Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit1:

കേരളത്തിലെ ജന്മിസമ്പ്രദായം

Learning Outcomes

  • കേരളത്തില്‍ ജന്മികുടിയാന്‍ ബന്ധം ഉണ്ടായിവന്ന സാഹചര്യം മനസ്സിലാക്കുന്നു
  • ബ്രഹ്മസ്വം ദേവസ്വം ഭൂമികളെക്കുറിച്ച് അറിവ് നേടുന്നു
  • ജന്മി സമ്പ്രദായത്തില്‍ ഉള്‍ക്കൊള്ളുന്ന ജന്മം, പാട്ടം, കുടിയായ്മ എന്നിവയെ കുറിച്ച് ധാരണ നേടുന്നു

Prerequisites

ജന്മിസമ്പ്രദായം കേരളത്തില്‍ പൊടുന്നനെ ഉത്ഭവിച്ചതല്ല. നൂറ്റാണ്ടുകളായി അതിന് സാ ഹചര്യം ഒരുങ്ങുകയും നൂറ്റാണ്ടുകളിലൂടെ അത് ശക്തിപ്പെടുകയും ചെയ്തതാണ്. എ.ഡി ആറുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തില്‍ വണികര്‍, ഉഴവര്‍, വേളാവര്‍, ചാന്‍റോര്‍ തുടങ്ങിയ വിഭാഗങ്ങളായിരുന്നു സ്വത്തിന്‍റെഉടമകള്‍. വിനൈഞര്‍, അടിയാര്‍ തുടങ്ങിയവര്‍ ആ ഭൂമിയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളും. പ്രാചീന വര്‍ഗസമുദായം എന്നാണ് ഈ സാമൂഹ്യ വ്യവസ്ഥിതിയെ വിളിച്ചിരുന്നത്. ഭൂമിയില്‍നിന്നുമുള്ള ആദായത്തിന്‍റെ ആറില്‍ ഒരു ഭാഗം രാജഭോഗമായി രാജാവിന് നല്‍കിയിരുന്നു. അതോടൊപ്പം രാജാക്കന്മാര്‍ തങ്ങളെ പ്രീതിപ്പെടുത്തുന്ന പണ്ഡിതര്‍ക്കും ബ്രാഹ്മണര്‍ക്കും ഭൂമി ദാനമായി നല്‍കിയിരുന്നു. മേല്‍ പ്പറഞ്ഞ വിഭാഗങ്ങള്‍ കൃഷിചെയ്തിരുന്ന ഭൂമി തന്നെയാണ് ഇങ്ങനെ ദാനം നല്‍കിയിരുന്നത്. രാജാവിന് രാജഭോഗം നല്‍കുന്നതുപോലെ ദാനംകിട്ടിയ ഭൂവുഉടമയ്ക്കും കര്‍ഷകന്‍ ഒരു വിഹിതം കൊടുക്കേണ്ടതുണ്ടായിരുന്നു. ഫലത്തില്‍ രാജാവിന് തുല്യമായി ഓഹരി, അതുപോലെ അവകാശികളായി മാറുന്ന മറ്റൊരു വിഭാഗത്തിനും നല്കേണ്ട സ്ഥിതിയായി. ബുദ്ധമതം ശക്തമായിരുന്ന കാലത്ത് ബുദ്ധവിഹാരങ്ങള്‍ക്ക് ഇങ്ങനെ ധാരാളം ഭൂമി ലഭി ച്ചിരുന്നു. കേരളത്തില്‍ ബുദ്ധമതം ക്ഷയിക്കാന്‍ തുടങ്ങിയ കാലത്തെ ബുദ്ധഭിക്ഷുക്കളില്‍ പലരും ഈ ഭൂമി ലഭിച്ച സൗകര്യങ്ങള്‍ കൊണ്ടുകൂടിയാണ് അലസരായിത്തീര്‍ന്നത്.
ഏഴാം നൂറ്റാണ്ടില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. പുതുതായി നിലവില്‍വന്ന ക്ഷേത്രങ്ങള്‍ക്കാണ് പിന്നീട് രാജാക്കന്മാര്‍ ഭൂമി ദാനംചെയ്തത്. ആര്യാധിനിവേശത്തെത്തുടര്‍ന്ന് ബ്രാഹ്മണര്‍ നിര്‍ണായക ശക്തിയാകുകയും ചാതുര്‍വര്‍ണ്യവ്യവസ്ഥ പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. സമൂഹത്തില്‍ സാമൂഹികവും രാഷ്ട്രീയവും മതപരവുമായി പ്രമുഖരായ ബ്രാഹ്മണരുടെ പ്രീതി പിടിച്ചുപറ്റാനായി അവര്‍ക്കും ധാരാളം ഭൂമിദാനം ചെയ്യപ്പെട്ടു. എട്ടും ഒന്‍പതും നൂറ്റാണ്ടുകളില്‍ തുടര്‍ന്ന ഈ ഭൂമി ദാനമാണ് കേരളത്തില്‍ ജന്മിസമ്പ്രദായം ഉടലെടുക്കാന്‍ കാരണമായത്. ഒമ്പതാം നൂറ്റാണ്ടിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഇളംകുളം കുഞ്ഞന്‍പിള്ള സമാഹരിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. കരുന്തനടുക്കന്‍ എന്ന ആയരാജാവിന്‍റെയും കോതരവിയുടെയും ഇന്ദുക്കോതയുടെയും ദാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും നിത്യചെലവുകള്‍ക്കും നമ്പൂതിരി വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള ചെലവുകള്‍ക്കും അനേകായിരം ഏക്കര്‍ നിലം ദാനമായി നല്‍കിയിരുന്നു. ക്ഷേത്രങ്ങളിലെ ഒരുവര്‍ഷത്തെ വിവിധ ചെലവുകളിലേക്കായി ചില ഗ്രാമങ്ങള്‍ മുഴുവനായിത്തന്നെ ദാനം നല്‍കിയിട്ടുണ്ട്.
ഏ.ഡി പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ജന്മി കുടിയാന്‍ വ്യവസ്ഥ കൂടുതല്‍ ശക്തിപ്രാപിച്ചു. നമ്പൂതിരിമാരുടെ തീരുമാനങ്ങള്‍ മരുമക്കത്തായം എന്ന ദായക്രമത്തെയും അതിന്‍റെഭാഗമായ സംബന്ധം എന്ന ബഹുഭര്‍തൃത്വ സമ്പ്രദായത്തെയും അവതരിപ്പിച്ചു. മരു മക്കത്തായം അതിന്‍റെ സ്വാഭാവിക ചുറ്റുപാടായാണ് കൂട്ടുകുടുംബങ്ങളെ നിര്‍മ്മിച്ചത്. മാതാവ്, മക്കള്‍, പേരക്കുട്ടികള്‍, സഹോദരീ- സഹോദരന്മാര്‍ എന്നിവരെല്ലാം ഒരു വീട്ടില്‍ തന്നെ ജീവിച്ചു. ഒറ്റനോട്ടത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയ്ക്കാണ് അധികാരമെന്ന് തോ ന്നുമെങ്കിലും കുടുംബ കാരണവരായ പുരുഷനാണ് ഭരണം നിര്‍വഹിച്ചത്. ഇങ്ങനെ നിലവിലിരുന്ന നാടുവാഴിത്ത വ്യവസ്ഥയുടെ പരിണിതഫലമായാണ് കേരളത്തില്‍ ജന്മിസമ്പ്രദായം ഉടലെടുത്തത്.

