Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit4:

ഭക്തിപ്രസ്ഥാനം

Learning Outcomes

 • ഭക്തിപ്രസ്ഥാനത്തിന്‍റെ തുടക്കം സംബന്ധിച്ച് സാമാന്യധാരണ ലഭിക്കുന്നു
 • പ്രാചീനകേരളത്തിലെ ശൈവ-വൈഷ്ണവ മതദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നു
 •  മതപുനരുജ്ജീവനത്തില്‍ ശങ്കരാചാര്യരുടെ ഇടപെടന്‍റ മനസ്സിലാക്കുന്നു
 •  അദ്വൈത ദര്‍ശനത്തെ പരിചയപ്പെടുന്നു

 

Prerequisites

ക്രിസ്തുവിന് മൂന്നോ നാലോ നൂറ്റാണ്ടുമുമ്പ് കേരളത്തിലെത്തിയ ആര്യസംസ്കാരം ഇവിടെ നിലവിലുണ്ടായിരുന്ന ദ്രാവിഡ സംസ്കാരത്തെ കീഴ്പ്പെടുത്തിയതോടെയാണ് ഹിന്ദുമതം വ്യവസ്ഥാപിതമായി പ്രചരിപ്പിക്കപ്പെട്ടുതുടങ്ങിയത്. എ.ഡി അഞ്ചാംനൂറ്റാണ്ട് ആകുമ്പോഴേക്കും പൂര്‍ത്തിയായ ആര്യാധിനിവേശം സമൂഹത്തില്‍ ചില വേര്‍തിരിവുകള്‍ സൃഷ്ടിച്ചു. ജാതിവ്യവസ്ഥ ശക്തമാകുകയും ഉയര്‍ന്നനിലയില്‍ വര്‍ത്തിച്ചിരുന്ന ജാതികളെ താഴേത്തട്ടുകളിലേക്ക് കൊണ്ടുവരികയും ചെയ്തു. പാണര്‍, വേടര്‍, കുറവര്‍ തുടങ്ങിയ ജാതികളെല്ലാം ഇത്തരത്തില്‍ സാമൂഹ്യനില താഴ്ത്തപ്പെട്ടവരാണ്. വിദ്യാഭ്യാസത്തില്‍ മി കച്ചുനിന്ന ദ്രാവിഡരെ തങ്ങളിലേക്ക് കൂട്ടിയോജിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള പ്രവര്‍ത്ത നങ്ങള്‍ ആര്യന്മാര്‍ നടത്തി. കപിലരെപ്പോലുള്ള ദ്രാവിഡ കവികളെ ബ്രാഹ്മണരായി അംഗീകരിച്ചത് ഈ രീതിയുടെ ഭാഗമായിട്ടാണ്.
ദക്ഷിണഭാരതത്തില്‍ നിലനിന്ന ദ്രാവിഡ ആചാരങ്ങളെ പൂര്‍ണ്ണമായി ആര്യന്മാര്‍ തള്ളിക്കളഞ്ഞില്ല. തദ്ദേശീയരുടെ ചില ആചാരങ്ങള്‍ അവര്‍ അംഗീകരിക്കുകയും അവ രുടെ ദൈവങ്ങളെക്കൂടി സ്വന്തം മതത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ആര്യേതരമായ നാഗാരാധന ഇത്തരത്തില്‍ കടന്നുവന്ന ഒന്നാണ്. സംഘകാലത്ത് നിലവിലില്ലാതിരുന്ന നാഗാരാധന അതിനുശേഷമാണ് കേരളത്തില്‍ എത്തിയത് എന്നാണ് അനുമാനിക്കപ്പെടു ന്നത്. പിതൃപൂജ എന്ന ദ്രാവിഡാചാരവും ഹൈന്ദവമതത്തിലേക്ക് ഇത്തരത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. ഇങ്ങനെ ഉത്തരേന്ത്യയില്‍ നിന്നെത്തിയ ആര്യസങ്കല്പങ്ങളും ദക്ഷി ണേന്ത്യയില്‍ നിലനിന്ന ദ്രാവിഡസങ്കല്‍പ്പങ്ങളും കൂടിച്ചേര്‍ന്ന് സവിശേഷരീതിയിലാണ് ഹിന്ദുമതം കേരളത്തില്‍ പ്രചരിച്ചത്.
