Profile

തിരുവനന്തപുരത്ത് രാജ്യത്തെ പബ്ലിക് ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ വട്ടമേശ സമ്മേളനം ഫെബ്രുവരി 23 മുതൽ : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കും.

രാജ്യത്തെ പബ്ലിക് ഓപ്പൺ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി ഇന്ത്യയിലെ പബ്ലിക് ഓപ്പൺ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്ന വട്ടമേശ സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും.
                             കേരളത്തിലെ ഏക ഓപ്പൺ സർവ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ഈ സുപ്രധാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കോമൺ‌വെൽത്ത് ഓഫ് ലേണിംഗ്-കോമൺ‌വെൽത്ത് എഡ്യൂക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
      ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റീസ് (IAPOU) ആണ് എല്ലാ വർഷവും കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റികൾ തമ്മിലുള്ള ക്രെഡിറ്റ് ട്രാൻസ്ഫർ ഫ്രെയിംവർക്ക് രൂപീകരിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഠനരീതികൾ നവീകരിക്കുക, ഉന്നത വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം ഉറപ്പിക്കുക എന്നിവയാണ് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിദൂര വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും ഫലപ്രദമായ ഉപയോഗം, വിദൂര വിദ്യാഭ്യാസത്തിൽ പഠിതാക്കളുടെ പ്രവേശനാനുപാതം വർദ്ധിപ്പിക്കുവാനുള്ള നടപടികൾ എന്നിവയും സമ്മേളനത്തിൽ ചർച്ച ചെയ്യും.
                    ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ സമ്മേളനത്തിന് ആതിഥ്യമരുളുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അംഗീകാരമാണ്.
                                                                                           സമ്മേളനത്തിന്റെ ഉദ്ഘാടനം  ഫെബ്രുവരി 23-ന് രാവിലെ 10.15-ന് കേരള ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി. പി. അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. (ഡോ.) രാജൻ ഗുരുക്കൾ, കോമൺവെൽത്ത് ഓഫ് ലേണിംഗ് സി.ഇ.ഒ പ്രൊഫ. പീറ്റർ സ്കോട്ട് (ഓൺലൈൻ), ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റീസ് പ്രസിഡന്റും യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ പ്രൊഫ. സഞ്ജീവ് സോനാവനെ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു സ്വാഗതവും സിൻഡിക്കേറ്റ് അംഗം അഡ്വ. വി. പി. പ്രശാന്ത് ആശംസയും അർപ്പിക്കും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന "ബിരുദധാരികളുടെ തൊഴിൽ നൈപുണ്യ മാർഗ്ഗരേഖ" ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, പ്രൊഫ. (ഡോ.) രാജൻ ഗുരുക്കൾക്ക് നൽകി പ്രകാശനം ചെയ്യും.
രാജ്യത്തെ പ്രമുഖ ഓപ്പൺ സർവ്വകലാശാലകളിൽ നിന്നുള്ള വൈസ് ചാൻസലർമാരും വിദ്യാഭ്യാസ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) വൈസ് ചാൻസലർ പ്രൊഫ. ഉമാ കാഞ്ചിലാൽ, ഡോ. ബി. ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി ഹൈദരാബാദ് (BRAOU) വൈസ് ചാൻസലർ പ്രൊഫ. ഖണ്ഡ ചക്രപാണി, ബാബ സാഹേബ് അബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി ഗുജറാത്ത് വൈസ് ചാൻസിലർ പ്രൊഫ. ഡോ. ആമി ഉപാദ്യായ, ശ്രീലങ്ക ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സീനിയർ പ്രൊഫ. പി.എം.സി. തിലകരത്‌നെ, യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ (YCMOU) പ്രൊഫ. സഞ്ജീവ് സോനാവനെ, ഉത്തരാഖണ്ഡ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. നവീൻ ചന്ദ്ര(UOU), കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ശരണപ്പ വി. ഹാൽസ് (KSOU), ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സജി ഗോപിനാഥ്, കോമൺ‌വെൽത്ത് എഡ്യൂക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ ഡയറക്ടർ ഡോ. ബി. ആർ. ഷദൃക് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സർവ്വകലാശാലാ മേധാവികളും വിദഗ്ധരും ചർച്ചകൾക്ക് നേതൃത്വം നൽകും.

മധ്യപ്രദേശ് ഭോജ് (ഓപ്പൺ) യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മിലിന്ദ് ദത്താത്രയ ദണ്ഡേക്കർ, വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ബി. എൽ. വെർമ്മ, ജഗത് ഗുരു നാനാക് ദേവ് പഞ്ചാബ് സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) രത്തൻ സിംഗ്, കൃഷ്ണകാന്ത ഹന്ദിക് സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രാജേന്ദ്ര പ്രസാദ് ദാസ്, പ്രൊഫ. പ്രണബ് സൈഖിയ, ഏഷ്യ ഇ യൂണിവേഴ്സിറ്റി സ്ഥാപക പ്രസിഡന്റ് ഡോ. അൻസാരി അഹമ്മദ്, പണ്ഡിറ്റ് സുന്ദർലാൽ ശർമ്മ (ഓപ്പൺ) യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പ്രകൃതി ജെംസ്, NCVET എക്സിക്യൂട്ടീവ് മെമ്പർ പ്രൊഫ. അശോക് കുമാർ ഗാബ, ഭാരത് ഇന്നൊവേഷൻ ഗ്ലോബൽ (BIG)
വൈസ് പ്രസിഡന്റ് മിസ്റ്റർ സന്ദീപ് മിരിയല, യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. സലീൽ സഹദേവൻ, നാക് (NAAC) ഡയറക്ടർ പ്രൊഫ. (ഡോ.) ഗണേശൻ കന്നബിരാൻ, ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ശ്രീ. ആനന്ദറാവു വി. പട്ടീൽ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സാങ്കേതിക സെഷനുകളിൽ വിദൂര വിദ്യാഭ്യാസത്തിന്റെ ഭാവി, ഡിജിറ്റൽ ലേണിംഗ്, മൂല്യനിർണ്ണയ രീതികൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.
25 നു നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉദ്‌ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. (ഡോ.) പി. പി. അജയകുമാർ, ഡോ. എം. ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കും.