Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit4:

കേരളത്തിലെ കലാരൂപങ്ങള്‍

Learning Outcomes

  • കേരളത്തിലെ പ്രധാന കലകളെ പരിചയപ്പെടുന്നു
  • ക്ലാസിക്കല്‍, നാടോടി, അനുഷ്ഠാന കലാരൂപങ്ങളെ അടുത്തറിയുന്നു
  • വിവിധ കലകള്‍ രൂപപ്പെടാനിടയായ ചരിത്രസന്ദര്‍ഭങ്ങള്‍ മനസ്സിലാക്കുന്നു
  • കലകളുടെ സാംസ്കാരിക പ്രാധാന്യം തിരിച്ചറിയുന്നു

Prerequisites

കേരളത്തിലെ മനുഷ്യരുടെ ജീവിതമാവിഷ്കരിക്കുന്ന നിരവധി കലാരൂപങ്ങള്‍ നമുക്ക് സ്വന്തമായുണ്ട്. പ്രാചീനകാലത്ത് അക്ഷരമാലയും എഴുത്തും വരുന്നതിനു മുമ്പ് നമ്മുടെ പൂര്‍വികര്‍ ആശയസംവേദനത്തിന് ഉപയോഗിച്ചിരുന്നത് കലകളെയാണ്. ഇടുക്കി മറയൂരിലെ ഗുഹാചിത്രങ്ങളിലും വയനാട് എടക്കല്‍ ഗുഹയിലെ ചിത്രങ്ങളിലും മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങള്‍ കാണാം. ശിലായുഗ മനുഷ്യന്‍റെ ആശയ സംവേദനത്തിനുള്ള മാര്‍ഗങ്ങളായിരുന്നു അവ. സംഘംകൃതികളില്‍ അക്കാലത്ത് പ്രചാര മുണ്ടായിരുന്ന നിരവധി കലകളെക്കുറിച്ചുള്ള സൂചനകളുണ്ട്. പാട്ട്, കൂത്ത് എന്നറിയപ്പെട്ട നൃത്തം എന്നിവ ആളുകള്‍ കൂട്ടമായി അവതരിപ്പിച്ചതിനെ സംബന്ധിച്ച് കൃതികള്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രകൃതിശക്തികളോടും മണ്‍മറഞ്ഞ പൂര്‍വികരോടുമുള്ള ആരാധന നിരവധി കലാരൂപങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. പലതിനും വളരെ പ്രാചീനത അവകാശപ്പെടാവുന്നതുമാണ്. ഇവയില്‍ പലതും എന്നുണ്ടായി എന്ന് കൃത്യമായി പറയാനാകില്ല. പ്രചാരത്തിലുള്ള പലതരം പ്രാദേശികനാടക രൂപങ്ങളുടെയും സ്ഥിതി അതുതന്നെയാണ്. പ്രാചീന മധ്യ കാല കേരളത്തില്‍ കളി എന്ന് പൊതുവെ വിളിച്ചിരുന്ന ഈ കലാരൂപങ്ങളുടെ ഉത്ഭവം അജ്ഞാതമാണ്. കലാരൂപങ്ങളില്‍ പലതിനും അധ്വാനവുമായി നേരിട്ട് ബന്ധമുണ്ടായി രുന്നു. വഞ്ചിപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, ചക്രപ്പാട്ടുകള്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇത്തരത്തിലുള്ളവയാണ്. കേരളത്തില്‍ നിലവിലിരുന്ന ജനകീയ കലാരൂപങ്ങള്‍ക്ക് പൊ തുവെ സാമൂഹ്യസ്വഭാവം പ്രകടമാണ്. വ്യക്തിപരമായ അനുഷ്ഠാനങ്ങളോ സ്വന്തമായ സ്രഷ്ടാവോ അവയ്ക്കില്ല. എല്ലാകലാരൂപങ്ങളും ഉത്സവമായി ബന്ധപ്പെട്ടതാണ്. ആട്ടത്തിലും പാട്ടിലും നേരിട്ട് പങ്കെടുക്കുന്നവരും കാഴ്ചക്കാരായി പ്രതികരിക്കുന്നവരും ഒക്കെയായി വലിയൊരു കൂട്ടം കലാരൂപങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും.
ക്ഷേത്രങ്ങളെയും ആരാധനാരീതികളെയും കേന്ദ്രമാക്കിയാണ് പല ദൃശ്യകലകളും വളര്‍ന്നുവന്നത്. ക്ഷേത്രത്തില്‍മാത്രം അവതരിപ്പിച്ചിരുന്നതും സമൂഹത്തില്‍ നില നിന്നിരുന്നതുമായ കലകളെ ക്ഷേത്രത്തിനുള്ളിലെ ചുമരുകളില്‍ ചിത്രീകരിക്കുന്ന രീതിയും ഉണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കൂടൈക്കൂത്തും കൂടക്കൂത്തും ഇവിടെ നിലനിന്നിരുന്നതായി തൃക്കൊടിത്താനം ക്ഷേത്രത്തിലെ നൃത്തമാതൃകാശില്പങ്ങള്‍ സൂചിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കൊത്തിയതായി കരുതപ്പെടുന്ന നര്‍ത്തകിയുടെ യും ഗായകരുടെയും ബിംബങ്ങള്‍ തിരുവനന്തപുരം ത്രിവിക്രമംഗലം ക്ഷേത്രത്തിലുണ്ട്. അക്കാലമാകുമ്പോഴേക്കും കേരളത്തിലെ ക്ഷേത്രങ്ങളില്‍ സ്ഥാനം നേടിയിരുന്ന ഭരത നാട്യമാണ് ആ ബിംബങ്ങളിലെ വിഷയം. ക്ഷേത്രസംസ്കാരത്തില്‍ നിന്നു തന്നെയാണ് മോഹിനിയാട്ടവും രൂപമെടുത്തത്. ക്ഷേത്രങ്ങളുടെ സമീപം സജീവമായിരുന്ന ദേവദാ സികളുടെ നൃത്തത്തില്‍ നിന്നാണ് ദക്ഷിണേന്ത്യയിലെ ഭരതനാട്യം ഉടലെടുത്തതെന്ന് കരുതപ്പെടുന്നു. ശ്യംഗാരപ്രധാനമായ മോഹിനിയാട്ടവും രൂപമെടുത്തത് ഇങ്ങനെ തന്നെ യാകണം. പാണ്ഡ്യദേശങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് മോഹിനിയാ ട്ടമെന്ന വാദവുമുണ്ട്. ഭഗവതിപ്പാട്ട്, തിയ്യാട്ട്, പാന, കണിയാര്‍കളി, കാവടിയാട്ടം തുടങ്ങിയ കലകളും ക്ഷേത്ര കേന്ദ്രീകൃതമായി ഉണ്ടായി വന്നവയാണ്. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസിക് കലകളുടെ ആരംഭവും അത്തരത്തില്‍ തന്നെ.
ബ്രാഹ്മണമതം ഉണ്ടാക്കിയ ക്ഷേത്രകേന്ദ്രിതമായ കലാരൂപങ്ങള്‍ക്ക് സമാന്തരമായി ഗ്രാമീണ അനുഷ്ഠാനങ്ങളില്‍നിന്നും കലകള്‍ ഉണ്ടായിവന്നു. സാധാരണജനങ്ങ ളുടെ ലളിതമായ ജീവിതവും സമ്പന്നമായ ജീവിതാനുഭവവുമാണ് ഇത്തരം കലകളില്‍ നിറഞ്ഞത്. കൃത്രിമമില്ലാത്ത ജീവിതവീക്ഷണവും മധുരമുള്ള ജീവിതം നൈര്‍മല്യവും ഈ കലകളില്‍ പ്രതിഫലിച്ചു. ക്ഷേത്രസംസ്കാരത്തെ വെല്ലുവിളിച്ച് ഉയര്‍ന്നുവന്ന തു ള്ളല്‍ വളരെ ജനകീയമായ ഒരു കലാരൂപമായി മാറി. കൈകൊട്ടിക്കളി, തിരുവാതിരപ്പാട്ട്, കുമ്മി, കുമ്മാട്ടി, തുമ്പിതുള്ളല്‍ മുതലായ കലകളും ക്ഷേത്രങ്ങളെവിട്ട് ജനങ്ങളുടെ ഇടയിലാണ് വളര്‍ന്നത്. കോല്‍ക്കളി, ഒപ്പന, ചവിട്ടുനാടകം തുടങ്ങി മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കലാരൂപങ്ങളും വലിയ ശ്രദ്ധ നേടിയവയാണ്. ആയോധന പാരമ്പര്യത്തില്‍നിന്ന് ഉടലെടുത്ത ധാരാളം സമൂഹനൃത്തങ്ങളും കേരള ത്തിന് സ്വന്തമായുണ്ട്. വടക്കേ മലബാറിലെ പൂരക്കളി, മധ്യതിരുവിതാംകൂറിലെ വേലക ളി, പടയണി, ഓച്ചിറക്കളി തുടങ്ങിയവ അക്കൂട്ടത്തില്‍ പെട്ടതാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള പരിചമുട്ടുകളി, നമ്പൂതിരിമാരുടെ സംഘക്കളി അഥവാ ശാസ്ത്രക്കളി മുതലായവയും ഇതിലുള്‍പ്പെടും. നല്ല മെയ്വഴക്കവും ആയുധപരിശീലനവും ആവശ്യമായ ഈ കളികള്‍ കളരിയും കളരിപ്പയറ്റും വ്യാപകമായിരുന്ന ഒരു കാലത്തിന്‍റെ ശേഷിപ്പുകള്‍ കൂടിയാണ്. ക്ലാസിക് കലാരൂപങ്ങളും നാടോടി കലാരൂപങ്ങളും അനുഷ്ഠാന കലാരൂപങ്ങളും സവിശേഷ രീതിയിലാണ് കേരളത്തില്‍ രൂപമെടുത്തതും വളര്‍ന്നതും.