ബുദ്ധ-ജൈന മതങ്ങളുടെ അധ:പതനം സംഭവിച്ചു കഴിഞ്ഞിരുന്നതിനാല്‍ ഹിന്ദു മതത്തിന് വേഗത്തില്‍ വേരോടാനായി. ബുദ്ധരോടും ജൈനരോടും കായികമായ പ്രതി രോധത്തേക്കാള്‍ സംവാദം അടക്കമുള്ള വൈജ്ഞാനിക വാഗ്വാദങ്ങളിലാണ് ആര്യന്മാര്‍ താല്പര്യമെടുത്തത്. അതിനായി പ്രമുഖ മീമാംസകനായ കുമാരിലഭട്ടന്‍ അടക്കമുള്ള ഹൈന്ദവ പണ്ഡിതന്മാരെ കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവരുന്നതിനും അവര്‍ശ്രദ്ധപുലര്‍ത്തിയിരുന്നു. കുമാരിലഭട്ടന്‍റെ ഭാട്ടമതവും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പ്രഭാകരന്‍ മുന്നോട്ടുവെച്ച പുതിയൊരു ചിന്താപദ്ധതിയായ ഗുരുമതവും ജൈനരെയും ബൗദ്ധരെയും ദാര്‍ശനികമായി എതിരിട്ടു. കേരളത്തില്‍ നിരവധി ശിഷ്യസമ്പത്ത് നേടിയ പ്രഭാകരന്‍റെ ഗു രുമതത്തിനായിരുന്നു കൂടുതല്‍ പ്രചാരം. ശാസ്ത്രപഠനത്തിന് നിരവധി പദ്ധതികള്‍ അന്ന് ആവിഷ്കരിച്ചിരുന്നു.
ഇത്തരത്തില്‍ പ്രഭാകരനും പിന്നീട് ശങ്കരാചാര്യരും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ക്ക് സ്വാഭാവികമായ ചില പരിമിതികള്‍ ഉണ്ടായിരുന്നു. ബൗദ്ധികമായി ഉയര്‍ന്നുനിന്ന അവരുടെ ആശയങ്ങള്‍ ഉന്നത ബുദ്ധി നിലവാരമുള്ള ആളുകളില്‍ മാത്രമാണ് സ്വീകരിക്ക പ്പെട്ടിരുന്നത്. സാധാരണക്കാര്‍ക്ക് അവരുടെ ഭാഷ കാര്യമായി മനസ്സിലായില്ല. ഈ വിടവ് നികത്തിയത് ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. വൈഷ്ണവാചാര്യനായ കുല ശേഖര ആഴ്വാറും ശൈവാചാര്യന്‍മാരായ ചേരമാന്‍ പെരുമാള്‍ നായനാര്‍, വിറല്‍മിണ്ട നായനാര്‍ തുടങ്ങിയവരുമാണ് എ.ഡി ഒന്‍പതാം നൂറ്റാണ്ടുമുതല്‍ സജീവമായ ഈ പ്രസ്ഥാ നത്തിന് തുടക്കമിട്ടത്. കുലശേഖര ആഴ്വാരുടെ ‘പെരുമാള്‍ തിരുമൊഴി’ ഭക്തിപ്രസ്ഥാനത്തി ലെ ആദ്യകൃതിയായി കരുതപ്പെടുന്നു. ഭക്തിപ്രസ്ഥാനത്തിലെ ആചാര്യന്മാര്‍ സാധാരണ ക്കാര്‍ക്കിടയില്‍ സ്വീകാര്യത നേടിയതോടെ ഹിന്ദുമതത്തിന്‍റെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തുടക്കമായി. ബുദ്ധ-ജൈനമതങ്ങളുടെ തകര്‍ച്ചയും ഇതോടെ പൂര്‍ണ്ണമായി.

