Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit1:

രണ്ടാം ചേരസാമ്രാജ്യം-കുലശേഖരന്മാര്‍

Learning Outcomes

 • 9,10,11 നൂറ്റാണ്ടുകളിലെ കേരളചരിത്രത്തെ കുറിച്ചുള്ള സാമാന്യധാരണ
 • കുലശേഖരന്‍മാര്‍ എന്നറിയപ്പെട്ട ഭരണാധികാരികളെ സംബന്ധിച്ച അറിവ്
 • രണ്ടാം ചേരസാമ്രാജ്യത്തിലെ രാജാക്കന്മാരുടെ പ്രധാന ഇടപെടലുകളെ
  പരിചയപ്പെടുന്നു

Prerequisites

കേരളം ഇന്നുകാണുന്ന ഭൗതികസാന്നിധ്യമാകുന്നതിന് മുമ്പ് വിശാലമായ ഒരു ഭൂമി കയായിരുന്നെന്ന് നമുക്കറിയാം. ദക്ഷിണേന്ത്യയാകെ ഇന്ന് കാണുന്ന സംസ്ഥാന അതിര്‍ ത്തികളില്ലാതെ പരന്നുകിടന്ന കാലം. ഭൂവിസ്തൃതിയും ഇന്നത്തെ രീതിയിലായിരുന്നില്ല. സം ഘംകൃതികളില്‍നിന്ന് ലഭിച്ച സാമൂഹ്യ പ്രത്യേകതകള്‍ക്കുശേഷം കേരളത്തിന്‍റെ ഭൂപ്രദേശം അടയാളപ്പെടുത്തപ്പെടുന്നത് രണ്ടാം ചേര സാമ്രാജ്യത്തോടെയാണ്. കേരള ചരിത്രത്തില്‍ ഏറെ സവിശേഷമായ ഒരു കാലഘട്ടമാണ് ഒമ്പതു മുതല്‍ പതിനൊന്ന് വരെയുള്ള നൂറ്റാണ്ടുകളുടേത്. മുന്‍ നൂറ്റാണ്ടുകളില്‍ ഈ പ്രദേശങ്ങളില്‍ പ്രാമുഖ്യം നേടിയിരുന്ന പല്ലവരെയും കദംബരെയും ചാലൂക്യരെയും പാണ്ഡ്യരെയും അപ്രസക്തരാക്കിക്കൊണ്ടാണ് രണ്ടാം ചേര സാമ്രാജ്യം പ്രാധാന്യം നേടുന്നത്.
ഏഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പല്ലവ രാജാക്കന്മാരായിരുന്ന മഹേന്ദ്രവര്‍മ്മനും നരസിംഹവര്‍മനും കേരളത്തെ ആക്രമിച്ചു. പല്ലവ രാജാക്കന്മാര്‍ എഴുതിയതും അവരുടെ പണ്ഡിത കവികള്‍ എഴുതിയതുമായ കൃതികള്‍ പലയിടത്തുനിന്നായി കണ്ടെത്തിയത് പല്ലവ സ്വാധീനത്തിന് ഉദാഹരണമാണ്. കവിയൂരിലെ അടക്കമുള്ള ശിലാക്ഷേത്രങ്ങളുടെ നിര്‍മ്മി തിയിലും പല്ലവശില്‍പകലയുടെ സ്വാധീനത കാണാം. ഇതിനിടയില്‍ പല്ലവരുടെ സ്വാധീനം അല്‍പമെങ്കിലും കുറച്ചത് ചാലൂക്യരാജാവായ പുലികേശി രണ്ടാമന്‍റെകാലത്താണ്. കാഞ്ചി പിടിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം വിജയംകണ്ടില്ലെങ്കിലും കേരളത്തില്‍ നിര്‍ണായക സ്വാധീനം അദ്ദേഹം വെച്ചുപുലര്‍ത്തി. പുലകേശി രണ്ടാമന് ചങ്ങാത്തമുണ്ടായിരുന്ന ദുര്‍വി നീതന്‍ എന്ന ഗംഗരാജാവും ഇതിനിടെ കേരളത്തെ ആക്രമിച്ചിരുന്നു.