Keywords

ക്ലാസിക് കലകള്‍-നാടോടികലകള്‍-അനുഷ്ഠാനകലകള്‍-ചരിത്രസന്ദര്‍ഭം-ക്ഷേത്രകേന്ദ്രീകൃതം-ജ നകീയം

Discussion

4.4.1 ക്ലാസിക്കല്‍ കലകള്‍
ക്ഷേത്രങ്ങളിലെ നടനവേദിയില്‍ കൂടിയാണ് ക്ലാസിക്കല്‍ കലകള്‍ വളര്‍ന്നത്.ക്ലാസിക്കല്‍ കലകളിലെ ചിട്ടകളും മുറയും ക്രമവും തെറ്റാ തെയുള്ള അവതരണവും നിരന്തര പരിശീലനത്തിലൂടെമാത്രം ആര്‍ജിക്കുന്ന നേട്ടങ്ങളാണ്. എ.ഡി എട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള നൂറ്റാണ്ടുകളിലാണ് ക്ലാസിക് കലകള്‍ വളര്‍ന്നത്. രണ്ടാം ചേരസാമ്രാജ്യം മുതല്‍ കലകള്‍ ഉണ്ടാ യി വന്നിരുന്നെങ്കിലും സ്ത്രീകള്‍ക്ക് കാര്യമായ പങ്കാളിത്തം അന്ന് ഇവയൊന്നും നല്‍കി യിരുന്നില്ല. പുതിയ കാലത്ത് കലാമണ്ഡലം സ്ഥാപിച്ചതോടുകൂടിയാണ് അപ്രഖ്യാപിതമായ നിരോധത്തിന് കുറച്ചെങ്കിലും കുറവുവന്നത്. കൂ ത്ത്, കൂടിയാട്ടം, കഥകളി എന്നിവ പ്രധാനപ്പെട്ട ക്ലാസിക് കലകളാണ്.
4.4.1.1 കൂത്ത്
ചിലപ്പതികാരകാലത്തുതന്നെ കൂത്ത് നില വിലിരുന്നതായി കൃതിയിലെ സൂചനകളില്‍നി ന്ന് വ്യക്തമാണ്. ഹാസ്യാഭിനയത്തിന് പ്രാധാന്യമുള്ള കലാരൂപമാണ് കൂത്ത്. പുതിയകാലത്ത് മോണോആക്ടിനോട് അടുത്തുനില്‍ക്കുന്ന ഘടന. പുരാണകഥകളും കഥാപാത്രങ്ങളുമാണ് ഏകാംഗാഭിനയമായി ചാക്യാര്‍കൂത്തില്‍ ആവി ഷ്ക്കരിക്കപ്പെടുന്നത്. പുരാണ സന്ദര്‍ഭങ്ങള്‍ ക്കിടയില്‍ ധാര്‍മിക പ്രബോധനം ലക്ഷ്യമാക്കി സമകാലിക സംഭവങ്ങളെയും കൂത്തില്‍ ഉള്‍പ്പെ ടുത്താറുണ്ട്. സദസ്സില്‍ ഇരിക്കുന്ന പ്രധാന വ്യക്തികളെ പോലും ചാക്യാര്‍ പരിഹാസ രീതിയില്‍ അവതരിപ്പിച്ചേക്കാം. അതിനുള്ള സ്വാതന്ത്ര്യം ചാക്യാര്‍ക്കുണ്ട്. കിടങ്ങൂര്‍ പരമേശ്വരചാക്യാര്‍, പൊതിയില്‍ രാമച്ചാക്യാര്‍, ഇരിങ്ങാലക്കുട ചാച്ചുചാക്യാര്‍, മാണി മാധവച്ചാക്യാര്‍, പൈങ്കുളം രാമച്ചാക്യാര്‍ തുടങ്ങിയ പ്രശസ്തര്‍ ഈ കലാരൂപത്തെ വളര്‍ത്തിയവരാണ്.
പ്രബന്ധക്കൂത്ത്, പറക്കുംകൂത്ത്,നങ്ങ്യാര്‍ കൂത്ത് തുടങ്ങി പല വിഭാഗങ്ങള്‍ കൂത്തിലുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന കൂത്തിന്‍റെആദിമരൂപ മാണ് നങ്ങ്യാര്‍കൂത്ത്. സ്ത്രീയായ നങ്ങ്യാരാണ് കൂത്തു നടത്തുക. പ്രബന്ധം കൂത്താണ് പിന്നീട് പ്രസിദ്ധമായ ചാക്യാര്‍ കൂത്തായി മാറിയത്. ആദ്യ കാലങ്ങളില്‍ കൂത്തിനെ ആവിഷ്കരണത്തില്‍ ലിംഗഭേദങ്ങള്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും അത്തരമൊരു വിഭജനത്തെ കൂട്ടിക്കൊണ്ടുവന്നു. മദ്ധ്യകാല കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കൂത്തമ്പലങ്ങള്‍ ഉണ്ടായിരുന്നു. ജനജീവിതത്തില്‍നിന്നും മാറ്റിയാണ് കൂത്തിന്‍റെ വിഷയങ്ങള്‍ പലപ്പോഴും തീരുമാനിച്ചിരുന്നത്. സംസ്കൃത പ്രഹസനങ്ങള്‍, നാടകങ്ങള്‍ എന്നിവയാണ് കൂത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. സമകാലീന സം ഭവങ്ങളായി കൂട്ടിച്ചേര്‍ത്തിരുന്നവയില്‍ പലതും ബ്രാഹ്മണരുടെ പ്രാധാന്യം കൂട്ടുന്ന തരത്തിലു ള്ളതുമായിരുന്നു. വലിയ സമയദൈര്‍ഘ്യമുള്ള കലാവതരണമാണ് കൂത്തിനുണ്ടായിരുന്നത്. നാടകത്തിന്‍റെ ഒരു ചെറിയ ഭാഗം എടുത്താലും അത് വളരെ വിസ്തരിച്ചു മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന രീതിയിലാണ് കൂത്ത് ചിട്ടപ്പെടുത്തിയിരുന്നത്.
4.4.1.2 കൂടിയാട്ടം