Keywords

ജന്മി-കുടിയാന്‍-ദേവസ്വം-ബ്രഹ്മസ്വം-ജന്മം-പാട്ടം.

Discussion
രണ്ടാം ചേരസാമ്രാജ്യം ഏ.ഡി പതിനൊ ന്നാം നൂറ്റാണ്ടോടെ ശിഥിലമായത് കേന്ദ്രീകൃത വ്യവസ്ഥയുടെ കൂടി തകര്‍ച്ചയായി മാറി. നാടുവാഴികള്‍ അവരുടെ സ്വാതന്ത്ര്യവും അധികാ രവും ഉറപ്പിക്കാന്‍ ആരംഭിച്ചു. കോഴിക്കോട് വേണാട് രാജവംശങ്ങളുടെ അധികാരത്തില്‍ നാടുവാഴികള്‍ കുറെയൊക്കെ നിയന്ത്രിക്കപ്പെട്ടെങ്കിലും ക്ഷേത്രസങ്കേതം വ്യത്യസ്തമായി തന്നെ നിന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കളോടല്ലാതെ മറ്റൊരു ഭരണാധികാരികളോടും തങ്ങള്‍ക്ക് വിധേയത്വമില്ല എന്ന ഭാവമാണ് ബ്രാഹ്മണര്‍ക്കുണ്ടായിരുന്നത്. ജന്മിത്ത വ്യവസ്ഥയുടെ തലവ നായിരുന്ന നാടുവാഴിക്ക് നിയന്ത്രിതമായ അധി കാരങ്ങളുണ്ടായിരുന്നു. അവരുടെ ഭൂസ്വത്തില്‍ അടിമകള്‍ കൃഷി ചെയ്യും. മറ്റു വഴിക്കും നല്ല വരുമാനം നാടുവാഴിക്കുണ്ടായിരുന്നു. കയറ്റുമ തിക്കും ഇറക്കുമതിക്കും തീരുവ, ഗതാഗതനികുതി, സമീപത്തുള്ള ഏതെങ്കിലും നാടുവാഴിയു ടെ അന്യാധീനപ്പെടുന്ന സ്വത്ത്, കാരണവരുടെ മരണശേഷം അനന്തരാവകാശി കുടുംബഭരണം ഏറ്റെടുക്കുമ്പോള്‍ പുരുഷാന്തരം, അവകാശികളില്ലാതെ ഉടമസ്ഥന്‍ മരിച്ചാല്‍ എല്ലാം നാടുവാ ഴിയില്‍ നിക്ഷിപ്തമാകുന്ന അറ്റാലടക്കം, കുടുംബത്തിലേക്ക് ദത്തെടുക്കണമെങ്കില്‍ നല്‍കേണ്ട കെട്ടുകാഴ്ച എന്നിവയെല്ലാം നാടുവാഴിയുടെ വരുമാനമാര്‍ഗങ്ങളാണ്. കൂടാതെ വിവാഹം, പ്രസവം, മരണം, ഗൃഹപ്രവേശം തുടങ്ങിയ വി ശേഷാവസരങ്ങളിളെല്ലാം നാടുവാഴികള്‍ക്ക് സം ഭാവന നല്‍കണം. പരപുരുഷസംഗമം ആരോപിക്കപ്പെടുന്ന സ്ത്രീയെ വിദേശവ്യാപാരികള്‍ക്ക് വില്‍ക്കുകയും അതിന്‍റെ പ്രതിഫലം വാങ്ങുക യും ചെയ്യും. ആരെങ്കിലും സ്വര്‍ണം വാങ്ങിയാല്‍ അതിന്‍റെവിഹിതം, പൗരരെ സംരക്ഷിക്കുന്നതിനായി രക്ഷാഭോഗം, ചങ്ങാതം എന്നീ നികുതിക ളും വരുമാനം തന്നെ. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ അങ്കംവെട്ടി പരിഹരിക്കു ന്നതിനും അനുമതിക്കായി നാടുവാഴിക്ക് പണം നല്‍കണം. തന്‍റെ അതിര്‍ത്തിയിലുള്ള വിവാഹ ചടങ്ങുകള്‍ നടത്തി കൊടുക്കേണ്ടത് നാടുവാഴിയാണ്. വ്യക്തികളില്‍നിന്ന് പണമോ സാധനങ്ങ ളോ സ്വീകരിച്ച് മേനോന്‍ തുടങ്ങിയ പദവികള്‍ കൊടുക്കുന്ന രീതിയും ഉണ്ടായിരുന്നു. രണ്ടു കയ്യിലും വള അണിയണമെങ്കിലും മൂക്കുത്തി ധരിക്കാനും കാലുള്ള കുട ഉപയോഗിക്കാനും നാടുവാഴിയുടെ അനുമതി വേണം. അടിയന്തിരഘട്ടങ്ങളില്‍ അക്രമത്തിലേക്ക് പോവാനും കൊല്ലുംകൊലയും നടത്താനും നാടുവാഴിക്ക് അധികാരമുണ്ടായിരുന്നു. ഇങ്ങനെ ജന്മിക്ക് കാ രണം ഒന്നും ബോധിപ്പിക്കാതെതന്നെ ഒരാളെ കൊല്ലാന്‍പോലും തടസ്സങ്ങളില്ലാതിരുന്നത്രയും ശക്തമായിരുന്നു കേരളത്തിലെ ജന്മിസമ്പ്രദായം.
