Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit2:

കുലശേഖരകാലത്തെ സാംസ്കാരിക ചരിത്രം

Learning Outcomes

  • കുലശേഖര ഭരണകാലത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ളധാരണ ള സാമൂഹ്യ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അറിവ്
  • ഭരണ സംവിധാനങ്ങളെക്കുറിച്ചുള്ള ധാരണ
  • നമ്പൂതിരിമാര്‍ക്ക് ഉണ്ടായിവന്ന പ്രാമുഖ്യത്തെക്കുറിച്ചുള്ള അറിവ്

Prerequisites

ശാസനങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍വെച്ച് വസ്തുതകള്‍ പൂര്‍ണ്ണമായി യോ ജിക്കുന്നില്ലെങ്കിലും രണ്ടാം ചേരസാമ്രാജ്യകാലത്തെക്കുറിച്ച് മിക്ക ചരിത്രകാരന്മാരും അട യാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തെപ്പറ്റി കേരളചരിത്രത്തില്‍ ഏറ്റ വുമധികം പഠനം നടന്നതും രണ്ടാം ചേരസാമ്രാജ്യത്തെ പറ്റിയാകണം. സംഘകാലത്തെ ഒന്നാം ചേരരാജാക്കന്മാരുടെ ഭരണാനന്തരമുള്ള രണ്ടുമൂന്ന് നൂറ്റാണ്ടുകളില്‍ കേരളത്തിന്‍റെ ഭരണരംഗത്തെക്കുറിച്ച് കാര്യമായ വിവരങ്ങളില്ല. അക്കാലത്ത് രാജ്യം ഭരിച്ചിരുന്നെന്ന് കരു തപ്പെടുന്ന വളരെ കുറച്ച് രാജാക്കന്മാരുടെ പേരും ഏകദേശ കാലവുമേ ഇന്ന് നമ്മുടെ മുമ്പിലുള്ളൂ. ആയതിനാല്‍ ഒമ്പതുമുതല്‍ പതിനൊന്ന് വരെയുള്ള നൂറ്റാണ്ടുകളിലെ കേരളചരിത്രത്തിന് വ്യക്തത വരണമെങ്കില്‍ രണ്ടാം ചേരസാമ്രാജ്യത്തിലൂടെ കടന്നുപോവുക തന്നെ വേണം.
കുലശേഖരനില്‍ തുടങ്ങുന്ന രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ കാലത്തെ ഭൂപരിധിയെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. മാകോതൈ (കൊടുങ്ങല്ലൂര്‍) നിന്നാണ് കുലശേ ഖരന്മാര്‍ ഭരിച്ചിരുന്നത് എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ചേര സാമ്രാജ്യ ത്തിന്‍റെ ഉദയത്തിന് രണ്ടുഘടകങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന നദീതീരങ്ങളില്‍ ഉണ്ടായിവന്ന ബ്രാഹ്മണഗ്രാമങ്ങളുടെ സംരക്ഷണത്തിനുള്ള ഒരു സംവി ധാനം ഉണ്ടാകണമെന്ന ആവശ്യമായിരുന്നു അതില്‍ ഒന്നാമത്തേത്. മറ്റൊന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന നാടുകള്‍ക്കുമേല്‍ ആധിപത്യമുള്ള ഒരുകേന്ദ്ര സംവിധാനം വേണമെന്നുള്ളതായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ അക്കാലത്തെ വാണിജ്യബന്ധത്തിന് വലിയ സ്ഥാനമുണ്ട്. എ.ഡി ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ മദ്ധ്യപൗരസ്ത്യ ദേശങ്ങളുമാ യുള്ള വാണിജ്യം ശക്തമായിരുന്നു. അറബിക്കടലിലൂടെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും ചൈനയിലേക്കുമുള്ള വാണിജ്യത്തില്‍ കൊടുങ്ങല്ലൂര്‍ പ്രധാനകേന്ദ്രവും കുലശേഖരന്മാര്‍ അതിനെ നിയന്ത്രിക്കുന്നവരുമായി മാറി.
രണ്ടാംചേരസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ക്ക് പല പ്രത്യേകതകളും അവകാശ പ്പെടാനുണ്ടായിരുന്നു. ഒന്നാം ചേരസാമ്രാജ്യത്തിലെ രാജാക്കന്മാരെപ്പോലെ ഒരുമിച്ചുള്ള ഭരണം ഇവരില്‍ ഉണ്ടായിരുന്നില്ല. ഒന്നാം ചേരസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ പേരിനൊപ്പം കുലനാമങ്ങള്‍കൂടി ഉപയോഗിച്ചിരുന്ന രീതിയും ഇവരില്‍ കാണാനാകില്ല. സ്വന്തംപേരും സ്ഥാനപ്പേരും ഉണ്ടെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളിലാണ് അവ ഉപയോഗിച്ചിരു ന്നത്. പല്ലവരാജാക്കന്മാരും പാണ്ഡ്യരാജാക്കന്മാരും ഈ രീതിയിലാണ് സ്ഥാനപ്പേരുകളെ സ്വീകരിച്ചിരുന്നത്. സ്ഥാനപ്പേരുകള്‍ സംസ്കൃതനാമങ്ങളിലായിരുന്നു. സംസ്കൃതം അറിയുന്ന ബ്രാഹ്മണര്‍ നേതൃത്വം നല്‍കിയ ചടങ്ങിലൂടെയാണ് രാജാക്കന്മാര്‍ സ്ഥാനപ്പേരുകള്‍ സ്വീകരിച്ചിരുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പല നിലയില്‍ സവിശേഷമായ സാം സ്കാരിക ഭരണസ്ഥിതിയാണ് രണ്ടാം ചേരസാമ്രാജ്യകാലത്ത് നിലവിലിരുന്നത്.

