Learning Outcomes
|
Prerequisites
പ്രാചീനകേരളം വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങളും ജീവിതരീതികളും നിലനിന്ന ഭൂമികയായിരുന്നു. തുടക്കത്തില്‍ ദ്രാവിഡ രീതികളാണ് മതാചാരങ്ങളായി അനുവര്‍ത്തിച്ചി രുന്നത്. അതിലേക്കാണ് പിന്നീട് ഉത്തരേന്ത്യയില്‍നിന്നും വിദേശനാടുകളില്‍നിന്നും മതങ്ങളും ദര്‍ശനങ്ങളും എത്തിച്ചേര്‍ന്നത്. വിദേശനാടുകളുമായി സജീവമായുണ്ടായിരുന്ന വാണിജ്യത്തിലൂടെ ഉണ്ടായിവന്ന ബന്ധങ്ങളാണ് അവിടുത്തെ മതങ്ങളെയും ഇവിടെ പരി ചയപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ നിന്നുവന്ന ആര്യമതദര്‍ശനങ്ങളും വിദേശനാടുകളില്‍ നിന്നെത്തിയ ദര്‍ശനങ്ങളും ദ്രാവിഡസംസ്കാരത്തില്‍ കൂടിച്ചേര്‍ന്ന് പുതിയൊരു സാംസ്കാ രിക സമന്വയം കേരളത്തിലുണ്ടായി. പല കാലങ്ങള്‍ ചേര്‍ത്ത് മിശ്രണം ചെയ്ത സംസ്കാരം കേരളത്തിന്‍റെ സവിശേഷതയാണ്. ഓരോ സമൂഹത്തിനും പ്രാദേശികമായി തനതായ ജീവിതരീതിയും വിശ്വാസങ്ങളും ദേ വതാരാധനകളും എന്ന നിലയായിരുന്നു പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്നത്. വൃക്ഷപൂജയും പിതൃപൂജയും സര്‍വ്വസാധാരണമായിരുന്നു. ആളുകള്‍ക്കിടയില്‍ അത്രകണ്ട് ജാതിമത ചിന്തകള്‍ സ്വീകാര്യമായിരുന്നില്ല. സമത്വബോധത്തിന് ഉന്നതസ്ഥാനം കല്‍പ്പിക്കപ്പെട്ടു. ജന ങ്ങള്‍ സഹിഷ്ണുതാമനോഭാവത്തോടെയാണ് കാര്യങ്ങളെ സമീപിച്ചിരുന്നത്. സാമുദായികമായ വേര്‍തിരിവില്ലാതെ ഒരുമിച്ചുപോയിരുന്ന ഈ സമൂഹത്തിനിടയിലേക്കാണ് വിവിധ മതങ്ങള്‍ പ്രവേശിച്ചത്. തുടക്കത്തില്‍ അവ സംഘടിതമതങ്ങളുടെ സ്വഭാവം പ്രകടിപ്പിച്ചിരുന്നില്ല. നിലനിന്ന സംസ്കാരത്തിന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതങ്ങള്‍ ഏറിയും കുറഞ്ഞും ഉള്‍ക്കൊണ്ടു. സംഘടിതമതങ്ങളുടെ ചട്ടക്കൂടുകള്‍ മറികടന്ന് പൊതുവായ ചില വിശ്വാസപ്രമാണങ്ങള്‍ രൂപീകരിക്കുന്ന സാഹചര്യമാണ് അന്നുണ്ടായത്. ഒരേസമയം ജൈന-ബുദ്ധ ക്ഷേത്രങ്ങളില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നതിലും വൈദികവിധിപ്രകാരമുള്ള കര്‍ മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിലും ആര്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. ബുദ്ധമതത്തിനും ജൈനമതത്തിനും കുറേക്കാലം കേരളത്തില്‍ സ്വാധീനമുണ്ടായി