ജന്മി സമ്പ്രദായത്തില്‍ അഞ്ചു തട്ടുകള്‍ ഉണ്ടായിരുന്നു. ഉടയവര്‍, ഊരാളര്‍, കാരാളര്‍, കുടിയാര്‍, അടിയാര്‍ എന്നിങ്ങനെ അഞ്ചുതട്ടുകള്‍. നാടുവാഴികളാണ് ഉടയവര്‍. ബ്രാഹ്മണ ഗ്രാമങ്ങ ളുടെയും ക്ഷേത്രങ്ങളുടെയും നിയന്ത്രണമാണ് ഊരാളര്‍ക്കുണ്ടായിരുന്നത്. ഭൂവുടമകളില്‍ വലി യൊരു ഭാഗമാണ് കാരാളര്‍. ക്ഷേത്രങ്ങള്‍ക്കും ഊരാളര്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ ബാധ്യ തയുള്ളവരായിരുന്നു കാരാളര്‍. ഭൂമിയില്‍ ഉല്പപാദനവൃത്തിയുടെ ഉത്തരവാദിത്വം കുടിയാര്‍ ക്കും അടിയാര്‍ക്കുമാണുണ്ടായിരുന്നത്. അഞ്ച് വിഭാഗങ്ങള്‍ തമ്മിലും വ്യക്തമായ ആശ്രിതത്വ ബന്ധങ്ങള്‍ നിലവിലുണ്ടായിരുന്നു. കുടിയാരും അടിയാരും ഒരേതട്ടിലുള്ളവര്‍ തന്നെയാകുന്ന സ്ഥിതി ഉണ്ടായിരുന്നു. കേരളത്തിലെല്ലായിടത്തും ഇങ്ങനെ അഞ്ചുതട്ടുകള്‍ സജീവമായി രുന്നില്ല. ബ്രാഹ്മണഗ്രാമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കപ്പെട്ടു, നാടുവാഴികളുടെ കോയ്മ ശക്തമായിരുന്ന സ്ഥലങ്ങളിലാണ് ഇതു സജീവ മായത്. ചേരന്മാരും ചോളന്മാരും തമ്മിലുണ്ടായ യുദ്ധത്തോടെയാണ് കേരളത്തില്‍ ജന്മിസമ്പ്രദായം ആരംഭിക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതുകൊണ്ടുതന്നെ അവര്‍ക്ക് ക്ഷേത്രത്തിന്‍റെയും മറ്റും കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ പറ്റാതെയായി. ക്ഷേത്രങ്ങളുടെ ഊരാളന്മാരായിരുന്ന നമ്പൂതിരിമാരുടെ കൈകളിലേക്ക് സ്വത്തുക്കളും വരുമാനവും വന്നുചേര്‍ന്നു. സഭൈപ്പെരുമക്കള്‍, സഭയാര്യര്‍, പരുടൈയാര്‍ എന്നും മറ്റും ശാസനങ്ങളില്‍ സൂചിപ്പിക്കുന്നത് ഈ ഊരാളരെയാണ്. അതോടൊപ്പം യുദ്ധസമയത്ത് ശത്രുക്കളുടെ ആക്രമണം ഇല്ലാതിരിക്കാനും നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവായിക്കിട്ടാനും ചെറുകി ടപാട്ടക്കാരും കുടിയാന്മാരും അവരുടെ വസ് തുവകകളും ബ്രാഹ്മണരെ ഏല്‍പ്പിക്കുകയോ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുകയോ ചെയ്തു. ഇവ യഥാക്രമം ബ്രഹ്മസ്വം ഭൂമിയായും ദേവസ്വം ഭൂമിയായും അറിയപ്പെട്ടു. രാജാവിനുകൊടുത്തു കൊണ്ടിരുന്ന രാജഭോഗം ക്ഷേത്രങ്ങള്‍ക്കോ ബ്രാഹ്മണര്‍ക്കോ നല്‍കിയാല്‍ മതി. ദൈവത്തിന്‍റെയും ബ്രാഹ്മണന്‍റെയും പ്രീതി ലഭിക്കുകയും ചെയ്യും. ബ്രഹ്മസ്വം, ദേവസ്വം വസ്തുവകകള്‍ യുദ്ധത്തില്‍ ആക്രമിക്കില്ല എന്ന പ്രതീക്ഷയിലാ ണ് അവരത് ചെയ്തത്. ഇങ്ങനെ ബ്രാഹ്മണര്‍ സമ്പന്നരായ ജന്മികളായിത്തീര്‍ന്നു. ചേര-ചോള യുദ്ധം കേരളത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ ഈ വാദം അപ്രസക്തമാണ് എന്ന അഭിപ്രായം ചില പണ്ഡിതര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ക്ഷേത്ര ഊരാളന്മാരായ നമ്പൂതിരിമാരിലൂടെയാണ് ജന്മിത്വം വളര്‍ന്നതെന്ന് അവരും പറയുന്നു.
വലിയ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നവരെന്ന നിലയില്‍ ഊരാളന്‍മാരുടെ സ്വാധീനവും സാമ്പത്തികശേഷിയും വര്‍ധിച്ചു. ക്ഷേത്രസ്വത്തുക്കളില്‍നിന്നുള്ള വരുമാനം അന്യായമായി കൈപ്പറ്റാന്‍ തുടങ്ങി. ഇതിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ‘മൂഴിക്കളം കച്ചം’ ഏര്‍പ്പെടുത്തിയത്. തിരുവല്ല, കവിയൂര്‍, തിരുനെല്ലി തുടങ്ങി പല പ്രശസ്ത ക്ഷേത്രങ്ങളിലെ രേഖകളിലും മൂഴിക്കുളം കച്ചത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ഊരാളന്‍മാരുടെ തട്ടിപ്പു നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് അതിന് പ്രധാനമായും ഉണ്ടാ യിരുന്നത്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും കൃഷി ചെയ്യുന്ന കുടിയാന്മാരെ ഒഴിപ്പിച്ചു കൂടു തല്‍ പാട്ടം ഈടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളരുത് എന്നിവയായിരുന്നു കച്ചത്തിന്‍റെ പ്രധാന വ്യവസ്ഥകള്‍. ഇത് ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും ചെയ്യും. ഒമ്പതാം നൂറ്റാണ്ടായിരിക്കണം മൂഴിക്കളം കച്ചത്തിന്‍റെകാലം. കടങ്കാട്ടു കച്ചം, ശങ്കരമംഗലത്ത് കച്ചം, കൊ ടുവായുര്‍ വേലികച്ചം, തവനൂര്‍ കച്ചം തുടങ്ങിയ പുതിയ കച്ചങ്ങളുമുണ്ടായി. ക്ഷേത്രങ്ങളെയും ബ്രാഹ്മണഗ്രാമങ്ങളെയും സംബന്ധിച്ച എല്ലാഇ ടപാടുകളും കച്ചങ്ങള്‍വഴി നിയന്ത്രിക്കപ്പെട്ടു. കു ലശേഖരന്മാരുടെ കാലത്ത് ഈ വ്യവസ്ഥകള്‍ ഏറെക്കുറെ പാലിക്കപ്പെട്ടുപോന്നു. എന്നാല്‍ ചോളന്മാരുടെ ആക്രമണം ആരംഭിച്ചതോടെ ബ്രാഹ്മണരെയും നാടുവാഴികളെയും നിയന്ത്രി ക്കാനാകാതെ വന്നു. ഈ സാഹചര്യത്തില്‍ വളരെയധികം സ്വത്തുക്കള്‍ ബ്രഹ്മസ്വം ആയി മാറി. രാജ്യത്തെ മിക്ക ഭൂസ്വത്തും ദേവസ്വം ബ്രഹ്മസ്വം ഭൂമികളായി മാറി.
4.1.1 ജന്മം പാട്ടം കുടിയായ്മ