പരമ്പരാഗതമായ നാടകാഭിനയ രൂപമാണ് കൂടിയാട്ടം. ഒന്നിലധികം വേഷങ്ങള്‍ രംഗത്തുവന്ന് ആടുന്നു. കൂത്തിലെ കൂട്ടായ്മയു ടെ അംശമാണ് കൂടിയാട്ടത്തിലുള്ളത്. എ.ഡി പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഉണ്ണുനീ ലി സന്ദേശത്തില്‍ കൂടിയാട്ടം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചാക്യാര്‍ പുരുഷ വേഷവും നങ്ങ്യാര്‍ സ്ത്രീവേഷവും കെട്ടുന്നു. മിഴാവാണ് പ്രധാന വാദ്യം. നമ്പ്യാരാണ് മിഴാവ് കൊട്ടുക. ഇടയ്ക്ക, കൊമ്പ് തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്. കൂത്തമ്പലത്തില്‍വെച്ച് മാത്രമാണ് കൂടിയാട്ടം അവതരിപ്പിച്ചിരുന്നത്. നിലവിളക്കും തിരശ്ശീല യും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ കൂടിയാട്ടത്തിന്‍റെ ഭാഗമാണ്. വിദൂഷകന്‍ ഒഴിച്ചുള്ള നടന്‍മാര്‍ സംസ്കൃതശ്ലോകം ചൊല്ലി അഭിനയം നിര്‍വഹിക്കുന്നു. വിദൂഷകനുമാത്രം ഭാഷാശ്ലോ കങ്ങള്‍ ചൊല്ലാം. തോലന്‍ രചിച്ചതെന്ന് കരുതുന്ന ആട്ടപ്രകാരവും ക്രമദീപികയും കൂടിയാട്ട അഭിനയത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കുന്നതാണ്. കൂടിയാട്ടത്തിനുള്ള ആട്ടപ്രകാ രങ്ങള്‍ ജനകീയ കലാരൂപങ്ങളുടെ നേര്‍ക്കുള്ള നിയന്ത്രണത്തിന് ആദ്യ സൂചനയായും എടു ക്കാവുന്നതാണ്. മുഖാഭിനയം കൊണ്ട് രസഭാവ ങ്ങളും ആംഗ്യചലനങ്ങള്‍ കൊണ്ട് ആശയ കൈ മാറ്റവും നടക്കുന്നു. കൂത്തിനെപ്പോലെ തന്നെ കൂടിയാട്ടത്തിലും സദസ്സിലെ ആരെയും വിമര്‍ ശിക്കാന്‍ ചാക്യാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആംഗികം, വാചികം, ആഹാര്യം, സാത്വികം തുടങ്ങിയ നാലുവിധ അഭിനയവും കൂത്തിലും കൂടിയാട്ടത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നു ള്ളതും രണ്ടിനുമുള്ള സമാനത തന്നെ. കൂടിയാട്ടത്തിലെ വേഷങ്ങള്‍ കഥകളിവേഷങ്ങളുടെ മുന്‍കാലരൂപങ്ങളെന്ന് തോന്നിക്കുന്നവയാണ്. ക്ഷേത്രവളപ്പിനും കലാമണ്ഡലത്തിനും പുറത്ത് ജനകീയമായ ഒരിടം കണ്ടെത്താന്‍ പുതിയ കാലത്ത് ഈ കലകള്‍ക്കായിട്ടില്ല.
4.4.1.3 കഥകളി
കേരളത്തിന് പുറത്തേക്കുള്ള വാതിലുകളില്‍ നമ്മുടെ കൊടിയടയാളമായി നില്‍ക്കുന്ന കലാരൂപമാണ് കഥകളി. വേഷം, രസാഭിനയം, നൃത്തം, ഗീതം, മേളം തുടങ്ങിയവയിലെല്ലാം ശ്രദ്ധിക്കുന്ന വിദഗ്ധ കലയാണിത്. ചാക്യാര്‍ കലകള്‍ കൂടുതല്‍ ഗഹനമായതിനാല്‍ സാധാ രണ ജനങ്ങള്‍ക്ക് അവ പ്രാപ്യമല്ല എന്നു മനസ്സിലാക്കിയ കോഴിക്കോട്ടെ മാനവേദ രാജാവ് കൃഷ്ണനാട്ടം എന്ന നൃത്തനാടക രൂപം അവ തരിപ്പിച്ചു. ഗീതാഗോവിന്ദകാവ്യത്തെ മാതൃക യാക്കി എട്ടു ഭാഗങ്ങളിലായി അദ്ദേഹം രചിച്ച ‘കൃഷ്ണഗീതി’ എന്ന കാവ്യമാണ് കൃഷ്ണ നാട്ടത്തിന് വാചികാംശമായി ഉപയോഗിച്ചത്. നൃത്തം, ഗീതം, വാദ്യം എന്നിവ കൂടിച്ചേരുന്നതിനാല്‍ വേഗം ആളുകളെ ആകര്‍ഷിച്ചു. കൃഷ്ണനാട്ടം തെക്കന്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കൊട്ടാരക്കര തമ്പുരാന്‍ ആവശ്യപ്പെട്ടെന്നും കൃഷ്ണനാട്ടം ആസ്വദിക്കാന്‍ കഴിവുള്ളവര്‍ തെക്കന്‍ ദിക്കിലില്ല എന്നുപറഞ്ഞു മാനവേദരാജാവ് ആവശ്യം നിരസിച്ചു എന്നാണ് ഐതിഹ്യം. അപമാനിക്കപ്പെട്ട കൊട്ടാരക്കര തമ്പുരാന്‍ അതിനു ബദലായി രാമായണ കഥയെ അതിജീവിച്ച് രാമനാട്ടം ആവിഷ്ക്കരിച്ചെന്നും അത് പിന്നീട് കഥകളിയായി മാറിയെന്നും ഐതിഹ്യം പറയുന്നു.
