Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit3:

സംഘകാലത്തെ മതം

Learning Outcomes

  • സംഘകാലത്തെ മതപരമായ വിശ്വാസങ്ങളെപ്പറ്റിയുള്ള അവബോധമുണ്ടാകുന്നു
  • സംഘകാലത്തെ സാമ്പത്തിക രംഗം
  •  സംഘകാല സമൂഹത്തിലെ ശാസ്ത്രവിജ്ഞാനം, അന്ധവിശ്വാസം എന്നിവയെപ്പറ്റി അവബോധം ഉണ്ടാകുന്നു

Prerequisites

വിവിധ മതങ്ങള്‍ സുഘടിതം ആയി പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കേരളത്തില്‍ നിന്ന് ഭിന്നമായിരുന്നു സംഘകാലത്തെ കേരളം. പല മതങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നെങ്കിലും അവ തമ്മില്‍ കാലുഷ്യമോ സംഘര്‍ഷമോ ഉണ്ടായിരുന്നില്ല. ചിട്ടയായ രീതിയിലല്ല, അയഞ്ഞ ഘടനയിലാണ് സംഘകാലത്ത് മതം പ്രവര്‍ത്തിച്ചത്. മനുഷ്യബന്ധങ്ങളെയോ വ്യക്തിജീവിതത്തെയോ പരിമിതപ്പെടുത്താന്‍ മതം അന്ന് ശ്രമിച്ചില്ല. പൂര്‍വികരെ ദൈവമായി ആരാധിക്കുന്നത് അടക്കമുള്ള ഗോത്രരീതികള്‍ക്ക് അന്ന് നല്ല സ്വീകാര്യത ഉണ്ടായിരുന്നു. ബുദ്ധ, ജൈന, യഹൂദ, ക്രിസ്ത്യന്‍, ഹിന്ദു തുടങ്ങിയ മതങ്ങളെല്ലാം ക്രിസ്ത്വബ്ധത്തി ന്‍റെ ആദ്യകാലങ്ങളില്‍ തന്നെ കേരളത്തില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്നു. അങ്ങനെ വിവിധ മതങ്ങളുടെ സംഗമഭൂമിയായിരുന്നു സംഘകാല കേരളം. സവിശേഷ രീതിയിലുള്ള ശാസ് ത്രവിജ്ഞാനം ഉണ്ടായിരുന്നപ്പോള്‍ തന്നെ പല അന്ധവിശ്വാസങ്ങളും ജനതയെ നയിച്ചു.