ഭൂവുടമാസമ്പ്രദായത്തില്‍ നിലനിന്നി രുന്ന പാരമ്പര്യ ഉടമസ്ഥാവകാശത്തിന്‍റെഒരു രൂപമാണ് ജന്മം. ജനിക്കുമ്പോള്‍ തന്നെയുള്ള അവകാശം എന്നാണ് ജന്മത്തിന്‍റെഅര്‍ത്ഥം. ഒരു പ്രത്യേക കുടുംബത്തിന്‍റെയോ വ്യക്തിയു ടെയോ കയ്യില്‍ പാരമ്പര്യമായി കിട്ടിയ അവ കാശമാണ് ഇങ്ങനെ അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം നല്‍കിയ നാട്ടിലാണ് ഇതിന്‍റെതുടക്കം. ഭൂമിദാനം ചെയ്യപ്പെട്ട വ്യക്തിക്ക് പുറമേ അയാളുടെ സന്തതികള്‍ക്കും അവകാശം ലഭിക്കുന്നു എന്നാണ് ജന്മത്തിന്‍റെഅര്‍ത്ഥം. പല ജന്മികുടുംബങ്ങളും പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഇങ്ങനെ ജന്മാവകാശമായി കൊണ്ടു നടന്നിരുന്നു. ജന്മാവകാശത്തിന്‍റെഒരു ലക്ഷണം അട്ടിപ്പേറായി ഭൂമിനല്‍കാനുള്ള അവകാശമാണ്. ഭൂമി കുടിയാന് വിട്ടുകൊടുക്കേണ്ട സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും അവകാശം കൊടുക്കുക എന്നത് അന്തസ്സില്ലാത്ത പ്രവര്‍ത്തി യായാണ് ജന്മികള്‍ കണ്ടിരുന്നത്. ഭൂമി വിട്ടു കൊടുക്കാന്‍ ഉറപ്പിച്ചാല്‍ മൂന്നു ഘട്ടമായാണ് കൈമാറ്റം പൂര്‍ത്തീകരിക്കുക. ജന്മി കുടിയാന് ഭൂമിയുടെമേലുള്ള അവകാശം നല്‍കുന്നതിനെ അട്ടിപ്പേര്‍ എന്നാണ് വിളിച്ചിരുന്നത്. അട്ടിപ്പേറി നുമുമ്പ് അഞ്ച് തലങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതു ണ്ടായിരുന്നു. ആദ്യത്തെ കുഴിക്കാണത്തിലൂടെ ഉടമസ്ഥതയുടെ എട്ടിലൊന്നും രണ്ടാമത്തെ കാ ണത്തിലൂടെ നാലിലൊന്നും അവകാശം ജന്മിക്ക് നഷ്ടമാകും. മൂന്നാമത്തേതായ ഒറ്റിയിലൂടെ രണ്ടി ലൊന്ന് അവകാശവും നാലാമത്തെ ഒറ്റിക്കുമ്പുറ ത്തിലൂടെ നാലില്‍മൂന്ന് അവകാശവും ജന്മിക്ക് നഷ്ടമാകും. അഞ്ചാമത്തേത് ജന്മപ്പണയമാണ്. എട്ടില്‍ ഏഴ് അവകാശവും നഷ്ടമാകുന്ന ജന്മ പ്പണയംവരെ വസ്തു വീണ്ടെടുക്കാന്‍ ജന്മിക്ക് അവകാശമുണ്ട്. പതിനഞ്ചാം നൂറ്റാണ്ട് ആകു മ്പോഴേക്കും അട്ടിപ്പേര്‍ കൈമാറ്റം കുറയുകയും കാണം അല്ലെങ്കില്‍ ഒറ്റി ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാര്‍ കൈയ്യില്‍ തന്നെ നിലനിര്‍ത്താനും ശ്രമിച്ചതായി കാണുന്നുണ്ട്. ഭൂമിയുടെമേലുള്ള അവകാശം പരമ്പരാഗതമാ യി കഴിഞ്ഞെന്നും അത് കൈമാറി പോകാതെ ഇരിക്കാന്‍ ഭൂവുടമകള്‍ ശ്രദ്ധിച്ചിരുന്നെന്നും ഇതില്‍നിന്ന് വ്യക്തമാകുന്നു. അട്ടിപ്പേര്‍ കഴി ഞ്ഞാല്‍ പിന്നെ ആ ഭൂമിയില്‍ ഒരു അവകാശവുമുണ്ടായിരുന്നില്ല. നീരട്ടിപ്പേര്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ജന്മമായി അനുഭവിക്കുന്ന ഭൂമിയില്‍പ്പോലും വലിയ അധികാരങ്ങളാണ് ജന്മിക്കുണ്ടായിരുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകും.
