Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
BA Malayalam
About Lesson

unit1:

സംസ്കൃത-തമിഴ് മണിപ്രവാളകൃതികള്‍

Learning Outcomes

  • സംസ്കൃതസാഹിത്യകൃതികളില്‍ നിന്ന് കേരളചരിത്രരചനയ്ക്കാവശ്യമായ ഉപാദാനങ്ങള്‍ കണ്ടെത്തുന്നു
  • തമിഴ് സാഹിത്യകൃതികളിലെ കേരളചരിത്രവുമായി ബന്ധെപ്പട്ട പരാമര്‍ശങ്ങള്‍ മനസ്സിലാക്കുന്നു
  • പ്രാചീന മലയാളകൃതികളിലെ കേരളെത്തക്കുറിച്ചുള്ള സൂചനകള്‍ മനസ്സിലാക്കുന്നു
  • സാഹിത്യ കൃതികള്‍ കേരളചരിത്രരചനയുടെ ഉപാദാനമായി പ്രവര്‍ത്തിക്കുന്നു എന്ന ധാരണ നേടുന്നു

Prerequisites

രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രദേശമാണ് കേരളം. എന്നാല്‍ കേരളത്തിന്‍റെ പ്രാചീനത മുഴുവന്‍ മനസ്സിലാകുന്ന വിവരങ്ങള്‍ ഇന്ന് ലഭ്യമല്ല ഇത്തരത്തില്‍ പ്രാചീന മധ്യകാല കേരളത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായകരമായ വസ്തുക്കളുടെ ലഭ്യതക്കുറവാണ് ചരിത്രരചനയില്‍ മറ്റു ഉപാദാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാക്കുന്നത് ശരിയായ ചരിത്രരേഖകളുടെ അപര്യാപ്തതയും ഐതിഹ്യകഥകളുടെ നിഷ്ഫലതയും മൂലം ചരിത്രകാരന്മാര്‍ക്കു മറ്റു പല ഉപാദാനസാമഗ്രികളെയും ആശ്രയി ക്കേണ്ടി വരുന്നു. സാഹിത്യകൃതികള്‍, ശാസനങ്ങള്‍, മഹാശിലാവശിഷ്ടങ്ങള്‍, നാണയങ്ങള്‍, സഞ്ചാരികളുടെ കുറിപ്പുകള്‍ തുടങ്ങിയവ കേരളചരിത്രരചനയെ സഹായിക്കുന്നു.

