Profile

വയനാട്ടിലെ ഗോത്രമേഖലകളിൽ അറിവിൻ വെളിച്ചമായി 'ജ്ഞാൻജ്യോതി' ക്യാംപെയ്ൻ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ഗോത്രവർഗ മേഖലകളിലും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലുമായി 'ജ്ഞാൻജ്യോതി' ഉന്നത വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 2026 മാർച്ച് 14, 15 തീയതികളിലായി നടന്ന പരിപാടിയിൽ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഔട്ട്‌റീച്ച് പ്രോഗ്രാം നടപ്പിലാക്കിയത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് വേണ്ട ബോധവത്കരണവും നൽകി. മാനന്തവാടി നല്ലൂർനാട് ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ,പനമരം പറക്കുനി ഉന്നതി,കണിയാമ്പറ്റ ഗവൺമെന്‍റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ,സുൽത്താൻ ബത്തേരി നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, സുൽത്താൻ ബത്തേരി ചെതലയം പൂവഞ്ചി ഉന്നതി എന്നിവിടങ്ങളിലായി നടന്ന ദ്വിദിന പരിപാടിയിൽ വിഷയവിദഗ്ധരായ ഡോ. ജാൻ എലിസബത്ത് ജോസഫ്, ഡോ. അഹമ്മദ് സിറാജുദ്ദീൻ, ഡോ. മായ രവീന്ദ്രൻ, മിസിസ് ഫൗസിയ ഷുക്കൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ, ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്ന സൗകര്യങ്ങൾ, നാലു വർഷ ഡിഗ്രി പ്രോഗ്രാമുകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഗോത്രവർഗ മേഖലകളിലെ വിദ്യാർഥികൾക്ക് പഠനമുറിയിൽ ലഭിക്കുന്ന അറിവിനോടൊപ്പം തന്നെ പുറംലോകത്തെ വിദ്യാഭ്യാസ സാധ്യതകളെ പരിചയപ്പെടുത്താൻ ഇത്തരം പരിപാടികൾ വലിയ സഹായമാകുമെന്ന് സംഘാടകർ അറിയിച്ചു.