പാട്ടം എന്ന പദം ആദ്യം ഉപയോഗിച്ചു കാണുന്നത് തളി എന്നറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങളിലെ ലിഖിതങ്ങളിലാണ്. വിളവിന്‍റെഓഹരി എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത്. രാജാവിന് അവകാശപ്പെട്ട ഓഹ രിയാണ് ക്ഷേത്രങ്ങളുടെ ചെലവിനായി പാട്ട മായി നല്‍കാന്‍ വ്യവസ്ഥ ചെയ്തതെന്ന് ഇത് സൂചിപ്പിക്കുന്നു. രാജാവിന് നല്‍കിയിരുന്ന രാജഭോഗത്തിന്‍റെ അവകാശം ക്ഷേത്രത്തിനോ വ്യക്തിക്കോ കൈമാറുമ്പോള്‍ അത് പാട്ടമായി മാറും. കൃഷിചെയ്യുന്ന ഓരോ ഏക്കര്‍ ഭൂമിയിലും ഇത്തരത്തില്‍ ഭൂനികുതിയായി പാട്ടം ചുമ ത്തിയിരുന്നു. ജന്മിമാര്‍ കുടിയാന്മാര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി വിട്ടുനല്‍കിയിരുന്നത് കാണപ്പാട്ട സമ്പ്രദായം എന്നും അറിയപ്പെട്ടിരുന്നു. പാട്ടത്തിനായി ഭൂമി വാങ്ങുമ്പോള്‍ കുടിയാന്‍ ജന്മിക്ക് പണം നല്‍കേണ്ടതുണ്ട്. കാണം അഥവാ കാണപ്പണം എന്നാണിത് അറിയപ്പെട്ടത്. ഭൂമിയുടെ യഥാര്‍ഥ വിലയേക്കാള്‍ കുറവുള്ള വിലയാണ് ഇങ്ങനെ കാണമായി നിശ്ചയിച്ചത്. ഭൂമിയുടെ ഗുണം നോക്കിയാണ് കാണം നിശ്ചയിച്ചിരുന്ന ത്. തുടക്കത്തില്‍ 12 വര്‍ഷത്തേക്കാണ് പാട്ടം നല്‍കിയിരുന്നതെങ്കിലും പിന്നീടത് 24, 36, 48 വര്‍ഷങ്ങളിലേക്ക് നീണ്ടു. സ്ഥിരമായി ഒരു പാട്ട ക്കാരന്‍റെ കയ്യില്‍ത്തന്നെ ഭൂമി നില്‍ക്കുന്ന സ്ഥിതിയുമുണ്ടായി. എങ്കിലും12 വര്‍ഷം കൂടുമ്പോള്‍ ജന്മി പാട്ടം പുതുക്കി നിശ്ചയിച്ചിരുന്നു. വിളവില്‍നിന്ന് ക്ഷേത്രങ്ങളിലേക്കുംമറ്റും നല്‍കേണ്ട പങ്കിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ക്കും നാടുവാഴികള്‍ക്കും കരം കൊടുത്തിരുന്ന ഉഴവരാണ് പിന്നീട് കുടിയാന്മാരായി മാറിയത്. കൃഷിസ്ഥലത്ത് താമസിച്ച് കൃ ഷിയിലേര്‍പ്പെട്ടവര്‍ അഥവാ കൃഷി ചെയ്യുന്നതിനായി കുടിയിരുത്തപ്പെട്ടവര്‍ ആണ് കുടിയാര്‍ എന്നറിയപ്പെട്ടത്. കൃഷിസ്ഥലത്ത് താമസിക്കാനുള്ള അവകാശം കുടിയായ്മ എന്നും അറിയ പ്പെട്ടു. അത് ഭൂമിയുടെ മേലുള്ള നിയന്ത്രണാധി കാരമായിരുന്നില്ല. ഏതെങ്കിലും തരത്തില്‍ ഭൂമി കൈമാറ്റം ചെയ്യാനോ പണയം വെക്കാനോ ഭൂമിയോ അതിലെ ഉല്‍പ്പന്നങ്ങളോ വില്‍ക്കാനോ അധികാരമുണ്ടായിരുന്നില്ല. കുടിയാനെ ഒഴിപ്പിക്കാന്‍ ജന്മിക്ക് അധികാരം ഉണ്ടായിരുന്നതായി തുടക്കത്തില്‍ കരുതപ്പെട്ടിരുന്നില്ല. ജന്മിക്ക് പാട്ടത്തിന് മാത്രമേ അവകാശമുള്ളൂ എന്നും ഭൂമിയു ടെ യഥാര്‍ത്ഥ അവകാശി കുടിയാനാണ് എന്ന ധാരണയുമാണ് ഉണ്ടായിരുന്നത്. പിന്നീട് കരം കൊടുക്കാതിരുന്നാല്‍ കുടികളുടെ അവകാശ ങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങി.