Keywords

ഭക്തിപ്രസ്ഥാനം-ശൈവമതം-വൈഷ്ണവമതം-ശങ്കരാചാര്യര്‍-അദ്വൈതം

Discussion

3.4.1 ശൈവവൈഷ്ണവ മതങ്ങള്‍
ദൈവങ്ങളില്‍ ശിവന് പ്രാധാന്യം കല്പിക്കുന്നവരാണ് ശൈവ ഭക്തിപ്രസ്ഥാനത്തില്‍ ഉണ്ടാ യിരുന്നത്. അപ്പര്‍, ജ്ഞാനസംബന്ധര്‍, സുന്ദരര്‍, ചേരമാന്‍ പെരുമാള്‍ നായനാര്‍, മാണിക്യ വാചകര്‍ തുടങ്ങിയവരാണ് ഇതില്‍ പ്രധാനികള്‍. ദൈവങ്ങളുടെ കൂട്ടത്തില്‍ വിഷ്ണുവാണ് പ്രധാന ദൈവം എന്നവകാശപ്പെട്ടാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനം വ്യാപിപ്പിച്ചത്. തിരുമഴിശൈ ആഴ്വാര്‍, കുലശേഖര ആഴ്വാര്‍, തിരു മങ്കൈ ആഴ്വാര്‍, നമ്മാഴ്വാര്‍, പെരിയാഴ്വാര്‍, ആണ്ടാള്‍ തുടങ്ങി പന്ത്രണ്ട് പ്രധാന വിഷ്ണുഭക്തര്‍ അക്കാലത്തുണ്ടായിരുന്നു. മനോഹരമായ ഭക്തിഗാനങ്ങള്‍ ആലപിച്ച് ഒറ്റയ്ക്കും കൂട്ടമായും തങ്ങളുടെ ശിഷ്യന്‍മാരുടെകൂടെ ഇവര്‍ ക്ഷേത്രങ്ങള്‍തോറും സഞ്ചരിച്ചു.
ശൈവനായന്മാരില്‍ പ്രധാനികള്‍ അപ്പര്‍, സംബന്ധര്‍, മാണിക്യവാചകര്‍, സുന്ദരര്‍ എന്നീ നാലു പേരാണ്. തങ്ങളുടെ കൃതികളിലൂടെ ജൈനന്മാരെയും ബൗദ്ധന്മാരെയും ആക്രമിക്കാനും അനുയായികളെ ശൈവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനും അവര്‍ ശ്രമിച്ചിരുന്നു. പല്ലവരാജാവായ മഹേന്ദ്രവര്‍മ്മനെ അപ്പര്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്തതായി പെരിയപുരാണം വിവരിക്കുന്നുണ്ട്. നിന്‍റ ശീര്‍ നെടുമാരനായനാര്‍ എന്ന പാണ്ഡ്യരാജാവിനെ ശൈവമതത്തിലെത്തിച്ചത് സംബന്ധരാണ്. ഏഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് അപ്പരും സംബന്ധരും ജീവിച്ചിരുന്നത്. ഏഴാംനൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ജീവിച്ച മാണിക്യവാചകര്‍ ബുദ്ധരെയാണ് ഉന്നംവെച്ചത്. ചേരമാന്‍ പെരുമാളിന്‍റെ സമകാലികനായിരുന്ന സുന്ദരരുടെ ജീവിതകാലം എട്ടാംനൂറ്റാണ്ടിന്‍റെതുടക്കത്തിലാണ്.
വൈഷ്ണവരില്‍ തിരുമഴിശൈ ആഴ്വാര്‍ ആറാംനൂറ്റാണ്ടിന്‍റെ അവസാനമോ ഏഴാംനൂറ്റാ ണ്ടിന്‍റെ തുടക്കത്തിലോ ആണ് ജീവിച്ചിരുന്നത്. തമിഴകത്ത് ജൈനമതത്തെ നിര്‍വീര്യമാക്കിയത് സംബന്ധരുടെയും തിരുമഴിശൈ, തിരുമങ്കൈ എന്നിവരുടെയും ശക്തമായ ഭക്തിപ്രചാരണം കൊണ്ടാണെന്ന് അപ്പര്‍ ഒരു ഗാനത്തില്‍ സൂചിപ്പിക്കുന്നതുവെച്ച് അവരുടെ കാലം ഏഴാംനൂ റ്റാണ്ടിന്‍റെ തുടക്കത്തില്‍ ആണെന്നുകൂടി മനസ്സിലാക്കാവുന്നതാണ്. തിരുമഴിശൈ ആഴ്വാര്‍ ജൈനരെയും ബുദ്ധരെയും എതിര്‍ത്തിരുന്നതു പോലെ തന്നെ ശൈവരെയും എതിര്‍ത്തിരുന്നു. തിരുമങ്കൈ ആഴ്വാര്‍ ബുദ്ധമതത്തെ കഠിനമാ യി എതിര്‍ത്തു. ഏഴാംനൂറ്റാണ്ടില്‍ ജീവിച്ച കു ലശേഖരആഴ്വാരും ബുദ്ധമതത്തെ ശക്തമായി എതിര്‍ത്തു. പെരിയാഴ്വാറിന്‍റെ കാലമായ ഒമ്പ താംനൂറ്റാണ്ട് ആയപ്പോഴേക്കും ജൈന-ബൗദ്ധ മതങ്ങള്‍ തളര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ പുത്രി യാണ് ആണ്ടാള്‍. ‘തിരുപ്പാവെ’ അടക്കമുള്ള പ്രസിദ്ധമായ ഭക്തിഗാനങ്ങള്‍ വഴി വലിയ കൂട്ടം ആളുകളെ വിഷ്ണുഭക്തിയിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്കായി.