Keywords

രണ്ടാം ചേരസാമ്രാജ്യം-സാംസ്കാരികചരിത്രം-ഭരണരംഗം-വിദ്യാശാലകള്‍-വാണിജ്യബന്ധം

Discussion

3.2.1 ഭരണം
പ്രാദേശിക ഭരണത്തിന് പ്രബലമായ ഒരു ഭരണസംവിധാനം ചേരന്‍മാര്‍ക്കുണ്ടായിരുന്നില്ല. നാടുവാഴികളുടെമേല്‍ അധീശത്വം ഉറപ്പിക്കാനായി കോയിലധികാരികളെ നിയമിച്ചിരുന്നു. പക്ഷേ അവരുടെ നടപടികള്‍ക്ക് ചേരന്മാരുടെ അംഗീകാരം വേണമെന്ന നിഷ്കര്‍ഷ യുണ്ടായിരുന്നില്ല. ഭണ്ഡാരനായകന്‍, മതില്‍നായകന്‍, പടനായകന്‍, തിരുവാഴ്കേഴ്പ്പാന്‍ തുട ങ്ങിയ ഉദ്യോഗസ്ഥരെ ഭരണ സുതാര്യതക്കായി നിയമിച്ചിരുന്നു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ ക്കപ്പുറത്ത് നാടുവാഴികള്‍ക്കുള്ള വിപുലമായ സംവിധാനം രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. സ്വന്തമായി നികുതിപിരിക്കാനോ നീതിന്യായ കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഉള്ള സംവിധാ നവും അവര്‍ക്കില്ലായിരുന്നു. നാടുകളില്‍നിന്ന് നികുതി പിരിച്ചിരുന്നതും ക്ഷേത്രഭരണം കൈ കാര്യം ചെയ്തിരുന്നതും നാടുവാഴികളായിരു ന്നു. നാടുവാഴികളുടെ തീരുമാനങ്ങളില്‍ രാജാ ക്കന്മാര്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. ബ്രാഹ്മണര്‍ അംഗീകരിപ്പിച്ച ഒരു അനുഷ്ഠാനാത്മകമായ ബന്ധം മാത്രമാണ് അവര്‍ തമ്മിലുണ്ടായിരു ന്നത്. അംഗരക്ഷകരായി ആയിരം എന്ന ഒരു സംഘമാണ് രാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. നാടുവാഴികളുടെ മുന്നൂറ്റുവര്‍, അറുന്നൂറ്റുവര്‍ തുടങ്ങിയ സംഘങ്ങളെ പോലെയായിരുന്നു ഇവരും പ്രവര്‍ത്തിച്ചിരുന്നത്. ഇവരല്ലാതെ മറ്റൊരു സൈന്യംപോലും ഉണ്ടായിരുന്നതായി സൂചനകളില്ല. രാജാവ് നേരിട്ട് യുദ്ധം നടത്തിയതായും തെളിവുകള്‍ സൂചിപ്പിക്കുന്നില്ല.
നാലുതളി എന്നറിയപ്പെട്ട ബ്രാഹ്മണസമിതി മറ്റൊരു പ്രധാന ഘടകമായിരുന്നു. മേല്‍ത്തളി, കീഴ്ത്തളി, നെടിയതളി, ചിങ്ങപുരത്തുതളി എന്നിങ്ങനെയുള്ള നാലുക്ഷേത്രങ്ങളിലെ തളിയാതിരിമാരാണ് നാലുതളി എന്നറിയപ്പെ ട്ടിരുന്നത്. ഏഴാംനൂറ്റാണ്ടു മുതലാണ് ക്ഷേത്രങ്ങളെ തളി എന്ന് വിളിക്കാന്‍ തുടങ്ങിയത്. മൂഴിക്കുളം, ഐരാണിക്കുളം, ഇരിഞ്ഞാലക്കുട, പറവൂര്‍ എന്നിങ്ങനെയുള്ള നാലു കഴകങ്ങളിലെ ബ്രാഹ്മണ കുടുംബങ്ങളില്‍പ്പെട്ട ക്ഷേത്രഭാരവാ ഹികളാണ് തളിയാതിരിമാര്‍. കേന്ദ്രീകൃത രാ ഷ്ട്രീയസംവിധാനത്തിന്‍റെ അഭാവത്തില്‍ നാലുത ളി പതിയെ കാര്യവിചാരസമിതിയായി ഉയര്‍ന്നു. ഇങ്ങനെ ബ്രാഹ്മണര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഭരണസാരഥ്യമാണ് ചേരന്മാര്‍ക്ക് ഉണ്ടായിരുന്നത്. മാമാങ്കം