കുടിയാനും താഴെയായി അടിയാര്‍ ഉണ്ടായിരുന്നു. കൃഷിഭൂമിയില്‍ നേരിട്ട് പണി യെടുത്തിരുന്നത് ഇവരായിരുന്നു. അടിയായ്മ നിര്‍ബന്ധിതമായ അധ്വാനമാണ്. ഉടയവരുടെ സൈനിക ശക്തിയും ക്ഷേത്രങ്ങളുടെ ദൈവികശക്തിയും കൂടിയാണ് ഈ അധ്വാനത്തെ നിര്‍ണയിച്ചത്. വനവിഭവങ്ങള്‍ ശേഖരിച്ചിരുന്നവരടക്കം നാടുകളായി വളര്‍ന്നുവന്ന പ്രദേശ ങ്ങളിലെ സമൂഹങ്ങളെല്ലാം അടിയാരായി. ഓരോ ജന്മി കുടുംബത്തിന്‍റെയും കൃഷിപ്പണിക്ക് മേല്‍നോട്ടം വഹിച്ച് ആ കുടുംബത്തിന്‍റെ പേരില്‍ അറിയപ്പെടുന്നതിനെ അടിയായ്മ എന്നാണ് വിളിച്ചിരുന്നത്. അടിയാന്‍റെ കുടുംബം മുഴുവന്‍ ജന്മിയുടെ ആശ്രിതരാകും. കൃഷിസ്ഥലം മറ്റൊരു ജന്മിയുടേതായാല്‍ അടിയാരും പിന്നെ പുതിയ ആള്‍ക്കുള്ളതാണ്. കൈത്തൊഴിലുകളു ടെ ഘടനയിലും മാറ്റങ്ങളുണ്ടായി. കൈത്തൊഴിലുകള്‍ ക്ഷേത്രങ്ങളുടെയും ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ആവശ്യങ്ങള്‍ക്ക് മാത്രം ചെവികൊടുത്തു. ഇങ്ങനെ എ.ഡി ഏഴാം നൂറ്റാണ്ട് മുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ സംഭവിച്ച ക്രമികമായ മാറ്റത്തിന്‍റെ ഫലമായാണ് കേരളത്തില്‍ ജന്മിത്വം വേരുറച്ചത്. അടിയാളര്‍ക്കൊപ്പം ഉടമസ്ഥര്‍ക്ക് കൂടി വിളനിലങ്ങളില്‍ അധ്വാനിക്കാനിറങ്ങിയിരുന്ന പ്രാചീനവര്‍ഗ സമുദായത്തില്‍നിന്ന് ഭൂമിയില്‍ അധ്വാനിക്കാ തെയും ഒരുപക്ഷെ മുഴുവന്‍ ഭൂമി നേരിട്ടുകാണുകപോലും ചെയ്യാതെ ആദായമെടുക്കുന്ന
വ്യവസ്ഥിതിയിലേക്ക് സമൂഹം മാറി. സാമൂഹികമായും സാംസ്കാരികമായും വലിയ മാറ്റങ്ങള്‍ അത് സൃഷ്ടിച്ചു. മതമേധാവിത്വവും സാമ്പത്തിക അടിത്തറയുമായി വളരെ ശക്തമായാണ് കേരള ത്തില്‍ ജന്മിത്വം പ്രവര്‍ത്തിച്ചത്. ജന്മിത്വത്തിന്‍റെ ഉത്ഭവത്തോടെ കേരളത്തില്‍ ജാതിവ്യവസ്ഥയും ഉടലെടുത്തു. തൊഴിലിനെ അടിസ്ഥാനമാക്കി ആരംഭിച്ച ജാതിവ്യവസ്ഥ പിന്നീട് മനുഷ്യരെ പലതരത്തില്‍ വിഭജിച്ചു. ബ്രാഹ്മണന്‍റെ സാമ്പ ത്തിക സാംസ്കാരിക രാഷ്ട്രീയ മേധാവിത്വം തന്നെയാണ് ജാതിയില്‍ അധിഷ്ഠിതമായ സാമൂ ഹ്യവ്യവസ്ഥയെയും നിര്‍മ്മിച്ചത്. ജാതിവ്യവസ്ഥ കേരളത്തെ അയിത്തവും തീണ്ടലും തൊടീലും പോലുള്ളവയിലേക്കുമെത്തിച്ചു.