Keywords

സാമ്പത്തികരംഗം-മതപരമായ വിശ്വാസങ്ങള്‍-ശാസ്ത്രവിജ്ഞാനവും അന്ധവിശ്വാസവും

Discussion

2.3.1 സംഘകാലത്തെ മതം
സംഘകാലത്തെ ജനങ്ങളില്‍ ഭൂരിപക്ഷ ത്തിനും എ.ഡി.500 വരെ പ്രത്യേക മതവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. എല്ലാമതങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാ തന്ത്ര്യമുണ്ടായിരുന്നു. മതവിശ്വാസം വ്യക്തി കാര്യമായതിനാല്‍ ഒരു കുടുംബത്തില്‍ തന്നെ വ്യത്യസ്ത മത വിശ്വാസികള്‍ ഉണ്ടായിരുന്നു. ബ്രാഹ്മണ, ജൈന, ബുദ്ധ മതദര്‍ശനങ്ങള്‍ ജന ങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ജനങ്ങളു ടെ ഭൗതിക ആത്മീയ ജീവിതങ്ങളില്‍ സജീവസാന്നിധ്യമാകാന്‍ മതത്തിന് കഴിഞ്ഞിരുന്നില്ല. ബ്രാഹ്മണമതത്തിന്‍റെ പ്രധാന ഘടകങ്ങളായ ചാതുര്‍വര്‍ണ്യവും യാഗവും കാര്യമായി സ്വീകരിക്കപ്പെട്ടിരുന്നില്ല. യാഗം ചില രാജാക്കന്മാര്‍ മാത്രം നടത്തിയതായി സൂചനകളുണ്ട്.
ജൈനമതം ശക്തമായിരുന്ന കൊങ്ങു നാട്ടില്‍ നിന്നാണ് ഇവിടേക്ക് ജൈനമതം എത്തിയത്. യുദ്ധത്തില്‍ മുറിവേറ്റ രാജാവ് വടക്കിരുന്ന് ജീവത്യാഗം ചെയ്യുന്ന “വടക്കിരിക്കല്‍” ജൈനരുടെ ഒരാചാരമായിരുന്നു. തൊല്‍ക്കാപ്പിയം അടക്കമുള്ള കൃതികളിലൂടെ ജൈനമതം തമിഴ് സാഹിത്യത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ബ്രാഹ്മണ ജൈനമതങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനമുണ്ടായിരുന്നത് ബുദ്ധമതത്തിനായിരുന്നു. ഉതിയന്‍ ചേരലും നെടുംചേരലാതനും ചെങ്കുട്ടുവനുമടക്കം പ്രബലരായ രാജാക്കന്മാര്‍ ബുദ്ധമതത്തോട് പുലര്‍ത്തിയ ആഭിമുഖ്യം സാ ധാരണ ആളുകള്‍ക്കിടയിലും അതിനു സ്വീകാര്യത ഉണ്ടാക്കി. കേരളവുമായി അടുത്ത ബന്ധമു ണ്ടായിരുന്ന അലക്സാണ്ട്രിയ പോലുള്ള വിദേശ നാടുകളിലേക്കുവരെ ബുദ്ധമതത്തിന്‍റെ ദര്‍ശന ങ്ങള്‍ എത്തിയിരുന്നു. തെക്കുനിന്നാണ് ബുദ്ധ മതം കേരളത്തില്‍ എത്തിയത്. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആര്യദേവനെ പോ ലുള്ള പ്രശസ്തരായ ചിന്തകര്‍ ബുദ്ധമതം പിന്‍പറ്റി. സംഘകാലത്ത് തന്നെ ക്രിസ്തുമതവും യഹൂദമതവും കേരളത്തിലെത്തിയിരുന്നു. ചുരക്കത്തില്‍ വിവിധ മതങ്ങളുടെ ധാര്‍മിക ബോധങ്ങളെ ഒരുമിച്ചുചേര്‍ത്ത സവിശേഷമായ ഒരു സാംസ്കാരികധാര സംഘകാല കേരളം വളര്‍ത്തിയെടുത്തിരുന്നു.
വിവിധങ്ങളായ അനുഷ്ഠാനങ്ങളും ആരാധനാരീതികളും നിലനിന്നിരുന്നു. വീരന്മാരായ പൂര്‍വികരെ ദൈവമായി ആരാധിച്ചുപോന്നു. ഐന്തിണകളില്‍ വസിച്ചിരുന്നവര്‍ക്കെല്ലാം കുലദൈവങ്ങള്‍ ഉണ്ടായിരുന്നു. ഉഴവര്‍ക്ക് വേന്തന്‍ (ഇന്ദ്രന്‍), ആയര്‍ക്ക് മായോന്‍ (വിഷ്ണു), പരതവര്‍ക്ക് കടന്‍റദൈവം(വരുണന്‍), കുറവര്‍ക്ക് ചേയോന്‍ (മുരുകന്‍), മറവര്‍ക്ക് കൊറ്റവൈ എന്നിങ്ങനെ പ്രധാന കുലങ്ങള്‍ക്കെല്ലാം കുല ദൈവങ്ങളും ആരാധനാസമ്പ്രദായവും ഉണ്ടാ
യിരുന്നു. മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്നതിനാല്‍ പരേതന് അന്നം നിവേദിക്കുന്ന സമ്പ്രദായം വ്യാപകമായിരുന്നു. ചിലയിടങ്ങളില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീ ഭര്‍ത്താവിന്‍റെ ചിത യില്‍ത്തന്നെ ചാടി മരിച്ചിരുന്നു.