ഏഴാം നൂറ്റാണ്ടിന്‍റെ അവസാനകാലങ്ങളില്‍ മറ്റു ചില ആക്രമണങ്ങളാണ് കേരളത്തിന് നേരിടേണ്ടിവന്നത്. ചാലൂക്യരാജാവായ വിനയാദിത്യനും പാണ്ഡ്യരാജാവായ അരികേസരി മാറവര്‍മനും കേരളത്തിനെതിരെ അന്ന് യുദ്ധം നയിച്ച രാജാക്കന്മാരാണ്. ഈ ആക്രമ ണങ്ങള്‍ക്കെതിരെ ചെറുത്തുനിന്ന് ശത്രുക്കള്‍ക്കെതിരെ ആധിപത്യം നേടാന്‍ കേരള രാജാവ് കുലശേഖര ആഴ്വാര്‍ക്കായി. എ.ഡി 650-668 ആണ് അദ്ദേഹത്തിന്‍റെ ഭരണകാലമായി ഏതാണ്ട് കണക്കാക്കപ്പെടുന്നത്. ചോള-പാണ്ഡ്യ- മലനാടുകളുടെ മേല്‍ ആധിപത്യമുണ്ടായിരുന്ന രാജാവാണ് താനെന്ന് ആഴ്വാരുടെ ഒരു ഗാനത്തില്‍ അദ്ദേഹം തന്നെ പറയുന്നുണ്ട്. അദ്ദേഹത്തിനുശേഷം പ്രാപ്തരായ രാജാക്കന്മാരുടെ അഭാവംമൂലം കേരളം വീണ്ടും പാണ്ഡ്യരുടെ യും പല്ലവരുടെയും ചാലൂക്യന്‍മാരുടെയും അധീനതയിലായി.
എട്ടാം നൂറ്റാണ്ടില്‍ ചാലൂക്ക്യരുടെയും രാഷ്ട്രകൂടരുടെയും പാണ്ഡ്യരുടെയും ആക്രമ ണങ്ങളുണ്ടായി. ചാലൂക്യരാജാവായ കീര്‍ത്തിവര്‍മ്മന്‍ പല രാജാക്കന്മാരെയും തോല്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രകൂടരാജാവായ ദന്തിദുര്‍ഗന്‍ ചാലൂക്ക്യന്മാരെ തോല്‍പ്പിച്ചു. മാറവര്‍ണ്ണന്‍ രാജ സിംഹന്‍, ജടിലപരാന്തക നെടുംചടയന്‍ എന്നീ പാണ്ഡ്യരാജാക്കന്മാരും കേരളത്തെ ആക്ര മിക്കുകയും അധീനപ്പെടുത്തുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എട്ടാം നൂറ്റാ ണ്ടിന്‍റെ തുടക്കത്തില്‍ കേരളത്തില്‍ പേരുകേട്ട രാജാവ് ചേരമാന്‍പെരുമാളാണ്. എ.ഡി.710 മുതല്‍ 746 വരെയുള്ള 36 വര്‍ഷം അദ്ദേഹം നാടുഭരിച്ചു എന്ന് കരുതപ്പെടുന്നു. എട്ടാംനൂ റ്റാണ്ട് ഭരണകാലമായി കരുതപ്പെടുന്ന മറ്റൊരു രാജാവ് പള്ളിവാണര്‍ എന്ന് പേരുള്ള പെ രുമാളാണ്. കേരളം വാണിരുന്ന ഒരു പെരുമാള്‍ ബുദ്ധമതം സ്വീകരിച്ചതായി ‘കേരളോല്‍ പ്പത്തി’യെ അധികരിച്ച് ചിലര്‍ വിശ്വസിച്ചുവരുന്നതും ഇദ്ദേഹത്തെയാകാം. ഇതിനുശേഷം ഒമ്പതാം നൂറ്റാണ്ടോടെയാണ് പ്രശസ്തമായ രണ്ടാം ചേരസാമ്രാജ്യം പ്രാമുഖ്യം നേടുന്നത്.