Keywords

ഐതരേയ ആരണ്യകം-പതിറ്റുപ്പത്ത്-അകനാനൂറ്-പുറനാനൂറ്-ചിലപ്പതികാരം

Discussion

ശരിയായ ചരിത്രരേഖകളുടെ അപര്യാപ്തതയും ഐതിഹ്യകഥകളുടെ നിഷ്ഫലതയും പ്രാചീന മധ്യകാല കേരളചരിത്രത്തിന്‍റെ പുനര്‍നിര്‍മ്മിതിയില്‍ വിവിധരീതികളിലുള്ള ഉപാദാ നസാമഗ്രികളെ ആശ്രയിക്കുന്നതിന് കാരണമാവുന്നു. കേരള ചരിത്രരചനയില്‍ ഉപാദാനമായി ലിഖിതങ്ങള്‍, സ്മാരകങ്ങള്‍, ഐതിഹ്യങ്ങള്‍ എന്നിവയെ സ്വീകരിക്കാറുണ്ട്. സംസ്കൃതത്തിലും തമിഴിലും എഴുതപ്പെട്ട കൃതികളാണ് ലിഖിതങ്ങളില്‍ ഉള്‍ക്കൊള്ളുന്നത്. കൂടാതെ വിദേ ശസഞ്ചാരികളുടെ കുറിപ്പുകള്‍, ശാസനങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു .പ്രാചീന കാ ലങ്ങളിലെ നിര്‍മ്മിതികളാണ് സ്മാരകങ്ങളായി കണക്കാക്കുന്നത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, പ്രതിമകള്‍ എന്നിവ സ്മാരകങ്ങ ളായി അറിയപ്പെടുന്നു. പ്രാചീന കാലത്ത് പ്രചാ രത്തിലുണ്ടായിരുന്ന ആയുധങ്ങള്‍, ഉപകരണ ങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവയും ഇങ്ങനെസ്മാരകങ്ങളായി ചരിത്രരചനയെ സഹായിക്കുന്നവയാണ്. ചരിത്രാംശമുള്ള ഐതിഹ്യങ്ങള്‍ക്ക് വ്യാപക പ്രചാരം ലഭിക്കാറുണ്ട്. എന്നാല്‍ അവയില്‍ പലതും ചരിത്ര വസ്തുതകളെ മുന്‍നിര്‍ത്തി അപഗ്രഥിച്ചാല്‍ വസ്തുതാവിരുദ്ധമായാണ് നിലനില്‍ക്കുന്നത് എന്ന് കാണാം. സംസ്കൃത തമിഴ് സാഹിത്യകൃതികള്‍, ശിലാശാസനങ്ങള്‍, ചെപ്പേടുകള്‍, മഹാശിലാവശിഷ്ടങ്ങള്‍, ഗുഹാചിത്രങ്ങള്‍, നാണയങ്ങള്‍, സഞ്ചാരികളുടെ കുറിപ്പുകള്‍ എന്നിവ ഉപാദാനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
1.1.1 സംസ്കൃത കൃതികള്‍
കേരള പരാമര്‍ശമുള്ള ആദ്യത്തെ സംസ്കൃത കൃതിയായി ഐതരേയ ആരണ്യകം കരുതപ്പെടുന്നു. കൃതിയിലെ ചേര എന്ന ശബ്ദം കേരളത്തെ സൂചിപ്പിക്കുന്നതാണ് എന്നാണ് കരുതപ്പെടുന്നത്. രാമായണത്തിലും മഹാഭാരത ത്തിലും കേരള പരാമര്‍ശം കാണാന്‍ കഴിയും. രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തില്‍ കേരള പരാമര്‍ശങ്ങള്‍ കാണാം. ദിഗ്വിജയാന ന്തരം സഹദേവന്‍ എത്തിപ്പെട്ട സ്ഥലങ്ങളില്‍ കേരളവുമുണ്ട്. ദ്രാവിഡര്‍ എന്ന് പൊതുവായി പ്രയോഗിക്കുന്നതിനു പകരം പാണ്ഡ്യന്‍, ചോളന്‍, കേരളന്‍ എന്നെല്ലാം വേര്‍തിരിച്ച് പറയുന്നുണ്ട്. കാത്യായനനും പതഞ്ജലിക്കും കേരളത്തിന്‍റെഭൂമിശാസ്ത്രത്തെപ്പറ്റി അറിയാമായിരുന്നു.കൗടില്യന്‍റെ ‘അര്‍ത്ഥശാസ്ത്ര’ത്തില്‍ കേരളത്തിലെ ചൂര്‍ണ്ണിയാറിനെ (പെരിയാര്‍) പറ്റി പരാമര്‍ശമുണ്ട്. അവിടെയുള്ള മുത്തിനെക്കുറിച്ചും പരാമര്‍ശമുണ്ട്. വായു, മത്സ്യ, പത്മ, സ്കന്ദ, മാര്‍ക്കണ്ഡേയ പുരാണങ്ങളിലും കേരള പരാമര്‍ശമുണ്ട്. അശോക ശാസനത്തിലെ കേരള പുതാ എന്ന പരാമര്‍ശവും ശ്രദ്ധേയമാണ്. രഘുവംശത്തില്‍ മുരുചിനദിയിലൂടെ കടന്നുവരുന്ന കാറ്റ് സൈനികരുടെ പടച്ചട്ടകളെ കൈതപ്പൂഗന്ധത്താല്‍ മുക്കിയതായി പറയുന്നുണ്ട്. കുരുമുളക് വള്ളികളും ഏലക്കയുടെ സുഗന്ധവും വര്‍ണ്ണിക്കപ്പെടുന്നിടത്തും കേരളത്തിന്‍റെ സാന്നിധ്യമുണ്ട്. കാളിദാസന്‍റെ ഈ മനോഹരമായ കേരള വര്‍ണന എ.ഡി.നാലാം ശതകത്തോടുകൂടി ഉത്തരേന്ത്യന്‍ കവികള്‍ക്ക് കേരളത്തിനെപ്പറ്റി അറിയാമായിരുന്നുവെന്നതിന്‍റെ തെളിവാണ്.