വാചികാഭിനയത്തിന്‍റെ അഭാവമാണ് കഥകളിയുടെ ഏറ്റവും വലിയ പ്രത്യേകത. പിന്നണി യിലുള്ള ഗായകരുടെ ആലാപനത്തിനനുസരിച്ച് കൈമുദ്രകള്‍ക്ക് പ്രാധാന്യമുള്ള ആംഗിക അഭി നയവും മുഖത്താലുള്ള ഭാവാഭിനയവും വഴി കഥ അവതരിപ്പിക്കുന്നു. കൂത്തും കൂടിയാട്ടവും സംസ്കൃത നാടക പാരമ്പര്യത്തെയാണ് ആശ്ര യിച്ചതെങ്കില്‍ അതില്‍നിന്നും വ്യത്യസ്തമായി ഇതിഹാസ പുരാണങ്ങളെയാണ് കഥകളി ഉപയോഗപ്പെടുത്തിയത്. സാത്വികഭാവമുള്ള ധീരോദാത്തരായ ഇന്ദ്രാദിദേവന്മാര്‍, പാണ്ഡവന്മാര്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് പച്ചവേഷമാണ് കഥകളിയിലുള്ളത്. രാവണന്‍, കംസന്‍, ശിശു പാലന്‍ തുടങ്ങിയ ദുഷ്ടകഥാപാത്രങ്ങള്‍ക്കാണ് കത്തി. താടി ദുശാസനന്‍, ബകന്‍ തുടങ്ങിയവര്‍ ക്കുള്ളതാണ്. രാക്ഷസികള്‍ ഒഴികെയുള്ള സ് ത്രീകള്‍, ഋഷിമാര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ക്കുള്ളതാണ് മിനുക്ക്. ഇങ്ങനെ പല വേഷങ്ങള്‍ കഥകളിയിലുണ്ട്. കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍, കല്ലുവഴിച്ചിട്ട എന്നിങ്ങനെ മൂന്ന് സമ്പ്രദായ ങ്ങള്‍ പ്രധാനപ്പെട്ടതാണ്. ചുവന്ന താടിയുടെ കുറ്റിച്ചാമരത്തിന്‍റെ വ്യാസം വര്‍ദ്ധിപ്പിച്ചും വെ ള്ളത്താടിക്ക് വട്ടമുടി നടപ്പിലാക്കിയും പരിഷ് ക്കാരങ്ങള്‍ വരുത്തിയ ചാത്തുപണിക്കരാണ് കല്ലടിക്കോടന്‍ ചിട്ടയുടെ ഉപജ്ഞാതാവ്. തിരനോട്ടം, മേളം എന്നിവയ്ക്കുള്ള പ്രാധാന്യം വര്‍ധിപ്പിച്ചും കത്തി, വേഷങ്ങള്‍ക്ക് ചുട്ടിപ്പൂവ് നിശ്ചയിച്ചും കപ്ലിങ്ങാട് നമ്പൂതിരി ഭേദങ്ങള്‍ വരുത്തി. കല്ലടിക്കോടന്‍, കപ്ലിങ്ങാട് രീതികളു ടെ സമന്വയത്തില്‍ കല്ലുവഴിച്ചിട്ട ഉല്‍ഭവിച്ചു. ചൊല്ലിയാട്ടം മുതല്‍ മുദ്ര വരെയുള്ള കാര്യങ്ങളില്‍ വലിയ ശ്രദ്ധ കല്ലുവഴിച്ചിട്ട പുലര്‍ത്തുന്നു. അതിപ്രശസ്തരായ നിരവധി നടന്മാരെ കഥക ളി രംഗത്തുനിന്നും കണ്ടെടുക്കാം. കഥകളിയെ കുറച്ചെങ്കിലും ജനകീയമാക്കുന്നതില്‍ കലാമണ്ഡലം വലിയ പങ്കു വഹിച്ചിട്ടുണ്ട്. സമയം മൂ ന്നോ നാലോ മണിക്കൂറാക്കി ചുരുക്കിയും രം ഗസജ്ജീകരണത്തില്‍ പുതുമ കൊണ്ടുവന്നും പുതിയ അലങ്കാരവസ്തുക്കള്‍ ഉപയോഗിച്ചുമെ ല്ലാം പുതിയ കാലത്തോട് ചെറുത്തുനില്‍ക്കാന്‍ കഥകളി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആംഗികത്തി ലും ആഹാര്യത്തിലും ഊന്നിയ കഥകളി സാധാ രണ ജനങ്ങളുടെ സംവേദന സാഹചര്യത്തിന് പുറത്താണ്. നാടുവാഴി ബ്രാഹ്മണ സദസ്സുകളു ടെ കലാരൂപവുമായാണ് കഥകളി നിലനിന്നത്. അതിനാല്‍ തന്നെ സാധാരണക്കാരുടെ കലയായി മാറാന്‍ കഥകളിക്ക് കാര്യമായി കഴിഞ്ഞിരുന്നില്ല.
4.4.2 നാടോടികലകള്‍
സാധാരണ ജനങ്ങളുടെ സ്വാഭാവിക ജീവിതമാണ് നാടോടികലകള്‍ ആവിഷ്കരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ നാടിന്‍റെ തനതുപാരമ്പ ര്യം വെളിപ്പെടുത്തുന്നത് നാടോടികലകളാണ്. പ്രാചീന ജനവിഭാഗങ്ങള്‍ നിരവധി നാടോടി കലാരൂപങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രകൃതി ദേവതയെ പ്രീതിപ്പെടുത്തുന്ന ഗോത്രവര്‍ഗ്ഗക്കാ രുടെ പ്രാകൃത ഗാനങ്ങളിലും നൃത്തങ്ങളിലും ഈ സ്വഭാവമാണ് പ്രകടമാകുന്നത്. കാര്‍ഷികവൃത്തി അടക്കമുള്ള അക്കാലത്തെ ജീവിതരീ തികള്‍ കലകളില്‍ പ്രതിഫലിച്ചു. സംഗീതത്തി നൊത്തുള്ള താളാത്മക ചലനങ്ങള്‍ അവയില്‍ നിറഞ്ഞിരുന്നു. ക്ഷേത്രത്തിന് പുറത്തേക്ക് കലയെ എത്തിച്ച തുള്ളലും തുള്ളലിന്‍റെ ലഘുരൂപ മായ പാഠകവും പ്രധാന നാടോടി കലാരൂപങ്ങളാണ്.
4.4.2.1 തുള്ളല്‍
കേരളത്തിലെ അനുഷ്ഠാന സ്വഭാവമുള്ള നൃത്ത രൂപങ്ങളെയെല്ലാം പൊതുവായി തുള്ളല്‍ എന്ന് വിളിക്കാറുണ്ട്. സര്‍പ്പംതുള്ളല്‍, കോലംതുള്ളല്‍, പടേനിതുള്ളല്‍ തുടങ്ങി കേരളീയമായ അനുഷ്ഠാനങ്ങളില്‍ ഈ തുള്ളല്‍ ഉണ്ട് . എന്നാല്‍ തുള്ളല്‍ എന്നു പ്രധാനമായും വി വക്ഷിക്കുന്നത് കുഞ്ചന്‍നമ്പ്യാര്‍ രൂപംകൊടുത്ത തുള്ളലിനെയാണ്. എ.