തമിഴകമാകെ സ്വാധീനമുണ്ടായിരുന്ന 63 ശൈവനായനാര്‍മാരുടെ ഭക്തിഗീതങ്ങള്‍ ‘തിരു മുറൈകള്‍’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ശൈവനായനാര്‍മാരെ സംബന്ധിച്ച ഐതിഹ്യ ങ്ങള്‍ ‘പെരിയപുരാണ’മെന്ന പേരിലും സമാഹരിക്കപ്പെട്ടു. വൈഷ്ണവരുടെ ഭക്തിഗാനങ്ങള്‍ ‘നാലായിരം പ്രബന്ധം’ എന്ന പേരിലും വൈ ഷ്ണവ ഭക്തശിരോമണികളുടെ ജീവിതം ‘ഗുരു പരമ്പരൈ’ എന്ന പേരിലും സമാഹരിച്ചിട്ടുണ്ട്. ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ കേ രളത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും തമിഴകത്താണ് അവയ്ക്ക് വ്യാപകസ്വാധീനം ഉണ്ടായിരുന്നത്. ശൈവ നായനാര്‍മാരില്‍ ചേരമാന്‍ പെരുമാളും വിറന്‍മിണ്ട നായനാരും വൈ ഷ്ണവരില്‍ കുലശേഖര ആഴ്വാരും മാത്രമാണ് കേരളീയരായി ഉണ്ടായിരുന്നത്. പുണ്യക്ഷേത്ര ങ്ങളായ തിരുപ്പതികളും കേരളത്തില്‍ വളരെ കുറവാണ്. ശൈവര്‍ക്ക് ഒന്നും വൈഷ്ണവര്‍ക്ക് പതിമൂന്നും ക്ഷേത്രങ്ങളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്നതില്‍ നിന്ന് ഇവിടെ വൈഷ്ണവമ തത്തിനാണ് ശൈവമതത്തിനേക്കാള്‍ പ്രചാരമുണ്ടായിരുന്നതെന്ന് വ്യക്തമാകുന്നു.
3.4.2 ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനം
കേരളത്തിലെ ഹൈന്ദവാചാര്യന്മാരില്‍ ഏറ്റ വും പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് ശങ്കരാ ചാര്യരുടേത്. അദ്ദേഹത്തിന്‍റെ ജീവിതകാലവു മായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളുണ്ട്. എ.ഡി 788 മുതല്‍ 820 വരെയാണ് മാക്സ്മുള്ളര്‍ ശങ്കരാചാര്യരുടെ ജീവിതകാലമായി കണക്കാ ക്കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ജനനത്തെ സൂചിപ്പിക്കുന്ന ശ്രീമച്ഛങ്കര വിജയത്തിലുള്ള ശ്ലോ കത്തെ അധികരിച്ച് ജീവിതകാലം എ.ഡി 805 മുതല്‍ 837 വരെയായിരുന്നു എന്ന വാദവും ശക്തമാണ്. ശങ്കരാചാര്യര്‍ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയും ശാക്തന്മാര്‍, കാപാലികന്മാര്‍, പഞ്ചരാത്രന്മാര്‍, ശൈവന്മാര്‍, അര്‍ഹതന്മാര്‍ തുടങ്ങിയവരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് അവരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. എല്ലാവരെയും ജയിച്ച് ഒടുവില്‍ കാശ്മീരിലെത്തി അദ്ദേഹം സര്‍വജ്ഞ പീഠത്തില്‍ ആരോഹണം ചെയ്യപ്പെട്ടു. ഇന്ത്യ യില്‍ നിന്നുതന്നെ ബുദ്ധമതം നിഷ്കാസനം