരന് തന്റെ വീട്ടിലേയ്ക്ക് തുണി കൊടുത്തുവിടാൻ തോന്നുന്നത്. അദ്ദേഹം തുണിക്കട അന്വേഷിച്ച് ഇറങ്ങുന്നു. ഇങ്ങനെ നാട്ടിലേയ്ക്കുള്ള യാത്രയുടെ ഒരുക്കങ്ങളും അതിന്റെ പിന്നിലെ പ്രവാസാനുഭവങ്ങളും സമർത്ഥമായി ചിത്രീകരിക്കുന്നുണ്ട് ഈ ഭാഗത്ത്.
വരികൾ
‘ചായയെടുക്കുമ്പോൾ
വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോൾ
പ്രിന്ററിൽ പുതിയ പേപ്പറുകൾ വയ്ക്കുമ്പോൾ
കമറൂൾ അവന്‍റെ മാത്രംമൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു.’
ആശയ വിശദീകരണം
ഇവരെല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ് എന്ന സൂചന ഈ വരികൾ നല്കുന്നുണ്ട്. കമറൂൾ അദ്ദേഹത്തിന്റെ ജോലികളിൽ ഏർപ്പെടുമ്പോൾ പാടുന്ന മൂളിപ്പാട്ടുകൾ ഇവരെല്ലാവരും സ്വകാര്യമായി ഉറക്കെപ്പാടുന്നുണ്ട്. നാട്ടിൽ നിന്ന് മാറിനിൽക്കുമ്പോഴുണ്ടാക്കുന്ന വേദനയും വിരസതയും മാറ്റാൻ പ്രവാസികൾ ചില സ്വകാര്യ നിമിഷങ്ങളിൽ ഒത്തുചേർന്ന് പാടാറുണ്ട്. പക്ഷെ അത് ഉച്ചത്തിൽ ആവാതിരിക്കാൻ അവർ ശ്രമിക്കുന്നതിനകത്ത് അവർ അനുഭവിക്കുന്ന അസ്വാതന്ത്ര്യം വ്യക്തമാണ്. പഴയ കാലത്ത് ജോലിയുടെ ഭാരം കുറയ്ക്കാൻ ആളുകൾ പല പാട്ടുകളും പാടിയിരുന്നു. എന്നാൽ ആധുനിക സമൂഹത്തിലെ ജോലികളുടെ സ്വഭാവവും മുതലാളിത്തത്തിന്റെ സൂക്ഷ്മ നിയന്ത്രണങ്ങളും ജോലിയുടെ സ്വഭാവത്തെ ഇത്തരത്തിൽ ആക്കി തീർത്തിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിൽക്കുന്ന ആളല്ല കമറൂൾ എന്ന സൂചനയും ഇതിൽ നിന്നും ലഭിക്കുന്നുണ്ട്.
വരികൾ
‘ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു
ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു ‘
ആശയവിശദീകരണം
യാത്രയ്ക്കായി ലിഫ്റ്റിറങ്ങുമ്പോൾ കമറൂൾ 4,3,2,1 എന്നിങ്ങനെ എണ്ണി പഠിക്കുന്നു. ഈ എണ്ണലിന്റെ ക്രമത്തെ അവരോഹണ ക്രമത്തിൽ 4 മുതൽ 1 വരെ എഴുതിയിരിക്കുന്നത് കവിതയിൽ തന്നെ ഒരു ബന്ധത്തെ സൃഷ്ടിക്കുന്നുണ്ട്. ആ ബന്ധം മുകളിൽ നിന്നും താഴേയ്ക്കുള്ള ഏത് നോട്ടത്തേയുമാവാം. അത് ഈ കവിതയെ ബഹുസ്വര വായനയിലേയ്ക്ക് തുറന്നു വിടുന്നതുമാണ്. കൂടെയുള്ള എല്ലാവരും പൂജ്യത്തിലെത്തി നിൽക്കുന്ന എന്ന പ്രസ്താവനയും പ്രധാനപ്പെട്ടതാണ്. നാട്ടിലേക്കു പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും ഈ കൗണ്ടൗൺ മനസിൽ കൂട്ടാറുണ്ട്. വീട്ടിലേക്കു പോകുന്നവർ , പ്രിയപ്പെട്ടവരെ കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കാറുണ്ട്. കമറൂൾ മാത്രമല്ല എല്ലാ പ്രവാസികളും ഇങ്ങനെ പൂജ്യത്തിലേക്കെത്താൻ അഗ്രഹിക്കുന്നു.