ഏര്‍പ്പെടുത്തിയതോടെ നമ്പൂതിരി കുടുംബങ്ങളോട് പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്യുക എന്ന സമ്പ്രദായത്തിനും തുടക്കമായി. ക്ഷേത്രകാര്യങ്ങള്‍ക്ക് പുറമേ രാജ്യകാര്യങ്ങളിലും ഇതോടെ നമ്പൂതിരിമാര്‍ക്ക് അധികാരം കൈവന്നു. കുലശേഖരന്മാരുടെ അവസാന കാലമാകുമ്പോഴേ ക്കും കേന്ദ്രീകൃതഭരണം മാറി, നാടുവാഴികളുടെ ആധിപത്യവും നമ്പൂതിരിമാരോട് ആലോചിച്ചു മാത്രം ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുക എന്ന നിലയും സംജാതമായി.
3.2.2 വിദ്യാഭ്യാസം
സംഘകാലത്ത് നിലവിലുണ്ടായിരുന്ന സാര്‍വ്വജനീന വിദ്യാഭ്യാസസമ്പ്രദായത്തെ പിന്നീട് വന്ന കാലങ്ങളിലെ ജാതിസമ്പ്രദായം അമ്പേ ദുര്‍ബലപ്പെടുത്തിയിരുന്നതായി കാണാം. രണ്ടാം ചേരരാജാക്കന്മാര്‍ നാടെങ്ങും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ക്ഷേത്രങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ശാല എന്നറിയപ്പെട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും രൂപമെടുത്തു. തല സ്ഥാനമായ മഹോദയപുരം വിപുലമായ ഒരു സാംസ്കാരിക കേന്ദ്രമായി വളര്‍ന്നു. യമകകാവ്യ കര്‍ത്താവായ വാസുദേവഭട്ടതിരി, കൂടിയാട്ടത്തില്‍ പരിഷ്കരണങ്ങള്‍ വരുത്തിയ തോലന്‍ തുടങ്ങിയ സാഹിത്യനായകര്‍ മഹോദയപുരത്താണ് താമസിച്ചിരുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തെ നക്ഷത്രബംഗ്ലാവ് ഒമ്പതാം നൂറ്റാണ്ടില്‍ മഹോദയപുരത്ത് സ്ഥാപിക്കപ്പെട്ടു. ശങ്കരനാരായണന്‍ എന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞന്‍ ആണ് അതിന് നേതൃത്വം കൊടുത്തത്.
ബ്രാഹ്മണയുവാക്കള്‍ക്ക് സൗജന്യമായി ഭക്ഷണവും താമസവും ഒരുക്കിയാണ് ശാലകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല. വേദങ്ങളും ഇതരശാ സ്ത്രങ്ങളും സംസ്കൃതഭാഷയിലൂടെ അഭ്യസനം നടത്തിവന്നു. വിദ്യാര്‍ത്ഥികളുടെ മാനസിക ബൗദ്ധിക കായിക വളര്‍ച്ച ലക്ഷ്യമാക്കിയാണ് വിദ്യാഭ്യാസരീതി ക്രമീകരിച്ചിരുന്നത്. അച്ചടക്കം പരമപ്രധാനമായിരുന്നു. അസഭ്യം പറഞ്ഞാലോ കലഹങ്ങള്‍ ഉണ്ടാക്കിയാലോ ഒരു ദിവസം പട്ടിണിക്കിടുന്നപോലുള്ള ശിക്ഷ നല്‍കിയിരുന്നു. കാന്തളൂര്‍, പാര്‍ത്ഥിവശേഖരപുരം, തിരുവല്ല, മൂഴിക്കുളം എന്നിവിടങ്ങളിലെ ശാലകള്‍ ചരിത്ര പ്രസിദ്ധങ്ങളാണ്. തിരുവല്ല, മൂഴിക്കുളം ശാലകളാണ് കുലശേഖരന്മാരുടെ കീഴില്‍ ഉണ്ടായിരുന്നത്. തിരുവല്ല ശാലയിലെ വിദ്യാര്‍ഥിക ളുടെ ഉച്ചഭക്ഷണത്തിനായി ദിനേന 350 നാഴി നെല്ല് നീക്കിവെച്ചിരുന്നു