Keywords

ഒമ്പതാം നൂറ്റാണ്ടിലെ കേരളം-രണ്ടാം ചേരസാമ്രാജ്യം-കുലശേഖരന്മാര്‍-ഭരണകാലം

Discussion

ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കുല ശേഖരന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായ രാജാക്കന്മാരുടെ കാലമായിരുന്നു. ഈ രാജവംശകാലത്തെയാണ് പൊതുവായി രണ്ടാം ചേരസാമ്രാജ്യകാലം എന്നുവിളിക്കുന്നത്. കുല ശേഖരവര്‍മ എന്ന ആദ്യരാജാവില്‍ നിന്നാണ് പരമ്പരയ്ക്ക് ആ പേര് കിട്ടിയത്. അദ്ദേഹത്തിന്‍റെ കാലം എ.ഡി 775-820 ആണെന്ന് കരുതപ്പെടുന്നു. 820ല്‍ അദ്ദേഹം സിംഹാസനം വെടിയുന്നത് സന്യാസത്തിന് വേണ്ടിയായിരുന്നു. സംസ്കൃതപണ്ഡിതനും നാട്യകലാവിദഗ്ധനു മായിരുന്നു കുലശേഖര വര്‍മ. തമിഴിലെ ഭക്തി പ്രബന്ധമായ പെരുമാള്‍ തിരുമൊഴി, സംസ്കൃ തത്തിലെ മുകുന്ദമാല എന്നിവ അദ്ദേഹം രചിച്ചതാണ്. സുഭദ്രാധനഞ്ജയം, തപതിസംവരണം, വിച്ഛിന്നാഭിഷേകം എന്നീ മൂന്ന് നാടകങ്ങളുടെ കര്‍ത്താവുമായിരുന്നു അദ്ദേഹം. ആശ്ചര്യമഞ്ജ രി എന്ന പേരില്‍ ഒരു ഗദ്യകൃതിയും കുലശേ ഖരവര്‍മ രചിച്ചിട്ടുണ്ട്. കേരളകുല ചൂഢാമണി, മഹോദയപുരപരമേശ്വരന്‍ എന്നീ ബിരുദങ്ങളാല്‍ അദ്ദേഹം അറിയപ്പെട്ടു. കൂടിയാട്ടത്തിന് പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിച്ച തോലന്‍ അദ്ദേഹത്തിന്‍റെ സമകാലികനായിരുന്നെന്ന് കരുതപ്പെടുന്നു.
രാജശേഖരവര്‍മയാണ് അടുത്ത രാജാവ്. എ.ഡി.820-844 ആണ് അദ്ദേഹത്തിന്‍റെ കാലം. ചേരരാജാക്കന്മാരുടേതായി കേരളത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കംചെന്ന വാഴപ്പി ള്ളി ശാസനം അദ്ദേഹത്തിന്‍റേതാണ്. കൊല്ലവര്‍ഷം ആരംഭിച്ചത് രാജശേഖരന്‍റെ കാലത്താണ്. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു എന്നതിന്‍റെ സൂചനകള്‍ ശാസനത്തില്‍ കാണാം. സ്താണുര വിയാണ് പിന്നീട് അധികാരമേറ്റ രാജാവ്. എ.ഡി 844 മുതല്‍ 885 വരെ അദ്ദേഹത്തിന്‍റെ ഭരണകാ ലമായി കരുതപ്പെടുന്നു. വേണാട്ടിലെ അയ്യനടികള്‍ തിരുവടികള്‍ ക്രിസ്ത്യന്‍ വണിഗ്വരനായ മറുവന്‍ ഈശോ സപീറിന് തരിസാപ്പള്ളിശാസനം എഴുതിക്കൊടുത്തത് സ്താണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തിലാണ്. രാജാവിന് കീ ഴില്‍ കേരളം പലനാടുകളായി തിരിഞ്ഞിരുന്നെ ന്നും ഓരോ പ്രദേശത്തിനും ഉടൈയവര്‍ എന്ന പേരിലുള്ള മേല്‍നോട്ടചുമതലയുള്ള വ്യക്തി കളെ നിയമിച്ചിരുന്നെന്നും ശാസനത്തില്‍ സൂചനകളുണ്ട്. കൂടന്‍റമാണിക്യം ക്ഷേത്രത്തിലും ഇദ്ദേഹത്തിന്‍റെ ഒരു ശാസനം ഉണ്ട്. ശങ്കരനാരായണന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍റെകീഴില്‍ മഹോദയപുരത്ത് ഒരു നക്ഷത്രബംഗ്ലാവും സ് താണുരവിയുടെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നതായി കരുതപ്പെടുന്നു. പ്രസിദ്ധ അറബി വ്യാപാരിയായ സുലൈമാന്‍റെ കേരള സന്ദര്‍ശനവും ഇക്കാലത്തായിരുന്നു.
തരിസാപ്പള്ളി ശാസനത്തില്‍ കോയിലധികാരികള്‍ എന്ന നിലയില്‍ സന്നിഹിതനായിരുന്ന വിജയരാഗദേവനാണ് തുടര്‍ന്നുള്ള ഭരണാധികാരി. സ്താണുരവിയുടെ മകന്‍ രവിവര്‍മയ്ക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാലാണ് മരുമകനായ വിജയരാഗദേവന്‍ അധികാരമേറ്റത്. എ.ഡി 885 മുതല്‍ 890 വരെ അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു. പിന്നീട് അധികാരമേറ്റ രാമവര്‍മ കുല ശേഖരന്‍ വാസുദേവന്‍, ലീലാശുകന്‍ തുടങ്ങി ധാരാളം പണ്ഡിതകവികളുടെ പുരസ്കര്‍ത്താവ് എന്ന നിലയില്‍ വിഖ്യാതനായിരുന്നു. എ.ഡി. 890 മുതല്‍ 917 വരെയാണ് അദ്ദേഹത്തിന്‍റെ ഭരണ കാലമായി കണക്കാക്കപ്പെടുന്നത്. പാണ്ഡ്യരുമായി അടുത്ത ബന്ധമാണ് രാമവര്‍മ പുലര്‍ത്തിയി രുന്നത്. വിദേശ സഞ്ചാരിയായ മസൂദി കേരളം സന്ദര്‍ശിച്ചത് രാമവര്‍മയുടെ കാലത്താണ്. കോ തരവിയാണ് തുടര്‍ന്ന് രാജാവായത്. നെടുംപുറം തളിക്ഷേത്രത്തിലെ ശാസനത്തിലെ വിവരപ്ര കാരം എ.ഡി 917 മുതല്‍ 947 വരെയാണ് അദ്ദേഹത്തിന്‍റെ ഭരണകാലമായി കണക്കാക്കപ്പെടുന്നത്. അവിട്ടത്തൂര്‍, ചോക്കൂര്‍, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ എന്നിവിടങ്ങളില്‍നിന്നും അദ്ദേഹത്തിന്‍റെ ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. പരാന്തക ചോളന്‍ പാണ്ഡ്യരാജ്യം ആക്രമിച്ചതിനെ തുടര്‍ന്ന് പാലായനം ചെയ്യേണ്ടിവന്ന മാരവര്‍മന്‍ രാജസിംഹന് അഭയം കൊടുത്ത കാരണത്താല്‍ ചേരന്മാരും ചോളന്മാരും തമ്മില്‍ ശത്രുത ഉടലെടുത്തത് കോതരവിയുടെ കാലത്താണ്. കോതരവിയെത്തുടര്‍ന്ന് രാജാവായ ഇന്ദുക്കോ തവര്‍മയുടെ കാലത്ത് ചേരചോള ബന്ധം സം ഘര്‍ഷത്തിലെത്തി. എ.ഡി 947 മുതല്‍ 962 വരെ യാണ് ഇന്ദുക്കോതവര്‍മയുടെ ഭരണകാലം.