വരികൾ
‘ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും
എല്ലാവരോടും, എല്ലാവര്‍ക്കും
ഞങ്ങളുടെ കത്തുകളുമായി
കമറൂൾ നാട്ടിലേക്ക് പോകുന്നു
ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു ‘
ആശയ വിശദീകരണം
നാട്ടിൽ കാത്തിരിക്കുന്ന എല്ലാവർക്കുമുള്ള കത്തുകളും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്. ഭൂമിയിലെ സമയത്തെക്കുറിച്ച് ആകുലപ്പെട്ടു കൊണ്ട് എല്ലാവരും യാത്രയാക്കുന്നു. ഭൂമിയാണ് പ്രധാനപ്പെട്ട സ്ഥലമായി പ്രത്യക്ഷപ്പെടുന്നത്. ആ ഭൂമി ഏതുമാവാം പ്രിയപ്പെട്ട നാടാവാം, ഈ പ്രപഞ്ചം മുഴുവനുമായിരിക്കാം. ഏതായാലും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ അടുത്തേക്കുള്ള ആ യാത്ര പ്രധാനപ്പെട്ടതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സൂപ്പിപ്പിക്കുന്നു.
ഒരു പ്രവാസിയുടെ യാത്രക്കുള്ള തയ്യാറെടുക്കൽ എന്ന രീതിയിൽ തുടങ്ങുന്ന കവിത അതിന്റെ അവസാനത്തിൽ പറഞ്ഞു വെക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭൂമിയിലേക്കുള്ള യാത്രയെന്നാണ്. അത് ഒരു പക്ഷെ കുറച്ച് കൂടി സുന്ദരമായ ജീവിതം ഭൂമിയിൽ പ്രതീക്ഷിക്കുന്ന ഒരു കുട്ടം ആളുകളുടെ പ്രതിനിധിയായിരിക്കും. കഷ്ടപ്പാടുകൾക്കുള്ള മോചനവും സ്വപ്നം കാണുന്നുണ്ടാവാം. ഇന്നത്തെ പ്രവാസിയെ പോലെ ആയിരുന്നില്ല., പഴയ കാലത്ത് ഒരാൾ നാട്ടിലേക്കു പോകുന്നുണ്ടെങ്കിൽ നിരവധി കത്തുകൾ കൊടുത്തു വിടാറുണ്ട്. കാരണം അത് പെട്ടെന്ന് നാട്ടിലെത്തിക്കാം സമയവും പണവും ലാഭിക്കാം. ഓരോ കത്തുകളും പ്രവാസിയുടെ വിരഹത്തിന്റെയും പ്രതീക്ഷയുടെയും പ്രാരാബ്ധങ്ങളുടെയും ആകെത്തുകയാണ്. സുഹൃത്തുക്കളായ പ്രവാസികളുടെ കത്തും പേറിയാണ് കമറൂൾ നാട്ടിലേക്കു പോകുന്നത്. നാട്ടിൽ സുന്ദരമായ ഒരു ജീവിതം പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ പ്രവാസിയും പോകുന്നത്. അതൊരു പുതിയ ഭൂമിയാകുന്നു.
കമറൂൾ നാട്ടിൽ പോകുന്നു എന്ന കവിത പുതുകവിതകളുടെ പൊതുസവിശേഷതകൾ പ്രകടിപ്പിക്കുന്നതാണെങ്കിലും ലളിതമായി ആവിഷ്കരിക്കപ്പെട്ട ഒന്നാണ്. ലാളിത്യമാണ് ഈ കവിതയുടെ മുഖമുദ്ര. പ്രവാസലോകത്ത് നിന്നും പ്രതീക്ഷയുടെ ഭൂമിയിലേയ്ക്ക് തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ അടുത്തേയ്ക്കുള്ള യാത്രക്കുള്ള ഒരുക്കമാണ് ഇതിവൃത്തം. എത്തിച്ചേരേണ്ട ഇടം പ്രതീക്ഷയുടെയാണ്. അവിടെയുള്ളവർക്കും ഈ വരവിൽ പ്രതീക്ഷയുണ്ട്. സുഹൃത്തുക്കൾ അവരുടെ പ്രിയപ്പെട്ടവർക്ക് കൊടുത്തയച്ച സാധനങ്ങളും കത്തുകളുമായാണ് കമറൂൾ യാത്രതിരിക്കുന്നത്. ഒരു പറ്റം ആളുകളുടെ പ്രതിനിധിയായി ഭൂമിയിലേയ്ക്ക് പുതിയ പ്രതീക്ഷകളോടെ കമറൂൾ യാത്രതിരിക്കുന്നു.
Recap
|
Objective Questions
|
Answers
|
Assignment topic
|
References
1.ഷീബ ദിവാകരൻ (എഡി.) – പുതു കവിതാ വായനകൾ – പഠനം – പാവനാന്മാ പബ്ലിക്കേഷൻസ്, കോഴിക്കോട്.
5: സച്ചിദാനന്ദൻ – മലയാള കവിതാപഠനങ്ങൾ – മാതൃഭൂമി ബുക്ക്സ് , കോഴിക്കോട്. |
E- content
https://youtu.be/DP6Cr1P7zPYhttps://ml.m.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B4%E0%B5%82%E0%B5%BC_%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%BA |