Recap

  • ആറാം നൂറ്റാണ്ടുവരെ പ്രാചീന വര്‍ഗസമുദായം
  • പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിത്വം ശക്തിപ്രാപിച്ചു
  • നാടുവാഴികള്‍ക്ക് പലനിലയില്‍ വരുമാനം
  • ജന്മി സമ്പ്രദായത്തിലെ അഞ്ചു തട്ടുകള്‍
  • ഊരാളന്മാരെ നിയന്ത്രിക്കാന്‍ മൂഴിക്കളം കച്ചം
  • ഭൂമിയില്‍ പാരമ്പര്യമായി കിട്ടിയ ജന്മാവകാശം
  • വിളവിന്‍റെഓഹരിയായി പാട്ടം
  • കൃഷി ചെയ്യാനായി കുടിയിരുത്തപ്പെട്ട കുടിയാര്‍
  • നേരിട്ട് പണിയെടുത്തിരുന്ന അടിയാര്‍

 

Objective Type Questions

  1. എ.ഡി ആറാം നൂറ്റാണ്ടുവരെ നിലവിലിരുന്ന സാമൂഹ്യവ്യവസ്ഥിതി അറിയപ്പെട്ടിരുന്നത് എങ്ങനെ?
  2. കൃഷിഭൂമിയിലെ ആദായത്തില്‍ നിന്ന് രാജാവിന് നല്‍കുന്നതിനെ പറയുന്ന പേര്?
  3. അവകാശികളില്ലാതെ ഉടമസ്ഥന്‍ മരിച്ചാല്‍ സ്വത്തെല്ലാം നാടുവാഴികള്‍ നിക്ഷിപ്തമാകുന്നത് അറിയപ്പെടുന്നത് ഏത് പേരില്‍?
  4. പുരുഷാന്തരം എന്ന പണം നാടുവാഴിക്ക് കൊടുക്കേണ്ടത് എപ്പോള്‍?
  5.  അഞ്ച് തലങ്ങളുള്ള ജന്മിസമ്പ്രദായത്തിന്‍റെ തട്ടില്‍ നാടുവാഴികള്‍ അറിയപ്പെട്ടിരുന്നത്?
  6.  ഊരാളന്മാരെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന വ്യവസ്ഥ?
  7.  ഭൂവുടമാസമ്പ്രദായത്തില്‍ നിലനിന്ന പാരമ്പര്യ ഉടമസ്ഥാവകാശത്തിന്‍റെപേര്?
  8.  കുടിയാന് ഭൂമി പൂര്‍ണ്ണമായും വിട്ടുകൊടുക്കുന്നത് അറിയപ്പെടുന്നത് ഏത് പേരില്‍?
  9.  കൃഷിചെയ്യുന്ന ഭൂമിയുടെമേല്‍ വാങ്ങുന്ന നികുതി?
  10. കൃഷിസ്ഥലത്ത് താമസിച്ചു കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആര്?
  11.  കൃഷിഭൂമിയില്‍ അധ്വാനിച്ചിരുന്ന വിഭാഗം?

Answers to Objective Type Questions

1.പ്രാചീന വര്‍ഗസമുദായം
2. രാജഭോഗം
3. അറ്റാലടക്കം
4. കുടുംബഭരണം പുതിയ ആള്‍ ഏറ്റെടുക്കുമ്പോള്‍
5. ഉടയവര്‍
6. മൂഴിക്കളം കച്ചം
7. ജന്മം
8. അട്ടിപ്പേറ്
9. പാട്ടം
10. കുടിയാര്‍
11. അടിയാര്‍

Assignments

  • പ്രാചീന കേരളത്തിലെ ജന്മി കുടിയാന്‍ ബന്ധം
  • ജന്മിസമ്പ്രദായം വളര്‍ച്ചയും തളര്‍ച്ചയും

Suggested Readings

1. കെ.എന്‍. ഗണേഷ്, കേരളത്തിന്‍റെ ഇന്നലെകള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം
2. പി. കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം, കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
3. പി. കെ. ബാലകൃഷ്ണന്‍, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും,
എസ്. പി. സി. എസ്, കോട്ടയം
4. ഇളംകുളം കുഞ്ഞന്‍പിള്ള, ജന്മി സമ്പ്രദായം കേരളത്തില്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍,
കോട്ടയം
5. എ ശ്രീധരമേനോന്‍, കേരള സംസ്കാരം, ഡി.സി ബുക്സ്, കോട്ടയം