2.3.2 സാമ്പത്തികരംഗം
ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യ നൂറ്റാണ്ടു കളില്‍ കേരളം സാമ്പത്തികമായി വലിയ പുരോഗതി നേടിയിരുന്നതായി സംഘകാലകൃതികള്‍ സൂചിപ്പിക്കുന്നു. കൃഷിയായിരുന്നു പ്രധാനതൊഴില്‍. ചക്ക, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ വ്യാപകമായി കൃഷിചെയ്തിരുന്നു. കൊയ്ത്ത്, മെതി തുടങ്ങിയവയെപ്പറ്റി സംഘകാല കവിത കളില്‍ പരാമര്‍ശമുണ്ട്. ഭൂമിയുടെ മേല്‍ സ്വകാ ര്യ അവകാശം നിലവിലിരുന്നു. ഭൂമി സ്വകാര്യ സ്വത്തായിരുന്നെങ്കിലും മേച്ചില്‍ സ്ഥലങ്ങള്‍, തൊഴുത്തുകള്‍, വിനോദസ്ഥലങ്ങള്‍ തുടങ്ങിയവ ഓരോ ഗ്രാമത്തിലും പൊതു ഉടമസ്ഥതയി ലുണ്ടായിരുന്നു. ഇരുമ്പുകൊണ്ടുള്ള കാര്‍ഷികായുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. ദീനാരം, കാണം തുടങ്ങിയ നാണയങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും സാധനങ്ങളുടെ കൈമാറ്റത്തി ലൂടെയായിരുന്നു ആഭ്യന്തരവ്യാപാരം അധിക വും നടന്നത്. മുസ്സിരിസില്‍ നെല്ലു കൊടുത്ത് മീന്‍ വാങ്ങിയിരുന്നതായി സംഘകാല കൃതികളില്‍ പറയുന്നുണ്ട്.
സംഘകാലത്ത് കേരളത്തിന് വിദേശരാജ്യങ്ങളുമായി വലിയ വ്യാപാരമുണ്ടായിരുന്നു. പ്രധാനമായും കേരളത്തിലെ ഉല്‍പ്പന്നങ്ങളാണ് വിദേശരാജ്യങ്ങളുമായുള്ള സമുദ്രവ്യാപാ രത്തില്‍ നിറഞ്ഞത്. കുരുമുളക്, സുഗന്ധതൈ ലം, വെറ്റില, രത്നങ്ങള്‍, വജ്രങ്ങള്‍, മുത്ത്, ആനക്കൊമ്പ്, പട്ട് എന്നിവ കയറ്റിയയച്ചിരുന്നു. ഇറക്കുമതിചെയ്യുന്ന സ്വര്‍ണ്ണം വിദേശ കപ്പലുക ളില്‍നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരണ ങ്ങള്‍ സംഘകാലകൃതികളിലുണ്ട്. കപ്പലുകള്‍ ക്ക് വരാന്‍കഴിയുന്ന തുറമുഖ സൗകര്യങ്ങള്‍ വ്യാപാരത്തിനു സഹായകരമായിരുന്നു. മുചി രി(മുസിരിസ്) ദക്ഷിണേന്ത്യയിലെന്നെ ഏറ്റവും പ്രധാന തുറമുഖമായിരുന്നു. നൗറ, തുണ്ടിസ്, നെല്‍ക്കിന്ദ, ബക്കരെ തുറമുഖങ്ങളിലൂടെയും വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.
2.3.3 ശാസ്ത്രവിജ്ഞാനവും അന്ധവി ശ്വാസവും
പ്രാചീന കേരളീയര്‍ നവഗ്രഹങ്ങളെപ്പ റ്റിയും പഞ്ചഭൂതങ്ങളെക്കുറിച്ചും പ്രാഥമിക വി ജ്ഞാനം നേടിയിരുന്നു. സംഘംകൃതികളില്‍ ഇവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. പഞ്ചഭൂതങ്ങളെന്ന് അറിയപ്പെട്ട ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയുടെ തത്വങ്ങള്‍സസൂക്ഷ്മം ഗ്രഹിക്കാന്‍ കഴിഞ്ഞവര്‍ അക്കാല ത്തുണ്ടായിരുന്നു. ശുക്രന്‍റെ നിലയ്ക്കനുസരിച്ചാണ് മഴയുണ്ടാകുന്നതെന്നായിരുന്നു അന്നത്തെ വാനശാസ്ത്ര പണ്ഡിതന്‍മാരുടെ വിശ്വാസം. വെള്ളിനക്ഷത്രം തെക്കുദിച്ചാല്‍ മഴയുണ്ടാകില്ലെന്നും അവര്‍ വിശ്വസിച്ചു. അങ്ങനെ വെള്ളി തെക്കുദിച്ച സന്ദര്‍ഭങ്ങളില്‍ വരണ്ട കാലാവസ്ഥ യെപ്പറ്റി ആശങ്കപ്പെടുന്ന കവിതകള്‍ അനേകമാണ്. ചൊവ്വ ചെല്ലുന്ന സ്ഥാനങ്ങളില്‍ ശുക്രന്‍ ചെല്ലാറില്ലെന്ന് പറഞ്ഞിരിക്കുന്നു. ശുക്രന്‍ ശു ഭഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും ചേര്‍ന്നു നില്‍ക്കുകയും ധൂമകേതു