സംസ്കൃത സാഹിത്യത്തില്‍ കേരള ചരിത്രപ്രാധാന്യമുള്ള രണ്ട് നാടകങ്ങളാണ് തപതീസംവരണവും സുഭദ്രാധനഞ്ജയവും.ഈ രണ്ട് കൃതികള്‍ അക്കാലത്തെ കേരളീയ സമൂ ഹത്തിലേക്ക് വെളിച്ചം വീശുന്നതാണ്.പുരാണ ഇതിഹാസ കഥകളെ കേന്ദ്രമാക്കി എഴുതപ്പെ ട്ടവയാണെങ്കിലും മഹോദയപുരത്തിന്‍റെ വര്‍ണ്ണനയടക്കം അക്കാലത്തെ കേരള രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചുള്ള പല വിവരങ്ങളുമുള്‍ ക്കൊള്ളുന്നവയാണിവ. തൃശൂര്‍ തെക്കേ മഠത്തി ലെ ഒരു താളിയോല ഗ്രന്ഥത്തില്‍ ശങ്കരാചാര്യരുടെ ശിഷ്യനായ പത്മപാദന്‍റെ ജീവിതത്തെപ്പറ്റി വിശദമായി പരാമര്‍ശിക്കുന്നുണ്ട്.പത്മപാദന്‍റെ സമകാലികനായി മഹോദയപുരം ഭരിച്ചിരുന്ന കുലശേഖരനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ രാജ ശേഖര ചക്രവര്‍ത്തിയെപ്പറ്റി സൂചനയുണ്ട്.ഈ രണ്ട് ഗ്രന്ഥങ്ങളും നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കുലശേഖര ആള്‍വാരും രാജശേഖരവര്‍മ്മയും ശങ്കരാചാര്യരുടെ സമകാലി കരായിരുന്നുവെന്ന് അനുമാനിക്കാം.
സ്ഥാണുരവിയുടെ (എ.ഡി.844 – 885) സദസ്യനും ജ്യോതിശാസ്ത്രജ്ഞനുമായ ശങ്കരനാരായണന്‍ എ.ഡി.869 ല്‍ രചിച്ച ‘ശങ്കരനാരായണീ യം’ സ്ഥാണുരവിയുടെ കാലം നിര്‍ണയിക്കാന്‍ സഹായിക്കുന്നു.സ്ഥാണുരവിയുടെ 25-ാം ഭരണവര്‍ഷത്തില്‍ ശങ്കരനാരായണന്‍ രചിച്ച ‘ലഘുഭാസ്കരീയ’ത്തിലും കേരളത്തെ പരാമര്‍ ശിക്കുന്നുണ്ട്.വാസുദേവഭട്ടതിരിയുടെ ‘യമക കാവ്യം’ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കൃതിയാണ്.കോലത്തുനാട് ഭരിച്ചിരുന്ന ശ്രീ കണ്ഠന്‍ എന്ന മൂഷകരാജാവിന്‍റെ ആസ്ഥാന കവിയായിരുന്ന അതുലന്‍ പതിനൊന്നാം ശത കത്തിലെഴുതിയ ‘മൂഷകവംശം” ആണ് കേരള ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സംസ്കൃത മഹാകാവ്യം. കോലത്തുനാട്ടിലെ മൂഷകരാജാക്കന്‍മാരുടെ ഉല്‍പത്തിയെയും അവരുടെ ആദ്യ കാല ചരിത്രത്തെപ്പറ്റിയുമുള്ള ഐതിഹ്യങ്ങളാണ് ആദ്യ സര്‍ഗങ്ങളിലെ വര്‍ണ്ണനാവിഷയം. മറ്റ് സര്‍ഗങ്ങളില്‍ വിശ്വാസയോഗ്യമായ ചരിത്ര വിവ രങ്ങള്‍ കാണാനാകും. കുലോത്തുംഗചോളന്‍റെ കേരളാക്രമണം, ശ്രീമൂലവാസം കടലെടുത്തത്, ഭരണാധികാരികളായിരുന്ന ഈശാനവര്‍മ്മന്‍, നൃപരാമന്‍, ചന്ദ്രവര്‍മ്മന്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവ ഇതിലുള്‍പ്പെ ട്ടിട്ടുണ്ട്. എ.ഡി.1168-ല്‍ രചിക്കപ്പെട്ട ‘സ്യാനന്ദ പുരാണ സമുച്ചയം’ വേണാട്ടുരാജാക്കന്‍മാര്‍ മക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്നുവെ ന്ന് വ്യക്തമാക്കുന്നതാണ്. രവിവര്‍മ്മ കുലശേഖ രന്‍റെ (12991314) ‘പ്രദ്യുമ്നാഭ്യുദയം’ സംസ്കൃത നാടകങ്ങളില്‍ പ്രസിദ്ധമായ രചനയാണ്. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവവര്‍ണ്ണന ഇതില്‍ കാണാം. രവിവര്‍മ്മ കുലശേഖരന്‍റെ സദസ്യനായിരുന്ന സമുദ്രബന്ധന്‍ എഴുതിയ ‘അലങ്കാര സര്‍വ്വസ്വ’ത്തിന്‍റെ വ്യാഖ്യാനത്തില്‍ കൊല്ലത്തെപ്പറ്റി പരാമര്‍ശമുണ്ട്. മണിപ്രവാളത്തിന്‍റെ ലക്ഷണഗ്രന്ഥമായി സംസ്കൃതത്തി ലെഴുതപ്പെട്ട ‘ലീലാതിലക’ത്തിനും ചരിത്ര പ്രാധാന്യമുണ്ട്. വേണാട് രാജാവായ ചേരഉദയ മാര്‍ത്താണ്ഡവര്‍മ്മയെപ്പറ്റിയും യുവരാജാവായ രവിവര്‍മ്മയെപ്പറ്റിയും ലീലാതിലകത്തില്‍ പരാമര്‍ശമുണ്ട്.