ഭാസ്കരരവിവര്‍മനാണ് പിന്നീട് രാജാവായത്. എ.ഡി 962 മുതല്‍ 1021 വരെയുള്ള അദ്ദേഹത്തിന്‍റെ ഭരണകാലം കേരളചരിത്രത്തിലെ നിര്‍ണായക ഘട്ടമാണ്. വിവിധ നാട്ടുപ്രദേശങ്ങളില്‍ സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നതിന് തിരുക്കടിത്താനം മുതല്‍ വയനാട്ടിലെ തിരുനെല്ലി വരെയുള്ള സ്ഥലങ്ങളില്‍നിന്ന് ലഭിച്ച രേഖകള്‍ തെളിവാകുന്നുണ്ട്. മുപ്പത്തിയെട്ടാം ഭരണവര്‍ഷത്തില്‍ അദ്ദേഹം പുറപ്പെടുവിച്ച ജൂതശാസനം ന്യൂനപക്ഷങ്ങളോട് രാജാക്കന്മാര്‍ പുലര്‍ത്തിയിരുന്ന സൗഹൃദ മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ചോളന്മാരുടെ ഭാഗ ത്തുനിന്നും നിരന്തര ആക്രമണം ഈ സമയ ത്ത് ഉണ്ടാകുന്നുണ്ട്. ഭാസ്ക്കര രവിവര്‍മന്‍റെമര ണത്തോടുകൂടി കുലശേഖര രാജപരമ്പരയുടെ പ്രതാപത്തിന് മങ്ങലേറ്റു. അദ്ദേഹത്തെ തുടര്‍ന്ന് എ.ഡി 1036ല്‍ ഭരണം നടത്തിയ രാജസിംഹന്‍ ചോളരാജാവിന്‍റെ ഒരു സാമന്തനെപ്പോലെയാ ണ് പെരുമാറിയിരുന്നത്. തുടര്‍ന്നുള്ള കാലത്തെ രേഖകളില്‍ പ്രാമുഖ്യം ലഭിച്ചത് വേണാട് രാജാ ക്കന്മാര്‍ക്കാണ് എന്നതിനാല്‍ 11-)0 നൂറ്റാണ്ടോടെ ചേരരാജവംശം അസ്തമിച്ചു എന്ന് കരുതുന്നതാണ് ഉചിതം.
ഇളംകുളം കുഞ്ഞന്‍പിള്ളയും എ. ശ്രീധ രമേനോനും തെളിവുകളുടെ വേണ്ടത്ര പിന്‍ബ ലമില്ലാത്ത ഭാവനാവ്യായാമമായി അവതരിപ്പിച്ചതാണ് രണ്ടാം ചേരസാമ്രാജ്യമെന്നാണ് പി.കെ ബാലകൃഷ്ണന്‍റെ അഭിപ്രായം. ശാസനങ്ങളി ലൊന്നും ചേരം എന്ന സംജ്ഞ ഉപയോഗിക്കു ന്നില്ല. കുലശേഖരന്‍ എന്ന വംശനാമത്തിന്‍റെ കാര്യത്തിലും സ്ഥിതി അതുതന്നെയാണ്. രാജാക്കന്മാര്‍ എന്ന് കരുതാവുന്ന ഏതാനും ചില പേരുകള്‍ ഒഴികെ രാജ്യത്തിന്‍റെ ഘടന, സമുദായ സ്ഥിതി, ധനസ്ഥിതി തുടങ്ങിയ കാര്യ ങ്ങളെക്കുറിച്ചൊന്നും ശാസനങ്ങളില്‍ സൂചനകളില്ല എന്നദ്ദേഹം പറയുന്നു. ചരിത്രവസ്തുതക ളുടെ പിന്‍ബലമില്ലാത്ത കാര്യങ്ങള്‍ ദൃഢമായി ചുമ്മാതെ പറയാനുള്ള ഇളംകുളത്തിന്‍റെ ചങ്കൂറ്റത്തെളിവ് മാത്രമാണ് ഇവയെന്ന് പി കെ ബാലകൃഷ്ണന്‍ ഉപസംഹരിക്കുന്നു.