രുന്നു. പതിനൊന്നാം നൂറ്റാണ്ടുവരെ ഈ മതങ്ങള്‍ സജീവമായി നിലനിന്നു. ജൂതമതവും ആരംഭകാലത്ത് തന്നെ കേരളത്തിലെത്തി. സ്വന്തംപ്രദേശം റോമാസാമ്രാജ്യം കൈയടക്കി യതോടെ പല സ്ഥലങ്ങളിലേക്ക് ചിതറിപ്പോയ ജൂതന്മാരുടെ ഒരുസംഘം കേരളത്തിലുമെത്തിയിരുന്നു. ചേരകാലത്ത് അഞ്ചുവണ്ണം എന്ന കച്ചവടസംഘത്തിന് നേതൃത്വം നല്‍കിയത് ജൂതന്മാരായിരുന്നു. അവര്‍ അവരുടെ കൂട്ടങ്ങളില്‍ ഒതുങ്ങിനില്‍ക്കാനും അവരുടേതായ ആചാരങ്ങള്‍മാത്രം പിന്‍പറ്റാനുമാണ് ശ്രമിച്ചിരുന്നത്. എ.ഡി ഒന്നാം നൂറ്റാണ്ടുമുതല്‍തന്നെ ക്രിസ്ത്യാനികളും ഇവിടേക്കു വന്നു. വാണിജ്യവുമായി ബന്ധപ്പെട്ടാണ് ക്രിസ്ത്യാനികളെ ക്കുറിച്ചുള്ള ആദ്യകാല പരാമര്‍ശങ്ങളുള്ളത്. മണിക്കിരാമം എന്ന കച്ചവടസംഘത്തിന് നേ തൃത്വം നല്‍കിയിരുന്നത് ക്രിസ്ത്യാനികളാണ്. വാണിജ്യബന്ധങ്ങള്‍ തന്നെയാണ് ഇസ്ലാംമതത്തെയും കേരളത്തിലെത്തിച്ചത്. |
Keywords
മതങ്ങള്‍-ബുദ്ധമതം-ജൈനമതം-ഇസ്ലാംമതം
Discussion
3.3.1 ബുദ്ധമതം
ബി.സി. മൂന്നാം ശതകത്തില്‍ത്തന്നെ കേരളത്തില്‍ ബുദ്ധമതം എത്തിയിരുന്നു. തമിഴ്നാടിന്‍റെ തെക്കുഭാഗത്തുനിന്നോ ശ്രീലങ്കയില്‍നിന്നോ ആണ് ബുദ്ധമതം കേരളത്തില്‍ എത്തിയത്. മണിമേഖല അടക്കമുള്ള ചില സംഘകൃതികള്‍ ബുദ്ധന്‍റെ തത്ത്വോപദേശ ങ്ങള്‍ വിവരിക്കുന്നതാണ്. ഇന്നത്തെ പല പ്രധാന ഹൈന്ദവക്ഷേത്രങ്ങളും മുമ്പ് ബുദ്ധദേ വാലയങ്ങളായിരുന്നു എന്നൊരു വാദമുണ്ട്. താന്ത്രികമതപ്രകാരം നടന്നിരുന്ന ബൗദ്ധവിഹാ രങ്ങളെ ഹൈന്ദവ ക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്താന്‍ എളുപ്പമായിരുന്നു. ക്ഷേത്രങ്ങളില്‍ പതിവുള്ള കുതിരകെട്ട്, രഥോത്സവങ്ങള്‍, ശാലയോട്ടം, താലപ്പൊലി, കുത്തിയോട്ടം, അന്നം കെട്ട് തുടങ്ങിയവ ബൗദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ്. തിരുവടി ക്ഷേത്രത്തില്‍ മാനസിക രോഗികള്‍ക്കും തകഴി ക്ഷേത്രത്തില്‍ കുഷ്ഠരോ ഗികള്‍ക്കും ചികിത്സ നല്‍കുന്നതും ബൗദ്ധപാ രമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ്. ഹൈന്ദവക്ഷേത്ര ങ്ങളില്‍ ഇങ്ങനെ ചികിത്സ പതിവില്ല എന്നതും
ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ്. ദക്ഷിണ തമിഴ്നാട്ടിലും കേരളത്തിലും പ്രചരിച്ച അയ്യനാര്‍ അഥവാ അയ്യപ്പന്‍റെ ആരാധനയിലും ബുദ്ധമതസ്വാധീനം കാണാം.