ഡി പതിനെട്ടാം നൂറ്റാണ്ടില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നാടകശാലയിലുണ്ടായ ഒരു സംഭവത്തെ തുള്ളലിന്‍റെ ആവിര്‍ഭാവത്തിന് കാരണമായി പറയാറുണ്ട്. ചാക്യാര്‍കൂത്തിനിടയില്‍ മിഴാവില്‍ താളം തെറ്റിയതിന് കൊട്ടിയിരുന്ന കുഞ്ചന്‍ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചെന്നും, അതുകേട്ട് അപ മാനിതനായ നമ്പ്യാര്‍ ഒറ്റദിവസംകൊണ്ട് ഒരു കലാരൂപം ഉണ്ടാക്കി എന്നുമാണ് കഥ. പിറ്റേ ദിവസം ചാക്യാര്‍കൂത്തിന്‍റെസമയത്ത് തുള്ളല്‍ അവതരിപ്പിക്കുകയും കാണികളെല്ലാം തുള്ളല്‍ കാണാന്‍ വന്നതോടെ കാഴ്ചക്കാരില്ലാതെ ചാക്യാര്‍ നാണം കെട്ടു എന്നുമാണ് ഐതിഹ്യം. പണ്ഡിത പിന്തുണയില്ലാത്ത കേവലമൊരു കഥ മാത്രമാണിത്. ചാക്യാര്‍കൂത്തിലെ മനോധര്‍മരൂ പങ്ങളെ കുഞ്ചന്‍നമ്പ്യാര്‍ തുള്ളലില്‍ ഉപയോ ഗിച്ചിട്ടുണ്ട്. മധ്യതിരുവിതാംകൂറില്‍ നിലനിന്ന പടയണിയുടെയും കോലങ്ങളുടെയും തുള്ളല്‍രൂപങ്ങളില്‍ നിന്നാണ് തുള്ളല്‍ ഉണ്ടായി വന്ന ത്. കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും കാ ണാനുള്ള അനുമതിയോ സൗകര്യമോ ഇല്ലാത്ത അബ്രാഹ്മണ സംവിധായകര്‍ക്കായുള്ള ഒരു കലാരൂപമെന്ന നിലയ്ക്ക് വളരെക്കാലം മുമ്പ് തന്നെ ഉണ്ടായതാണ് ഓട്ടന്‍തുള്ളല്‍ എന്നാണ് ഉള്ളൂരിന്‍റെ അഭിപ്രായം (കേരളസാഹിത്യചരി ത്രം).
പറയന്‍, ശീതങ്കന്‍ തുള്ളലുകളുമുണ്ടെ ങ്കിലും ഓട്ടന്‍തുള്ളലാണ് കൂടുതല്‍ പ്രചാര ത്തിലുണ്ടായിരുന്നത്. അവതരണത്തിലെ വേഗത കാരണമാണ് ഓട്ടന്‍ എന്ന പേരുണ്ടായത്. പറയന്‍, ശീതങ്കന്‍ എന്നിവ ജാതിയുമായി ബന്ധപ്പെട്ടതാണ്. വേഷത്തിലും അവതരണത്തിലും മൂന്നു തുള്ളലിലും വ്യത്യാസങ്ങളുണ്ട്. ഇതിഹാസ പുരാണകഥകളാണ് തുള്ളലിന്‍റെ ആ ഖ്യാനത്തിലും പ്രധാനമെങ്കിലും കലാകാരന്‍റെമനോധര്‍മ്മമനുസരിച്ച് സമകാലിക സംഭവങ്ങളെ ഉള്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. തുള്ളലില്‍ നിറഞ്ഞുനില്‍ക്കുന്ന ഹാസ്യം ഒരു ജനകീയ കലാരൂപമായി അവയ്ക്ക് വേഗം അംഗീകാരം നേടിക്കൊടുത്തു. ഉത്സവപ്പറമ്പുക ളിലെ വേദികള്‍ക്കുമുമ്പില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു. തുള്ളല്‍ ഒരു ജനകീയ കലാരൂപമായ തിനാല്‍ തന്നെ നാടുവാഴി സദസ്സുകളില്‍ കാര്യമായ സ്വീകാര്യതയുണ്ടായിരുന്നില്ല. കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം അമ്പയാറ്റു പണിക്കര്‍ മുതല്‍ വെണ്‍മണി മഹന്‍ വരെയുളളവര്‍ തുള്ളല്‍കൃതികള്‍ രചിച്ചിരുന്നെങ്കിലും അവയ്ക്ക് കാര്യ മായ ജനശ്രദ്ധ കിട്ടിയില്ല. മധ്യതിരുവിതാംകൂറി ലെ മാത്തൂര്‍, നീണ്ടൂര്‍ മുതലായ കളരികള്‍ ഒരു ഘട്ടംവരെ തുള്ളലിനെ നിലനിര്‍ത്തിയെങ്കിലും കഥകളിക്കും മറ്റും കിട്ടിയ സ്വീകാര്യത ആ കളികള്‍ക്ക് ലഭിക്കാത്തതിനാല്‍ അവ കാര്യമായി വികസിച്ചില്ല. ഇങ്ങനെ കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം ഒരു പ്രസ്ഥാനമായി രൂപപ്പെടാന്‍ തുള്ളലിന് കഴിഞ്ഞില്ല.
4.4.2.2 പാഠകം
തുള്ളലിന്‍റെ ലഘുരൂപമാണ് പാഠകം.ചാക്യാര്‍കൂത്തില്‍നിന്നാണ് പാഠകവും ഉല്‍ഭവി ച്ചത് എന്ന് പൊതുവേ കരുതപ്പെടുന്നു. തുള്ള ലിന്‍റെ രൂപപ്പെടലിന് സമാനമായ ഒരു കഥ ഇതി ലുമുണ്ട്. ഒരിക്കല്‍ കൂത്ത് അവതരിപ്പിക്കാന്‍ ചാക്യാര്‍ക്ക് എത്താന്‍ കഴിയാതിരുന്ന സാഹച ര്യത്തില്‍ മിഴാവ് വായിക്കാന്‍ വന്ന നമ്പ്യാര്‍ കഥ പറഞ്ഞ് പാഠകം അവതരിപ്പിച്ചു എന്നാണ് ഐ തിഹ്യം. നടന്‍ പ്രധാന വിഷയമാക്കുന്നത് പുരാ ണകഥകളെയാണ്. ചാക്യാര്‍കൂത്തിന് സമാനമാ യി നടന്‍ കഥ പറയുന്ന ആളായും ചിലപ്പോള്‍ കഥാപാത്രമായും മറ്റുചിലപ്പോള്‍ കാണികളോ ട് സംസാരിച്ചു അവരിലൊരാളായും മാറും. എന്നാല്‍ കൂത്തിലെ പോലെ പരിഹാസ പ്രയോഗങ്ങള്‍ പാഠകത്തില്‍ അനുവദനീയമല്ല. നമ്പ്യാര്‍മാരാണ് പ്രധാനമായും പാഠകം അവതരിപ്പിച്ചു വരുന്നത്. നല്ല വാഗ്മിയും നര്‍മ്മബോധവുമുള്ള വ്യക്തിക്കേ പാഠകം അവതരിപ്പിക്കാനാകൂ. കൂത്തമ്പലത്തിന് പുറത്ത് പ്രദക്ഷിണ വഴിയോട് ചേര്‍ന്നാണ് പാഠകം അവതരിപ്പിക്കപ്പെട്ടുവരുന്ന ത്. കത്തിച്ചുവെച്ച ഒരു നിലവിളക്ക് മാത്രം ആവശ്യമുള്ള ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്‍റേത്. നടന്‍റെവേഷവും ലളിതമാണ്. തലയില്‍ ഒരു ചുവന്ന കെട്ടും മാലകളും നെറ്റി യിലെ കുങ്കുമപ്പൊട്ടും ശരീരത്തിലെ ഭസ്മക്കുറിയും മാത്രമാണ് നടനുണ്ടാകുക. വാദ്യ പ്രയോഗങ്ങള്‍ ഇതിന്‍റെ അവതരണത്തിന് ആവശ്യമില്ല. പാഠകം ഇന്ന് കാര്യമായി അവതരിപ്പിക്കപ്പെട്ടു വരുന്നില്ല. പാഠകത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥാപ്രസംഗം തന്നെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ അവതരിപ്പിക്കപ്പെടുന്നുള്ളൂ.
4.4.3 അനുഷ്ഠാനകലകള്‍
മതപരവും സാമൂഹികവുമായ വിശ്വാ സങ്ങളെ മുന്‍നിര്‍ത്തി ഇഷ്ടദൈവ പ്രീതിക്കായി നടത്തപ്പെടുന്ന കലാരൂപങ്ങളാണ് അനുഷ്ഠാനകലകള്‍ എന്നറിയപ്പെടുന്നത്. സന്താനലബ്ധി, രോഗം ഭേദമാകല്‍, ഐശ്വര്യലബ്ധി, ബാധ ഒഴി പ്പിക്കല്‍ തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ അനുഷ്ഠാന കലകള്‍ക്കു പിറകിലുണ്ട്. വിവിധ മതങ്ങ ളിലും സമുദായങ്ങളിലും പ്രദേശങ്ങളിലുമായി നിരവധി അനുഷ്ഠാനകലകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഗോത്രവര്‍ഗ്ഗക്കാരുടെ ഇട യില്‍ പ്രചാരമുള്ള നിരവധി കലാരൂപങ്ങളുണ്ട്. അവയില്‍നിന്ന് തെയ്യം, തിറ, പടയണി എന്നിവ യെയാണ് പരിചയപ്പെടുത്തുന്നത്.
4.4.3.1 തെയ്യം
വടക്കേ മലബാറില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള കലാരൂപമാണ് തെയ്യം. പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങ ളിലെല്ലാം വര്‍ഷംതോറും തെയ്യം നടത്താറുണ്ട്. ഇതിന് കളിയാട്ടമെന്നാണ് പേര്. മുച്ചിലോട്ടു കാവുകളില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതിനെ പെരുങ്കളിയാട്ടമെന്നും വിളിക്കു ന്നു. തുലാപ്പത്തുമുതല്‍ ഇടവപ്പാതി വരെയാണ് തെയ്യാട്ടക്കാലം. മതനിരപേക്ഷ സ്വഭാവം പുലര്‍ ത്തുന്ന ഒരു കലാരൂപം കൂടിയാണിത്. തെയ്യാട്ട മെന്നും തെയ്യം തുള്ളലെന്നും തിറയാട്ടമെന്നും ഇത് അറിയപ്പെടാറുണ്ട്. ദൈവം എന്നാണ് തെ യ്യം എന്ന വാക്കിനര്‍ത്ഥം. വീരാരാധനയുമായി ബന്ധപ്പെട്ടാണ് ഈ കലാരൂപം ഉണ്ടായിവന്ന തെന്ന് കരുതപ്പെടുന്നു. തെയ്യം കെട്ടിയാടുന്നവ രെ കോലക്കാര്‍ എന്നാണ് വിളിക്കുക. തെയ്യം കലാകാരന്‍റെ ശരീരത്തില്‍ ബാധ പ്രവേശിക്കുന്നത് മുതല്‍ വിട്ടൊഴിയുന്നതുവരെ നൃത്തമു ണ്ടാകും. ആസുരവാദ്യങ്ങളുടെ ത്വരിതതാ ളത്തില്‍ കാലുകള്‍ മാറിമാറി ഉയര്‍ത്തിയും ചവിട്ടിയുമുള്ള നൃത്തം വേഗത കൈവരിക്കും. ആട്ടത്തിന്‍റെ അവസാനം ഭക്തരോട് തെയ്യം ഉരി യാട്ടം അഥവാ അരുളപ്പാട് നടത്തും. ഭക്തന്മാര്‍ ഭഗവതിയുടെ മുമ്പില്‍ പ്രണമിക്കും. ആടാന്‍ വ്രതം വേണ്ട ദേവതകളും വ്രതം ആവശ്യമി ല്ലാത്ത ദേവതകളുമുണ്ട്. വര്‍ണ്ണശബളമായ വസ്
ത്രവും ധാരാളം അലങ്കാരങ്ങളും മനോഹരമായ ദൃശ്യഭംഗി നല്‍കുന്നതാണ്. മറ്റൊരു ആകര്‍ഷ ണീയത വലിയ മുടിയാണ്. മുളങ്കമ്പില്‍ ഓല മെടഞ്ഞ് അലങ്കരിച്ചാണ് മുടി ഉണ്ടാക്കുന്നത്. തലപ്പാളി എന്നു പേരുള്ള ഉപകരണം എല്ലാ തെയ്യങ്ങളുടെയും ശിരസ്സിലുണ്ടാകും. ചെണ്ട, വീക്കന്‍ ചെണ്ട, ഇലത്താളം, കുഴല്‍ എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമൊരുക്കി തെയ്യാട്ടം സജീവമായി തുടരുന്നു.