Recap

 • എ.ഡി 9 മുതല്‍ 11 വരെയുള്ള നൂറ്റാണ്ടുകള്‍
 •  കുലശേഖരന്‍ മുതല്‍ ഭാസ്കര രവിവര്‍മ്മന്‍ വരെയുള്ള പ്രമുഖ രാജാക്കന്മാര്‍
 •  വാഴപ്പിള്ളി, തരിസാപ്പള്ളി, ജൂതപ്പട്ടയം തുടങ്ങിയ പ്രധാന ശാസനങ്ങള്‍
 • ചോളപാണ്ഡ്യന്മാരോട് ഇണങ്ങിയും പിണങ്ങിയുമുള്ള ഭരണം
 • പതിനൊന്നാം നൂറ്റാണ്ട് മുതല്‍ വേണാട് അടക്കമുള്ള പുതിയ രാജവംശങ്ങള്‍ക്ക് പ്രാമുഖ്യം
 • വസ്തുതകളുടെ പിന്‍ബലമില്ലാത്ത ചങ്കൂറ്റത്തെളിവുകള്‍ മാത്രമെന്നും വാദം

Objective Type Questions

 1.  രണ്ടാം ചേരസാമ്രാജ്യത്തിലെ ആദ്യ രാജാവിന്‍റെ പേര്?
 2.  കുലശേഖരവര്‍മ്മയുടെ സ്ഥാനപ്പേരുകള്‍ ഏവ?
 3.  പെരുമാള്‍ തിരുമൊഴിയുടെ കര്‍ത്താവായ ചേരരാജാവ് ആരാണ്?
 4.  വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ചേരരാജാവ്?
 5.  സ്താണുരവിയുടെ അഞ്ചാം ഭരണ വര്‍ഷത്തില്‍ പുറത്തുവന്ന ശാസനം?
 6. മഹോദയപുരത്ത് നക്ഷത്രബംഗ്ലാവിന്‍റെ ചുമതലയുണ്ടായിരുന്ന ഗണിത ശാസ്ത്രജ്ഞന്‍ ആര്?
 7.  തരിസാപ്പള്ളി ശാസനത്തില്‍ കോയിലധികാരികള്‍ എന്ന പേരില്‍ സന്നിഹിതനായതാര് ?
 8.  വിദേശ സഞ്ചാരിയായ മസൂദി കേരളം സന്ദര്‍ശിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
 9.  ചേരചോള ബന്ധം സംഘര്‍ഷത്തിലേക്ക് എത്തിയത് ഏത് രാജാവ് ഭരിക്കുമ്പോഴാണ്?
 10.  ജൂതശാസനം ഏത് രാജാവിന്‍റെകാലത്താണ് എഴുതപ്പെട്ടത്?

Answers to Objective Type Questions

1.കുലശേഖര വര്‍മ
2. കേരളകുല ചൂഢാമണി, മഹോദയപുരപരമേശ്വരന്‍
3. കുലശേഖര വര്‍മ
4. രാജശേഖരവര്‍മ
5. തരിസാപ്പള്ളി ശാസനം
6. ശങ്കരനാരായണന്‍
7. വിജയരാഗദേവന്‍
8. രാമവര്‍മയുടെ കാലത്ത്
9. ഇന്ദുക്കോതവര്‍മ
10. ഭാസ്കരരവിവര്‍മന്‍

Assignments

 • മഹോദയപുരത്തെ കുലശേഖരന്മാര്‍
 • 9,10,11 നൂറ്റാണ്ടുകളിലെ കേരളം

Suggested Readings

1. ഇളംകുളം കുഞ്ഞന്‍പിള്ള, ചേരസാമ്രാജ്യം ഒന്‍പതും പത്തും നൂറ്റാണ്ടുകളില്‍,
എസ്. പി.സി.എസ്, കോട്ടയം
2. ഇളംകുളം കുഞ്ഞന്‍പിള്ള, കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍,
എസ്. പി. സി. എസ്, കോട്ടയം
3. എ.ശ്രീധരമേനോന്‍, കേരളചരിത്രം, ഡി സി ബുക്സ്, കോട്ടയം
4. എം. ജി. എസ്. നാരായണന്‍, കേരളചരിത്രത്തിന്‍റെഅടിസ്ഥാനശിലകള്‍, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
5. വേലായുധന്‍ പണിക്കശ്ശേരി, കേരളത്തിലെ രാജവംശങ്ങള്‍, ഡി.സി ബുക്സ്, കോട്ടയം
6. പി കെ ബാലകൃഷ്ണന്‍, ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും,എസ്.പി.സി.എസ്, കോട്ടയം