എന്ന തിരുവല്ലാശാ സനത്തിലെ പ്രസ്താവം അവയോടുള്ള രാജാക്കന്മാരുടെ കരുതല്‍ സൂചിപ്പിക്കുന്നതാണ്. കാ ന്തളൂര്‍, പാര്‍ത്ഥിവശേഖരപുരം എന്നിവ ആയ് രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ശാലകള്‍ക്ക് പുറമേ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗ്രന്ഥപ്പുരകളും ഉണ്ടായിരുന്നു. വേദപാരായണ വും അതിന്‍റെമത്സരപ്പരീക്ഷകളും അവിടെ സംഘടിപ്പിച്ചിരുന്നു. ഈ രീതിയില്‍ കെട്ടിലും മട്ടി ലും മികച്ച നിലയിലാണ് കുലശേഖരകാലത്തെ വിദ്യാഭ്യാസസമ്പ്രദായം മുന്നോട്ടുപോയത്.
3.2.3 സംസ്കാരം
ചേരരാജാക്കന്‍മാരില്‍ പലരും പണ്ഡിതരും കലാവിദഗ്ധരുമായിരുന്നു. ആദ്യരാജാവായ കുലശേഖരവര്‍മ തന്നെ ശ്രദ്ധേയമായ കൃതികള്‍ രചിച്ചിട്ടുണ്ട്. ലഘുഭാസ്കരീയം എഴുതിയ ശങ്കര നാരായണന്‍റെയും യുധിഷ്ഠിരവിജയം, ത്രിപുര ദഹനം തുടങ്ങിയ കൃതികളുടെ രചയിതാവായ വാസുദേവന്‍റെയും കൃഷ്ണകര്‍ണാമൃതത്തിന്‍റെ കര്‍ത്താവായ ലീലാശുകന്‍റെയും പുരസ്കര്‍ത്താക്കള്‍ ചേരരാജാക്കന്മാരായിരുന്നു. ഇങ്ങനെ വിഖ്യാതരായ രാജാക്കന്മാരാലും പണ്ഡിതന്മാരാലും സമ്പന്നമായിരുന്നു കുലശേഖര കാലഘട്ടം. സംസ്കൃതത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിശിഷ്ടമായ തമിഴ് കൃതികളും അതോടൊപ്പം ഉണ്ടായിവന്നിരുന്നെങ്കിലും എട്ടാം നൂറ്റാ ണ്ടിനുശേഷം അവ കാര്യമായി രചിക്കപ്പെട്ടിട്ടില്ല. സാഹിത്യഭാഷ എന്നസ്ഥാനം തമിഴിന് നഷ്ടമാ വുകയും അവിടേക്ക് സംസ്കൃതം കടന്നെത്തുകയും ചെയ്തു. തത്ത്വചിന്ത, ആയുര്‍വേദം, തച്ചു ശാസ്ത്രം, ശബ്ദകോശം, ജോത്സ്യം തുടങ്ങിയ മേഖലകളിലും വികാസമുണ്ടായി.
കൂത്തും കൂടിയാട്ടവും ഹിന്ദുക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കലാപ്രദര്‍ശനങ്ങളെന്ന രീതിയില്‍ പ്രാമുഖ്യം നേടി. സംഗീതം, നൃത്തം എന്നിവയും ക്ഷേത്രത്തിലൊതുക്കുകയും അതിനായി പരിശീലനം നേടിയ ദേവദാസികളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ആളുകളുടെ സാമൂ ഹ്യജീവിതത്തിന്‍റെ ഭാഗമായ കലാവിനോദങ്ങള്‍ ക്ഷേത്രങ്ങളില്‍ വെച്ചാക്കുന്നത് അവരില്‍ മത ഭക്തി വര്‍ധിപ്പിക്കും എന്ന തോന്നലാണ് ഇതിന് പ്രേരിപ്പിച്ചത്. ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഓണവും തിരുവാതിരയും സംഘകാലത്ത് തന്നെ ആഘോഷിക്കപ്പെട്ടു വരുന്നതിന്‍റെസൂചനകളുണ്ടെങ്കിലും ശക്തിപ്പെട്ടപ്പെട്ടത് ഇക്കാലത്താണ്. ഇങ്ങനെ വിവിധ വിജ്ഞാന ശാഖകളും ആഘോഷങ്ങളും വിനോദങ്ങളും സജീവമായ കാലമായാണ് രണ്ടാം കുലശേഖര സാമ്രാജ്യകാലത്തെ കാണാനാവുക.

Recap

  • കുലശേഖരന്മാരുടെ വളര്‍ച്ചയില്‍ സമുദ്രവാണിജ്യത്തിന് പ്രധാന പങ്ക്
  • ഒന്നാം ചേര രാജാക്കന്മാരില്‍ നിന്നുള്ള പ്രകടമായ വ്യത്യാസങ്ങള്‍
  • രാജാക്കന്മാരേക്കാള്‍ വിപുല സംവിധാനങ്ങളുള്ള നാടുവാഴികള്‍
  • നാലുതളിയിലൂടെ ഉണ്ടായിവന്ന നമ്പൂതിരി പ്രാമുഖ്യം
  • മഹോദയപുരം ഒരു സാംസ്കാരിക കേന്ദ്രം
  •  വിദ്യാഭ്യാസത്തില്‍ ശാലകളുടെ പ്രാധാന്യം
  •  വിവിധ വിഷയങ്ങളില്‍ കൃതികള്‍
  •  കലകളും ഉത്സവങ്ങളും വികാസം പ്രാപിച്ചു

 

Objective Type Questions

1. ചേരരാജാക്കന്മാര്‍ നാടുവാഴികളുമായി ബന്ധപ്പെടാന്‍ നിയോഗിച്ചതാരെ?
2. നാടുവാഴികള്‍ക്ക് സ്വന്തമായുണ്ടായിരുന്ന അംഗരക്ഷകരെ വിളിച്ചിരുന്ന പേര്?
3. രണ്ടാം ചേരകാലത്ത് പ്രാധാന്യമുണ്ടായിരുന്ന ബ്രാഹ്മണസമിതി?
4. ക്ഷേത്രങ്ങള്‍ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്?
5. കുലശേഖരന്മാരുടെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന നഗരം?
6. ക്ഷേത്രത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിളിച്ചിരുന്നത് എന്ത്?
7. ശാലയിലെ കുട്ടികള്‍ക്ക് കൊടുത്തിരുന്ന ശിക്ഷ എന്താണ്?
8. ശാലയിലെ കുട്ടികള്‍ക്കായി 350 നാഴി നെല്ല് മാറ്റിവെച്ചതായി പറയുന്ന ശാസനം?
9. ത്രിപുരദഹനം എന്ന കൃതിയുടെ കര്‍ത്താവായ ചേരരാജാക്കന്മാരുടെ ആശ്രിതന്‍?

Answers to Objective Type Questions

1. കോയിലധികാരികളെ
2. മുന്നൂറ്റവര്‍, അറുന്നൂറ്റവര്‍
3. നാലുതളി
4. തളി
5. മാകോതൈ (കൊടുങ്ങല്ലൂര്‍)
6. ശാലകള്‍
7. ഒരുദിവസത്തെ പട്ടിണിക്കിടന്‍റ
8. തിരുവല്ലാ ശാസനം
9. വാസുദേവന്‍

Assignments

  • കുലശേഖരന്മാരുടെ ഭരണനിര്‍വഹണം
  •  രണ്ടാം ചേര സാമ്രാജ്യത്തിലെ വിദ്യാഭ്യാസ വിപ്ലവം

Suggested Readings

1.പി. കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
2. പി. കെ. ബാലകൃഷ്ണന്‍, ജാതിവ്യവസ്ഥിതിയുംകേരളചരിത്രവും,
എസ്. പി. സി. എസ്, കോട്ടയം
3. എം. ആര്‍. രാഘവവാര്യര്‍,കേരളചരിത്രം, രാജന്‍ ഗുരുക്കള്‍, വള്ളത്തോള്‍
വിദ്യാപീഠം, മലപ്പുറം
4. എ. ശ്രീധരമേനോന്‍, കേരള സംസ്കാരം, ഡി.സി ബുക്സ്, കോട്ടയം
5. വേലായുധന്‍ പണിക്കശേരി, കേരളചരിത്രപഠനങ്ങള്‍, കറന്‍റ് ബുക്സ്, കോട്ടയം