ഇന്നത്തെ കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പ്രധാന ബുദ്ധകേന്ദ്രങ്ങള്‍ നില നിന്നിരുന്നതെന്നതിന് ആ ഭാഗങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുള്ള ബുദ്ധപ്രതിമകളും ഇതര ബുദ്ധമതാവശിഷ്ടങ്ങളും തെളിവാകുന്നുണ്ട്. മാവേലിക്കര, കിളിരൂര്‍, നീലംപേരൂര്‍, കുരുമാടി തുടങ്ങിയ സ്ഥലങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവ യാണ്. പത്മാസനം, ധ്യാനഭാവം, ഉഷ്ണീഷം, ഉത്തരീയം, മടിയിന്‍മേല്‍ ഒന്നിനുമേല്‍ ഒന്നായി നിര്‍ത്തിവെച്ച ഹസ്തതലം, ജ്ഞാനമുദ്ര എന്നീ ലക്ഷണങ്ങളെല്ലാം അവിടെനിന്ന് കണ്ടുകിട്ടിയ ബുദ്ധവിഗ്രഹങ്ങളില്‍ ഉണ്ടായിരുന്നു. അവയു ടെ കാലം ഏഴും എട്ടും നൂറ്റാണ്ടുകളായിരുന്നുവെന്ന് കരുതപ്പെടുന്നു. ‘പള്ളിച്ചന്ത’മെന്നും ‘പള്ളിപ്പുറ’മെന്നും പഴയ രേഖകളില്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങള്‍ ഒരുകാലത്ത് ബുദ്ധകേന്ദ്ര ങ്ങളായിരുന്നു. കൊടുങ്ങല്ലൂര്‍ കാളീക്ഷേത്രം ഒരുകാലത്ത് ബുദ്ധക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ ബലിക്കല്ലില്‍ കാണപ്പെടുന്ന പത്മദളങ്ങള്‍ അതൊരു ബൗദ്ധസ്തൂപത്തിന്‍റെ ഭാഗമായിരുന്നു എന്ന് സൂ ചിപ്പിക്കുന്നതാണ്. അമ്പലപ്പുഴ കരുമാടിക്കുട്ടന്‍ പ്രസിദ്ധമായ ഒരു ബുദ്ധവിഗ്രഹമാണ്.
ശ്രീമൂലവാസം പ്രധാനപ്പെട്ട ഒരു ബുദ്ധവിഹാരമായിരുന്നു. വിക്രമാദിത്യവര ഗുണന്‍റെ പാലിയം ശാസനത്തിലും അതുല കവിയുടെ മൂഷികവംശത്തിലും ഈ കേന്ദ്ര ത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. അഫ്ഗാനി സ്ഥാനില്‍നിന്ന് കണ്ടെടുക്കപ്പെട്ട ബുദ്ധവിഗ്ര ഹത്തില്‍ ഈ കേന്ദ്രത്തെ പരാമര്‍ശിക്കുന്ന ലിഖിതമുണ്ടെന്നതിനാല്‍ ശ്രീമൂലവാസത്തിന്‍റെ പ്രശസ്തി ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ അറ്റത്ത് പോലും പരന്നിരുന്നതായി കരുതാം. കൃത്യമായി എവിടെയാണിത് സ്ഥിതി ചെയ്തിരു ന്നതെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ആലപ്പുഴയിലെ തൃക്കുന്നപ്പുഴയായിരിക്കാമെന്ന വാദത്തിനാണ് കൂടുതല്‍ പിന്തുണയുള്ളത്. പശ്ചിമഘട്ടത്തിലെ പൊതിയില്‍മല മറ്റൊരു പ്ര ധാന കേന്ദ്രമായിരുന്നു. അവലോകിതേശ്വരന്‍ എന്ന ബുദ്ധപണ്ഡിതനാണ് അവിടെയുണ്ടായി രുന്നത് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തു ന്നു. പല രാജാക്കന്മാരും ബുദ്ധകേന്ദ്രങ്ങളില്‍ ആരാധന നടത്തുകയും വിഹാരങ്ങളിലേക്കു വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായി ശാസനങ്ങള്‍ സൂചിപ്പിക്കു ന്നു. പലസ്ഥലങ്ങളിലുമായി വ്യാപിച്ചുകിടന്ന ബുദ്ധമതസ്വാധീനം പതിനൊന്നാം നൂറ്റാണ്ടുവരെ തുടര്‍ന്നു.