4.4.3.2 തിറ
തെയ്യത്തോട് ഏറെ സാമ്യമുള്ള കലാരൂപമാണ് തിറ. തെയ്യം കൊട്ടിയാടുന്ന വടക്കന്‍ മലബാറില്‍ തന്നെയാണ് തിറയും പ്രചാരത്തി ലുള്ളത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാ ണ് പ്രധാനമായും ഇത് അനുഷ്ഠിച്ചുവരുന്നത്. തലയില്‍ വെക്കാനായി മരത്തില്‍ നിര്‍മ്മിക്കുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള വസ്തുവാണ് തിറ എന്നു പറയപ്പെടുന്നത്. ഈ തലപ്പാളിക്ക് ദിവ്യ ത്വമേറെയാണ്. തിറ തലയില്‍ കെട്ടിയശേഷം ആടുന്നതിനാല്‍ തിറയാട്ടം എന്നും അറിയപ്പെടു ന്നു. വേലന്‍, വണ്ണാന്‍, പാണന്‍, മലയന്‍, കന ലാടി തുടങ്ങിയ സമുദായങ്ങളാണ് തിറയാട്ടം നടത്തുന്നത്. മഞ്ഞയും ചെമപ്പും കറുപ്പും നിറ ത്തിലുള്ള വരകള്‍ മുഖത്തെഴുത്തായി ഉപയോഗി ക്കുന്നു. കാതിലും കവിളിലും മാറിലും കയ്യിലും അരയിലും കാലിലും അലങ്കാരങ്ങള്‍ ധരിക്കും. മരങ്ങളുടെ കനം കുറഞ്ഞ പലകകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മുടി ചൂടും. വിവിധ തിറകള്‍ക്ക് വിവിധ മുടികളാണ് ഉപയോഗിച്ചുവരുന്നത്. വെള്ളാട്ടം, വെള്ളകെട്ട്, തിറയാട്ടം എന്നിങ്ങനെ മൂ ന്നു ഘട്ടങ്ങളിലായാണ് ഇത് നടത്തുന്നത്. വെള്ളാട്ടം, വെള്ളകെട്ട് എന്നിവ ഒന്നിച്ചും തിറയാട്ടം മാത്രമായും നടത്തിവരാറുണ്ട്. മുക്കണ്ണിത്താളം, ചവിട്ടുതാളം, ചാമുണ്ഡിത്താളം, ഇളകിയാട്ടം എന്നിങ്ങനെ വ്യത്യസ്ത താളത്തിനൊപ്പിച്ചുള്ള ചുവടുകളാണ് തിറയാട്ടത്തിലുണ്ടാവുക. തെയ്യ ത്തെപ്പോലെതന്നെ അരുളപ്പാടോടെയാണ് തിറയാട്ടവും അവസാനിക്കുക. അവസാനം കുരുതി യുമുണ്ടാകും.
4.4.3.3 പടയണി
മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. പ്രധാനമായും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാ ണ് കൂടുതല്‍ പ്രചാരമുള്ളത്. പടേനി എന്നും അറിയപ്പെടുന്നു. ദാരികനെ വധിച്ചശേഷം രൗദ്രയായി വന്ന ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവനും ദേവന്മാരും കോലംകെട്ടിയാടിയെന്നും അവരുടെ പ്രകടനം കണ്ട് ഭദ്രകാളി ശാന്തയായെന്നുമുള്ള ഐതിഹ്യം ഈ കലാരൂപത്തിന്‍റെപിറവിക്കു പിന്നിലുണ്ട്. ഗര്‍ഭം അലസല്‍, ചാപ്പിള്ളയായുള്ള ജനനം, രക്തംപോക്ക്, ശിശു മരണം, പേബാധ, വസൂരി, ദുര്‍മരണങ്ങള്‍ എന്നി വയ്ക്ക് പരിഹാരമായി പടയണി അനുഷ്ഠിച്ചു വരുന്നു. ദാരികാവധം മുന്‍നിര്‍ത്തിയുള്ള കാളി നാടകമാണ് പ്രധാന ഇതിവൃത്തം. രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദര്‍ഭങ്ങളും വിഷയമാകാറുണ്ട്. നിരവധി കോലങ്ങള്‍ പടയണിയിലുണ്ട്. കമുകിന്‍റെപാള ചെത്തിയെടുത്ത് പ്രകൃതിവസ്തുക്കളാല്‍ നിറം കൊടുത്താണ് കോലങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രധാന വാദ്യം പ്ലാവിന്‍റെ ഉള്‍ക്കാമ്പ് കൊണ്ട് നിര്‍മ്മിക്കുന്ന വളയത്തില്‍ പോത്തിന്‍റെ തോല്‍ പൊതിഞ്ഞുണ്ടാക്കുന്ന തപ്പ് ആണ്. ചിലയിടങ്ങളില്‍ ചെണ്ടയും കൈമണിയും ഉപയോഗിക്കാറുണ്ട്. നിരപ്പായ ഭൂമിയും കളിത്തട്ടും പടയണിയുടെ അരങ്ങാകും. സമൂഹത്തിലെ വിവിധ ജാതികളെ പ്രതിനിധീകരിക്കുന്ന വേഷങ്ങള്‍ പടയണിയിലുണ്ട്. അവരോടൊപ്പം അപ്പൂപ്പന്‍, അമ്മൂമ്മ, യുവതി, മഹര്‍ഷി എന്നീ വേഷങ്ങളുമുണ്ടാകും. കഥകളി യിലെപ്പോലെ വേഷത്തിനനുസരിച്ച് വസ്ത്രാലങ്കാരത്തിലും വ്യത്യാസങ്ങളുണ്ട്. പടയണിയുടെ അവതരണത്തില്‍ നൃത്തത്തിനാണ് പ്രാധാന്യമുള്ളത്. വടക്കന്‍, തെക്കന്‍ എന്നീ രണ്ടു ഭേദങ്ങളിലായി അവതരണത്തിലും വേഷത്തിലും ചെറിയ വ്യത്യാസങ്ങള്‍ കാണാം.

Recap

  • ചിത്രങ്ങള്‍ ശിലായുഗ മനുഷ്യന്‍റെ ആശയ സംവിധാന മാര്‍ഗ്ഗം.
  • അധ്വാനവുമായി ബന്ധമുള്ള കലകള്‍.
  •  ക്ഷേത്രങ്ങളിലെ നടനവേദികളിലൂടെ ക്ലാസിക്കല്‍ കലകള്‍.
  • ഹാസ്യാഭിനയത്തിന് പ്രാധാന്യമുള്ള ചാക്യാര്‍കൂത്ത്.
  •  പരമ്പരാഗത നാടകാഭിനയ രൂപമായി കൂടിയാട്ടം.
  •  കൃഷ്ണനാട്ടത്തില്‍ നിന്ന് രാമനാട്ടവും പിന്നീട് കഥകളിയും.
  • നാടിന്‍റെ തനതുപാരമ്പര്യമുള്ള നാടന്‍ കലകള്‍.
  •  വിവിധ തുള്ളലുകളും ലളിത രൂപമായ പാഠകവും.
  •  ഇഷ്ടദേവപ്രീതിക്കായി അനുഷ്ഠാനകലകള്‍.
  •  വടക്കേ മലബാറിലെ തെയ്യവും തിറയും.
  •  മധ്യതിരുവിതാംകൂറിലെ പടയണി.

Objective Type Questions

1. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഭരതനാട്യം വിഷയമായി കൊത്തിയ ശില്‍പ്പങ്ങളുള്ള ക്ഷേത്രം?
2. പ്രാചീന കേരളത്തില്‍ കൂത്ത് നിലവിലിരുന്നതായി സൂചിപ്പിക്കുന്ന ഗ്രന്ഥം?
3. ചാക്യാര്‍കൂത്തിന്‍റെ ആദ്യരൂപം?
4. കൂടിയാട്ടം പരാമര്‍ശിക്കപ്പെട്ട സന്ദേശകാവ്യം?
5. കൂടിയാട്ടത്തിനുള്ള നിബന്ധനകളായി രചിക്കപ്പെട്ട കൃതികള്‍?
6. കോഴിക്കോട്ടെ മാനവേദന രാജാവ് അവതരിപ്പിച്ച നൃത്തനാടകരൂപത്തിന്‍റെ പേര്?
7. ദുഷ്ടകഥാപാത്രങ്ങള്‍ക്കുള്ള കഥകളിയിലെ വേഷം?
8. പാഠകത്തില്‍ നിന്നും ഉരുത്തിരിഞ്ഞ കലാരൂപം?
9. വര്‍ഷംതോറും നടത്തുന്ന തെയ്യാട്ടത്തിന്‍റെ പേര്?
10. തിറയുടെ അവസാനത്തിലുള്ള പറച്ചില്‍?
11. പടയണിയിലെ പ്രധാനവാദ്യം?
12. പടയണിയിലെ രണ്ടു ഭേദങ്ങള്‍?

Answers to Objective Type Questions

1. തിരുവനന്തപുരം ത്രിവിക്രമക്ഷേത്രം
2. ചിലപ്പതികാരം
3. പ്രബന്ധംകൂത്ത്
4. ഉണ്ണുനീലിസന്ദേശം
5. ആട്ടപ്രകാരം ക്രമദീപിക
6. കൃഷ്ണനാട്ടം
7. കത്തി
8. കഥാപ്രസംഗം
9. കളിയാട്ടം
10. അരുളപ്പാട്
11. തപ്പ്
12. തെക്കന്‍, വടക്കന്‍

Assignments

  • കലകളുടെ നാടോടിവഴക്കങ്ങള്‍
  • അനുഷ്ഠാന കലകളിലെ ജീവിതം

Suggested Readings

1. ബാലകൃഷ്ണന്‍ കൊയ്യാല്‍, നമ്മുടെ നാടന്‍ കലകള്‍, കേരള ഫോക്ലോര്‍ അക്കാദമി, കണ്ണൂര്‍
2. ഡോ.ശശിധരന്‍ ക്ലാരി, കേരളത്തിലെ നാടന്‍കലകള്‍, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
3. ഡോ. കവടിയാര്‍ രാമചന്ദ്രന്‍, കേരളത്തിന്‍റെദൃശ്യകലകള്‍, കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
4. എ എന്‍ കൃഷ്ണന്‍, കേരളത്തിലെ നൃത്തകലയും അഭിനയകലയും, ചിന്ത പബ്ലിഷേഴ്സ്,                 തിരുവനന്തപുരം
5. ഡോ. മനോജ് കുറൂര്‍, കേരളത്തിലെ താളങ്ങളും കലകളും, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം