Profile

സാക്ഷരതയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിലേക്ക്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള സംസ്ഥാന സാക്ഷരതാ മിഷനും കൈകോർക്കുന്നു.
സാക്ഷരതയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിലേക്ക്  എന്ന തുടർ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  സാക്ഷരതാ മിഷനിലൂടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായ ആളുകളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നേടുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലൂന്നി  ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന സാക്ഷരതാ മിഷനും ധാരണാപത്രം ഒപ്പ് വച്ചു.ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് ഡോ ബിജു ആർ. ഐ. യും സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ശ്രീമതി എ. ജി. ഓലീന യുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.

 സാക്ഷരതയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ഡോ ആർ ബിന്ദു പറഞ്ഞു.

                      ഈ ധാരണ പത്രം ഒപ്പുവച്ചതിലൂടെ സാക്ഷരതാ മിഷന്റെ ഇടപെടലിൽ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം പ്രാപ്യമാക്കുക,അത് വഴി കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി മുൻപോട്ട് എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിന്ന് പോയ തുടർപഠനം ആഗ്രഹിക്കുന്ന വനിതകളെ  ഈ പ്രോഗ്രാമിൽ  ഉൾപ്പെടുത്തി പ്രത്യേക പരിഗണന കൊടുത്തു മുൻപോട്ട് കൊണ്ടുവരാൻ ശ്രമിക്കുമെന്നു വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി പറഞ്ഞു.
 ബിരുദ പ്രോഗ്രാമുകൾക്ക് ചേരുവാൻ താല്പര്യമുള്ളവരുടെ പട്ടിക സാക്ഷരതാ മിഷൻ തയ്യാറാക്കും. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഇതിനായുള്ള ഫീസ് വകയിരുത്തി സാക്ഷരതാ മിഷന്റെ മേൽനോട്ടത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തിന് ചേരാൻ വേണ്ട നടപടികൾ കൈക്കൊള്ളും. ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഈ അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിന് ഇവർക്ക് അപേക്ഷിക്കാൻ സാധിക്കും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കുക. നിലവിൽ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ പാസായ രണ്ടായിരത്തോളം പേർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. ഇതിൽ 75 ശതമാനം സ്ത്രീകളാണ്.ഈ അധ്യയനവർഷം പതിനായിരത്തിലധികം പേരെ പ്രവേശിപ്പിക്കുവാനാണ് പദ്ധതിയിടുന്നത്.
                                                                 സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്,  ഡോ. പി. പി. അജയകുമാർ,ഡോ. എം. ജയപ്രകാശ്, ശ്രീ ഡോ. സി. ഉദയകല,ശ്രീ. ഹരിദാസ് പി., അഡ്വ. ജി സുഗുണൻ, ഡോ. എ. ബാലകൃഷ്ണൻ,ഡോ. റെനി സെബാസ്റ്റ്യൻ,യൂണിവേഴ്സിറ്റി ഓഫീസർമാർ, സാക്ഷതാ മിഷൻ ഭാരവാഹികൾ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.