unit2:
ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ആചാരങ്ങള്‍
Learning Outcomes
|
Prerequisites
കേരളത്തിന് സ്വന്തമായി നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും ആചാരങ്ങളുമുണ്ട്. മതപരവും സാംസ്കാരികവുമായ ആഘോഷങ്ങള്‍ അതിലുള്‍പ്പെടും. നമ്മളൊക്കെ ഇത്തരത്തില്‍ പല പരിപാടികളിലും വലിയ താല്‍പ്പര്യത്തോടെ പങ്കെടുക്കുന്നവരാണ്. ഓരോനാടിന്‍റെയും പ്രാദേശികാഘോഷങ്ങളും സംസ്ഥാനത്താകെയുള്ള ആഘോഷങ്ങളും ദേശീയ ആഘോഷങ്ങളുടെ കേരളീയ ഭേദങ്ങളുമൊക്കെയായി അവയിങ്ങനെ നിറഞ്ഞുനില്‍ക്കുന്നു. പലതും ദീര്‍ഘകാലത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനാവുന്നവയാണ്. പാരമ്പര്യങ്ങളെ തനിമ നഷ്ടമാകാതെ കാക്കുന്നതോടൊപ്പം തന്നെ ജാതിമത ചിന്തകള്‍ക്കപ്പുറത്ത് കേരളീയനെന്ന പൊതുസ്വത്വത്തെ മുറുകെപ്പിടിക്കാനും ഈ ആഘോഷങ്ങള്‍ പ്രേരിപ്പിക്കുന്നു. മിക്കഉത്സവങ്ങളും മതനിരപേക്ഷ സ്വഭാവത്തിലുള്ളവയാണ്. മതാനുഷ്ഠാ നത്തിന്‍റെഭാഗമായുള്ളവപോലും എല്ലാവരുടേതുമാക്കുന്ന സവിശേഷസിദ്ധി കേരളീയര്‍ പൊതുവേ പ്രകടിപ്പിക്കാറുണ്ട്. നാടിന്‍റെഐക്യത്തിനും മുന്നേറ്റത്തിനും ഇത്തരത്തിലുള്ള സഹവര്‍ത്തിത്വം ഏറെ സഹായം ചെയ്യാറുമുണ്ട്. അതത് നാടിനെ അടയാളപ്പെടുത്തു ന്നതുതന്നെ പലപ്പോഴും ഇത്തരം പരിപാടികളാണ്. നാടിന്‍റെ അഭിമാനസ്തംഭമായിതന്നെ ഇവയെ കണക്കാക്കാറുണ്ട്. ഓണവും വിഷുവും ക്രിസ്മസും ഈദും പള്ളിപ്പെരുന്നാളും നാടിന്‍റെമൊത്തം ആഘോഷമാണ്. ലോകത്തിലെ പല ഭാഗത്തുമുള്ള മലയാളികളും ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കെത്തും. മിത്തുകളുടെ പുനരാഖ്യാനമായി തെയ്യവും ഓണപ്പൊട്ടനുമെല്ലാം നിറഞ്ഞാടുമ്പോള്‍ പൊയ്പ്പോയ കാലത്തിന്‍റെ മഹിമയോര്‍ത്ത് മനസ്സുനിറയാത്ത മലയാളികളില്ല. ജനനിബിഡമായ തെരുവുകളിലൂടെ നീങ്ങുന്ന ഘോഷയാത്രകളിലെ താ ളമേളങ്ങളും കാവടിയുടെ അലങ്കാരങ്ങളും അവിടെയുള്ള മനസ്സുകളെയാകെ നൃത്തം ചെ യ്യിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജഗാംഭീര്യം മനസ്സുനിറയ്ക്കും. ആകാശത്ത് തീ എഴുതുന്ന ചിത്രങ്ങളാല്‍ വിസ്മയം തീര്‍ക്കുന്ന കരിമരുന്നുപ്രയോഗം, താഴെ ഭൂമിയില്‍ മനസ്സുകളെയാകെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ടാകും. കേരളത്തിന്‍റെസ്വന്തമായ എല്ലാ നാടന്‍ കലാരൂപങ്ങ ളുടെയും സാന്നിധ്യമുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയുടെ കാഴ്ചാ നുഭവം വേറെ എവിടെനിന്ന് ലഭിക്കാനാണ്. നാടന്‍ കലകളടക്കമുള്ള മിക്ക കലാരൂപങ്ങളും വികസിച്ചതും ഇന്നും സജീവമായി ആവിഷ്ക്കരിക്കപ്പെടുന്നതും ഉത്സവാഘോഷവുമായി ബന്ധപ്പെട്ടാണ്. ഓണംപോലെ കേരളത്തിന് പൊതുവായുള്ളതും, പ്രധാനപ്പെട്ട മതങ്ങള്‍ക്ക് അവ രുടേതായതുമായ ആഘോഷങ്ങളുണ്ട്. വിഷു, തിരുവാതിര എന്നിവ ഹിന്ദുക്കളുടെയും ബക്രീദ്, റംസാന്‍ എന്നിങ്ങനെ മുസ്ലിങ്ങളുടെയും ക്രിസ്തുമസ് ക്രിസ്ത്യാനികളുടെയും വലിയ ആഘോഷങ്ങളാണ്. ഇവയില്‍ പലതിനും ദേശീയവും അന്തര്‍ദേശീയവുമായ സ്വഭാവമുണ്ടെങ്കിലും കേരളം മതനിരപേക്ഷമായി അവയെ അവതരിപ്പിക്കുന്നു. കേരളത്തിന്‍റെ വ്യതിരിക്തത കുറെക്കൂടി തീവ്രമായി കാണാനാകുന്നത് ആചാരാനുഷ്ഠാനങ്ങളിലാണ്. വിശ്വാസവുമായി ബന്ധപ്പെട്ടാണ് ആചാരങ്ങള്‍ വികസിക്കുന്നത്. കേരളീയര്‍ പാരമ്പര്യമായി കൂടെക്കൂട്ടിയ അനുഷ്ഠാനപരവും അനുഷ്ഠാനേതരവുമായ ചടങ്ങുകളെയെല്ലാം ആചാര ങ്ങള്‍ എന്ന് വിവക്ഷിക്കാം. മനുഷ്യജീവിതം എല്ലാഘട്ടത്തിലും ഇത്തരത്തിലുള്ള ആചാരങ്ങളോടു ബന്ധപ്പെട്ടിരുന്നു. ജാതിവ്യവസ്ഥ മനുഷ്യരെ വര്‍ഗ്ഗീകരിക്കുകയും അവയ്ക്ക് അനുസൃതമായ ആചാരങ്ങളെ നിര്‍മ്മിക്കുകയും ചെയ്തു. ജനാധിപത്യം പുലരുകയും മനുഷ്യാവബോധം പരിഷ്കൃതമാകുകയും ചെയ്തതോടെ അവയില്‍ പലതും പിന്നീട് സമൂഹത്തിന് ഉപേക്ഷിക്കേണ്ടിയും വന്നു. ചുരുക്കത്തില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ആചാര ങ്ങളും കേരളത്തിന്‍റെ സവിശേഷ സാഹചര്യത്തിലാണ് ഇവിടെ നിലനിന്നത്. |
Keywords
ഉത്സവങ്ങള്‍-ആഘോഷങ്ങള്‍-ആചാരങ്ങള്‍-ജാതിവ്യവസ്ഥ-അനാചാരങ്ങള്‍.
Discussion
4.2.1 ഓണം
സംഘകാലത്ത് തന്നെ തമിഴകത്ത് ഓണം ആഘോഷിച്ചു വന്നിരുന്നതായി സംഘകാല കൃതിയായ മധുരൈക്കാഞ്ചി പറയുന്നുണ്ട്. മധുരയിലെ തെരുവുകളില്‍ ആളുകള്‍ കൂടിച്ചേര്‍ന്ന് ഇഷ്ടദൈവങ്ങളെ ആരാധിച്ചും ഉല്ലസിച്ചും നടന്നതിനെ കുറിച്ചാണ് വിവരണമുള്ളത്. ഏഴു ദിവസമാണ് അവിടെ ഓണാഘോഷമുണ്ടായിരുന്നത്. ഏ.ഡി ഒന്‍പതാം നൂറ്റാണ്ടിലെ കവിയായ പെരുയാഴ്വാര്‍ തിരുപല്ലാണ്ട് എന്ന ഗാനത്തില്‍ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പത്താം നൂറ്റാണ്ടുവരെയെങ്കിലും തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി കരുതാവുന്നതാണ്. കേരളത്തിലാണ് ഓണാഘോഷം പിന്നീട് വ്യാപകമായത്. ഇവിടെ വൈഷ്ണവ ഭക്തിപ്രസ്ഥാനമാണ് ഓണാഘോഷത്തെ സാര്‍വത്രികമാക്കിയത്. എ.ഡി എട്ടാം നൂറ്റാണ്ടില്‍ തൃക്കാക്കര ക്ഷേത്രം സ്ഥാപിച്ചതോടെ ഓണാഘോഷം തകൃതിയായി. സ്താണുരവിയുടെ ഏ.ഡി. 861-ലെ താമ്രശാസനത്തില്‍ ആവണി ഓണത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. പതിനെട്ടാം ശതകത്തില്‍ ബര്‍ത്തലോമിയോ എന്ന സഞ്ചാരി കേരളത്തിലെ ഓണാഘോഷ ത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. കേരളം സമത്വപൂര്‍ ണമായി ഭരിച്ചിരുന്ന മഹാബലി എന്ന രാജാവിനെയും അദ്ദേഹത്തെ, വാമനാവതാരംപൂണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വിഷ്ണുവിനെയും ബന്ധപ്പെടുത്തിയാണ് ഓണത്തിന്‍റെ മിക്ക ഐതിഹ്യങ്ങളുമുള്ളത്.
മഹാബലിയോടുള്ള ആദരവായാണ് ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളെങ്കില്‍, വൈഷ്ണവ കാലം മുതല്‍ മഹാബലിയെ പുറത്താക്കിയ വിഷ്ണുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ടായി. നമ്മുടെ പ്രദേശവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളോടൊപ്പം വിദേശ സ്ഥലങ്ങളുമായും ഓണത്തെ ബന്ധപ്പെടുത്താറുണ്ട്. അസീറിയയുടെ തലസ്ഥാനമായിരുന്ന നിനെവേയില്‍നിന്ന് കണ്ടെടുക്കപ്പെട്ട ഗ്രന്ഥാ ലയത്തിലെ കൃതികളില്‍നിന്ന് ‘ബെല” ശബ്ദ ത്തോടുകൂടെയുള്ള പല രാജാക്കന്മാരും അവി ടെ ഭരിച്ചിരുന്നതായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതിന്‍റെ സംസ്കൃത രൂപമായ ‘ബലി” വാണിരുന്ന ശോണിതപുരവും നിനെവേയും ഒന്നു തന്നെ. അവിടുത്തെ രാജാവായിരുന്ന മഹാബലി യുടെ സ്മരണയില്‍ തങ്ങളുടെ പ്രാപിതാക്കള്‍ ആഘോഷിച്ചിരുന്ന ഓണം പിന്‍തലമുറ പലയി ടത്തുമായി വന്നപ്പോള്‍ അവിടെയും തുടര്‍ ന്നു എന്ന അഭിപ്രായം ചില ചരിത്രകാരന്മാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ദ്രാവിഡരുടെ മൂലവം ശങ്ങളിലൊന്ന് അസ്സീറിയയില്‍നിന്ന് കുടിയേ റിപ്പാര്‍ത്തവരായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കപ്പെട്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് മുറ്റത്ത് പൂവിടുന്നത് പതിവാണ്. ഹിന്ദു വീടുകളില്‍ തൃക്കാക്കരയപ്പന്‍റെ വിഗ്രഹം കൂടിവെക്കും. കുടുംബത്തിലുള്ളവരെല്ലാം ഓണമാഘോഷിക്കാന്‍ ഒത്തുകൂടുകയും ഓണക്കോടി കൈമാ റുകയും ചെയ്യും. ജന്മിത്വകാലത്ത് ജന്മിക്ക് വാഴക്കുലയും പച്ചക്കറികളും ഓണക്കാഴ്ചയായി നല്‍കുന്ന പതിവുണ്ടായിരുന്നു. ഓണസദ്യയ്ക്കു ശേഷം പലതരത്തിലുള്ള കളികളിലും വി നോദങ്ങളിലും ഏര്‍പ്പെടാറുണ്ട്. തലപ്പന്ത്, ഓണ ത്തല്ല്, കിളികളി, കുട്ടിയും കോലും, കരടികളി, പുലികളി, കുമ്മി, മുടിയാട്ടം കളി, ഊഞ്ഞാലാട്ടം എന്നിവ ഇതില്‍ ചിലതാണ്. ഇതില്‍ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന പുലികളി ഏറെ പ്രസിദ്ധവും നിരവധി വിദേശസഞ്ചാരികളെ അടക്കം ആകര്‍ ഷിക്കുന്നതുമാണ്. ഇത്തരം വിനോദങ്ങളിലെല്ലാം ജനങ്ങള്‍ മതത്തിനതീതമായി പങ്കെടുക്കാ റുണ്ട്.
4.2.2 വിഷു
ഹിന്ദുമതത്തിലെ ഉയര്‍ച്ചയുടെ കാലത്ത് പ്രാധാന്യം കൈവന്ന ഒരു ആഘോഷമാണ് വി ഷു. നരകാസുരനെ ജയിച്ച വിഷ്ണുവിനെ കീര്‍ ത്തിക്കുന്നതാണ് വിഷു ആഘോഷം. ഭാസ്കര രവിവര്‍മന്‍റെ തൃക്കൊടിത്താനത്തുള്ള ഒരപൂര്‍ണ്ണ ശാസനത്തില്‍ ചിത്തിര വിഷുവിനെ പരാമര്‍ ശിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെ വരുന്ന മേടം ഒന്നാം തീയതി വിഷു ആഘോ ഷത്തിന് തിരഞ്ഞെടുത്തത് ഗണിത ശാസ്ത്ര ത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ്. രണ്ടാം ചേ രകാലത്ത് ഗണിത ശാസ്ത്രത്തിന്‍റെവളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കി ശങ്കരനാരായ ണീയം സ്ഥാപിച്ച സ്ഥാണുരവിയുടെ കാലത്താകണം വിഷു ആഘോഷം കേരളത്തില്‍ ആരം ഭിച്ചത്. മേടമാസത്തിലെ നവ വര്‍ഷാരംഭത്തില്‍ കാണുന്ന വിഷുക്കണിക്ക് അനുസരിച്ചാണ് ആ വര്‍ഷത്തെ ഫലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കാറുണ്ട്. വിഷുക്കൈനീട്ടം അനിവാര്യമായ ഒരു ചടങ്ങാണ്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വിഷുക്കണിക്കുശേഷം പടക്കം പൊട്ടിക്കുന്ന സമ്പ്രദായവുമുണ്ട്. വിഷു സദ്യയി ലെ വിഭവങ്ങളുടെ കാര്യത്തിലും ഇത്തരത്തില്‍ പ്രാദേശിക ഭേദങ്ങളുണ്ട്.
4.2.3 മറ്റു ചില ആഘോഷങ്ങളും ഉത്സ വങ്ങളും
നായര്‍ സ്ത്രീകള്‍ക്കിടയില്‍ പ്രചാ രത്തിലുള്ള ഒരാഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്ര ദിവസത്തിലാണ് ഇതാഘോഷിക്കുന്നത്. വിവാഹ ജീവിതം സുഖപ്രദം ആക്കുന്നതിന് ശിവനെ പൂജിക്കുകയാണ് തിരുവാതിരയുടെ ലക്ഷ്യം. വെറ്റില മുറുക്കല്‍, ഊഞ്ഞാലാട്ടം, തിരുവാതിരകളി തുടങ്ങിയ വിനോദങ്ങള്‍ അന്നുണ്ടാകും. സംഘം കൃതികളിലുള്‍പ്പെട്ട നല്ലാണ്ടുവനാരുടെ ‘പരിപാടലി’ല്‍ തിരുവാതിരയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ‘അംബാവാടന്‍റ’ എന്നും അന്നതിന് പേരുണ്ടായിരുന്നു. ജഗദംബയെ ഉദ്ദേശിച്ച് കന്നിമാസത്തില്‍ നടത്തുന്ന ആഘോഷമായ നവരാത്രിയും പ്രധാനമാണ്. ഒമ്പത് ദിവസത്തെ ആഘോഷത്തില്‍ അവസാന മൂന്നു ദിവസ ത്തിലെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ കൂടുതല്‍ വിശേഷപ്പെട്ടതായി കരുതപ്പെടുന്നു. ലോക സംരക്ഷണത്തിനായി ശിവന്‍ കാളകൂടവിഷം പാനം ചെയ്ത ശിവരാത്രി ദിനം, ശ്രീകൃഷ്ണന്‍റെ ജന്മദിനമായ അഷ്ടമിരോഹിണി എന്നിവയും കേരളത്തില്‍ വിപുലമായി ആചരിക്കാറുണ്ട്. ദീപാവലിയും ഇപ്പോള്‍ കൂടുതലായി ആഘോഷിച്ചുവരുന്നു.
കേരളത്തിന്‍റെതനതായ ആഘോഷങ്ങളില്‍ സവിശേഷ സ്ഥാനമുള്ള ഒന്നാണ് വള്ളം കളി. ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടത്തുന്ന നെഹ്റു ട്രോഫി വള്ളംകളി ലോകപ്രശസ്തമാണ്. ഓണത്തോടനുബന്ധിച്ച് നടക്കുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയും ചമ്പക്കുളത്ത് മൂലം വള്ളം കളിയും ഹരിപ്പാടിന് സമീപമുള്ള പായിപ്പാട്ടു ജലോത്സവവും അതതിടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളുടെ അനുഷ്ഠാ നവുമായി ബന്ധപ്പെട്ടവയാണ്. വിശ്വപ്രസിദ്ധങ്ങ ളായ തൃശ്ശൂര്‍ പൂരവും ശബരിമല ഉത്സവങ്ങളും വൈക്കത്തഷ്ടമിയും കൊട്ടിയൂര്‍ ഉത്സവവും അട ക്കം നിരവധി ക്ഷേത്രോത്സവങ്ങള്‍ കേരളത്തിന് സ്വന്തമായുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി ലെ മുറജപം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തി ലെ പൊങ്കാല മഹോത്സവം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓച്ചിറക്കളി, ചെങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ തൃപ്പൂത്ത്, ചിറ്റൂര്‍ ഭഗവതി ക്ഷേത്രത്തിലെ കൊങ്ങന്‍പട തുടങ്ങിയ പ്രാദേ ശികമായി പ്രസിദ്ധമായ നിരവധി ഉത്സവങ്ങള്‍ വേറെയുമുണ്ട്. തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍ തു ടങ്ങി കാര്‍ഷിക പശ്ചാത്തലമുള്ള ചില ഉത്സവങ്ങളും കേരളത്തിലുണ്ട്.
മുസ്ലീങ്ങള്‍ റംസാന്‍, ബക്രീദ്, നബിദി നം എന്നിങ്ങനെയുള്ള ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാറുണ്ട്. റംസാനിലെ മുപ്പതു ദിവസത്തെ നോമ്പിന് ശേഷമാണ് പെരുന്നാള്‍ ആഘോഷം. ദൈവശാസന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയു ടെ സ്മരണയിലാണ് ബക്രീദ് ആഘോഷിക്കു ന്നത്. മക്കയില്‍ പ്രസിദ്ധമായ ഹജ്ജ് കര്‍മ്മം ബക്രീദിനോടനുബന്ധിച്ചാണ്. മുസ്ലിങ്ങളിലെ പാരമ്പര്യവാദികളായ സുന്നികള്‍ക്കിടയിലാണ് നബിദിനം ആചരിക്കപ്പെടുന്നത്. മലബാര്‍ പ്രദേശത്തെ നേര്‍ച്ചകള്‍, തിരുവിതാംകൂറിലെ കൊ ടികുത്ത്, ബീമാപള്ളി ഉറൂസ് എന്നിവ പ്രാദേശികമായി വലിയ സ്വീകാര്യത ഉള്ളവയാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുമസും, ഈസ്റ്ററും, പള്ളി പെരുന്നാളുകളും വിപുലമായി കൊണ്ടാ ടുന്നു. യേശുക്രിസ്തുവിന്‍റെ ജന്മദിനമായ ഡിസംബര്‍ 25ന് അനേകം ആചാരങ്ങളും കീഴ്നടപ്പുകളും വെച്ചുപുലര്‍ത്തുന്ന ആഘേഷമാണ് ക്രിസ്മസ്. ബൈബിള്‍ പാരായണം, പ്രാര്‍ത്ഥന, ക്രിസ്മസ് സന്ദേശപ്രഭാഷണം എന്നിവ ഇതിനോടനുബന്ധിച്ച് ഉണ്ടാകും. കരോളും, നക്ഷത്ര വിളക്കും ക്രിസ്മസിന്‍റെ അവിഭാജ്യഘടകങ്ങളാണ്. ക്രിസ്മസ്പോലെ വര്‍ണശബളമല്ലെങ്കി ലും മൊത്തത്തില്‍ പഴക്കമുള്ള ആഘോഷമാണ് ഈസ്റ്റര്‍. പെസഹാവ്യാഴം, ദുഃഖവെള്ളി എന്നിവ ആചരിച്ചാണ് ക്രിസ്തുദേവന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് ഈസ്റ്റര്‍ കൊണ്ടാടുന്നത്. പള്ളികളിലെ വാര്‍ഷിക പെരുന്നാളുകള്‍ പലതും പ്രശസ്തി ഉള്ളതാണ്. മറ്റുമതസ്ഥ രും അവരുടെ ആഘോഷങ്ങള്‍ കേരളത്തില്‍ നന്നായി സംഘടിപ്പിക്കാറുണ്ട്.
4.2.4 ആചാരങ്ങള്‍
നമ്പൂതിരിമാര്‍ക്ക് സാമ്പത്തികരാഷ്ട്രീയ മേഖലകളില്‍ ലഭിച്ച സ്വാധീനശക്തിയാണ് കേ രളത്തില്‍ സവിശേഷമായ ജാതിവ്യവസ്ഥയും അതിനെ അടിസ്ഥാനമാക്കിയുള്ള അയിത്തവും തീണ്ടലും തൊടീലും നിര്‍മ്മിച്ചത്.നമ്പൂതിരിമാര്‍ക്കിടയില്‍തന്നെ നിരവധി ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു.ബ്രാഹ്മണസ്ത്രീകളുടെ പാതി വ്രത്യത്തില്‍ സംശയമുണ്ടായാല്‍ നടത്തുന്ന സ്മാര്‍ത്തവിചാരവും അതിനെത്തുടര്‍ന്നുള്ള ഭ്രഷ്ടും അതില്‍ പ്രധാനപ്പെട്ടതാണ്.സ്വന്തം സമുദായത്തിനിടയില്‍ പാലിക്കേണ്ട ആചാരങ്ങള്‍ക്കൊപ്പം അടിയാളരോടുള്ള ആചാരങ്ങളും നിര്‍മ്മിച്ചു. ഓരോജാതിയുടെയും സാമൂഹ്യ നില വെച്ച് മേലാളനില്‍നിന്ന് പാലിക്കേണ്ട ദൂരം നിശ്ചയിച്ചു. ചില ജാതികളെ കണ്ടാല്‍ത്തന്നെ അയിത്തമാകുമായിരുന്നു. ബ്രാഹ്മണരും നാടു വാഴികളും ഉണ്ടാക്കിയ ആചാരങ്ങള്‍ക്ക് സമാ ന്തരമായി കുടിയാരും അടിയാളരും അവരു ടേതായ ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. യക്ഷി, ചാത്തന്‍ തുടങ്ങിയവയുമായി ബന്ധപ്പെ ട്ട ആചാരങ്ങളും കാവുകളിലെ ആചാരങ്ങളും ഈ രീതിയില്‍ ഉണ്ടായതാണ്. പറയന്മാരും മറ്റു അടിയാളരും ചെയ്തിരുന്ന ഒടിവിദ്യ, കൂടോത്രം എന്നിവ മേലാളരില്‍ ചെറിയ ഭയമുണ്ടാക്കി. മേലാളസ്ത്രീകളെ അടിയാള പുരുഷന്മാര്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മണ്ണാപ്പേടി, പുലപ്പേടി, പറപ്പേടി തുടങ്ങിയ ആചാരങ്ങള്‍. കാര്‍ത്തിക മാസത്തില്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന സവര്‍ണ്ണസ്ത്രീയുടെ നേര്‍ക്ക് പുലയ ജാതിയിലോ മണ്ണാന്‍ ജാതിയിലോ പെട്ട പുരുഷന്‍ ഒരു കല്ലോ കമ്പോ എടുത്തെറിഞ്ഞ് അവരുടെ ദേഹത്ത് കൊണ്ടാല്‍ പ്രസ്തുത സ് ത്രീ കുടുംബത്തില്‍നിന്നും ഭ്രഷ്ടയായി പുറ ത്താകും. ശൈഖ് സൈനുദ്ദീന്‍ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന കൃതിയില്‍ ഇവ രേഖപ്പെ ടുത്തിയിട്ടുണ്ട്. ഗുണ്ടര്‍ട്ട് തന്‍റെനിഘണ്ടുവില്‍ പ്രസ്തുത മാസം കര്‍ക്കിടകമാണ് എന്ന് രേഖ പ്പെടുത്തിയിട്ടുണ്ട്. മധ്യകാല ജാതി ബന്ധങ്ങളു ടെ സ്വഭാവം നോക്കിയാല്‍ അടിയാര്‍ ജാതികള്‍, നായര്‍ സ്ത്രീകളെ ഇങ്ങനെ കയ്യടക്കുക സാധ്യ മല്ലെന്നും സ്വന്തം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാന്‍ നായന്മാര്‍ കണ്ടെത്തിയ ആചാര ങ്ങളാണ് ഇവയെന്നും പുതിയ കാലത്ത് വാദങ്ങളുണ്ട്.
4.2.5 വിവാഹവുമായി ബന്ധപ്പെട്ടത്
നമ്പൂതിരിമാരില്‍ കുടുംബത്തിലെ മൂത്ത ആള്‍ മാത്രം സ്വജാതിയില്‍നിന്ന് വിവാഹം കഴി ക്കുകയും മറ്റുള്ളവര്‍ നായര്‍ തുടങ്ങിയ അന്യ ജാതിക്കാരുമായി സംബന്ധത്തില്‍ ഏര്‍പ്പെടു കയുമാണ് ചെയ്തിരുന്നത്. നായര്‍, ഈഴവര്‍, കുറവര്‍, പുലയര്‍ എന്നിവരുടെയിടയില്‍ ബഹു ഭര്‍ത്തൃത്വം നിലവിലിരുന്നു. നായര്‍, ഈഴവര്‍ തുടങ്ങിയ ജാതികളില്‍ താലികെട്ട്, തിരണ്ടുക ല്യാണം, പുളികുടി എന്നിവ നടത്തിയിരുന്നു. പെണ്‍കുട്ടി ഋതു ആകുന്നതിനു മുമ്പ് തന്നെ ഉയര്‍ന്ന ജാതിയിലെ ഒരു വ്യക്തിയെക്കൊണ്ട് കഴുത്തില്‍ താലികെട്ടിക്കുന്നതാണ് താലികെട്ട് അഥവാ കെട്ടുകല്യാണം എന്നറിയപ്പെട്ടിരുന്നത്. പെണ്‍കുട്ടിയുടെ മേല്‍ യാതൊരു അവകാശവും താലികെട്ടിയ ആള്‍ക്കില്ല. പെണ്‍കുട്ടി ഋതുവാകുമ്പോഴാണ് തിരണ്ടുകല്യാണം കൊണ്ടിരുന്നത്. ഗര്‍ഭിണിയായാല്‍ ഒമ്പതാംമാസം നടത്തുന്ന ചടങ്ങാണ് പുളികുടി. വെള്ളാള സമൂഹത്തില്‍ സവിശേഷമായ മറ്റൊരു ആചാരം നിലനിന്നിരുന്നു. വിവാഹസമയത്ത് വധു പാതിവ്രത്യം കാ ത്തുസൂക്ഷിക്കാം എന്ന പ്രതിജ്ഞ എടുക്കുന്ന ‘അമ്മിചവിട്ടി അരുന്ധതികാണല്‍’ ആയിരുന്നു അത്.
4.2.6 കൃഷിയുമായി ബന്ധപ്പെട്ടത്
കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ടനിരവധി ആചാരങ്ങള്‍ കേരളത്തിലുണ്ട്. നിലമൊരുക്കുന്നതു മുതല്‍ കൊയ്യുന്നത് വരെയുള്ള ഘട്ടങ്ങളിലായി പല അനുഷ്ഠാനങ്ങളും കൃഷി യുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലഭിക്കാനായി കര്‍ക്കിടക മാസത്തില്‍ നടത്തുന്ന ഇല്ലംനിറ വളരെ പ്രാധാന്യമുള്ള ഒരു ചടങ്ങായിരുന്നു. വ്രതനിഷ്ഠയോടെ കൃഷി ഭൂമിയില്‍ നിന്ന് കൊയ്തെടുക്കുന്ന നെല്‍ക്കതിര്‍ വഴിപാടായി ക്ഷേത്രത്തില്‍ കൊ ടുക്കുകയും പൂജ കഴിഞ്ഞ് ലഭിക്കുന്ന കതിര്‍ക്കുലകള്‍ വീടിന്‍റെ മച്ചിലും ഉമ്മറത്തും തൂക്കുകയും ചെയ്യും. അടുത്തവര്‍ഷം സമാന ചടങ്ങു നടക്കുന്നതുവരെ അത് അവിടെത്തന്നെ ഉണ്ടാകും. ശബരിമലയിലെ നിറപുത്തരി ചടങ്ങുകള്‍ പ്രശസ്തമാണ്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമായ മരമടി, വയലില്‍ നിന്നും കൊണ്ടുവരുന്ന നെല്ല് അതിനെ ശുദ്ധിവരുത്തുന്ന നിറ, കൊയ്ത്ത് നെല്‍ക്കറ്റകള്‍ മെതി ച്ച് നെല്ല് അതേപടി കൂട്ടിയിടുന്ന പൊലി, ആദ്യ വിളവെടുപ്പിനുശേഷം പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന പുത്തരി, എന്നിവയും പ്രധാനപ്പെട്ട കാര്‍ ഷികാചാരങ്ങളാണ്.
Recap
|
Objective Type Questions
1. സംഘകാല തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി പറയുന്ന കൃതി? 2. ആവണി ഓണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ശാസനം? 3. കേരളത്തിലെ ഓണാഘോഷത്തെക്കുറിച്ച് സൂചിപ്പിച്ച വിദേശ സഞ്ചാരി? 4. ഓണത്തിന്‍റെ പ്രാഗ്രൂപം ആഘോഷിച്ചിരുന്നതായി കരുതപ്പെടുന്ന അസീറിയയലെ പുരാതനനഗരം? 5. ചിത്തിരവിഷു ആഘോഷത്തെക്കുറിച്ച് സൂചനകളുള്ള ശാസനം? 6. തിരുവാതിരയെക്കുറിച്ച് പരാമര്‍ശങ്ങളുള്ള സംഘംകൃതി? 7. ശ്രീകൃഷ്ണന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷം? 8. നെഹ്റു ട്രോഫി നടക്കുന്ന കായലിന്‍റെ പേര്? 9. ഹജ്ജ് കര്‍മ്മത്തിനോട് അടുത്തുനില്‍ക്കുന്ന പെരുന്നാള്‍? 10. ക്രിസ്തുദേവന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ട ആഘോഷം? 11. ബ്രാഹ്മണസ്ത്രീകളുടെ പാതിവ്രതവുമായി ബന്ധപ്പെട്ട ആചാരം? 12. ഗര്‍ഭിണികളുടെ ഒമ്പതാം മാസത്തില്‍ നടത്തുന്ന ചടങ്ങ്? 13. ആദ്യ വിളവെടുപ്പിനുശേഷം പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ആചാരത്തിന്‍റെ പേര്? |
Answers to Objective Type Questions
1. മധുരൈക്കാഞ്ചി 2. സ്ഥാണുരവിയുടെ താമ്രശാസനം 3. ബര്‍ത്തലോമിയോ 4. നിനെവേ 5. ഭാസ്കരരവിവര്‍മ്മന്‍റെ തൃക്കടിത്താനം ശാസനം 6. പരിപാടന്‍റ 7. അഷ്ടമിരോഹിണി 8. പുന്നമടക്കായല്‍ 9. ബക്രീദ് 10. ഈസ്റ്റര്‍ 11. സ്മാര്‍ത്തവിചാരം 12. പുളികുടി 13. പുത്തരി |
Assignments
|
Suggested Readings
1. എം ജി ശശി ഭൂഷണ്‍, അത്താഴപ്പഷ്ണിക്കാരുണ്ടോ? ആചാരങ്ങളും അനാചാരങ്ങളും, ഡി.സി ബുക്സ്, കോട്ടയം 2. പി. കെ. ബാലകൃഷ്ണന്‍, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, എസ്. പി. സി. എസ്, കോട്ടയം 3. എ.എന്‍ സത്യദാസ് (വിവ), ഞാന്‍ കണ്ട കേരളം, സാമുവല്‍ മെറ്റീരിയല്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 4. പി. കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 5. സ്കറിയാ സക്കറിയ, 500 വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍, താപസം, കോട്ടയം 6. വി.എസ് ബിന്ദു, നാട്ടുവഴി കേരളീയര്‍ക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം, ഡി.സി ബുക്സ്. കോട്ടയം |