ഒഴിഞ്ഞ് ആകാശം തെളിയുകയും ചെയ്യുന്നത് രാജ്യത്തിന് അഭി വൃദ്ധികരമാണെന്ന് സംഘകാലത്തിലെ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. നക്ഷത്രങ്ങളുടെ നിലനോക്കി ഭാവി പ്രവചിക്കാനുള്ള കഴിവ് അന്നത്തെ വാനശാസ്ത്ര വിജ്ഞാനികള്‍ക്കു ണ്ടായിരുന്നു. മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ ‘ഏഴാം നാളില്‍’ മരിക്കുമെന്ന് നക്ഷത്രങ്ങളുടെ നിലനോക്കി ഒരു പണ്ഡിതന്‍ പ്രവചിക്കുകയു ണ്ടായി. ആ രാജാവ് അതുപ്രകാരം തന്നെ മര ണമടയുകയും ചെയ്തു. നക്ഷത്രങ്ങളുടെ നില യെക്കുറിച്ചെല്ലാം ഈ ഗാനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കയാല്‍ ജ്യോതിശാസ്ത്രവും ജ്യോതിഷവും അക്കാലത്ത് വളര്‍ച്ച പ്രാപിച്ചിരുന്നതായി മനസിലാക്കാം.
കാവേരി നദിയില്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ച കരികാലന്‍റെ കാലത്ത് എന്‍ജിനീറിംഗ് കുറെയെല്ലാം വളര്‍ന്നിരുന്നു. കുടികള്‍ നിര്‍മ്മിക്കുന്നതിന് ശില്‍പി തന്ത്രമാവശ്യമായിരുന്നു. മരപ്പണിക്കാരായ തച്ചന്‍മാര്‍, ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കൊല്ലന്‍മാര്‍, മണ്‍പാത്രമുണ്ടാക്കുന്ന കുശവന്‍മാര്‍ എന്നിവരെക്കുറിച്ചെല്ലാം സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. കാള്‍ഡ്വല്ലിന്‍റെ അഭിപ്രായത്തില്‍, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളൊഴികെ പ്രാചീനര്‍ക്ക് സുപരിചിതമായ എല്ലാഗ്രഹങ്ങളും, ദ്രാവിഡര്‍ക്ക് അറിയാമാ യിരുന്നു. നൂറുവരെ എണ്ണാന്‍ അവര്‍ മനസ്സിലാ ക്കിയിരുന്നു. ചിലര്‍ക്ക് ആയിരംവരെ എണ്ണാനും അറിയാമായിരുന്നു. എന്നാല്‍, ലക്ഷം, കോടി എന്നിങ്ങനെയുള്ള ഉയര്‍ന്ന സംഖ്യകള്‍ അവര്‍ ക്ക് അറിയില്ലായിരുന്നു. കൃഷി അവര്‍ക്ക് നല്ലവണ്ണമറിയാമായിരുന്നു.ജലസേചനത്തിനായി ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിച്ചത് സംഘകാലത്തായിരുന്നു. പരുത്തിത്തുണി നിര്‍മ്മാണം, ചായംമുക്കല്‍ എന്നിവ ഉള്‍പ്പെടെ നിത്യജീവിതത്തിനാവശ്യമായ കരകൗശലങ്ങള്‍ അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ ഉയര്‍ന്നത രം കരകൗശലങ്ങളായ ചായച്ചിത്രങ്ങള്‍, പ്രതിമാശില്‍പ്പം, ഉയര്‍ന്ന ശില്പവിദ്യ എന്നിവ അവര്‍ക്ക് അറിയുമായിരുന്നില്ല. പണത്തിന്‍റെ ഉപയോഗവും അവര്‍ കണ്ടുപിടിച്ചിരുന്നു. ശനിയെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നുവെന്ന് പുറനാനൂറിലെ പരാമര്‍ശങ്ങള്‍ കാണിക്കുന്നു. പ്രതിമാശില്‍ പത്തില്‍ അവര്‍ പുരോഗമിച്ചിരുന്നില്ലെങ്കിലും പ്രാഥമികതത്വങ്ങള്‍ ഗ്രഹിച്ചിരുന്നു എന്നതിന് സംഘംകൃതികളില്‍ പല സൂചനകളും കാണാം. യാത്രാസമയത്തുകാണുന്ന ശകുനങ്ങള്‍, യാത്ര യ്ക്കും മറ്റ് പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും പറ്റിയ മുഹൂര്‍ത്തങ്ങള്‍ എന്നിവയെക്കുറിച്ചും പ്രാചീന തമിഴ് ജനതയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ശകുനം, മുഹൂര്‍ത്തം എന്നിവയെക്കുറിച്ചുള്ള വിശ്വാ സങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് ബ്രാഹ്മണരാണ്.

Recap

  • എ. ഡി. 500 വരെ പ്രത്യേക മതവിശ്വാസം ഇല്ല
  • വടക്കിരിക്കല്‍ പോലുള്ള ജൈന ആചാരങ്ങള്‍
  • പ്രബലരായ രാജാക്കന്മാരുടെ ബുദ്ധമതാഭിമുഖ്യം
  • വീരന്മാരായ പൂര്‍വികരെ ദൈവമായി ആരാധിക്കല്‍
  • ഐന്തിണകളില്‍ ഓരോന്നിനും കുലദൈവങ്ങള്‍
  • സാമ്പത്തികമായി നല്ല പുരോഗതി
  • തുറമുഖങ്ങളിലൂടെ സജീവമായ വിദേശ വാണിജ്യം
  • നവഗ്രഹങ്ങളെപ്പറ്റിയും പഞ്ചഭൂതങ്ങളെ കുറിച്ചും പ്രാഥമിക വിജ്ഞാനം
  • അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമായ ആധുനിക വിദ്യ

Objective Type Questions

1.യുദ്ധത്തില്‍ മുറിവേറ്റ രാജാവ് വടക്ക് ഇരുന്ന് ജീവത്യാഗം ചെയ്യുന്നതിനെ വിളിക്കുന്ന പേര്?
2. നെയ്തല്‍ തിണയില്‍ ജീവിച്ചിരുന്ന പരതവരുടെ ദൈവം?
3. സംഘകാലത്തെ യുദ്ധദേവത?
4. മുസ്രിസ് തുറമുഖത്തിന്‍റെ മറ്റൊരുപേര്?
5. കാവേരി നദിയില്‍ അണക്കെട്ട് നിര്‍മിച്ച രാജാവ്?
6. ബുധന്‍, ശനി ഗ്രഹങ്ങള്‍ ഒഴികെ എല്ലാ ഗ്രഹങ്ങളും ദ്രാവിഡര്‍ക്ക് അറിയാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടതാര്?
7. ശനിയെക്കുറിച്ച് പരാമര്‍ശമുള്ള സംഘകാലകൃതി?

Answers to Objective Type Questions

1. വടക്കിരിക്കല്‍
2. കടന്‍റ ദൈവം (വരുണന്‍)
3. കൊറ്റവൈ
4. മുചിരി
5. കരികാലന്‍
6. കാല്‍ഡ്വല്‍
7. പുറനാനൂറ്

Assignments

  • സംഘകാലത്തെ മതങ്ങള്‍
  •  സംഘകാലത്തെ സാമ്പത്തികാഭിവൃദ്ധി

Suggested Readings

  1. പി. കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  2. എസ്. കെ. വസന്തന്‍, കേരള സംസ്കാര ചരിത്ര നിഘണ്ടു, കേരള ഭാഷാ
  3. ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 3. എ. ശ്രീധരമേനോന്‍, കേരള സംസ്കാരം, ഡി. സി. ബുക്സ്, തിരുവനന്തപുരം