ചെയ്യുന്നതിലുള്ള പ്രധാനപങ്ക് ശങ്കരാചാര്യരു ടേതാണ്. ഇന്ത്യയുടെ നാലു കോണുകളിലാ യി നാലുമഠങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. വടക്ക് ബദരീനാഥിലും കിഴക്ക് ജഗന്നാഥപുരിയിലും പടിഞ്ഞാറ് ദ്വാരകയിലും തെക്ക് ശൃംഗേരിയിലുമാണ് മഠങ്ങള്‍ സ്ഥാപിച്ചത്. തൃശ്ശൂരില്‍ വച്ചാണ് അദ്ദേഹത്തിന്‍റെ അന്ത്യമുണ്ടായതെന്ന് വിശ്വസി ക്കപ്പെടുന്നു. വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിലെ ശംഖചക്രകുടീരവും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ അവിടെ സ്ഥാപിച്ച നാല് മഠങ്ങളും ഇതിനു തെളിവായി ഉള്ളൂര്‍ ചൂണ്ടിക്കാണിക്കുന്നു (കേരള സാഹിത്യചരിത്രം).ഗൗഢപാദന്‍റെ മാണ്ഡൂക്യകാരികയ്ക്കും ബാദരായണന്‍റെ ബ്രഹ്മസൂത്രത്തിനും ഭഗവത് ഗീതയ്ക്കും രചിച്ച ഭാഷ്യങ്ങളിലൂടെയാണ് ശങ്കരാചാര്യര്‍ അദ്വൈത ദര്‍ശനം ആവിഷ്കരിച്ചത്. മാണ്ഡൂക്യകാരികയുടെ ഭാഷ്യത്തില്‍ ആത്മാവും ബ്രഹ്മവും ഒന്നാണെന്ന അദ്വൈത ചിന്ത ആദ്യമായി അവതരിപ്പിച്ചു. ബ്രഹ്മസൂത്രത്തിന്‍റെ ഭാഷ്യത്തിലാണ് കൂടുതല്‍ വ്യക്തമായി അവയെ പ്രതിപാദിച്ചിട്ടുള്ളത്. ബ്രഹ്മം, ആത്മാവ്, മായ, അവിദ്യ, സംസാരം, മോക്ഷം, പ്രകൃതി, ഉപാധി തുടങ്ങിയ ആദ്ധ്യാത്മിക വിഷയങ്ങള്‍ അതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പാമ്പിനെ കണ്ടു കയറാണെന്ന് ശങ്കിക്കുന്നതുപോലെയാണ് പ്രപഞ്ചത്തിന്‍റെ മായാസ്വഭാവം എന്നദ്ദേഹം വിശദീകരിക്കുന്നു. ബ്രഹ്മത്തെ മായ മൂടിയിരി ക്കുന്നതുപോലെ മനുഷ്യാത്മാവിനെ അവിദ്യ കീഴടക്കിയിരിക്കുന്നു. അവിദ്യയെ ദുരീകരിച്ചാല്‍ ബ്രഹ്മജ്ഞാനം ഉണ്ടാകുകയും അങ്ങനെ ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന സത്യത്തിലേക്ക് എത്തുകയും ചെയ്യും. ഇതാണ് അദ്വൈത ദര്‍ശനത്തിന്‍റെ സംഗ്രഹം.
ഭാരതത്തില്‍ അന്നു നിലനിന്ന എല്ലാ ചിന്താപദ്ധതികളെയും കൂട്ടിച്ചേര്‍ത്തു വിശാലമായ ഒരു തത്ത്വദര്‍ശനം ഉണ്ടാക്കിയതാണ് ശങ്കരാചാര്യരുടെ വിജയം. അതുവരെയുണ്ടായിരുന്ന മതങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദൈവങ്ങളെ സംബന്ധിച്ച തര്‍ക്കം അര്‍ത്ഥശൂന്യം ആണെന്നും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. ആത്മജ്ഞാനി കള്‍ക്കായി അദ്വൈത തത്വം ഉപദേശിച്ചപ്പോള്‍ സാമാന്യജനങ്ങള്‍ ധര്‍മനീതിക്കനുസരിച്ച് ജീ വിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഒരര്‍ത്ഥത്തില്‍ മനുസ്മൃതിയിലെ ജാതിവ്യവസ്ഥയ്ക്കും നമ്പൂതിരിമാര്‍ ആഗ്രഹിച്ച അയിത്താചാരത്തിനും അംഗീകാരം നല്‍കല്‍ കൂടിയായി. ഏതായാലും വേദാന്തദര്‍ശനത്തിന് ശങ്കരാചാ ര്യര്‍ നേടിക്കൊടുത്ത ഉള്‍ക്കാഴ്ച ഇന്ത്യയിലെങ്ങും ഹിന്ദുമതത്തിന്‍റെ ഉയര്‍ച്ചയ്ക്ക് കാരണമായി.