കൊടുങ്ങല്ലൂര്‍ രാജാവിന്‍റെ ആശ്രിതനായ ഒരു കവിയെഴുതിയ ‘വിടനിദ്രാഭാണ’ത്തില്‍ പെരുമ്പടപ്പ്, ഓടനാട് തുടങ്ങിയ സ്ഥലങ്ങളെക്കുറി ച്ച് പറയുന്നുണ്ട്. ഓടനാട് രാജാവിന്‍റെ മകളെ പെരുമ്പടപ്പിലെ ഒരു രാജാവ് വിവാഹം ചെയ്തതായി പറയുന്ന ദാമോദരചാക്യാരുടെ ‘ശിവവി ലാസ’വും ശ്രദ്ധേയ കൃതിയാണ്. കോഴിക്കോട്ടെ മാനവിക്രമന്‍ സാമൂതിരിപ്പാടിന്‍റെ(1466-1471) സദ സ്യനായിരുന്ന ഉദ്ദണ്ഡശാസ്ത്രിയുടെ ‘കോകില സന്ദേശ’ത്തില്‍ തിരുനെല്ലി, തളിപ്പറമ്പ്, തൃച്ഛംബരം, ത്യപ്രങ്ങോട്, തിരുനാവായ എന്നീ ഉത്തര കേരളത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളെ പ്പറ്റിയും, കോഴിക്കോട് തുറമുഖത്തിലെ കപ്പലുകളെപ്പറ്റിയും, തിരുനാവായയിലെ മാമാങ്ക മഹോത്സവത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. ലക്ഷ്മിദാസന്‍റെ ‘ശുകസന്ദേശം’, വാസുദേവന്‍റെ ‘ഭ്രമരസന്ദേശം’ തുടങ്ങിയ കൃതികളിലും ചില നഗരങ്ങളുടെ വിവരണങ്ങളുണ്ട്. ബാലകവിയു ടെ ‘രാമവര്‍മ്മ വിലാസം’, ‘രത്നകേതുദയം’എന്നീ നാടകങ്ങള്‍ കൊച്ചിയുടെ മധ്യകാല ചരിത്രം നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. പതിനാറാം ശതകത്തില്‍ കൊച്ചിയില്‍ ചുങ്കം നല്‍കിയതാ യി മാതൃദത്തന്‍റെ ‘കാമസന്ദേശ’ത്തില്‍ നിന്നറിയാന്‍ കഴിയും.
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കൃതികളും വിലപ്പെട്ട ചരിത്രവിവരങ്ങള്‍ നല്‍കുന്നവ യാണ്. ‘പ്രക്രിയാസര്‍വ്വസ്വം’ എന്ന വ്യാകരണ ഗ്രന്ഥത്തിന്‍റെ ഉപോദ്ഘാതത്തില്‍ അദ്ദേഹം തന്‍റെ പുരസ്കര്‍ത്താവായ അമ്പലപ്പുഴ ദേവനാരായണന്‍റെ മഹത്തായ ഗുണഗണങ്ങളെ പ്രകീര്‍ ത്തിക്കുന്നു. ‘ദേവനാരായണ പ്രശസ്തി’ അമ്പ ലപ്പുഴ ദേവനാരായണനെയും ‘മാനവിക്രമ പ്രശസ്തി’ മാനവിക്രമന്‍ സാമൂതിരിപ്പാടിനെയും പ്രശംസിച്ചെഴുതിയതാണ്. അദ്ദേഹത്തിന്‍റെ ‘ഗോ ശ്രീ വര്‍ണ്ണന’ കൊച്ചി നഗരത്തെക്കുറിച്ചുളള വിവ രണമാണ്. രാജനാഥകവി എഴുതിയ ‘അച്യുതരാ യാഭ്യൂദയ’ ത്തില്‍ വിജയനഗര രാജാവായിരുന്ന അച്യുതരായന്‍ നടത്തിയ കേരളാക്രമണം പരാ മര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാമപാണിവാദന്‍റെ ‘സീതാരാഘവം’ നാടകത്തില്‍ തൃപ്പടിദാനം വിവരിക്ക പ്പെടുന്നു. ധര്‍മ്മരാജാവിന്‍റെ (17581798) ‘ബാലരാമഭാരതം’ എന്ന നാട്യശാസ്ത്ര ഗ്രന്ഥം തിരുവന ന്തപുരത്തിന്‍റെസുന്ദരമായ വര്‍ണന ഉള്‍ക്കൊ ള്ളുന്നതാണ്. ധര്‍മ്മരാജാവിന്‍റെ ഭരണത്തെ പ്രകീര്‍ത്തിക്കുന്നതാണ് സദാശിവദീക്ഷിതരുടെ ‘രാമവര്‍മ്മായശോഭൂഷണം’. ഒരു ബ്രാഹ്മണ കവി നിര്‍മ്മിച്ച ‘ചാതക സന്ദേശം’ ചരിത്ര പ്രാധാന്യമുള്ള മറ്റൊരു കൃതിയാണ്. ഇതില്‍ തി രുനാവായ, ത്യപ്പൂണിത്തുറ, വൈക്കം, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, തിരുവനന്തപുരം, പത്മനാഭപുരം എന്നീ പ്രധാന നഗരങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. ധര്‍മരാജാവിന്‍റെ ഭരണാവസാന ത്തോടു കൂടി തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തുനിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയതിനെപ്പറ്റിയും ‘ചാതകസന്ദേശ’ത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേവരാജന്‍റെ ‘ബാലമാര്‍ ത്താണ്ഡവിജയം’ നാടകം മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്‍റെ ഭരണ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്.
1.1.2 തമിഴ് കൃതികള്‍
പ്രാചീന കേരളത്തിന്‍റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ ഹിക്കുന്ന രേഖകളില്‍ ഒരു വിഭാഗമാണ് തമിഴ് സാഹിത്യകൃതികള്‍ പ്രാചീന തമിഴ് സാഹിത്യ കൃതികള്‍ കേരളത്തെയും കേരളത്തിലെ രാജാക്കന്മാരെയും ജനങ്ങളെയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവയാണ് വികസിതമായ നാഗരികത യെപ്പറ്റിയും സമൂഹത്തെപ്പറ്റിയും ഇതില്‍ പരാ മര്‍ശമുണ്ട് ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യത്തെ 5 ശതകങ്ങളിലുണ്ടായ സംഘകാല കൃതികളാ ണ് ഇവിടെ വിശേഷ പ്രാധാന്യമര്‍ഹിക്കുന്നവ പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ്, ചിലപ്പ തികാരം എന്നിവ കേരളചരിത്രപരമായ പ്രാധാ ന്യമര്‍ഹിക്കുന്നവയാണ് സംഘകാല കവിക ളില്‍ പരണര്‍, കപിലര്‍, ഔവയാര്‍ എന്നിവരുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ് കേരളത്തിലെ ജീവിതത്തെയും സംസ്കാരത്തെയും അധികരിച്ചുള്ളവയാണ് ഇവരുടെ കവിതകളില്‍ അധികവും.നറ്റിണൈ, കുറുംതൊകൈ എന്നീ പ്രേമകവിതാസമാഹാരങ്ങളിലും പൂര്‍വ്വകാല കേരളത്തിന്‍റെ ചരിത്രത്തെപറ്റി പരാമര്‍ശമുണ്ട്. കുറുംതൊകെയില്‍ 401 ഗാനങ്ങളും നറ്റിണൈ യില്‍ 400 ഗാനങ്ങളും ഉണ്ട്.പ്രാചീനകേരള ത്തിന്‍റെ ചരിത്രത്തിലേക്കും ഭൂമിശാസ്ത്രത്തിലേ ക്കും വെളിച്ചംവീശുന്ന സമ്പൂര്‍ണ കാവ്യമാണ് ഇളം കോവടികളുടെ ‘ചിലപ്പതികാരം’.ചേര, ചോള, പാണ്ഡ്യ രാജ്യങ്ങള്‍ ഇതില്‍ പരാമര്‍ശി ക്കപ്പെടുന്നുണ്ട്.’മണിമേഖല’ വഞ്ചി നഗരത്തെ പ്പറ്റിയുള്ള സൂചനകള്‍ നല്‍കുന്നതും ശ്രദ്ധേയമാണ്.
സംഘകാലത്തിന് ശേഷമുണ്ടായ കൃതികളും കേരള ചരിത്രത്തെപറ്റി വിവരം നല്‍കുന്നവയാണ് എ.ഡി.800ന് അടുത്തുണ്ടായ ‘മുത്തോ ള്ളായിരം’ ചേരരാജാക്കന്‍മാരെയും അവരുടെ രാജധാനിയായ വഞ്ചിയെയും പരാമര്‍ശിക്കുന്നു. രണ്ടാം ചേരസാമ്രാജ്യ സ്ഥാപകനായ കുലശേ
ഖര ആഴ്വാരുടെ ‘പെരുമാള്‍ തിരുമൊഴി’ ചരിത്ര വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പത്മനാഭ സ്വാമിക്ഷേത്രവും തിരുവനന്തപുരവും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.ചേക്കിഴാരുടെ ‘പെ രിയപുരാണം’ ചേരരാജാവായ ചേരമാന്‍ പെരു മാള്‍ നായനാരുടെ ജീവിതകഥയാണ്.ഇതില്‍ തിരുവഞ്ചിക്കുളത്തെപ്പറ്റിയുള്ള വര്‍ണ്ണനയും ഉള്‍പ്പെട്ടിട്ടുണ്ട്.നമ്മാഴ്വാരുടെ ‘പെരിയപുരാ ണം’ ശ്രീപത്മനാഭസ്വാമിക്ഷേത്രം, തിരുവാറന്‍ മുള, തിരുപുലിയൂര്‍, തൃക്കൊടിത്താനം, തൃച്ചി റ്റാര്‍, തിരുവന്‍വണ്ടൂര്‍, തിരുമൂഴിക്കുളം തുടങ്ങി കേരളത്തിലെ 11 വൈഷ്ണവ തിരുപ്പതികളെ വിവരിക്കുന്നതാണ്.പന്ത്രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ഒട്ടക്കൂത്തന്‍ തന്‍റെ ‘തക്കയാക പരണി’യില്‍ ചേരരാജധാനി വഞ്ചിയില്‍നിന്ന് മകോതയിലേക്ക് മാറ്റിയതിനെപ്പറ്റി സൂചിപ്പിക്കു ന്നു. ചേരമാന്‍ പെരുമാള്‍ നായനാരുടെ ‘പൊന്‍ വണ്ണത്തന്താ’യിലും ‘തിരുമമ്മണികോവൈ’യി ലും കേരളത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
1.1.3 മലയാള കൃതികള്‍
ഏ.ഡി.ഒമ്പതാം ശതകത്തിലാണ് മലയാളം, തമിഴില്‍നിന്ന് വ്യത്യസ്തമായി ഒരു ഭാഷയായി തീരുന്നത്. ഇക്കാലത്തെ രാമചരിതം, തിരുനിഴല്‍മാല എന്നീ പാട്ട് കൃതികള്‍ മലയാള സാഹിത്യത്തിന്‍റെ തുടക്കഘട്ടമെന്ന നിലയില്‍ പ്രധാനപ്പെട്ടവയാണ്. തിരുനിഴല്‍മാലയില്‍ ആറ ന്മുള ഗ്രാമത്തിലെ നാല് അകഞ്ചേരിയെ കുറിച്ചും ആറ് പുറഞ്ചേരിയെക്കുറിച്ചും കൊടുങ്ങ ല്ലൂരിലെ അരയന്മാരെ കുറിച്ചും പറയുന്നുണ്ട്.ഒമ്പതാം നൂറ്റാണ്ടുമുതല്‍തന്നെ ഒരു സ്വതന്ത്രഭാ ഷയായി മലയാളം വളരുന്നതിന്‍റെ രൂപരേഖകള്‍ അക്കാലത്തെ ചില സാഹിത്യകൃതികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ചരിത്രപ്രാധാന്യമുളള സാമൂഹികാംശങ്ങളുള്ള മലയാളകൃതികള്‍ രചിക്കപ്പെടുന്നത് പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ്.പന്ത്രണ്ടാംശതകംമുതലോ പതിമൂന്നാം ശതകംമുതലോ ഉണ്ടായ കൃതികള്‍ മാത്രമേ ചരിത്രപ്രാധാന്യം ഉള്‍ക്കൊള്ളുന്നതായി നമുക്ക് ലഭിച്ചിട്ടുള്ളൂ.ഏ.ഡി.പതിമൂന്നാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ ‘ഉണ്ണിയച്ചിചരിത’വും ‘ഉണ്ണിച്ചിരുതേവി ചരിത’വും ചരിത്രപ്രാധാന്യ മുള്ള ആദ്യ മലയാള കൃതികളില്‍പ്പെടുന്നു.ദേ വദാസികളെപ്പറ്റിയുള്ള വര്‍ണനകള്‍ ഇതിലുണ്ട്.പന്നിയൂര്‍ ചോകിര ഗ്രാമതര്‍ക്കവും ഇവയിലെ പരാമര്‍ശവിഷയമാണ്.വേണാട്ടടികള്‍, കോ ലത്തിരി തുടങ്ങിയ ഭരണാധികാരികളും തിരു നെല്ലി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ നഗരങ്ങളും ഇതില്‍ പ്രതിപാദ്യവിഷയങ്ങളാണ്.വയനാട്ടി ലെ തിരുമരുതൂര്‍ കേന്ദ്രമാക്കി രചിക്കപ്പെട്ട ഉണ്ണി യച്ചീചരിതത്തില്‍ ആണ് മലയാളര്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
പതിനാലാം ശതകത്തിന്‍റെ പൂര്‍വ്വാര്‍ദ്ധത്തിലുണ്ടായ ‘അനന്തപുര വര്‍ണ്ണനം’ അന്നത്തെ തിരുവനന്തപുരം നഗരത്തിന്‍റെ വിവരണം നമുക്ക് നല്‍കുന്നു.പതിനാലാം നൂറ്റാണ്ടിലുണ്ടായ ‘ഉണ്ണുനീലി സന്ദേശ’മാണ് മറ്റൊരു കൃതി.വേണാട്ടുരാജാക്കന്‍മാരായ ഇരവി വര്‍മ്മയും ആദി ത്യവര്‍മ്മ സര്‍വ്വാംഗനാഥനും യുദ്ധത്തിലും സമാധാനത്തിലും കൈവരിച്ച നേട്ടങ്ങളെപ്പറ്റി ‘ഉണ്ണുനീലി സന്ദേശ’ത്തില്‍ നിന്ന് വിവരം ലഭിക്കുന്നു.കടുത്തുരുത്തിയില്‍ കഴിയുന്ന നായിക യ്ക്ക്, അവളെ പിരിഞ്ഞ് തിരുവനന്തപുരത്തെ ത്തിച്ചേരാനിടയായ നായകന്‍, അവിടെനിന്ന് ഒരു സന്ദേശം കൊടുത്തയക്കുന്നതാണ് ഈ സന്ദേശകാവ്യത്തിന്‍റെ വിഷയം.തിരുവനന്തപുര ത്തുനിന്ന് കടുത്തുരുത്തിവരെയുള്ള ദേശങ്ങളു ടെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ വിവര ങ്ങള്‍ നമുക്ക് ഈ കൃതിയില്‍ നിന്ന് ലഭിക്കും.തുലുക്കന്‍ പട, ഓടനാടിന്‍റെ സാമന്ത പദവി, കൊല്ലം പട്ടണത്തിന്‍റെ വാണിജ്യപ്രാധാന്യം എന്നിവയെല്ലാം പരാമര്‍ശിക്കപ്പെടുന്നു.കൊങ്കണര്‍, ചീനര്‍, തുലുക്കര്‍ തുടങ്ങി പലതരം ആളുകളെയും നഗര വര്‍ണ്ണനയോടൊപ്പം പരിചയപ്പെ ടുത്തുന്നുണ്ട്.പതിനാലാം ശതകത്തിലുണ്ടായ ‘ഉണ്ണിയാടി ചരിതം’ പെരുമ്പടപ്പു സ്വരൂപത്തിന്‍റെ ആദ്യകാല ചരിത്രത്തെപ്പറ്റിയും പെരുമ്പടപ്പും ഓടനാടും തമ്മിലുണ്ടായ ബന്ധത്തെപ്പറ്റിയും വെളിച്ചം വീശുന്നു.കണ്ടിയൂര്‍ മറ്റം പടപ്പാട്ടില്‍ ചിറവായ് സ്വരൂപം, മണിഗ്രാമം, ഓണത്തല്ല് തുടങ്ങി പല കാര്യങ്ങളും വിവരിക്കപ്പെടുന്നു.1694-ലെ മാമാങ്കം വിവരണം കാടഞ്ചേരി നമ്പൂതിരി എഴുതിയ മാമാങ്കം കിളിപ്പാട്ടില്‍ കാണാം.പയ്യന്നൂര്‍ പാട്ടില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിലനിന്ന വ്യാപാരങ്ങളെക്കുറിച്ച് വിവരണങ്ങളുണ്ട്.
കോകസന്ദേശം, ചന്ദ്രോല്‍സവം എന്നിവയും ചരിത്രപ്രാധാന്യമുള്ള കൃതികളില്‍ പെടുന്നു. കോകസന്ദേശം തൃക്കണാമതിലകത്തിന്‍റെ പഴയ ചിത്രം നമുക്ക് നല്‍കുന്നു. ചന്ദ്രോത്സവത്തില്‍ 18 ശാസ്ത്ര സംഘങ്ങളുടെ വിവരങ്ങളുണ്ട്.ചാത്തിരസംഘങ്ങള്‍, വര്‍ത്തക സംഘങ്ങള്‍, നമ്പൂതിരിസംഘങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സൂചനകളും ഇതിലുള്‍ക്കൊള്ളുന്നു. രാജാരത്നവലീയം ചമ്പു, കൊച്ചിയെപ്പറ്റി വിവരം നല്‍കുന്നതാണ്. രാമപുരത്തു വാര്യരുടെ കുചേലവൃത്തവും ഭാഷാഷ്ഠപദിയും മാര്‍ത്താണ്ഡ വര്‍മ്മയെപ്പറ്റി വിവരം നല്‍കുന്നയാണ്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പാട്ടുകള്‍ പതിനെട്ടാം ശതകത്തിലെ കേരളത്തിന്‍റെ സാമൂഹികവ ശങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികളാണ്. ഈ സാഹിത്യക്യതികള്‍ കൂടാതെ ചരിത്രരചനയെ പരോക്ഷമായി സഹായിക്കുന്ന ചില വ്യാമിശ്രകൃതികളും ഉണ്ട്. സ്ഥലപുരാണങ്ങള്‍, വീരഗാ ഥകള്‍, ഗ്രന്ഥവരികള്‍ എന്നിവ അവയില്‍പെടു ന്നു.
കേരളത്തില്‍ മധ്യകാലഘട്ടത്തിലെ  പ്രഗത്ഭങ്ങളായ രാജവംശങ്ങളുടെ എഴുത്തുകു ത്തുകളും മറ്റു വിവരങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് ഗ്രന്ഥവരികള്‍.ഭരണാധികാരികളുടെ സാമന്ത പ്രഭുക്കന്‍മാരെക്കുറിച്ചും അവരുടെ പദവികളെക്കുറിച്ചും ഭൂമി ഇടപാടുകളെക്കുറിച്ചും വിശദ വിവരങ്ങള്‍ നല്‍കാന്‍ ഗ്രന്ഥവരികള്‍ക്കു കഴിയും.ക്ഷേത്രത്തിന്‍റെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍, ആചാരാനുഷ്ഠാനങ്ങളുടെ വിശദീകരണ കുറിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍ ക്കൊള്ളുന്നു.സാമൂതിരി കോവിലകം ഗ്രന്ഥവരിയും കോഴിക്കോടിന്‍റെയും വേണാടിന്‍റെയും രാഷ്ട്രീയസാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നു.തിരുവനന്ത പുരത്തെ മതിലകം ഗ്രന്ഥവരിയും കോഴിക്കോട്ട് സാമൂതിരി മതിലകത്തെ ഗ്രന്ഥവരിയും ചരിത്ര പ്രാധാന്യമുള്ളവയാണ്.പെരിയ വീട്ടുമുതലിയാര്‍ രേഖകള്‍ തിരുമലനായിക്കന്‍റെ 1634-ലെ തി രുവിതാംകൂര്‍ ആക്രമണത്തെ കുറിക്കുന്ന ആദ്യരേഖയാണ്.ചേന്ദമംഗലത്തെ പാലിയംരേഖകളും ചരിത്രപ്രാധാന്യമുള്ളവയാണ്.
വടക്കന്‍പാട്ടുകള്‍, സിറിയന്‍ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിപ്പാട്ട്, കല്യാണപ്പാട്ടുകള്‍, പള്ളിപ്പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍ എന്നിവയും ചരിത്രരചനയെ സഹായിക്കുന്നവയാണ്.പതിനാറാം നൂറ്റാണ്ടില്‍ സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്.അറബിഭാഷയില്‍ എഴു തപ്പെട്ട ഈ ഗ്രന്ഥം കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരകൃത്യങ്ങളുടെ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.കേരളത്തിലെ ഇസ്ലാംമതത്തിന്‍റെചരിത്രവും ഇതില്‍പ്രതിപാ ദിക്കപ്പെടുന്നു.ജാതി സമ്പ്രദായം, വസ്ത്രധാരണം, ഭക്ഷണരീതികള്‍, ദായക്രമം, യുദ്ധം തുടങ്ങി കേരളീയ സാമൂഹ്യജീവിതത്തിന്‍റെ  വിവിധ തലങ്ങളെ ഈ കൃതി പരിചയപ്പെടുത്തുന്നു.

Recap

  • ചരിത്രരേഖകളുടെ അപര്യാപ്തത
  •  സംസ്കൃത കൃതികളില്‍ നിന്ന് കണ്ടെടുക്കുന്ന കേരളം
  • രാമായണ ഭാരതങ്ങളിലെ കേരള പരാമര്‍ശം
  • പ്രാചീന കേരള ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള തമിഴ് കൃതികള്‍
  • സംഘം കൃതികളിലെ വിവരണങ്ങള്‍
  • മലയാളം ഒരു ഭാഷയായി രൂപപ്പെടുന്ന ഘട്ടം
  • സന്ദേശകാവ്യങ്ങളിലെ സ്ഥല സൂചനകള്‍

Objective Type Questions

  1. കേരള പരാമര്‍ശമുള്ള ആദ്യ സംസ്കൃത കൃതി ഏത്?
  2. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന നദി ഏതാണ്?
  3. സ്ഥാണു രവിയുടെ ഇരുപത്തിയഞ്ചാം ഭരണ വര്‍ഷത്തില്‍ ശങ്കരനാരായണന്‍ രചിച്ച കൃതിയുടെ പേര് എന്താണ്?
  4.  ചിലപ്പതികാരത്തിന്‍റെ കര്‍ത്താവ് ആരാണ്?
  5. മണിമേഖല എന്ന കൃതിയില്‍ സൂചിതമാകുന്ന നഗരം ഏതാണ്?
  6.  ചേരമാന്‍ പെരുമാള്‍ നായനാരുടെ ജീവിതകഥ പറയുന്ന ചേക്കിഴാരുടെ ഗ്രന്ഥം ഏതാണ്?
  7.  മലയാളര്‍ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ട സന്ദേശകാവ്യം ഏത്?
  8.  ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രാജാക്കന്മാരുടെ പ്രദേശമേതാണ്?
  9. കൊച്ചിയെപ്പറ്റി വിവരം നല്‍കുന്നത് ഏത് ചമ്പുവിലാണ്?
  10. മധ്യകാല രാജവംശങ്ങളുടെ എഴുത്തുകുത്തുകള്‍ അറിയപ്പെട്ടിരുന്നത് എങ്ങനെയാണ്?

Answers to Objective Type Questions

  1. ഐതരേയ ആരണ്യകം
  2.  ചൂര്‍ണ്ണിയാര്‍ (പെരിയാര്‍)
  3. ലഘുഭാസ്കരീയം
  4. ഇളങ്കോവടികള്‍
  5.  വഞ്ചി
  6.  പെരിയപുരാണം
  7.  ഉണ്ണിയച്ചീചരിതം
  8.  വേണാട്
  9.  രാജരത്നാവലീയം ചമ്പു
  10. ഗ്രന്ഥവരികള്‍

Assignments

  • സംസ്കൃതകൃതികളില്‍ നിന്ന് തെളിഞ്ഞുവരുന്ന കേരളചരിത്രം
  • സംഘം കൃതികളിലെ കേരളം

Suggested Readings

  1. പ്രശാന്ത് മിത്രന്‍, കേരള പൈതൃക മുദ്രകള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  2.  ടി. ടി. ശ്രീകുമാര്‍, ചരിത്രവും സംസ്കാരവും, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  3. എ. ശ്രീധരമേനോന്‍, കേരള സംസ്കാരം, ഡി.സി.ബുക്സ്, കോട്ടയം