3.3.2 ജൈനമതം
ക്രിസ്തുവിനു മുമ്പുതന്നെ ജൈനമതം കേരളത്തിലെത്തിയിരുന്നു. ധ്യാനമനനങ്ങള്‍ക്ക് പര്യാപ്തമായ ശാന്തിനിറഞ്ഞ അന്തരീക്ഷം കേരളത്തില്‍ ഉണ്ടായിരുന്നതാണ് ജൈനമത പ്രചാരകര്‍ ഇവിടെയെത്താന്‍ കാരണമായി പറയപ്പെടുന്നത്. കര്‍ണാടകത്തില്‍നിന്നും വട ക്കന്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ജൈനമതം കേ രളത്തിലെത്തിയത്. ചിലപ്പതികാരം എന്ന തമിഴ് കൃതിയില്‍ ജൈനസന്യാസിമാരുടെ പ്രവര്‍ത്തന ത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ചിലപ്പതികാരം രചിച്ച ഇളങ്കോഅടികള്‍ ജൈനമത വിശ്വാസിയാ യിരുന്നു. അദ്ദേഹം താമസിച്ചിരുന്ന തൃക്കണാമ തിലകം ഒരു പ്രധാന ജൈനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ഹിന്ദുക്ഷേത്രമാക്കപ്പെട്ട പ്രസിദ്ധമായ ഒരു ജൈനക്ഷേത്രം അന്നവിടെ നിലനിന്നിരുന്നു. വയനാട്ടിലെ എടക്കല്‍ഗുഹ ജൈനസങ്കേതങ്ങളിലൊന്നായിരുന്നു. സുല്‍ത്താന്‍ബത്തേരി (ഗണപതിവട്ടം), മാനന്തവാടി തുടങ്ങി വയനാട്ടിലെ പല ഭാഗങ്ങളിലും ജൈനആരാധ നാലയങ്ങള്‍ ഉണ്ടായിരുന്നതായി പഠനങ്ങള്‍ സൂ ചിപ്പിക്കുന്നു. മഞ്ചേശ്വരം, കല്‍പ്പറ്റ, വടക്കന്തറ, കാവശ്ശേരി, തിരുവണ്ണൂര്‍, കിനാലൂര്‍, ആലത്തൂര്‍ മുതലായ സ്ഥലങ്ങളിലും ജൈനക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. തെക്കന്‍തിരുവിതാംകൂറിലെ ചിതറാല്‍ എന്ന സ്ഥലത്തെ തിരിച്ചാണത്തു ഭഗവതിക്ഷേത്രം പ്രധാനപ്പെട്ട ഒരു ജൈനകേന്ദ്രമായിരുന്നു. നാഗര്‍കോവിലിലെ നാഗരാജസ്വാമി ക്ഷേത്രവും പണ്ട് ജൈനക്ഷേത്രമായിരുന്നു. പാര്‍ശ്വനാഥന്‍, മഹാവീര തീര്‍ത്ഥങ്കരന്‍, പത്മാ വതീദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ അവിടെയുണ്ടായിരുന്നു.
ഇരിങ്ങാലക്കുടയിലെ ഭരതേശ്വരന്‍ ഒരു ജൈനവിഗ്രഹമാണെന്ന വാദം നിലവിലു ണ്ട്. പെരുമ്പാവൂരിലെ കല്ലില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാന അഭിപ്രായമുണ്ടായിരുന്നു. പാര്‍ശ്വനാഥന്‍, മഹാവീരതീര്‍ത്ഥങ്കരന്‍, പത്മാ വതീദേവി എന്നീ ജൈനമൂര്‍ത്തികളുടെ പ്രതി ഷ്ഠകളാണ് അവിടെയുണ്ടായിരുന്നത്. തൃശ്ശൂരിലെ പരുവാശ്ശേരി ക്ഷേത്രത്തിനുവെളിയില്‍ ഒരു ജൈനവിഗ്രഹം ഉണ്ടായിരുന്നു. മിക്ക ജൈനമതകേന്ദ്രങ്ങളും തമിഴകവുമായി ബന്ധിക്കുന്ന കച്ചവടപാതകള്‍ക്ക് സമീപമായിരുന്നത് ജൈനമതത്തിന്‍റെ പ്രചാരവും കച്ചവടവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. കൊച്ചിയിലും ആലപ്പുഴയിലുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടി രുന്ന ജൈന കുടുംബങ്ങള്‍ക്കെല്ലാം അവരുടേതായ ക്ഷേത്രങ്ങളുമുണ്ടായിരുന്നു.