Recap

 • ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തെ കീഴ്പ്പെടുത്തിയ തുടക്കം
 • ദ്രാവിഡ ആചാരങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയ രീതി
 •  ശിവന് പ്രാധാന്യം കല്പിച്ച ശൈവരും, വിഷ്ണുവിന് പ്രാധാന്യം കല്‍പിച്ച വൈഷ്ണവരും
 • ശൈവനായനാര്‍മാരുടെയും ആഴ്വാര്‍മാരുടെയും ഭക്തിഗീത സമാഹാരങ്ങള്‍
 • ശങ്കരാചാര്യരുടെ വാഗ്വാദങ്ങളും മഠങ്ങളും
 • ആത്മാവും ബ്രഹ്മവും ഒന്നാണെന്ന അദ്വൈത ചിന്ത

 

Objective Type Questions

1. ആര്യന്മാര്‍ ബ്രാഹ്മണനായി അംഗീകരിച്ച ദ്രാവിഡ കവി?
2.ദ്രാവിഡസംസ്കാരത്തില്‍ നിന്നും ആര്യന്മാര്‍ സ്വീകരിച്ച ആചാരങ്ങള്‍?
3. ഭാട്ടമതം സ്ഥാപിച്ചതാര്?
4. പ്രഭാകരന്‍റെ ചിന്താപദ്ധതിയുടെ പേര്?
5. പല്ലവരാജാവായ മഹേന്ദ്രവര്‍മനെ ശൈവമതത്തില്‍ എത്തിച്ച ആചാര്യന്‍?
6. “തിരുപ്പാവൈ”       എന്ന ഭക്തിഗാനത്തിന്‍റെ രചയിതാവ്?
7. ശൈവനായനാര്‍മാരുടെ ഭക്തി ഗീതങ്ങളുടെ സമാഹാരം?
8. വൈഷ്ണവരുടെ ഭക്തിഗാനങ്ങള്‍ അറിയപ്പെടുന്ന പേര്?
9. ശങ്കരാചാര്യര്‍ ഇന്ത്യയുടെ തെക്കു ഭാഗത്ത് ഏതു സ്ഥലത്താണ് മഠം
സ്ഥാപിച്ചത്?
10. ശങ്കരാചാര്യര്‍ അദ്വൈത സങ്കല്പം വിശദീകരിക്കുന്ന ആധ്യാത്മിക കൃതി?

Answers to Objective Type Questions

1. കപിലര്‍
2. നാഗാരാധന, പിതൃപൂജ
3. കുമാരിലഭട്ടന്‍
4. ഗുരുമതം
5. അപ്പര്‍
6. ആണ്ടാള്‍
7. തിരുമുറൈകള്‍
8. നാലായിരം പ്രബന്ധം
9. ശൃംഗേരി
10. ബ്രഹ്മസൂത്രത്തിന്‍റെ ഭാഷ്യം

Assignments

 • ഭക്തിപ്രസ്ഥാനത്തിന്‍റെആവിര്‍ഭാവവും വികാസവും.
 • ശങ്കരന്‍റെ അദ്വൈതം.

Suggested Readings

 1.  കേസരി ബാലകൃഷ്ണപിള്ള, ചരിത്രത്തിന്‍റെ അടിവേരുകള്‍, കേരള സാഹിത്യ അക്കാഡമി,       തൃശൂര്‍
 2.  കെ കെ കൊച്ച്, കേരള ചരിത്രവും സമൂഹരൂപീകരണവും, കേരള ഭാഷാ
 3.      ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
 4.  ഡോ.എം.എന്‍. നമ്പൂതിരി, കേരള സംസ്കാരം, ഡി.സി ബുക്സ്, കോട്ടയം
 5.  എസ്.കെ വസന്തന്‍, കേരള സംസ്കാര ചരിത്രനിഘണ്ടു, വാല്യം 1, 2, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
 6.  എ. ശ്രീധരമേനോന്‍, ഇന്ത്യാചരിത്രം, ഡി.സി.ബുക്സ്, കോട്ടയം
 7.  പന്മന രാമചന്ദ്രന്‍ നായര്‍, കേരള സംസ്കാര പഠനങ്ങള്‍, എഡി. കറന്‍റ് ബുക്സ്, കോട്ടയം