ഏ.ഡി. ഏഴാം നൂറ്റാണ്ടോടെ തമിഴ്നാട്ടില്‍ ജൈനമതം തകര്‍ന്നുതുടങ്ങി. കേരളത്തില്‍ അതിന്‍റെ അധ:പതനം ആരംഭിക്കുന്നത് എട്ടാംനൂറ്റാണ്ടോടെയാണ്. ക്ഷേത്രങ്ങളിലും ജൈനഭി ക്ഷുക്കളിലും വ്യാപാരികളിലും ഒതുങ്ങിനിന്ന ജൈനമതം പലപ്പോഴും ജനകീയതലത്തില്‍ എത്തിയിരുന്നില്ല. ക്ഷേത്രങ്ങളുടെയും മുസ്ലിം പള്ളികളുടെയും ശില്പത്തെ സംബന്ധിച്ചിട ത്തോളം അവയിലുള്ള ജൈനസ്വാധീനതയെപ്പ റ്റി പറയാമെങ്കിലും അതിനപ്പുറമുള്ള സ്വാധീനം ജൈനമതത്തിനുണ്ടായില്ല. ജൈനക്ഷേത്രങ്ങള്‍ പിന്നീട് ബ്രാഹ്മണര്‍ വളര്‍ത്തിയ ക്ഷേത്രസംസ് കാരത്തിന്‍റെ ഭാഗമായതോടെ മതകേന്ദ്രമെന്ന രീതിയിലുള്ള അവയുടെ ഇടപെടന്‍റ അവസാനി ച്ചു.
ബുദ്ധമതവും ജൈനമതവും അതിന്‍റെ ജീര്‍ണ്ണ ദശയിലാണ് കേരളത്തിലെത്തിയത്. അവയുടെ ചില സമ്പ്രദായങ്ങളൊഴിച്ച് മതത്തിന്‍റെ ആശയസംഹിത പൂര്‍ണ്ണമായി വളര്‍ന്നുവന്നിരുന്നില്ല. അവയുടെ ജനപ്രിയ ആരാധനാസമ്പ്രദായങ്ങള്‍ ആളുകള്‍ പിന്‍പറ്റിയിരുന്നെങ്കിലും അവ ഒരു പ്രത്യേക മതത്തിന്‍റേതാണെന്ന ധാരണയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വിഗ്രഹാരാധനയും ക്ഷേത്രചടങ്ങുകളും വളര്‍ന്നുവരികയും കേരളത്തിന്‍റെ സാമൂഹികജീവിതത്തില്‍ നമ്പൂതിരിമാര്‍ പ്രാമുഖ്യം നേടിത്തുടങ്ങുകയും ചെയ്ത കാലത്തോടെ രണ്ടുമതങ്ങളും തകര്‍ന്നു. അക്കാലത്ത് ശൈവ-വൈഷ്ണവ വൈരം പോലെ ബുദ്ധ-ജൈന മതങ്ങളും പരസ്പരം മാത്സര്യവും വിദ്വേഷവും പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
3.3.3 ഇസ്ലാം മതം
ഇസ്ലാംമതം അതിന്‍റ ആരംഭത്തില്‍, ഏഴാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ എത്തി. പൗരസ്ത്യരാജ്യങ്ങളുമായി കപ്പല്‍വഴിയുള്ള വാണിജ്യബന്ധം അറബികള്‍ക്കിടയില്‍ അക്കാല ത്തുതന്നെ ശക്തമായിരുന്നു. ഈ കച്ചവടക്കാര്‍ വഴിയാണ് ഇസ്ലാംമതം കേരളത്തില്‍ എത്തിച്ചേര്‍ ന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഇസ്ലാമിന്‍റെ സന്ദേശം എത്തിച്ചേര്‍ന്നത് മലബാര്‍ പ്രദേശ ത്താണ്. അറബികളുമായുള്ള വാണിജ്യബന്ധം മലബാര്‍തീരത്തെ തുറമുഖങ്ങളിലൂടെയാണ് അന്ന് നടന്നിരുന്നത്. കോതമംഗലത്ത് നിന്നും ഖലീഫമാരുടെ കാലത്തെ (എ.ഡി 661-750) നാലു സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഒരു ചേരരാജാവ് മക്കയില്‍ പോയി ഇസ്ലാം മതം സ്വീ കരിച്ചതായി ഒരു ഐതിഹ്യമുണ്ട്. ശൈഖ് സൈനുദ്ദീന്‍ എഴുതിയ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥത്തിലും ‘റിഹ്ലത്തുല്‍ മുലൂക്ക്” എന്ന അറബി ഗ്രന്ഥത്തിലും കേരളോല്‍പ്പത്തിയിലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളോ ല്പത്തിയിലെ കാലഗണനയിലുള്ള പൊരുത്ത മില്ലായ്മ മുന്‍നിര്‍ത്തി ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തന കഥ വിശ്വാസയോഗ്യമല്ലെന്നാ ണ് പല ചരിത്രപണ്ഡിതന്മാരും അഭിപ്രായപ്പെ ട്ടിട്ടുള്ളത്. ബുദ്ധജൈന മതങ്ങള്‍ ക്ഷയോന്മുഖ മാകുകയും ഹിന്ദുമതം പ്രചരിച്ചുതുടങ്ങാത്ത കാലവുമായതിനാല്‍ ഈ പരിവര്‍ത്തന ഐതി ഹ്യം അസംഗതമെന്ന് തള്ളിക്കളയാവുന്നതല്ല എന്നാണ് പി. കെ. ഗോപാലകൃഷ്ണന്‍റെ അഭിപ്രായം (കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം).
ചേരമാന്‍ പെരുമാളുടെ മക്കാസന്ദര്‍ശനത്തിനുശേഷം മാലിക് ഇബ്നു ദീനാര്‍ കേര ളത്തിലെത്തുകയും രാജാക്കന്മാരുടെ സഹായത്തോടെ ഇസ്ലാംമതം പ്രചരിപ്പിക്കുകയും ചെയ്തു എന്നും ‘തുഹ്ഫത്തുല്‍ മുജാഹി ദീന്‍’, ‘റിഹ്ലത്തുല്‍ മുലൂക്ക്’ എന്നീ ഗ്രന്ഥങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. ആദ്യം കൊടുങ്ങല്ലൂരും പിന്നീട് കൊല്ലം, ഫാക്കനൂര്‍, മംഗലാപുരം, കാ സര്‍ഗോഡ്, ഏഴിമല, ശ്രീകണ്ഠപുരം, ധര്‍മ്മ ടം, പന്തലായനി, ചാലിയം എന്നിവിടങ്ങളിലും മാലിക് ഇബ്നു ദീനാറും അദ്ദേഹത്തിന്‍റെ മരു മകനായ മാലിക് ഇബ്നുഹബീബും ചേര്‍ന്ന് ആരാധനാലയങ്ങള്‍ പണികഴിപ്പിച്ചു. കേരളീയ മാതൃകയിലാണ് പള്ളികളെല്ലാം പണികഴിപ്പി ച്ചിരുന്നത്. മാലിക് ഇബ്നുദീനാര്‍ കേരളത്തില്‍ പ്രചരണം നടത്തിയതിന്‍റെ കാലത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എട്ടാംനൂറ്റാണ്ടിലാണ് അദ്ദേഹം കേരളത്തില്‍ എത്തിയത് എന്ന വാദമാണ് ഇതില്‍ ശക്തം. എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ ഒരു സാമൂതിരിയും പതിനാലാം നൂറ്റാ ണ്ടില്‍ ഒരു കോലത്തിരിയും ഇസ്ലാംമതം സ്വീകരിച്ചിരുന്നു എന്നും വാദമുണ്ട്.
കടലിനോട് അടുത്തുള്ള വ്യാപാര കേന്ദ്രങ്ങളിലും ഉള്‍നാടുകളിലെ കച്ചവട കേന്ദ്രങ്ങളിലുമാണ് മുസ്ലിങ്ങള്‍ ജീവിച്ചിരുന്നത്. പ്രധാന തൊഴില്‍ കച്ചവടം ആയിരുന്നു. ഈജി പ്ത്, അറേബ്യ, പേര്‍ഷ്യ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ഉല്‍പ്പന്ന ങ്ങളാണ് അവര്‍ വിറ്റഴിച്ചിരുന്നത്. തിരിച്ച് കേ രളത്തിലെ മലഞ്ചരക്കുകളും തോട്ടവിളകളും മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വളപട്ടണം, പൊന്നാനി തുടങ്ങി മലബാറിലെ പ്രധാന തുറമുഖങ്ങള്‍ അന്ന് മുസ്ലിങ്ങളുടെ നിയന്ത്രണ ത്തിലായിരുന്നു. മറ്റു മതസ്ഥര്‍ക്കും ഈ കേന്ദ്ര ങ്ങളില്‍ വ്യാപാരം നടത്താന്‍ അവസരം നല്‍കി, സഹിഷ്ണുതയോടെയാണ് അവര്‍ പെരുമാറി യിരുന്നത്. മരുമക്കത്തായം ഒരു വിഭാഗം മുസ്ലി ങ്ങള്‍ സ്വീകരിച്ചത് അന്നത്തെ കേരളീയരുടെ ആചാരവിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വി ശാലമനസ്കതയെ കാണിക്കുന്നതുമാണ്.
Recap
|
Objective Type Questions
1.പ്രാചീനകേരളത്തിലെ ജൂത കച്ചവട സംഘത്തിന്‍റെ പേര്? 2. ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം അറിയപ്പെട്ടിരുന്നത്? 3. ബുദ്ധന്‍റെ തത്ത്വോപദേശങ്ങള്‍ വിവരിക്കുന്ന തമിഴ്കൃതി? 4. പ്രാചീനകേരളത്തിലെ ശ്രീമൂലവാസം എന്ന സ്ഥലം ഏത് മതവുമായി ബന്ധപ്പെട്ടതാണ്? 5. ശ്രീമൂലവാസം നിലനിന്നതെന്ന് ഭൂരിപക്ഷാഭിപ്രായമുള്ള സ്ഥലം? 6. പൊതിയില്‍മല കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന ബുദ്ധഭിക്ഷു? 7. ജൈന സന്യാസിമാരെ പ്രതിപാദിക്കുന്ന തമിഴ് കൃതി? 8. ശൈഖ് സൈനുദ്ദീന്‍ എഴുതിയ ചരിത്രഗ്രന്ഥം? 9. ഇസ്ലാം മത പ്രചാരണത്തിനായി ആദ്യമായി കേരളത്തിലെത്തിയ അറബി? 10. ശ്രീമൂലവാസത്തെ പറ്റി പരാമര്‍ശമുള്ള വിക്രമാദിത്യ വരഗുണന്‍റെ ശാസനമേത്? |
Answers to Objective Type Questions
1. അഞ്ചുവണ്ണം 2. മണിക്കിരാമം 3. മണിമേഖല 4. ബുദ്ധമതം 5. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ 6. അവലോകിതേശ്വരന്‍ 7. ചിലപ്പതികാരം 8. തുഹ്ഫത്തുല്‍ മുജാഹിദീന്‍ 9. മാലിക്ക് ഇബ്നു ദീനാര്‍ 10. പാലിയം ശാസനം |
Assignments
|
Suggested Readings
1. സ്കറിയാ സക്കറിയ, 500 വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍, താപസം, ചങ്ങനാശ്ശേരി 2. കെ എന്‍ ഗണേഷ്, കേരളത്തിന്‍റെഇന്നലെകള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 3. പി. കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്‍റെസാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 4. എം. ആര്‍. രാഘവവാര്യര്‍, കേരളീയത ചരിത്രമാനങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം 5. എം.ജി ശശിഭൂഷണ്‍, കേരളചരിത്രം അപ്രിയ നിരീക്ഷണങ്ങള്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം |